അപ്രസക്തമായ കവര്‍ സ്റ്റോറികള്‍
പ്രബോധനത്തിലെ ചില കവര്‍ സ്റ്റോറികള്‍ അപ്രസക്തമായതും പുതുമയില്ലാത്തതും വായനക്കാരുടെ അഭിരുചിക്കിണങ്ങാത്തതുമാകാറുണ്ട്. വാര്‍ത്താ വിനിമയരംഗത്തെ കുതിച്ചുചാട്ടം വാര്‍ത്തകളുടെ ആയുസ്സ് കുറച്ചിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണല്ലോ. നാളത്തെ പ്രധാന പത്രവാര്‍ത്തകള്‍ എന്തായിരിക്കുമെന്ന് ഇന്നുതന്നെ അറിയാന്‍ കഴിയുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വളര്‍ന്നിരിക്കുകയാണ്. ദിനപ്പത്രങ്ങളിലെ വാര്‍ത്തകള്‍ പോലും അന്നന്നുതന്നെ പഴഞ്ചനാകുന്ന അവസ്ഥയാണുള്ളതെങ്കില്‍, അവ ആനുകാലികങ്ങളിലേക്കെത്തുമ്പോഴേക്കും പറ്റെ പഴകും. 'നമ്മുടെ ജനാധിപത്യത്തോടുള്ള ചോദ്യങ്ങളാണിവര്‍' (ലക്കം. 2995) എന്ന കവര്‍ സ്റ്റോറിയാണ് അവസാനത്തെ ഉദാഹരണം. മാര്‍ച്ച് 11-ന് കോഴിക്കോട്ടു നടന്ന 'ഭീകര കേസുകളിലെ ഇരകളുടെ' സംഗമത്തിന്റെ വിശദവിവരങ്ങള്‍ ദിനപ്പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അറിഞ്ഞതാണ്. പ്രസ്തുത സംഗമത്തില്‍ പങ്കെടുത്തവരുടെ അനുഭവങ്ങള്‍ തന്നെ പുതുമയില്ലാത്തതുമാണ്. ഓരോ കേസിലും കുറ്റവിമുക്തരായി പുറത്തിറങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ അന്നുതന്നെ പുറം ലോകത്തെ അറിയിച്ചതായിരുന്നുവല്ലോ! എന്നിട്ടും വാരികയുടെ 15 പേജുകള്‍ വിനിയോഗിക്കാന്‍ മാത്രം എന്ത് പ്രസക്തിയാണ് അതിനുള്ളതെന്ന് മനസ്സിലാവുന്നില്ല. ഒരു പേജില്‍ ഒതുക്കാവുന്ന റിപ്പോര്‍ട്ടായി അത് ചുരുക്കാമായിരുന്നു. പുതിയ ഒരു വിവരം പോലും ലഭിക്കാത്ത വായന പ്രയോജനരഹിതമാണ്. എന്തിന് വായിക്കണം എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ പര്യാപ്തമായിരിക്കണം ഓരോ ലേഖനവും. ഈ വിഷയത്തില്‍ പ്രബോധനം പലപ്പോഴും പരാജയപ്പെടാറുണ്ട് എന്ന വസ്തുത മുഖവിലക്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കവര്‍ സ്റ്റോറിക്ക് കൂടുതല്‍ പേജ് നീക്കിവെക്കുന്ന രീതിയും വീണ്ടുവിചാരത്തിന് വിധേയമാക്കേണ്ടതാണ്. വൈവിധ്യമാര്‍ന്ന വിഭവങ്ങളാണെങ്കില്‍ ഭിന്നരുചിക്കാരായ വായനക്കാരെ തൃപ്തിപ്പെടുത്താന്‍ സാധിക്കും. സ്‌പെഷ്യലൈസേഷന്‍ വായനയിലും നടപ്പിലായിട്ടുണ്ട് എന്നത് കാണാതിരുന്നുകൂടാ.
ഇസ്‌ലാം അനുവദിച്ചതെല്ലാം സ്ത്രീക്ക് ലഭിക്കുന്നുണ്ടോ?
റസിയ ചാലക്കലിന്റെ ലേഖനം വര്‍ത്തമാനകാല സ്ത്രീയുടെ നേര്‍ചിത്രം വരച്ചുകാണിക്കുന്നതായിരുന്നു. പണ്ട് ഇസ്‌ലാമിനു നേരെയുള്ള ആരോപണം വാളുകൊണ്ട് പ്രചരിച്ച മതം എന്നൊക്കെ ആയിരുന്നെങ്കില്‍ ഇന്നതൊക്കെ മടക്കിവെച്ച് പുരുഷമേധാവിത്തം എടുത്തുകാണിച്ചാണ് പലരും ഇസ്‌ലാമിനു നേരെ കൈയോങ്ങുന്നത്.
