Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

അലപ്പോ നല്‍കുന്ന പാഠങ്ങള്‍

മുഹമ്മദുബ്‌നു മുഖ്താര്‍ ശന്‍ഖീത്വി

സിറിയന്‍ പോരാട്ടത്തിന്റെ ഗതിവിഗതികള്‍ സൂക്ഷ്മമായി പിന്തുടരുന്നവരെ സംബന്ധിച്ചേടത്തോളം അലപ്പോയുടെ വീഴ്ച ഒട്ടും യാദൃഛികമായിരുന്നില്ല. ഇത്രയും വര്‍ഷങ്ങള്‍ ആ നഗരം വീഴാതെ പിടിച്ചുനിന്നല്ലോ എന്നതിലാണ് അത്ഭുതം. എന്തിനും പോന്ന ഒരു പറ്റം പോരാളികളുടെ ചെറുത്തുനില്‍പ്പാണ് ഈ സിറിയന്‍ നഗരത്തിന് തുണയായത്. ആ ജനതയാണെങ്കില്‍ ഒരു ജീവന്മരണ പോരാട്ടത്തിലുമാണല്ലോ. അതിജീവനത്തിന് വിജയമല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല.

സിറിയന്‍ പോരാട്ടത്തിന്റെ നാള്‍വഴികള്‍ പഠിക്കുന്ന ഏതൊരാള്‍ക്കും അതിന്റെ പ്രയാണത്തെ ഒട്ടേറെ അടവുപരമായ പാളിച്ചകള്‍ തടസ്സപ്പെടുത്തിയതായി കാണാം. പോരാളികള്‍ക്ക് മാത്രമല്ല അവരെ പിന്തുണച്ച മേഖലയിലെ ശക്തികള്‍ക്കും ആസൂത്രണത്തിലും പ്രയോഗത്തിലും വലിയ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരു ജനതയുടെ വിമോചന പോരാട്ടം എന്ന നിലയില്‍നിന്ന് ഇത് എന്നോ വഴിമാറിയിരുന്നല്ലോ. വിവിധ അന്താരാഷ്ട്ര - മേഖലാ ശക്തികള്‍ തമ്മിലുള്ള പോരായി അത് മാറിക്കഴിഞ്ഞിരുന്നു. സിറിയന്‍ മണ്ണില്‍ വെച്ച് അത് നടക്കുന്നുവെന്നു മാത്രം. 'സിറിയന്‍ വിപ്ലവം'  ഒരു തലക്കെട്ട് മാത്രമായിരുന്നു. ഇത്തരം കീറാമുട്ടികളും വഴിമാറലുകളും ഒടുവില്‍ വളരെ കയ്പുറ്റതും വേദനാജനകവുമായ അതിന്റെ സ്വാഭാവിക അന്ത്യത്തില്‍ എത്തിച്ചേരുമെന്ന് ഉറപ്പായിരുന്നു.

ലക്ഷക്കണക്കിന് മനുഷ്യജീവന്‍ വിലയായി നല്‍കേണ്ടിവന്ന സിറിയന്‍ വിപ്ലവത്തിന്റെ പരാജയത്തിന് ആഭ്യന്തരവും വൈദേശികവുമായ നിരവധി കാരണങ്ങളുണ്ട്. അവയെ ഏഴു കാര്യങ്ങളാക്കി ഇങ്ങനെ ചുരുക്കിപ്പറയാം.

