രത്‌നങ്ങളുടെ വില നല്‍കി ചില്ലുകഷ്ണങ്ങള്‍ വാങ്ങുന്നവര്‍ <br>ദേശീയത അഭയകേന്ദ്രമല്ല-2
ദേശീയതാവാദത്തിന്റെ ആപത്കാരിതയെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബര്‍ട്രന്റ് റസ്സലും ജോര്‍ജ് ബര്‍നാഡ് ഷായും മുതല്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ വരെ. പത്തൊമ്പതാം നൂറ്റാണ്ടില്‍ ദേശരാഷ്ട്രങ്ങള്‍ നിലവില്‍ വന്നപ്പോള്‍തന്നെ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിഭജനയുക്തി ശക്തമായി ചോദ്യം ചെയ്യപ്പെട്ടു. ദേശാതിര്‍ത്തികളോടുള്ള മനോവിഭ്രമമായി മാറുന്ന ദേശസ്‌നേഹത്തെപ്പോലും മേല്‍പ്പറഞ്ഞ ചിന്തകന്മാര്‍ നിരാകരിച്ചിട്ടുണ്ട്.
ഇതേ നിലപാട് സ്വീകരിച്ചവരായിരുന്നു ഇന്ത്യയില്‍ രബീന്ദ്രനാഥ ടാഗോര്‍ മുതല്‍ മുഹമ്മദ് ഇഖ്ബാല്‍ വരെ. ഇവരെ പ്രത്യേകം എടുത്തുപറയുന്നതിന് പുതിയ കാലത്ത് പ്രസക്തിയുണ്ട്. പ്രത്യേകിച്ച് ടാഗോറിനെ. ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ട ജനഗണമനയുടെ രചയിതാവാണല്ലോ ടാഗോര്‍. ദേശീയഗാനവുമായി ബന്ധപ്പെട്ട കോടതി വിധിയും അതിന്റെ മറവില്‍ നടക്കുന്ന അധികാരപ്രയോഗങ്ങളും സമകാലിക ഇന്ത്യയില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. ദേശീയതയെക്കുറിച്ച ചര്‍ച്ചയില്‍ രാഷ്ട്രത്തിന്റെ അധികാരപ്രയോഗങ്ങളെ ടാഗോര്‍ ഇപ്രകാരം വിലയിരുത്തുന്നുണ്ട്:
''രാഷ്ട്രത്തിന്റെ ഈ വാഴ്ചയില്‍ ഭരണീയര്‍ സംശയങ്ങളാല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും. ഇവയാകട്ടെ, സുസംഘടിതമായ മസ്തിഷ്‌കത്തിന്റെയും പേശിയുടെയും ഭയജന്യമായ ഒരു സമുച്ചയത്തിന്റെ സൃഷ്ടിയായ സംശയങ്ങളാണ്. ഒരു ജനതയുടെ സുഘടിതമായ സ്വാര്‍ഥതാല്‍പര്യങ്ങളുടേതായ രാഷ്ട്രം, അതിന് മനുഷ്യഗുണവും ആത്മീയതയും ഏറ്റവും കുറവായിരിക്കും'' (1917-ല്‍ പ്രസിദ്ധീകരിച്ച, Nationalism എന്ന പ്രസംഗസമാഹാരത്തിലെ Nationalism in West എന്ന പ്രസംഗത്തില്‍നിന്ന്).
ഇതുപോലെ ഇന്ത്യയുടെ ദേശീയഗീതമായി ആദരിക്കപ്പെടുന്ന തരാന-എ-ഹിന്ദിന്റെ (സാരെ ജഹാ സെ അഛാ) കര്‍ത്താവാണ് മുഹമ്മദ് ഇഖ്ബാല്‍. അതേസമയം ഇതുപോലെ ദേശീയഗീതമായി വാഴ്ത്തപ്പെടുന്ന വന്ദേമാതരത്തിന്റെ കര്‍ത്താവ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി ഇന്ത്യന്‍ വരേണ്യദേശീയതയുടെ വക്താവായി നിലകൊണ്ടിരുന്നതായും കാണാം.
മുകളില്‍ സൂചിപ്പിച്ച പ്രസംഗത്തില്‍ ടാഗോര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്: 'മനുഷ്യരാശിയെ പരിഗണിച്ച് നാം ഉണര്‍ന്ന് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയേ മതിയാകൂ. തിന്മയുടെ നിഷ്ഠുരമായ മഹാമാരിയാണ് ദേശീയത. വര്‍ത്തമാനയുഗത്തിലെ മനുഷ്യരാശിയെ, അതിന്റെ ധാര്‍മിക തേജസ്സിനെ വിഴുങ്ങുന്ന ഒരു മഹാമാരി.'
