Prabodhanm Weekly

Pages

Search

2017 ജനുവരി 20

2985

1438 റബീഉല്‍ ആഖിര്‍ 21

ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവും അറബ് ലോകവും

ഫഹ്മി ഹുവൈദി

ഇസ്രയേലിലെ അമേരിക്കന്‍ എംബസി തെല്‍ അവീവില്‍നിന്ന് ജറൂസലമി(ഖുദ്‌സ്)ലേക്ക് മാറ്റി സ്ഥാപിക്കും എന്ന തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുന്നതില്‍നിന്ന് പുതിയ അമേരിക്കന്‍ പ്രസിഡന്റ് പിറകോട്ടുപോയാല്‍ അതിനു പിന്നില്‍ ധാരാളം കാരണങ്ങള്‍ കാണും. എംബസിമാറ്റം അറബ് ലോകത്ത് സൃഷ്ടിക്കാവുന്ന പ്രതിഷേധങ്ങള്‍ ആ കാരണങ്ങളില്‍ ഉണ്ടായിരിക്കില്ല എന്നതാണ് അതിലെ വിരോധാഭാസവും പരിഹാസ്യമായിട്ടുള്ള കാര്യവും. 

നാല് അറബ് വേദികളിലെ നയതന്ത്രജ്ഞരോടും വിദഗ്ധരോടും ഞാനൊരു ചോദ്യമുന്നയിച്ചു. എനിക്ക് ലഭിച്ച മറുപടികളേക്കാള്‍ അതിലെ സമാനതയാണ് എന്നെ അതിശയിപ്പിച്ചത്. ചോദ്യമിതായിരുന്നു: അമേരിക്കന്‍ പ്രസിഡന്റ് തന്റെ വാഗ്ദാനം നിറവേറ്റാന്‍ തീരുമാനിച്ചാല്‍ അറബ് ലോകത്ത് എന്തു സംഭവിക്കും? കൂടെ ഇത്രയും കൂടി ഓര്‍മിപ്പിച്ചു. ഇലക്ഷന്‍ പ്രചാരണ വാഗ്ദാനങ്ങളെല്ലാം അധികാരമേറ്റ  ശേഷം പാലിക്കപ്പെടാറില്ല. ഖുദ്‌സിലേക്കുള്ള അമേരിക്കന്‍ എംബസിമാറ്റം എല്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കപ്പെടാറുള്ളതാണ്. ജൂതവോട്ട് നേടല്‍ മാത്രമാണ് അതിന്റെ ലക്ഷ്യം. എന്നാല്‍, ഇന്നുവരെ ഒരു പ്രസിഡന്റും അത് പാലിക്കാന്‍ മുന്നാട്ടുവന്നിട്ടില്ല. രണ്ട് കാരണങ്ങളുണ്ടതിന്: ഒന്ന്, 1980-ലെ യു.എന്‍ രക്ഷാസമിതി തീരുമാനമാണ്. അതുപ്രകാരം, ഖുദ്‌സിലേക്കുള്ള എംബസിമാറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ജറൂസലം നിയമം (Jerusalem Law) എന്ന പേരില്‍ ഇസ്രയേല്‍ നെസറ്റ് (Knesset) പാസാക്കിയ നിയമത്തെ റദ്ദ് ചെയ്യലുമാണ്.

ജറൂസലമില്‍ എംബസി സ്ഥാപിച്ചിട്ടുള്ള 13 രാജ്യങ്ങളോട് (മിക്കതും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍) അത് മാറ്റി സ്ഥാപിക്കാനും രക്ഷാസമിതി ആവശ്യപ്പെടുകയുണ്ടായി. 1995-ല്‍ ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസ്സാക്കിയെടുക്കുന്നതില്‍ ജൂതലോബി വിജയിച്ചപ്പോള്‍ എംബസി അങ്ങോട്ട് മാറ്റാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. തീരുമാനം നടപ്പാക്കുന്നത് ആറു മാസത്തേക്ക് നീട്ടിവെക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കാന്‍ പഴുതുള്ള വിധമാണ് തീരുമാനത്തിന്റെ വാചകഘടന. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഈ നീട്ടിവെക്കല്‍ തുടരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ യു.എസ് പ്രസിഡന്റും വാഗ്ദാനപാലനത്തില്‍നിന്ന് രക്ഷപ്പെടാന്‍ സ്വീകരിക്കുന്ന ഉപായമിതാണ്.

