Prabodhanm Weekly

Pages

Search

2017 ജനുവരി 20

2985

1438 റബീഉല്‍ ആഖിര്‍ 21

പെണ്‍കുട്ടികള്‍ക്ക് രക്ഷാകവചം

ഡോ. ജാസിമുല്‍ മുത്വവ്വ

ഒരു പതിനഞ്ചുകാരി എന്നെ വിളിച്ചു: 'ഒരു വിഷയത്തില്‍ താങ്കളുടെ ഉപദേശം തേടാനാണ്.'' 

ഞാന്‍: 'പറഞ്ഞോളൂ.''

അവള്‍: 'ഞാന്‍ വാട്‌സ്ആപ്പിലൂടെ ഒരു യുവാവിനെ പരിചയപ്പെട്ടു. രണ്ടുനാളുകള്‍ കഴിഞ്ഞ് ഞാന്‍ അയാള്‍ക്ക് എന്റെ അര്‍ധനഗ്ന ഫോട്ടോകള്‍ അയച്ചുകൊടുത്തു. അത് അയാള്‍ സേവ് ചെയ്തുകാണണം. പിന്നീടയാള്‍ ആവശ്യപ്പെട്ടത് ഞാന്‍ അല്‍പവസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോ അയച്ചുകൊടുക്കാനാണ്. അയച്ചുകൊടുത്തില്ലെങ്കില്‍ ആദ്യം അയച്ച ഫോട്ടോ എന്റെ പിതാവിന് അയച്ചുകൊടുക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി.'' 

ഞാന്‍: 'നിങ്ങള്‍ അത് അയച്ചുകൊടുക്കുകയുണ്ടായോ?'' 

അവള്‍: 'അത് അയച്ചുകൊടുക്കാനാണ് ഞാന്‍ വിചാരിക്കുന്നത്. അല്ലെങ്കില്‍ അയാള്‍ എന്നെ എന്റെ കുടുംബത്തിന്റെ മുന്നില്‍ വഷളാക്കും. അയച്ചുകൊടുക്കുന്നതിനു മുമ്പ് ഞാന്‍ താങ്കളുടെ ഉപദേശം തേടുകയാണ്. ഞാന്‍ അയാള്‍ക്ക് കുറേ ഫോട്ടോകള്‍ അയച്ചുകൊടുത്തിട്ടുണ്ടായിരുന്നു. എന്റെ മുടി, മുഖം, കണ്ണുകള്‍, ശരീരം തുടങ്ങിയവയെക്കുറിച്ചെല്ലാം അയാള്‍ പുകഴ്ത്തിപ്പറഞ്ഞപ്പോള്‍ ഞാനതില്‍ പുളകംകൊണ്ടു.'' 

ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ നിരവധി സംഭവങ്ങള്‍. മകളെ കെണിയില്‍ വീഴ്ത്താന്‍ ഒരുമ്പെട്ട യുവാവിനെ കുറിച്ച പരാതികളുമായി സമീപിക്കുന്ന രക്ഷിതാക്കള്‍, യുവാക്കളുടെ ബ്ലാക്ക് മെയിലിംഗില്‍ വിരണ്ട് അടിപതറിയ പെണ്‍കുട്ടികള്‍. അങ്ങനെ നിരവധി അനുഭവങ്ങള്‍ ദിനേനയെന്നോണം എനിക്കുണ്ട്. 

ഇത്തരം സംഭവങ്ങളില്‍നിന്നെല്ലാം എനിക്ക് മനസ്സിലായത് പെണ്‍കുട്ടികളെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് വീഴ്ചയും അശ്രദ്ധയും ഉണ്ടെന്നാണ്. സോഷ്യല്‍ മീഡിയ ഉണ്ടാക്കിത്തീര്‍ക്കുന്ന വിനയെക്കുറിച്ചും വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ചും പെണ്‍കുട്ടികളെ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ രക്ഷിതാക്കള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ഇലക്‌ട്രോണിക് ബ്ലാക് മെയിലിംഗില്‍നിന്ന് നമ്മുടെ പെണ്‍കുട്ടികളെ കാത്തുരക്ഷിക്കാനും അവര്‍ക്ക് കരുതല്‍ നടപടിയായി സ്വീകരിക്കാനും ഉതകുന്ന ചില മാര്‍ഗങ്ങള്‍ ഞാന്‍ നിര്‍ദേശിക്കാം: 

