Prabodhanm Weekly

Pages

Search

2017 ജനുവരി 20

2985

1438 റബീഉല്‍ ആഖിര്‍ 21

പശ്ചാത്താപത്തിന്റെ വാതിലുകളില്‍ മുട്ടി നമുക്ക് പ്രാര്‍ഥിക്കാം

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

ദൈവിക മാര്‍ഗം ഉപേക്ഷിച്ച് കണ്ണിനെ തന്നിഷ്ടത്തിന്റെ മാര്‍ഗത്തില്‍ പ്രയോജനപ്പെടുത്തുന്ന ഒരാള്‍ താല്‍ക്കാലികവും എന്നാല്‍ മനോഹരവുമായ ദൃശ്യങ്ങള്‍ കണ്ടാസ്വദിക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ നിത്യമായൊരു ദാസ്യത്തിലേക്കാണ് തരംതാഴുന്നത്. ആ ദാസ്യം വഴി മൃദുല വികാരങ്ങളും മ്ലേഛവിചാരങ്ങളും ഇളകിവശാവും. അതേസമയം നിന്റെ കണ്ണുകളെ സ്രഷ്ടാവിന് വില്‍ക്കുകയും അവന്‍ തൃപ്തിപ്പെടുന്ന മാര്‍ഗത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ പിന്നെയാ കണ്ണ് പ്രപഞ്ചമെന്ന ഈ മഹാഗ്രന്ഥം വായിക്കാന്‍ തുടങ്ങും. ദൈവിക ദൃഷ്ടാന്തങ്ങളെ  വായിക്കാനാരംഭിക്കും. ഭൂമിയിലെ ഉദ്യാനങ്ങള്‍ തോറും പൂത്തുനില്‍ക്കുന്ന ദൈവകാരുണ്യത്തിന്റെ കുസുമങ്ങള്‍ക്കിടയില്‍ മധുതേടി പറക്കുന്ന തേനീച്ചയായി തുടര്‍ന്ന് ആ കണ്ണുകള്‍ രൂപാന്തരപ്പെടും. അങ്ങനെ അനുരാഗത്തിന്റെയും തിരിച്ചറിവിന്റെയും തേന്‍തുള്ളികളില്‍നിന്ന് സത്യസാക്ഷ്യത്തിന്റെ പ്രകാശകണങ്ങള്‍ വിശ്വാസിയുടെ ഹൃദയത്തിലേക്ക് അടര്‍ന്നുവീഴും. 

നാവിനകത്തുള്ള രുചിമുകുളം സൃഷ്ടികര്‍ത്താവിനു നീ വില്‍ക്കാതിരിക്കുകയും വെറും ആമാശയത്തൊഴിലാളിയാക്കി നീയതിനെ മാറ്റുകയും ചെയ്താല്‍ ഒരു ഫാക്ടറിയിലെ ഗേറ്റ്മാന്റെ തലത്തിലേക്ക് അത് തരംതാഴും. നാവിന്റെ മൂല്യമിടിഞ്ഞുപോവുകയും ചെയ്യും. മറിച്ച്, അന്നദാതാവായ അല്ലാഹുവിനത് സമര്‍പ്പിക്കുകയാണെങ്കിലോ ദൈവകാരുണ്യത്തിന്റെ നിധികുംഭങ്ങളുടെ കാവലാളായും ജഗന്നിയന്താവിന്റെ പാചകപ്പുര പരിശോധകനായും അതിനുയരാന്‍ കഴിയും. 

അതിനാല്‍ ബുദ്ധിമാനായ മനുഷ്യാ, കണ്ണു തുറക്കുക. പ്രാപഞ്ചിക നിധിശേഖരങ്ങളുടെ താക്കോല്‍ എവിടെയെന്നു നന്നായി കാണുക. ദൈവിക ഗ്രന്ഥാലയത്തില്‍ സൂക്ഷ്മ വായന നടത്തുന്ന ഒരാളില്‍നിന്ന് അധമനായൊരു ഇടനിലക്കാരന്‍ എങ്ങനെയാണ് വേറിട്ടുനില്‍ക്കുന്നതെന്ന് തിരിച്ചറിയുക. നാവേ, മധുരം നുണയുക. ദൈവിക നിധിശേഖരങ്ങളുടെ കാവലാളും ഒരു ഫാക്ടറി വാച്ച്മാനും തമ്മിലുള്ള വ്യത്യാസം എന്തെന്നറിയുക. 

