Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

മഹല്ല് സംവിധാനത്തിന്റെ സാധ്യതകള്‍

ഇസ്‌ലാമിക സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തായിരുന്നു എക്കാലത്തും മസ്ജിദുകളുടെ സ്ഥാനം. പ്രാഥമികമായി അവ ഏകദൈവത്തിന് മാത്രം വഴിപ്പെടുന്നതിനു വേണ്ടി നിര്‍മിക്കപ്പെട്ടതാണ്. ''പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതുകൊണ്ട് അല്ലാഹുവിനോടൊപ്പം മറ്റൊരാളെയും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്'' (അല്‍ജിന്ന് 18). പള്ളിയിലെ അനുഷ്ഠാനങ്ങളിലൂടെയാണ് വിശ്വാസികള്‍ തൗഹീദിന്റെ/ ഏകദൈവത്വത്തിന്റെ നിറവിലും പൂര്‍ണതയിലുമെത്തുന്നത്. തൗഹീദിന് കേവലം ആധ്യാത്മിക തലം മാത്രമല്ല ഉള്ളത്. ഇസ്‌ലാമിന്റെ സാമൂഹികത ഉള്‍പ്പെടെയുള്ള സകല മാനങ്ങളും തൗഹീദില്‍നിന്ന് ഉരുവം കൊള്ളുന്നതിനാല്‍ അതിന്റെ കേന്ദ്രമായ പള്ളികള്‍ ചരിത്രത്തിലുടനീളം രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കേന്ദ്രങ്ങളായും അവയുടെ ദൗത്യം നിറവേറ്റിയിട്ടുണ്ട്. ജുഡീഷ്യറിയുടെ വരെ ആസ്ഥാനമായിരുന്നിട്ടു് അവ. ഇതൊന്നും പില്‍ക്കാലത്താരോ കണ്ടുപിടിച്ചതല്ല; പ്രവാചകന്‍(സ) തന്നെ മാതൃക കാണിച്ചുതന്നതാണ്. 'ദൈവഭയത്തിന്റെ/ തഖ്‌വയുടെ അടിത്തറയില്‍ പണിയപ്പെട്ട പള്ളി' എന്നൊരു പരാമര്‍ശമു് ഖുര്‍ആനില്‍ (9:108). ഏതാണ് ആ പള്ളി എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്; മസ്ജിദ് ഖുബാഅ് ആണെന്നും മസ്ജിദുന്നബവി ആണെന്നും മറ്റും. പള്ളി ഏതാവട്ടെ അവയൊക്കെയും നിര്‍വഹിച്ച സാമൂഹിക ദൗത്യങ്ങള്‍ ഒന്നായിരുന്നു.

ചരിത്രം പരിശോധിച്ചാല്‍ ഒരു തര്‍ക്കത്തിനും ഇക്കാര്യത്തില്‍ വകയില്ല. പ്രവാചകന്റെ കാലത്ത് പാവങ്ങള്‍ക്കുള്ള സകാത്തും മറ്റു സഹായധനങ്ങളുമെല്ലാം എത്തിച്ചേര്‍ന്നിരുന്നത് പള്ളിയിലായിരുന്നു. അവിടെ വെച്ച് പ്രവാചകന്‍ നേരിട്ടു തന്നെ അത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും. പണമില്ലാതെ വന്നാല്‍ ധനികരെ ദാനധര്‍മങ്ങള്‍ക്ക് പ്രേരിപ്പിച്ചിരുന്നതും പള്ളിയില്‍ വെച്ചുതന്നെ. എന്നു മാത്രമല്ല നിരാലംബരായ ദരിദ്രര്‍ക്ക് പള്ളിയില്‍ സ്ഥിരമായി താമസിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു പ്രവാചകന്‍. അഹ്‌ലുസ്സ്വുഫ്ഫ എന്നാണ് ആ നിസ്വവിഭാഗം ചരിത്രത്തില്‍ അറിയപ്പെടുന്നത്. മഹാനായ സ്വഹാബി അബൂഹുറയ്‌റ(റ) അവരിലൊരാളായിരുന്നു. പ്രവാചകന് ലഭിക്കുന്ന സമ്മാനങ്ങളുടെ വലിയൊരു ഭാഗവും ഇവര്‍ക്കു വേണ്ടിയാണ് നീക്കിവെച്ചിരുന്നത്.