ഒന്ന്: ഇത്തരം ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങളെക്കുറിച്ച് പെണ്‍മക്കളെയും യുവജനങ്ങളെയും ബോധവല്‍ക്കരിക്കുക. ബന്ധം ആരംഭിക്കുന്നത് തികച്ചും നിര്‍ദോഷരീതിയിലാവും. ഒരു വിനോദം, തമാശ, നേരമ്പോക്ക്, പരിചയപ്പെടല്‍ അത്രമാത്രമേ ആദ്യം കാണൂ. ചെന്നായമനസ്സ് ഒളിച്ചുവെച്ച നിഗൂഢ ലക്ഷ്യത്തെക്കുറിച്ച് പെണ്‍കുട്ടി അടുത്തറിഞ്ഞുകൊള്ളണമെന്നില്ല. ശേഖരിക്കാവുന്നിടത്തോളം ഫോട്ടോകളും വിവരങ്ങളും സമാഹരിച്ചുവെക്കുന്ന യുവാവ് പിന്നെ അടുത്ത പടിയായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായി. അങ്ങനെ ഒടുവില്‍ അവള്‍ അയാളുടെ ഇംഗിതത്തിന് വഴിപ്പെടുകയായി. അപ്പോള്‍ ബോധവല്‍ക്കരണമാണ് ആദ്യം ആവശ്യം. 

രണ്ട്: കമ്പ്യൂട്ടറിലോ മൊബൈലിലോ മോണിറ്ററിംഗ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയാണ് മറ്റൊന്ന്. ഇത് മകളോട് തുറന്നുപറഞ്ഞുകൊണ്ടുതന്നെയാവാം. അത് അവള്‍ക്ക് സുരക്ഷിതത്വബോധം പകരും. അവളെ ചാരക്കണ്ണുകളാല്‍ നിരീക്ഷിക്കുകയല്ല ഉദ്ദേശ്യമെന്നും ചെന്നായക്കൂട്ടങ്ങളില്‍നിന്ന് അവളെ കാത്തുരക്ഷിക്കാനുള്ള കരുതല്‍ നടപടിയുടെ ഭാഗമാണ് ഈ മുന്‍കരുതലെന്നും അവള്‍ അറിഞ്ഞാല്‍ ഒരു കുഴപ്പവുമില്ല. ഇത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നതിനോട് അവള്‍ക്ക് യോജിപ്പില്ലെന്ന് വെക്കുക. അപ്പോള്‍ അവളുടെ വാക്കുകള്‍ മുഖവിലക്കെടുക്കുക. അവളെ രക്ഷിതാക്കള്‍ക്ക് വിശ്വാസമാണെന്ന ബോധം അവള്‍ക്കുണ്ടാവട്ടെ. രക്ഷിതാക്കളുമായുള്ള കുട്ടിയുടെ ബന്ധം ദൃഢവും സുതാര്യവുമാണെങ്കില്‍ അവളുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്.  

മൂന്ന്: കുടുംബം, ശരീരം, കിടപ്പറ, വീട്, സഹോദരീ സഹോദരന്മാര്‍, വസ്ത്രം, ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എഴുതുകയോ വീഡിയോ അയക്കുകയോ ചെയ്യുന്നതിനെതിരെ ഗൗരവമായ മുന്നറിയിപ്പ് നല്‍കുക. തനിക്ക് പരിചയമില്ലാത്ത വ്യക്തിയെയോ കള്ളപ്പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന ആളുകളെയോ എളുപ്പം വിശ്വസിച്ചു വിവരങ്ങളെല്ലാം വിളമ്പരുതെന്ന് കര്‍ശനമായി വിലക്കണം. 