ഏതാണ്ടിതുപോലെ ശരീരത്തിനുള്ളിലെ സമസ്ത അവയവങ്ങളെയും താരതമ്യം ചെയ്യുക. അപ്പോള്‍ മനസ്സിലാവും ഒരു സത്യവിശ്വാസിക്ക് സ്വര്‍ഗവാസത്തിനു കൃത്യമായ അവകാശമുണ്ട് എന്ന്. നിഷേധിക്കു യോജിച്ചത് നരകമാണെന്നും. ഇരുവരും അര്‍ഹിക്കുന്നത് നീതിയുക്തമായ പ്രതിഫലങ്ങളാണ്. കാരണം ഒരു സത്യവിശ്വാസി അയാളുടെ സൃഷ്ടികര്‍ത്താവിനോടുള്ള ബാധ്യതകള്‍ നിര്‍വഹിച്ചും അവന്റെ തൃപ്തികളുടെ പരിസരത്ത് ജീവിച്ച് പ്രവര്‍ത്തിക്കുന്നവനാണ്. നിഷേധിയാവട്ടെ പാപപ്രേരിതനും തന്നിഷ്ടക്കാരനുമായി ജീവിച്ച് സ്വന്തം ഉത്തരവാദിത്തത്തോട് ആത്മവഞ്ചന നടത്തുന്നവനാണ്. 

നിരവധി പരീക്ഷണങ്ങള്‍ക്കു നടുവില്‍ കഴിയുന്ന ദുര്‍ബലനാണ് മനുഷ്യന്‍. വര്‍ധിതമായ ആവശ്യങ്ങളുടെ ബാഹുല്യത്തില്‍ കിടന്ന് ഞെരുങ്ങുന്ന ദരിദ്രനാണവന്‍. ഭീതിദമായ ജീവിതപ്രാരാബ്ധങ്ങളാല്‍ അശക്തനുമാണവന്‍. അതുകൊണ്ടീ മനുഷ്യന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും അവനെത്തന്നെ ആശ്രയിക്കുകയും സര്‍വവും അവനില്‍ സമര്‍പ്പിച്ച് സമാധാനിക്കുകയും ചെയ്തില്ലെങ്കില്‍ അവന് നിത്യവേദനകള്‍ കടിച്ചിറക്കിക്കഴിയേണ്ടിവരും. വന്ധ്യമായ നഷ്ടദുഃഖങ്ങള്‍ പേറി തളരേണ്ടിവരും. അങ്ങനെയൊടുവില്‍ കൊടും കുറ്റവാളിയായോ കടുത്ത മദ്യപാനിയായോ പരിണമിക്കേണ്ടിവരികയും ചെയ്യും. 

പണ്ഡിതന്മാരും ഗവേഷകന്മാരും ഏകോപിച്ചു പറഞ്ഞൊരു കാര്യമുണ്ട്, ദൈവസംതൃപ്തി കാംക്ഷിച്ചുകൊണ്ട് ശരീരാവയവങ്ങള്‍ ചെയ്യുന്ന ആരാധനകളും കീര്‍ത്തനങ്ങളും വാഴ്ത്തലുകളും സ്വാദിഷ്ടമായ സ്വര്‍ഗീയ കായ്കനികളായി നാളെ രൂപാന്തരപ്പെടുമെന്ന്, അവശ്യസന്ദര്‍ഭങ്ങളില്‍ അവയെല്ലാം പ്രത്യക്ഷപ്പെടുമെന്ന്. 

ലാഭങ്ങളുടെ അഞ്ച് തലങ്ങളുണ്ട് ഈ കച്ചവടത്തിന് എന്നു പറഞ്ഞത് അതുകൊണ്ടാണ്. വേണ്ടും വിധം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആ ലാഭങ്ങളെല്ലാം നിനക്ക് നിഷേധിക്കപ്പെടും. പകരം അഞ്ച് നഷ്ടങ്ങളായിരിക്കും നിന്നെ തേടി വരിക: 

നിനക്ക് പ്രിയപ്പെട്ട സമ്പത്തും സന്താനങ്ങളും നിന്റെ കാമനയായി മാറിയ തന്നിഷ്ടവും നിനക്ക് കൗതുകമായിത്തീര്‍ന്നിട്ടുള്ള യൗവനവും എല്ലാം നാളെ തിരോഭവിക്കും. മുതുകിനെ ഞെരുക്കുന്ന വേദനകളും പാതകങ്ങളും അവശേഷിപ്പിച്ച് അവയെല്ലാം അപ്രത്യക്ഷമാവും. 

ആത്മവഞ്ചകര്‍ക്ക് കിട്ടാനിരിക്കുന്ന ശിക്ഷയാണ് നാളെ നിനക്ക് കിട്ടാനിരിക്കുന്നത്. കാരണം വിലയേറിയ സാമഗ്രികളും ഉപകരണങ്ങളും കൈയിലുണ്ടായിട്ട് അവയെല്ലാം മ്ലേഛമായ കാര്യങ്ങള്‍ക്കാണ് നീ ഉപയോഗപ്പെടുത്തിയത്. 