ഒന്ന്: ബശ്ശാര്‍ ഭരണകൂടം അതിന്റെ ആക്രമണം കടുപ്പിച്ചപ്പോള്‍ പോലും ചെറുത്തുനില്‍പു പോരാട്ടങ്ങളെ ഏകീകരിക്കുന്ന വിധത്തില്‍ ഒരു ഏകസൈനിക നേതൃത്വം യാഥാര്‍ഥ്യമാക്കാന്‍ വിപ്ലവശക്തികള്‍ക്ക് സാധിച്ചില്ല. അത് സാധ്യമായിരുന്നെങ്കില്‍ പോരാളികളെ വളരെ പ്രഫഷനലായി തന്ത്രപ്രധാനമായ മേഖലകളില്‍ വിന്യസിക്കാന്‍ കഴിയുമായിരുന്നു. എന്തുകൊണ്ട് ഈ വീഴ്ച എന്ന് ചോദിച്ചാല്‍ കാരണങ്ങള്‍ നിരവധിയുണ്ട്. ഒന്നാമത്തേത്, ഓരോ പോരാളി ഗ്രൂപ്പിന്റെയും രാഷ്ട്രീയമായ താന്‍പ്രമാണിത്തം തന്നെ. ആശയപരമായും അവര്‍ ഭിന്ന ധ്രുവങ്ങളിലായിരുന്നു; പ്രത്യേകിച്ച് തീവ്ര സലഫി ഗ്രൂപ്പുകള്‍. അതേസമയം ഈ അനൈക്യത്തിന് മുഖ്യ കാരണക്കാര്‍ വിപ്ലവത്തെ സഹായിച്ചുകൊണ്ടിരുന്ന മേഖലാ ശക്തികളാണുതാനും. അവര്‍ സിറിയന്‍ വിപ്ലവകാരികള്‍ക്ക് ധാരാളം ആയുധങ്ങളും പണവും എത്തിച്ചു. നയതന്ത്രപരവും രാഷ്ട്രീയവുമായ സംരക്ഷണ കവചമൊരുക്കി. വളരെ പ്രശംസനീയമാണ് ഈ നീക്കങ്ങളൊക്കെയും. പക്ഷേ ഇതിനോടൊപ്പം ഒരേ ലക്ഷ്യത്തിനു വേണ്ടി പോരാടുന്ന ഗ്രൂപ്പുകള്‍ തമ്മില്‍ ഐക്യമുണ്ടാക്കാനോ അവരെ ഒരേ നേതൃത്വത്തിന്റെ കീഴില്‍ കൊണ്ടുവരാനോ മേഖലാ ശക്തികളുടെ ഭാഗത്തു നിന്ന് കാര്യമായ ശ്രമങ്ങളുണ്ടായില്ല. ഒന്നിച്ചുനിന്നാലേ സഹായം തരൂ എന്ന് പോരാളി ഗ്രൂപ്പുകളോട് അവര്‍ക്ക് പറയാമായിരുന്നല്ലോ. അത്തരം സമ്മര്‍ദങ്ങളൊന്നും ഉണ്ടായില്ല. ഇതിന്റെ പേരില്‍ എത്ര പോരാളികളെ കുരുതികൊടുക്കേണ്ടിവന്നു! നല്‍കിയ സഹായങ്ങള്‍ പാഴാവുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവങ്ങളുമായി ഇതിനെ തട്ടിച്ചുനോക്കിയാല്‍ ഒരു വൈരുധ്യം നമ്മുടെ കണ്ണില്‍പെടും. കൊളോണിയല്‍ ശക്തികള്‍ക്കെതിരെയുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളും ഏകാധിപത്യത്തിനെതിരെയുള്ള രാഷ്ട്രീയ സമരങ്ങളും കഴിഞ്ഞ നൂറ്റാണ്ടില്‍ ധാരാളമായി നടന്നിട്ടുണ്ട്. ഈ വിപ്ലവങ്ങളെ സഹായിച്ച ശക്തികളുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ വിപ്ലവത്തെ സഹായിച്ച മേഖലാ ശക്തികളുടെ ഭാഗത്തുനിന്നുണ്ടായ ഈ അവഗണനയും ജാഗ്രതക്കുറവും അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല എന്നു കാണാന്‍ കഴിയും. ആസൂത്രണത്തിലും സംഘാടനത്തിലും തന്ത്രങ്ങള്‍ നടപ്പാക്കുന്നതിലുമെല്ലാം വിപ്ലവകാരികള്‍ക്കൊപ്പം വിജയം ഉറപ്പാകുന്നതുവരെ അവര്‍ ഉണ്ടായിരുന്നു. വിപ്ലവശ്രമങ്ങള്‍ തനി സായുധ അരാജകത്വത്തിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ അവര്‍ ജാഗ്രത കാണിച്ചിരുന്നു.