എംബസിമാറ്റത്തിന് തടസ്സമായിരുന്ന രണ്ടാമത്തെ കാരണം, അറബ്‌ലോകത്തിന് അന്ന് വ്യതിരിക്തമായ അസ്തിത്വമുണ്ടായിരുന്നു എന്നതാണ്. കൂടാതെ, ഇസ്രയേലിനോടുള്ള അറബ് ശത്രുത ഒരു പരിധിവരെ കടുത്തതുമായിരുന്നു (1979-ല്‍ അന്‍വര്‍ സാദാത്തും 1994-ല്‍ ജോര്‍ദാനും ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പിട്ടുവെങ്കിലും). ചുരുക്കത്തില്‍, എന്നും ഇസ്രയേലിനെ പിന്തുണച്ച യു.എസ് പ്രസിഡന്റുമാര്‍, യു.എന്‍ രക്ഷാസമിതി തീരുമാനങ്ങളെ റദ്ദ് ചെയ്യുന്ന മോഡലായി യു.എസ് അറിയപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. അപ്രകാരം അറബ്- ഇസ്‌ലാമിക ലോകത്തിന്റെ താല്‍പര്യസംരക്ഷകരായി അവര്‍ രംഗത്തുവന്നു. 

അമേരിക്കയിലും അറബ്‌ലോകത്തും സ്ഥിതിഗതികളില്‍ വലിയ മാറ്റങ്ങളുണ്ടായതിനാല്‍, അറബികള്‍ക്ക് വലിയ ആഘാതമുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കാന്‍ യു.എസ് പ്രസിഡന്റിന് സാധിക്കുംവിധമാണ് ഇന്ന് കാര്യങ്ങള്‍. അതിനുള്ള ചില തെളിവുകളാണ് ചുവടെ: 

ട്രംപ് രാഷ്ട്രീയരംഗത്ത് പുതിയ ആളാണ്. മുന്‍ പ്രസിഡന്റുമാരുടെ നിലപാടുകളെ സ്വാധീനിച്ചിരുന്ന രാഷ്ട്രീയ പരിഗണനകള്‍ അധികമൊന്നും കണക്കിലെടുക്കുന്ന ആളല്ല. എന്നല്ല, അത്തരം പരിഗണനകളെ അട്ടിമറിക്കാനുംസാധ്യതയുണ്ട്. മാത്രമല്ല, ഇസ്രയേലിലെ തീവ്രപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആളുമാണ്. യു.എസിന്റെ ഇസ്രയേല്‍ അംബാസഡറുടെ തെരഞ്ഞെടുപ്പിലും അനധികൃത കുടിയേറ്റം അപലപിക്കുന്ന പ്രമേയത്തിന്റെ കാര്യത്തിലും അതിനെ തുടര്‍ന്ന് യു.എന്നിനുള്ള അമേരിക്കന്‍ വിഹിതം നിര്‍ത്തുമെന്ന പ്രഖ്യാപനത്തിലുമൊക്കെ ഇക്കാര്യം വ്യക്തമാണ്. അമേരിക്ക സന്ദര്‍ശിച്ച ഇസ്രയേല്‍ ടീം വാഷിംഗ്ടണില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നു. അനുയോജ്യമായ സ്ഥലം സജ്ജമാവുന്നതുവരെ ജറൂസലമിലെ അമേരിക്കന്‍ കാര്യാലയം താല്‍ക്കാലിക എംബസിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സൂചനകളുണ്ട്.

മിക്ക അറബ് ഭരണകൂടങ്ങളും പുതിയ പ്രസിഡന്റിനെ സ്വാഗതം ചെയ്തു. എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ഇഷ്ടം നേടാനുള്ള പരിശ്രമത്തിലാണെല്ലാവരും. അദ്ദേഹവുമായി ഇടപാട് നടത്താനുള്ള താല്‍പര്യത്തിലും അത് പ്രകടമാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്: ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ നിസ്സംഗ നിലപാടും ഭീകരതക്ക് നല്‍കുന്ന മുന്തിയ പരിഗണനയും. തങ്ങള്‍ക്കുള്ള പിന്തുണയും പ്രോത്സാഹവുമായിട്ടാണ് അറബ് ഭരണകൂടങ്ങള്‍ അതിനെ കാണുന്നത്. ഇറാനോടുള്ള ട്രംപിന്റെ ശത്രുതയും അവരുമായുള്ള ആണവകരാര്‍ റദ്ദാക്കാനുള്ള ശ്രമങ്ങളുമാണ് രണ്ടാമത്തെ കാരണം. ഈ രണ്ട് കാരണങ്ങളാല്‍ ട്രംപിന്റെ ഇസ്‌ലാം-മുസ്‌ലിംവിരോധം പൊറുക്കാന്‍ അറബ് ഭരണകൂടങ്ങള്‍ തയാറാണ്. 

