Prabodhanm Weekly

Pages

Search

2017 ജനുവരി 20

2985

1438 റബീഉല്‍ ആഖിര്‍ 21

ജീവിതം ആനന്ദകരമാക്കാനുള്ള വഴിയൊരുക്കലാകണം കൗണ്‍സലിംഗ്

സി.കെ.എം മാറഞ്ചേരി

ഡോ. ജാസിമുല്‍ മുത്വവ്വയുടെ 'കുടുംബം' പംക്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ശാഫി മൊയ്തു കണ്ണൂര്‍ എഴുതിയ പ്രതികരണം (ലക്കം 2983) വായിച്ചു. ദീര്‍ഘകാലം അധ്യാപകനും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറും കൗണ്‍സലറുമായി പ്രവര്‍ത്തിച്ച ഈയുള്ളവന്റെ മനസ്സില്‍ തട്ടിയ ചില വരികള്‍ ആ കുറിപ്പിലുണ്ട്. വ്യതിരിക്തമായ കാഴ്ചപ്പാടിലൂടെ ജാസിമുല്‍ മുത്വവ്വ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍നിന്ന് കൗണ്‍സലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രയോജനകരമായ പല ചിന്തകളും ലഭിക്കുന്നു. 'കൗണ്‍സലിംഗ്' ഒരു അടച്ചിട്ട മുറിയല്ല, കൗണ്‍സലിംഗിന് വരുന്നവരെ വിശദമായി പഠിക്കുന്നതിന് പലതരം രീതികളാണ് പല കൗണ്‍സലര്‍മാരും ഉപയോഗിക്കുക.

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് കോഴ്‌സിന്റെയും കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന്റെയും ക്ലാസ്സുകളിലിരുന്നപ്പോള്‍ ഖുര്‍ആനിലും ഹദീസിലും പരന്നു കിടക്കുന്ന ചിന്തകളല്ലേ വിവിധ തത്ത്വചിന്തകരുടെ പേരില്‍ ഇവിടെ നിന്ന് പഠിക്കേണ്ടിവരുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

കുറച്ച് തൊലിക്കട്ടിയും അല്‍പം വാചാലതയുമുള്ളവരെല്ലാം ഇന്ന് കേരളത്തില്‍ കൗണ്‍സലര്‍മാരാണ്. പ്രഫഷനല്‍ കോഴ്‌സും പരിശീലനവും ലഭിക്കാത്തവരുടെ കൗണ്‍സലിംഗിന് ഇരയായതിന്റെ പേരില്‍ ജീവിതം തന്നെ പ്രയാസകരമായിത്തീര്‍ന്ന പലരെയും കണ്ടിട്ടുണ്ട്. കാര്യങ്ങള്‍ ശരിയായി പഠിക്കാതെയും ധൃതിപിടിച്ചും വലിയ ഫീസ് വാങ്ങി കൗണ്‍സലിംഗ് എന്ന പേരില്‍ 'ഉപദേശങ്ങള്‍' (കൗണ്‍സലിംഗ് ഉപദേശമല്ല) തട്ടിവിടുന്നു പലരും. താന്‍പോരിമയും പ്രകടനാത്മകതയുമാണ് ഇന്ന് പല മോട്ടിവേഷന്‍ ക്ലാസ്സുകളുടെയും ഉള്ളടക്കം. അനുഭവമോ പരിചയമോ ഇല്ലാത്തവര്‍ നടത്തുന്ന വാചകക്കസര്‍ത്തുകള്‍ കേട്ട് സദസ്സ് മിഴിച്ചിരിക്കുന്നു. ക്ലാസ്സില്‍നിന്ന് എന്തു നേടി എന്ന് അന്വേഷിക്കുമ്പോള്‍ പലരും കൈമലര്‍ത്തുന്നു.

