Prabodhanm Weekly

Pages

Search

2017 ജനുവരി 20

2985

1438 റബീഉല്‍ ആഖിര്‍ 21

സര്‍ക്കാര്‍ ക്ഷേമപദ്ധതികളെക്കുറിച്ച അറിവ് അനിവാര്യം

എ. അബ്ദുല്ലത്വീഫ്, മാറഞ്ചേരി

(സെക്രട്ടേറിയറ്റിലെ ഭരണവിഭാഗം അഡീഷനല്‍ സെക്രട്ടറിയാണ് ലേഖകന്‍)

അവശ വിഭാഗങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ധാരാളം ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിവരുന്നുണ്ട്. ജനങ്ങള്‍ക്ക് അവയെപ്പറ്റിയുള്ള അവബോധം അനിവാര്യമാണ്. വിവിധ വകുപ്പുകള്‍ വഴിയാണ് സര്‍ക്കാറിന്റെ സഹായ പദ്ധതികള്‍ നടക്കുന്നത്. 28-ഓളം വകുപ്പുകള്‍ വ്യത്യസ്തമായ പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണം, സാമൂഹികനീതി, റവന്യൂ വകുപ്പുകളാണ് പൊതുവായ സഹായപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ബാക്കിയെല്ലാം തന്നെ അതത് ഡിപ്പാര്‍ട്ട്‌മെന്റുകളെ പ്രതിനിധീകരിക്കുന്നതാണ്. ഉദാഹരണമായി ഫിഷറീസ് വകുപ്പ് മത്സ്യബന്ധനവും മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളാണ് നല്‍കുന്നത്. കൃഷിവകുപ്പ് കര്‍ഷകര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ നല്‍കുന്നു. മൊത്തം ജനങ്ങള്‍ക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് പ്രധാനമായും സാമൂഹിക നീതി-റവന്യൂ-തദ്ദേശസ്വയം ഭരണവകുപ്പുകളാണ്. സര്‍ക്കാര്‍ സഹായപദ്ധതികളില്‍ മുഖ്യം വിവിധതരം പെന്‍ഷനുകളാണ്. വിധവാ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, നിര്‍മാണത്തൊഴിലാളി പെന്‍ഷന്‍ തുടങ്ങി ഒട്ടേറെ പെന്‍ഷന്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നു. അധികവും തദ്ദേശസ്വയംഭരണ വകുപ്പ് വഴിയാണ് നടപ്പാക്കുന്നത്. 

വിവിധ തൊഴിലാളി ക്ഷേമനിധികള്‍ വഴി അവയിലെ അംഗങ്ങള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. നേരത്തേ പെന്‍ഷന്‍ തുകകള്‍ 500, 600, 800 രൂപയാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ എല്ലാ പെന്‍ഷനുകളും മിനിമം ആയിരം രൂപയാക്കുക എന്ന തീരുമാനം കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലൂടെ പുതിയ ഗവണ്‍മെന്റ് മുന്നോട്ടുവെച്ചിരിക്കുന്നു.  പെന്‍ഷനുകള്‍ വീടുകളിലെത്തിക്കുക എന്ന പദ്ധതി കൂടി എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചപ്പോള്‍ അവ കൂടുതല്‍ ജനകീയമായി. ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ധക്യകാല പെന്‍ഷന്‍ എല്ലാവര്‍ക്കും പൂര്‍ണമായി എത്തിക്കുന്നതിന്റെ ഭാഗമായി ഒരു സര്‍വേ നടന്നിരുന്നു. ഗവണ്‍മെന്റിന്റെ സഹായ പദ്ധതികള്‍ക്ക് അര്‍ഹമാകാനുള്ള വാര്‍ഷിക വരുമാന പരിധി 11,000 മുതല്‍ 2 ലക്ഷം രൂപ വരെയാണ്. ഇവയെല്ലാം കാലങ്ങള്‍ക്കു മുമ്പ് തയാറാക്കിയ മാനദണ്ഡങ്ങളാണ്. ഇവ പരിഷ്‌കരിക്കപ്പെട്ടില്ല എന്നത് ഒരു പോരായ്മയാണ്. വിവാഹ ധനസഹായം 3000, ചിലതിന് 5000 എന്നിങ്ങനെയൊക്കെയാണ്. വിധവാവിവാഹത്തിന് റവന്യൂ തലത്തില്‍ 30,000 നല്‍കുന്നുണ്ട്. ഒന്നര പവന്‍ സ്വര്‍ണം വാങ്ങാന്‍ പോലും ഇതൊന്നും തികയാത്ത അവസ്ഥയാണ്. കാലത്തിനനുസരിച്ച് സഹായതുക വര്‍ധിപ്പിക്കുന്നില്ല. 

