Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

മക്കളോട് ഇടപെടുമ്പോള്‍ അവരുടെ വികാരം മാനിക്കാറുണ്ടോ?

ഡോ. ജാസിമുല്‍ മുത്വവ്വ

പേടിച്ചരണ്ട ഉറുമ്പിന്റെ വികാരങ്ങള്‍ മാനിച്ചുവെന്നതാണ് സുലൈമാന്‍ നബി(അ)യുടെ കഥയില്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. തങ്ങളുടെ മാളങ്ങളെക്കുറിച്ച് ഒരു കരുതലുമില്ലാതെ സുലൈമാന്‍ നബിയും സൈന്യവും തങ്ങളെ ചവിട്ടിയരച്ചേക്കുമോ എന്നായിരുന്നു ഉറുമ്പുകളുടെ ഭയം. പ്രവാചകന്മാര്‍ മനുഷ്യരുടെയും ജന്തുക്കളുടെയുമെല്ലാം വികാരങ്ങള്‍ മാനിക്കുന്നവരാണെന്ന സത്യം ഉറുമ്പ് അറിയാതെ പോയി. ഉറുമ്പിന്റെ വര്‍ത്തമാനം കേട്ട് പുഞ്ചിരിതൂകിയ സുലൈമാന്‍ സൈന്യത്തിന്റെ സഞ്ചാരദിശ മാറ്റാന്‍ ഉത്തരവിട്ടു. വികാരങ്ങളെ മാനിക്കുക എന്നത് സുന്ദരവും സൂക്ഷ്മവും ലോലവുമായ സമീപനരീതിയാണ്. വിനയവും ആര്‍ദ്രതയുമുള്ള ഹൃദയങ്ങളില്‍നിന്നേ അതുണ്ടാവൂ. പൊങ്ങച്ചക്കാരായ അഹങ്കാരികള്‍ തങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. മറ്റൂള്ളവരുടെ വികാരങ്ങള്‍ മാനിച്ച് പെരുമാറിയ പത്ത് മുഹൂര്‍ത്തങ്ങള്‍ നബി(സ)യുടെ ചരിത്രത്തില്‍നിന്ന് നമുക്ക് ഓര്‍ത്തെടുക്കാം. 

ഒന്ന്: ആരുടെയെങ്കിലും തെറ്റോ വീഴ്ചയോ ശ്രദ്ധയില്‍പെട്ടാല്‍ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് നബി (സ) അത് തിരുത്തില്ല. തെറ്റ് സംഭവിച്ചവരുടെ വികാരങ്ങള്‍ വ്രണപ്പെടാതെ 'ഇങ്ങനെ ചെയ്യുന്ന ചിലരുടെ കഥയെന്താണ്!' എന്നാവും നബിയുടെ പരാമര്‍ശം. 

രണ്ട്: ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ച സംഭവത്തില്‍, അയാളുടെ നേരെ തിരിഞ്ഞ സ്വഹാബികളോട് 'അയാള്‍ തടസ്സമൊന്നുമില്ലാതെ മൂത്രമൊഴിച്ചുതീരട്ടെ' എന്ന് പറഞ്ഞാണ് നബി (സ) രംഗം ശാന്തമാക്കിയത്. പള്ളികള്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ആരാധനാകാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ആ ഗ്രാമീണനെ നബി (സ) സൗമ്യമായി ഉണര്‍ത്തി. അയാളുടെ വികാരം മാനിച്ചു. അയാള്‍ക്ക് വിവരമില്ലാഞ്ഞിട്ടാണെന്ന് നബി(സ)ക്ക് അറിയാമായിരുന്നു. 

മൂന്ന്: ചോദിച്ചുവരുന്നവന് അര്‍ഹതയില്ലെന്നറിഞ്ഞാലും അയാളോട് സൗമ്യമായേ നബി (സ) ഇടപെടുകയുള്ളൂ. വിടവാങ്ങല്‍ ഹജ്ജ് വേളയില്‍ സ്വദഖാ വിതരണ സന്ദര്‍ഭത്തില്‍, തങ്ങള്‍ക്കും വല്ലതും കിട്ടണമെന്നാഗ്രഹിച്ചു വന്ന രണ്ട് യുവാക്കള്‍ അരോഗദൃഢഗാത്രരാണെന്ന് കണ്ട നബി (സ) അവരോട് സൗമ്യമായി: ''വേണമെങ്കില്‍ നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഞാന്‍ തരാം. ധനികര്‍ക്കും അധ്വാനിക്കാന്‍ ശേഷിയുള്ളവുര്‍ക്കും ഇതില്‍ വിഹിതമില്ലെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം.'' അവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്താതെയുള്ള ഇടപെടലായിരുന്നു ഇത്. 'നിങ്ങള്‍ക്ക് നല്ല ആരോഗ്യമുണ്ടല്ലോ. നിങ്ങള്‍ക്ക് പോയി അധ്വാനിച്ചുകൂടേ' എന്നൊന്നും പറഞ്ഞ് അവരെ അധിക്ഷേപിച്ച് ഇറക്കിവിട്ടില്ല. അവരുടെ മേല്‍ ആക്ഷേപശരങ്ങള്‍ ചൊരിഞ്ഞില്ല. 

