മോദികാലത്ത് സച്ചാര്‍ ശിപാര്‍ശകളുടെ ഭാവി
സച്ചാര്‍ റിപ്പോര്‍ട്ടിന് പത്തുവര്‍ഷം
ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2005 മാര്‍ച്ച് ഒമ്പതിനാണ് ഒന്നാം യു.പി.എ സര്‍ക്കാര്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ജസ്റ്റിസ് സച്ചാറിന്റെ നേതൃത്വത്തിലുള്ള സമിതി 2006 നവംബര്‍ ഏഴിന് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നവംബര്‍ 30-ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച വര്‍ഷം ഇന്ത്യയില്‍ 150 ദശലക്ഷം മുസ്‌ലിംകളുണ്ടെന്നാണ് കമ്മിറ്റി പറഞ്ഞത്. 67 ശതമാനം മുസ്‌ലിംകള്‍ അധിവസിക്കുന്ന ജമ്മു- കശ്മീര്‍ ആണ് ഏറ്റവും കുടുതല്‍ മുസ്‌ലിംകളുള്ള ഇന്ത്യന്‍ സംസ്ഥാനം. 30.9 ശതമാനവുമായി അസം രണ്ടാം സ്ഥാനത്തും 25.2 ശതമാനവുമായി പശ്ചിമ ബംഗാള്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ റിപ്പോര്‍ട്ട് പ്രകാരം 24.7 ശതമാനം മുസ്‌ലിംകളുള്ള കേരളത്തിന് നാലാം സ്ഥാനമാണ്.
താഴെ പറയുന്നവയായിരുന്നു കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങള്‍:
ഒന്ന്) ഇന്ത്യയിലെ മുസ്‌ലിംകളുടെ മേഖലാ-ജില്ലാ തലങ്ങളിലുള്ള ആപേക്ഷികമായ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതിയെക്കുറിച്ചുള്ള ആധികാരികമായ വിവരം ലഭ്യമാക്കുക.
രണ്ട്) അവരുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെ തലം നിര്‍ണയിക്കുക.
മൂന്ന്) പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള തൊഴിലുകളില്‍ അവരുടെ പങ്കാളിത്തം നിര്‍ണയിക്കുക
നാല്) വിവിധ സംസ്ഥാനങ്ങളിലുള്ള മറ്റു പിന്നാക്ക സമുദായങ്ങളില്‍ (ഒ.ബി.സി) മുസ്‌ലിംകളുടെ അനുപാതം എത്രയെന്ന് കണ്ടുപിടിക്കുക.
അഞ്ച്) വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെയും സര്‍ക്കാര്‍- പൊതുമേഖലാ ബാങ്കുകളുടെ വായ്പകളുടെയും ലഭ്യത കണ്ടുപിടിക്കുക.
മുസ്‌ലിംകളുടെ അസ്തിത്വം, സുരക്ഷ, വികസന വിഹിതം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ ഉറവിടങ്ങളില്‍ നിന്ന് ശേഖരിച്ച സ്ഥിതിവിവരം ക്രേഡീകരിച്ച സച്ചാര്‍ കമ്മിറ്റി മുസ്‌ലിം സമുദായത്തിന്റെ ദയനീയ സ്ഥിതി മാറ്റുന്നതിന് 76 ശിപാര്‍ശകളാണ് സമര്‍പ്പിച്ചത്. ഭാവിനയങ്ങള്‍ കൃത്യമായി മുസ്‌ലിം സമുദായത്തെ കൂടി ഉള്‍ക്കൊണ്ടുള്ളതാവണമെന്നും രാജ്യത്തിന്റെ വൈവിധ്യം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതായിരിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു. ഇന്ത്യയുടെ ശരാശരി ദേശീയ സാക്ഷരത 64.8 ശതമാനമാണെങ്കില്‍ മുസ്‌ലിംകളില്‍ അത് 59.1 ശതമാനമാണെന്ന് കമ്മിറ്റി കണ്ടെത്തി. ഗ്രാമങ്ങളില്‍ സാമൂഹിക ഭൗതിക സൗകര്യങ്ങളുടെ ലഭ്യതയും മുസ്‌ലിം ജനസംഖ്യയും തമ്മില്‍ വിപരീത ബന്ധമാണുള്ളത്. മുസ്‌ലിംകള്‍ അധിവസിക്കുന്ന ഗ്രാമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ കുറവുള്ള ഗ്രാമങ്ങളിലാണ് കൂടുതല്‍ റോഡുകളും ബസ് സ്റ്റോപ്പുകളും മെച്ചപ്പെട്ട വീടുകളുമുള്ളത്. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളുടെ മൂന്നിലൊന്നിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന 40 ശതമാനം ഗ്രാമങ്ങളിലും മെഡിക്കല്‍ സൗകര്യങ്ങളില്ലാത്തതും കമ്മിറ്റി പ്രത്യേകം ഉയര്‍ത്തിക്കാട്ടി.