രണ്ട്: ഏതൊരു വിപ്ലവത്തിനും സുവ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടും ദിശാബോധവും ഉണ്ടാകണം. അത്തരമൊരു രാഷ്ട്രീയ നേതൃത്വം സിറിയയില്‍ ഉയര്‍ന്നുവന്നില്ല. ജനതയെ മുഴുവന്‍ ഒരേ കൊടിക്കീഴില്‍ അണിനിരത്താന്‍ ആ രാഷ്ട്രീയ കാഴ്ചപ്പാടിന് സാധിക്കുമായിരുന്നു. ഇതിന്റെ ഒരു കാരണം വിപ്ലവകാരികള്‍ വേണ്ടത്ര രാഷ്ട്രീയ അനുഭവ സമ്പത്തുള്ളവരായിരുന്നില്ല എന്നതാണ്. പെട്ടെന്നാണ് അവര്‍ക്ക് രാഷ്ട്രീയത്തിലേക്ക് എടുത്തുചാടേണ്ടിവന്നത്. പതിറ്റാണ്ടുകളായി ഏകാധിപതികള്‍ മാത്രം ഭരിക്കുന്ന സിറിയയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യവുമായിരുന്നില്ല. വിവിധ നിലപാടുള്ള ഗ്രൂപ്പുകളെ ഉള്‍ക്കൊള്ളുംവിധം ഒരു വിശാല രാഷ്ട്രീയ ഐക്യമുന്നണി കെട്ടിപ്പടുക്കാന്‍ ഈ രാഷ്ട്രീയ പരിചയക്കുറവ് അവര്‍ക്ക് തടസ്സമായി.

ഇവിടെയും വിപ്ലവത്തെ സഹായിച്ച മേഖലാ ശക്തികള്‍ക്ക് പഴി കേള്‍ക്കാതിരിക്കാനാവില്ല. പോരാളി ഗ്രൂപ്പുകള്‍ക്ക് അവര്‍ നേരിട്ടാണ് സഹായം നല്‍കിക്കൊണ്ടിരുന്നത്. ഇത് രാഷ്ട്രീയ നേതൃത്വങ്ങള്‍ അരികിലേക്ക് മാറ്റിനിര്‍ത്തപ്പെടാന്‍ ഇടയാക്കി. യുദ്ധമുന്നണിയിലെ ട്രഞ്ചുകളില്‍ കഴിയുന്ന വിപ്ലവകാരികളും നയതന്ത്ര-മീഡിയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഹോട്ടലിലെ ലോഞ്ചുകളില്‍ കഴിയുന്ന വിപ്ലവകാരികളും തമ്മിലുള്ള അകലത്തെയും ഇത് വര്‍ധിപ്പിച്ചു. മാത്രവുമല്ല കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍, വിപ്ലവത്തെ സഹായിച്ചുകൊണ്ടിരുന്ന പല മേഖലാ ശക്തികളും യഥാര്‍ഥത്തില്‍ വിപ്ലവത്തെ വിജയിപ്പിക്കുന്നതിനല്ല, അതിനെ ഗര്‍ഭഛിദ്രം ചെയ്യുന്നതിനാണ് ഗൂഢമായി ശ്രമിച്ചുകൊണ്ടിരുന്നത് എന്നു കാണാം. അറബിക്കവി മുതനബ്ബി പറഞ്ഞതുപോലെ, ചില ശത്രുക്കള്‍ നിനക്ക് പ്രയോജനകരമായിരിക്കും, ചില സൗഹൃദങ്ങള്‍ നിന്നെ കഷ്ടപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യും (വമിനല്‍ അദാവത്തി മാ യനാലുക നഫ്ഉഹു, വമിന സ്സ്വദാഖതി മാ യളുര്‍റു വയുഅ്‌ലിമു).