നാല്: അപരിചിതനായ ഏതെങ്കിലും വ്യക്തിയുമായി ഫോണില്‍ അരുതാത്ത ബന്ധം സ്ഥാപിച്ചുപോയിട്ടുണ്ടെങ്കില്‍ രക്ഷിതാക്കളോട് തുറന്നുപറയാന്‍ മകളെ പ്രേരിപ്പിക്കണം. രക്ഷിതാക്കളുടെ ശിക്ഷ ഭയന്ന് കുട്ടി തനിക്ക് പറ്റിയ അബദ്ധം തുറന്നുപറയണമെന്നില്ല. ഇവിടെ കുട്ടി രണ്ടു സമ്മര്‍ദങ്ങള്‍ക്കിടയിലാണ്. കുട്ടിയെ രക്ഷിതാക്കളുടെ മുമ്പില്‍ വഷളാക്കുമെന്ന യുവാവിന്റെ ഭീഷണി. അറിഞ്ഞാലുള്ള രക്ഷിതാക്കളുടെ ശിക്ഷാനടപടി. അധിക പെണ്‍കുട്ടികളും രക്ഷിതാക്കളുടെ ശിക്ഷ ഭയന്ന് ഒന്നും തുറന്നുപറയില്ല. ഏതു സാഹചര്യത്തിലും യുവാവ് ഭീഷണിപ്പെടുത്തിയാലും ഒട്ടും ഭയക്കാതെ 'മോള്‍ എല്ലാം തുറന്നുപറഞ്ഞോളൂ' എന്ന് രക്ഷിതാക്കള്‍ കുട്ടിക്ക് ധൈര്യം പകര്‍ന്ന് ക്ഷമാപൂര്‍വം കേള്‍ക്കുകയാണ് സുരക്ഷിതമാര്‍ഗം. മാതാപിതാക്കളുടെ ദേഷ്യമാണ് യുവാവിന്റെ ഭീഷണിയേക്കാള്‍ അഭികാമ്യമെന്ന് മനസ്സിലാക്കുമ്പോള്‍ കുട്ടി എല്ലാം തുറന്നുപറയും. അവള്‍ രക്ഷപ്പെടും. 

അഞ്ച്: യുവാക്കളുടെ ഭീഷണിക്കെതിരെ പെണ്‍കുട്ടിക്ക് സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന നിയമവശങ്ങള്‍ കുട്ടിക്ക് വിശദീകരിച്ചുകൊടുക്കണം. വിവരങ്ങളെല്ലാം ശേഖരിച്ച് പെണ്‍കുട്ടി തനിക്കെതിരില്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ബോധ്യമായാല്‍ പിന്മാറാത്ത യുവാക്കളില്ല. 

ആറ്: പണ്ടെന്നോ അയച്ചുകൊടുത്ത ഫോട്ടോകളും ചിത്രങ്ങളും വെച്ച് തന്നെ വിരട്ടുകയും ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്യുന്ന യുവാവിനോടുളള ബന്ധം, അത്തരം ദുരനുഭവം ഉണ്ടാവുന്ന ആദ്യനിമിഷത്തില്‍തന്നെ പൊട്ടിച്ചെറിയാത്ത പെണ്‍കുട്ടിയുടെ ഭാഗത്താണ് തെറ്റ്. ഉറച്ച തീരുമാനമെടുക്കാന്‍ ശക്തയാവണം അവള്‍. 

ഏഴ്: അറിയാത്ത ആരുമായും ബന്ധം സ്ഥാപിക്കാതിരിക്കുക. പെണ്‍കുട്ടികളുടെ നിര്‍മല മനസ്സ് ചൂഷണം ചെയ്യാന്‍ അവസരം പാര്‍ത്തിരിക്കുന്ന യുവാക്കള്‍ ഒരുക്കുന്ന കെണിയില്‍ വീഴാതിരിക്കാന്‍ കഴിവും സാമര്‍ഥ്യവും വളര്‍ത്തണം. 

എട്ട്: തുറന്നു പറയുന്ന പെണ്‍കുട്ടിക്ക് ഒരിക്കലും മനഃപ്രയാസം ഉണ്ടാക്കാതെ നോക്കണം രക്ഷിതാക്കള്‍. രക്ഷിതാക്കള്‍ തന്നെ വിശ്വാസത്തിലെടുത്തിട്ടുണ്ടെന്ന് പെണ്‍കുട്ടിക്ക് തോന്നണം. 

മക്കളുമായി ആത്മാര്‍ഥമായ സൗഹൃദവും സ്‌നേഹബന്ധവും ഊട്ടിയുറപ്പിക്കുകയാണ് സര്‍വപ്രധാനം. മറകളില്ലാത്ത ബന്ധമാണ് ശക്തവും ഭദ്രവുമായ കുടുംബത്തിന്റെ അടിത്തറ. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (60-62)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസി നേടേണ്ട ഉള്‍ക്കാഴ്ചകള്‍
പി.എ സൈനുദ്ദീന്‍