Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

പ്രബോധന ഭാഷയുടെ അഭാവം മുസ്‌ലിം ലോകത്തിന്റെ പ്രതിസന്ധിയാണ്

സബ്രീന ലെയ് / ഒ.വി സാജിദ

യൂറോപ്പിലെ മത-മതേതര സമൂഹങ്ങള്‍ തമ്മിലുള്ള ആശയ സംവാദവും സര്‍ഗാത്മക സാമൂഹിക ഇടപെടലും ഉദ്ദേശിച്ച് റോം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന  അക്കാദമിക പണ്ഡിതന്മാരുടെയും  സാമൂഹിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ തവാസുല്‍ യൂറോപ്പിന്റെ ഡയറക്ടറാണ് ഇറ്റാലിയന്‍ എഴുത്തുകാരിയും ചിന്തകയുമായ ഡോ. സബ്രീന ലെയ്. ആറു വര്‍ഷം മുമ്പ് ഇസ്ലാം സ്വീകരിച്ച ഡോ. സബ്രീന ഇസ്‌ലാമിക ചിന്തകളെ ഇറ്റാലിയന്‍ ജനതക്ക് പരിചയപ്പെടുത്തുന്ന ഇരുപത്തിയഞ്ചിലധികം പുസ്തകങ്ങള്‍ ഇതിനകം പരിഭാഷപ്പെടുത്തുകയും ചിലത് സ്വന്തമായി രചിക്കുകയും ചെയ്തിട്ടുണ്ട്. ക്ലാസിക്കല്‍ ഭാഷകളായ ലാറ്റിനും ഗ്രീക്കും അനായാസം കൈകാര്യം ചെയ്യുന്ന ഡോ. സബ്രീനയുമായി റോമില്‍ വെച്ച് നടന്ന സംഭാഷണങ്ങളുടെയും തുടര്‍ന്നുണ്ടായ ആശയവിനിമയങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രബോധനത്തിനുവേണ്ടി തയാറാക്കിയ അഭിമുഖം.

 

ഇസ്‌ലാമിലേക്കുള്ള താങ്കളുടെ യാത്രയെ എങ്ങനെ വിശേഷിപ്പിക്കാനാണ് ഇഷ്ടം? 

ഇസ്‌ലാമിലേക്കുള്ള എന്റെ പരിവര്‍ത്തനം ഒരു നീണ്ട യാത്രയുടെ പര്യവസാനമായിരുന്നു. വായനകളും അന്വേഷണങ്ങളും നിറഞ്ഞ ആ യാത്ര ബോധപൂര്‍വം ഒരു തീരുമാനമെടുക്കാതെത്തന്നെ എന്നെ ഇസ്‌ലാമിലെത്തിച്ചു എന്ന് പറയുന്നതായിരിക്കും ഉചിതം. ഒരുപാട് വായിക്കാറുണ്ടായിരുന്നു. പഠിക്കാന്‍ ഉദ്ദേശിച്ചു തന്നെ ഞാന്‍ ഇസ്‌ലാമിനെ വായിച്ചിട്ടുണ്ട്. തത്ത്വചിന്തയിലെ താല്‍പര്യം ഇഖ്ബാലിനെയും മുഹമ്മദ് അസദിനെയും വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു. ഇഖ്ബാലിന്റെ റീകണ്‍സ്ട്രക്ഷന്‍ ഓഫ് റിലീജ്യസ് തോട്ട്‌സ് ഇന്‍ ഇസ്‌ലാം ഈ ഗണത്തില്‍ ഞാന്‍ വായിച്ച പുസ്തകങ്ങളിലൊന്നാണ്. ഇപ്രകാരം ഞാന്‍ നടത്തിയ വായനകള്‍ അന്തിമമായി എനിക്ക് വളരെ തൃപ്തികരമായി അനുഭവപ്പെട്ട ലക്ഷ്യസ്ഥാനത്ത് എന്നെ എത്തിച്ചു എന്ന് പറയാം. 

ഒരു യാത്ര നടത്തുമ്പോള്‍ ഒരുപാട് കവലകള്‍ നാം കടന്നുപോ കേതു്. നാം മുറിച്ചുകടക്കുന്ന ഇത്തരം കവലകള്‍ യാത്രയുടെ അനിവാര്യതയാണ്. നല്ല നിലയില്‍ ക്രിസ്തുമതം പിന്‍പറ്റുന്ന ഒരു കുടുംബത്തിലാണ് ഞാന്‍ പിറന്നത്. യാതൊരു അലോസരവുമില്ലാതെ ഞാനത് പ്രാക്ടീസ് ചെയ്തു. ഒരുപാട് പ്രമുഖ ബിഷപ്പുമാരും മത നേതാക്കളുമായി ബന്ധമുള്ള കുടുംബമായിരുന്നു എന്റേത്. കുടുംബക്കാരില്‍ ചിലര്‍ക്ക് ക്രിസ്തുമതത്തോട് താല്‍പര്യം നഷ്ടപ്പെട്ടെങ്കിലും ഒരു പ്രയാസവുമില്ലാതെ ആ മതം പ്രാക്ടീസ് ചെയ്യുന്നത് തുടര്‍ന്നിരുന്നു ഞാന്‍. ഏക ദൈവസങ്കല്‍പം കൃത്യമല്ല, അഥവാ ജീസസിനെ ദൈവമായി അംഗീകരിക്കുന്നു എന്നതിനപ്പുറം ക്രിസ്തുമതവുമായി വലിയ പ്രശ്‌നമൊന്നും എനിക്കില്ലായിരുന്നു. 

കാലക്രമേണ എന്റെ യാത്ര ഇസ്‌ലാമില്‍ എത്തിച്ചേരുകയായിരുന്നു. ഞാന്‍ പൂര്‍ണമായി ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പു തന്നെ നോമ്പ് അനുഷ്ഠിക്കാന്‍ ആരംഭിച്ചിരുന്നു. നോമ്പ് ആരംഭിച്ച് മൂന്നാം വര്‍ഷമാണ് ഞാന്‍ ഇസ്‌ലാമിനെ പൂര്‍ണമായി തെരഞ്ഞെടുത്തത്. ഒരര്‍ഥത്തില്‍ സ്വാഭാവികമായ ഒരു പര്യവസാനമായിരുന്നു അതെന്ന് തോന്നുന്നു. കാരണം, അബ്രഹാമിക് പാരമ്പര്യത്തിന്റെ തുടര്‍ച്ച എന്ന നിലക്ക് ഇസ്‌ലാം മോസസും  ജീസസും ഉള്‍പ്പെടെയുള്ള എല്ലാ പ്രവാചകന്മാരെയും ഏറ്റവും മനോഹരമായി ഒന്നിപ്പിക്കുന്ന  കണ്ണിയാണ്. ആ അര്‍ഥത്തില്‍ മതസന്ദേശങ്ങളിലൂടെയുള്ള യാത്ര ഇസ്‌ലാമിലെത്തിച്ചേരുക എന്നത് സ്വാഭാവികമായ പര്യവസാനമാണ്. ഇസ്‌ലാമിന്റെ ദൈവസങ്കല്‍പം ഏകദേശം എല്ലാ പാരമ്പര്യമതങ്ങളും പങ്കുവെക്കുന്നു എന്നതുകൂടി പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. ദൈവം എല്ലാ ജനപദങ്ങളിലും പ്രവാചകന്മാരെ അയച്ചിട്ടുണ്ട് എന്നും ആ പ്രവാചകന്മാരെല്ലാം ആദരവും ബഹുമാനവും അര്‍ഹിക്കുന്നു എന്നുമുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്നെ ഏറെ സ്വാധീനിക്കുകയുണ്ടായി. മറ്റൊരു പ്രധാന ഘടകം ഒരു പ്രകൃതിമതം എന്ന അര്‍ഥത്തില്‍ ഇസ്‌ലാം ആത്മീയതയെയും ലൗകികതയെയും പരസ്പരം ബന്ധിപ്പിക്കുന്നു എന്നതാണ്. ആത്മീയ ഔന്നത്യത്തിന് പ്രത്യേക വേഷഭൂഷകളോ മധ്യവര്‍ത്തികളുടെ സഹായമോ വേണ്ട എന്ന ഇസ്‌ലാമിക കാഴ്ചപ്പാട് എന്നെ ആഴത്തില്‍ ചിന്തിപ്പിക്കുകയുണ്ടായി. അതേപോലെ, ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രകാശനം എന്ന അര്‍ഥത്തില്‍, മൂര്‍ത്തമായ ഒരു ജീവിത മാതൃക എന്ന നിലയില്‍ പ്രവാചകന്റെ ജീവിതം നമ്മുടെ മുമ്പിലുണ്ട് എന്ന് മനസ്സിലാക്കിയതും എന്നെ ഇസ്‌ലാമിനോട് കൂടുതല്‍ അടുപ്പിച്ചു. ആശയങ്ങള്‍ പ്രായോഗികമല്ല എന്ന വാദത്തിന്റെ മുനയൊടിക്കാന്‍ ഈ ജീവിത മാതൃക തന്നെ ധാരാളം. ശ്രദ്ധേയമായ നാഗരികതക്ക് അന്ദലൂസിലും മറ്റും ഇസ്‌ലാം രൂപം നല്‍കി എന്നതും ഇസ്‌ലാമിക നാഗരികത മഹാപ്രതിഭകളായ പണ്ഡിതന്മാര്‍ക്ക് ജന്മം കൊടുത്തു എന്നതും തത്ത്വചിന്ത പഠിക്കുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യമാണ്.