കൗണ്‍സലിംഗ് കാലത്തിനൊപ്പം സഞ്ചരിക്കേണ്ടതാണ്. കുടുംബ-സാമൂഹിക പ്രശ്‌നങ്ങള്‍, പലതരം മാനസിക പ്രയാസങ്ങള്‍ തുടങ്ങിയവ കൂടിവരുന്ന പശ്ചാത്തലത്തില്‍ പൊതു പ്രസംഗങ്ങള്‍, മതപ്രഭാഷണങ്ങള്‍, ഖുത്വ്ബകള്‍ എന്നിവ പ്രസംഗവും ഉപദേശവും എന്നതിലുപരി ശ്രോതാക്കളുടെ മനസ്സുണര്‍ത്താനും അവര്‍ക്ക് സ്വയം വിലയിരുത്താനും സ്വയം മാറ്റത്തിന് വിധേയമാകാനും ഉതകുന്ന രീതിയില്‍ അവതരിപ്പിക്കുന്നതിന്, ആ മേഖലയിലുള്ളവര്‍ക്ക്  ശരിയായ കൗണ്‍സലിംഗ് പരിശീലനം കൊടുക്കാന്‍ മഹല്ലുമായി ബന്ധപ്പെട്ടവര്‍ക്ക് കഴിയണം. കുറ്റപ്പെടുത്തലുകളും ഉപദേശങ്ങളും കേട്ട് മനംമടുത്ത ന്യൂജനറേഷന് ക്രിയാത്മക ചിന്തയും പ്രവര്‍ത്തനരീതികളും കൈമാറാന്‍ കഴിഞ്ഞാല്‍ കേള്‍ക്കാനുള്ള സന്നദ്ധത അവര്‍ക്കുണ്ടാവും എന്നതാണ് അനുഭവം.

വിജ്ഞാനം, വിവേകം, ധൈര്യം, ക്ഷമ, ആത്മസംതൃപ്തി, ആത്മസംയമനം, സംസാരത്തിലെ മിതത്വം, ഏതു സന്ദര്‍ഭത്തെയും സാഹചര്യത്തെയും നിര്‍ഭയം അഭിമുഖീകരിക്കാനും അതിജീവിക്കാനും സ്വയം വിലയിരുത്തി ജീവിതം ആസ്വദിക്കാനുമുള്ള മാനസികാവസ്ഥ ഇവയെല്ലാം ഉണ്ടാക്കിയെടുക്കാനാണ് കൗണ്‍സലിംഗിലൂടെ ശ്രമിക്കേണ്ടത്. വ്യക്തികളും സമൂഹവും മാറ്റത്തിന് വിധേയരാവാന്‍ സ്വയം തയാറില്ലെങ്കില്‍ ഒരു കൗണ്‍സലിംഗും വിജയിക്കില്ല. 

 

 

'കുടുംബം' അവഗണിക്കപ്പെടരുത്

 

ഹാജറ അബ്ദുല്ല, ഖത്തര്‍

 

ജാസിമുല്‍ മുത്വവ്വയുടെ 'കുടുംബം' പംക്തിയെ കുറിച്ച ചര്‍ച്ച വായിച്ചു. ഇന്റര്‍നെറ്റ് വ്യാപനത്തോടെ പാശ്ചാത്യര്‍ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്‌നങ്ങളും നമ്മുടെ സമൂഹത്തിലും കടന്നുവന്നിരിക്കുന്നു. വര്‍ധിച്ചുവരുന്ന വിവാഹപൂര്‍വ പ്രണയബന്ധങ്ങളും പ്രേമവിവാഹങ്ങളും അവയുടെ തകര്‍ച്ചയും പെരുകുന്ന വിവാഹമോചനങ്ങളുമൊക്കെ ഇതിന്റെ തെളിവാണ്. സ്ത്രീ-പുരുഷ ഇടപഴകലിലെ സൂക്ഷ്മത നേര്‍ത്തു നേര്‍ത്തില്ലാതാവുന്നത് നമ്മള്‍ സങ്കല്‍പിക്കുന്നതിലും ഏറെ വേഗത്തിലാണ്. ധാര്‍മികതയുടെ ഏത് അളവുകോല്‍ വെച്ചാണ് ഇതിനെയൊക്കെ ന്യായീകരിക്കാനാവുക? ഇത്തരം വിഷയങ്ങളെ ഗൗരവത്തോടെ അഭിമുഖീകരിക്കാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. ദേശീയ-അന്തര്‍ദേശീയ വിഷയങ്ങള്‍ പ്രബോധനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുതന്നെ. പക്ഷേ, അതിനിടയില്‍ 'കുടുംബം' അവഗണിക്കപ്പെടരുത്. കുടുംബത്തെ മാറ്റിനിര്‍ത്തി സാമൂഹികജീവിതമില്ല. പ്രബോധനം പുതുതായി വായിക്കുന്ന ഒരാളുടെ മുന്നില്‍ അവിചാരിതമായി 'കുടുംബം' പംക്തി ശ്രദ്ധയില്‍പെട്ടാല്‍ അയാള്‍ പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനായി മാറും.

