Prabodhanm Weekly

Pages

Search

2017 ജനുവരി 20

2985

1438 റബീഉല്‍ ആഖിര്‍ 21

പ്രവാസത്തിന്റെ സാംസ്‌കാരിക മുദ്രകള്‍

മുഹമ്മദ് കുട്ടി എളമ്പിലാക്കോട്

പതിറ്റാണ്ടിലേറെയായി പ്രവാസിയായി തുടരുന്ന എം. അശ്‌റഫ് ,ഗള്‍ഫ് മലയാളി ജീവിതത്തിന്റെ ചുറ്റുവട്ടങ്ങളില്‍നിന്ന് നര്‍മം നിറഞ്ഞ നോട്ടത്തിലൂടെ കണ്ടെടുത്ത കഥാപാത്രങ്ങളാണ് മല്‍ബുവും മല്‍ബിയും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പത്രത്താളുകളിലൂടെ പെരുമ നേടി, ഏറനാടന്‍ തനിമയോടെ ഗള്‍ഫ് ജീവിതത്തിന്റെ അകക്കാഴ്ചകളിലേക്കും, അതുവഴി സഹൃദയരായ പ്രവാസി മലയാളികളുടെ മനസ്സുകളിലേക്കും നടന്നടുക്കുകയായിരുന്നു ഈ കഥാപാത്രങ്ങള്‍. ഗള്‍ഫ് മലയാളി ജീവിതത്തിന്റെ സാംസ്‌കാരിക നഭോമണ്ഡലത്തില്‍ മല്‍ബുവും മല്‍ബിയും മൊയ്തുവും ഹൈദ്രോസും നാണിയുമൊക്കെയിന്ന് തിളങ്ങുന്ന സാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.

'മല്ലു' എന്ന് മലയാളികള്‍ക്ക് മൊത്തത്തിലൊരു വിളിപ്പേര് ഏറെ പ്രസിദ്ധമാണല്ലോ. ഗള്‍ഫ് മലയാളികള്‍ക്കിടയിലിന്ന് അതുപോലെ പ്രചാരം നേടിയിരിക്കുന്നു മല്‍ബുവും മല്‍ബിയും. ഗള്‍ഫ് ജീവിതത്തിന്റെ വേവും വേവലാതിയും കൊച്ചു കൊച്ചു സന്തോഷങ്ങളും കൗതുകങ്ങളും കുന്നായ്മകളുമൊക്കെ നര്‍മത്തിന്റെ മേമ്പൊടി ചാലിച്ചുകൊണ്ട്, ഈ പാത്രസൃഷ്ടികളിലൂടെ ഫലപ്രദമായി അവതരിപ്പിക്കാനാകുന്നു എന്നതില്‍ എം. അശ്‌റഫ് എന്ന എഴുത്തുകാരന് കൃതാര്‍ഥതയടയാം.     

നോവലോ ചെറുകഥയോ പോലുള്ള സര്‍ഗാത്മക സൃഷ്ടികളല്ലെങ്കിലും, ഗള്‍ഫ് ജീവിതത്തിനു നേര്‍ക്ക് തുറന്നുപിടിച്ച കണ്ണാടി എന്ന നിലക്ക് പ്രവാസി പക്ഷത്തുനിന്നുള്ള ജീവിതമെഴുത്തായും ഈ രചനകളെ വരവേല്‍ക്കാവുന്നതാണ്. ഇരുന്ന ഇരുപ്പില്‍ വായിച്ചുപോകാവുന്ന ലളിതമായ കൊച്ചു രചനകളാണ് മല്‍ബു കഥകള്‍.

ദേശാന്തരങ്ങള്‍ താണ്ടുന്ന മലയാളിയുടെ ശീലത്തിന് പഴക്കമേറെയുണ്ട്. അങ്ങനെ എത്തിപ്പെടുന്ന ദിക്കുകളില്‍ ചെറു സംഘടനകളും കൂട്ടായ്മകളുമുണ്ടാക്കി ഓണവും പെരുന്നാളുമൊക്കെ ഒരുമിച്ച് ആഘോഷിക്കുക എന്നതും മലയാളികളുടെ രീതിയത്രെ.

മേശകള്‍ ഇലകള്‍ കിണ്ണങ്ങള്‍

അറ്റമില്ലാതെ നീളുന്നു

അയല്‍വീടുകള്‍, വെളിയൂരുകള്‍

അകല നഗരങ്ങള്‍,

ചെന്നൈ, ദില്ലി, മുംബൈ

ദുബായ്, ജിദ്ദ, ഖത്തര്‍

ന്യൂയോര്‍ക്ക്, ലണ്ടന്‍...