റിപ്പോര്‍ട്ടനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും ഏജന്‍സികളിലുമുള്ള മൊത്തം മുസ്‌ലിം പങ്കാളിത്തം ഏതു വിഭാഗങ്ങളേക്കാളും താഴെയാണ്. സര്‍ക്കാര്‍ വകുപ്പുകളില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ച ഒരു സംസ്ഥാനം പോലും ഇന്ത്യയിലില്ല. സര്‍വകലാശാലകളിലും ബാങ്കുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്. ബാങ്കുകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്ന വായ്പ കുറഞ്ഞതും മതിയാകാത്തതുമാണ്. മുസ്‌ലിംകള്‍ക്ക് അനുവദിക്കുന്ന വായ്പാ തുകയിലാണ് ഏറ്റവും കുറവ്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള ഗ്രാമപ്രദേശങ്ങളില്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണം വളരെ കുറവാണ്. ചില ബാങ്കുകള്‍ മുസ്‌ലിം മേഖലകളെ വായ്പയും മറ്റു സേവനങ്ങളും ലഭ്യമാകാത്ത 'നെഗറ്റീവ് ജിയോഗ്രാഫിക്കല്‍ സോണ്‍സ്' ആയി അടയാളപ്പെടുത്തിയിട്ടുമുണ്ട്. ധനകാര്യ സേവനങ്ങളില്‍നിന്നുള്ള ഈ പുറന്തള്ളല്‍ അവരുടെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
പൊതു-സ്വകാര്യ മേഖലകളിലുള്ള ശമ്പളക്കാരിലും മുസ്‌ലിംകള്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു പിറകിലാണ്. ഇതുമൂലം അസംഘടിത മേഖലയിലും സ്വയംതൊഴിലിലും മറ്റേതു വിഭാഗങ്ങളേക്കാളും വലിയ പ്രാതിനിധ്യമാണ് മുസ്‌ലിംകളുടേത്. മുസ്‌ലിംകള്‍ കൂടുതലും താരതമ്യേന താഴ്ന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ സ്വാഭാവികമായും ശരാശരി ശമ്പളത്തിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളേക്കാള്‍ വളരെ താഴെയാണ്. അതേസമയം മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം സ്‌കൂള്‍ വിദ്യാഭ്യാസം ഒഴിവാക്കി മദ്‌റസാ വിദ്യാഭ്യാസത്തിന് പോകുന്നവരാണെന്നും അതുകൊണ്ടാണ് അവര്‍ പിന്നാക്കം പോകുന്നതെന്നുമുള്ള ധാരണ റിപ്പോര്‍ട്ട് പൊളിച്ചെഴുതി. മുസ്‌ലിം കുട്ടികളില്‍ കേവലം മൂന്ന് ശതമാനമാണ് മദ്‌റസയില്‍ മാത്രം പോകുന്നവരെന്നും ഭൂരിഭാഗം കുട്ടികളും മക്തബയില്‍ (കേരളത്തിലെ മദ്‌റസകള്‍ പോലെ) പോകുന്നതിനൊപ്പം സ്‌കൂളുകളിലും പോകുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
പ്രധാന ശിപാര്‍ശകള്‍
ഒന്ന്) ന്യൂനപക്ഷങ്ങളെ പോലെ അവഗണിക്കപ്പെടുന്നവരുടെ (ഉലുൃശ്‌ലറ) ആവലാതികള്‍ പരിഹരിക്കുന്നതിന് അവസര സമത്വ കമീഷന്‍ സ്ഥാപിക്കുക.
രണ്ട്) പൊതുമേഖലാ സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ നാമനിര്‍ദേശത്തിനുള്ള നടപടിക്രമം തുടങ്ങുക.
മൂന്ന്) ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലങ്ങള്‍ പട്ടിക ജാതിക്കാര്‍ക്ക് സംവരണം ചെയ്യാത്ത തരത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തുക.
