Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

സ്വപ്‌നസഞ്ചാരികളോട്

ഡോ. ജാസിമുല്‍ മുത്വവ്വ

ഞാന്‍ ഒരുകൂട്ടം യുവാക്കളോടും യുവതികളോടും ചോദിച്ച ചോദ്യം: 'നിങ്ങള്‍ വിവാഹിതരാവാന്‍ എന്താണ് കാരണം?’ 

യുവാക്കളുടെ പ്രതികരണം ഇങ്ങനെ: 

ഒന്നാമന്‍: വിവാഹം ജീവിതത്തിലെ ഒരു പ്രകൃതി നിയമം.

രണ്ടാമന്‍: അവിഹിത ബന്ധങ്ങളില്‍ ചെന്നു ചാടാതിരിക്കാനുള്ള മുന്‍കരുതലാണ് എനിക്ക് വിവാഹം.

മൂന്നാമന്‍: എന്തിനാണ് വിവാഹം കഴിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ. പഠനം കഴിഞ്ഞാല്‍ വിവാഹം കഴിക്കണം.

നാലാമന്‍: എന്റെ പിതാവ് ഒരു കരുത്തനാണ്. ഉമ്മയാണെങ്കില്‍ ഏതു നേരവും എന്നെ നിരീക്ഷിക്കുകയും. രണ്ടുപേരില്‍നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു എനിക്ക് വിവാഹം. 

അഞ്ചാമന്‍: എനിക്കൊരു കുടുംബം ഉണ്ടാവാനാണ് ഞാന്‍ വിവാഹം കഴിച്ചത്. മക്കളെ പരിപാലിച്ച് ശിക്ഷണം നല്‍കി അവരെ മാതൃകായോഗ്യരാക്കിമാറ്റിയാല്‍ അല്ലാഹുവിന്റെ പ്രതിഫലത്തിന് ഞാന്‍ അര്‍ഹനാവും. ഈ വിചാരത്താലാണ് ഞാന്‍ വിവാഹിതനായത്.

ഇതേ ചോദ്യം യുവതികളോടുന്നയിച്ചപ്പോള്‍ അവരുടെ മറുപടി: 

ഒന്ന്: ഞാന്‍ വിവാഹിതയായത് വിവാഹം എനിക്കൊരു സംരക്ഷണമാവും എന്നു കരുതിയാണ്.

രണ്ട്: എന്റെ കൂട്ടുകാരികളെല്ലാം വിവാഹിതകളായപ്പോള്‍ എനിക്ക് വിവാഹിതയാവാന്‍ ഉത്സാഹമായി.

മൂന്ന്: പുരുഷന്റെ സ്‌നേഹസ്പര്‍ശവും സല്ലാപവും കിഞ്ചനവര്‍ത്തമാനങ്ങളും കേള്‍ക്കാനും അനുഭവിക്കാനുമുള്ള ആഗ്രഹത്താലാണ് ഞാന്‍ വിവാഹം കഴിച്ചത്.

നാല്: എന്റെ കുടുംബത്തിന്റെ മാനസിക പിരിമുറുക്കവും സമ്മര്‍ദങ്ങളും കുറക്കാനായിരുന്നു എന്റെ വിവാഹം.

അഞ്ച്: എന്റെ മേലുള്ള എന്റെ പിതാവിന്റെ അധികാരപ്രയോഗത്തില്‍നിന്നും മേധാവിത്തത്തില്‍നിന്നും രക്ഷപ്പെടാനാണ് ഞാന്‍ വിവാഹം കഴിച്ചത്. 