 

'തവാസുല്‍ യൂറോപ്പ്' രൂപീകരിക്കാന്‍ കാരണമായ ഘടകങ്ങള്‍ എന്തൊക്കെയാണ്? 

ഞാന്‍ ഇസ്‌ലാമിലേക്ക് വന്നപ്പോള്‍ മുഖ്യമായും രണ്ട് കാര്യങ്ങളുടെ അഭാവമാണ് യൂറോപ്യന്‍ മുസ്‌ലിംകളില്‍  ശ്രദ്ധിച്ചത്. യൂറോപ്യന്‍ ജനസമൂഹങ്ങളുമായി പങ്കുവെക്കാന്‍ പറ്റുംവിധം ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹമില്ല എന്നതും കൃത്യമായ ഒരു യൂറോപ്യന്‍ മുസ്‌ലിം സ്വത്വത്തിന്റെ അഭാവവുമായിരുന്നു അവ. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ഇവ സംയോജിപ്പിച്ച് പരിഹാരം കാണുന്നതിനെക്കുറിച്ചായി എന്റെ ആലോചനകള്‍. ഇത്തരം ചിന്തകളാണ് ഇറ്റലിയിലെ വിദ്യാസമ്പന്നരായ പൊതുസമൂഹത്തെ അഭിമുഖീകരിക്കുംവിധം ഇസ്‌ലാമിനെ സംബന്ധിച്ച പുനരാലോചനക്കുള്ള ഉത്തമ രീതികളെക്കുറിച്ച വിചാരങ്ങളും ഭാവനകളും എന്റെ മനസ്സില്‍ രൂപപ്പെടുത്തിയത്. 'തവാസുല്‍ യൂറോപ്പ്' രൂപംകൊള്ളുന്നത് അങ്ങനെയാണ്. 

ശരിയായൊരു പ്രബോധന ഭാഷ ഉപയോഗിക്കാനറിയില്ല എന്നത് ഇസ്‌ലാമിനെ കുറിച്ച എല്ലാ സംവാദങ്ങളിലും മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ്. അതായത് ഒരു സന്ദേശം കൈമാറാന്‍ ഭാഷ മാത്രം മതിയാവില്ല.  ഏതൊരു സമൂഹത്തിലാണോ നാം ജീവിക്കുന്നത് ആ സമൂഹത്തിന്റെ സാംസ്‌കാരിക ഭാഷ ഫലപ്രദമായി ഉപയോഗിക്കാനറിയുക എന്നതുകൂടി ആശയവിനിമയത്തിന് അനിവാര്യമാണ്. പ്രാദേശിക സംസ്‌കൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന  മുസ്‌ലിം സ്വത്വരൂപീകരണത്തിനും ഈ അറിവ് സഹായകമാണ്. അതായത് യൂറോപ്യന്‍ മുസ്‌ലിംകള്‍ക്ക് യൂറോപ്യന്‍ മുസ്‌ലിം സ്വത്വത്തിന്റെ രൂപീകരണത്തിനും ഈ അറിവ് ഉപകരിക്കും. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്ന ഒരാള്‍, അല്ലെങ്കില്‍ ഒരര്‍ഥത്തിലും മതപരമല്ലാത്ത പടിഞ്ഞാറിന്റേതു പോലുള്ള പശ്ചാത്തലത്തില്‍നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവരുന്ന ഒരാള്‍ താന്‍ പിറന്നുവീണ സമൂഹവും തന്റെ സാംസ്‌കാരിക പൈതൃകവുമായുള്ള ബന്ധം പൂര്‍ണമായി അറുത്തുമാറ്റണമെന്നൊന്നും ഇസ്‌ലാം പഠിപ്പിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍, മതപരിവര്‍ത്തനം നടത്തുന്നവരില്‍ നല്ലൊരു ശതമാനം ഇക്കാര്യം മനസ്സിലാക്കാത്തവരാണ്. അതുകാരണം അവര്‍ ഇതില്‍നിന്ന് ഭിന്നമായ സമീപനം സ്വീകരിച്ച്, ഒരു യൂറോപ്യന്‍ മുസ്‌ലിം സ്വത്വം രൂപീകരിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു. 

ഇതുകാരണം മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രതിസന്ധി ആഴമേറിയതാണ്. മുസ്‌ലിംകള്‍ തങ്ങളെത്തന്നെ അപരരായി സ്വയം പ്രതിഷ്ഠിക്കുന്ന ഈ നിലപാട് ഇസ്‌ലാമിനെ യൂറോപ്പിന്റെ ഭാഗമായി മനസ്സിലാക്കുന്നതില്‍നിന്ന് മറ്റുള്ളവരെ തടഞ്ഞുനിര്‍ത്തുന്നു. വേഷത്തിലും രീതികളിലുമെല്ലാം വ്യത്യസ്തമാകാനുള്ള അതിരുകവിഞ്ഞ ശ്രമം ഒരു പ്രബോധകസമൂഹത്തിന്റെ സാധ്യതകളെ അറുത്തുമാറ്റുകയാണ് ചെയ്യുന്നതെന്ന ഈ തിരിച്ചറിവാണ് യൂറോപ്യന്‍ മുസ്‌ലിം സ്വത്വത്തെക്കുറിച്ച എന്റെ വാദങ്ങളുടെ അകക്കാമ്പ്. 

ഒരു യൂറോപ്യന്‍ മുസ്‌ലിംസ്വത്വം രൂപംകൊള്ളുക എന്ന ഈ പ്രക്രിയ ദൈര്‍ഘ്യമേറിയതും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. എന്നാല്‍ പരസ്പരം വിരുദ്ധമാവുക എന്നത് തീരെ അനിവാര്യമല്ലാത്ത രണ്ട് കാര്യങ്ങളില്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. ഒരു ആഗോളസമൂഹം എന്ന അര്‍ഥത്തില്‍ മുസ്‌ലിം സമൂഹത്തിലെ എല്ലാ അംഗങ്ങളും ഒരേപോലെ പങ്കിടുന്ന പൊതുവായതും, വ്യത്യസ്ത രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ ഓരോ രാജ്യത്തെയും മുസ്‌ലിംകള്‍ക്കുള്ള വ്യത്യസ്തമായതുമായ സാംസ്‌കാരിക സ്വത്വങ്ങളാണവ. അറബ് മുസ്‌ലിം സ്വത്വം, ഇന്ത്യന്‍ മുസ്‌ലിം സ്വത്വം, ആഫിക്കന്‍ മുസ്‌ലിം സ്വത്വം എന്നത് വ്യത്യസ്തമായതുപോലെ, ഇന്‍ശാ അല്ലാഹ് ഒരു യൂറോപ്യന്‍ മുസ്‌ലിം സ്വത്വവും രൂപംകൊള്ളേണ്ടതുണ്ട്. പരസ്പരപൂരകമാകുംവിധം എല്ലാവരുടെയും വ്യതിരിക്തതകളെയും പ്രത്യേകതകളെയും ബഹുമാനിക്കുന്ന ഈ സമീപനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് ഗുണം ചെയ്യും എന്നതാണ് എന്റെ നിലപാട്. 

 

തവാസുലിന്റെ നേട്ടങ്ങള്‍?