കുടിയേറിയൊരൊറ്റ

പ്പന്തിയിലിരിക്കുന്നു. '

ഒരേ നക്ഷത്രത്തിനു ചുറ്റും 

തീക്കായുന്നു, തിന്നുന്നു...

എന്ന് 'പന്തി' എന്ന കവിതയില്‍ ആറ്റൂര്‍, മലയാളികളുടെ ദേശാടനത്തിന്റെയും സംഘാടനത്തിന്റെയും സ്വഭാവവിശേഷത്തെ വരച്ചുകാണിക്കുന്നു. 

ഈ വിധം അന്നം തേടി അന്യനാടുകളിലേക്ക് പുറപ്പെട്ടുപോകുന്ന മലയാളികളുടെ മഹാ പ്രവാഹ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ് ഗള്‍ഫ് പ്രവാസം. വിയര്‍പ്പിന്റെയും വിരഹത്തിന്റെയും സഹനത്തിന്റെയും സന്തോഷത്തിന്റെയും വേദനയുടെയും ഗാഥകള്‍. കേരളീയ പുരോഗതിയുടെയും നവോത്ഥാനത്തിന്റെയും ഈ മഹാ സംഘഗാഥയെ, കേരളീയ പൊതു സമൂഹവും ചരിത്രകാര•ാരും ഇന്നും വേണ്ടവിധം പരിഗണിക്കാതെ പോകുന്നുവെന്നത് ഖേദകരം തന്നെ. 

'ഏഷ്യനാഫ്രിക്കന്‍ വിയര്‍പ്പിന്റെ 

സിംഫണിയിലുയരുന്ന 

മായാ നഗരികള്‍, തോപ്പുകള്‍ 

ഹൈവേകള്‍ക്കിടയിലെങ്ങോ

കടലി,ലുപ്പുപോല്‍

മാഞ്ഞും മറഞ്ഞും

അലിഞ്ഞുപോകുന്നത്' എന്നും

'തൊലികുല ദേശഭേദങ്ങളെല്ലാം ഐക്യപ്പെടുന്ന/ അധ്വാനത്തിന്റെ ചരിത്ര സ്മാരകമായി/ ഉയരാതെ പോയ പിരമിഡ്' എന്നും ഗള്‍ഫ് പ്രവാസത്തെ അടയാളപ്പെടുത്താന്‍ 'നെടുവീര്‍പ്പുകളുടെ നദി' എന്ന കവിതയില്‍ ഈയുള്ളവന്‍ ശ്രമിക്കുകയുണ്ടായി.  

ഗള്‍ഫ് പ്രവാസത്തിന്റെ സാംസ്‌കാരിക മുദ്രകളും വൈകാരിക ഇനിപ്പുകളും ഭാവി തലമുറക്കായി കരുതിവെക്കാന്‍ എം. അശ്‌റഫ്, ഗള്‍ഫ് ജീവിത പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന മല്‍ബു-മല്‍ബി പോലുള്ള കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞേക്കാം. അതുതന്നെയാണ് ഹാസ്യരസങ്ങള്‍ക്കടിയില്‍ ഊറിത്തെളിയുന്ന മല്‍ബു കഥകളുടെ മരതക കാന്തിയും കാതലും. 

മലയാള ഭാഷക്ക് ഗള്‍ഫ് പ്രവാസം സമീപകാലത്ത് സമ്മാനിച്ച് പോപ്പുലറായ ഒരു പദമാണ് 'കുഴിമന്തി' എന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഒരിക്കല്‍ നിരീക്ഷിക്കുകയുണ്ടായി. ആ വഴിക്ക് എം. അശ്‌റഫ് എന്ന എഴുത്തുകാരന്‍ സംഭാവന ചെയ്ത് പെരുമ നേടിയ നാമധേയങ്ങളാണ് മല്‍ബു-മല്‍ബി എന്നു പറയാം. എന്നാല്‍ മല്‍ബു എന്ന പ്രയോഗത്തിന്റെ യഥാര്‍ഥ വിധാതാവ് ഒരു അറബിയാണെന്ന് മല്‍ബു കഥകളുടെ മുന്‍കുറിപ്പില്‍ അശ്‌റഫ് വ്യക്തമാക്കുന്നുണ്ട്. അറബ് നാടുകളില്‍ മലയാളികള്‍ക്ക് പൊതുവെയുള്ള 'മലബാരി' എന്ന വിളിപ്പേര് ചുരുക്കി ഒരിക്കല്‍ ഒരു അറബി ഇത്തിരി സ്‌നേഹം ചാലിച്ച് വിളിച്ചുവത്രെ, 'മല്‍ബൂ...' എന്ന്! 

