കീഴാള ഉണര്‍വ്, വ്യാജ ഭീതി, തീവ്ര ദേശീയത
അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് നീഡ് Black and White Mates എന്ന പുസ്തകത്തില്‍ മുഖ്യധാര ഒരു ജനതയെ ചരിത്രരഹിതരാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്. നാല് തരത്തിലാണത്:
1) Mythification (ഐതിഹ്യവല്‍ക്കരണം). സാമൂഹികവും ചരിത്രപരവുമായ യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം വസ്തുതകളെ കെട്ടുകഥകളും ഐതിഹ്യങ്ങളുമായി ചിത്രീകരിക്കുക.
2) Marking (അടയാളപ്പെടുത്തല്‍). തെറ്റായ അടയാളപ്പെടുത്തലിലൂടെ അന്യവല്‍ക്കരിക്കുക. അങ്ങനെ തെറ്റായ മുന്‍വിധികള്‍ വെച്ചാകും ന്യൂനപക്ഷ/കീഴാള സമൂഹങ്ങളെ മാധ്യമങ്ങള്‍ അടക്കം നിയന്ത്രിക്കാന്‍ ശ്രമിക്കുക.
3) Omission (ഒഴിവാക്കല്‍). ആഖ്യാനങ്ങളില്‍നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും ഒഴിവാക്കിയാല്‍ പിന്നെ മുഖ്യധാരയില്‍നിന്നുള്ള മാറ്റിനിര്‍ത്തല്‍ വളരെ എളുപ്പമാണ്.
4) Repression (അടിച്ചമര്‍ത്തല്‍). അകത്തു തന്നെ രൂപപ്പെടുന്ന ധാരണകള്‍ വഴി അടിച്ചമര്‍ത്തലിന് വഴിയൊരുക്കുന്നു.
രാജ്യത്തിന്റെ സവിശേഷമായ വൈവിധ്യങ്ങളെ ഒരു നിലക്കും ഉള്‍ക്കൊള്ളാനാവാത്തവിധം ചെറുതായിപ്പോയ മുഖ്യധാര/ദേശീയത കൊമ്പുകുലുക്കി ഉന്മാദനൃത്തം ചവിട്ടുമ്പോള്‍ ഇത്തരം നിരീക്ഷണങ്ങളുടെ പുനര്‍വായന അനിവാര്യമായിവരുന്നു. യൂറോപ്യന്‍ ജ്ഞാനസങ്കല്‍പങ്ങളെപ്പോലെ ഇന്ത്യന്‍ ജ്ഞാനസങ്കല്‍പങ്ങളും വൈവിധ്യങ്ങളെ അംഗീകരിക്കുന്നില്ല എന്നത് ചരിത്രത്തിലെ കറുത്ത അടയാളങ്ങളാണ്.
ഹിന്ദുത്വ തീവ്രദേശീയതയുടെ പ്ലക്കാര്‍ഡുയര്‍ത്തി സംഹാരമൂര്‍ത്തികളായി ഉറഞ്ഞുതുള്ളുന്നവര്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹികനീതിയോട് പരമ പുഛമാണ്. ദലിത്-ന്യൂനപക്ഷ ഉണര്‍വുകള്‍ ദേശീയ സ്മരണകളില്‍നിന്നുപോലും മാറ്റിനിര്‍ത്തപ്പെടുന്നതിനു പിന്നിലെ യുക്തി തിരിച്ചറിയണം. ഈ അപരവല്‍ക്കരണത്തിന് കലയും വിദ്യാഭ്യാസ സംവിധാനങ്ങളും ഭരണയന്ത്രങ്ങളും ഉപകരണങ്ങളാണ്. ഇവിടെയാണ് ദലിതന്നും ആദിവാസിക്കും പൊതു ഇടം നിഷേധിക്കുന്ന പൊതുബോധം രൂപപ്പെടുന്നത്. ജാതിഭീതി കാണിച്ച് ദലിത് ഉണര്‍വുകളെയും മതഭീതി വിതച്ച് ഇസ്‌ലാമിക ചലനങ്ങെളയും മുഖ്യധാരയില്‍നിന്ന് തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ താല്‍പര്യവും ഒന്നുതന്നെ.