തവാസുല്‍ യൂറോപ്പ് ഗവേഷണത്തിനും സംവാദത്തിനുമുള്ള കേന്ദ്രമെന്ന നിലയില്‍ നാലു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത സംവിധാനമാണ്. യഥാര്‍ഥത്തില്‍ ഒരു മുസ്‌ലിം പ്രസിദ്ധീകരണാലയമെന്ന നിലയില്‍ അബ്ദുല്ലത്വീഫുമായി ചേര്‍ന്ന് ഞാന്‍ എട്ടു വര്‍ഷം മുമ്പ് രൂപംകൊടുത്ത 'ജയ് എഡിറ്റര്‍' (Jay Editor) എന്ന സംവിധാനം പങ്കുവെച്ച ആശയങ്ങളുടെ തുടര്‍ച്ചയാണിത്. തവാസുലിന്റെ അടിസ്ഥാനലക്ഷ്യം യൂറോപ്പിലെയും അമേരിക്കയിലെയും പൗരസമൂഹത്തോട്, പ്രത്യേകിച്ച് ഇറ്റാലിയന്‍ ജനതയോട് അവരുടെ മതപരമായ ചായ്‌വുകള്‍ പരിഗണിക്കാതെ സംവാദത്തിലേര്‍പ്പെടുക എന്നതാണ്. മനുഷ്യസമത്വത്തിലും നീതിയിലും വേരൂന്നിനില്‍ക്കുന്ന ഇസ്‌ലാമിന്റെ ഇബ്‌റാഹീമീ പാരമ്പര്യത്തിന്റെ തുടര്‍ച്ച എന്ന നിലയിലുള്ള സാര്‍വലൗകിക ഭാവത്തിനാണ് തവാസുല്‍ ഊന്നല്‍ നല്‍കുന്നത്. ഏറ്റവും സമ്പന്നമായ ഒരു നാഗരികശക്തി എന്ന നിലയിലാണ് ഇസ്‌ലാമിനെ തവാസുല്‍ പരിചയപ്പെടുത്തുന്നത്; ഖുര്‍ആന്‍ പലപ്പോഴും ഊന്നിപ്പറയാറുള്ളതുപോലെ, പൊതുവായ മാനവിക ഐക്യത്തില്‍ ഊന്നിനിന്ന് വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും സൗഹാര്‍ദവും സ്ഥാപിക്കാന്‍ സാധിക്കുന്ന ഒരു സാംസ്‌കാരിക ദര്‍ശനം എന്ന നിലക്ക്. അതേയവസരം തവാസുല്‍ മതപരിവര്‍ത്തനം നടത്തുന്ന ഒരു സംഘടനയല്ല; ഇസ്‌ലാമിക ദര്‍ശനത്തിലാണ് അത് ഊന്നിനില്‍ക്കുന്നതെങ്കിലും. ഇസ്‌ലാമുമായി ബന്ധപ്പെട്ട പൊതുസംവാദങ്ങളെ ഏറ്റവും നൂതനമായി അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്ന ഒരു സ്വതന്ത്ര മുസ്‌ലിം ചിന്താ കൂട്ടായ്മയാണ് തവാസുല്‍. 

ഇസ്‌ലാമിനെ പൊതുസംവാദ പരിസരത്തില്‍ കൊണ്ടുവരാനുതകുന്ന ഒരു സംവിധാനമെന്ന അര്‍ഥത്തില്‍ ചില നേട്ടങ്ങള്‍ തവാസുലിന് ആര്‍ജിക്കാനായിട്ടുണ്ട്. ആദ്യ നീക്കമെന്ന നിലയില്‍ പുസ്തക പ്രസിദ്ധീകരണ രംഗത്തായിരുന്നു ഞങ്ങള്‍ ശ്രദ്ധിച്ചത്. ഇസ്‌ലാമിനെ പരിചയപ്പെടുത്താനുതകുന്ന പുസ്തകങ്ങള്‍ ഇറ്റാലിയന്‍ ഭാഷയില്‍ വളരെ പരിമിതമാണ്. ഉള്ള ചില പുസ്തകങ്ങളാവട്ടെ ഒന്നുകില്‍ വളരെ പ്രതിലോമകരം, അല്ലെങ്കില്‍ ഓറിയന്റലിസ്റ്റ് മുന്‍വിധിയെ അടയാളപ്പെടുത്തുംവിധം നിഷേധാത്മകം എന്ന നിലയിലുമാണ്. ഇതാണ് ഈ രംഗത്ത് ശ്രദ്ധപതിയാനുള്ള കാരണം. ഇതുവരെ 25 പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇഹ്‌യാ ഉലൂമിദ്ദീനില്‍നിന്നുള്ള ചില ഭാഗങ്ങള്‍, മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത, ഇഖ്ബാലിന്റെ മതചിന്തകളുടെ പുനഃസംരചന ഇസ്‌ലാമില്‍, മുഹമ്മദുല്‍ ഗസ്സാലിയുടെ മുസ്‌ലിം സ്വഭാവം, ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താറിന്റെ ദൈവസങ്കല്‍പവും മാനവിക ഐക്യവും ഇസ്‌ലാമില്‍, ബുഖാരിയില്‍നിന്നും മുസ്‌ലിമില്‍നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട 100 ഹദീസുകള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ചിലത്. അറബ് അമേരിക്കന്‍ പണ്ഡിതനായ ഡോ. സാഫി കാക്കസിന്റെ ബിബ്ലിക്കല്‍ റഫറന്‍സോടു കൂടിയുള്ള ഖുര്‍ആന്‍ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ ഇറ്റാലിയന്‍ പരിഭാഷയാണ് എടുത്തുപറയേണ്ട മറ്റൊരു ഗ്രന്ഥം. മൂവായിരത്തിലധികം റഫറന്‍സുകള്‍ ബൈബിളില്‍നിന്ന് ഉദ്ധരിക്കുന്ന ഈ ഗ്രന്ഥം ഖുര്‍ആനും ബൈബിളും പൊതുവായ ചില നിലപാടുകള്‍ എപ്രകാരം പങ്കുവെക്കുന്നു എന്ന് തെളിയിക്കുന്നതും ആക്രമണോത്സുകത പ്രതിഫലിപ്പിക്കുന്ന ഒരു അറബ് കേന്ദ്രീകൃത ഗ്രന്ഥം മാത്രമാണ് ഖുര്‍ആന്‍ എന്ന പടിഞ്ഞാറന്‍ വാദത്തെ കടപുഴക്കിയെറിയുന്നതുമാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഈ പരിഭാഷ പോപ്പിന് സമ്മാനിക്കാന്‍ ഞങ്ങള്‍ക്ക് അവസരമുായി. അതില്‍ സന്തോഷം രേഖപ്പെടുത്താന്‍ പിന്നീട് പോപ്പ് ഒരു കര്‍ദിനാളിനെ പ്രത്യേകം ഞങ്ങളുടെ അടുത്തേക്ക് അയച്ചിരുന്നു. ഇതിന്റെ അനുബന്ധം എന്ന നിലയില്‍ വത്തിക്കാന്‍ മുന്‍കൈയെടുത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ഒരു മതസംവാദ പരിപാടിയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ എന്നെയും അബ്ദുല്ലത്വീഫിനെയും പ്രത്യേകം ക്ഷണിക്കുകയുണ്ടായി.  ഇംഗ്ലീഷിലെ ക്ലാസിക്കായി  അറിയപ്പെടുന്ന അല്ലാമാ യൂസുഫലിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ ഇറ്റാലിയന്‍ വിവര്‍ത്തനവും ഇതിനിടയില്‍ നിര്‍വഹിച്ചിട്ടുണ്ട്. അനുകൂല സാഹചര്യം ഒത്തുവന്നാല്‍ ഏതു നിമിഷവും അത് വായനക്കാര്‍ക്ക് ലഭ്യമാവുംവിധം പ്രസിദ്ധീകരിക്കണമെന്നതാണ് ഞങ്ങളുടെ തീരുമാനം. 

വിവര്‍ത്തനകൃതികള്‍ക്കു പുറമെ അടുത്ത കാലത്തായി അഞ്ച് ഗ്രന്ഥങ്ങള്‍ ഞാന്‍ തവാസുലിന് വേണ്ടി രചിക്കുകയുണ്ടായി. ഇസ്‌ലാമിനെ ഇറ്റാലിയന്‍ വായനക്കര്‍ക്ക് ലളിതമായി പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ച് രചിച്ച റിഫ്‌ളക്ഷന്‍ ഓണ്‍ ഇസ്‌ലാം, പ്രവാചകചരിത്രം വിശദമാക്കുന്ന രണ്ട് വാള്യങ്ങളുള്ള ജീവചരിത്രം തുടങ്ങിയവ തവാസുലിന്റെ പ്രത്യേക സംരംഭം എന്ന നിലയില്‍ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. 