നാല്) ജോലികളില്‍, പ്രത്യേകിച്ച് പൊതുമേഖലയില്‍മുസ്‌ലിംകള്‍ക്കുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുക. ഹയര്‍സെക്കന്ററി സ്‌കൂള്‍ ബോര്‍ഡുമായി മദ്‌റസാ വിദ്യാഭ്യാസത്തെ ബന്ധിപ്പിക്കുന്നതിന് സംവിധാനമൊരുക്കുക. ഡിഫന്‍സ്, സിവില്‍, ബാങ്കിംഗ് പരീക്ഷകളിലേക്കുള്ള യോഗ്യതയായി മദ്‌റസാ ബിരുദത്തെ അംഗീകരിക്കുക
2007 മെയ് 17-നാണ് സച്ചാര്‍ ശിപാര്‍ശകളില്‍ തുടര്‍ന്ന നടപടിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നത്. കമ്മിറ്റി സമര്‍പ്പിച്ച 76 ശിപാര്‍ശകളില്‍ 72 എണ്ണം സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ പ്രധാനപ്പെട്ട മൂന്ന് ശിപാര്‍ശകള്‍ മാറ്റിവെക്കുകയും ഒന്ന് തള്ളുകയും ചെയ്തു. രാജ്യത്തെ സെന്‍സസില്‍ ജാതികളും വിഭാഗങ്ങളും ഉള്‍പ്പെടുത്തുക, സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെയും കേന്ദ്ര വഖ്ഫ് കൗണ്‍സിലിന്റെയും ഭരണനിര്‍വഹണത്തിന് സിവില്‍ സര്‍വീസ് മാതൃകയില്‍ പുതുതായി അഖിലേന്ത്യാ കേഡറുണ്ടാക്കുക, സര്‍വകലാശാലകളിലും സ്വയംഭരണ കോളജുകളിലും മുസ്‌ലിംകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ പ്രവേശനത്തിന് ബദല്‍ പ്രവേശന മാനദണ്ഡങ്ങളുണ്ടാക്കുക എന്നീ ശിപാര്‍ശകളാണ് സര്‍ക്കാര്‍ മാറ്റിവെച്ചത്. മുസ്‌ലിംകളിലെ 'അര്‍സലുകള്‍'ക്ക് പട്ടിക ജാതി പദവി നല്‍കുകയോ അവര്‍ക്കായി ഒ.ബി.സിയില്‍ ഏറ്റവും പിന്നാക്ക സമുദായ ( എം.ബി.സി) പട്ടികയുണ്ടാക്കുകയോ ചെയ്യുക എന്ന ശിപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
സച്ചാര്‍ കമ്മിറ്റിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍നിന്ന് തങ്ങള്‍ സ്വീകരിച്ച 72 ശിപാര്‍ശകള്‍ക്കായി എടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പ് രണ്ടാം യു.പിഎ സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ലമെന്റില്‍ വെച്ചിരുന്നു. അംഗീകരിച്ച 72 ശിപാര്‍ശകള്‍ നടപ്പാക്കാനായി തങ്ങളെടുത്തത് 43 തീരുമാനങ്ങളാണെന്നും പല ശിപാര്‍ശകളും തമ്മില്‍ സാദൃശ്യമുണ്ടായിരുന്നതുകൊണ്ടാണ് അതെന്നും ആ കുറിപ്പില്‍ സര്‍ക്കാര്‍ വിശദീകരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ 15, വൈദഗ്ധ്യ വികസനത്തിന് രണ്ട്, വായ്പ ലഭ്യമാക്കുന്നതിന് ആറ്, പ്രത്യേക വികസന പദ്ധതികള്‍ക്കായി രണ്ട്, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികളെന്ന നിലയില്‍ നാല്, വഖ്ഫ് സംരക്ഷണത്തിന് നാല്, പലവകയില്‍ പത്ത് എന്നിങ്ങനെ ഈ 43 തീരുമാനങ്ങളുടെ കണക്കും സര്‍ക്കാര്‍ നിരത്തി.