അന്യവല്‍ക്കരിക്കപ്പെട്ട ജനത ഉയിര്‍ത്തെഴുന്നേല്‍പിന് ശ്രമിക്കുമ്പോള്‍ അതിനെ ജാതീയത പുനഃസ്ഥാപിക്കലാണെന്നു പറഞ്ഞ് പിന്നെയും അവരെ പാര്‍ശ്വവല്‍ക്കരിക്കാനാണ് മുഖ്യധാരയും ഭരണകൂടവും എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഈ ഭരണകൂടവഞ്ചന ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അസ്തിത്വവിഷാദത്തില്‍നിന്ന് പുറത്തുകടക്കാനായതിനാല്‍ അത്രയെളുപ്പം തല്ലിക്കെടുത്താന്‍ കഴിയാത്തവിധം കീഴാള ഉണര്‍വുകള്‍ ബലപ്പെട്ടിട്ടുണ്ട്.
നിശ്ശബ്ദമാക്കപ്പെട്ട ഒരു വസ്തു എന്ന അവസ്ഥയില്‍നിന്ന് സമൂഹരൂപീകരണപ്രക്രിയയില്‍ ഇടപെടാന്‍ കഴിയുംവിധം കീഴാള പൊതുമണ്ഡലത്തെ എജുക്കേറ്റ് ചെയ്യാന്‍ ദലിത് മൂവ്‌മെന്റുകള്‍ നടത്തിയ ശ്രമം പരാജയമായിരുന്നില്ല എന്നുതന്നെ വിലയിരുത്തേണ്ടിവരും. പുതിയ കാലത്ത് സോളിഡാരിറ്റി പോലുള്ള മൂവ്‌മെന്റുകള്‍ പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ അവസ്ഥകളും അവകാശങ്ങളും വലിയ ശബ്ദത്തില്‍ വിളിച്ചുപറയാന്‍ കാണിച്ച ചങ്കൂറ്റവും ശ്രദ്ധേയമാണ്. എന്നാല്‍, ഈ ഉശിരിനെ നീതിപൂര്‍വം നോക്കിക്കാണാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഭൂരിപക്ഷം മാധ്യമങ്ങളും വിമുഖത കാട്ടി. എന്നല്ല, ഇത്തരം ചങ്കൂറ്റങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം വ്യാജ പ്രചാരണങ്ങള്‍കൊണ്ട് തടയിടാനാണ് ശ്രമിച്ചുപോന്നിട്ടുള്ളത്. സോളിഡാരിറ്റി മാവോയിസ്റ്റുകളെ സഹായിക്കുന്നു എന്ന കണ്ണൂരിലെ സി.പി.എം നേതാവിന്റെ ആരോപണത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നതും ഈ സൃഗാലബുദ്ധി തന്നെ.