ആഭ്യന്തര പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന അറബ് ഭരണകൂടങ്ങളുടെ മുന്‍ഗണനാ ക്രമത്തില്‍ ഫലസ്ത്വീന്‍ പ്രശ്‌നം ഒരുപാട് പിറകിലാണ്. പലരും ഭീകരതക്കെതിരിലുള്ള യുദ്ധത്തില്‍ വ്യാപൃതരാണ്. മറ്റു ചിലര്‍ക്ക് ഇറാനെയും അവരുടെ ഭീഷണിയുമൊക്കെ നേരിടുന്നതിലുമാണ് കൂടുതല്‍ ശ്രദ്ധ. 

അറബ് നാടുകളിലേക്കുള്ള ഇസ്രയേലിന്റെ പ്രത്യക്ഷവും പരോക്ഷവുമായ കടന്നുകയറ്റം. ഇറാനെയും ശീഈ  ഭീഷണിയെയും നേരിടാന്‍ തങ്ങള്‍ അനിവാര്യമാണ് എന്ന് മിതവാദ സുന്നീ വിഭാഗങ്ങളെ ബോധ്യപ്പെടുത്താന്‍ ഇസ്രയേലിന് സാധിക്കുന്നു. 

1969-ല്‍ ഒരു ജൂതന്‍ മസ്ജിദുല്‍ അഖ്‌സ്വായില്‍ തീവെച്ചപ്പോള്‍ മുസ്‌ലിംലോകം ഇളകിമറിഞ്ഞു. അതിനെ തുടര്‍ന്ന് അതേ വര്‍ഷം തന്നെ മൊറോക്കന്‍ തലസ്ഥാനമായ റബാത്വില്‍ മുസ്‌ലിം രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചുചേര്‍ത്തു. ഒ.ഐ.സി രൂപംകൊണ്ടത് ആ സമ്മേളനത്തിലാണ്. മുസ്‌ലിം അഭിമാനവും അന്തസ്സും കാത്തുസൂക്ഷിക്കുകയായിരുന്നു പ്രസ്തുത ഉച്ചകോടിയുടെയും സംഘടനയുടെയും ലക്ഷ്യം. ലോകം അന്നത്തേതില്‍നിന്ന് ഒരുപാട് മാറി. പുതിയ യു.എസ് പ്രസിഡന്റ് തന്റെ തീരുമാനം നടപ്പാക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രതിഷേധത്തിന്റെ ആഴം അറിയാന്‍ പഴയ ഈ സംഭവം ഓര്‍ക്കുന്നത് നല്ലതാണ്. 