യുവാക്കളും യുവതികളും തന്ന  ഈ മറുപടി ശ്രദ്ധിച്ചാല്‍, വിവാഹത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്ന് ബഹുദൂരം അകലെയാണ് അവയെന്നു കാണാം. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഒരു വ്യക്തി വിവാഹം കഴിക്കുന്നതെന്തിനാണ്? ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കണം. ദൈവപ്രീതിയും പ്രതിഫലവും കിട്ടണം. ജീവിതപങ്കാളിയുമൊത്ത് വീടും കുടുംബവും ഭരിക്കണം. സുഖവും സന്തോഷവും പങ്കിടണം, തന്റെ കര്‍മവും കുടുംബവും മുഖേന സല്‍ക്കര്‍മനിരതമായ ജീവിതത്തിന്റെ അനുസ്യൂതത നിലനിര്‍ത്തണം. വ്യക്തിപരമായ വേറെയും ലക്ഷ്യങ്ങള്‍ ഉണ്ടാവുന്നതിന് തടസ്സമില്ല. ഉദാഹരണമായി ഏതെങ്കിലും ഒരു രാജ്യത്തെ പൗരത്വം ലഭിക്കാന്‍ വിവാഹം ആവശ്യമായിവരാം, അല്ലെങ്കില്‍ താന്‍ ജീവിക്കുന്ന ചുറ്റുപാടില്‍നിന്ന് മാറിനില്‍ക്കാന്‍ വിവാഹം ഉതകിയേക്കാം. പക്ഷേ ഇവ വിവാഹത്തിന്റെ മുഖ്യലക്ഷ്യമാവാന്‍ പാടില്ല.

മിക്ക ദാമ്പത്യപരാജയങ്ങള്‍ക്കും കാരണം അയഥാര്‍ഥമായ പ്രതീക്ഷകളും പ്രത്യാശകളുമാണ്. ഒരാള്‍ വിവാഹിതനാവുന്നതോടെ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഭാവനാലോകത്ത് നീന്തിത്തുടിക്കുകയാണ്. ഈ ഭാവനയുടെയും കാല്‍പനികതയുടെയും അടിസ്ഥാനം ഏതെങ്കിലും കഥയോ നോവലോ സിനിമയോ, തന്റെ വിവാഹവുമായി ബന്ധപ്പെടുത്തി മെനഞ്ഞെടുക്കുന്ന സ്വപ്‌നമോ ആവാം. വിവാഹത്തിന് മുതിരുന്ന ചിലര്‍ ഈ പ്രതീക്ഷകളെ നൂറില്‍ ആയിരം ശതമാനമാക്കി ഉയര്‍ത്തി, മാനം മേലാപ്പാക്കി നടക്കുന്നവരാണ്. മറുകക്ഷിയില്‍ തങ്ങളുടെ പ്രതീക്ഷക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിക്കുമെന്ന കണക്കുകൂട്ടലേ അവര്‍ക്കുണ്ടാവില്ല. വൈവാഹിക ജീവിതത്തില്‍ പഴക്കം ചെന്നവരും അല്ലാത്തവരുമെല്ലാം തോല്‍വി നേരിടുന്നതിന്റെ കാരണങ്ങളാണിവ.  

എനിക്ക് ഇത്തരം നിരവധി കേസുകള്‍ കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട്. മറുകക്ഷിയില്‍നിന്ന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം തിരിച്ചടികളെ ‘ദാമ്പത്യാഘാതങ്ങള്‍’ എന്ന് വിളിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഉദാഹരണമായി, പുതുതായി വിവാഹം കഴിച്ചയാള്‍ മറുകക്ഷി അധികം സംസാരിക്കുന്ന ആള്‍ അല്ലെന്നറിയുന്നതോ, തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നൈപുണിയില്ലാത്ത ആള്‍ ആണെന്ന് മനസ്സിലാവുന്നതോ വിവാഹം കഴിഞ്ഞായിരിക്കും. പുകവലി ശീലമുണ്ട്, മയക്കുമരുന്നിനടിമയാണ്, അലസനാണ്, ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവനാണ്, വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പുറത്തെ സൗഹൃദങ്ങളുമായി അലയുന്നവനാണ് തുടങ്ങി ഒട്ടും പ്രതീക്ഷിക്കാതിരുന്ന പലതും വിവാഹാനന്തര നാളുകളില്‍ വെളിപ്പെടുന്നതോടെ തകര്‍ച്ച തുടങ്ങുകയായി. പിന്നെ വേര്‍പിരിയാന്‍ ആലോചനയായി. ദാമ്പത്യജീവിതം പൂര്‍ണമായി തകരുകയായി. 