കീഴാള ആണത്തം
അറുപതുകള്‍ക്കു ശേഷമാണ് ദലിത് രാഷ്ട്രീയം എന്ന ആശയം രൂപപ്പെടുന്നത്. വടക്കേ ഇന്ത്യയിലെ ക്ഷീര കര്‍ഷകരില്‍ കേന്ദ്രീകരിച്ചിരുന്ന കീഴാള ജീവിതങ്ങള്‍ സവര്‍ണ ചൂഷണങ്ങളെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടു. ദലിതനെന്ന് സ്വയം നിര്‍വചിക്കാന്‍ ഇവര്‍ പ്രാപ്തരായി എന്നു മാത്രമല്ല, അവകാശം, രാഷ്ട്രീയം, പ്രക്ഷോഭങ്ങള്‍, സൗന്ദര്യം, തത്ത്വം എന്നിവയെ കുറിച്ചുള്ള വീക്ഷണങ്ങളും രൂപപ്പെടുത്തി. ഒരു സംഘടിത ശക്തിയായി മാറാന്‍ തുടങ്ങിയതോടെ അതുവരെ പുറത്തുനിര്‍ത്തപ്പെട്ടിരുന്ന ഇവര്‍ സമൂഹത്തിനകത്തേക്ക് തള്ളിക്കയറാന്‍ തുടങ്ങി. ഇത് സവര്‍ണ മേധാവിത്വത്തെ പിടിച്ചുകുലുക്കി. ജനപ്രിയത നിര്‍മിക്കാന്‍ ഉതകുന്നതല്ല കീഴാള പ്രശ്‌നങ്ങള്‍ എന്നു വിശ്വസിച്ചുപോന്ന മാധ്യമങ്ങള്‍ സവര്‍ണ താല്‍പര്യത്തോടൊപ്പം നിന്നു. സത്യസന്ധമായ വിശകലനങ്ങള്‍ക്ക് അവ മുതിര്‍ന്നതേയില്ല. ഇന്നും ഈ നില മാറ്റമില്ലാതെ തുടരുന്നു. ഭോപ്പാലും നിലമ്പൂരുമൊക്കെ സാമാന്യ യുക്തിക്കുമപ്പുറത്തെ വലിയ ശരികളാണെന്ന് വിശ്വസിപ്പിക്കാനാണ് അവര്‍ക്ക് താല്‍പര്യം. സംശയിക്കാതിരിക്കുന്നതാണ് ദേശക്കൂറ് എന്നാണവര്‍ പഠിപ്പിക്കുന്നത്. മറുചോദ്യങ്ങള്‍ രാജ്യദ്രോഹമാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇരകളാക്കപ്പെടുന്ന ദലിതരും ന്യൂനപക്ഷങ്ങളും ദേശക്കൂറ് തെളിയിച്ചുകൊണ്ടേയിരിക്കണം.
ഇതിന്റെ പേരില്‍ ഇവരെ സംശയദൃഷ്ടിയോടെ കാണുന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെടേണ്ടത് സംഘ് പരിവാര്‍ ഫാഷിസത്തിന്റെ താല്‍പര്യമാണ്.
മാധ്യമ നിലപാട്
സ്വാതന്ത്ര്യസമരത്തില്‍ ദലിത്-ന്യൂനപക്ഷ മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവുന്നതല്ല. അംബേദ്കര്‍ മുതല്‍ കുമാരനാശാനും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും വരെ ഈ തലത്തില്‍ സ്മരിക്കപ്പെടും. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങള്‍ കീഴാള രാഷ്ട്രീയത്തോട് നീതിയുക്തമായ സമീപനം സ്വീകരിച്ചിട്ടില്ല. വിപണികേന്ദ്രീകൃതമായ കേവല കാമനകളെ മാത്രം ഉല്‍പാദിപ്പിക്കുന്ന ഇത്തരം മാധ്യമങ്ങള്‍ ദലിത് സ്വത്വവും കീഴാള രാഷ്ട്രീയവും ജനപ്രിയ ചേരുവകളുടെ വിപണിയല്ലെന്ന കണക്കുകൂട്ടലിലാണ്. ന്യൂനപക്ഷ-കീഴാള പുരോഗമന ചിന്തകളെ സാമൂഹിക-രാഷ്ട്രീയ പ്രക്രിയ എന്ന നിലയില്‍ അഭിമുഖീകരിക്കുന്നതിനു പകരം, അവയെ മതരാഷ്ട്രവാദമായും ജാതീയതയായും ചിത്രീകരിക്കുന്ന സവര്‍ണവാദങ്ങളോടാണ് മാധ്യമങ്ങള്‍ക്ക് എന്നും പ്രിയം. ജനജീവിതം ഉള്‍ക്കൊള്ളുന്ന ജനാധിപത്യത്തെ പ്രമോട്ട് ചെയ്യാന്‍ വിമുഖത കാട്ടുകയും, ഭരണ രാഷ്ട്രീയത്തെ മാത്രം ജനാധിപത്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തൊണ്ണൂറുകള്‍ക്കു ശേഷമാണ് കീഴാളത അല്‍പമെങ്കിലും മാധ്യമങ്ങള്‍ക്ക് വിഷയമായത്. മാധ്യമം പത്രം അതിന് കൂടുതല്‍ ഇടമനുവദിച്ചു. ദലിത് ഉണര്‍വുകളെ മുഖ്യധാരാ മീഡിയ തീവ്രവാദമെന്ന് മുദ്രകുത്തിയ കാലത്ത് അതിനെ ദലിത് മുന്നേറ്റം എന്ന് തിരുത്താന്‍ മാധ്യമം ചങ്കുറപ്പു കാട്ടി.
