'പാര്‍ശ്വവത്കൃതരുടെ ഐക്യം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്'<br>അഭിമുഖം-2
ദേശസംസ്‌കാരമെന്ന പേരില്‍ ദേശചിഹ്നങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുന്ന കാലത്ത് ദേശത്തെയും ദേശീയതയെയും എങ്ങനെയാണ് തിരിച്ചുപിടിക്കുക?
ദേശീയതയെക്കുറിച്ചുള്ള പുതിയ നിര്‍വചനങ്ങള്‍ വെച്ചുനോക്കുമ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്നതാരായാലും ഏതു മതക്കാരായാലും അവന്‍/അവള്‍ ഇന്ത്യക്കാരല്ലേ എന്ന സംശയമാണുണ്ടാവുക. എന്നിട്ടവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലിന്നത് സാര്‍വത്രികമായിരിക്കുന്നു. ദേശീയവാദിയാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അല്ലായെന്ന്. കാരണം, ഞാന്‍ വിശ്വസിക്കുന്നത് അന്തര്‍ദേശീയതയിലാണ്. ആ അന്തര്‍ദേശീയതയുടെ ഭാഗമാണ് ദേശീയത. അതില്ലാതെ കേവലം ദേശീയവാദിയാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. രാഷ്ട്രം എന്നു പറയുന്നതുതന്നെ ഒരു സങ്കല്‍പമാണ്. ഇന്ന് ഹരിയാന അതിര്‍ത്തിയില്‍ പാകിസ്താനില്‍നിന്നുള്ള ഒരു മനുഷ്യന്‍ ഇന്ത്യയിലേക്ക് കടന്നാല്‍ രാജ്യദ്രോഹിയായി. അവിടെയായിരുന്നപ്പോള്‍ രാജ്യസ്‌നേഹിയായിരുന്നു. അപ്പോള്‍ രാജ്യസ്‌നേഹിയും രാജ്യദ്രോഹിയും തമ്മില്‍ ഇത്രമാത്രമേ ദൂരമുള്ളൂ. ദേശീയതയെക്കുറിച്ചുള്ള ചോദ്യം തന്നെ ബാലിശമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സമൂഹത്തിന്റെ നിയമങ്ങള്‍ക്ക്, രാഷ്ട്രം രൂപപ്പെടുത്തിയെടുത്ത നിയമങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്നുണ്ടോ എന്നതു മാത്രമാണ് പ്രശ്‌നം. ദേശീയഗാനം ആലപിക്കാം, ആലപിക്കാതിരിക്കാം. ദേശീയഗാനം മുക്കിലും മൂലയിലും എല്ലാം അവതരിപ്പിച്ച് അതിനെ ആദരിക്കണം എന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ദേശീയഗാനത്തെ നിന്ദിക്കാന്‍ കൂടുതല്‍ സാഹചര്യം ഒരുക്കുകയാണ് അത് ചെയ്യുക. സിനിമാശാലക്കകത്ത് ദേശീയഗാനം കേള്‍പ്പിച്ചതുകൊണ്ടൊന്നും ദേശീയബോധം ഉണ്ടാകാന്‍ പോകുന്നില്ല. ദേശീയ ചിഹ്നങ്ങളെക്കുറിച്ച് പറയുന്നു. എന്താണ് ദേശീയ ചിഹ്നം? ദേശീയ പതാകയുണ്ട്. എന്നാല്‍, അതിനപ്പുറത്ത് ഫാഷിസം പറയുന്നതെല്ലാം ദേശചിഹ്നങ്ങളായി അടിച്ചേല്‍പിക്കപ്പെടുകയാണ്. ഇത് അപകടം പിടിച്ചൊരു പ്രവണതയാണ്. നീ/ഞാന്‍ എന്ന സാമൂഹിക വിഭജനം ഇന്ന് ശക്തമാണ്. അപ്പോള്‍ നിങ്ങളാരാണ് എന്നതിന് പുതിയ പര്യായങ്ങള്‍ കൊടുക്കുകയാണ്. ഒന്നുകില്‍ ദേശദ്രോഹിയാക്കുന്നു. അല്ലെങ്കില്‍ തീവ്രവാദിയാക്കുന്നു. അതുമല്ലെങ്കില്‍ ഭരണകൂടവിരുദ്ധര്‍ എന്ന് മുദ്രയടിക്കുന്നു.
ദേശീയ ഗാനവുമായി ബന്ധപ്പെട്ട് തെരുവില്‍ ഭീതിദമായ അവസ്ഥ സൃഷ്ടിക്കുന്നത് സംഘ്പരിവാര്‍ ഫാഷിസമാണ്. ദേശീയഗാനം, ദേശീയ പതാക, രാഷ്ട്ര പിതാവ് മുതലായവയുമായി രാഷ്ട്രീയ ലാഭത്തിനിറങ്ങിയിരിക്കുന്ന സംഘ്പരിവാറിന് ഇവയുമായി എന്ത് ആദര്‍ശബന്ധമാണുള്ളത്?