പ്രസിദ്ധീകരണ മേഖലക്ക് പുറമെ തവാസുല്‍ ശ്രദ്ധ ചെലുത്തുന്ന മറ്റൊരു പ്രധാന മേഖല അക്കാദമിക സംവാദമാണ്. എഡ്വേര്‍ഡ് സൈദ് ചൂണ്ടിക്കാട്ടിയതുപോലെ ഇസ്‌ലാമിനെ മനുഷ്യവിരുദ്ധമായി അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പാശ്ചാത്യ അക്കാദമിക ബുദ്ധിജീവികളില്‍ മിക്കവര്‍ക്കുമുള്ളത്. ഇതിനെ മറികടക്കാന്‍ ഇറ്റാലിയന്‍ അമേരിക്കന്‍ അക്കാദമീഷ്യന്മാരെ കൂടി കൂടെനിര്‍ത്തി ഇറ്റലിയിലെ പത്തോളം അമേരിക്കന്‍-യൂറോപ്യന്‍ യൂനിവേഴ്‌സിറ്റികളില്‍ സെമിനാറുകളും സംവാദങ്ങളും തവാസുല്‍ സംഘടിപ്പിക്കാറുണ്ട്. ബഹുസ്വരത, ലിംഗനീതി, ശരീഅത്തിന്റെ സമകാലികാവിഷ്‌കാരം, ഇബ്‌റാഹീമീ മതങ്ങളിലെ പൊതുസമാനത തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിനില്‍ക്കുന്ന ഇത്തരം പരിപാടികള്‍ നല്ലൊരു ശതമാനം വിദ്യാര്‍ഥികളെയും അക്കാദമിക വിദഗ്ധരെയും ആകര്‍ഷിക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ തവാസുല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും തവാസുലിന്റെ പൊതുരംഗത്തെ ഇടപെടലുകളും ഒരു യൂറോപ്യന്‍ മുസ്‌ലിം സ്വത്വം രൂപപ്പെടുത്തുന്നതില്‍ വഹിക്കുന്ന പങ്കിനെ ആധാരമാക്കി ടോര്‍ വെര്‍ഗേട്ട യൂനിവേഴ്‌സിറ്റിയില്‍ ഒരു വിദ്യാര്‍ഥിനി മാസ്റ്റര്‍ തിസീസ്  തയാറാക്കുകയുണ്ടായി. ഒട്ടേറെ വിദ്യാര്‍ഥികള്‍ തവാസുല്‍ സന്ദര്‍ശിക്കുന്നുന്നെു മാത്രമല്ല, തവാസുലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ചില പ്രഫസര്‍മാര്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ വിദ്യാര്‍ഥികളെ തവാസുലിലേക്ക് അയക്കുന്നതുകാരണം ചില യൂനിവേഴ്‌സിറ്റി ക്ലാസ്സുകള്‍ വരെ ഞങ്ങള്‍ തവാസുലില്‍ സംഘടിപ്പിക്കാറുമുണ്ട്. റോമിലെ പല യൂനിവേഴ്‌സിറ്റികളിലെയും സോഷ്യോളജി, ആന്ത്രോപോളജി, ഫിലോസഫി, മതമീമാംസ ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ബന്ധപ്പെട്ടാണ് ഈ കാര്യങ്ങളെല്ലാം ഞങ്ങള്‍ ചെയ്യുന്നത്. ചിലപ്പോള്‍ സംയുക്തമായി മതാന്തര സംവാദവും ഇസ്‌ലാമിക പഠനവും നടത്തുന്നതിന്റെ ഭാഗമായി സ്പിയാന്‍സ യൂനിവേഴ്‌സിറ്റി, ലൊയോള യൂനിവേഴ്‌സിറ്റി കാലിഫോര്‍ണിയ, ടോര്‍ വെര്‍ഗേട്ട യൂനിവേഴ്‌സിറ്റി തുടങ്ങിയവിടങ്ങളിലെ വിദ്യാര്‍ഥികളെ റോമിലെ ഗ്രാന്റ് മോസ്‌കിലേക്ക് കൊണ്ടുവരാറുണ്ട്. അക്കാദമികരംഗത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നുകൂടി മൂര്‍ത്തവത്കരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഞങ്ങള്‍.

ഈ രംഗത്ത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട കാര്യമാണ്, നാറ്റോ ഡിഫന്‍സ് അക്കാദമിയില്‍ അടുത്ത കാലത്ത് ഇസ്‌ലാമിനെ കുറിച്ച ചില ക്ലാസ്സുകള്‍ക്ക് തവാസുലിന് തുടക്കം കുറിക്കാനായി എന്നത്. യൂറോപ്പിലെയും മറ്റും സൈനിക മേധാവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവിധ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ നല്‍കാന്‍ ഉദ്ദേശിച്ച് റോമില്‍ സ്ഥാപിച്ച ഈ അക്കാദമിയുമായി തവാസുല്‍ ബന്ധം സ്ഥാപിക്കുന്നതുവരെ ഇസ്‌ലാമിനെ പരിചയപ്പെടുത്താനുതകുന്ന, മുസ്‌ലിം പക്ഷത്തുനിന്നുള്ള വ്യക്തമായ അവതരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതിനു മാറ്റം വന്നു എന്നതും തവാസുലിന്റെ പുസ്തകങ്ങള്‍ അക്കാദമി ലൈബ്രറിയുടെ ഭാഗമായി എന്നതും സന്തോഷം പകരുന്ന കാര്യമാണ്.

 

ഇസ്‌ലാമിനെ നന്നായി അവതരിപ്പിക്കുന്നതിന് മുസ്‌ലിംകള്‍ അവരുടെ സമീപനങ്ങളിലും നയങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന ചിന്തകന്മാരുണ്ട്. അതിനെക്കുറിച്ച് എന്താണഭിപ്രായം? പുതിയൊരു രീതിശാസ്ത്രം നമുക്ക് വേണ്ടതുണ്ടോ?

ഞാനും പങ്കുവെക്കുന്നത് അതേ വീക്ഷണമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ നാം പറയുന്ന കാര്യങ്ങള്‍ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്നതിന് ഒരു നാട്ടിന്റെ സാംസ്‌കാരിക ഭാഷ ഉപയോഗിക്കുക എന്നതും ഓരോ ജനവിഭാഗത്തിന്റെയും സാംസ്‌കാരിക വൈവിധ്യങ്ങളെ ബഹുമാനിക്കുക എന്നതും വളരെ പ്രധാനമാണ്. മറ്റൊരു ഭാഷയില്‍ ഇസ്‌ലാമിന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുമ്പോള്‍ പ്രവാചകന്റെ സുന്നത്ത് പിന്‍പറ്റാന്‍ നാം അനുശാസിക്കപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടര്‍ഥമാക്കുന്നത്, നമ്മുടെ പൂര്‍ണശ്രദ്ധ ഇസ്‌ലാമിന്റെ അകക്കാമ്പായ തൗഹീദിലും ഖുര്‍ആനിക വെളിപാടുകളിലും പ്രവാചക ജീവിതത്തിലും ആത്മീയ പാരമ്പര്യത്തിലും ആയിരിക്കണം, അവിടെനിന്നാണ് നാം ആരംഭിക്കേണ്ടത് എന്നാണ്. മറ്റൊരു ഭാഷയില്‍ മറ്റുള്ളവരുമായി സംവാദത്തിലേര്‍പ്പെടും മുമ്പ് നാം നമ്മോട് തന്നെ ചോദിക്കേണ്ട ചില പ്രധാന ചോദ്യങ്ങളുണ്ട്: എന്താണ് തൗഹീദിന്റെ താല്‍പര്യം, ഇന്നത്തേതുപോലുള്ള അതിസങ്കീര്‍ണമായ ഒരു കാലത്ത് തൗഹീദിനെ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുംവിധം അവതരിപ്പിക്കാന്‍ നാം സ്വീകരിക്കേണ്ട ഏറ്റവും ഉത്തമമായ മാര്‍ഗമേത്, തൗഹീദ് അംഗീകരിക്കുന്ന ഒരു സത്യവിശ്വാസി മറ്റുള്ളവരോട് സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണം, എന്താണ് മുസ്‌ലിംജീവിതത്തിന്റെ നിര്‍ണായകാടിസ്ഥാനം, ശരീഅത്തിന്റെ ശരിയായ വിവക്ഷയെന്ത്... ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നിടത്ത് പ്രവാചകന്റെ സുന്നത്ത് നമുക്ക് മാര്‍ഗദര്‍ശനമായി മാറേണ്ടതുണ്ട്. 