സവര്‍ണ പൊതുബോധത്താല്‍ നിയന്ത്രിക്കപ്പെടുന്നു എന്നിടത്തുനിന്ന് സംഘ്പരിവാര്‍ ഫാഷിസത്തിന്റെ മെഗാഫോണുകളായി മാറുന്ന അപകടകരമായ ഒരു പരിണാമദശയിലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ എത്തിനില്‍ക്കുന്നത്. ദേശീയവും പ്രാദേശികവുമായ മുന്‍നിര മാധ്യമങ്ങളില്‍ വളരെ സമര്‍ഥമായി വിത്തിറക്കി വിളവെടുപ്പിനു പാകപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഇവിടെ സ്വയം നവീകരിക്കുന്ന ഒരു മാധ്യമനയം അനിവാര്യമാണങ്കിലും ഫാഷിസം ഉറഞ്ഞുതുള്ളുന്ന വര്‍ത്തമാനകാലത്ത് അതെങ്ങനെയെന്നത് ചോദ്യചിഹ്നമാണ്.
തീവ്ര ദേശീയത
ജാതി-വര്‍ണ വെറിയുടെ അഴുക്കുപുരണ്ട് മലിനമായ ഈ ആശയധാരയില്‍നിന്നാണ് തീവ്രദേശീയത മുളപൊട്ടുന്നത്. ഇതിന്റെ പേരില്‍ അഴിച്ചുവിടുന്ന കോപ്രായങ്ങളിലൂടെ സവര്‍ണ കേന്ദ്രീകൃത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് പരിവാര്‍ ഫാഷിസം ലക്ഷ്യം വെക്കുന്നത്. ഈ സംവിധാനത്തില്‍ കീഴാളരുടെയും മതന്യൂനപക്ഷങ്ങളുടെയും സ്ഥാനം പുറമ്പോക്കിലാണ്. എന്നാല്‍, രാഷ്ട്രപിതാവിനെയും ദേശീയ പതാകയെയും അംഗീകരിക്കാത്ത തങ്ങളുടെ നിലപാട് ആര്‍.എസ്.എസ് ഇനിയും തിരുത്തിയിട്ടില്ല. ജനഗണമന ബ്രിട്ടീഷ് വൈസ്രോയിയെ പുകഴ്ത്താനായി എഴുതിയതാണെന്നും വന്ദേമാതരമാണ് ദേശീയ ഗാനമായി അംഗീകരിക്കേണ്ടതെന്നും ഹിന്ദു ഐക്യവേദിയുടെ ടീച്ചര്‍ ഇപ്പോഴും പാടി നടക്കുന്നുണ്ട്. ദേശീയ പതാക വെറും മൂന്നു കഷ്ണം തുണി എന്നു പറയുന്നതും ഇവര്‍തന്നെ. ഇങ്ങനെ ദേശീയ ചിഹ്നങ്ങളോടൊന്നും ഒരുവിധ ബഹുമാനവും ഇല്ലാത്തവരാണ് സിനിമാ തിയറ്ററിലെത്തി ദേശീയഗാനം കേള്‍ക്കുമ്പോള്‍ അവര്‍ എഴുന്നേറ്റുനില്‍ക്കുന്നില്ലെന്നും അവരെ പിടികൂടണമെന്നും ആക്രോശിക്കുന്നത്. സംവിധായകന്‍ കമലിനെ കമാലുദ്ദീന്‍ എന്ന് നീട്ടിവിളിച്ചതിലൂടെ, നിങ്ങള്‍ ഒരു മുസ്‌ലിമാണ്, ദേശക്കൂറില്‍ സംശയമുണ്ട് എന്നാണ് ഇവര്‍ വിളിച്ചുകൂവാന്‍ ശ്രമിച്ചത്.