മൂന്ന്: ആഗോള തീവ്ര സലഫി വിഭാഗങ്ങള്‍ സിറിയന്‍ വിപ്ലവത്തിലേക്ക് കടന്നുകൂടിയതോടെ ഫയലുകള്‍ കൂടിക്കലര്‍ന്നു. സിറിയന്‍ വിപ്ലവത്തിന് അതിന്റെ ദേശീയ സ്വഭാവം നഷ്ടമായി. എല്ലാ സിറിയക്കാര്‍ക്കും നീതിയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന സ്വതന്ത്ര ജനാധിപത്യ സിറിയ എന്ന രാഷ്ട്രീയ സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാതെയായി. ഇത്തരം തീവ്രവാദി സംഘങ്ങളുടെ കടന്നുവരവ് വലിയ ആശയക്കുഴപ്പത്തിന് വഴിയൊരുക്കി. ആ സംഘങ്ങള്‍ ഏകാധിപത്യത്തിനെതിരെ ഫീല്‍ഡില്‍ പൊരുതുന്നുണ്ടെങ്കിലും, അവര്‍ ആശയപരമായി ഒരു ഏകാധിപത്യ സംവിധാനത്തെ താലോലിക്കുന്നവര്‍ തന്നെയായിരുന്നു. അവരുടെ യുദ്ധം മുഴു ലോകത്തിനുമെതിരെയായിരുന്നു. ദേശീയ പരിധികളൊന്നുമില്ലാത്ത 'ഖിലാഫത്ത് സാമ്രാജ്യ'മാണ് അവര്‍ സ്വപ്‌നം കണ്ടത്. അത്തരം സാമ്രാജ്യസങ്കല്‍പങ്ങളൊക്കെ കഴിഞ്ഞ നൂറു കൊല്ലമായി ലോകം കൈയൊഴിഞ്ഞതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല.

സിറിയയിലേക്ക് കടന്നുവന്ന ഈ തീവ്രവാദി ഗ്രൂപ്പുകള്‍ സിറിയക്കാരുടെ ന്യായമായ പോരാട്ടത്തെ സഹായിക്കുന്ന നിലപാടുകളല്ല സ്വീകരിച്ചതും. അവര്‍ക്ക് അവരുടേതായ അജണ്ടകളുണ്ടായിരുന്നു. അവര്‍ നടത്തിയ അതിക്രമങ്ങള്‍ക്കൊക്കെ വില നല്‍കേണ്ടിവന്നത് സിറിയന്‍ ജനതയാണ്. ശീഈ -റഷ്യന്‍ അച്ചുതണ്ടിനെ നേരിടാന്‍ സിറിയന്‍ ജനതക്ക് ലോകത്തിന്റെ ശത്രുതയല്ല, സൗഹൃദമാണ് ആവശ്യമായിരുന്നത്. തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് അവരുടെ പ്രഖ്യാപിത ശത്രുക്കളുണ്ടായിരുന്നല്ലോ. അവരുടെ നാട്ടില്‍ പോയല്ലേ ഇത്തരക്കാര്‍ യുദ്ധം ചെയ്യേണ്ടിയിരുന്നത്? അവരെന്തിനാണ് എരിതീയില്‍ എണ്ണയൊഴിക്കാന്‍ സിറിയയിലേക്ക് വന്നത്? ചെച്‌നിയയിലെയും ദാഗിസ്താനിലെയും പോരാളികള്‍ സിറിയയിലേക്ക് വന്നതാണ് എനിക്ക് പിടികിട്ടാത്തത്. പാമ്പിന്റെ തല അവരുടെ തൊട്ടടുത്ത് മോസ്‌കോയില്‍ തന്നെയല്ലേ.

