പിന്നാക്ക-ന്യൂനപക്ഷ ശാക്തീകരണം അവരെ പ്രവര്‍ത്തനനിരതരാക്കലാണ്
കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കും ദുര്‍ബല വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (Kerala State Minorities Development Financial Corporation-KSMDFC). കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെയും (NMDFC) മൗലാനാ ആസാദ് നാഷ്‌നല്‍ അക്കാദമി ഫോര്‍ സ്‌കില്‍സിന്റെയും (MANAS) പദ്ധതികള്‍ നടപ്പിലാക്കുന്ന ചാനലൈസിംഗ് ഏജന്‍സിയായ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ഫണ്ട് വിനിയോഗിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ന്യൂനപക്ഷ പിന്നാക്കാവസ്ഥയെയും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളെയും KSMDFC പറ്റി ചെയര്‍മാന്‍ പ്രഫ. എ.പി അബ്ദുല്‍ വഹാബ് സംസാരിക്കുന്നു.
സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷവും ദാരിദ്ര്യരേഖക്കു താഴെതന്നെയാണ്; പ്രത്യേകിച്ച് പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍.
സമ്പത്തിന്റെ വിതരണത്തിലും തൊഴിലവസരങ്ങളുടെ ലഭ്യതയിലുമെല്ലാം പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ വളരെ പിറകിലാണ്. ഒരു രാഷ്ട്രത്തിന്റെ പുരോഗതിയെന്നത് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും സമഗ്രമായ പുരോഗതിയാണ്. ഏതെങ്കിലും ജനവിഭാഗത്തിന് വേണ്ടവിധം ഉയര്‍ന്നുവരാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് രാഷ്ട്രത്തിനു തന്നെ ക്ഷീണമാണ്.
മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് സാമൂഹിക പിന്നാക്കാവസ്ഥ കൃത്യമായി വരച്ചുകാണിച്ചിരുന്നു.
മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് അക്കാലത്ത് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് അത് പരിഹാരമാകുമെന്ന പ്രതീക്ഷയും അന്നുണ്ടായി. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വലിയ മാറ്റം അക്കാര്യത്തില്‍ ഉണ്ടായി എന്നു പറയാനാവില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ മുന്നേറ്റം ലക്ഷ്യംവെച്ച് ഒരുപാട് കമീഷനുകള്‍ പല സന്ദര്‍ഭങ്ങളിലായി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളിലേക്ക് വെളിച്ചം വീശുന്ന സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ഇതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ വളരെ കൃത്യമായ സോഴ്‌സുകള്‍ ഉദ്ധരിച്ചുകൊണ്ട് സച്ചാര്‍ കമീഷന്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥ തുറന്നുകാണിച്ചു. ഈ റിപ്പോര്‍ട്ട് രാജ്യത്ത് വലിയ ചര്‍ച്ചയായി. കേന്ദ്ര ഗവണ്‍മെന്റിന്റെയും ഏതാനും സംസ്ഥാന ഗവണ്‍മെന്റുകളുടെയും ഭാഗത്തുനിന്ന് ചില അനുബന്ധ നടപടികളൊക്കെ ഉണ്ടാവുകയും ചെയ്തു.
സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നുവല്ലോ പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ വിഷയം പഠിക്കാന്‍ കേരളത്തില്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടിരുന്നത്.