ഉന്മാദാവസ്ഥയിലെത്തിയ ഈ തീവ്രദേശീയത രാജ്യത്തിന്റെ അഖണ്ഡതയെയും ഉദ്ഗ്രഥനത്തെയുമാണ് മുറിപ്പെടുത്തുന്നത്. ഈ സങ്കുചിത ദേശീയതയാണ് സയ്യിദ് മൗദൂദിയെന്ന ചിന്തകനെ ആശങ്കപ്പെടുത്തിയത്. മനുഷ്യത്വം വിസമ്മതിക്കുന്നതെന്തും, അത് ദേശത്തിന്റെ പേരിലായാലും രാജ്യനിവാസികളില്‍ അരക്ഷിതബോധം വളര്‍ത്തുമെന്നാണ് കാലഘട്ടത്തിന്റെ ആ ധൈഷണികാചാര്യന്‍ ദീര്‍ഘവീക്ഷണം ചെയ്തത്.
തീവ്രവാദം, മതഭീതി
ഭീതി ഒരു രാഷ്ട്രീയ ആയുധമായി സമര്‍ഥമായി പ്രയോഗിക്കുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. കീഴാള സമൂഹത്തിന്റെ മുന്നേറ്റം ജാതിഭീതിയായും മതന്യൂനപക്ഷങ്ങളുടെ മുന്നേറ്റം മതഭീതിയായും ഇവര്‍ വ്യാഖ്യാനിക്കുന്നു. ന്യൂനപക്ഷത്തിന്റെ ആദര്‍ശ രാഷ്ട്രീയ ചിന്തകള്‍, ന്യൂനപക്ഷ സ്വത്വവിചാരങ്ങള്‍, പ്രവാസി ജ്ഞാനസങ്കല്‍പങ്ങള്‍, ദലിത് രാഷ്ട്രീയം, കീഴാള വിവേകം ഇവയൊക്കെ ചേര്‍ന്നാല്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വന്നേക്കുമെന്ന സവര്‍ണ ആശങ്കയില്‍നിന്നാണ് വ്യാജ ഭീതി നിര്‍മിക്കപ്പെടുന്നത്.
മതരാഷ്ട്രവാദം എന്നതും പൊതുമണ്ഡലത്തില്‍ തെറ്റായ സന്ദേശവും ഭീതിയും വിതക്കാന്‍ മാത്രം ലക്ഷ്യംവെച്ചുള്ളതാണ്. എന്നാല്‍, സാംസ്‌കാരിക ഇസ്‌ലാം ആവാം, രാഷ്ട്രീയ ഇസ്‌ലാം പടിക്കു പുറത്ത് എന്ന നിലപാടിന് ഇനിയും നിര്‍വചനവും ആവശ്യമായിവരുന്നുണ്ട്.
ബാബരി
ബാബരിയുടെ തകര്‍ച്ചക്കു ശേഷമാണ് രാജ്യത്ത് മുസ്‌ലിംകള്‍ക്കിടയില്‍ വലിയ തോതില്‍ രാഷ്ട്രീയ ഉണര്‍വുകള്‍ പ്രകടമായിത്തുടങ്ങിയത്. എന്നാല്‍ ഈ ഉണര്‍വുകളെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ക്ക് സാധിക്കാതെപോയി. രാഷ്ട്രീയ മുസ്‌ലിമിനെയും രാഷ്ട്രീയ ദലിതനെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമല്ല ഇത്തരം പാര്‍ട്ടികളുടെ പൊതുമനസ്സ്. ഇവിടെയാണ് പരിവാര്‍ ഫാഷിസം പുറത്തുവിടുന്ന 'വ്യാജ ഭീതി' പൊതുബോധത്തെ എളുപ്പം സ്വാധീനിക്കുന്നത്. ജനജീവിതത്തിന്റെ, മതവിശ്വാസത്തിന്റെ, ആചാരങ്ങളുടെ വൈവിധ്യത്തെ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്യുന്നതിനെ ജനാധിപത്യമായി കരുതാനുള്ള വളര്‍ച്ച പ്രാപിക്കാത്തേടത്തോളം പരിവാര്‍ ഫാഷിസം ഭീതി വിതച്ചുകൊണ്ടേയിരിക്കും.