ഇന്ത്യന്‍ ഫാഷിസം എക്കാലത്തും ഇവയെല്ലാം തള്ളിപ്പറഞ്ഞതാണ്. ദേശീയ പ്രസ്ഥാനത്തെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും രാഷ്ട്രപിതാവിനെയുമെല്ലാം ചരിത്രപരമായി തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് ഫാഷിസത്തിനുള്ളത്. അഥവാ, ദേശീയ ചിഹ്നങ്ങളെ ഏറ്റവുമധികം അവമതിച്ചിട്ടുള്ളത് വര്‍ഗീയവാദികളാണ്. ഇന്ന് ആര്‍.എസ്.എസ്സിന്റെ ആസ്ഥാനത്ത്, അതിന്റെ ശാഖകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നുണ്ടോ? ഇല്ല. അവരുടെ ദേശഭക്തി എന്നത് ജനങ്ങളിലെ വികാരങ്ങളെ ഉത്തേജിപ്പിക്കാനുള്ള രാഷ്ട്രീയ വിദ്യകള്‍ മാത്രമാണ്. ഇതാണ് ഫാഷിസത്തിന്റെ അടിത്തറ. ഏതെങ്കിലും ദേശീയ ചിഹ്നത്തെ ജനമനസ്സുകളില്‍ വേരുറപ്പിച്ച് അതുമായി ബന്ധപ്പെട്ട് വംശീയവും രാഷ്ട്രീയവുമായ പ്രചാരണം നടത്തുക. അതാണിപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ പൗരത്വമെന്നതിന് പകരം മത പൗരത്വം സ്ഥാപിക്കാനുള്ള ശ്രമമാണ് രാജ്യത്തുള്ളത്. പാഠപുസ്തകങ്ങളുടെ നിര്‍മിതി, യോഗ പരിശീലനം, റോഡുകളുടെ പുനര്‍നാമകരണം, ഭഗവദ് ഗീതയെ ദേശീയ ഗ്രന്ഥമാക്കല്‍ തുടങ്ങി സ്റ്റേറ്റ് നടപ്പാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ഇത് പ്രകടമാണ്. അതുവഴി ദേശീയതക്ക് നമുക്ക് പരിചയമില്ലാത്ത പുതിയ വര്‍ണം നല്‍കുകയാണ്. നേരത്തേ ഇത്തരം വര്‍ഗീയ ജല്‍പനങ്ങള്‍ ഹിന്ദുത്വവാദികളിലെ മതഭ്രാന്തന്മാരില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. ഇന്ന് സ്റ്റേറ്റിന്റെ നിയന്ത്രണം വര്‍ഗീയ ശക്തികളില്‍ കൈവന്നതോടെ ആ മതഭ്രാന്തന്മാര്‍ കേന്ദ്ര സ്ഥാനത്ത് കടന്നുവന്നിരിക്കുന്നു. ഉന്നത നിലവാരമുള്ള ഗവേഷണ കേന്ദ്രങ്ങളായി പേരെടുത്ത ഓള്‍ ഇന്ത്യാ സയന്‍സ് കോണ്‍ഗ്രസ്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് എന്നിവയെ ആസൂത്രിതമായി കൈയടക്കുന്നു. മത ദേശീയതയുടെ ഈ കടന്നാക്രമണത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ഒന്നാണ് ചരിത്രം. ഭൂതകാലത്തിനാകെ കാവി നിറം നല്‍കിക്കൊണ്ട് ഇന്ത്യന്‍ ചരിത്രത്തിന് പുതിയ ദേശീയഭാവം നല്‍കുകയാണ്. ഹിന്ദുക്കളുടെ പൂര്‍വികര്‍ക്ക് ആധുനിക വിജ്ഞാനങ്ങളെക്കുറിച്ച് ജ്ഞാനമുണ്ടായിരുന്നുവെന്നാണ് വാദം. ശാസ്ത്രീയതക്ക് യാതൊരു പ്രാധാന്യവും നല്‍കാതെ ഇന്ത്യന്‍ ഭൂതകാല നേട്ടങ്ങളെ പര്‍വതീകരിക്കുകയും കാല്‍പനികവത്കരിക്കുകയുമാണ് സംഘ്പരിവാര്‍. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആരംഭിച്ച ആസൂത്രിതമായ ഈ പ്രചാരണ തന്ത്രങ്ങളുടെ യഥാര്‍ഥ ലക്ഷ്യം പൗരാണിക ഹിന്ദു പുരുഷന് നായക പരിവേഷം നല്‍കലാണ്. 1980-കള്‍ക്ക് ശേഷമാണ് രാമന്‍ പൗരുഷഭാവം പൂണ്ട് ഹിംസാത്മക വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാമന്‍ എന്നതുതന്നെ വാസ്തവത്തില്‍ ഒരു പ്രഹേളികയാണ്; ഐതിഹ്യമാണ്. ഇന്ത്യയില്‍ പല ഭാഗങ്ങളില്‍ രാമക്ഷേത്രങ്ങള്‍ മാത്രമല്ല, രാമകഥകളും വന്നിട്ടുണ്ട്. ഇത്തരം ആയിരക്കണക്കിന് ക്ഷേത്രങ്ങളൊക്കെ രാമന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കുന്നുമുണ്ട്. വയനാട്ടില്‍ രാമായണത്തിന്റെ മുഴുവന്‍ കഥയുമുണ്ട്. അവിടെയൊക്കെ ജന്മസ്ഥലങ്ങളുമുണ്ട്. അപ്പോള്‍ മനസ്സിലാേക്കണ്ടത് ഇത് രാഷ്ട്രീയമായിട്ടുള്ള ഒരു കളിയാണ്. ചരിത്രത്തിന്റെ ഈ വായന അക്കാദമികമല്ല. മറിച്ച്, രാഷ്ട്രീയമാണ്. ഇന്ത്യന്‍ ദേശീയത എന്നാല്‍ ഹിന്ദു ദേശീയത എന്ന വിശ്വാസപ്രമാണത്തിലേക്കാണ് ഇത് എത്തിപ്പെടുക.
ഇന്ത്യയില്‍ ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ആലോചനകളും അവസാനത്തില്‍ സംഘ്പരിവാര്‍ വാദങ്ങളോടുതന്നെ ചേര്‍ന്നുനില്‍ക്കുന്നുണ്ടല്ലോ. ദേശീയോദ്ഗ്രഥനവുമായി സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് ബദലെന്ത് എന്ന ചോദ്യം വരുമ്പോള്‍ നമ്മുടെ മതേതരവാദികള്‍ പോലും അറിയാതെ പങ്കുവെക്കുക ഫാഷിസ്റ്റ് വാദങ്ങള്‍ തന്നെയായിരിക്കും. ഏക സിവില്‍ കോഡ് വിഷയം ഉദാഹരണം. അഥവാ, വിമര്‍ശിക്കപ്പെടുമ്പോള്‍തന്നെ സ്വാംശീകരിക്കപ്പെടേണ്ട മൂല്യമായി സവര്‍ണ സംസ്‌കാരം മാറുന്നുണ്ടല്ലോ?