 

 

 

വിജ്ഞാനപ്രദം

 

മമ്മൂട്ടി കവിയൂര്‍

 

സബ്രീന ലെയുമായി ഒ.വി സാജിദ നടത്തിയ അഭിമുഖം (ലക്കം 2982) വിജ്ഞാനപ്രദമായി. വിവരണങ്ങള്‍ കാര്യമാത്രപ്രസക്തമായതുകൊï് എട്ട് പേജ് ദൈര്‍ഘ്യം മടുപ്പുളവാക്കിയില്ല. ഇസ്‌ലാമിനെ പുല്‍കിയ അവര്‍ ഖുര്‍ആനും സുന്നത്തും എത്ര ആഴത്തിലും പരപ്പിലുമാണ് പഠിച്ചതെന്നത് വിസ്മയമുളവാക്കുന്നു.

 

 

ശാസ്ത്രീയ സമീപനങ്ങള്‍

 

കെ.എം ഹനീഫ, മേല്‍പ്പറമ്പ്

 

'ജാസിമുല്‍ മുത്വവ്വയുടേത് തത്ത്വപ്രസംഗം' എന്ന അബ്ദുല്ലത്വീഫ് അബൂദബിയുടെ കത്ത് വായിച്ചു. കുടുംബ പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ലേഖനങ്ങളാണ് ഡോ. ജാസിമുല്‍ മുത്വവ്വയുടേത്. വായനക്കാരുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന മനശ്ശാസ്ത്രപരമായ സമീപനമായിരുന്നു ആ ലേഖനങ്ങളില്‍. ധാരാളം അനുഭവജ്ഞാനമുള്ള വിവര്‍ത്തകന്‍ പി.കെ ജമാലിന് പ്രവാസി കുടുംബപ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതാന്‍  കഴിയും. അദ്ദേഹം അതുകൂടി സ്വതന്ത്രമായി നിര്‍വഹിക്കുന്നത് നന്നായിരിക്കും.

 

അത് തത്ത്വപ്രസംഗം തന്നെ

 

എ.പി അലി, നോര്‍ത്ത് പറവൂര്‍

 

'ജാസിമുല്‍ മുത്വവ്വയുടേത് തത്ത്വപ്രസംഗം'- അബ്ദുല്ലത്വീഫിന്റെ വിലയിരുത്തലിനോട് പൂര്‍ണമായി യോജിക്കുന്നു. മലയാളി മനസ്സും ഇവിടത്തെ കുടുംബ പ്രശ്‌നങ്ങളും അറിയുന്ന ആദരണീയരായ പണ്ഡിതന്മാരും എഴുത്തുകാരും ഇവിടെയുള്ളപ്പോള്‍ എന്തിന് ഇത്തരം വിഷയങ്ങളില്‍ മറ്റൊരു പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ലേഖനങ്ങള്‍? മറ്റൊരു കാര്യം: പ്രബോധനത്തിലെ ലേഖനങ്ങളോടൊപ്പം ചേര്‍ക്കുന്ന പല ചിത്രങ്ങളും ഉള്ളടക്കവുമായി തീരെ യോജിക്കാത്ത, വൈദേശിക പശ്ചാത്തലമുള്ളവയാണ്. ഈ വിഷയങ്ങളില്‍ പുനരാലോചനകള്‍ പ്രതീക്ഷിക്കുന്നു.

