എം.കെ നൗഷര്‍ ശിവപുരം
ചെറുപ്പം മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി സമയവും അധ്വാനവും നീക്കിവെച്ച് കര്‍മനിരതനായിരിക്കെത്തന്നെ വിടപറഞ്ഞ പ്രവര്‍ത്തകനാണ് ശിവപുരം മഞ്ഞമ്പ്രക്കണ്ടി എം.കെ നൗഷര്‍ (45). ജീവിതനൊമ്പരങ്ങള്‍ മറച്ചുവെച്ച് സേവനപാതയില്‍ മായ്ക്കാനാകാത്ത അടയാളങ്ങള്‍ അവശേഷിപ്പിച്ചാണ് പ്രിയസഹോദരന്‍ യാത്രയായത്. താന്‍ നേരിടുന്ന വലിയ പ്രയാസങ്ങളെ മാറ്റിനിര്‍ത്തി തന്നേക്കാള്‍ കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി ആരോഗ്യവും സമയവും ചെലവഴിക്കുന്നതില്‍ അദ്ദേഹം നിര്‍വൃതി കണ്ടു. കൈയെഴുത്തില്‍ കലാപരമായ കഴിവു തെളിയിച്ച നൗഷര്‍ പ്രസ്ഥാനത്തിന്റെ വലിയ ഒരാശ്രയമായിരുന്നു. സമ്മേളന-കാമ്പയിന്‍ കാലങ്ങളില്‍ പ്രാദേശികം മുതല്‍ സംസ്ഥാനതലം വരെയുള്ള നിരവധി ബോര്‍ഡെഴുത്തുകളും ചുവരെഴുത്തുകളും നൗഷര്‍ ഉറക്കമിളച്ച് പൂര്‍ത്തീകരിച്ചു. ഇസ്‌ലാമിക പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ സ്വയം ഉള്‍ക്കൊള്ളാനുള്ള നിര്‍ബന്ധ ബുദ്ധി കാത്തുസൂക്ഷിച്ചതോടൊപ്പം സമൂഹത്തില്‍ അത് സാധ്യമാകുന്ന അളവില്‍ യാഥാര്‍ഥ്യമാക്കുന്നതിനും ശ്രമിച്ചു. പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി സംഘടന പിറവിയെടുത്ത കാലം മുതല്‍ അതിനോടൊപ്പം ചേരാനും ശിവപുരത്ത് അതിന് ചുക്കാന്‍ പിടിക്കാനും നൗഷര്‍ മുന്നിലുണ്ടായിരുന്നു. വ്യക്തിപരമായി ഒട്ടേറെ പരീക്ഷണങ്ങളെ അഭിമു
ഖീകരിക്കേണ്ടിവന്നെങ്കിലും പ്രതിസന്ധികളില്‍ അദ്ദേഹം പതറിയില്ല. ബിസിനസ്സുകള്‍ പലതും പരീക്ഷിച്ച് പരാജയപ്പെട്ടപ്പോള്‍ അടുത്ത സംരംഭത്തില്‍ തനിക്കു കരകയറാനാവും എന്ന ആത്മവിശ്വാസമായിരുന്നു നൗഷറിനെ മുന്നോട്ടുനയിച്ചത്. വിശ്രമമില്ലാതെ അധ്വാനിച്ച് ജീവിതത്തിലെ വലിയ പ്രതിസന്ധികളെയൊക്കെ പതിയെ മറികടന്നു കഴിയുമ്പോഴേക്കും ഭൗതികജീവിതത്തില്‍ അല്ലാഹു നല്‍കിയ സമയം അവസാനിച്ചിരുന്നു. വിജയപരാജയങ്ങള്‍ എന്തെന്ന് നിശ്ചയിക്കുന്നത് അല്ലാഹുവാണല്ലോ. ഭാര്യ: സഹീറ. മക്കള്‍: അഹ്മദ് യാസീന്‍, നിഹ, നജ.