അതേ. കേരളത്തില്‍ കഴിഞ്ഞ ഇടത് ഗവണ്‍മെന്റ് ചില ചുവടുവെപ്പുകള്‍ നടത്തി. തദ്ദേശ സ്വയം ഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന പാലൊളി മുഹമ്മദ് കുട്ടി അധ്യക്ഷനായി കമീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒട്ടേറെ സിറ്റിംഗുകള്‍ നടത്തി. പ്രശ്‌നത്തിന്റെ നാനാവശങ്ങളിലേക്ക് കമീഷന്‍ കടന്നുചെന്നു. മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഒരു റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഒരു ന്യൂനപക്ഷ മന്ത്രാലയം നിലവില്‍വന്നത്. ജില്ലാ ആസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സെല്ലുകള്‍ കലക്ടറേറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഇതിന്റെയൊക്കെ തുടര്‍ച്ച എന്ന നിലയിലാണ് 2013-ല്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (KSMDFC) നിലവില്‍വന്നത്. നാഷ്‌നല്‍ മൈനോരിറ്റീസ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (NMDFC) ചാനലൈസിംഗ് ഏജന്‍സിയായാണിത് പ്രവര്‍ത്തിക്കുന്നത്.
ന്യൂനപക്ഷം എന്ന കാറ്റഗറിയില്‍ ആരെല്ലാം ഉള്‍പ്പെടും?
കേന്ദ്രസര്‍ക്കാറും ദേശീയ ന്യൂനപക്ഷ കമീഷനും ന്യൂനപക്ഷ വിഭാഗങ്ങളായി കാറ്റഗറൈസ് ചെയ്തിരിക്കുന്നത് മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, സിക്ക്-ബുദ്ധ-ജൈന-പാഴ്‌സി വിഭാഗങ്ങള്‍ എന്നിവരെയാണ്.
സംസ്ഥാന ഗവണ്‍മെന്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണോ ധനകാര്യ കോര്‍പ്പറേഷന്‍?
കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ കേന്ദ്രത്തിലെ നാഷ്‌നല്‍ മൈനോരിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ചാനലൈസിംഗ് ഏജന്‍സിയാണെന്ന് നേരത്തേ പറഞ്ഞു. മറ്റ് മൂന്ന് ചാനലൈസിംഗ് ഏജന്‍സികള്‍ കൂടിയുണ്ട്. പിന്നാക്ക സമുദായ കോര്‍പ്പറേഷന്‍, വനിതാ കോര്‍പ്പറേഷന്‍, മത്സ്യഫെഡ്. സംസ്ഥാന ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ഗവണ്‍മെന്റാണ് ഇതിന്റെ മൂലധനം നല്‍കുന്നത്. നൂറു കോടി രൂപയാണ് മൂലധനമായി നിശ്ചയിച്ചിട്ടുള്ളത്. ഓരോ പദ്ധതി വര്‍ഷത്തിലും ഗവണ്‍മെന്റിന്റെ ബജറ്റ് അലൊക്കേഷന്‍ ഉണ്ടാകും. ഈ കഴിഞ്ഞ ബജറ്റില്‍ 15 കോടിയാണ് അലൊക്കേറ്റ് ചെയ്തിരിക്കുന്നത്. ഇതിനു പുറമെ ആവശ്യപ്പെടുന്ന മുറക്ക് ഗവണ്‍മെന്റ് നല്‍കുന്ന ഗ്രാന്റുകളും ഉണ്ട്.
ഒരു ധനകാര്യ സ്ഥാപനത്തിന്റെ നിയമങ്ങളും മാനദണ്ഡങ്ങളും തന്നെയാണോ കോര്‍പ്പറേഷനുമുള്ളത്? കോര്‍പ്പറേഷന്‍ പദ്ധതികള്‍?
അതേ. വായ്പ ആവശ്യപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് അതിന്റെ ഡയറക്ഷന്‍സ് നേരത്തേതന്നെ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വായ്പകള്‍, തൊഴില്‍ വായ്പകള്‍, സ്ത്രീകളുടെ ഉന്നമനം മുന്‍നിര്‍ത്തിയുള്ള മൈക്രോ ഫിനാന്‍സ്, മഹിളാ സമൃദ്ധി യോജന തുടങ്ങിയവയാണ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് വായ്പാ നടത്തുന്ന പദ്ധതികള്‍.
സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പ്രവാസി വായ്പകള്‍ നല്‍കുന്നുണ്ട്. പലതരം പ്രവാസി വായ്പകളുണ്ട്; ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന ആളുകളെ പുനരധിവസിപ്പിക്കുന്നതിനും മറ്റും. അവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്താന്‍ ഉപാധികളോടെ മൂന്ന് ലക്ഷം വരെ വായ്പ നല്‍കും. തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള വായ്പയും നല്‍കുന്നുണ്ട്. അവരുടെ മിടുക്കരായ കുട്ടികള്‍ക്ക് വിസ കരസ്ഥമാക്കാനുള്ള വായ്പയും നല്‍കും. ഉദ്യോഗസ്ഥ വായ്പയും നല്‍കിവരുന്നുണ്ട്. ഉദ്യോഗസ്ഥരുടെ മക്കളുടെ വിദ്യാഭ്യാസം, പെണ്‍മക്കളുടെ വിവാഹം, ചികിത്സ, വീട് പുനരുദ്ധാരണം തുടങ്ങിയവക്ക് നല്‍കുന്ന വായ്പയാണിത്.
മിടുക്കരായ പല വിദ്യാര്‍ഥികള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ആഗ്രഹിച്ച കോഴ്‌സുകള്‍ പഠിക്കാന്‍ പറ്റാതെ വരുന്നു. അവരെ സഹായിക്കുന്ന വായ്പാ പദ്ധതികള്‍ കോര്‍പ്പറേഷനുണ്ടോ?
വിദ്യാഭ്യാസ ലോണ്‍ കോര്‍പ്പറേഷന്‍ നല്‍കിവരുന്നുണ്ട്. നാട്ടില്‍ പഠിക്കുന്നവര്‍ക്കും പുറംരാജ്യങ്ങളില്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഉപയോഗപ്പെടുത്താവുന്ന വായ്പയാണിത്. ചെലവിന്റെ തോതനുസരിച്ചും പഠന കാലത്തിന്റെ ദൈര്‍ഘ്യമനുസരിച്ചും വിദ്യാര്‍ഥികള്‍ക്ക് ഈ വായ്പ ഉപയോഗപ്പെടുത്താം. പ്രഫഷനല്‍-ടെക്‌നിക്കല്‍ കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വദേശത്ത് പഠിക്കാന്‍ പരമാവധി 7.5 ലക്ഷം രൂപയും വിദേശത്ത് പഠിക്കാന്‍ 20 ലക്ഷം രൂപയും വരെ അനുവദിക്കും. മൂന്ന് ശതമാനമാണ് പലിശനിരക്ക്. ഒരു വര്‍ഷം വരെയുള്ള കോഴ്‌സുകള്‍ക്ക് 2 ലക്ഷം രൂപയും 2 വര്‍ഷം വരെയുള്ള കോഴ്‌സുകള്‍ക്ക് പരമാവധി 3 ലക്ഷം രൂപയും 3 വര്‍ഷം വരെയുള്ളവക്ക് 4.5 ലക്ഷം രൂപയും 5 വര്‍ഷം വരെയുള്ളവക്ക് പരമാവധി 7.5 ലക്ഷം രൂപയുമാണ് അനുവദിക്കുക.