നമ്മുടെ പാരമ്പര്യത്തോടുള്ള സമീപനമെന്താണ് എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നു. പാരമ്പര്യത്തെ നാം എങ്ങനെയാണ് നോക്കിക്കാണുന്നത്? പാരമ്പര്യത്തിന്റെ ഏതെല്ലാം വശങ്ങള്‍ ഇന്നത്തെ ജീവിതത്തില്‍ ഉണ്ടാകണം? പാരമ്പര്യം സമ്പൂര്‍ണമായും പുനരുദ്ധരിക്കപ്പെടേണ്ടതുണ്ടോ? നിലവിളക്കിന്റെ കാര്യമെടുക്കുക. നിലവിളക്ക് എന്നത് ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമാണോ? ഹിന്ദുത്വ വര്‍ഗീയവാദികള്‍ അതിനെ ഹിന്ദുവത്കരിക്കുകയാണ് ചെയ്യുന്നത്. ഞാന്‍ പങ്കെടുക്കുന്ന പല പരിപാടികളിലും എനിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള വേദിയാണെങ്കില്‍ ഞാന്‍ നിലവിളക്ക് കത്തിക്കാറില്ല.
ഹിന്ദുമത ദേശീയത പ്രചോദനമുള്‍ക്കൊണ്ടത് പത്തൊമ്പതാം നൂറ്റാണ്ടിലെ പുനരുത്ഥാന പ്രസ്ഥാനങ്ങളില്‍നിന്നാണെന്ന വാദം നിലനില്‍ക്കുന്നുണ്ട്. മതബോധം വളര്‍ത്തുന്നതില്‍ സംഭാവന ചെയ്ത പ്രസ്ഥാനങ്ങള്‍ എന്ന നിലക്ക് ധര്‍മസഭ, ആര്യസമാജ് എന്നീ പ്രസ്ഥാനങ്ങളെ നമുക്ക് നോക്കിക്കാണാവുന്നതാണ്. ആധുനികതയോട് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ക്കുള്ളിലായിരുന്നു ഈ പ്രസ്ഥാനങ്ങള്‍ നിലയുറപ്പിച്ചത്. അതുകൊണ്ടുതന്നെ അവ കൂടുതല്‍ കൂറുപുലര്‍ത്തിയത് പൗരാണികതയോടെയാണ്. അതാകട്ടെ, തദ്ദേശീയ സംസ്‌കാരത്തിന്റെ വീണ്ടെടുക്കലിനും അതിന്റെ സംരക്ഷണത്തിനും കാല്‍പനികവത്കരണത്തിനുമാണ് വഴിയൊരുക്കിയത്. ദേശീയതയുടെ വേരുകള്‍ അവര്‍ കണ്ടെത്തിയത് വേദകാലത്തെ ആര്യന്മാരുടെ നേട്ടങ്ങളിലാണ്. ഇന്ന് ചിലര്‍ ഈ കാലപരിധി സിന്ധുനദീതട സംസ്‌കാരം വരെ വിപുലീകരിച്ചിരിക്കുന്നു. വേദങ്ങളെയും ഉപനിഷത്തുകളെയും ഹിന്ദു മതത്തിന്റെ അടിസ്ഥാന ശാസ്ത്രമായി പരിഗണിച്ചുകൊണ്ട് എല്ലാ വിമോചനത്തിന്റെയും ഉടവിടമായി അവയെ സ്ഥാപിക്കുന്നു
മുഖ്യധാരയെന്ന സങ്കല്‍പമില്ലാതെ ദേശരാഷ്ട്രങ്ങള്‍ക്ക് നിലനില്‍ക്കുക സാധ്യമല്ലല്ലോ. മുഖ്യധാരയെ നിലനിര്‍ത്തണമെങ്കില്‍ ചിലതിനെ കൈയൊഴിയേണ്ടിരും. ചിലതിനെ കൈക്കൊള്ളേണ്ടിവരും. ഇന്ത്യയുടെ ദേശചരിത്രത്തില്‍ ദേശീയ ഭാവന കൈയൊഴിഞ്ഞത് ഇസ്‌ലാമിനെയാണല്ലോ. ഈ മുസ്‌ലിം അപരവത്കരണത്തിന്റെ ചരിത്രപരമായ കാരണം എന്തായിരിക്കും?
മോഡേണിറ്റിയുടെ യൂറോപ്പ് പശ്ചാത്തലവും അതിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവുമെല്ലാം അതിന്റെ കാരണങ്ങളാണ്. ഇസ്‌ലാം അപരത്വം എന്നത് യൂറോപ്യന്‍ നവോത്ഥാനത്തിന്റെ സന്തതിയാണ്. യൂറോപ്യന്‍ നവോത്ഥാനത്തിന് മതപരമായ ഒരടിത്തറയുണ്ട്. ആധുനികത വന്നപ്പോള്‍ ചിലതിനെ ഉള്‍ക്കൊള്ളാന്‍ പറ്റും, ചിലതിനെ പറ്റില്ല എന്ന സ്ഥിതി വന്നുചേര്‍ന്നു. അത് മതവുമായി ഒത്തുചേര്‍ന്നപ്പോള്‍ കുറേകൂടി കര്‍ക്കശമായിത്തീര്‍ന്നു. അതിന്റെ ഭാഗായി ആരാണ് ദേശീയവാദി, ആരാണ് ആധുനികവാദി എന്ന ചോദ്യമുയരുന്നുണ്ട്. അങ്ങനെ യൂറോപ്പ് അതിനു പറ്റുന്ന തരത്തിലുള്ള മധ്യകാല ഇസ്‌ലാമിന്റെ ഒരു ഇരുണ്ട യുഗമുണ്ടാക്കി. ഇന്ത്യയിലും സമാനമായ മധ്യകാലയുഗം അവര്‍ പടച്ചുണ്ടാക്കി. ഇസ്‌ലാം അപരിഷ്‌കൃത മതമായി ഇതിലൂടെ അവതരിപ്പിക്കപ്പെട്ടു.
ഇന്ത്യന്‍ ദേശീയതയുടെ രൂപപ്പെടലുമായി ചരിത്രത്തിന് വലിയ ബന്ധമുണ്ടല്ലോ. ചരിത്രനിര്‍മിതിയിലെ കൊളോണിയല്‍ ബാന്ധവങ്ങള്‍ കൂടുതല്‍ തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിം അപരത്വത്തിനു പിന്നിലും ഈ കൊളോണിയല്‍ ചരിത്രങ്ങള്‍ക്ക് പങ്കില്ലേ?