ഒരു വിഭാഗത്തിന്റെ മേല്‍ തീവ്രവാദ ചാപ്പ കുത്തിയാല്‍ അവരെ നിര്‍വീര്യമാക്കാന്‍ എളുപ്പമാണ്. ഫാഷിസത്തിന്റെ ഈ രീതിശാസ്ത്രം രാജ്യത്ത് പ്രകടമായി അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നത് ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും മേലാണ്. ഭരണകൂടംതന്നെ പൗരസമൂഹത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേറിട്ടുനിര്‍ത്തി വേട്ടയാടുക, അവരെ സംശയത്തോടെ മാത്രം നോക്കിക്കാണുന്ന പൊതുബോധം സൃഷ്ടിക്കുക, അധികാരസ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുക, അര്‍ഹതപ്പെട്ട മിനിമം നീതി പോലും നിഷേധിക്കുക... ഇങ്ങനെ ഒരു വിഭാഗത്തെ അന്യവല്‍ക്കരിക്കുമ്പോള്‍തന്നെ മറുഭാഗത്ത് സമൂഹത്തെ പുനരുജ്ജീവിപ്പിക്കുന്നുവെന്ന ധാരണ മാധ്യമങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തി അകറ്റിനിര്‍ത്തപ്പെട്ട വിഭാഗം അവകാശങ്ങളെക്കുറിച്ച് സംസാരിക്കില്ല, കാരണം അവര്‍ക്ക് നിലനില്‍പ്പാണ് പ്രശ്‌നം. ഇതാണ് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സാമൂഹികമായ ഉണര്‍വുകള്‍ ചെറുത്തുനില്‍പ്പുകളെ ശക്തിപ്പെടുത്തും. ശവക്കല്ലറ കെട്ടാന്‍ അടുക്കള പൊളിക്കേണ്ടിവരുന്ന ആദിവാസി, സമൂഹത്തിന്റെ നൊമ്പരമായി മാറുന്നില്ല എന്നിടത്താണ് വ്യവസ്ഥിതിയുടെ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന ബോധം ഉയര്‍ന്നുവരുന്നത്. ഇതിനെയാണ് തീവ്രവാദമായി അധീശവര്‍ഗം മുദ്രയടിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം അതിജീവനത്തിനുള്ള മുറവിളിയാണ്. ഇത് അരോചകമായി തോന്നുന്ന അധികാര സംവിധാനം ജനാധിപത്യമല്ല. സവര്‍ണ മധ്യവര്‍ഗ കേന്ദ്രീകൃത കപട മതേതര ഭരണകൂടം കീഴാള ആണത്തത്തെയും മതന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളെയും തല്ലിക്കെടുത്താല്‍ സമര്‍ഥമായി പ്രയോഗിക്കുന്ന ആയുധമാണ് തീവ്രവാദ ചാപ്പ. വ്യക്തികള്‍ക്കും ആശയങ്ങള്‍ക്കും സംഘടനകള്‍ക്കും ഈ ചാപ്പ പതിപ്പിക്കും. ഇതൊരു മയക്കുവെടിയാണ്, പിന്നെ വെടിവെച്ചിടാന്‍ എളുപ്പമാണ്. മയ്യിത്ത് കാണേണ്ടെന്ന് ഉമ്മ തന്നെ പറഞ്ഞോളും. മൃതദേഹത്തിന്റെ സമീപത്തുനിന്നുപോലും ഉടപ്പിറപ്പിന്റെ കോളറിന് പിടിച്ചു വലിക്കാന്‍ ഏമാന്മാര്‍ക്ക് ധൈര്യം ലഭിക്കും.
പക്ഷേ, ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കും ഏകാധിപതികള്‍ക്കും കാലം കരുതിവെച്ചത് കടുത്ത അവജ്ഞയും സമ്പൂര്‍ണ തിരിച്ചടികളും മാത്രമാണന്ന് ചരിത്രം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
Comments