ഇസ്‌ലാമിക ലോകത്തിന്റെ ഹൃദയമായ അറബ് രാജ്യങ്ങള്‍ക്ക് ലോക രാജ്യങ്ങളുടെ സമവാക്യത്തില്‍ ഒരുപാട് ശക്തിക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് നാം തിരിച്ചറിയണം. അതിന്റെ കാരണങ്ങളില്‍ നേതൃത്വത്തിന്റെ അഭാവം, ആഭ്യന്തരശൈഥില്യം, നയവൈകല്യങ്ങള്‍ തുടങ്ങിയവയുണ്ട്. ഒരു രാജ്യത്തിനകത്തെ ആഭ്യന്തര പോരിനും വ്യത്യസ്ത തലങ്ങളുള്ള പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കുമാണ് അവയുടെ ഊര്‍ജമത്രയുംപാഴാകുന്നത്. ശക്തിക്ഷയവും ദുര്‍ബലതയുമാണ് അറബ്‌ലോകത്തിന്റെ പ്രത്യേകതയെങ്കില്‍, ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് ഇസ്രയേലിന്റെ കൈമുതല്‍. അതിനാലാണ് കുടിയേറ്റം അപലപിക്കുന്ന നിയമം യു.എന്‍ പാസ്സാക്കിയ അതേ ദിനംതന്നെ അധിനിവിഷ്ട ഭൂമിയിലെ കുടിയേറ്റം നിയമവിധേയമാക്കുന്ന നിയമം പാസ്സാക്കി ഇസ്രയേല്‍ എല്ലാവരെയും വെല്ലുവിളിച്ചത്. മാത്രമല്ല, രക്ഷാസമിതിയില്‍  തങ്ങള്‍ക്കെതിരെ വോട്ട് ചെയ്ത രാജ്യങ്ങളെ ഭീഷണിപ്പെടുത്താനും പ്രമേയം കൊണ്ടുവന്ന നാല് രാജ്യങ്ങളെ ശിക്ഷിക്കാനും അവര്‍ തീരുമാനിച്ചു. ശിക്ഷയുടെ ഭാഗമായി സെനഗലിനുള്ള സഹായം നിര്‍ത്തലാക്കി. രക്ഷാസമിതിയിയിലെ  അംഗരാജ്യങ്ങളില്‍നിന്നുള്ളവരുടെ  ഇസ്രയേല്‍ സന്ദര്‍ശനം റദ്ദാക്കി. പുറമെ, യുഎന്നിനു കീഴിലുള്ള വിവിധ സംഘടനകള്‍ക്ക് ഇസ്രയേല്‍ നല്‍കിയിരുന്ന സംഭാവനയും റദ്ദാക്കി.

എംബസിമാറ്റം മേഖലയുടെ ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് പ്രഖ്യാപിച്ച ട്രംപ് തന്റെ  വാഗ്ദാനം നിറവേറ്റിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവും. പ്രഖ്യാപനത്തിലെ അതിശയോക്തി എത്രതന്നെയാണെങ്കിലും അത് പാലിക്കാന്‍ മുന്നോട്ടുവന്നാല്‍ അതിനെ നിസ്സാരമായി കാണാനാവില്ല.  കാരണം, അതോടെ മറ്റു രാജ്യങ്ങളും അമേരിക്കയുടെ വഴി പിന്തുടര്‍ന്നേക്കാം. കുടിയേറ്റപ്രമേയത്തില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ പ്രസ്താവനക്കെതിരെ,  പ്രമേയത്തെ കൗണ്‍സിലില്‍ അനുകൂലിച്ച് വോട്ട് ചെയ്ത ബ്രിട്ടന്റെ പ്രധാനമന്ത്രി തെരേസ മെയ് നടത്തിയ പ്രസ്താവന അത്തരമൊരു നീക്കത്തിന്റെ തുടക്കമാണ്. ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായി, രണ്ടും പേരും ചേര്‍ന്ന് തങ്ങളുടേതായ രീതിയില്‍ വിഷയം തീര്‍പ്പാക്കാനുള്ള സാധ്യതയും വിദൂരമല്ല; മേഖലയിലുണ്ടാകുന്ന ശൂന്യതയില്‍നിന്ന് മുതലെടുക്കാന്‍ അന്താരാഷ്ട്ര  ശക്തികള്‍ തക്കംപാര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. സിറിയയിലെ വെടിനിര്‍ത്തലിനായി രൂപംകൊണ്ട റഷ്യ- തുര്‍ക്കി- ഇറാന്‍ കരാര്‍ അതിന് തെളിവാണ്. 