 

വസ്തുനിഷ്ഠമായ വിലയിരുത്തല്‍

 

ഡോ. എം. ഹനീഫ്

 

വളരെ കാലമായി പ്രബോധനം വായിക്കുന്ന ഒരാളാണ് ഞാന്‍. ഈ കാലത്തിനിടക്ക് വായിച്ച വ്യത്യസ്തവും വസ്തുനിഷ്ഠവുമായ ഒരു വിലയിരുത്തലായിരുന്നു നവംബര്‍ 25-ലെ 'മുഖവാക്കി'ല്‍. പാശ്ചാത്യരാജ്യങ്ങളെ വാതോരാതെ വിമര്‍ശിക്കുകയാണ് പതിവ്. ആ രീതി മാറ്റി തികച്ചും യാഥാര്‍ഥ്യബോധത്തോടെ എഴുതാനും കഴിയുമെന്ന് ഇപ്പോള്‍ ബോധ്യമായി. നൂറു ശതമാനം മോശക്കാരോ നല്ലവരോ ആയി അല്ലാഹു ആരെയും ഒന്നിനെയും സൃഷ്ടിക്കാറില്ലല്ലോ. മുസ്‌ലിംകള്‍ യഥാര്‍ഥ മുസ്‌ലിംകളായി ജീവിച്ചാല്‍ മറ്റുള്ളവര്‍ തീര്‍ച്ചയായും അവരെ അംഗീകരിക്കുകയും കാലക്രമേണ ഇസ്‌ലാമിന്റെ അനുയായികളാവുകയും ചെയ്യും; ചരിത്രം സാക്ഷി. ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു കൂട്ടം മുസ്‌ലിം നാമധാരികള്‍ ഇസ്‌ലാമിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അനിസ്‌ലാമിക പ്രവൃത്തികള്‍ ലോക ജനതക്കു മുന്നില്‍ ഇസ്‌ലാമിനെ പരിഹാസ പാത്രവും വിദ്വേഷത്തിന് ഇരയുമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഭീകര പ്രവര്‍ത്തനങ്ങളുടെ ആദ്യകാലങ്ങളില്‍ പണ്ഡിതന്മാര്‍ അവക്കു നേരെ ഫലപ്രദമായി പ്രതികരിക്കാതെ അവഗണിച്ചതിന്റെ അനന്തരഫലം കൂടിയാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്.

 

പള്ളിപരിപാലനം: ചില നിര്‍ദേശങ്ങള്‍

 

പ്രഫ. എ.എം റശീദ്, ഈരാറ്റുപേട്ട

 

നമ്മുടെ പള്ളികളുടെ രൂപഭാവങ്ങള്‍ മാറുകയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത് പൂന്തോട്ടവും ലാന്റ്‌സ്‌കേപ്പുമൊക്കെ പിടിപ്പിച്ച പള്ളികള്‍ നിലവില്‍വന്നുകൊണ്ടിരിക്കുന്നു. പക്ഷേ ടൈല്‍ ഒട്ടിച്ച് മനോഹരമാക്കിയ ടോയ്‌ലറ്റുകള്‍ക്ക് സമീപം വൃത്തിഹീനമായ ഒരു കാഴ്ച കാണാം മിക്ക പള്ളികളിലും, ഉപയോഗിച്ച് പഴകി നിറംകെട്ട  ചെരിപ്പുകള്‍! ചില ടോയ്‌ലറ്റുകളില്‍ പള്ളി കമ്മിറ്റിതന്നെ സൗകര്യപ്പെടുത്തിയിട്ടുള്ള ചെരിപ്പുകള്‍ ഉപയോഗിക്കാന്‍ അറപ്പുതോന്നുന്ന വിധമാണ്. ആശുപത്രികളോട് ചേര്‍ന്നുള്ള പള്ളികളില്‍ പോലും ഇതാണ് സ്ഥിതി. സ്ഥലപരിമിതി മൂലം പള്ളികള്‍ക്കുള്ളിലോ, പള്ളിയോട് ചേര്‍ന്നോ മൂത്രപ്പുരകള്‍ പണിയുന്നതുകൊണ്ടാണ് ഇത്തരം പൊതു ചെരിപ്പുകള്‍ വേണ്ടിവരുന്നത്. പള്ളിയുടെ പ്ലാന്‍ തയാറാക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ വിശ്വാസികള്‍ക്ക് സ്വന്തം ചെരിപ്പിട്ട് കയറാവുന്ന തരത്തില്‍ മൂത്രപ്പുരകള്‍ സജ്ജീകരിക്കാവുന്നതേയുള്ളു. പള്ളിയുടെ പ്ലാന്‍ തയാറാക്കി നല്‍കുന്ന എഞ്ചിനീയര്‍മാരും ഇത് കണക്കിലെടുക്കേണ്ടതുണ്ട്. 