കോളേജ് അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ്, ഹോസ്റ്റല്‍ ചെലവുകള്‍ എന്നീ ഇനങ്ങളിലാണ് തുക അനുവദിക്കുന്നത്. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, UGC, AICTE, MCI, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റീസ് തുടങ്ങിയവ അംഗീകരിച്ച കോഴ്‌സുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. വിദേശത്ത് പ്രഫഷനല്‍ /ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അഞ്ച് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം പരമാവധി 4 ലക്ഷം രൂപ നിരക്കില്‍ 20 ലക്ഷം രൂപവരെ വായ്പ നല്‍കും. മെഡിക്കല്‍/എഞ്ചിനീയറിംഗ് സ്‌കീമില്‍ പെട്ട പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളാണ് വിദേശ വിദ്യാഭ്യാസ വായ്പയുടെ പരിധിയില്‍ വരുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ തന്നെയുള്ള മറ്റൊരു വായ്പ രക്ഷിതാക്കള്‍ക്കുള്ളതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിജപ്പെടുത്തുന്ന ഫണ്ടല്ലാതെ, വേറെയും ചെലവുകള്‍ രക്ഷിതാക്കള്‍ക്കുണ്ടാകും. ഹോസ്റ്റല്‍ ഫീസ്, കുട്ടികളുടെ യാത്രാചെലവ് എന്നിങ്ങനെ. അതിനുള്ള വായ്പ രക്ഷിതാക്കള്‍ക്ക് നല്‍കും. 'പാരന്റ് പ്ലസ്' എന്ന പേരിലാണ് ഈ വായ്പ അറിയപ്പെടുന്നത്.
ഒന്നര ലക്ഷത്തോളം മദ്‌റസാധ്യാപകരുണ്ട് കേരളത്തില്‍. കുറഞ്ഞ വേതനമുള്ള ഇവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍?
ന്യൂനപക്ഷ മന്ത്രാലയം നേരിട്ടു നടത്തുന്നതാണ് മദ്‌റസാധ്യാപക ക്ഷേമനിധി. അതില്‍ അംഗത്വമെടുത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയായാല്‍ രണ്ടര ലക്ഷം രൂപ പലിശരഹിത ഭവനവായ്പ നല്‍കും. രണ്ടര സെന്റ് ഭൂമി സ്വന്തമായുണ്ടാവണം എന്നതാണ് ഉപാധി. മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ പെണ്‍മക്കളുടെ കല്യാണത്തിന് രണ്ട് തവണയായി പതിനായിരം രൂപ വായ്പ കിട്ടും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് കിട്ടുന്ന അവരുടെ മക്കള്‍ക്ക് ഗ്രാന്റുണ്ട്. ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അവരെ ഉള്‍പ്പെടുത്തുന്ന കാര്യവും പ്രഫഷനല്‍ വിദ്യാഭ്യാസം നേടുന്ന അവരുടെ മക്കള്‍ക്ക് ഫീസ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ ക്ഷേമനിധി വഴി വഹിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.
സ്ത്രീ ശാക്തീകരണത്തിനായി കോര്‍പ്പറേഷന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്?
നാഷ്‌നല്‍ മൈനോരിറ്റീസ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (NMDFC) സുപ്രധാന ചുവടുവെപ്പാണ് 'മഹിളാ സമൃദ്ധി യോജന.' വനിതകള്‍ കൂടുതലായി കേന്ദ്രീകരിക്കപ്പെട്ട തൊഴില്‍ മേഖലകളില്‍ അവര്‍ക്ക് വൈദഗ്ധ്യം നല്‍കുന്നതാണ് 'മഹിളാ സമൃദ്ധി യോജന'. സംസ്ഥാനത്ത് താമസിയാതെ അത് നടപ്പിലാകും. ആലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നു. അതുപോലെത്തന്നെ സ്ത്രീകളുടെ മൈക്രോ ഫിനാന്‍സ് കൂട്ടായ്മകള്‍ക്കുള്ള വായ്പകള്‍. സര്‍ക്കാര്‍ തലത്തിലുള്ളതോ അല്ലാത്തതോ ആയ ഒരു സന്നദ്ധ സംവിധാനം അവര്‍ക്കുണ്ടെങ്കില്‍ കോര്‍പ്പറേഷന്റെ സഹായം ലഭിക്കും. കുടുംബശ്രീ, അയല്‍ക്കൂട്ടം തുടങ്ങിയ ചഏഛകളാകണം. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണം. ഒരു തൊഴില്‍ യൂനിറ്റ് സ്ഥാപിക്കാന്‍ 25000 മുതല്‍ ഒരു ലക്ഷം വരെ അതിലെ അംഗങ്ങള്‍ക്ക് വായ്പ നല്‍കും. ഇത് വ്യക്തിഗത വായ്പയാണ്.