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഭാഗ്യക്കുറി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് 'കാരുണ്യ ബെനവെലന്റ് പദ്ധതി'. അസുഖം ബാധിച്ച് യാതന അനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് നിശ്ചിത രോഗങ്ങളുടെ സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സക്ക് ധനസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ചുള്ള ചികിത്സാ സഹായ പദ്ധതിയാണ് 'കാരുണ്യ ബെനവെലന്റ് പദ്ധതി'. വൃക്ക രോഗം, കാന്‍സര്‍, ഹൃദയശസ്ത്രക്രിയ തുടങ്ങിയവക്ക് രണ്ട് ലക്ഷം വരെ സഹായം ലഭിക്കും. കാരുണ്യ ചികിത്സാ ധനസഹായ പദ്ധതിയില്‍, ആശുപത്രി ചെലവ് വഹിക്കാനും മരുന്ന് വാങ്ങാനും കഴിവില്ലാത്ത ഏതു രോഗിക്കും 3000 രൂപ വരെയും കാന്‍സര്‍, ഹൃദ്രോഗം, വൃക്ക-കരള്‍-മസ്തിഷ്‌ക രോഗങ്ങള്‍, നട്ടെല്ലിനും സുഷുംന നാഡിക്കുമുണ്ടാകുന്ന മാരകരോഗങ്ങള്‍, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍, സാന്ത്വന പരിചരണം വേണ്ടിവരുന്ന രോഗികള്‍ എന്നിവര്‍ക്ക് പരമാവധി 2 ലക്ഷം രൂപ വരെയും, ഒരു കുടുംബത്തില്‍ ഒന്നിലധികം ഹീമോഫീലിയ രോഗികളുണ്ടെങ്കില്‍ ഓരോ രോഗിക്കും 20 ലക്ഷം രൂപ വീതവും സഹായം ലഭിക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍, തലച്ചോര്‍-കരള്‍ ശസ്ത്രക്രിയകള്‍, വൃക്ക-കരള്‍-ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ എന്നിവക്കും വൃക്ക രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും അധിക ധനസഹായം അനുവദിക്കും. ചെറിയ രോഗങ്ങളുള്ളവര്‍ക്ക്, ദാരിദ്ര്യരേഖക്ക് താഴെയാണെങ്കില്‍ 3000 രൂപ ലഭിക്കും. 

തദ്ദേശസ്ഥാപനങ്ങള്‍ മുഖേന സഹായം ലഭിക്കുന്ന ഒട്ടേറെ പദ്ധതികള്‍ സാമൂഹിക നീതി വകുപ്പിനു കീഴിലുണ്ട്. പതിനെട്ടു വയസ്സിനു താഴെയുള്ള കാന്‍സര്‍ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതാണ് കാന്‍സര്‍ സുരക്ഷാ പദ്ധതി. പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കുണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, അസ്ഥിവൈകല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ രോഗങ്ങള്‍, ഡയാലിസിസ്, ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ ചെലവ് വഹിക്കുന്നു 'താലോലം' പദ്ധതി.  