 

ഇത്തരമൊരു അഭിപ്രായപ്രകടനത്തിലൂടെ സുന്നത്തിനെ കുറിച്ച നിലവിലുള്ള ഒരു സമീപനത്തെ മറികടക്കുകയാണോ?

സുന്നത്തിനെക്കുറിച്ച എന്റെ നിലപാടുകള്‍ മുഹമ്മദ് അസദ് തന്റെ ഇസ്‌ലാം അറ്റ് ദ ക്രോസ്‌റോഡ് എന്ന പുസ്തകത്തില്‍ പറഞ്ഞ നിലപാടുകളുമായി യോജിച്ചുനില്‍ക്കുന്നതാണ്. ഖുര്‍ആനിന്റെ ആധികാരിക വിശദീകരണമാണല്ലോ പ്രവാചകജീവിതം. പ്രവാചകന്‍ അത് നിര്‍വഹിച്ചത് ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും, വിശിഷ്യാ സാമൂഹിക-സാമ്പത്തിക കാര്യങ്ങളിലെല്ലാം ഒരു മുസ്‌ലിം എങ്ങനെയാണ് ജീവിതം കെട്ടിപ്പടുക്കേണ്ടതെന്ന് കാണിച്ചുതന്നുകൊണ്ടാണ്. ഖുര്‍ആനിക തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള ജീവിതത്തിന്റെ പ്രയോഗവത്കരണം നമ്മുടെ മുമ്പില്‍ സമര്‍പ്പിച്ച് മാതൃകയാവുകയായിരുന്നു പ്രവാചകജീവിതം. പ്രവാചകജീവിതത്തെ ഈ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുക എന്നതാണ് പ്രധാനം. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് സുന്നത്ത് എന്നതിനെ വളരെ സൂക്ഷ്മമായ അനുഷ്ഠാനങ്ങളിലേക്ക്, ഉദാഹരണത്തിന് നമസ്‌കാരത്തില്‍ കൈ എവിടെ വെക്കണം, നടുവിരല്‍ അത്തഹിയ്യാത്തില്‍ ചൂണ്ടൂകയാണോ ഇളക്കുകയാണോ വേണ്ടത്, പ്രവാചകന്റെ താടിയുടെ നീളം എത്രയായിരുന്നു, വസ്ത്രധാരണരീതിയുടെ സ്വഭാവം എന്തായിരുന്നു തുടങ്ങിയ വിഷയങ്ങളില്‍ ചുരുക്കപ്പെടുകയാണ്. സുന്നത്തിനെ വളരെ പരിമിതവും സങ്കുചിതവുമായ അര്‍ഥത്തില്‍ ഒതുക്കുക എന്നതാണ് സുന്നത്തിന്റെ യഥാര്‍ഥ വിവക്ഷ എന്ന് കരുതുന്നവരാണ് നല്ലൊരു ശതമാനം. 

പ്രവാചകന്‍ കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായിരുന്നു എന്ന് പറയുമ്പോള്‍ സുന്നത്ത് പ്രതിഫലിപ്പിക്കുന്ന ഒരു മഹാ ആശയമുണ്ട്. പ്രവാചകന്‍ എങ്ങനെയാണ് തന്റെ ഇണകളോട് വര്‍ത്തിച്ചത്, ശത്രുക്കളോട് പെരുമാറിയത്, രാജാക്കന്മാര്‍ക്ക് കത്തുകളയച്ചപ്പോള്‍ പ്രവാചകന്‍ ഉപയോഗിച്ച ഭാഷ എപ്രകാരമുള്ളതായിരുന്നു തുടങ്ങിയവയില്‍നിന്നെല്ലാം നമുക്ക് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് പ്രവാചകനില്‍ ഉസ്‌വതുന്‍ ഹസന (ഏറ്റവും ഉദാത്ത മാതൃക) നിങ്ങള്‍ക്കുണ്ട് എന്ന് ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്. ഇന്ന് മതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഈ നിലയില്‍ സുന്നത്തിനെ ഉള്‍ക്കൊള്ളുന്നുണ്ടോ? ഉദാഹരണത്തിന്,  ശത്രുക്കളോട് പോലും സ്വീകരിക്കേണ്ട പ്രകോപനമുക്തവും പരസ്പരം ബഹുമാനിക്കുന്നതുമായ ഭാഷാശൈലി പ്രവാചകന്‍ പകര്‍ന്നുതന്നിരിക്കെ മുസ്‌ലിം സംഘങ്ങള്‍ക്കിടയില്‍ തന്നെ ആ നിലപാടുകളൊന്നും പരസ്പരവിമര്‍ശനങ്ങളിലും വിലയിരുത്തലുകളിലും നാം കാണുന്നില്ല. 

മറ്റൊരു കാര്യം കൂടി, സുന്നത്തിന് ഇതിനേക്കാള്‍ ബൃഹത്തായ ഒരാശയം കൂടിയുണ്ട് എന്നാണ് എന്റെ നിലപാട്. സുന്നത്തിനെ അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ടാണ് എല്ലാ ഇസ്‌ലാമിക നാഗരികതകളും കെട്ടിപ്പടുക്കപ്പെട്ടത്. അതായത് പ്രവാചക കാലഘട്ടത്തിലും, സ്‌പെയിനിലും ഇതര മേഖലകളിലും മുസ്‌ലിംകള്‍ കെട്ടിപ്പടുത്ത ക്ലാസിക്കല്‍ സംസ്‌കൃതിയുടെ ആധാരമായ എല്ലാ തത്ത്വങ്ങളുടെയും അടിസ്ഥാനം സുന്നത്തായിരുന്നു. സഹവര്‍ത്തിത്വം, നീതി, കഠിനാധ്വാനം, ആത്മാര്‍ഥത എല്ലാം സുന്നത്തിന്റെ ഭാഗമാണ്. സുന്നത്തിനെ ഇങ്ങനെ മനസ്സിലാക്കുന്നതിനുപകരം വളരെ പരിമിതമായ അര്‍ഥത്തില്‍ മനസ്സിലാക്കുന്നു എന്നതാണ് ഒരു പ്രശ്‌നം. സുന്നത്തിനെ പൂര്‍ണമായി അവഗണിക്കുന്ന ദുരുപദിഷ്ടമായ ഓറിയന്റലിസ്റ്റ് രീതിയാണ് മറ്റൊരു നിലപാട്. രണ്ടിനുമപ്പുറം സുന്നത്തിനെ നമ്മുടെ ജീവിതക്രമീകരണത്തിന് വെളിച്ചം പകരുന്ന, ഖുര്‍ആനിന്റെ പൊതുതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെ മനുഷ്യജീവിതം സാധിതമാകും, നാഗരികതകള്‍ കെട്ടിപ്പടുക്കും തുടങ്ങിയവയിലെല്ലാം നമുക്ക് മാതൃകയായിത്തീരുന്ന ആശയസംഹിതയായി തിരിച്ചറിയുക എന്നതാണ് പ്രധാനം. സ്ത്രീകളെ പ്രവാചകന്‍ ആദരിച്ചു എന്നതില്‍നിന്ന് സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ച നമ്മുടെ സമീപനം രൂപീകരിക്കാനും, അമുസ്‌ലിംകളോട് പ്രവാചകന്‍ പുലര്‍ത്തിയ സമീപനത്തില്‍നിന്ന് നമ്മുടെ മതസംവാദ രീതിശാസ്ത്രം വികസിപ്പിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അപ്പോഴാണ് സുന്നത്ത് ജീവിതത്തിന് വെളിച്ചം പകരുന്ന ആശയസംഹിതയായി മാറുക.

 

ഒരു മുസ്‌ലിം വനിതാ ആക്ടിവിസ്റ്റ് എന്ന നിലയില്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പും പിമ്പുമുള്ള സാമൂഹിക ഇടപെടലില്‍ പരിമിതികള്‍ അനുഭവിക്കാറുണ്ടോ?