ഇന്ത്യ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളുടെ അടിത്തറ തന്നെ ദേശീയതയായിരിക്കുമെന്ന് മഹാകവി ദീര്‍ഘദര്‍ശനം ചെയ്തു. രത്‌നങ്ങളുടെ വില നല്‍കി ചില്ലുകഷ്ണങ്ങള്‍ വാങ്ങുന്നതിന് സമാനമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ദേശീയതയില്‍ അഭയമന്വേഷിക്കല്‍. ഒരിക്കലും തന്റെ അഭയസ്ഥാനം ദേശീയതയല്ലെന്നും അത് മനുഷ്യരാശിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രം വെച്ചുകൊണ്ട് ടാഗോര്‍ ദേശീയതാവാദത്തിനെതിരായ തന്റെ വാദമുഖങ്ങളെ സ്ഥാപിക്കുന്നു. ദേശീയതയും ദേശരാഷ്ട്രവും ആധുനികതയുടെ ഉല്‍പന്നങ്ങളാണെങ്കിലും അവയുടെ പിന്നിലുള്ള പ്രവണതകള്‍ പഴയതുതന്നെ. ഏഷ്യയിലെ ആദ്യകാല ചരിത്രത്തിലെ സിഥിയര്‍ (പ്രാചീന കിഴക്കന്‍ ഇറാനിയന്‍ ഭാഷ സംസാരിച്ചിരുന്ന ഇറാനിയന്‍ ശകന്മാരെയാണ് ഗ്രീക്കുകാര്‍ സിഥിയര്‍ എന്ന് വിളിച്ചത്) പ്രകൃതിദത്ത വിഭവങ്ങളുടെ ക്ഷാമം നേരിടേണ്ടിവന്നപ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള തങ്ങളുടെ സമൂഹത്തെ കൊള്ളസംഘത്തിന്റെ രൂപത്തില്‍ ചിട്ടപ്പെടുത്തുകയും അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്തതിന്റെ ചരിത്രം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ഇത് ഏറ്റവും സത്യസന്ധമായ മാര്‍ഗമല്ല, മറിച്ച് ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ്. ഈ കൊള്ളയെ, അക്രമത്തെ ന്യായീകരിക്കാന്‍ സിഥിയന്‍ വംശീയതയുടെ, ദേശീയതയുടെ മാനദണ്ഡങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍, ഇപ്രകാരം ഇത്തരം മാര്‍ഗങ്ങള്‍ ന്യായീകരിക്കപ്പെട്ടിരുന്നെങ്കില്‍ ലോകം മുഴുവന്‍ ഇത്തരം പിടിച്ചുപറി സംഘങ്ങള്‍ വ്യാപിച്ചേനെ. ചെന്നായ്ക്കളുടേത് മാതിരി ലളിതമല്ല മനുഷ്യപ്രകൃതം. മനുഷ്യന്‍ എന്ന പ്രകൃതഗുണങ്ങളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കപ്പെടുന്നുണ്ട് എന്ന് മനുഷ്യന്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ പ്രകൃതഗുണത്തെ അവഗണിക്കുന്നത് പെട്ടെന്നുള്ളതും ചെറുതുമായ ചില വിജയങ്ങള്‍ സമ്മാനിച്ചേക്കാം. എന്നാല്‍ വൈകാതെ അതവന് ഒരു മരണക്കെണിയായിത്തീരും.
സാര്‍വലൗകികതയുടെ വര്‍ണരഹിതമായ അവ്യക്തതയോ ദേശസ്‌നേഹത്തിന്റെ തീവ്രമായ ആത്മാരാധനയോ അല്ല മാനവചരിത്രത്തിന്റെ ലക്ഷ്യം എന്ന് പ്രസ്താവിക്കുന്ന ടാഗോര്‍ ഇന്ത്യയുടെ ചരിത്രത്തെയും വിശകലനം ചെയ്യുന്നുണ്ട്. ഒരു വശത്ത് വൈജാത്യങ്ങളുടെ സാമൂഹികമായ ക്രമീകരണത്തിലൂടെയും മറുഭാഗത്ത് ഏകതയുടെ ആത്മീയമായ അംഗീകരണത്തിലൂടെയും തന്റെ യത്‌നപൂര്‍ത്തീകരണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. അതേസമയം തന്നെ, വംശങ്ങള്‍ക്കിടയിലെ അതിര്‍വരമ്പുകളെ ദൃഢതയോടെ നിര്‍മിക്കുന്നതില്‍, തന്റെ വര്‍ഗീകരണങ്ങളില്‍ അധമത്വത്തിന്റെ ഫലങ്ങളെ ശ്വാശ്വതീകരിക്കുന്നതില്‍ ഇന്ത്യ മഹാപരാധങ്ങള്‍ ചെയ്തിട്ടുണ്ടെന്നുതന്നെ അദ്ദേഹം വിലയിരുത്തുന്നു. തന്റെ സന്തതികളുടെ മനസ്സുകള്‍ വികലമാക്കുകയും അവരുടെ ജീവിതങ്ങള്‍ തന്റെ സാമൂഹികരൂപങ്ങള്‍ക്കനുയോജ്യമാക്കുന്നതിന് സങ്കുചിതമാക്കുകയും ചെയ്തിട്ടുണ്ട് ഇന്ത്യ.