പുതിയ തൊഴില്‍ സംരംഭങ്ങളിലേക്ക് ആളുകള്‍ കടന്നുവരാത്തത് വേണ്ട രൂപത്തിലുള്ള പരിശീലനങ്ങള്‍ അവര്‍ക്ക് കിട്ടാത്തത് കാരണമല്ലേ?
തൊഴില്‍ പരിശീലനത്തിനും കോര്‍പ്പറേഷന് പദ്ധതികളുണ്ട്. NMDFC-യുടെ സ്‌കീമുകളില്‍പെട്ട ഒന്നാണ് സ്‌കില്‍ ഡെവലപ്‌മെന്റ് സ്‌കീം. സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരു ജില്ലയില്‍ രണ്ട് തൊഴില്‍ പരിശീലന യൂനിറ്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ചുരുങ്ങിയത് ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കും. പരിശീലനം നേടുന്ന ആളുകള്‍ക്കുള്ള ചെലവ് കോര്‍പ്പറേഷന്‍ വഹിക്കും. 75 ശതമാനം ന്യൂനപക്ഷ പങ്കാളിത്തം മതിയാകും. വസ്ത്രനിര്‍മാണം, ഫുഡ് മേക്കിംഗ് തുടങ്ങി പല മേഖലകളിലുള്ള പ്രാക്ടിക്കല്‍ ട്രെയ്‌നിംഗ് ആണ് ഉദ്ദേശിക്കുന്നത്. കാര്‍ഷിക മേഖലക്കും ഊന്നല്‍ നല്‍കും. ഒരുദാഹരണം പറഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭ്യമാകുന്ന കാര്‍ഷിക വിളകളിലൊന്നാണ് ചക്ക. വ്യത്യസ്തമായ ഇരുപതോളം ഉല്‍പന്നങ്ങള്‍ ചക്കയില്‍നിന്ന് ഉണ്ടാക്കാന്‍ പറ്റും. ലോകോത്തര മാര്‍ക്കറ്റിംഗ് സാധ്യതയുള്ള ഈ സംരംഭത്തിന് പക്ഷേ നല്ല ട്രെയ്‌നിംഗ് വേണ്ടിവരും.
പലരും വിവിധ സംരംഭങ്ങള്‍ തുടങ്ങി ഇടക്കുവെച്ച് നിര്‍ത്തിപ്പോകുന്ന സംഭവങ്ങള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്.
തുടങ്ങുന്ന സംരംഭങ്ങളെക്കുറിച്ചുള്ള അജ്ഞത കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. തൊഴില്‍ സംരംഭങ്ങളെ പറ്റിയുള്ള അറിവില്ലായ്മ പരാജയത്തില്‍ കൊണ്ടെത്തിക്കുമെന്നതില്‍ സംശയമില്ല. തൊഴില്‍ മേഖലയെപ്പറ്റിയും സാങ്കേതികമായ അറിവ് അനിവാര്യമാണ്. അതുകൊണ്ടാണ് പ്രഫഷനല്‍ ട്രെയ്‌നിംഗ് നിര്‍ബന്ധമായും നല്‍കണം എന്ന് പറയുന്നത്. കരകൗശല വസ്തുക്കള്‍, മുള കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ എന്നിവക്കൊക്കെ വിദേശങ്ങളില്‍ വലിയ മാര്‍ക്കറ്റ് സാധ്യതയുണ്ട്. ആ രീതിയില്‍ അത് ഇനിയും ഡെവലപ് ചെയ്തിട്ടില്ല. തദ്ദേശീയ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഉല്‍പന്നങ്ങളില്‍നിന്നുള്ള വരുമാനം കുറവായതിനാല്‍ അതുകൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല. അങ്ങനെ അധികപേരും വഴിയിലുപേക്ഷിക്കും അത്തരം സംരംഭങ്ങള്‍. ഇതൊഴിവാക്കാന്‍ പ്രഫഷനല്‍ ട്രെയ്‌നിംഗ് നല്‍കുക മാത്രമേ വഴിയുള്ളൂ. ഗവണ്‍മെന്റേതര ഏജന്‍സികളായിരിക്കും ട്രെയ്‌നിംഗ് നല്‍കുക. അടുത്ത മാസം തന്നെ ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കും. എല്ലാ ജില്ലകളിലും കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ തൊഴില്‍ പരിശീലന യൂനിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകും.