ദാമ്പത്യജീവിതത്തില്‍ കെട്ട കാര്യങ്ങളേ പ്രതീക്ഷിക്കാവൂ എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. സ്വപ്‌നങ്ങളില്‍ അഭിരമിച്ചു നിലയറിയാതെ നില്‍ക്കുമ്പോഴാവും ഓര്‍ക്കാപ്പുറത്തുള്ള പ്രഹരങ്ങള്‍ വന്നുവീഴുന്നതും തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങളുമായി ഏറ്റുമുട്ടേണ്ടിവരുന്നതും. ഭാവി സാധ്യതകളെക്കുറിച്ച അതിരുവിട്ട ആശയോ നിരാശയോ ദാമ്പത്യജീവിതവിജയത്തിനുതകില്ല. നമ്മുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി യാഥാര്‍ഥ്യബോധത്തോടെ ഇടപെടുകയാണ് കരണീയം. വിവാഹത്തിന് മുതിരുന്ന വ്യക്തി ഒരു സ്വപ്‌നം മെനയുകയും അത് മറുകക്ഷിയില്‍ കാണാതെ വരികയും ചെയ്യുമ്പോള്‍ അയാളുടെ മുന്നില്‍ രണ്ടു വഴികളാണുള്ളത്. തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മറുകക്ഷിയെ നിര്‍ബന്ധിക്കുകയാണ് ഒരു മാര്‍ഗം. ശ്രമകരമാണ് ഇതെങ്കിലും അസംഭവ്യമല്ല. വിവാഹം പരാജയമാണെന്ന് വിധിയെഴുതും മുമ്പേ മറുകക്ഷിയുടെ സ്വഭാവം മനസ്സിലാക്കി പൊരുത്തപ്പെട്ടുപോവുകയും സാഹചര്യങ്ങള്‍ അനുകൂലമാക്കി മാറ്റിയെടുക്കുകയുമാണ് മറ്റൊരു മാര്‍ഗം. 

ഇതാണ്  വിജയകരം. സ്വപ്‌നങ്ങളും പ്രതീക്ഷകളും യുക്തിസഹവും യാഥാര്‍ഥ്യബോധത്തോട് അടുത്തുനില്‍ക്കുന്നതുമാണെങ്കില്‍ ദാമ്പത്യപരാജയത്തിനുള്ള സാധ്യത നേര്‍ത്തതാണ്. 

കേവലം മൂന്ന് മാസത്തെ ദാമ്പത്യജീവിതത്തിനു ശേഷം വിവാഹമോചനം ചെയ്ത ഒരു യുവാവ് ഈയിടെ എന്നെ സമീപിക്കുകയുണ്ടായി. ഭാര്യ തന്റെ പ്രതീക്ഷക്കൊത്തായില്ല, അവളുടെ ചേലും കോലവും മട്ടും മാതിരിയുമൊന്നും താന്‍ മനസ്സില്‍ വരച്ചിട്ട സ്വപ്‌നവുമായി ഇണങ്ങുന്നതായില്ല എന്നൊക്കെയാണ് കാരണമായി പറയുന്നത്. ഇനി വിവാഹമേ വേണ്ടെന്ന വിചാരത്തിലാണയാള്‍. ഇതേ കാരണങ്ങളെച്ചൊല്ലി ഒരു മാസം കഴിഞ്ഞപ്പോള്‍ വേര്‍പിരിഞ്ഞ ദമ്പതികളെയും എനിക്കറിയാം. 

വിവാഹത്തിന് മുമ്പേതന്നെ ഇരുപക്ഷവും സാധ്യമായത്ര സത്യസന്ധവും സൂക്ഷ്മവുമായി വിവരങ്ങള്‍ അന്വേഷിച്ചറിയുകയാണ് ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗം. വിവാഹിതരാവാന്‍ ആശിക്കുന്നവര്‍ പരസ്പരം കാണുകയും മനസ്സ് തുറന്നു പരിചയപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നത് വിവാഹമോചനത്തോത് കുറക്കാന്‍ സഹായകമാവും. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