ഈ തീരുമാനങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചൈതന്യം പ്രയോഗവത്കരണത്തില്‍ കാര്യമായി പ്രതിഫലിച്ചിട്ടില്ലെന്ന് മനസ്സിലാകും. അവസര സമത്വ കമീഷന്‍ രൂപവത്കരണം, പട്ടിക ജാതി സംവരണ മണ്ഡലമാക്കിയ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയം, ജാതി വ്യവസ്ഥ പോലെ മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും പിന്നാക്കക്കാരായ മുസ്‌ലിംകള്‍ക്ക് പട്ടിക ജാതി പദവി നല്‍കല്‍ എന്നിവക്കു നേരെ നിഷേധാത്മക സമീപനമാണ് കേന്ദ്ര സര്‍ക്കാറില്‍നിന്നുണ്ടായത്. പിന്നാക്കാവസ്ഥയുടെ അടിവേര് കണ്ടെത്തി അറുത്തുകളയുന്നതിനു പകരം തൊലിപ്പുറത്തെ ചികിത്സക്കാണ് കമ്മിറ്റിയെ നിയോഗിച്ച യു.പി.എ സര്‍ക്കാര്‍ മുതിര്‍ന്നത്. പലപ്പോഴും കണക്കുകള്‍ കൊണ്ട് കണ്ണില്‍ പൊടിയിടുകയെന്ന തന്ത്രവും സര്‍ക്കാര്‍ പയറ്റി. സര്‍വ ശിക്ഷാ അഭിയാനു കീഴില്‍ മാനവ വിഭവശേഷി മന്ത്രാലയം അനുവദിക്കുന്ന സ്‌കൂളുകള്‍ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിലാകുമ്പോള്‍ അത് സച്ചാര്‍ കമ്മിറ്റി ശിപാര്‍ശയുടെ തുടര്‍നടപടിയെന്ന നിലയില്‍ എണ്ണുന്നത് ഇങ്ങനെയാണ്.
മുസ്‌ലിം ഉന്നമനത്തിന്റെ ക്രിസ്ത്യന്‍ ഗുണഭോക്താക്കള്‍
ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടതും കമ്മിറ്റി ഒടുവില്‍ ശിപാര്‍ശകള്‍ സമര്‍പ്പിച്ചതും രാജ്യത്തെ മുസ്‌ലിംകളുടെ ഉന്നമനത്തിനായിരുന്നുവെന്ന കാര്യത്തില്‍ യു.പി.എ സര്‍ക്കാറിനോ അതിനെ നയിച്ച കോണ്‍ഗ്രസിനോ സംശയമുണ്ടായിരുന്നില്ല. അബ്ദുര്‍റഹ്മാന്‍ ആന്തുലെ തൊട്ട് റഹ്മാന്‍ ഖാന്‍ വരെ യു.പി.എ കാലത്ത് ന്യൂനപക്ഷ മന്ത്രിമാരായവര്‍ക്കും ഇക്കാര്യത്തില്‍ സന്ദേഹമില്ലായിരുന്നു. എന്നാല്‍, ശിപാര്‍ശകളിന്മേല്‍ നടപടികള്‍ വരുമെന്നു കണ്ടതോടെ ന്യൂനപക്ഷ മന്ത്രാലയത്തിനു മേല്‍ ബാഹ്യ ഇടപെടലുകളുണ്ടായി. മുസ്‌ലിം ക്ഷേമത്തിന് പദ്ധതികള്‍ നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസിനകത്തെ ക്രിസ്ത്യന്‍ ലോബി നന്നായി ചരടുവലിച്ചു. അതോടെ സച്ചാര്‍ ശിപാര്‍ശകളുടെ പേരിലുള്ള തുടര്‍നടപടികളെല്ലാം ന്യൂനപക്ഷ ക്ഷേമ പദ്ധതികളെന്ന നിലയില്‍ മുന്നാക്കക്കാര്‍ കൂടിയടങ്ങുന്ന ന്യൂനപക്ഷങ്ങളുടേതാക്കി മാറ്റി. ഇതിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നു സച്ചാര്‍ കമ്മിറ്റി ശിപാര്‍ശയുടെ മാത്രം തുടര്‍ നടപടിയെന്ന നിലയില്‍ മുസ്‌ലിം ഉന്നമനത്തിന് ആവിഷ്‌കരിച്ച, മൗലാന ആസാദ് ഉന്നത വിദ്യാഭ്യാസ ഫെലോഷിപ്പ്. ഉന്നത വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് അക്കാദമിക ഗവേഷണ മേഖലയില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കാനായി ആവിഷ്‌കരിച്ച ഈ ഫെലോഷിപ്പും ന്യൂനപക്ഷമെന്ന പൊതുപേരിട്ട് പുറത്തിറക്കുന്നതാണ് പിന്നീട് കണ്ടത്. അങ്ങനെ മുസ്‌ലിം ഉന്നമനത്തിനുള്ള ഈ ഫെലോഷിപ്പ് വ്യത്യസ്ത സംസ്ഥാനങ്ങളിലായി മറ്റു ന്യൂനപക്ഷങ്ങള്‍ക്കെല്ലാം വീതം വെച്ചു നല്‍കി. കേരളത്തിന് അനുവദിച്ച 56 ഗവേഷണ ഫെലോഷിപ്പില്‍ മുസ്‌ലിംകള്‍ക്ക് 30 എണ്ണം നല്‍കിയപ്പോള്‍ അവശേഷിക്കുന്ന 26 എണ്ണം ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായാണ് മാറ്റിവെച്ചത്. ഫെലോഷിപ്പ് തുടങ്ങിയ കാലത്തെ ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ശിദിനോടും അതിനു ശേഷം ന്യൂനപക്ഷ മന്ത്രാലയമേറ്റെടുത്ത കെ. റഹ്മാന്‍ ഖാനോടും ഈ അനീതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്നായിരുന്നു അവരുടെ മറുപടി. കേരളത്തില്‍ വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഗുണഭോക്താക്കളാക്കിയതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ഇരുവര്‍ക്കുമായില്ല.