കൊളോണിയല്‍ ചരിത്രകാരന്മാര്‍ ഇന്ത്യയുടെ ഭൂതകാലം തയാറാക്കിയത് ഭരിക്കുന്ന ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ്. ഭൂരിഭാഗം ജനങ്ങളുടെ ഹിതം നോക്കിക്കൊാണ് അവര്‍ ചരിത്രം തയാറാക്കിയത്. അതുകൊണ്ടാണ് ആര്യവും വൈദികവുമായ സംസ്‌കാരത്തില്‍ അവരെത്തിച്ചേരുന്നത്. ഇന്ത്യയെ അവര്‍ നോക്കിക്കണ്ടത് ആകെ ഇന്ത്യയുടെ തുടര്‍ച്ചയായിക്കൊണ്ടാണ്. അങ്ങനെ അവര്‍ ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വര്‍ഗീകരിച്ചു. യൂട്ടിലിറ്റേറിയന്മാര്‍ തയാറാക്കിയ ഘട്ട വിഭജനത്തിനനുസരിച്ച് സുവര്‍ണ യുഗവും ഇരുണ്ട യുഗവും ചേര്‍ത്തുവെക്കുകയാണ് പൗരസ്ത്യ ചരിത്രകാരന്മാര്‍ ചെയ്തത്. സുവര്‍ണയുഗത്തിന് കളങ്കമേല്‍പിക്കാന്‍ പുറത്തുനിന്നു വന്നവര്‍ മുസ്‌ലിംകളായി മാറി. ഈ പൗരസ്ത്യ പഠനങ്ങളില്‍നിന്ന് സംഘ്പരിവാര്‍ പലതും ഉള്‍ക്കൊള്ളുന്നു. അവര്‍ക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ട്. പൗരസ്ത്യ പഠനങ്ങളില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അംശങ്ങളില്ല. എന്നാല്‍, സംഘ്പരിവാറിന്റെ കാഴ്ചപ്പാട് വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമാണ്. മാക്‌സ് മുള്ളറും സംഘവും അവര്‍ തിരിച്ചറിഞ്ഞ ഒരു തത്ത്വവും സിദ്ധാന്തവും മുന്നോട്ടുവെക്കുകയാണ്. ഇവര്‍ക്ക് സിദ്ധാന്തത്തിലൊന്നും താല്‍പര്യമില്ല. മുഴുവന്‍ മുസ്‌ലിംകളെയും ശത്രുക്കളായി കാണിക്കുക എന്ന സമീപനമാണ്.
മുസ്‌ലിംകള്‍ക്ക് അടിസ്ഥാനപരമായി കൂറ് അവരുടെ മതത്തോടും അതുവഴി വിശാല ഇസ്‌ലാമികതയോടുമാണ് എന്നൊരു വാദം അവരെ അപരരാക്കി നിര്‍ത്താന്‍ കാരണമാക്കുന്നുണ്ടല്ലോ. യഥാര്‍ഥത്തില്‍ ദേശാതിവര്‍ത്തിയായ ഈ വിശാല ഇസ്‌ലാമികതയെ ഉപയോഗപ്പെടുത്തിക്കൊണ്ടല്ലേ ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹിക രൂപീകരണം നടന്നിട്ടുള്ളത്? തുര്‍ക്കി ഖിലാഫത്തിനെ ഗാന്ധിജി ബ്രിട്ടീഷ്‌വിരുദ്ധ സമരത്തിന് ആക്കം കൂട്ടാനുള്ള മാര്‍ഗമായി കാണുന്നു. പോര്‍ച്ചുഗീസ്‌വിരുദ്ധ സമരകാലത്ത് സാമൂതിരിയെ സഹായിക്കാന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ബീജാപൂര്‍ സുല്‍ത്താന്റെയും തുര്‍ക്കി സുല്‍ത്താന്റെയും സഹായം തേടുന്നു. ആ സഹായം ഉപയോഗപ്പെടുത്തി സാമൂതിരി പോര്‍ച്ചുഗീസുകാര്‍ക്കെതിരായ പട നയിക്കുന്നു. ദേശാതീതമായ ഈ ഇസ്‌ലാം കാഴ്ചപ്പാട് അപകടമാകുന്നത് മോഡേണിറ്റിക്കു ശേഷമല്ലേ?