നാല്: ഇറാന്‍ വ്യാപന ഭീഷണിയില്‍ കഴിയുന്ന ചില ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് സിറിയന്‍ വിപ്ലവത്തിന്റെ സ്ട്രാറ്റജിക് പ്രാധാന്യം വേണ്ടത്ര പിടികിട്ടിയിരുന്നില്ല. ശാം മേഖലയില്‍നിന്ന് ഇറാനെ തുരത്താനുള്ള ചരിത്രപരമായ ഒരു സുവര്‍ണാവസരമാണ് -ഇത് അടുത്ത കാലത്തൊന്നും ഇനി ആവര്‍ത്തിക്കാന്‍ സാധ്യതയില്ല- അവര്‍ക്ക് സിറിയന്‍ വിപ്ലവം സമ്മാനിച്ചത്. അറബ് മേഖലയില്‍നിന്നു തന്നെ ഇറാനിയന്‍ സ്വാധീനം അവര്‍ക്ക് പിഴുതെറിയാമായിരുന്നു. ഇറാനിയന്‍ നീക്കത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടപ്പുള്ള രണ്ട് പ്രതിഭാസങ്ങളെയും അവര്‍ കാണാതെ പോയി. ചരിത്രപരമായി ഇറാന്നും അവരോടൊപ്പമുള്ള ഗ്രൂപ്പുകള്‍ക്കും സുന്നീ ലോകത്തോടുള്ള പ്രതികാര ചിന്തയാണ് അതിലൊന്ന്. സ്വഫവി-ഫാത്വിമി എന്നീ മുന്‍കാല ശീഈ ഭരണകൂടങ്ങള്‍ ആധിപത്യം വാണിരുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുക എന്നതാണ് രണ്ടാമത്തേത്. അവയില്‍ മിക്കതും ഇപ്പോള്‍ സുന്നീപ്രദേശങ്ങളാണ്.

ഇറാഖിലെ കയ്പുറ്റ അനുഭവത്തിനു ശേഷം അമേരിക്കന്‍ നയതന്ത്രത്തില്‍ വന്ന വലിയ മാറ്റമാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പിടികിട്ടാതെ പോയ മറ്റൊരു വിഷയം. നേരിട്ട് ഇടപെടുന്നതിനു പകരം ശീഈ മിലീഷ്യകളുമായി കൂട്ടുകൂടുക എന്നതായിരുന്നു അമേരിക്കന്‍ സ്ട്രാറ്റജിയില്‍ വന്ന കാര്യമായ മാറ്റം. അലപ്പോ വീണതോടു കൂടി ഇറാന്‍ വ്യാപന ഭീഷണി വര്‍ധിച്ചിരിക്കുകയാണ്. സിറിയന്‍ പ്രശ്‌നത്തില്‍ കാണിച്ച അലംഭാവത്തിന്റെ പരിണതിയെന്നോണം നാളെ ഗള്‍ഫ് നഗരങ്ങളിലും ശീഈ മിലീഷ്യകള്‍ ചുറ്റിക്കറങ്ങില്ലെന്ന് ആരു കണ്ടു!

അഞ്ച്: മേഖലാ ശക്തികള്‍- അറബികളും തുര്‍ക്കികളും- സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ കുടക്കീഴില്‍നിന്ന് ഒരിക്കല്‍ പോലും പുറത്തു കടക്കുകയുണ്ടായില്ല. ഇറാനിയന്‍ തന്ത്രങ്ങളെ സ്വതന്ത്രമായി നേരിടാനുള്ള അവസരമാണ് അവരങ്ങനെ നഷ്ടപ്പെടുത്തിയത്. സിറിയന്‍ പ്രക്ഷോഭത്തിലെ അമേരിക്കന്‍ തന്ത്രം വളരെ വ്യക്തമായിരുന്നു. പ്രതിയോഗികളെ ദീര്‍ഘകാലം രക്തരൂഷിതമായി തമ്മിലടിപ്പിക്കുക എന്നതായിരുന്നു അത്. അങ്ങനെ എല്ലാവരുടെയും ശക്തി ക്ഷയിക്കണം. ഈ അറബ് രാഷ്ട്രം ഇസ്രയേലിന് ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇറാഖില്‍ അനുവര്‍ത്തിച്ച അതേ തന്ത്രം തന്നെ. സിറിയയെ നശിപ്പിക്കുന്നതിലൂടെ അറബികള്‍ക്കും തുര്‍ക്കികള്‍ക്കുമിടയില്‍ പാലമായി അത് മാറുന്നത് തടയാനുമാവും.