തദ്ദേശീയ ഉല്‍പാദകര്‍ക്ക് വേണ്ട രീതിയിലുള്ള മാര്‍ക്കറ്റിംഗ് ഇല്ലാത്തതും പരാജയപ്പെടുന്നതിന് കാരണമല്ലേ?
അതും ഒരു പ്രശ്‌നംതന്നെയാണ്. തദ്ദേശീയ ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്. വിപണനമേളകള്‍ സംഘടിപ്പിച്ചുകൊണ്ടു മാത്രമല്ല അത്. സ്ഥിരമായുള്ള മാര്‍ക്കറ്റുകളാണ് ആലോചനയില്‍. ഒരു വിപണന സംവിധാനമുണ്ടെങ്കില്‍ നമ്മുടെ നാട്ടിലെ ആളുകള്‍ ഉല്‍പാദനത്തിന് തയാറാകും. ചെറുപ്പക്കാരും വനിതകളും വെറുതെയിരിക്കുന്ന ഒരവസ്ഥ ഉണ്ടാകരുത്. ഇന്‍കം ജനറേറ്റീവ് ആയ പ്രോഗ്രാമുകളാണ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്. ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കുക എന്നു പറഞ്ഞാല്‍ അവരെ പ്രവര്‍ത്തനനിരതരാക്കുക എന്നാണ് ഉദ്ദേശ്യം. ജീവിത നിലവാരമുയര്‍ത്താന്‍ അവരെ സഹായിക്കുക. അത് വിദ്യാഭ്യാസ മുന്നേറ്റത്തിനും സാംസ്‌കാരിക മുന്നേറ്റത്തിനുമെല്ലാം സഹായകമാകും.
മൂലധനം എങ്ങനെ സമര്‍ഥമായി ഉപയോഗിക്കാം എന്നതിനെപ്പറ്റിയും പരിശീലനം വേണ്ടതുണ്ടെന്ന് തോന്നുന്നു.
ശരിയാണ്. മണി മാനേജ്‌മെന്റ് ഒരു വലിയ പ്രശ്‌നം തന്നെയാണ്. ലോണിന് അപേക്ഷിക്കുന്ന ആളുകളെ വിളിച്ചുകൂട്ടി, മാനേജ്‌മെന്റ് രംഗത്തെ വിദഗ്ധരെ കൊണ്ടണ്ടുവന്ന് എങ്ങനെ മൂലധനം ഉപയോഗപ്പെടുത്തണം എന്നതിനെ പറ്റി അവര്‍ക്ക് ക്ലാസ് നല്‍കണം ശരിയായ അക്കൗണ്ടിംഗ് പോലും പലര്‍ക്കുമറിയില്ല. ബിസിനസ്സ് മാനേജ്‌മെന്റിലെ വീഴ്ച കാരണം പണം ചോര്‍ന്നുപോകുന്നതാണ് പല സംരംഭങ്ങളും പരാജയപ്പെടാനുള്ള കാരണം. ഇതൊഴിവാക്കണം. അത്തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണ്.