കെ.പി അബ്ദുല്‍മജീദ് ശിവപുരം
എസ്.എ അബ്ദുര്‍റഹ്മാന്‍
വീട്ടുകാരും നാട്ടുകാരും വാത്സല്യത്തോടെ 'അദ്ദുറു' എന്ന് വിളിച്ചിരുന്ന തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി മാരാത്ത്കുന്ന് സ്വദേശി എസ്.എ അബ്ദുര്‍റഹ്മാന്‍ 6.11.2016-ന് നിര്യാതനായി. കിണറ്റില്‍ വീണായിരുന്നു മരണം.
ഖുര്‍ആനിലും ഹദീസിലും പരിജ്ഞാനമുള്ള അബ്ദുര്‍റഹ്മാന്‍ സാഹിബ് പള്ളികളില്‍ ജുമുഅ ഖുത്വ്ബ നടത്താന്‍ ആളില്ലാതെയാവുമ്പോള്‍ അത് നിര്‍വഹിച്ചിരുന്നു. ചെറിയ ചെറിയ വൈകല്യങ്ങളെയും അസൗകര്യങ്ങളെയും ഒഴികഴിവുകളാക്കുന്നവര്‍ക്കിടയില്‍ തന്റെ കാഴ്ചയില്ലായ്മയെ ആത്മവിശ്വാസത്തോടെയും സ്വതഃസിദ്ധമായ നര്‍മബോധത്തോടെയും അദ്ദേഹം നേരിട്ടു. മരണം വരെ നന്മകള്‍ നെയ്തുകൂട്ടിയ കര്‍മയോഗിയായിരുന്നു അദ്ദേഹം. തന്റെ സാമ്പത്തിക പരാധീനതകള്‍ അദ്ദേഹം ആരോടും തുറന്നു പറഞ്ഞില്ല. എന്നാല്‍ മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും ഉദാരമതികളും മനുഷ്യസ്‌നേഹികളുമായ ആളുകളുടെ മുന്നിലവതരിപ്പിച്ച് തന്റെ കൈയിലുള്ളതും ചേര്‍ത്ത് അതവര്‍ക്ക് എത്തിച്ചുകൊടുക്കും. വലിയ സൗഹൃദവലയത്തിനുടമയായിരുന്നു. ഉള്‍ക്കാഴ്ചയും ദീര്‍ഘദൃഷ്ടിയും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. 1997-ല്‍ മക്കള്‍ക്കായി അദ്ദേഹം ഡയറിയില്‍ കുറിച്ചുവെച്ച ഉപദേശങ്ങള്‍ കാണാനിടയായി. അന്ന് മൂത്ത മകള്‍ക്ക് മൂന്നും രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ്സുമായിരുന്നു. ആ കുറിപ്പിലെ ചില വരികള്‍: ''ഒരു മനുഷ്യന്റെ മരണം എപ്പോഴാണെന്നറിയില്ല. അല്ലാഹുവിന്റെ ദീനിനെ കുറിച്ച് പഠിക്കുകയും അതിനനുസൃതമായി ജീവിക്കുകയും ചെയ്യണം. തെറ്റുകള്‍ ചെയ്യരുത്. നമസ്‌കാരം നിലനിര്‍ത്തണം. ഇസ്‌ലാമിക വേഷം ധരിക്കണം. ഞാന്‍ പല അപകടങ്ങളില്‍നിന്നും രക്ഷപ്പെട്ടയാളാണ്. നിങ്ങള്‍ വലുതാവുന്നതിനുമുമ്പ് ഞാന്‍ മരിക്കുകയാണെങ്കില്‍ പൊന്നുമക്കളെ ഉപദേശിക്കാന്‍ കഴിയാതെ പോയെങ്കിലോ എന്ന ആശങ്ക മൂലമാണ് ഞാനി
തെഴുതിവെക്കുന്നത്.''
പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യസംരംഭങ്ങളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി മാരാത്ത്കുന്ന് ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു.