സിറിയ എന്ന രാഷ്ട്രത്തെ അരികുവത്കരിക്കുന്ന ഈ അമേരിക്കന്‍ നയത്തെക്കുറിച്ച് അമേരിക്കന്‍ സയണിസ്റ്റ് ബുദ്ധിജീവികളിലൊരാളായ റിച്ചാര്‍ഡ് ലൂറ്റ്‌വക് ന്യൂയോര്‍ക്ക് ടൈംസില്‍ (2013 ആഗസ്റ്റ് 25) തുറന്നെഴുതിയിട്ടുണ്ട്. ലൂറ്റ്‌വകിന്റെ വാക്കുകള്‍: ''സിറിയയില്‍ ഏതു കക്ഷി ജയിച്ചാലും തോല്‍ക്കുന്നത് അമേരിക്കയായിരിക്കും. അതിനാല്‍ ശക്തി ക്ഷയിപ്പിക്കല്‍ യുദ്ധം (War of Attrition) ആയിരിക്കണം അമേരിക്കയുടെ ലക്ഷ്യം. ഇതിന് ഒരൊറ്റ വഴിയേയുള്ളൂ. ബശ്ശാര്‍ മുന്നേറുന്ന അവസരങ്ങളില്‍ കലാപകാരികളെ ആയുധമണിയിക്കുക. അവര്‍ ജയിക്കുമെന്ന ഘട്ടമെത്തുമ്പോള്‍ അവര്‍ക്കുള്ള സഹായം നിര്‍ത്തുകയും ചെയ്യുക.'' സിറിയയില്‍ ബറാക് ഒബാമ തുടരുന്നതും ഈ നയം തന്നെയാണെന്ന് ലൂറ്റ്‌വക് ലേഖനത്തില്‍ എടുത്തു പറയുന്നുമുണ്ട്.

സിറിയയില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായപ്പോഴും നാമിത് കണ്ടതാണ്. സിറിയയെ ഒതുക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ അമേരിക്ക റഷ്യക്ക് വഴിമാറിക്കൊടുത്തു. അമേരിക്ക ഈ നിലപാടെടുത്തതില്‍ യാതൊരു അത്ഭുതവുമില്ല. ഇത് മനസ്സിലാക്കിയിട്ടും വിപ്ലവത്തെ സഹായിക്കുന്ന രാഷ്ട്രങ്ങള്‍ അമേരിക്കന്‍ കുടക്കീഴില്‍നിന്ന് മാറാത്തതാണ് നമ്മെ അമ്പരപ്പിക്കുന്നത്. അതിനാല്‍ വിജയം ഉറപ്പിക്കാന്‍ വേണ്ട ആയുധങ്ങളൊന്നും തക്ക സമയത്ത് വിപ്ലവകാരികള്‍ക്ക് ലഭിച്ചില്ല. അമേരിക്കയിലെ സയണിസ്റ്റ് ലോബിയുടെ തന്ത്രങ്ങളായിരുന്നല്ലോ സിറിയയില്‍ ഒബാമ നടപ്പാക്കിക്കൊണ്ടിരുന്നത്.

ആറ്: മേഖലയുടെ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള നിലപാടായിരുന്നു തുര്‍ക്കിയുടേത് എന്ന് പറഞ്ഞുകൂടാ. അവരുടെ ഭാഗത്തു നിന്നുള്ള വളരെ പ്രശംസനീയമായ മനുഷ്യ കാരുണ്യപ്രവര്‍ത്തനങ്ങളെ കാണാതെയല്ല ഇത് പറയുന്നത്. എല്ലാ വശങ്ങളും സ്പര്‍ശിക്കുന്ന ഒരു സമഗ്ര നിലപാടും സ്ട്രാറ്റജിയും അവര്‍ സ്വീകരിക്കേണ്ടിയിരുന്നു.  സിറിയന്‍ വിപ്ലവത്തില്‍ ഇടപെട്ടപ്പോള്‍ ദേശീയമായ ഇടുങ്ങിയ താല്‍പര്യങ്ങളാണ് തുര്‍ക്കിയെ നയിച്ചത്. സിറിയന്‍ ജനതയെ സൈനികമായി സഹായിക്കാന്‍ തുര്‍ക്കിക്കേ കഴിയുമായിരുന്നുള്ളൂ. അതിനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും അവരത് നഷ്ടപ്പെടുത്തിക്കളഞ്ഞു. വെല്ലുവിളികള്‍ കുമിഞ്ഞു കൂടിയപ്പോഴാകട്ടെ കടിഞ്ഞാണ്‍ അവരുടെ കൈയില്‍നിന്ന് തെറിച്ചുപോവുകയും ചെയ്തു.