ഒപ്പം തന്നെ ശതാബ്ദങ്ങളായി നവപരീക്ഷണങ്ങള്‍ അരങ്ങേറുകയും ഈ സങ്കുചിതത്വത്തില്‍ നീക്കുപോക്കുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട് എന്ന് സ്ഥാപിക്കുന്ന കവി, നിരന്തരമായ ഈ നീക്കുപോക്കുകളുടെ ചരിത്രമായി ഇന്ത്യയുടെ ചരിത്രത്തെ വായിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
തിരസ്‌കരണത്തിന്റെ ദേശീയപാഠങ്ങള്‍
കൊളോണിയലിസം സൃഷ്ടിച്ച ദേശീയബോധത്തെ മുകളില്‍ സൂചിപ്പിച്ച അതേ വരേണ്യബോധത്തിലും തിരസ്‌കരണബോധത്തിലും (Exclusion) സമീപിക്കുകയാണ്, പക്ഷേ വന്ദേമാതരത്തിന്റെ കര്‍ത്താവായ ബങ്കിംചന്ദ്ര ചാറ്റര്‍ജി ചെയ്തത്. ഇന്ത്യയുടെ സുവര്‍ണ ഭൂതകാലത്തില്‍ വിള്ളലുണ്ടാക്കിയ സമൂഹമായിട്ടാണ് മുസ്‌ലിംകളെ അദ്ദേഹം കണ്ടത്. ആനന്ദമഠം എന്ന, ബങ്കിംചന്ദ്രയുടെ നോവലിന്റെ ഭാഗമാണ് വന്ദേമാതരം എന്ന ഗീതം. സന്താനര്‍ എന്ന സന്യാസിസമൂഹം നടത്തുന്ന യുദ്ധത്തെപ്പറ്റി അതിലുള്ള വിവരണം ഇത് ആംഗലര്‍ക്കെതിരായ യുദ്ധമല്ല, മുസ്‌ലിം ഭരണത്തെ തറപറ്റിക്കാനാണ് എന്നാണ്. അല്‍പം കൂടി കടന്നുകൊണ്ട് ആംഗലേയര്‍ രാജ്യഭാരമേല്‍ക്കാന്‍ കളമൊരുക്കുന്നതിന് വേണ്ടിയാണ് ഈ കലാപം എന്നുതന്നെ പറയുന്നുണ്ട്. ആഗതന്‍ അതവസാനിപ്പിക്കുന്നതിങ്ങനെ: ''ഇനി ശത്രുക്കളില്ല. ആംഗലേയര്‍ യഥാര്‍ഥത്തില്‍ മിത്രങ്ങളാണ്. വരൂ, എന്റെ കൂടെ വരൂ. ഇംഗ്ലീഷുകാരെ യുദ്ധത്തില്‍ തോല്‍പ്പിക്കാനുള്ള ശക്തി ഇപ്പോള്‍ ഭൂമിയില്‍ ആര്‍ക്കുമില്ല.''
ഭവാനന്ദന്‍ എന്ന കഥാപാത്രത്തിലൂടെ ഇതേ നോവലില്‍ ബങ്കിംചന്ദ്ര പറയുന്ന മറ്റൊരു കാര്യമുണ്ട്: ''ഞങ്ങള്‍ക്ക് രാജ്യം കിട്ടണമെന്ന ആകാംക്ഷയല്ല. ഈ മുസല്‍മാന്മാര്‍ ദൈവവിരോധികളായിരിക്കുന്നതിനാല്‍ അവരെ വംശനാശം ചെയ്യണമെന്ന് മാത്രമാണ് ഞങ്ങളുടെ സങ്കല്‍പ്പം.'' ബങ്കിം ചന്ദ്രന്‍ ചരിത്രത്തില്‍ ആരോപിക്കുന്ന വംശീയോന്മൂലനത്തിന് തത്ത്വശാസ്ത്രം ചമക്കുകയാണ് പില്‍ക്കാലത്ത് ഗോള്‍വാള്‍ക്കര്‍ ചെയ്തത്. അതിന്റെ രാഷ്ട്രീയമായ നിര്‍വഹണത്തിന്റെ ചരിത്രമാണ് ആര്‍.എസ്.എസ്സിന്റെയും സംഘ് പരിവാറിന്റെയും നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍.