പള്ളിയില്‍ ചികിത്സക്കും സൗകര്യമേര്‍പ്പെടുത്തിയതിന് പ്രവാചക ചരിത്രത്തില്‍ മാതൃക കാണാം. ഖന്ദഖ് യുദ്ധത്തില്‍ സഅ്ദുബ്‌നു മുആദിന് പരിക്കേറ്റപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ പള്ളിക്കകത്തുതന്നെ ഒരു തമ്പ് കെട്ടാന്‍ പ്രവാചകന്‍ നിര്‍ദേശിക്കുകയായിരുന്നു. വിവാഹം പള്ളിയില്‍ പരസ്യപ്പെടുത്താനും ദഫ്ഫ് കൊട്ടി അറിയിക്കാനും പ്രവാചകന്‍ പറഞ്ഞത് (തിര്‍മിദി 1089), വിശ്വാസികളെ മുഴുവന്‍ ഈ സന്തോഷത്തില്‍ പങ്കാളികളാക്കാനായിരുന്നു. തര്‍ക്കങ്ങള്‍ക്ക് പ്രവാചകന്‍ പ്രതിവിധി കാണുന്നതും പലപ്പോഴും പള്ളിയില്‍ വെച്ചായിരിക്കും. വിവിധ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് എത്തുന്നവരും മറ്റു മത പ്രതിനിധി സംഘങ്ങളുമൊക്കെ പ്രവാചകനുമായി സന്ധിച്ചിരുന്നതും പള്ളിയില്‍ വെച്ചുതന്നെ.

സച്ചരിതരായ ഖലീഫമാരുടെ കാലത്ത് മാത്രമല്ല, ഭരണം രാജവാഴ്ചയിലേക്ക് ഗതിമാറിയ പില്‍ക്കാലങ്ങളിലും പ്രഗത്ഭരായ പണ്ഡിതന്മാരെയും ശാസ്ത്രജ്ഞരെയും ഭിഷഗ്വരന്മാരെയും നിയമജ്ഞരെയും സംഭാവന ചെയ്തത് പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പഠന കേന്ദ്രങ്ങളായിരുന്നുവെന്നതാണ് വസ്തുത. പില്‍ക്കാലത്ത് മുസ്‌ലിം സമൂഹം അധഃപതിക്കുകയും ശിഥിലമാവുകയും ചെയ്തപ്പോഴാണ് സാമൂഹിക ദൗത്യങ്ങള്‍ ഓരോന്നോരോന്നായി പള്ളിയില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ടത്.

പക്ഷേ, ഇന്ന് നാം കാണുന്നത് ആശാവഹമായ മാറ്റമാണ്. പള്ളികള്‍ അവയുടെ സാമൂഹിക ദൗത്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തിലിത് കുറേകൂടി എളുപ്പമാണ്. കാരണം നമുക്ക് മഹല്ല് സംവിധാനമുണ്ട്. ഇത്തരമൊരു സംവിധാനം ഇത്ര വ്യവസ്ഥാപിതമായും കാര്യക്ഷമമായും ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമാണ്. പള്ളി കേന്ദ്രീകരിച്ച് പ്രവാചകന്‍ രൂപകല്‍പന ചെയ്ത സാമൂഹിക സംവിധാനം തന്നെയാണ് ഇതിന്റെ ആദി മാതൃക. അതിനാല്‍ ഈ പ്രവാചക മാതൃക മുന്നില്‍ വെച്ച് മഹല്ലുകളെ ശക്തിപ്പെടുത്തുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുക എന്നത് പ്രവാചകചര്യയുടെ പുനഃസ്ഥാപനം കൂടിയാണ്.

വിവിധ സംഘടനകളും കൂട്ടായ്മകളുമാണ് ഇന്ന് മഹല്ല് സംവിധാനത്തിന് നേതൃത്വം കൊടുക്കുന്നത്. ഭരണം സംയുക്തമായി നിര്‍വഹിക്കപ്പെടുന്ന മഹല്ലുകളുമുണ്ട്. എല്ലാവര്‍ക്കും ഒരു കാര്യത്തില്‍ യോജിപ്പാണ്; തദ്ദേശവാസികളുടെ എല്ലാ അര്‍ഥത്തിലുമുള്ള വളര്‍ച്ചയും ക്ഷേമവും മഹല്ലിന്റെ മുഖ്യ പരിഗണനയിലുണ്ടായിരിക്കണം. അതിനുള്ള കര്‍മപദ്ധതികളും അവര്‍ തയാറാക്കുന്നുണ്ട്. പെരുകിവരുന്ന തിന്മകളെ തടയാന്‍ ഏറ്റവും ഫലപ്രദമായ സംവിധാനമായി മഹല്ലിനെ ഉപയോഗിക്കാന്‍ കഴിയുമെന്ന വസ്തുതയും ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. ഉദാഹരണത്തിന് മദ്യ-മയക്കുമരുന്ന് ഉപയോഗം പോലുള്ള തിന്മകള്‍. ധാര്‍മിക ശിക്ഷണം നല്‍കി മാത്രമേ ഇത്തരം തിന്മകളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാകൂ. ഈ സാധ്യതകള്‍ കൂടി തിരിച്ചറിയാന്‍ മഹല്ല് ഭാരവാഹികള്‍ക്ക് കഴിയണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