എസ്.എം.ജെ അക്ബര്‍
സി. മുഹമ്മദ്
ഓമശ്ശേരി ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപകാംഗവും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനുമായിരുന്ന സി. മുഹമ്മദ് സാഹിബ് വ്യതിരിക്തമായ സ്വഭാവഗുണങ്ങളുടെ ഉടമയായിരുന്നു. ജനസേവന-പ്രസ്ഥാനപ്രവര്‍ത്തനങ്ങളുടെ പ്രായോഗിക മാതൃകയായിരുന്നു അദ്ദേഹം. 'സീക്കായി' എന്നറിയപ്പെട്ടിരുന്ന സി. മുഹമ്മദ് സാഹിബിന്റെ സൗഹൃദവലയം വളരെ വിശാലമായിരുന്നു.
അര്‍ഹരായവരെ സാമ്പത്തികമായും മറ്റും സഹായിക്കുന്നതിന് വ്യക്തിപരമായിത്തന്നെ മുന്നിട്ടിറങ്ങാറുള്ള അദ്ദേഹം പാവപ്പെട്ടവര്‍ക്ക് സ്വന്തം ചെലവില്‍ കിണറുകള്‍ നിര്‍മിച്ചുനില്‍കി. ഒരു കുടുംബത്തെ തന്റെ വാടകവീട്ടില്‍ സൗജന്യമായി താമസിപ്പിച്ചുവരികയായിരുന്നു. ഈയിടെ ആ കുടുംബത്തിന് സ്വന്തം സ്ഥലം നല്‍കുകയും, സ്വന്തമായും പിരിച്ചെടുത്തും അവിടെ വീട് നിര്‍മിച്ചുനല്‍കുകയും ചെയ്തു. പ്രസ്ഥാന സ്ഥാപനങ്ങളെ എപ്പോഴും ശ്രദ്ധിക്കുകയും അവയുടെ നിര്‍മാണത്തിലും ക്രയവിക്രയങ്ങളിലും പ്രത്യേക താല്‍പര്യമെടുക്കുകയും ചെയ്തു. ചെറുപ്പക്കാരുമായി ആശയങ്ങളും പ്രസ്ഥാനകാര്യങ്ങളും പങ്കുവെക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി.
കുടുംബത്തിലെ പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ജോലിക്കും ചെയ്യാനാവുന്നതൊക്കെ അദ്ദേഹം ചെയ്തു.
കക്ഷിഭേദമില്ലാതെ നാട്ടുകാരണവന്മാര്‍ മുന്‍കൈയെടുത്ത് 1952-ല്‍ നിര്‍മിച്ച ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആലിയ പഠനത്തിന് മദ്‌റസയില്‍നിന്ന് മുഹമ്മദ് സാഹിബ് തെരഞ്ഞെടുക്കപ്പെടുന്നത്. ഒ.പി അബ്ദുസ്സലാം മൗലവി, അബ്ദുര്‍റഹ്മാന്‍ തറുവയി തുടങ്ങിയവരോടൊപ്പം ആദ്യമായി ഈ പ്രദേശത്തുനിന്ന് ആലിയയിലേക്ക് പഠനത്തിനു പോയ കൂട്ടത്തില്‍ അദ്ദേഹമുണ്ടായിരുന്നു. ഇടക്കുവെച്ച് അസുഖം പിടിപെട്ടതിനാല്‍ പഠനം തുടരാനായില്ല. പിന്നീട് കച്ചവട-കൃഷി രംഗങ്ങളില്‍ സജീവമാവുകയും പ്രസ്ഥാനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്ത 'സീക്കായി'യുടെ മാതൃക അനുകരണീയമാണ്. അദ്ദേഹത്തിന്റെ ആത്മാര്‍ഥ സേവനങ്ങള്‍ക്കും സമര്‍പ്പണത്തിനും സര്‍വശക്തന്‍ തക്ക പ്രതിഫലം നല്‍കുമാറാകട്ടെ.