ഇമ്പമുള്ള പ്രയോഗം തന്നെ.

പാസ്‌പോര്‍ട്ട് റ്റു ടോയ്‌ലറ്റ് എന്ന രചനയില്‍ നടപ്പാസ് (ഇഖാമക്ക് അശ്‌റഫ് വക വിളിപ്പേര്) സൂക്ഷിക്കുന്ന കാര്യത്തില്‍ മല്‍ബുവിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്നാണ് അനുഭവസാക്ഷ്യം. 'പോക്കറ്റടിക്കാരന്‍ ഇഖാമക്കുവേണ്ടി എവിടെയൊക്കെ തപ്പുമെന്ന് മല്‍ബുവിനറിയാം. അതുകൊണ്ടാണ് കുപ്പായത്തിനും പാന്റ്‌സിനുമകത്ത് നടപ്പാസ് സൂക്ഷിക്കാനായി പ്രത്യേക കീശ തയ്പ്പിക്കുന്നത്' എന്ന ഭാഗം വായിച്ചപ്പോള്‍ അറിയാതെ ഈയുള്ളവന്‍ ഷര്‍ട്ടിന്റെ ഉള്‍വശത്തെ കീശ തപ്പി! നാട്ടില്‍ തയ്യല്‍ക്കാരനോട് പ്രത്യേകം പറഞ്ഞ് എല്ലാ കുപ്പായങ്ങള്‍ക്കും ഉള്‍വശത്ത് പ്രത്യേക കീശ തയ്പ്പിക്കാന്‍ മറക്കാറില്ല. പാന്റ്‌സിന്റെ പുറം പോക്കറ്റില്‍നിന്ന് ഒരിക്കല്‍ ഇഖാമ കളവുപോയ അനുഭവമാണ് കാരണം. ഭാവനാസമ്പന്നനായ മല്‍ബു കഥാകാരന്‍ എന്നെപ്പോലുള്ള പ്രവാസികളുടെ ഇത്തരം അനുഭവങ്ങളെ ത•യത്വത്തോടെ ഒപ്പിയെടുത്ത് അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍, 30 രചനകളുള്ള മല്‍ബുകഥകളില്‍ വിവരിക്കുന്ന അനുഭവസീമകളിലൂടെ ഒരിക്കലെങ്കിലും കടന്നുപോകാത്ത ഒരു പ്രവാസി മലയാളിയുമുണ്ടാവില്ല. 

സ്വന്തം അനുഭവങ്ങളില്‍നിന്നും അന്യരുടെ കഥനങ്ങളില്‍നിന്നും കഥാതന്തു കണ്ടെടുക്കാനുള്ള അപാരമായ ഭാവനാശേഷിയുണ്ട് മല്‍ബുകാരന്. ആ കഥാബീജത്തെ സര്‍ഗാത്മകതയുടെ ഉലയിലിട്ട് ഉരുക്കിവിളക്കി വികസിപ്പിച്ച് നല്ല കഥകളാക്കി മാറ്റിപ്പണിയാനായാല്‍ അശ്‌റഫിന് സര്‍ഗസാഹിത്യരംഗത്ത് തിളങ്ങാനാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ വകഭേദങ്ങളൊന്നുമില്ലാതെ, മതേതരമായ മലയാളി പൊതുസമൂഹത്തിന്റെ പരിഛേദം തന്നെയാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ആ നിലക്കുള്ള പ്രവാസി മലയാളികളുടെ പൊതു പ്രതിനിധാനം അശ്‌റഫിന്റെ വരുംകാല രചനകളില്‍ ഉണ്ടാകുമെന്നു പ്രത്യാശിക്കാം.   

ഒ.ബി നാസറിന്റെ തെളിമയാര്‍ന്ന ഇല്ലസ്‌ട്രേഷന്‍ മല്‍ബു കഥകളുടെ 

പുസ്തക നിര്‍മിതിയെ കമനീയമാക്കുന്നു.  


മല്‍ബു കഥകള്‍

എം. അശ്‌റഫ്

ബുക്‌ബെറി ഇന്ത്യ

കണ്ണൂര്‍

വില: 99 രൂപ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (60-62)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസി നേടേണ്ട ഉള്‍ക്കാഴ്ചകള്‍
പി.എ സൈനുദ്ദീന്‍