സച്ചാര്‍ കമ്മിറ്റി തുടര്‍ നടപടിയെന്ന നിലയില്‍ അവതരിപ്പിച്ച ഒരു ഫെലോഷിപ്പിന്റെ മാത്രം അവസ്ഥയായിരുന്നില്ല ഇത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗക്കാരുടെ പിറകില്‍ നില്‍ക്കുന്ന മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് പദ്ധതി ആവിഷ്‌കരിച്ചപ്പോഴും വന്നു ക്രിസ്ത്യന്‍ ഇടപെടല്‍. സമഗ്ര വികസനത്തിനുള്ള മേഖല നിര്‍ണയിച്ചപ്പോള്‍ 'മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങള്‍' എന്ന സച്ചാറിന്റെ ശിപാര്‍ശയെ 'ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളാ'ക്കി കോണ്‍ഗ്രസിലെ ക്രിസ്ത്യന്‍ ലോബി മാറ്റി. അതിനു ശേഷം തങ്ങള്‍ക്കനുകൂലമായ തരത്തില്‍ മാനദണ്ഡങ്ങള്‍ മാറ്റിമറിച്ച് ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളെ കണ്ടെത്തുന്നതിലും നടത്തി ഈ അട്ടിമറി.
ജനസംഖ്യാനുപാതികമായി നോക്കിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തില്‍ കേരളത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ഇന്നിപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കണക്കില്‍ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയല്ലാതായത് അങ്ങനെയാണ്. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ പട്ടികയില്‍നിന്ന് മലപ്പുറത്തെ വെട്ടിമാറ്റി പകരം വയനാടിനെയാണ് ആ സ്ഥാനത്ത് കുടിയിരുത്തിയത്. സഖ്യകക്ഷിയായ മുസ്‌ലിം ലീഗ് സമ്മര്‍ദം ചെലുത്തിയിട്ട് ഈ അട്ടിമറി തിരുത്താന്‍ കോണ്‍ഗ്രസ് തയാറായില്ല. അതേസമയം, മദ്‌റസാ യോഗ്യതയും ബിരുദവും ഉപരിപഠനത്തിനും സര്‍വകലാശാലാ പ്രവേശത്തിനും പൊതു വിദ്യാഭ്യാസവുമായി സമീകരിച്ചപ്പോള്‍ മാത്രം മുസ്‌ലിം ഉന്നമന പദ്ധതിയില്‍ ആര്‍ക്കും പാകപ്പിഴ തോന്നിയില്ല. സെമിനാരികളിലുള്ളവര്‍ ഭൗതിക വിദ്യാഭ്യാസം പ്രത്യേകം നേടുന്നതിനാല്‍ ഇതും ന്യൂനപക്ഷ പദ്ധതിയാക്കണമെന്ന അതിവാദം കോണ്‍ഗ്രസിലെ ക്രിസ്ത്യന്‍ ലോബിയും ഉന്നയിച്ചില്ല.