തുര്‍ക്കിയുടെ ആഭ്യന്തര-വൈദേശിക പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാണെന്നത് നേരുതന്നെ. ഭൂമിശാസ്ത്രപരമായ കിടപ്പ് പല അവസരങ്ങളും അതിന് ഒരുക്കിക്കൊടുക്കുന്നുണ്ടെങ്കിലും പലതരം നിയന്ത്രണങ്ങളാല്‍ ചുറ്റിവരിയപ്പെട്ട നിലയിലാണത്. എവിടെയും അപകടങ്ങള്‍ പതിയിരിക്കുന്നു. ഈ ബന്ധനാവസ്ഥയില്‍ ഇറാനെപ്പോലെ ഇറങ്ങിക്കളിക്കാന്‍ അതിന് സാധിക്കുന്നില്ല.

രണ്ടാം ലോക യുദ്ധത്തിന്റെ തുടക്കത്തില്‍ അമേരിക്ക എവിടെയായിരുന്നോ ആ സ്ഥാനത്താണ് ഇന്ന് തുര്‍ക്കി എന്നാണ് എന്റെ തോന്നല്‍. യൂറോപ്പിനെ നാസിസത്തില്‍നിന്നും ഫാഷിസത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ അമേരിക്ക സൈനികമായി ഇടപെടണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍, ഈ യൂറോപ്യന്‍ ചതുപ്പിലേക്ക് എടുത്തു ചാടരുതെന്ന് മറുവിഭാഗം എതിര്‍വാദങ്ങള്‍ നിരത്തി. ഒടുവില്‍ ഇടപെടണമെന്ന തീരുമാനത്തിലെത്തി. യൂറോപ്പിനെ അമേരിക്ക രക്ഷപ്പെടുത്തുകയും ചെയ്തു. ഈയൊരു ധീരമായ തീരുമാനമാണ് പിന്നീട് അമേരിക്കയെ ഏറ്റവും വലിയ ലോകശക്തിയാക്കി മാറ്റിയത്.

ഇതുപോലെ, സിറിയയിലും ഇറാഖിലും അറേബ്യന്‍ ഉപദ്വീപിലും തുര്‍ക്കി ഇന്ന് എന്താണോ ചെയ്യാന്‍ പോകുന്നത് അതിനെ ആസ്പദിച്ചിരിക്കും അവരുടെ ഭാവിയും ലോക രാഷ്ട്രീയ ഭൂപടത്തില്‍ അവരുടെ സ്ഥാനവും. മാറിനില്‍പ്പും അറച്ചുനില്‍പ്പും തീപിടിത്തത്തില്‍നിന്ന് അവരെ രക്ഷിക്കില്ല; പ്രത്യേകിച്ച് ഇറാനും അതിന്റെ മിലീഷ്യകളും തുര്‍ക്കി അതിര്‍ത്തിവരെ എത്തിയ ഈ സന്ദര്‍ഭത്തില്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി തുര്‍ക്കിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുര്‍ദ് ഭീഷണിയിലാണ്. തുര്‍ക്കിയുടെ വാതില്‍ക്കലെത്തി മുട്ടിവിളിക്കുന്ന ശീഈ ഭീഷണിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് ഒന്നുമല്ല. അലപ്പോയെയും സിറിയന്‍ സമൂഹത്തെയും രക്ഷിക്കാനല്ല, സ്വയം രക്ഷിക്കാനാണ് തുര്‍ക്കി താല്‍പര്യപ്പെടുന്നതെന്ന് പറയേണ്ടിവരും. ഇതാണ് നിലപാടെങ്കില്‍ ഒടുവില്‍ ഒരാളും രക്ഷപ്പെടില്ലെന്നും തിരിച്ചറിയണം.