സ്ത്രീ എന്ന അര്‍ഥത്തില്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പും പിന്നീടും ഞാന്‍ വല്ല പ്രശ്‌നവും അഭിമുഖീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള മറുപടി ഇല്ല എന്നാണ്. ഞാന്‍ വളര്‍ന്നത് ഒരു കത്തോലിക്കാ കുടുംബത്തിലാണ്. എനിക്ക് എല്ലാതരം ആദരവും ലഭിച്ചിരുന്നു. പക്ഷേ എനിക്ക് ഉള്‍ക്കൊള്ളാനാവാത്ത ചില പ്രശ്‌നങ്ങള്‍ തത്ത്വചിന്താപരമായി ഉണ്ടായിരുന്നു. അത് ആരംഭിക്കുന്നത് ആദിപാപത്തിന്റെ കാരണക്കാരിയായി ഹവ്വയെ പ്രതിഷ്ഠിക്കുന്ന ബൈബിള്‍ നിലപാടുമായി ബന്ധപ്പെട്ടാണ്. ഈ നിലപാട്; കാത്തലിക് ക്രിസ്തുമതത്തില്‍ സ്ത്രീയെ ഒരു പ്രശ്‌നക്കാരിയായ വിമതയായി, പ്രലോഭിപ്പിക്കുന്നവളായി അവതരിപ്പിക്കുന്ന ഈ സമീപനം ക്രിസ്തുമതത്തെ മാത്രമല്ല ക്രിസ്തുമതത്തിനെതിരായ പ്രതികരണമായി ഉയര്‍ന്നുവന്ന യൂറോപ്പിലെ മതേതര നാഗരികതയെ വരെ സ്വാധീനിച്ചിട്ടുണ്ട്. മതേതര തത്ത്വചിന്തകളിലും സാമൂഹികശാസ്ത്രത്തിലും പണ്ടുമുതലേ നിലനിന്ന ഈ ക്രൈസ്തവ സമീപനത്തിന്റെ പ്രതിഫലനങ്ങള്‍ കാണാം. നീത്‌ഷെക്ക് സ്ത്രീകളെ കുറിച്ച് നല്ലതായി ഒന്നും പറയാനില്ലാതെ പോയത് ഒരുദാഹരണം. എന്തിനധികം, ഹോളിവുഡ് സിനിമകളില്‍ വരെ സ്ത്രീ പ്രലോഭിപ്പിക്കുന്നവളും ശരീരം കൊണ്ട് വശീകരിക്കുന്നവളുമായി പ്രൊജക്ട് ചെയ്യപ്പെടുന്നതില്‍ ഈ നിലപാടിന്റെ അദൃശ്യ സാന്നിധ്യമുണ്ട്. എന്നാല്‍, ഇസ്‌ലാമില്‍ ഈയൊരു പ്രശ്‌നമില്ല. കാരണം പുരുഷനെയും സ്ത്രീയെയും ഒരേ പ്രകൃതമുള്ള സൃഷ്ടികളായാണ് കാണുന്നത്. അതിനാല്‍തന്നെ ലിംഗവിവേചനത്തെ ഒരര്‍ഥത്തിലും ന്യായീകരിക്കാന്‍ ഇസ്‌ലാം ശ്രമിക്കുന്നുമില്ല. അതിനാല്‍തന്നെ എനിക്ക് താത്ത്വികമായി ഒരു പ്രശ്‌നവും ഇസ്‌ലാമിനോടില്ല. ശരീഅത്തിനെ നാം ശരിയായി വിലയിരുത്തുമ്പോള്‍ ഇസ്‌ലാം സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നു കാണാനാവും. ഒപ്പം ബാധ്യതകളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ സ്ത്രീക്കില്ലാത്ത ചില അവകാശങ്ങള്‍ പുരുഷന്നും പുരുഷനില്ലാത്ത ചില അവകാശങ്ങള്‍ സ്ത്രീക്കുമുണ്ട്. അതിനാല്‍തന്നെ അവ പരസ്പരപൂരകം എന്ന അര്‍ഥത്തില്‍ തിരിച്ചറിയപ്പെടണം. രണ്ട് പേരും സ്വതന്ത്ര വ്യക്തിത്വങ്ങളാണ്. ഖുര്‍ആന്‍തന്നെ പറയുന്നത് അവര്‍ പരസ്പരം വസ്ത്രങ്ങളാണ് എന്നാണ്. അതായത് അവര്‍ പരസ്പരപൂരകമാവുംവിധം അങ്ങോട്ടുമിങ്ങോട്ടും പൂര്‍ണത കൈവരിക്കാന്‍ സഹായികളാകേണ്ടവരാണ് എന്നര്‍ഥം. 

ഇസ്‌ലാം സ്വീകരിച്ചശേഷം എന്റെ സാമൂഹിക ഇടപെടലുമായി ബന്ധപ്പെട്ട് ഒരു പ്രയാസവും അനുഭവിച്ചിട്ടില്ല. യൂറോപ്പിന് അകത്തും പുറത്തുമായി ഒരുപാട് പരിപാടികളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ചിലപ്പോള്‍ മുഖ്യ പ്രഭാഷകയായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്. എല്ലായ്‌പോഴും എനിക്ക് ആദരവ് മാത്രമാണ് ലഭിച്ചത്. ഇസ്‌ലാമിന്റെ ആരംഭകാലത്ത് ഒരു പണ്ഡിത എന്ന അര്‍ഥത്തില്‍ ആഇശ(റ) ആദരിക്കപ്പെട്ടു എന്നു മാത്രമല്ല, പ്രമുഖ സ്വഹാബികളായ ഉമര്‍(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) എന്നിവരെ തിരുത്താന്‍ വരെ അവര്‍ക്ക് സാധിച്ചിട്ടുമുണ്ട്. ഇവിടെ ഇറ്റലിയിലും ഞാന്‍ സാമൂഹിക രംഗത്ത് ഇടപെടുന്നു, ഗ്രാന്റ് മസ്ജിദില്‍ നമസ്‌കാരത്തില്‍ പങ്കുചേരുന്നു. ഒരു പ്രശ്‌നവുമില്ല. എന്നാല്‍ ചില മുസ്‌ലിം സമൂഹങ്ങളില്‍ അവരുടെ പുരുഷകേന്ദ്രീകൃത സാംസ്‌കാരിക പൈതൃകത്തിന്റേതായ ചില പ്രശ്‌നങ്ങളുണ്ട്. അത് ഇസ്‌ലാമിന്റെ പ്രശ്‌നമല്ല. പല അറബ്, ദക്ഷിണേഷ്യന്‍ സമൂഹങ്ങളിലും എല്ലാ മതവിഭാഗങ്ങളും ഒരുപോലെ പങ്കുവെക്കുന്ന പുരുഷാധിപത്യത്തിന്റേതായ ചില കാഴ്ചപാടുകളുണ്ട്. പ്രസ്തുത സമൂഹങ്ങളിലെ ക്രിസ്ത്യാനികളും മുസ്‌ലികളും ഒരുപോലെ കൊണ്ടുനടക്കുന്ന ഇത്തരം പുരുഷാധിപത്യ നിലപാടുകള്‍ക്ക് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല എന്ന് മാത്രമല്ല, ഇസ്‌ലാമിന്റെ മൗലിക നിലപാടുകളുമായി അവ ഏറ്റുമുട്ടുന്നുമുണ്ട്. ഇത് തിരിച്ചറിയാത്തതു കാരണം ചില പ്രശ്ങ്ങള്‍ നാം അഭിമുഖീകരിക്കുന്നുണ്ട്. ഉത്തരാഫ്രിക്കയിലെ അറബികളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട ചില ഇറ്റാലിയന്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എനിക്കറിയാം. അവര്‍ക്ക് പുറത്തുപോകാനോ സുഹൃത്തുക്കളെ കാണാനോ, എന്തിനധികം പള്ളികളില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാനോ അനുവാദം ലഭിക്കുന്നില്ല. ഇപ്രകാരം സമൂഹത്തില്‍ നിലനില്‍ക്കുന്ന കള്‍ച്ചറിനെ ഇസ്‌ലാമായി മനസ്സിലാക്കുന്നതാണ് ഒരു പ്രശ്‌നം. മറ്റൊരു പ്രശ്‌നം ചരിത്രത്തില്‍ പ്രവാചകന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍, സ്ത്രീകളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുംവിധം പൊതുവത്കരിക്കുക എന്ന പ്രവണതയും മുസ്‌ലിം ലോകത്തുണ്ട് എന്നതാണ്. ഇതിനിടയില്‍ ഖലീഫമാരെ വരെ തിരുത്താന്‍ ആര്‍ജവം കാണിച്ച സ്ത്രീകളുടെ ചരിത്രം നാം മറക്കുന്നു, പ്രവാചകസദസ്സില്‍ സന്ദേഹങ്ങളുമായി സദാ പ്രത്യക്ഷപ്പെട്ട സ്ത്രീകളുടെ ചരിത്രം മറച്ചുപിടിക്കുന്നു. അതിനാല്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാന്‍ ക്ലാസിക്കല്‍ ഇസ്‌ലാമില്‍ സ്ത്രീകള്‍ എങ്ങനെ ട്രീറ്റ് ചെയ്യപ്പെട്ടു എന്ന് നാം പഠിക്കണം. സമത്വവും പരസ്പരപൂരകമായ അവകാശ ബാധ്യതകളുമാണ് ഇസ്‌ലാമിക നിലപാടിന്റെ കാതല്‍ എന്ന് തിരിച്ചറിയണം. അതേയവസരം ആത്യന്തികമായ സ്ത്രീവാദ സമീപനങ്ങള്‍ മുസ്‌ലിം ഫെമിനിസ്റ്റുകളുടേതെന്ന പേരില്‍ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. ഇത് ശരിയായ സമീപനമോ ഒരു പരിഹാരമോ അല്ല. മുസ്‌ലിം സ്ത്രീകളില്‍ ചിലരെങ്കിലും അങ്ങനെ ചിന്തിക്കുന്നു എന്നറിയാവുന്നതുകൊണ്ടുതന്നെയാണ് അത്തരമൊരു നിലപാട് പരിഹാരമല്ല എന്ന് ഓര്‍മിപ്പിക്കേണ്ടിവരുന്നത്.