'പാന്‍ ഇസ്‌ലാമിസം' എന്നത് ഒരു യാഥാര്‍ഥ്യമല്ല. മുമ്പ് ഇങ്ങനെയൊരു ആശയമില്ല. 'പാന്‍ ഇസ്‌ലാമിസം' ലോകത്തുള്ള മുഴുവന്‍ മുസ്‌ലിംകളും ഒരുപോലെയാണ് എന്നാണ് അര്‍ഥമാക്കുന്നത്. ഇന്ത്യയിലുള്ള മുഴുവന്‍ ഹിന്ദുക്കളും ഒരുപോലെയാണ് എന്ന 'പാന്‍ ഹിന്ദുയിസം' പോലെ തന്നെ തെറ്റായൊരു കാഴ്ചപ്പാടാണിത്. അതിന്റെ തന്നെ മറ്റൊരു വശമാണ് രാഷ്ട്രീയത്തെ മതവുമായി ചേര്‍ത്തുവെച്ചത്. ഞാനിപ്പോഴും വിചാരിക്കുന്നത് ഖിലാഫത്ത് മൂവ്‌മെന്റ് ഈ തെറ്റായ കാഴ്ചപ്പാടിന്റെ ഫലമായിരുന്നു എന്നാണ്. ഗാന്ധിജിക്ക് സംഭവിച്ച വലിയ വിഡ്ഢിത്തങ്ങളിലൊന്നാണ് ഖിലാഫത്ത് പ്രസ്ഥാനം. കേരളത്തില്‍പോലും സംഭവിച്ചത് ഹിന്ദുക്കളും മുസ്‌ലിംകളും മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു എന്നതാണ്. 1921-നു ശേഷമാണ് മതാടിസ്ഥാനത്തിലുള്ള ഈ വിഭജനം ശക്തിപ്പെട്ടത്. മുമ്പുകാലത്ത് അത്ര തോതില്‍ ഉണ്ടായിരുന്നില്ല. പാന്‍ ഇസ്‌ലാമിസം എന്ന ഒറ്റക്കള്ളിയിലേക്ക് ഇസ്‌ലാമിനെ ഒതുക്കാനാവില്ല. മതപരമായിത്തന്നെ അങ്ങനെയൊരു ഏക സംസ്‌കാരം ഇസ്‌ലാമിനില്ല. ആധുനികമായ തിരിച്ചറിവുകള്‍ പല തരത്തിലാണ് മുസ്‌ലിം ലോകത്തുാകുന്നത്. ഇന്ത്യയിലെ മുസ്‌ലിം കര്‍ഷകനും ഇറാഖിലെ മുസ്‌ലിം കര്‍ഷകനും ഒരുപാട് വ്യത്യാസമു്. ജീവിതരീതിയിലും വേഷവിധാനങ്ങളിലും ഭക്ഷണ രീതിയിലുമെല്ലാം ഈ വ്യത്യാസം പ്രകടമാണ്. അഥവാ, ഒരൊറ്റ ഐഡന്റിറ്റി മാത്രമല്ല ഇസ്‌ലാമിനുള്ളത്. പല തരത്തിലുള്ള സ്വത്വവും അതിന്റെ ഭാഗമായ സ്വത്വപ്രശ്‌നങ്ങളുമുണ്ട്. അതിനെയെല്ലാം ഒന്നായി ചുരുക്കിക്കൂട്ടുന്നത് മതത്തിന്റേതായാലും ജാതിയുടേതായാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. ദേശാതീതമായ ഇസ്‌ലാംബോധം ഒരു തെറ്റല്ല. എന്നാല്‍, അതിനെ ഉപയോഗിക്കുന്നത് എന്തിനു വേണ്ടി എന്നതാണ് പ്രശ്‌നം. അന്യോന്യമായ സൗഹാര്‍ദത്തിനു വേണ്ടിയാണോ അതല്ല പരസ്പരമുള്ള മാത്സര്യത്തിനു വേണ്ടിയാണോ എന്നതാണ് മൗലിക വ്യത്യാസം.
എല്ലാ മതങ്ങളുടെയും അടിസ്ഥാനപരമായ ആശയങ്ങളും മൂല്യങ്ങളും മാനുഷികമാണ്. എല്ലാ മതങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചിട്ടുള്ളതും അതാണ്. എന്നാല്‍, മതങ്ങളുടെ ഈ സാര്‍വലൗകികമായ ആശയം മതങ്ങളിലേക്ക് മാത്രമായി ചുരുങ്ങിപ്പോയി. മതത്തിന്റെ താല്‍പര്യമായി ഇന്ന് കാണാന്‍ കഴിയുന്നത് മതനേതാക്കളുടെയും പുരോഹിതന്മാരുടെയും താല്‍പര്യങ്ങളാണ്. മതങ്ങളില്‍ അനാചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാകുന്നത് അവരുടെ താല്‍പര്യങ്ങള്‍ക്കൊത്താണ്.
പ്രാചീന ഇന്ത്യയില്‍ ഹിന്ദു-മുസ്‌ലിം സംഘട്ടനമാണ് നിലനിന്നിരുന്നത് എന്ന ഇന്ത്യന്‍ ചരിത്രകാരന്മാരില്‍ ചിലരുടെ നിരീക്ഷണങ്ങളെ താങ്കള്‍ എങ്ങനെയാണ് സമീപിക്കുന്നത്? അത്തരം സ്ഥായിയായ ഹിന്ദു-മുസ്‌ലിം സംഘട്ടനമാണോ ഇന്ത്യക്കുള്ളത്?
യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല ഈ വാദങ്ങള്‍. ഈ ചരിത്രകാരന്മാര്‍ തന്നെ ആരാണ്? ശാസ്ത്രീയമായി ചരിത്രത്തെ സമീപിച്ച ഒരാളും ഇങ്ങനെ പറഞ്ഞിട്ടില്ല. ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് ഈ മതാടിസ്ഥാനത്തിലുള്ള വിഭജനമുണ്ടാക്കിയത്. അവര്‍ക്ക് അവരുടേതായ ഭരണകൂട താല്‍പര്യങ്ങളുണ്ടായിരുന്നു. മതപരമായി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലുണ്ടായിരുന്ന വ്യത്യാസങ്ങളെ വര്‍ഗീയവത്കരിക്കുകയാണ് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ചെയ്തത്. ചരിത്രത്തിലെ അപവാദങ്ങളെ മാത്രം അടര്‍ത്തിയെടുത്ത് അതിനെ പൊലിപ്പിച്ചുകാട്ടുകയാണ് അവര്‍ ചെയ്തത്. ചരിത്രത്തെ സമഗ്രമായി സമീപിക്കാതെ സത്യസന്ധമായ ചരിത്രം തയാറാക്കുക സാധ്യമല്ല. അമ്പലങ്ങള്‍ പൊളിച്ചു എന്നു പറയുന്ന മുസ്‌ലിം ഭരണാധികാരികള്‍ സ്വന്തം പ്രദേശത്ത് അത് ചെയ്യുന്നില്ല. കാരണം വ്യക്തമാണ്. സാമ്പത്തിക താല്‍പര്യങ്ങളാണ് അമ്പലം പൊളിക്കലിനു പിന്നില്‍ പോലുമുള്ളത്. ക്ഷേത്രം തകര്‍ക്കുന്നത് മുസ്‌ലിം ഭരണാധികാരികള്‍ മാത്രമല്ല, ഹിന്ദു രാജാക്കന്മാരുമാണ്. അമ്പലങ്ങള്‍ മുസ്‌ലിം രാജാക്കന്മാര്‍ പൊളിച്ചതുപോലെ ബൗദ്ധ വിഹാരങ്ങള്‍ ഹിന്ദു രാജാക്കന്മാരും പൊളിച്ചിട്ടുണ്ട്. അതുപോലെ ഹിന്ദു അമ്പലങ്ങള്‍ ബുദ്ധന്മാര്‍ പൊളിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും മതത്തിന്റെ പേരിലല്ല ഈ തകര്‍ക്കലുകള്‍ നടന്നിട്ടുള്ളത്. പലപ്പോഴും അധികാരവുമായി ബന്ധപ്പെട്ടാണ്. കോട്ട എന്നത് അധികാരത്തിന്റെ ചിഹ്നമാണ്. അതിനാല്‍ രാജ്യം കീഴടക്കുമ്പോള്‍ കോട്ട തകര്‍ക്കേണ്ടത് ആവശ്യമായി വരും. എന്നാല്‍ ഇതിനെയെല്ലാം മതപരമായി കള്ളിതിരിച്ചു കാട്ടുകയാണ് ചരിത്രം ചെയ്തത്.