ഈയടുത്ത് ഒരു അമുസ്‌ലിം സുഹൃത്ത് ഖുര്‍ആനില്‍ സ്ത്രീകള്‍ക്ക് അനുവദിച്ചുതരുന്ന സ്വാതന്ത്ര്യം നിങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ കിട്ടുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ചപ്പോള്‍ പുരുഷ മേധാവിത്തം എല്ലാ വിഭാഗങ്ങളിലുമുള്ള പെരുമാറ്റ വൈകല്യമല്ലേ, അത് ഓരോരുത്തരുടെയും കുടുംബപശ്ചാത്തലം, ജീവിത സാഹചര്യം, ജീന്‍ ഇതില്‍നിന്നൊക്കെ ഉരുത്തിരിഞ്ഞുവരുന്നതല്ലേ, അതിന് ഇസ്‌ലാമിനെ പഴിക്കേണ്ടതില്ല എന്നൊക്കെ സമര്‍ഥിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെയും നിലവിലെ അവസ്ഥ അങ്ങനെ തന്നെയല്ലേ എന്ന് മനസ്സ് പറയുന്നു.
ഒറ്റ ആത്മാവില്‍നിന്ന് ഇണയെ സൃഷ്ടിച്ചുവെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ (അന്നിസാഅ് 1) 'വളഞ്ഞ വാരിയെല്ലുകൊണ്ടാണ് അവര്‍ സൃഷ്ടിക്കപ്പെട്ടത്, അത് നേരെയാക്കാന്‍ ശ്രമിച്ചാല്‍ പൊട്ടിപ്പോകു'മെന്ന ഹദീസുമായി സ്ത്രീകളെ നേരിടുന്നവര്‍ ആദം ആദിപിതാവെന്ന പോലെ ആദി മാതാവായ ഹവ്വ ആദമില്‍നിന്നുണ്ടായതെന്ന സത്യം സൗകര്യപൂര്‍വം മറക്കുന്നു. സ്ത്രീയെ നിസ്സാരമായി കാണുന്നതും അവകാശങ്ങള്‍ നല്‍കാത്തതുമൊക്കെ അന്യായമാണ്, അനീതിയാണ്. ഭര്‍ത്താക്കന്മാരില്‍നിന്നുള്ള മാന്യമായ പെരുമാറ്റവും പരിചരണവും സ്ത്രീകള്‍ക്ക് ഖുര്‍ആന്‍ സ്ഥിരപ്പെടുത്തിയ അവകാശമാണല്ലോ. ഭാര്യയില്‍നിന്ന് ഭര്‍ത്താവ് ഏതുതരം പെരുമാറ്റം ആഗ്രഹിക്കുന്നുവോ അപ്രകാരം തിരിച്ചും പെരുമാറുക, അതാണല്ലോ മാന്യത. അല്‍ബഖറ 228-ാം സൂക്തത്തില്‍ 'അവര്‍ക്ക് ബാധ്യതയുള്ള പോലെ ന്യായമായ അവകാശങ്ങളുമുണ്ട്' എന്ന് പറയുന്നില്ലേ. പ്രവാചകന്‍ പറഞ്ഞതായി അലി(റ) ഉദ്ധരിച്ചിട്ടില്ലേ: 'തന്റെ കുടുംബത്തോട് നന്നായി പെരുമാറുന്നവനാണ് നിങ്ങളിലേറ്റം ശ്രേഷ്ഠന്‍.' സ്ത്രീകളോടുള്ള നല്ല പെരുമാറ്റം ഇസ്‌ലാമിന്റെ അടിസ്ഥാനമൂല്യമായി പ്രവാചകന്‍ എപ്പോഴും ഓര്‍മിപ്പിക്കാറുണ്ടായിരുന്നല്ലോ. അതുകൊണ്ടാണ് ഹജ്ജത്തുല്‍ വിദാഇലെ ചരിത്രപ്രസിദ്ധമായ പ്രഭാഷണത്തിലും 'സ്ത്രീകള്‍ക്ക് പുരുഷന്മാരോട് ബാധ്യതയുള്ള പോലെ തന്നെ പുരുഷന്മാര്‍ക്ക് സ്ത്രീകളോട് ബാധ്യതയുണ്ടെ'ന്ന് പറഞ്ഞത്.
സ്ത്രീകളോട് ആദരവോടെ പെരുമാറുന്ന കുടുംബങ്ങള്‍ ഉണ്ട് എന്ന വസ്തുത മറന്നിട്ടല്ല. അതുപോലെ സ്ത്രീ മേധാവിത്വം കൊണ്ട് സഹികെടുന്ന പുരുഷന്മാരുമുണ്ട്. അതൊക്കെ ന്യൂനപക്ഷമാണെന്ന് തോന്നുന്നു. ഏതായാലും നമ്മളായിട്ട് ഇസ്‌ലാമിനെ കരിവാരിത്തേക്കുന്ന അവസ്ഥ ഉണ്ടാക്കരുതെന്നാണ് അപേക്ഷ.
ഷംല സനില്‍, കരുവാറ്റ
Comments