 

യൂറോപ്പില്‍, പ്രത്യേകിച്ച് ഇറ്റലിയില്‍ ഇസ്‌ലാമിന്റെ ഭാവിയെ എങ്ങനെ വിലയിരുത്തുന്നു?

ഭാവി അല്ലാഹുവിന്റെ കൈകളിലാണ് എന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. അതേയവസരം വിശ്വാസികള്‍ എന്ന നിലയില്‍ നമ്മുടെ മതത്തോടും സമുദായത്തോടും നമുക്കുള്ള കടമകള്‍ നാം നിര്‍വഹിക്കേണ്ടതുണ്ട്.  ഈ തിരിച്ചറിവുകൊണ്ടാണ് യൂറോപ്പിലും ഇറ്റലിയിലും ഇസ്‌ലാമിന്റെ ഭാവി എങ്ങനെ രൂപപ്പെടുത്താം എന്നതിനെക്കുറിച്ച ചിന്തകള്‍ക്ക് തുടക്കം കുറിക്കേണ്ട സന്ദര്‍ഭമാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു; വ്യാപകമായ ഇസ്‌ലാംഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. എന്റെ അഭിപ്രായത്തില്‍ ഈ ഭീതി മനോഹരമായ ജീവിതമാതൃകകളിലൂടെ ഇസ്‌ലാമിനെ മറ്റുള്ളവര്‍ക്ക് കൈമാറുന്നതില്‍നിന്ന് ഒരിക്കലും നമ്മെ തടഞ്ഞുനിര്‍ത്തരുത്. നാം ജീവിക്കുന്ന ഈ ചരിത്രഘട്ടം വ്യത്യസ്തമായ ശക്തികള്‍ രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക മേധാവിത്വത്തിനുവേണ്ടി പരസ്പരം പോരാടുന്നതു കാരണം വളരെ കലുഷവും അസ്വസ്ഥഭരിതവുമാണ്. നിര്‍ഭാഗ്യവശാല്‍, യൂറോപ്പിന്റെ ചരിത്രവും വര്‍ത്തമാനവും വംശീയ അധിക്ഷേപങ്ങളില്‍നിന്നോ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള വ്യാപക പീഡനങ്ങളില്‍നിന്നോ മുക്തമല്ല. എന്നിട്ടും രാഷ്ട്രീയ നിലനില്‍പിനു വേണ്ടി പടിഞ്ഞാറന്‍ ചിന്തകരും രാഷ്ട്രീയക്കാരും 'ഇസ്‌ലാംഭീതി' സൃഷ്ടിക്കുന്ന ഭീഷണിയെയും, എന്തിനധികം മുസ്‌ലിംകള്‍ക്കു നേരെ നടക്കുന്ന ശാരീരികാക്രമണങ്ങളെ പോലും അവഗണിക്കാനാണ് ശ്രമിക്കുന്നത്. മതവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രശ്‌നങ്ങളില്‍പോലും യഥാര്‍ഥ പ്രശ്‌നം മറച്ചുവെക്കാന്‍ ഇസ്‌ലാമിനെ ഒരു മറയായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇതൊക്കെ അവഗണിച്ചുകൊണ്ടുതന്നെ യൂറോപ്പും മുസ്‌ലിം ലോകവും തമ്മില്‍, ഇരുകൂട്ടര്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ ആശയസംവാദത്തിന് ഉപകരിക്കുന്ന സാംസ്‌കാരിക-വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. ആശയസംവാദത്തിലും സൗഹാര്‍ദപരമായ സഹവര്‍ത്തിത്വത്തിലും ഊന്നുന്ന സംവിധാനങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ട് ഇസ്‌ലാംഭീതിയെ മറികടക്കാനാകും. തീര്‍ച്ചയായും തവാസുല്‍ രൂപീകരിച്ച ശേഷമുള്ള ഞങ്ങളുടെ അനുഭവങ്ങള്‍ ഇതിന് അടിവരയിടുന്നുണ്ട്. ഇറ്റലിയെ സംബന്ധിച്ചേടത്തോളം ഇസ്‌ലാമിനോട് അങ്ങേയറ്റം വിദ്വേഷം പുലര്‍ത്തുന്ന സമീപനം പൊതുവെ ഇല്ല എന്ന കാര്യം കൂടി എടുത്തുപറയേണ്ടതുണ്ട്. ഇതുകാരണം നിക്ഷിപ്ത താല്‍പര്യമുള്ളവരുടെ എല്ലാ തെറ്റായ പ്രചാരണങ്ങളെയും മറികടന്ന് ഇന്ന് ഇറ്റലിയിലെ, ചില കണക്കുകള്‍ പ്രകാരം, രണ്ട് മില്യനോളം ജനങ്ങള്‍ വിശ്വസിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ മതസമൂഹമായി മുസ്‌ലിംകള്‍ മാറിയിട്ടുണ്ട്. ഇതുതന്നെയാണ് ഇസ്‌ലാമിനെക്കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്താന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകം. 

 

കേരളത്തെ കുറിച്ചും അവിടത്തെ ഇസ്‌ലാമിക ചലനങ്ങളെ കുറിച്ചും അറിയാവുന്ന ഒരു വ്യക്തി എന്ന നിലക്ക് കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നല്‍കാനുള്ള ഉപദേശം?