വിശാല ഹിന്ദു എന്ന കാഴ്ചപ്പാടിലാണല്ലോ സംഘ്പരിവാര്‍ ഇന്ന് രാഷ്ട്രീയവും സാംസ്‌കാരികവുമായ നീക്കങ്ങള്‍ നടത്തുന്നത്. അതിലവര്‍ക്ക് വിജയിക്കാനും കഴിയുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ പ്രാചീന മതങ്ങളായ ബൗദ്ധ-ജൈന-സിഖ് മതങ്ങളെല്ലാം വൈദികമായ ഹിന്ദുമതത്തോട് വിയോജിപ്പുള്ള ധാരകളാണല്ലോ. പിന്നെയെങ്ങനെയാണ് ഫാഷിസത്തിന് ഈ കൂട്ടിപ്പിടിത്തം സാധ്യമാകുന്നത്?
പ്രധാനപ്പെട്ടൊരു ചോദ്യം, സംഘ്പരിവാര്‍ നിലവിലുള്ള ഹിന്ദു സമൂഹത്തെ പ്രതിനിധീകരിക്കുന്നുണ്ടോ? എന്റെ അഭിപ്രായത്തില്‍ ഇല്ലായെന്നാണ്. ഉണ്ടെങ്കില്‍തന്നെ എന്താണതിനുള്ള അര്‍ഹത? സംഘ്പരിവാര്‍ പ്രതിനിധീകരിക്കുന്ന ഹിന്ദുത്വമല്ല ജനങ്ങളിലുള്ള ഹൈന്ദവത. ഹിന്ദു എന്നതുതന്നെ വാസ്തവത്തില്‍ മതമല്ല. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും വളര്‍ന്നുവന്ന വ്യത്യസ്തമായ സംഘബോധമാണ് ഹിന്ദുമതം. സിഖുകാര്‍ ഒരുകാലത്ത് തങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ പറയുന്നില്ല. ഹിന്ദു ജീവിത രീതിയില്‍നിന്ന് പുതിയ മതങ്ങളും ആശയങ്ങളും വളര്‍ന്നുവരികയാണ്. മതത്തിന്റെ ഭാഗമായല്ല രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംഘ്പരിവാര്‍ ഇവയെയെല്ലാം കൂട്ടിയിണക്കുന്നത്. ഹിന്ദുമതത്തിന്റെ പേരു പറഞ്ഞ് ആചാരാനുഷ്ഠാനങ്ങളെ, ആഘോഷങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ നോക്കുകയാണ്. അമ്പലങ്ങളും മറ്റു മത സ്ഥാപനങ്ങളും ക്രമാതീതമായി വര്‍ധിച്ചുവന്നിട്ടുള്ളത് അതിന്റെ ഭാഗമാണ്. ഹിന്ദു മതത്തിന്റേതെന്ന മട്ടില്‍ ഇന്ന് അവതരിപ്പിക്കപ്പെടുന്നതില്‍ പലതും ഹിന്ദു നവോത്ഥാന നായകര്‍ തിരസ്‌കരിച്ചിട്ടുള്ളതാണ്. വിഗ്രഹാരാധന ഉദാഹരണം. ഹിന്ദുമത ചിന്തകര്‍ വിഗ്രഹാരാധനക്ക് എതിരായിരുന്നു; നാരായണ ഗുരു വരെ. അദൈ്വതാടിസ്ഥാനത്തില്‍ ദൈവത്തെ നോക്കിക്കാണാനാണ് നാരായണ ഗുരു ശ്രമിച്ചത്. അത്തരമൊരു കാഴ്ചപ്പാടില്‍ അമ്പലമോ വിഗ്രഹമോ ആവശ്യമില്ല. മതത്തിന്റെ ആത്യന്തിക ലക്ഷ്യം അത്തരമൊരു മാനസികാവസ്ഥ ഉണ്ടാക്കുന്നതാകണം. എന്നാല്‍, അതിനെ തിരസ്‌കരിച്ചുകൊണ്ടുള്ള സങ്കുചിത മതസങ്കല്‍പമാണ് ഹിന്ദുത്വത്തിന്റെ വക്താക്കള്‍ ഇന്ന് അവതരിപ്പിക്കുന്നത്. ജനങ്ങളെ അന്ധകാരത്തില്‍ തളച്ചിടാനുള്ള, ചുറ്റുമുള്ള ജീവിത പ്രശ്‌നങ്ങളോടുള്ള പ്രതികരണശേഷിയില്‍നിന്ന് അവരുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇന്ന് മതത്തിന്റെ ആചാരങ്ങളിലും ആഘോഷങ്ങളിലും പണമിറക്കുന്നത് വന്‍കിട കോര്‍പ്പറേറ്റുകളാണ്. ഈയവസ്ഥ നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമാണ്. 1947-നു ശേഷം ഇന്ത്യയില്‍ മുളച്ചുപൊന്തിയത് ഡാമുകളായിരുന്നില്ല, അമ്പലങ്ങളായിരുന്നു.
