ഓണ്‍ലൈന്‍ മദ്‌റസ മതപഠന രംഗത്ത് പുതു ചുവടുവെപ്പ്
പുതിയ കാലം നമ്മുടെ സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ആ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ദീനീ വിദ്യാഭ്യാസ മേഖലയിലും പരിഷ്‌കരണങ്ങള്‍ നടക്കണം. നവീന മാധ്യമങ്ങളോടും സാങ്കേതിക സംവിധാനങ്ങളോടും അകലം പാലിച്ച് ഇനിയും നമ്മുടെ ദീനീ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടരുന്നത് ആശാസ്യമല്ല. ഇതുവരെ തുടര്‍ന്നുപോന്നിരുന്ന മതവിദ്യാഭ്യാസരീതി സമുദായത്തിലെ പുതിയ തലമുറയെ ഇസ്ലാം പഠനത്തോട് ആഭിമുഖ്യമുള്ളവരാക്കുന്നതില്‍ വിജയിക്കുന്നില്ല എന്നതാണ് വാസ്തവം. മദ്‌റസകള്‍ സ്‌കൂള്‍ സമയവുമായി പൊരുത്തപ്പെടാതെ വരുന്നതും മദ്‌റസാ വിദ്യാഭ്യാസത്തില്‍നിന്ന് പിന്തിരിഞ്ഞുനില്‍ക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നു. പല കാരണങ്ങളാല്‍ മതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്തവര്‍ക്കും പ്രവാസികളായ കുട്ടികള്‍ക്കും ഇസ്ലാമിക വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനങ്ങള്‍ വളരെ പരിമിതമാണ്. അതുമൂലം സംഭവിക്കുന്നത് ഇസ്ലാമിക വിഷയങ്ങളില്‍ പ്രാഥമിക അറിവുപോലുമില്ലാത്ത ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നു എന്നതാണ്. ഇസ്ലാമിക ജീവിതപാഠങ്ങള്‍ അറിയാതെ ഒരു തലമുറ വളര്‍ന്നുവരികയെന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്.
കാലം മുന്നോട്ടു നീങ്ങുമ്പോള്‍ പുതിയ തലമുറയുടെ ഭാഷയും ഭാവനയും ശീലവും മാറുന്നത് നാം കാണുന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഗാഡ്ജറ്റുകളും കളിപ്പാട്ടം പോലെ നമ്മുടെ ഇളം തലമുറ അനായാസം കൈകാര്യം ചെയ്യുന്നു. പ്രവാസത്തിന്റെയും പുതുമകളുടെയും പുതിയ ലോകം പുതിയ മദ്റസാ രീതികള്‍ പരീക്ഷിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ ഈ വ്യാപകത്വം ഉപയോഗപ്പെടുത്തി മേല്‍ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ആലോചനയില്‍നിന്ന് രൂപപ്പെട്ടതാണ് ഓണ്‍ലൈന്‍ മദ്‌റസ എന്ന ആശയം. മജ്ലിസ് എജുക്കേഷന്‍ ബോര്‍ഡും ഏ 25-ഉം സംയുക്തമായി നടപ്പിലാക്കുന്നതാണ് ഓണ്‍ലൈന്‍ മദ്‌റസ പ്രോജക്റ്റ്.
പ്രൈമറി മുതല്‍ ഉന്നതതലം വരെ വിദ്യാര്‍ഥികള്‍ക്കായി എട്ട് തട്ടുകളിലായി പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നു. ആനിമേഷനുകള്‍, ഗെയ്മുകള്‍, ക്വിസ് മത്സരങ്ങള്‍, ഓഡിയോ-വീഡിയോ ടൂളുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് ആസ്വാദ്യകരമായ സ്റ്റഡി മെറ്റീരിയലുകളാണ് തയാറാക്കുന്നത്. പക്ഷപാതങ്ങളില്ലാതെ ഇസ്ലാമിക പ്രമാണങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് സിലബസ്. ഇസ്‌ലാമിക പണ്ഡിതരും ഭാഷാവിദഗ്ധരും അധ്യാപകരും ചേര്‍ന്ന് എഴുതി പരിശോധന തീര്‍ത്ത് അംഗീകരിച്ച പാഠങ്ങളാണ് ഓണ്‍ലൈന്‍ മദ്റസകളില്‍ ഉപയോഗിക്കുക. 30 പേരടങ്ങിയ ക്ലാസ് റൂമുകളുടെ അനേകം ഡിവിഷനുകളും ഓരോ ഡിവിഷന്നും പ്രത്യേകം അധ്യാപകരും കാണും. ലളിതമാണ് അഡ്മിഷന്‍ പ്രോസസ്സ്. യൂസര്‍ നെയ്മും പാസ്വേര്‍ഡും ഉപയോഗിച്ച് പഠിതാവിന്റെ ഹാജര്‍, പാഠങ്ങള്‍, ആക്ടിവിറ്റികള്‍ എല്ലാം രേഖപ്പെടുത്തുന്നു. രക്ഷിതാക്കള്‍ക്ക് പാരന്റ് ലോഗിന്‍. കുട്ടിയുടെ പഠന നിലവാരം അറിയാനും അധ്യാപകരുമായി സംവദിക്കാനുമുള്ള പ്രത്യേക സംവിധാനം ഉണ്ടായിരിക്കും. ചിട്ടയോടെയുള്ള പഠനത്തോടൊപ്പം ഗ്രൂപ്പ് അസൈന്‍മെന്റുകള്‍, ഓണ്‍ലൈന്‍ സെമിനാറുകള്‍, ഡിസ്‌കഷനുകള്‍ തുടങ്ങി പഠിതാവിന്റെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള പരിശീലനങ്ങള്‍ നിരവധി.
ആരാധനാനുഷ്ഠാനങ്ങളുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്താന്‍ ഇസ്‌ലാമിക് പ്രാക്ടീസ് ചെക് ലോഗ് സംവിധാനം, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ അധ്യാപനം. വിദ്യാര്‍ഥികള്‍ക്ക് സ്വയം വിലയിരുത്തി പഠന പുരോഗതി കൈവരിക്കാം. ഇന്റേണല്‍ അസെസ്മെന്റ്, പൊതുപരീക്ഷ തുടങ്ങിയവയില്‍ വിജയിക്കുന്നവര്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
2017 ഏപ്രില്‍ 14-ന് ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ കോഴിക്കോട്ട് ഓണ്‍ലൈന്‍ മദ്‌റസക്ക് സമാരംഭം കുറിക്കും. 1439 മുഹര്‍റം 1 (2017 സെപ്റ്റംബര്‍ 23)-ന് പൈലറ്റ് കോഴ്സ് ആരംഭിച്ച് 2018 ജൂണോടെ ലെവലുകള്‍ പൂര്‍ത്തീകരിക്കാനുള്ള ആസൂത്രണമാണ് നടത്തിയിട്ടുള്ളത്. ഏപ്രില്‍ 14 മുതല്‍ ആഗസ്റ്റ് 15 വരെയാണ് പൈലറ്റ് കോഴ്സിലേക്കുള്ള രജിസ്‌്രേടഷന്‍ സമയം. മജ്ലിസ് സിലബസനുസരിച്ച് മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ജീവിത തിരക്കുകള്‍ക്കിടയില്‍ മതവിദ്യാഭ്യാസത്തിന് അവസരം നഷ്ടപ്പെട്ടവര്‍ക്കും പ്രവാസ ജീവിതം മൂലം മദ്‌റസാ വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ സംരംഭം പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
(ഓണ്‍ലൈന്‍ മദ്‌റസാ പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്ററാണ് ലേഖകന്‍)
Comments