ബംഗാളിന്റെയും ഇന്ത്യയുടെ തന്നെയും സുവര്‍ണചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമമായി തന്റെ യത്‌നത്തെ സ്വയം വിശേഷിപ്പിക്കുന്ന ബങ്കിംചന്ദ്ര കൊളോണിയല്‍ ചരിത്രരചയിതാക്കള്‍ നിര്‍മിച്ച ഹിന്ദു-മുസ്‌ലിം ദ്വന്ദ്വത്തില്‍നിന്നുകൊണ്ടാണ് അത് വായിക്കുന്നത്. അതേസമയം അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ നിര്‍മിച്ചെടുക്കുന്ന സവര്‍ണതയുടെ സുവര്‍ണദേശീയ ചരിത്രം മുസ്‌ലിം എന്നതിനെ മാത്രമല്ല, ദലിതര്‍, സ്ത്രീകള്‍ തുടങ്ങിയ സ്വത്വങ്ങളെയും അപരവല്‍ക്കരിച്ചുകൊണ്ടോ നിരാകരിച്ചുകൊണ്ടോ ആണ് ഇന്ത്യയുടെ ദേശീയ ഭൂപടം വരക്കുന്നത്. ഇത് ഒരര്‍ഥത്തില്‍ ദേശസ്വത്വത്തോടുള്ള നിഷേധാത്മക സമീപനമാണ്. എക്കാലത്തും വരേണ്യതയും ഫാഷിസവും ദേശത്തെ സമീപിക്കുന്നത് ഇപ്രകാരമാകുന്നു. വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ലാത്തവിധം ദേശസംസ്‌കാരം ഏകപക്ഷീയമാണെന്ന ചിന്തയാണ് അത്. വംശീയതയാണ് ഇതിന്റെ ആധാരം. ഇറ്റാലിയന്‍ വംശജര്‍ അവരുടെ വംശവിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ടെന്നും അതിനാല്‍ അവര്‍ ഉന്നതരാണെും മുസ്സോളിനി പ്രഖ്യാപിച്ചു. ജര്‍മന്‍ ആര്യന്മാരെക്കുറിച്ച, ഹിറ്റ്‌ലറുടെ അവകാശവാദവും സമാനമായിരുന്നു. ഇന്ത്യയിലെ സാംസ്‌കാരിക ദേശീയതാവാദികള്‍ ഉന്നയിക്കുന്ന ദേശീയതയാകട്ടെ, 'ഇന്ത്യക്കാര്‍ തന്നെയായ ബഹുഭൂരിപക്ഷത്തിനും (സ്ത്രീകള്‍, കീഴാളപക്ഷക്കാര്‍, അയിത്തജാതിക്കാര്‍, ഗോത്രസമൂഹങ്ങള്‍...) പൂര്‍ണ മനുഷ്യരായിരിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നുണ്ട്'' (മീരാനന്ദ- Prophets Facing Backwards).
ഇന്ത്യ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളുടെയെല്ലാം അടിത്തറ ദേശീയതയായിരിക്കും എന്ന, ടാഗോറിന്റെ ദീര്‍ഘദര്‍ശനം ഇവിടെയാണ് പ്രസക്തമായിത്തീരുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, 'ഇന്ത്യയുടെ ചരിത്രമെന്നത് ഏതെങ്കിലുമൊരു വംശത്തിന്റേതു മാത്രമല്ല. മറിച്ച് ലോകത്തിലെ വിവിധ വംശങ്ങള്‍ സംഭാവന ചെയ്ത് സംസൃഷ്ടമായ ഒരു ദീര്‍ഘപ്രക്രിയയുടേതാണ്. ദ്രാവിഡരും ആര്യന്മാരും പുരാതന ഗ്രീക്കുകാരും പേര്‍ഷ്യക്കാരും പടിഞ്ഞാറന്‍ നാടുകളിലെയും മധ്യേഷ്യയിലെയും മുഹമ്മദീയരും ചേര്‍ന്ന് സൃഷ്ടിച്ചതാണത്.... അതിനാല്‍ ഇന്ത്യക്ക് ഇന്ത്യയുടെ ചരിത്രം എന്നതിനേക്കാള്‍ മനുഷ്യന്റെ ചരിത്രം എന്ന നിലക്കാണ് ഏറെ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ളത്.'