മതേതരത്വവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ താങ്കള്‍ നടത്തിയിട്ടുണ്ട്. ഭരണകൂടം മതനിരപേക്ഷമായാല്‍ മതി, രാഷ്ട്രം തനിയെ മതേതരമായിക്കൊള്ളും എന്ന നെഹ്‌റുവിയന്‍ ചിന്താഗതിക്ക് സാരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നതല്ലേ പുതിയ മതേതര വിമര്‍ശനങ്ങള്‍ പോലും ബോധ്യപ്പെടുത്തുന്നത്?
ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരബോധം പ്രബലമായും രണ്ടെണ്ണമാണ്. ഒന്ന്, ഗാന്ധിയന്‍ മതേതരത്വം. മറ്റൊന്ന് നെഹ്‌റുവിയന്‍ മതേതരത്വം. ഗാന്ധിജി മതേതരത്വത്തെ ഒരു സാമൂഹിക പ്രതിഭാസമായിട്ടാണ് കണ്ടത്. നെഹ്‌റു കണ്ടത് ഒരു രാഷ്ട്രീയ പ്രതിഭാസമായിട്ടും. രണ്ടും തമ്മിലുള്ള വ്യത്യാസം സ്റ്റേറ്റിനെ കേന്ദ്രീകരിച്ചുകൊണ്ടാണ്. സ്റ്റേറ്റ് മതനിരപേക്ഷമാകണം എന്നാണ് നെഹ്‌റു പറഞ്ഞത്. എന്നാല്‍, ഗാന്ധിജിയുടെ വാദം സ്റ്റേറ്റ് സെക്യുലറായതുകൊണ്ട് സൊസൈറ്റി സെക്യുലറാകണം എന്നില്ലയെന്നായിരുന്നു. മറിച്ച്, സമൂഹം മതേതരമായാലേ ഭരണകൂടവും മതേതരമാവുകയുള്ളൂ. അതുകൊണ്ട് മതത്തെ നിഷേധിച്ചുകൊണ്ട് രാഷ്ട്ര സംവിധാനങ്ങള്‍ക്ക് മുന്നോട്ടുപോകാനാവില്ല എന്നാണ് ഗാന്ധിജി പറഞ്ഞത്. എല്ലാ മതങ്ങളെയും സ്വീകരിച്ചുകൊണ്ട്, എല്ലാ മതങ്ങളിലെയും ഗുണപരമായ വശങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടുള്ള മതേതര കാഴ്ചപ്പാടാണ് രൂപപ്പെടേണ്ടത് എന്നാണദ്ദേഹം പറഞ്ഞത്. രണ്ടിലും യാഥാര്‍ഥ്യമുണ്ടണ്ട്. എങ്ങനെയെന്നാല്‍, സമൂഹം മതേതരമാക്കാതെ ഭരണകൂടം മതേതരമാവില്ല. ഭരണകൂടമല്ലായെങ്കില്‍ സമൂഹത്തില്‍ മതേതരത്വത്തിന് അത് വലിയ ആഘാതങ്ങളുണ്ടാക്കും. എങ്കിലും ഞാന്‍ വിശ്വസിക്കുന്നതും യോജിക്കുന്നതും ഗാന്ധിജിയുടെ വാദത്തോടാണ്. എങ്ങനെ സമൂഹത്തിന്റെ അവബോധത്തെ മതേതരമാക്കാം എന്നാണ് പുതിയ കാലത്ത് നാം ആലോചിക്കേണ്ടത്. സമൂഹം സെക്യുലറല്ലെങ്കില്‍ ഭരണകൂടം ഒരിക്കലും മതേതരമാവുകയില്ല. സമൂഹത്തെ മതേതരമാക്കാനുള്ള വഴികളെന്ത് എന്ന് സ്റ്റേറ്റ് ആലോചിക്കണം. അതിനാവശ്യമായ വിദ്യാഭ്യാസം നല്‍കണം. ഇന്ന് വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം വര്‍ഗീയവത്കരിക്കുകയാണ്.
ഗാന്ധിജിയുടെ മതേതരത്വം തന്നെ പ്രശ്‌നവത്കരിക്കപ്പെടുന്ന കാലമാണല്ലോ ഇത്. ഗാന്ധിജി പ്രതിനിധീകരിച്ചത് വൈദിക സംസ്‌കാരത്തെയാണ് എന്ന അരുന്ധതി റോയിയുടെ വിമര്‍ശനം സമീപകാലത്തെ വലിയ ചര്‍ച്ചയായിരുന്നു.
ഗാന്ധിയും അംബേദ്കറും മാര്‍ക്‌സും ഒരേപോലെ പ്രസക്തമാകുന്ന കാലത്തെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. 1970-കളില്‍ അതായത് 40-ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് പൂനയില്‍ നടന്ന ഒരു ദലിത് സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോള്‍ സദസ്യരില്‍ ഒരാള്‍ എന്നോട് ചോദിച്ചു: ദലിതര്‍ക്ക് ഏറ്റവും ഉചിതമായ ആശയങ്ങള്‍ ആരുടേതാണ്? കാള്‍ മാര്‍ക്‌സിന്റെയോ മഹാത്മാ ഗാന്ധിയുടെയോ അതോ ബാബാ സാഹെബ് അംബേദ്കറുടെയോ? മൂന്നു പേരുടെയും കേന്ദ്ര ആശയങ്ങള്‍ സംയോജിപ്പിക്കുക എന്ന ഉത്തരമാണ് ഞാന്‍ നല്‍കിയത്. സാമ്പത്തിക സമത്വത്തിന് മാര്‍ക്‌സ്, രാഷ്ട്രീയ സമത്വത്തിന് ഗാന്ധിജി, സാമൂഹിക സമത്വത്തിന് അംബേദ്കര്‍ എന്നാണ് ഞാന്‍ മുന്നോട്ടുവെച്ച ആശയം. അത്തരമൊരു സമന്വയം സാധ്യമാകുമെങ്കില്‍ അതൊരു ഉചിതമായ പരിഹാരമാകുമെന്ന് ഞാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഗാന്ധി-അംബേദ്കര്‍ എന്ന വിഭജന യുക്തിയാണ് പലപ്പോഴും