ഏഴ്: ലോകത്തെങ്ങുമുള്ള സുന്നീ വിഭാഗങ്ങളുടെ ശക്തിക്ഷയത്തിന്റെയും കൂട്ടായ തീരുമാനമെടുക്കുന്നതിനുള്ള കഴിവുകേടിന്റെയും നയതന്ത്ര മേഖലയിലെ പിഴവുകളുടെയും വിലയാണ് സിറിയന്‍ ജനത ഒടുക്കിക്കൊണ്ടിരിക്കുന്നത്. സുന്നീ അണികള്‍ ആകെ ശിഥിലമാണ് എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം; പ്രത്യേകിച്ച് അറബികള്‍. ലോക സംഭവങ്ങള്‍ വീക്ഷിക്കുമ്പോള്‍ വളരെ പ്രകടമായി കാണുന്ന, വളരെ അര്‍ഥധ്വനികളുള്ള ഒരു പ്രതിഭാസം നാം കാണുന്നുണ്ട്. ലോകത്തൊരിടത്തും ജൂതര്‍ ജൂതരെയോ ശീഈകള്‍ ശീഈകളെയോ കൊല്ലുന്നില്ല. പക്ഷേ അറബികള്‍ അറബികളെ കൊല്ലുന്നു, സുന്നികള്‍ സുന്നികളെ കൊല്ലുന്നു. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്നത് ഒരു സംഘം (ജമാഅത്ത്) അല്ലെന്ന് വന്നിരിക്കുന്നു.

എന്തായാലും അലപ്പോ വെറുതെയങ്ങ് വീണതല്ല. ഒടുക്കം വരെ ആ നഗരം ധീരമായി പോരാടിയിട്ടുണ്ട്. അലപ്പോ നിവാസികളെ നാം ഏറ്റവുമൊടുവിലേ കുറ്റപ്പെടുത്താവൂ. കഴിഞ്ഞ നാലര കൊല്ലമായി ശത്രുവിന്റെ കൈകളിലേക്ക് വീഴാതെ നഗരത്തെ അവര്‍ സംരക്ഷിച്ചുവരികയായിരുന്നു. അവരെയും കവിഞ്ഞുനില്‍ക്കുന്ന ഒരു യുദ്ധമുഖത്തായിരുന്നു അവര്‍. ഇസ്‌ലാമിക ലോകത്തെ മുഴുവന്‍ ലക്ഷ്യമിട്ടുള്ള യുദ്ധമായിരുന്നു അത്. ആ യുദ്ധത്തില്‍ വിലപ്പെട്ടതെല്ലാം അലപ്പോ നിവാസികള്‍ ബലികൊടുത്തു. വീണത് അലപ്പോ അല്ല; നിശ്ചയദാര്‍ഢ്യവും ദിശാബോധവും ധീരതയും ആണത്തവും കൈമോശം വന്ന സുന്നീ സമൂഹമാണ്. വേരുകളിലേക്കിറങ്ങിച്ചെന്ന് പഠിക്കേണ്ട വിഷയമാണിത്. തൊലിപ്പുറമെയുള്ള ചര്‍ച്ച ഫലവത്താകില്ല. സ്ട്രാറ്റജികളിലും മുന്‍ഗണനകളിലും പൊളിച്ചെഴുത്ത് വേണ്ടിവരും. ദുഃഖാചരണ മജ്‌ലിസുകള്‍ ചേര്‍ന്നതുകൊണ്ട് കാര്യമില്ല. അലപ്പോ നമുക്കൊരു പാഠമാകുമോ അതോ ശരത്കാലത്ത് ഇലപൊഴിയുന്നപോലെ നമ്മുടെ പൗരാണിക നഗരങ്ങളോരോന്നായി പൊഴിഞ്ഞു തീരുമോ? 

 

(ഖത്തറിലെ മര്‍കസുത്തശ്‌രീല്‍ ഇസ്‌ലാമിയില്‍ അധ്യാപകനാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