ഇടക്കിടെ ചെരുപ്പുകള്‍ മാറ്റാന്‍ പള്ളിക്കമ്മിറ്റിക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. യാത്രക്കിടയില്‍ ധൃതിപിടിച്ചുവരുന്നവര്‍ മറ്റൊരു വഴിയുമില്ലാതെ രോഗവാഹിനി ചെരിപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. മൂത്രപ്പുരകളുടെ വൃത്തിയില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. അഞ്ചുനേരവും പള്ളികളിലെത്തുന്ന മിക്കവരും മൂത്രപ്പുരകള്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അവ വൃത്തിയായി സൂക്ഷിക്കുന്നതില്‍ മിക്കയിടത്തും അനാസ്ഥ കാണാം. മൂത്രപ്പുര വൃത്തിയാക്കാനുള്ള ജോലിക്കാരെ കിട്ടാനില്ലാത്തതാണ് പ്രധാന പ്രശ്‌നം. പള്ളികളുടെ മൂത്രപ്പുര വൃത്തിയാക്കുന്ന പണിയൊക്കെ 'ഔട്ട്‌സോഴ്‌സ്' ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാന്‍ സമയമായി. കരാറടിസ്ഥാനത്തില്‍ കുറേ പള്ളികളുടെ ക്ലീനിംഗ് ജോലികള്‍ ഏറ്റെടുത്ത് ചെയ്തുകൊടുക്കുന്ന ഒരു തൊഴില്‍ മേഖലക്കും അതോടെ സാധ്യതയുണ്ടാകും. പരിസരം വൃത്തിയായി സൂക്ഷിക്കാത്ത പള്ളികളും കേരളത്തില്‍ ധാരാളം. മേല്‍പറഞ്ഞ കരാറുകാര്‍ക്ക് ഇതും ഏറ്റെടുക്കാവുന്നതാണ്.

പള്ളികളിലെ വെള്ളത്തിന്റെ ഉപയോഗമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഹൗളുകള്‍ ടാപ്പിന് വഴിമാറിയതോടെ വെള്ളത്തിന്റെ ഉപയോഗം ഇരട്ടിയോ അതിലധികമോ ആയി. ടാപ് തുറന്നുവിട്ട് ഓരോ അവയവവും കഴുകുന്നതിനിടയില്‍ ധാരാളം വെള്ളം പാഴാകുന്നുണ്ട്. ജലക്ഷാമം രൂക്ഷമാകുമ്പോള്‍ ഇത്തരത്തില്‍ വെള്ളം നഷ്ടപ്പെടുത്തുന്നത് ഒട്ടും ശരിയല്ല. കൈ കാണിക്കുമ്പോള്‍ മാത്രം വെള്ളം വരുന്ന സെന്‍സര്‍ ഘടിപ്പിച്ച ടാപ്പുകള്‍ വ്യാപകമാക്കണം. ഇത്തരം ടാപ്പുകള്‍ക്ക് വില കൂടുതലുണ്ടെങ്കിലും താമസിയാതെ ഇതൊക്കെ വേണ്ടിവരും. അത്രക്ക് രൂക്ഷമാവുകയാണ് ജലക്ഷാമം. പുഴയിലാണെങ്കിലും മിതമായി മാത്രം വെള്ളം ഉപയോഗിക്കണമെന്ന് പറഞ്ഞ് ജലസാക്ഷരതയുടെ പാഠം പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ ഇക്കാര്യത്തില്‍ മാതൃകയാകേണ്ടതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (60-62)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസി നേടേണ്ട ഉള്‍ക്കാഴ്ചകള്‍
പി.എ സൈനുദ്ദീന്‍