നാല്: സമൂഹത്തില്‍ താഴേതട്ടിലുള്ള വികാരങ്ങള്‍ അറിഞ്ഞ് പെരുമാറുന്ന രീതി. ഭക്ഷണവുമായി വരുന്ന പരിചാരകനെ ഒപ്പം ഇരുത്താനോ അതിനായില്ലെങ്കില്‍ ഒരുപിടി ഭക്ഷണം അവന് സ്‌നേഹപൂര്‍വം നല്‍കാനോ നബി ഉപദേശിച്ചു. 

അഞ്ച്: നമസ്‌കാരവേളയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ മാതൃഹൃദയത്തിന്റെ പ്രയാസം മനസ്സിലാക്കി നമസ്‌കാരം ചുരുക്കിയ സന്ദര്‍ഭങ്ങള്‍. 

ആറ്: മരിച്ചവരുടെ കുടുംബങ്ങളുടെ വികാരം മാനിക്കണം. '' മരിച്ചുപോയവരെ നിങ്ങള്‍ കുറ്റം പറയുകയോ ശകാരിക്കുകയോ അരുത്. കാരണം അത് ജീവിച്ചിരിക്കുന്നവരെ വേദനിപ്പിക്കും. മരിച്ചവര്‍ അവരുടെ കര്‍മങ്ങളുമായി പോയി  മറഞ്ഞല്ലോ.'' ഇതാണ് നബി(സ)യുടെ രീതി. 

ഏഴ്: മുതിര്‍ന്നവരുടെയും കുട്ടികളുടെയും വികാരങ്ങള്‍ അറിഞ്ഞ് പെരുമാറുക. ''നമ്മിലെ ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മിലെ മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും നമ്മില്‍പെട്ടവരല്ല.'' 

എട്ട്: വിചാരണകൂടാതെ സ്വര്‍ഗപ്രവേശം സിദ്ധിക്കുന്ന എഴുപതിനായിരം ആളുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഉക്കാശത്തുബ്‌നു മിഹ്‌സന്‍ (റ) തന്നെയും ആ ഗണത്തില്‍പെടുത്താന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ നബിയോട് അഭ്യര്‍ഥിച്ചു. നബി പ്രാര്‍ഥിച്ചു. തുടര്‍ന്ന് മറ്റൊരാളും ആവശ്യപ്പെട്ടപ്പോള്‍ നബി (സ): ''അത് ഉക്കാശ നിങ്ങളേക്കാള്‍ നേരത്തേ കൊണ്ടുപോയി.'' ചോദിച്ച വ്യക്തിയുടെ വികാരങ്ങള്‍ വ്രണപ്പെടുത്താതെ രണ്ട് പേരെയും സന്തോഷിപ്പിക്കുന്നതായിരുന്നു മറുപടി. 

ഒമ്പത്: ആഇശ (റ) സമീപത്തിരിക്കുമ്പോള്‍ അനുവാദം ചോദിച്ചുവന്ന വ്യക്തിയെക്കുറിച്ച് റസൂല്‍ (സ): 'ചീത്ത വ്യക്തിയാണ് അയാള്‍.'' അയാള്‍ വന്നിരുന്നപ്പോള്‍ ഹൃദ്യമായ പെരുമാറ്റമാണ് നബി (സ) കാഴ്ചവെച്ചത്. അങ്ങേയറ്റം ആദരിച്ചിരുത്തി സംസാരിച്ചു. ഈ സമീപനത്തില്‍ ആശ്ചര്യം പൂണ്ട പത്‌നി ആഇശയോട് നബി(സ): 'ഞാന്‍ എപ്പോഴാണ് ആഇശാ ഒരു മോശക്കാരനായി പെരുമാറുന്നത് നീ കണ്ടത്? ദ്രോഹം ഭയപ്പെട്ട് ജനങ്ങള്‍ ഏതൊരാളെ ഒഴിവാക്കുന്നുവോ അയാളാണ് അല്ലാഹുവിന്റെ സന്നിധിയില്‍ ചീത്ത വ്യക്തി.'' 

പത്ത്: ആരാധനാ കാര്യങ്ങളായാലും ജനങ്ങളുടെ വികാരത്തോടൊപ്പമാവണം. മുആദുബ്‌നു ജബല്‍ ദീര്‍ഘമായി ഓതി നമസ്‌കരിക്കുന്നതിനെക്കുറിച്ച് പരാതി കിട്ടിയപ്പോള്‍ നബി (സ) മുആദിനോട്: 'നിങ്ങള്‍ 'ഫിത്‌ന' ഉണ്ടാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണോ മുആദ്?'' പിറകില്‍ രോഗികളും സ്ത്രീകളും കുഞ്ഞുങ്ങളും പല ആവശ്യങ്ങള്‍ക്കും ഇറങ്ങിത്തിരിച്ചവരും ഉണ്ടാകുമെന്ന ബോധത്തോടെയാവണം നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് എന്ന് ഉണര്‍ത്തി. 

ഈ ഉദാഹരണങ്ങളെല്ലാം നിരത്തി എനിക്ക് ഉന്നയിക്കാനുള്ളത് ഒരു ലളിത ചോദ്യമാണ്: നമ്മുടെ മക്കളുടെ വികാരം മാനിച്ചാണോ അവരുടെ ശിക്ഷണകാര്യങ്ങളില്‍ നമ്മുടെ ഇടപെടല്‍?

 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