കേരളത്തിന് ഒരുപാട് പ്രത്യേകതകളുണ്ടെങ്കിലും, ഞാന്‍ കാണുന്ന ഒരു സവിശേഷത ഇബ്‌റാഹീമീ പാരമ്പര്യത്തില്‍ പെടുന്ന ക്രിസ്തുമതം, ഇസ്‌ലാം എന്നിവയും പുരാതനമായ ഹിന്ദുമതവും തമ്മില്‍ സൗഹാര്‍ദപരമായ ബന്ധം നിലനില്‍ക്കുന്ന ഒരു പ്രദേശം എന്നതാണ്. ഇതുകാരണം മതസമൂഹങ്ങളുമായി ആശയസംവാദങ്ങളിലേര്‍പ്പെടാന്‍ കേരളീയ ജനതക്ക് സാധിക്കുന്നു എന്നത്, എങ്ങും മതവിദ്വേഷത്തിന്റെ ഇരുട്ട് പരക്കുന്ന ഈ കാലത്ത് ലഭിക്കാവുന്ന ഏറ്റവും നല്ല നേട്ടമാണ്. കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ ഈ അവസരം ഇതര മതസമൂഹങ്ങളുമായി ആത്മാര്‍ഥവും വൈജ്ഞാനിക നിലവാരത്തിലുള്ളതുമായ സംവാദത്തിന് ഉപയോഗപ്പെടുത്തണം എന്നാണ് എന്റെ പക്ഷം. മറ്റുള്ളവരുടെ മതവികാരങ്ങള്‍ക്ക് പരിക്കേല്‍പിക്കാത്ത ശൈലിയായിരിക്കണം നമ്മുടേത്. നമുക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയരുന്ന സന്ദര്‍ഭങ്ങളില്‍ പോലും നമ്മുടെ വിമര്‍ശനം ഇസ്‌ലാം നമുക്ക് പഠിപ്പിച്ചുതരുന്ന'തിന്മയെ നന്മ കൊണ്ട് തടുക്കുക' എന്ന സമീപനത്തില്‍നിന്ന് വ്യതിചലിച്ചുകൂടാ. ഇസ്‌ലാമിനെ പ്രതീക്ഷാപൂര്‍വം നോക്കിക്കാണുന്ന ആത്മാര്‍ഥതയുള്ള ഒട്ടനവധി പേര്‍ ഇതര മതസമൂഹങ്ങളിലുണ്ടെന്ന യാഥാര്‍ഥ്യം നാം മറക്കരുത്. അല്ലാഹുവാണ് വ്യക്തികളെ സല്‍പാതയിലേക്ക് ആനയിക്കുന്നത്; നമ്മുടെ ദൗത്യം യുക്തിപൂര്‍വവും സ്‌നേഹപൂര്‍വവുമായ ആശയപ്രകാശനമാണ്. ആക്രമണോത്സുക സ്വഭാവത്തിലുള്ള പരുക്കന്‍ പ്രബോധനരീതികള്‍ നാം പിന്തുടരരുത്. ഇസ്‌ലാമില്‍ അവഗാഹമുള്ള ചിലരെങ്കിലും ക്രിസ്തുമതത്തെയും ഹിന്ദുമതത്തെയും, സംസ്‌കൃതഭാഷ ഉള്‍പ്പെടെ പഠിച്ച് അടുത്തറിയുക എന്നതും വലതുപക്ഷ ശക്തികള്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഈ കാലത്ത് പ്രസക്തമാണ്.  

കേരളത്തില്‍ ഒരുപാട് മുസ്‌ലിം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി സാമൂഹികമായും വിദ്യാഭ്യാസപരമായും കേരള മുസ്‌ലിംകള്‍ പുരോഗതി നേടിയതിന് ഒരു കാരണമാണ്. ഇതിനെ  അനുഗ്രഹമായി തിരിച്ചറിഞ്ഞ് സമുദായത്തിന്റെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ക്കുതകുംവിധം ഇവയെ ഉപയോഗപ്പെടുത്താന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കണം. നൂറ്റാണ്ടുകളായി തുടരുന്ന ദൈവശാസ്ത്രപരവും കര്‍മശാസ്ത്രപരവുമായ അഭിപ്രായ വ്യത്യാസങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളില്‍നിന്ന് ഉടലെടുക്കുന്നവയാണെന്ന് തിരിച്ചറിയാനും മുസ്‌ലിം സമുദായത്തിന്റെ ഒരുമയെ നിലനിര്‍ത്താനും നമുക്ക് സാധിക്കണം. ഇതിനര്‍ഥം അഭിപ്രായ ഭിന്നതകളെ കുറിച്ച് സംസാരിക്കരുതെന്നോ ആരെങ്കിലും ഇസ്‌ലാമിക സന്ദേശങ്ങളെ ഡൈല്യൂട്ട് ചെയ്യുകയോ അത്യാചാരങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യുമ്പോള്‍ മൗനം പാലിക്കണമെന്നോ അല്ല. വിമര്‍ശനത്തില്‍ നാം പക്വമായ സമീപനം സ്വീകരിക്കണം. ഒരു മുസ്‌ലിമിനെ കാഫിര്‍ എന്ന് അഭിസംബോധന ചെയ്യുന്നത് വളരെ ഗൗരവതരമാണെന്നും ഈ ഗൗരവാവസ്ഥ കാരണമാണ് ഗുരുതരമായ അപഭ്രംശം ബാധിച്ചിട്ടും ഖവാരിജുകള്‍, മുഅ്തസിലികള്‍ പോലുള്ളവരെ മദ്ഹബുകളുടെ ഇമാമുമാര്‍ ആരും ഇസ്‌ലാമില്‍നിന്ന് പുറത്തുകടന്നവര്‍ എന്ന് ആക്ഷേപിക്കാതിരുന്നത് എന്നും നാം അറിയണം. സയണിസ്റ്റുകളുള്‍പ്പെടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ മുസ്‌ലിംകള്‍ ഛിന്നഭിന്നമാകണമെന്ന് ആഗ്രഹിക്കുന്ന കലുഷിതമായ ഈ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്ക് ഒത്തൊരുമിച്ച് ഇസ്‌ലാംഭീതിയെ പ്രതിരോധിക്കാന്‍ സാധിക്കേണ്ടതുണ്ട്. മുസ്‌ലിംകള്‍ പരസ്പരം പരസ്യമായി വിമര്‍ശിക്കുന്നത് നിര്‍ത്തണം എന്ന് പറയുന്നത് ഇത്തരം നിലപാടുകള്‍ മുസ്‌ലിം സംഘശക്തിയെ അപകടപ്പെടുത്തും എന്ന ഉറച്ച വിശ്വാസം കൊാണ്.  

മുസ്‌ലിം സ്ത്രീകളോട് എനിക്കു പറയാനുള്ളത്, നിങ്ങള്‍ സ്വന്തത്തിലും സ്ത്രീസൗഹൃദത്തിലധിഷ്ഠിതമായ നിങ്ങളുടെ ദീനിലും ആത്മവിശ്വാസമുള്ളവരാകണം എന്നാണ്. ഇസ്‌ലാമിനെയും അത് ലോകനാഗരികതക്ക് നല്‍കിയ സംഭാവനകളെയും പ്രവാചകപത്‌നിമാരും ഇസ്‌ലാമിലെ ആദ്യകാല സ്ത്രീകളും സമൂഹത്തില്‍ ചെലുത്തിയ ആവേശദായകമായ സ്വാധീനങ്ങളെയും കുറിച്ച് വായിക്കുമ്പോഴും പഠിക്കുമ്പോഴുമാണ് ഇസ്‌ലാമിനെ കുറിച്ച അടിയുറച്ച ആത്മവിശ്വാസം നമുക്ക് ലഭിക്കുക. സ്ത്രീ എന്ന നിലയില്‍ ശരീഅത്ത് നമുക്ക് നല്‍കുന്ന അവകാശങ്ങളെയും പലതരം പ്രാദേശിക സംസ്‌കൃതികള്‍ മുസ്‌ലിം സ്ത്രീകള്‍ക്കു മേല്‍ ഇസ്‌ലാമിക നിയമങ്ങള്‍ എന്ന പേരില്‍ കെട്ടിയേല്‍പിച്ച വിവേചനപരമായ സമ്പ്രദായങ്ങളെയും വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള കഴിവ് കൂടി നാം ആര്‍ജിക്കണം. കെട്ടിയേല്‍പിക്കപ്പെട്ട ഈ വിവേചന സമ്പ്രദായങ്ങളെ മറികടക്കാന്‍ മുസ്‌ലിം ഫെമിനിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന ചിലര്‍ സ്വീകരിക്കുന്ന നിലപാടുകളോട് എനിക്ക് യോജിപ്പില്ല. തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളില്‍നിന്ന് അവരില്‍ പലരും രൂപപ്പെടുത്തിയ പാശ്ചാത്യ കേന്ദ്രീകൃത കാഴ്ചപ്പാടുകളും ഇസ്‌ലാമിന്റെ പതിനാല് നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെ അപനിര്‍മിക്കണമെന്നുള്ള അവരുടെ വീക്ഷണവും ഒപ്പം സാമ്പ്രദായിക മുസ്‌ലിംകള്‍ പിന്തുടരുന്ന തെറ്റായ രീതികളും ഒരുപോലെ കൈയൊഴിച്ച് ഇസ്‌ലാമിന്റെ തനത് അധ്യാപനങ്ങളില്‍നിന്നുതന്നെ സ്ത്രീസൗഹൃദത്തില്‍ അധിഷ്ഠിതമായ നിലപാടുകള്‍ നമുക്ക് രൂപപ്പെടുത്താനാവും..

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