അപകോളനീകരണത്തിന്റെ രാഷ്ട്രീയം, മുസ്‌ലിം സ്വത്വം
അധീശത്വത്തിന്റെ സകല രാഷ്ട്രീയ വിഭാവനകളുടെയും എതിര്‍പക്ഷത്തുള്ള പോരാളിയായി സ്വയം പ്രതിഷ്ഠിച്ച ചിന്തകനായ മുഹമ്മദ് ഇഖ്ബാല്‍ രാജ്യത്തോടുള്ള സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്ഛയുടെയും കാര്യത്തില്‍ ഒട്ടും പുറകിലായിരുന്നില്ല.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ രൂപപ്പെട്ടതും ഇപ്പോഴും തുടരുന്നതുമായ ഒരു ഭാഷാ തര്‍ക്കമാണ് Hindi-Urdu Controverssy. ഉത്ഭവവും സ്ഥിതിയും കൊണ്ട് രണ്ടും ഒരേ ഭാഷയാണോ അതോ ഒരേ ഭാഷയുടെ ദേശ്യഭേദങ്ങള്‍ (Dialects) ആണോ തുടങ്ങിയ കാര്യങ്ങളിലാണ് തര്‍ക്കം തുടങ്ങുന്നത്. അതാകട്ടെ, ദേശീയ ഭാഷ എന്ന നിലക്കുള്ള ഓരോന്നിന്റെയും വ്യത്യസ്തമായ സ്വത്വങ്ങളെക്കുറിച്ച ചര്‍ച്ചയിലേക്കുതന്നെ വികസിച്ചു. ഘഡീബോലി എന്ന പ്രാചീന ഇന്ത്യന്‍ ഭാഷയുടെ ഡയലെക്ടുകളാണ് ഉര്‍ദു, ഹിന്ദി, ഹിന്ദുസ്ഥാനി എന്നിവ എന്നാണ് പൊതുവായ നിഗമനം. ഘഡീബോലിയില്‍ പാര്‍സി, അറബി, സംസ്‌കൃതം എന്നീ ഭാഷകള്‍ ചെലുത്തിയ സ്വാധീനത്തില്‍നിന്നാണ് ഈ ഭാഷകളുടെ ഉത്ഭവം. പാര്‍സി, അറബി, സംസ്‌കൃത ഭാഷകളുടെ സ്വാധീനങ്ങളുടെ ഏറ്റക്കുറച്ചിലാണ് ഉര്‍ദുവിനെയും ഹിന്ദിയെയും ഹിന്ദുസ്ഥാനിയെയും മൂന്നായി നിലനിര്‍ത്തുന്ന ഏറ്റവും പ്രധാന ഘടകം. ഉര്‍ദു പാര്‍സി ലിപിയും ഹിന്ദി ദേവനാഗരി ലിപിയും സ്വീകരിച്ചു. ഇന്ത്യയിലെ സാമാന്യ ജനത്തിന്റെ ഭാഷയായ ഹിന്ദുസ്ഥാനിയില്‍ ഉര്‍ദു സ്വാധീനമാണ് കൂടുതലെങ്കിലും അത് എഴുതുന്നത് ദേവനാഗരി ലിപിയിലാണ്). ഈ തര്‍ക്കത്തില്‍ ഇടപെട്ടുകൊണ്ട് ഗാന്ധിജി പറഞ്ഞ ഒരു കാര്യമുണ്ട്: ''ഇഖ്ബാലിന്റെ ഹിന്ദുസ്ഥാന്‍ ഹമാരാ കേള്‍ക്കുമ്പോള്‍ ഏത് ഹൃദയമാണ് സ്പന്ദിക്കാത്തത്? ഇഖ്ബാലിന്റെ ഭാഷ ഹിന്ദിയോ ഉര്‍ദുവോ ഹിന്ദുസ്ഥാനിയോ ഏതുമാകട്ടെ, അത് ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന്, അതിന് മധുരമില്ലെന്ന്, അത് ഉത്തമമായ ചിന്ത പ്രകടിപ്പിക്കുന്നില്ലെന്ന് ആരാണ് പറയുക?''
ദേശം എന്നത് ദേശീയതയില്‍നിന്നും ദേശരാഷ്ട്രത്തില്‍നിന്നും ഭിന്നമാണെന്ന് പ്രഖ്യാപിച്ച ഇഖ്ബാല്‍, കൊളോണിയല്‍ ദേശരാഷ്ട്ര സങ്കല്‍പത്തിന് ബദലായി കൊളോണിയല്‍ വിരുദ്ധ ദേശരാഷ്ട്രത്തെ മുന്നോട്ടുവെച്ച ഇന്ത്യന്‍ ദേശീയവാദികളോട് വിയോജിച്ചു. കൊളോണിയല്‍ പാരമ്പര്യത്തിന്റെ ഭാഗമാണ് ദേശരാഷ്ട്രമെന്ന് അദ്ദേഹം വിലയിരുത്തി.