പുത്തൂര്‍ ഇബ്‌റാഹീം കുട്ടി
ആമിനാ ഖാസിം
1955 മുതല്‍ തൃശൂര്‍ മാളയില്‍ ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന പണ്ഡിതയായ ആമിനാ ഖാസിം അല്ലാഹുവിങ്കലേക്ക് യാത്രയായി. പരേതനായ അബ്ദുല്‍ ഖാസിം മേത്തറുടെ ഭാര്യയാണ്. ജമാഅത്ത് അംഗമായിരുന്നു. എറണാകുളം തോട്ടത്തുംപടി തൈനോത്തില്‍ മുഹമ്മദ്കുഞ്ഞി-ബീവാത്തു ദമ്പതികളുടെ മകളായി 1920-ലാണ് ജനനം. എറണാകുളത്തെ പണ്ഡിതവര്യന്‍ ഇ.കെ മൗലവിയില്‍നിന്ന് ഇസ്‌ലാമികപഠനം നടത്തി. സ്വന്തം പിതാവില്‍നിന്ന് ഇംഗ്ലീഷിലും പ്രാവീണ്യം നേടി. പരന്ന വായനക്കാരിയായിരുന്ന അവര്‍ വായനയിലൂടെ തന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തെ തൊട്ടറിഞ്ഞു. ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ മാത്രമല്ല, വിശുദ്ധ ഖുര്‍ആനിന്റെ ഒട്ടുമിക്ക അധ്യായങ്ങളുടെയും ആഴത്തിലുള്ള പഠനവും അവര്‍ നടത്തി. സാഹിത്യ മേഖലയിലും അറിവുണ്ടണ്ടായിരുന്നു.
അന്നമനടയിലേക്ക് വിവാഹം ചെയ്തുവന്ന ശേഷം അവിടത്തെ വനിതകള്‍ക്കിടയില്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തി. ആമിനത്തായില്‍നിന്ന് ഒട്ടനവധി മാതൃകാ പാഠങ്ങള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞിരുന്നതായി മുതിര്‍ന്ന സ്ത്രീകള്‍ പറയുമായിരുന്നു. 1975-'76 മുതല്‍തന്നെ വിശുദ്ധ റമദാനില്‍ എറണാകുളം പുല്ലേപ്പടി ജുമാ മസ്ജിദില്‍ ഇഅ്ത്തികാഫിന് പോയിരുന്നു. അക്കാലത്ത് കടുത്ത എതിര്‍പ്പുകള്‍ നേരിട്ട് വനിതാ സാമൂഹികരംഗത്ത് ഇസ്‌ലാമിക നവജാഗരണത്തിന്റെ നാമ്പുകള്‍ നട്ടുവളര്‍ത്താനും വ്യത്യസ്ത പ്രദേശങ്ങളില്‍ വനിതകള്‍ക്ക് പഠനക്ലാസുകള്‍ സംഘടിപ്പിക്കാനും അഹോരാത്രം പരിശ്രമിച്ചു. സ്വന്തം കുടുംബത്തില്‍ ഇസ്‌ലാമിനെ അടയാളപ്പെടുത്താനും, അവരിലൂടെ തലമുറകളെ ഈ മാര്‍ഗത്തില്‍ വാര്‍ത്തെടുക്കാനും കഴിഞ്ഞു. മൂത്ത മകന്‍ അജ്മല്‍ മേത്തര്‍ ജമാഅത്ത് അംഗമാണ്.
ദീര്‍ഘകാലം പ്രസ്ഥാനത്തിന്റെ ഹല്‍ഖാ-ഏരിയാ നേതൃത്വം വഹിച്ചിരുന്നു. മരിക്കുമ്പോള്‍ 96 വയസ്സായിരുന്നു. അന്നമനടയിലെ പ്രസ്ഥാന ചരിത്രത്തിലെ ഒരു വലിയ അധ്യായമാണ് ആമിനത്ത വിടപറഞ്ഞതോടെ അവസാനിച്ചത്.
അബ്ബാസ് മാള
അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍
Comments