ദൈവിക യുക്തിക്ക് നിരക്കാത്തതാണ് നീ പ്രവര്‍ത്തിച്ചത്. പുരോഗമനോന്മുഖമായ സമസ്ത സാമഗ്രികളും സങ്കേതങ്ങളും ദുര്‍വൃത്തികള്‍ക്കായി പ്രയോജനപ്പെടുത്തി മൃഗങ്ങളേക്കാളും നീ അധഃപതിച്ചു. 

എന്നെന്നും നീ വാവിട്ടുകരയും. വേര്‍പാടിന്റെയും തിരോധാനത്തിന്റെയും ജീവിതപ്രാരാബ്ധങ്ങളുടെയും പ്രഹരമേറ്റ് നീ തളരും. ഒടുങ്ങാത്ത ദൗര്‍ബല്യവും തീരാത്ത ദാരിദ്ര്യവുമനുഭവിച്ച് നശിക്കേണ്ടിവന്ന ദുര്‍ബലനെപ്പോലെ നീയാകും. 

ബുദ്ധിയും ഹൃദയവും കണ്ണും കാതുമെല്ലാം അല്ലാഹുവിന്റെ മനോഹരമായ സമ്മാനങ്ങളാണ്. അനശ്വര സൗഭാഗ്യത്തിന്റെ വാതായനങ്ങള്‍ തുറന്ന് സ്വര്‍ഗത്തിനകത്ത് കടക്കാനാണ് അവയെല്ലാം നിനക്കവന്‍ തന്നത്. എന്നിട്ട് ആ സമ്മാനങ്ങള്‍ നരകത്തിലേക്ക് വാതില്‍ തുറക്കുന്ന താക്കോലുകളായി രൂപാന്തരപ്പെടുക എന്നു പറഞ്ഞാല്‍ അതിനേക്കാള്‍ ഭീമമായ നഷ്ടം വേറെ എന്താണ്? 

അതുകൊണ്ട് നമുക്ക് കച്ചവടത്തിലേക്കു തന്നെ തിരിച്ചുവരാം. അധികപേരെയും ഒളിച്ചോടാന്‍ പ്രേരിപ്പിക്കും വിധം ക്ലേശകരമാണോ ആ കച്ചവടം?

ഒരിക്കലുമല്ല. അല്ലേയല്ല. 

ഒരു ക്ലേശവും ഒരു ഭാരവും ആ കച്ചവടത്തിലില്ല. അനുവദനീയതയുടെ വൃത്തം വളരെ വലുതാണ്. ജീവിതത്തില്‍ സംതൃപ്തിയും സന്തോഷവും സൗഭാഗ്യവും നേടിത്തരാന്‍ പര്യാപ്തമാണത്. നിഷിദ്ധത്തിലേക്ക് കടന്നുപോകേണ്ട ആവശ്യമേ അതിനില്ല. 

അല്ലാഹു നമ്മോട് നിര്‍ബന്ധിച്ചിട്ടുള്ളത് ലളിതവും ലഘുവുമായ കാര്യങ്ങളാണ്. അല്ലാഹുവിനു മാത്രമായ വിധേയത്വം സ്വയമേവ ഒരു മഹാപുണ്യമാണ്. ദൈവമാര്‍ഗത്തിലെ ആത്മസമര്‍പ്പണമാണത്. അവര്‍ണനീയമായ ആത്മീയാനുഭൂതി നേടിത്തരുന്ന വിശിഷ്ട വൃത്തി. 

അതിനാല്‍ യഥാര്‍ഥ പോരാളികളാവുകയാണ് നമ്മുടെ നിയോഗം. 

ദൈവമാര്‍ഗത്തില്‍ തുടങ്ങാം. ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാം. ദൈവമാര്‍ഗത്തില്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യാം. ദൈവസംതൃപ്തി കാംക്ഷിച്ച് അനങ്ങുകയും അടങ്ങുകയും ചെയ്യാം. അബദ്ധങ്ങള്‍ പിണഞ്ഞാല്‍ പശ്ചാത്താപത്തിന്റെ വാതിലുകള്‍ നമുക്ക് മുന്നിലുണ്ട്. ആ വാതിലുകളില്‍ മുട്ടി വിനയാന്വിതരായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം; നാഥാ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങള്‍ക്കു പൊറുത്തുതരേണമേ! 

മൊഴിമാറ്റം: 

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (60-62)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസി നേടേണ്ട ഉള്‍ക്കാഴ്ചകള്‍
പി.എ സൈനുദ്ദീന്‍