ദേശീയതയെ അദ്ദേഹം ഒരു വിഗ്രഹമായാണ് കണ്ടത്. എന്തെങ്കിലും ഉപകാരങ്ങള്‍ ചെയ്യുന്നതില്‍ നിസ്സഹായമായത് എന്നും ജീവിതത്തെ ആകാശത്തുനിന്ന് പിടിവിട്ട് കാറ്റിനാല്‍ റാഞ്ചപ്പെട്ട് അഗാധഗര്‍ത്തത്തില്‍ തള്ളിയിടപ്പെടുന്ന ഒന്നാക്കിമാറ്റുന്നത് എന്നും ഖുര്‍ആന്‍ പറയുന്ന 'അസ്‌നാം' എന്ന അതേ സംവര്‍ഗത്തില്‍തന്നെയാണ് അദ്ദേഹം ദേശീയതയെയും പെടുത്തിയത്. കത്തോലിക്കാ മതാധിപത്യത്തിന്റെയും റോമാ സാമ്രാജ്യത്തിന്റെയും തകര്‍ച്ച ദേശീയതയുടെ ഉദയത്തിന് കാരണമായി. എന്നാല്‍ ദേശീയതയുടെ പേരില്‍ ഉത്ഭവിച്ച സംഘട്ടനങ്ങളും മത്സരങ്ങളും പാശ്ചാത്യ സംസ്‌കാരത്തെത്തന്നെ ദുഷിപ്പിച്ചു എന്നാണ് ഇഖ്ബാലിന്റെ വിലയിരുത്തല്‍.
ദേശസ്‌നേഹം ഉന്നതമായ ലക്ഷ്യത്തിലേക്കെത്തുന്നില്ലെങ്കില്‍ അത് ദുര്‍ബല രാജ്യങ്ങളെ കീഴടക്കാനുള്ള ഉപകരണമായി അധഃപതിച്ചേക്കാം എന്ന് ദേശസ്‌നേഹത്തെക്കുറിച്ച കാഴ്ചപ്പാടുകളെത്തന്നെ അദ്ദേഹം സംഗ്രഹിക്കുന്നു. ഇന്ത്യയെപ്പോലെ ചൈനയും അറേബ്യയും സ്‌നേഹിക്കപ്പെടേണ്ടതുതന്നെയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പാകിസ്താന്റെ പിതാവായി അദ്ദേഹത്തെ മുദ്രകുത്തുന്നത് അദ്ദേഹത്തിന്റെ തത്ത്വങ്ങളോട് ചെയ്യുന്ന അനീതിയാണ്. അപകോളനീകരണത്തിന്റെ രാഷ്ട്രീയം എന്ന ഭാവിയിലേക്ക് നയിച്ചേക്കാവുന്ന പ്രബലമായ ഒരു മുസ്‌ലിം ദേശത്തിന്റെ സാധ്യതകളെ മാത്രമേ അദ്ദേഹം കണ്ടുള്ളൂ. മുസ്‌ലിം എന്ന സ്വത്വത്തെയും ഇസ്‌ലാം എന്ന ദര്‍ശനത്തെയും അദ്ദേഹം വിലയിരുത്തിയത് അപ്രകാരമാണ്. മുസ്‌ലിംകള്‍ക്ക് ഒരു ദേശരാഷ്ട്രം എന്ന മുദ്രാവാക്യത്തെ അദ്ദേഹം പിന്തുണച്ചതേയില്ല. ഒരു ദേശം എന്ന നിലയില്‍, ദേശരാഷ്ട്രം എന്ന നിലയിലോ ദേശീയത എന്ന നിലയിലോ അല്ല, ഇസ്‌ലാമിന് പുതിയൊരു തുടക്കം കുറിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചേക്കും എന്ന വിശ്വാസം.