സച്ചാര്‍ ശിപാര്‍ശകളുടെ ഭാവി
അധികാരമേറ്റ ശേഷം സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകളില്‍ അടയിരിക്കുന്ന മോദിക്ക് മുമ്പാകെ ഈ ശിപാര്‍ശകളുടെ ഭാവി സംബന്ധിച്ച് 2014 ഡിസംബറില്‍ പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നിരുന്നു. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംഘ് പരിവാര്‍ അജണ്ടകളിലേക്ക് കാലെടുത്തുവെക്കും മുമ്പായിരുന്നു അത്. 2014 ഫെബ്രുവരിയില്‍ യു.പി.എ സര്‍ക്കാര്‍ നല്‍കിയ ഉത്തരം തന്നെ പകര്‍ത്തിയെഴുതി സമര്‍പ്പിക്കുകയാണ് അന്ന് മോദി സര്‍ക്കാര്‍ ചെയ്തത്. മറ്റു പല കാര്യങ്ങളിലുമെന്ന പോലെ യുപി.എ സര്‍ക്കാറിന്റെ കാലത്തെ തീരുമാനങ്ങളും പദ്ധതികളും അപ്പടി അവതരിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ആ സമയത്ത് ചെയ്തിരുന്നത്. സാങ്കേതികമായി ഇത് ശരിയാണുതാനും. മുന്‍ സര്‍ക്കാറിന്റെ ജനക്ഷേമ നടപടികളും ജനപ്രിയ പദ്ധതികളും തുടര്‍ന്നുകൊണ്ടുപോകുകയാണ് തുടര്‍ന്നുവരുന്ന സര്‍ക്കാറും ചെയ്യാറുള്ളത്. അതിലൊട്ടും അത്ഭുതമില്ല. ഭക്ഷ്യ സുരക്ഷാ പദ്ധതിയും തൊഴിലുറപ്പു പദ്ധതിയും സ്മാര്‍ട് സിറ്റിയും ശുചിത്വ ഭാരതവുമെല്ലാം മോദി സര്‍ക്കാര്‍ തുടരുന്ന മുന്‍ സര്‍ക്കാറിന്റെ പദ്ധതികളാണ്. പ്രതിപക്ഷത്തായിരിക്കെ തൊഴിലുറപ്പു പദ്ധതി സാമ്പത്തിക ദുര്‍വ്യയമാണെന്ന് നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായപ്പോള്‍ അതിനുള്ള വിഹിതം വര്‍ധിപ്പിക്കുന്നതാണ് കണ്ടത്.
എന്നാല്‍, ഗുണഭോക്താക്കള്‍ മുസ്‌ലിംകളാണെന്ന് വരുമ്പോഴാണ് മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ് പരിവാര്‍ സര്‍ക്കാര്‍ രണ്ടാമതൊന്നാലോചിക്കുകയും പലപ്പോഴും പദ്ധതികളും തീരുമാനങ്ങളും അട്ടിമറിക്കുകയും ചെയ്യുന്നത്. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകളിന്മേലുള്ള തുടര്‍ നടപടിയെന്ന നിലയില്‍ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് സംഭവിക്കാന്‍ പോകുന്നതും മറ്റൊന്നായിരിക്കില്ല. രാജ്യത്തിന്റെ നയതന്ത്രമെന്ന നിലയിലായിരുന്നു വിദേശ മന്ത്രാലയത്തിനു കീഴില്‍ ഇക്കാലമത്രയും സംഘടിപ്പിച്ച ഹജ്ജ്, ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലേക്ക് മാറ്റിയതാണ് മുസ്‌ലിംകളുമായി ബന്ധപ്പെട്ട് അധികാരത്തിലത്തെിയ ശേഷം മോദി സര്‍ക്കാര്‍ എടുത്ത നിര്‍ണായകമായ ഒരു തീരുമാനം. ഇതാകട്ടെ പൊതുസ്വീകാര്യത ഇല്ലാതാക്കി ഹജ്ജിനെ മുസ്‌ലിം തീര്‍ഥാടനമെന്ന നിലയില്‍ അപരവത്കരിക്കുന്നതിലാണ് കലാശിക്കുക. അടുത്ത ബജറ്റില്‍ വിമാനക്കമ്പനിക്കായി തുടരുന്ന ഹജ്ജിന്റെ സബ്‌സിഡിയും ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കണക്കില്‍പ്പെടുത്തി ന്യൂനപക്ഷ പദ്ധതി വിഹിതം വര്‍ധിപ്പിച്ചുവെന്ന് സ്വന്തം മൗലാനമാരെക്കൊണ്ട് പറയിക്കാന്‍ മോദിക്ക് കഴിയുകയും ചെയ്യും.
Comments