എംബസിമാറ്റം സംഭവിച്ചാല്‍ മിക്ക അറബ് രാജ്യങ്ങളും ഒരു നടപടിക്രമത്തിലേക്കും പോകില്ല എന്നതാണ് ഏറ്റവും ഖേദകരം. പുതിയ പ്രസിഡന്റിനെ തൃപ്തിപ്പെടുത്താനും പിണങ്ങി നില്‍ക്കുന്ന ഇസ്രയേലിനെ കൂടുതല്‍ പ്രകോപിപ്പിക്കാതിരിക്കാനുമാണ് അവരുടെ ശ്രമം. അമേരിക്ക കൂടുതല്‍  ദുര്‍ബലമായതായും അതിന്റെ പ്രതാപം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നതും ഒപ്പം, ധാര്‍മികതയെ മാനിക്കുന്ന, മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ ഇപ്പോഴും യൂറോപ്പിലും ലാറ്റിനമേരിക്കയിലുമുണ്ട് എന്നതും പരിഗണിച്ചാല്‍ ചിത്രം മാറും. അനധികൃത ഇസ്രയേലീ കുടിയേറ്റത്തെ അപലപിക്കുന്ന പുതിയ പ്രമേയം രക്ഷാസമിതിയില്‍ കൊണ്ടുവന്ന നാല് രാഷ്ട്രങ്ങളും അറബ് രാജ്യങ്ങളായിരുന്നില്ല എന്നതും അറബ്‌രാജ്യമായ ഈജിപ്താണ് പ്രമേയം പിന്‍വലിച്ചത് എന്നതും ഇപ്പറഞ്ഞതിന്റെ മികച്ച തെളിവാണ്. അറബ് പരിസരങ്ങളില്‍ ഫലസ്ത്വീന്‍ വിഷയത്തിന് പ്രാധാന്യം കുറഞ്ഞുവരുമ്പോള്‍, ഇസ്രയേല്‍ ബഹിഷ്‌കരണ മുദ്രാവാക്യങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കൂടിവരുന്നു എന്നുള്ളതാണ് മറ്റൊരു വിരോധാഭാസം. നിരാശക്കു കീഴ്‌പ്പെടാത്ത ഫലസ്ത്വീനീ യുവത്വവും ചെറുത്തുനില്‍പ്  പ്രസ്ഥാനങ്ങളുമാണ് അവഗണിക്കാനാവാത്ത മറ്റൊരു ഘടകം.  ാരത്തില്‍നിന്ന്   ഉടലെടുക്കുന്ന  അക്രമപ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കുന്നില്ല. 

ഒരവസ്ഥയിലും അറബ് ഭരണകൂടങ്ങളില്‍നിന്ന് വിലയുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നതിന് ഒരു ഗ്യാരണ്ടിയുമില്ല. 'വിലയുള്ള' എന്നതിന് ഞാന്‍ അടിവരയിടുന്നു. കാരണം, അപലപിച്ച് നമുക്ക് മതിയായി. എംബസിമാറ്റത്തെ വലിയതിരിച്ചടിയായി അറബ് ലീഗ് സെക്രട്ടറി അഹ്മദ് അബുല്‍ഗൈഥ് പറഞ്ഞു എന്നത് ശരിതന്നെ. സമാധാന പ്രക്രിയ തകര്‍ക്കലാണ് അത്തരമൊരു നീക്കത്തിന്റെ ലക്ഷ്യമെന്ന് പി.എല്‍.ഒ നിര്‍വാഹക സമിതി സെക്രട്ടറി സാഇബ് അരീഖാത്ത് പ്രസ്താവിച്ചതും, ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുക എന്ന ഇതിലും അപകടകരമായ മറ്റൊരു വലിയ തീരുമാനത്തിന് കാതോര്‍ക്കാന്‍ തയാറാകണമെന്ന് അറബ് ലീഗ് മുന്‍ സെക്രട്ടറി അംറ് മൂസ പറഞ്ഞു എന്നതും ശരിതന്നെ. ശിഥിലമായ അറബ് ലോകത്തെ ദുര്‍ബല അഭിപ്രായങ്ങളാണിതൊക്കെ. ഇതെല്ലാം എന്റെ മാത്രം അഭിപ്രായങ്ങളല്ല, മറിച്ച്, ഞാന്‍ സംവദിച്ച നാല് അറബ് രാജ്യങ്ങളിലെ വിദഗ്ധരും ഇതുതന്നെയാണ് പറഞ്ഞത്.

പ്രശ്‌നത്തിന്റെ മര്‍മം അറബ്‌ലോകത്തെ മറ്റുള്ളവര്‍ വിലകുറച്ചുകാണുന്നതോ അവഗണിക്കുന്നതോ അല്ല. മറിച്ച്, അറബികളുടെ ബലഹീനതയും കഴിവുകേടും തന്നെയാണ്. അറബ്‌ലോകം സ്വതന്ത്രമായാലേ ഫലസ്ത്വീന്റെ സ്വാതന്ത്ര്യം  യാഥാര്‍ഥ്യമാകൂ എന്നതിന് പുതിയ തെളിവുകൂടിയാണിത്. 

 

വിവ: നാജി ദോഹ

email: [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (60-62)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസി നേടേണ്ട ഉള്‍ക്കാഴ്ചകള്‍
പി.എ സൈനുദ്ദീന്‍