ദേശീയതാവാദം, ഇസ്‌ലാമിക മാനവികതാവാദം
അതിര്‍വരമ്പുകളെ അതിജയിക്കുന്ന വേദസംജ്ഞകളെക്കുറിച്ച പരാമര്‍ശത്തിലാണല്ലോ ഈ പ്രബന്ധം തുടങ്ങിയത്. ഒരു തരം ഗോത്രദേശീയത പ്രവാചകന്റെ കാലത്ത് നിലനിന്നിരുന്നുവെന്നു കരുതാം. അദ്ദേഹമാകട്ടെ, ഗോത്രസ്വത്വങ്ങളെയോ അതുമായി ബന്ധപ്പെട്ട സാംസ്‌കാരിക വൈവിധ്യങ്ങളെയോ നിരാകരിച്ചില്ല. എന്നാല്‍ വംശീയമായ ഉത്കൃഷ്ടതാവാദങ്ങളെയും മുന്‍വിധികളെയും തീര്‍ത്തും നിരാകരിക്കുകയും ചെയ്തു. ഗോത്രദേശീയതയെ അടയാളപ്പെടുത്താനുതകുന്ന ഒരു പദം അദ്ദേഹം പ്രയോഗിച്ചത് 'അസബിയ്യഃ' എന്നാകുന്നു. 'അസബിയ്യയിലേക്ക് വിളിക്കുന്നവനും അതിനു വേണ്ടി പൊരുതുന്നവനും അതില്‍ മരിക്കുന്നവനുമൊന്നും തന്റെ കൂട്ടത്തില്‍പെട്ടവരല്ലെ'ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
യസ്‌രിബ് എന്ന മദീനയില്‍ നിലനിന്നിരുന്ന ഗോത്രദേശീയ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സ്ഥാപിതമായ, യഥ്‌രിബിന്റെ പൊതു ദേശീയതയുടെ ആധാരത്തില്‍ ഒരു സമവായം രൂപപ്പെട്ട സമയത്താണ് പ്രവാചകന്‍ അവിടേക്കു വരുന്നത്. മദീനയിലെ അന്നത്തെ ദേശീയനേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യ് പ്രവാചകനെതിരില്‍ നിരന്തരമായ പ്രചാരവേലകളിലേര്‍പ്പെട്ടിരുന്നതായി ചരിത്രത്തില്‍ കാണാം. അതായത്, നബിയുടെ മാനവികതാവാദവും ഇബ്‌നു ഉബയ്യിന്റെ യസ്‌രിബ് ദേശീയതാ വാദവും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു. അന്നത്തെ ഇസ്‌ലാമികസമൂഹത്തിനകത്തുതന്നെയായിരുന്ന ഇബ്‌നു ഉബയ്യും കൂട്ടാളികളും. എന്നാല്‍ യസ്‌രിബ് (മദീന) വികാരത്തെ മറ്റുള്ളവരില്‍ ഉദ്ദീപിപ്പിക്കാന്‍ അയാള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ദേശവാസികള്‍ ഉന്നതന്മാരും വിദേശികള്‍ തരം താഴ്ന്നവരുമാണെന്ന അയാളുടെ വാദം ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട് (അല്‍ മുനാഫിഖൂന്‍). ദേശീയതാവാദാധിഷ്ഠിതമായ അയാളുടെ തന്ത്രങ്ങളും മദീനാ സൊസൈറ്റിയില്‍ അവയുണ്ടാക്കിയ ആഘാതങ്ങളും മറികടക്കുന്നതിന് നബി ഒരു പാട് ക്ലേശിച്ചിരുന്നു.
എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറം, മനുഷ്യന്‍ എന്ന സ്വത്വരൂപത്തിന് നല്‍കുന്ന ആദരവ് ഖുര്‍ആന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരാശയമാണ്. അതിനു താഴെയുള്ള സ്വത്വ സംസ്‌കാര വൈവിധ്യങ്ങളെ അത് അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌ലാം പ്രതിനിധീകരിക്കുന്ന പൊതു മാനവികതയെ മറികടക്കാന്‍ അതനുവദിക്കുന്നില്ല. എല്ലാ കുടിപ്പകകളെയും എന്റെ കാല്‍ക്കീഴില്‍ ചവിട്ടിയമര്‍ത്തിയിരിക്കുന്നുവെന്നാണല്ലോ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ നബി പ്രഖ്യാപിച്ചത്. മൂല്യങ്ങളുടെയും ദര്‍ശനത്തിന്റെയും പുനരുഥാനത്തെയാണ് ഇസ്‌ലാമിക ചരിത്രം നവോഥാനമായി അംഗീകരിക്കുന്നത്. ജനവിരുദ്ധ ആധുനിക ദേശീയതാവാദം സാംസ്‌കാരിക പുനരുഥാനത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതേസമയം ഇതിന്റെ പ്രതികരണമായി രൂപപ്പെട്ടിട്ടുള്ള ഉത്തരാധുനിക നവദേശീയതാവാദം ചത്തുമണ്ണടിഞ്ഞ ആചാരങ്ങളെയും അപ്രസക്തമായ മിത്തുകളെയും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു. പുതിയ ദൈവങ്ങളെ നിര്‍മിക്കുന്നു. ഇതാകട്ടെ, ചക്രത്തെ പുറകോട്ടാണ് തിരിക്കുക.