ചില ഫാമുകള്‍ക്ക് ലൈസന്‍സ് കാണില്ല. മതിയായ കെട്ടിടസൗകര്യങ്ങള്‍ ഉണ്ടാവില്ല. സുരക്ഷിതമല്ലാത്ത സംവിധാനങ്ങളായിരിക്കും അവിടെ. അതെല്ലാം ഒഴിവാക്കാന്‍ ട്രെയ്‌നിംഗ് നല്‍കുക തന്നെ വേണം. വരുമാനവും ചെലവും എങ്ങനെ ക്രമീകരിക്കാം എന്നതിനെ പറ്റിയും ധാരണയുണ്ടാവണം.
കോര്‍പ്പറേഷന്റെ പ്രോഗ്രാമുകളല്ലാതെ ന്യൂനപക്ഷ മന്ത്രാലയം നേരിട്ട് നടത്തുന്ന പദ്ധതികള്‍?
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള ട്രെയ്‌നിംഗ് സെന്റര്‍ ന്യൂനപക്ഷ മന്ത്രാലയം നടത്തിവരുന്നുണ്ട്. ഐ.എ.എസ് കോച്ചിംഗ് ഉള്‍പ്പെടെ പൊതുപരീക്ഷകള്‍ക്ക് കുട്ടികളെ സജ്ജരാക്കുന്ന ട്രെയ്‌നിംഗ് സെന്ററുകളാണവ. ന്യൂനപക്ഷ വിദ്യാര്‍ഥികളെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ല, എല്ലാ വിഭാഗം വിദ്യാര്‍ഥികളും ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.
അഗതികള്‍ക്കും വിധവകള്‍ക്കുമുള്ള സഹായങ്ങള്‍, ഭവനവായ്പ തുടങ്ങിയവ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പദ്ധതികളില്‍പെടുന്നു.
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളല്ലേ? അവരുടെ ചുമതലകള്‍?
ചെയര്‍മാന്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഡയറക്ടര്‍ ബോര്‍ഡിലെ നോമിനേറ്റഡ് അംഗങ്ങള്‍. പുറമെ ന്യൂനപക്ഷ മന്ത്രാലയത്തിലെ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കോഴിക്കോട് വെസ്റ്റ് ഹില്ലിനടുത്താണ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്. തിരുവനന്തപുരം, ആലുവ, പെരിന്തല്‍മണ്ണ, കാസര്‍കോട് എന്നിവിടങ്ങളില്‍ റീജ്യനല്‍ ഓഫീസുകള്‍ ഉണ്ട്. ഇപ്പോള്‍ രണ്ട്/മൂന്ന് ജില്ലക്ക് ഒരു റീജ്യനല്‍ ഓഫീസ് എന്ന അവസ്ഥയാണുള്ളത്. ഓരോ ജില്ലക്കും ഓരോ റീജ്യനല്‍ ഓഫീസ് എന്ന രീതിയില്‍ വിപുലപ്പെടുത്താന്‍ ഗവണ്‍മെന്റിനു മുന്നില്‍ നിര്‍ദേശം വെച്ചിട്ടുണ്ട്. അതുപ്രകാരം പത്തനംതിട്ടക്കും വയനാട്ടിനും വൈകാതെത്തന്നെ ഓഫീസ് കിട്ടും. രണ്ട് / മൂന്ന് ജില്ലകളെ ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ മേല്‍നോട്ടത്തിലാക്കിയിട്ടുണ്ട്.
സ്‌കീമുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുണ്ട്, എത്രത്തോളം മുന്നോട്ടുപോകുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനും ഉറപ്പുവരുത്താനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അതിനാണ് രണ്ട്/മൂന്ന് ജില്ലകളെ ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ മേല്‍നോട്ടത്തിലാക്കിയത്. കോര്‍പ്പറേഷന്റെ വായ്പകള്‍ നല്ല രീതിയില്‍ ആളുകള്‍ക്ക് ലഭ്യമാക്കാന്‍ ഒരോ ജില്ലയിലും അതിനുവേണ്ട സംവിധാനങ്ങളൊരുക്കാനുള്ള ശ്രമങ്ങള്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നുണ്ടാകും.
Comments