ഭിഷഗ്വരന്‍
നല്ല കൈപ്പുണ്യമായിരുന്നു ഉമ്മക്ക്
ഡോക്ടര്‍ എന്നാല്‍
വൈദ്യനെന്നും ഭിഷഗ്വരനെന്നും
എന്നാട് ആദ്യമായി പറഞ്ഞതും ഉമ്മയാണ്
അന്ന് കവലയിലെ അബൂബക്കര്‍ ഡോക്ടറെ
ഭിഷഗ്വരാ എന്ന് രസത്തിന് വിളിച്ചു!
വാത്സല്യത്തോടെ ചേര്‍ത്തുനിര്‍ത്തി
'മോന്‍ മലയാളം നന്നായി പഠിച്ചല്ലോ'
സ്‌നേഹത്തില്‍ ചാലിച്ച
ചെറിയ മരുന്നുകളായിരുന്നു അത്.
പനിച്ചാല്‍ കുരുമുളക് സുലൈമാനി
വയറിളക്കത്തിന് നാരങ്ങാ സുലൈമാനി
ഛര്‍ദിക്ക് ഇഞ്ചിനീര്
അത് ഉമ്മയുടെ മരുന്നു രീതി
ഉമ്മ ഡോക്ടര്‍ ആയിരുന്നില്ല...!
കോലായിലെ വെറ്റില താമ്പാളത്തിലെ
ഇളം വെറ്റിലയും തുളസിയും ആര്യവേപ്പും
കീഴാര്‍ നല്ലിയും ശതാവലിയും
ഉമ്മയുടെ മരുന്ന്
ഉമ്മക്ക് ബിരുദങ്ങളില്ലായിരുന്നു
ഉമ്മക്ക് ആതുരാലയവും
മരുന്നു കമ്പനി പ്രതിനിധികളുമില്ലായിരുന്നു
കമ്പനിക്കാരുടെ സമ്മാനങ്ങളുമില്ലായിരുന്നു.
തലവേദനക്ക് ഇന്നലെ
സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ പോയി
കുറേ ടെസ്റ്റും അതിലേറെ മരുന്നും...!!
കാലിന്റെ ഒരു എക്‌സ്‌റേയും
നട്ടെല്ലിനും കുഴപ്പമുണ്ടത്രെ!
ഉമ്മ ഇന്ന്
പള്ളിക്കാട്ടിലെ മൈലാഞ്ചി
ചെടിക്കടിയില്‍ വിശ്രമിക്കുന്നുണ്ട്.
Comments