അദേല പീവ എന്ന ബള്‍ഗേറിയന്‍ ചലച്ചിത്രകാരി Whose is this Song എന്ന ഒരു ഡോക്യുമെന്ററി സിനിമയെടുത്തിട്ടുണ്ട്. അവരുടെ തന്നെ ഒരന്വേഷണയാത്രയാണ് ഇതിന്റെ പ്രമേയം. തീരെച്ചെറുപ്പം മുതല്‍ക്കു തന്നെ താന്‍ ധാരാളമായി കേട്ടു വളര്‍ന്നിട്ടുള്ള ഒരു ഗാനം, ഒരീണം മറ്റു പല രാജ്യങ്ങളിലെയും ജനങ്ങള്‍ അവരുടേതായി നെഞ്ചേറ്റുന്നുണ്ടെന്ന് മനസ്സിലാക്കുന്നതിനെത്തുടര്‍ന്നാണ് അവരുടെ യാത്ര ആരംഭിക്കുന്നത്. എല്ലാ ബാള്‍ക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ അവരുടെ ഹൃദയത്തില്‍നിന്ന് പുറപ്പെടുവിക്കുന്ന ഒരീണമായിരുന്നു അത്. അങ്ങനെയവര്‍ ബാള്‍ക്കന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ബള്‍ഗേറിയ, ഗ്രീസ്, അല്‍ബേനിയ, മാസിഡോണിയ, തുര്‍ക്കി, ബോസ്‌നിയ ഹെര്‍സെഗോവിന എന്നീ രാജ്യങ്ങളിലെയെല്ലാം ജനങ്ങള്‍ ഒരേ ഗാനത്തെ തങ്ങളുടെ മാത്രം സ്വന്തമായി കരുതുന്നു. മാസിഡോണിയയിലെ ദര്‍വീശുകളും ഗ്രീസിലെ ചര്‍ച്ച് ഗായകരും ആലപിക്കുന്നത് ഒരേ ഈണം. അതേ ഗാനം തന്നെ പ്രണയിനികളുടെ സ്‌നേഹതാളമായും സമരഭടന്മാരുടെ ആവേശമായും മാറുന്നു. യുദ്ധമുഖത്ത് സൈനികര്‍ക്ക് വീര്യം പകരുന്നതിനും അതേ ഗാനമുപയോഗിക്കുന്നു. ഭൂപടത്തിലെ അതിരുകള്‍ക്കപ്പുറത്ത് മനുഷ്യന് എല്ലായിടങ്ങളിലും പൊതുവായി ചിലതുണ്ടെന്ന ഓര്‍മപ്പെടുത്തലായി അങ്ങനെ അദേലയുടെ യാത്ര മാറുന്നു.
എന്നാല്‍, കാര്യങ്ങള്‍ അത്ര ലളിതമായിരുന്നില്ല. ദേശസ്‌നേഹപരമായ മുന്‍വിധികള്‍ സംഗീതത്തിന്റെ അതിരുരഹിതത്വത്തെ മറികടക്കുന്നതായിരുന്നു. ഒരേ ഗാനം പങ്കുവെക്കുന്ന ജനങ്ങള്‍ക്കിടയില്‍ അദൃശ്യമായ സ്‌നേഹത്തിന്റെ ഇഴകളുണ്ടാകുമെന്ന് കരുതി ദേശാന്തരം നടത്തുന്ന ചലച്ചിത്രകാരി ഒടുവില്‍ കണ്ടെത്തുന്നതാകട്ടെ, മനുഷ്യര്‍ പരസ്പരം വെറുക്കാന്‍ കണ്ടെത്തുന്ന ദേശീയവും വംശീയവും ചരിത്രപരവുമായ കാരണങ്ങളെ. ഗാനത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം പൂര്‍ത്തിയാകാതെ അവസാനിപ്പിക്കുകയാണവര്‍. കേവലം ഒരു ഗാനത്തെസ്സംബന്ധിക്കുന്ന വിവരങ്ങളല്ല, അകന്മഷമായ പാരസ്പര്യത്തിന്റെ അടയാളങ്ങള്‍ കണ്ടെത്താനായിരുന്നു അവര്‍ യാത്ര തിരിച്ചിരുന്നത്. എന്നാല്‍ കണ്ടെത്തിയത് അതിരുകള്‍ മനുഷ്യത്വത്തെ വിഴുങ്ങുന്ന കാഴ്ചയും.
ദേശം, ദേശീയത്വം എന്നീ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുകയും സ്വഗൃഹപ്രേമം, സംഘബോധം എന്നിവയുടെ ആധാരത്തിലുള്ള ദേശസ്‌നേഹത്തെ ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ടുതന്നെ, ദേശീയതാവാദം എന്ന ആത്യന്തികതയെ, എല്ലാറ്റിനേക്കാളുമുപരി മാനുഷികതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ദര്‍ശനത്തിന്റെ ആധാരത്തില്‍ നാം വിശകലനവിധേയമാക്കേണ്ടതുണ്ട്. മഹാകവി പ്രഖ്യാപിച്ചതുപോലെ മനുഷ്യത്വം തന്നെയാണ് മനുഷ്യന്റെ ശരിയായ അഭയകേന്ദ്രം.
(അവസാനിച്ചു)
Comments