സംവാദ മണ്ഡലത്തിലുള്ളത്. ഗാന്ധി-അംബേദ്കര്‍ ആശയങ്ങളുടെ സമന്വയ സാധ്യതയെക്കുറിച്ചാണ് നാം ആലോചിക്കേണ്ടത്. ചിലപ്പോള്‍ അതൊരു ഉട്ടോപ്യന്‍ ആശയമാകാം. എന്നാലും പരീക്ഷിക്കപ്പെടേണ്ട പരിപ്രേക്ഷ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ജാതി വ്യവസ്ഥയോടുള്ള ഗാന്ധിയുടെയും അംബേദ്കറുടെയും സമീപനങ്ങള്‍ കടകവിരുദ്ധമായിരുന്നു. അവര്‍ തമ്മിലുള്ള ആശയവിനിമയങ്ങളില്‍ ഈ വൈരുധ്യം പ്രകടമാണ്. ജാതിവ്യവസ്ഥയെ തുടക്കത്തില്‍ പിന്തുണക്കുകയും വിമര്‍ശനാത്മകമായി സമീപിക്കുകയും ചെയ്ത ഗാന്ധിജി ജാതിവ്യവസ്ഥയെ നവീകരിക്കാനാകുമെന്നാണ് വിശ്വസിച്ചത്. എന്നാല്‍, ജാതിവ്യവസ്ഥയെ 'ഭീകരതയുടെ അറകള്‍' എന്നാണ് അംബേദ്കര്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ജാതിനിര്‍മൂലനം മാത്രമാണ് മുന്നിലുണ്ടായിരുന്ന പോംവഴി. ഹിന്ദുമതത്തിന്റെ വിശാലമനസ്‌കതയിലും സാര്‍വ ലൗകികതയിലും വിശ്വസിച്ച ഹിന്ദുവായിരുന്നു ഗാന്ധിജി. മറുവശത്ത്, അംബേദ്കറാകട്ടെ ജാതിവ്യവസ്ഥയെ നിര്‍ദയമായ അടിച്ചമര്‍ത്തലിനുള്ള സംവിധാനമായാണ് കണ്ടത്. ഹിന്ദുമതത്തെ, അതിന്റെ പുണ്യ ഗ്രന്ഥങ്ങളെ പൂര്‍ണമായും നിരാകരിച്ച അംബേദ്കര്‍ ഒടുവില്‍ ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിച്ചു. ജാതി വിഭജനമില്ലായ്മയാണ് അദ്ദേഹത്തെ ബുദ്ധമതത്തിലേക്ക് ആകര്‍ഷിച്ചത്.
ഗാന്ധിയും അംബേദ്കറും തമ്മിലുള്ള വ്യത്യാസം ഹിന്ദുമതത്തോടുള്ള സമീപനത്തില്‍ മാത്രമായിരുന്നില്ല. ദേശീയതക്കുള്ളിലെ സാമൂഹികവും രാഷ്ട്രീയവുമായ സംഘര്‍ഷങ്ങളിലും അത് പ്രതിഫലിച്ചു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ ദേശീയ ഐക്യം സാധ്യമാക്കാന്‍ തടസ്സമായ ജാതിവ്യവസ്ഥയെ നവീകരിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. എന്നാല്‍, അതിനെ പൂര്‍ണമായും നിരാകരിക്കാനാണ് അംബേദ്കര്‍ ആവശ്യപ്പെട്ടത്. ബ്രാഹ്മണര്‍ രചിച്ച പുരാതന ഗ്രന്ഥങ്ങള്‍ അംബേദ്കര്‍ സ്വീകരിക്കാതിരുന്നപ്പോള്‍ അവയുടെ അന്തസ്സത്തയെ ദൈനംദിന ജീവിതചര്യകളുമായി ഇണക്കിച്ചേര്‍ക്കുകയാണ് ഗാന്ധിജി ചെയ്തത്. സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവയെ സമീപിക്കേണ്ട രീതികളും വ്യത്യസ്തമായിരുന്നുവെങ്കിലും കൊളോണിയലിസത്തില്‍നിന്ന് മോചനം നേടുക എന്ന ലക്ഷ്യത്തില്‍ അവര്‍ ഒന്നിച്ചിരുന്നു. ദേശീയതയെ ഏതുവിധത്തില്‍ നിര്‍മിക്കണമെന്നും ജാതീയ മുന്‍വിധികളെ എങ്ങനെ മറികടക്കണമെന്നുമുള്ള അന്വേഷണത്തില്‍ അവര്‍ രണ്ടു വഴികളിലായിരുന്നു. അപ്പോള്‍ പോലും ദേശീയതക്കു വേണ്ടിയാണ് അവര്‍ നിലയുറപ്പിച്ചത്. ഗാന്ധിജിയെ പോലെത്തന്നെ ശക്തനായ ദേശീയവാദിയായിരുന്നു അംബേദ്കറും. അതുകൊണ്ട് ഭിന്നധ്രുവങ്ങളിലുള്ള വിരുദ്ധാശയക്കാരാണ് ഇരുവരുമെന്ന് തീര്‍പ്പുകല്‍പ്പിച്ചാല്‍ പുതിയ കാലത്തിന് രാഷ്ട്രീയമായി അത് നഷ്ടമാണുണ്ടാക്കുക. തൊട്ടുകൂടായ്മക്കെതിരെയുള്ള ഗാന്ധിജിയുടെ പ്രതിബദ്ധതയും മതനിരപേക്ഷ-ജനാധിപത്യക്രമത്തോടുള്ള അംബേദ്കറുടെ പ്രതിബദ്ധതയും ഇണക്കിച്ചേര്‍ത്തുകൊണ്ടുള്ള അന്വേഷണമാണ് ഉയര്‍ന്നുവരേണ്ടതെന്ന് ഞാന്‍ വിചാരിക്കുന്നു. ജാതിയെക്കുറിച്ചുതന്നെ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കാന്‍ അതാണ് സഹായകമാവുക. എല്ലാറ്റിനുമുപരി ഹിന്ദുത്വവും ഹിന്ദു ദേശീയതയും ശക്തിയാര്‍ജിക്കുന്ന കാലത്ത് പാര്‍ശ്വവത്കൃതരുടെ ഐക്യം എന്നത് വളരെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
(അവസാനിച്ചു)
Comments