ശ്രവണവൈകല്യമുള്ള, കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന അഞ്ച് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിശക്തിയും തുടര്‍ച്ചയായ ഓഡിയോ വെര്‍ബല്‍ ഹബിലിറ്റേഷനിലൂടെ സംസാരശേഷിയും ആര്‍ജിക്കാന്‍ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് 'ശ്രുതിതരംഗം'. മാതാപിതാക്കള്‍, അല്ലെങ്കില്‍ അവരിലൊരാള്‍ മരിച്ചുപോവുകയോ, ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുകയോ ചെയ്താല്‍ അത്തരം കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീടുകളിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയുമുണ്ട്. സംസ്ഥാനത്ത് വയോജനനയം നടപ്പാക്കുന്നതിന്റെ ഭാഗമായി വൃദ്ധജനങ്ങളുടെ ആരോഗ്യസംരക്ഷണ പരിപാലനത്തിന് സവിശേഷ ശ്രദ്ധനല്‍കി ആരംഭിച്ച പദ്ധതിയാണ് 'വയോ മിത്രം'. മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് പ്രതിമാസ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് 'സമാശ്വാസം'.  

അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളാണ് ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, അഗതിപെന്‍ഷന്‍ (വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും), വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, തൊഴില്‍രഹിത വേതനം, നിര്‍ധനരായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം, കുഷ്ഠം-ക്ഷയം-കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം എന്നിവ. 

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി'യും എടുത്തുപറയേണ്ടതാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ  മാരക രോഗങ്ങള്‍ക്ക് ചികിത്സാസഹായം നല്‍കുക, അപകടമരണങ്ങള്‍ക്ക് ഇരയാകുന്നവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുക, തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരിതത്തിലാകുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി'യില്‍നിന്ന് സഹായം ലഭ്യമാവുക. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി വേറെയുണ്ട്.  എം.പിമാര്‍ വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്. 

ഗവണ്‍മെന്റ് തലത്തില്‍ ഇത്തരം ഒട്ടേറെ ക്ഷേമപദ്ധതികളുണ്ട്. ഇതേപ്പറ്റിയൊന്നും ജനങ്ങള്‍ക്ക് കൃത്യമായ ധാരണയില്ല എന്നത് ഒരു പ്രശ്‌നമാണ്. കാന്‍സര്‍ രോഗികള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങളെപ്പറ്റി അറിയുന്നവര്‍ക്ക്, അവരെ പരിചരിക്കുന്നവര്‍ക്ക് മാസംതോറും ആയിരം രൂപ സഹായം സര്‍ക്കാര്‍ നല്‍കുന്നു എന്നതിനെപ്പറ്റി ധാരണ കാണില്ല. സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളെപ്പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്നത് വളരെ പ്രധാനമാണ്. ഇതിന്റെ നടപടിക്രമങ്ങള്‍, അപേക്ഷ നല്‍കലും ഫോളോ അപ്പ് ചെയ്യലും മറ്റുമൊക്കെ പലപ്പോഴും സങ്കീര്‍ണമായി അനുഭവപ്പെടുന്നു എന്നത് ജനങ്ങളെ ഇത്തരം പദ്ധതികളില്‍നിന്ന് വിമുഖരാവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഒട്ടേറെ നിബന്ധനകളില്‍ കുരുങ്ങി പലര്‍ക്കും പദ്ധതികളുടെ ഗുണഫലങ്ങള്‍ കിട്ടാതെ പോകുന്നതായും കണ്ടുവരുന്നു. അതുപോലെ വളരെ മുമ്പ് നിശ്ചയിച്ച വരുമാനപരിധിയും കുറഞ്ഞ സഹായധന തുകയുമെല്ലാം കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, പോരായ്മകള്‍ എന്തൊക്കെയുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം തന്നെയാണ് സര്‍ക്കാര്‍തലത്തിലുള്ള ക്ഷേമപദ്ധതികള്‍.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (60-62)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസി നേടേണ്ട ഉള്‍ക്കാഴ്ചകള്‍
പി.എ സൈനുദ്ദീന്‍