Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

ടിപ്പു സുല്‍ത്താന്‍: ധീരദേശാഭിമാനിയെ മതഭ്രാന്തനാക്കുന്നു

ഡോ. അലി അക്ബര്‍

നാടിന്റെ മാനം കാക്കാനായി ബ്രിട്ടീഷുകാരുമായി നടത്തിയ ഒരു സന്ധിയില്‍ തന്റെ രണ്ടു ഓമനപുത്രന്മാരെയാണ് ടിപ്പു വെള്ളക്കാര്‍ക്ക് ജാമ്യം വെച്ചത്. പത്തു വയസ്സുള്ള അബ്ദുല്‍ഖാലിദ്, എട്ടു വയസ്സുള്ള മൗസുദ്ദീന്‍ എന്നീ രാജകുമാരന്മാര്‍ 1792 മാര്‍ച്ച് 17 മുതല്‍ രണ്ടു വര്‍ഷം കോണ്‍വാലീസ് പ്രഭുവിന്റെ പക്കല്‍  ജാമ്യത്തടവുകാരായിരുന്നു. ടിപ്പുവിന്റെ  ഉദ്യോഗസ്ഥര്‍ ഈ ബാലന്മാരെ ബ്രിട്ടീഷ് ക്യാമ്പിലേക്ക് കൈമാറുന്ന രംഗം ഹൃദയഭേദകമായിരുന്നു. ദേശസ്‌നേഹത്തിന്റെ ഇത്ര തീവ്രതയാര്‍ന്ന ഒരു സംഭവം ഇന്ത്യയില്‍ അതിനു മുമ്പും ശേഷവും നടന്നിട്ടില്ല.

 

ഈ  വര്‍ഷവും  ആ  വാര്‍ത്ത നമുക്ക് വായിക്കേണ്ടിവന്നു; കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷപരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ഹിന്ദുത്വതീവ്രവാദികള്‍  രംഗത്തെത്തി. ടിപ്പുവിന്റെ ജന്മദിനാഘോഷ പരിപാടികള്‍ക്കെതിരെ മുന്‍വര്‍ഷങ്ങളില്‍ ഹിന്ദുത്വതീവ്രവാദികള്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷമത് വെടിവെപ്പിലാണ് കലാശിച്ചത്. 1799 മെയ് 4-ന്  ശ്രീരംഗപട്ടണത്ത്, ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ടിപ്പു സുല്‍ത്താന്റെ അവസാന  യുദ്ധത്തിന്റെയും നാടിനു വേണ്ടിയുള്ള ധീരരക്തസാക്ഷിത്വത്തിന്റെയും 200-ാം വാര്‍ഷികം, 1999 മെയ് 4-ന്  നമ്മുടെ സര്‍ക്കാരും അനുബന്ധ ഏജന്‍സികളും അവഗണിക്കുകയായിരുന്നു. 1990-ല്‍, ഹൈദരലിയെയും ടിപ്പുവിനെയും  കുറിച്ചുള്ള ഒരു ടെലിവിഷന്‍ സീരിയല്‍ നിര്‍മിച്ചപ്പോള്‍ അതിന്റെ ഉള്ളടക്കം ചരിത്രപരമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ലെന്ന് സീരിയലില്‍തന്നെ എഴുതിക്കാണിക്കണമെന്ന സര്‍ക്കാറിന്റെ നിബന്ധന, അതിന്റെ നിര്‍മാതാക്കള്‍ക്ക് അനുസരിക്കേണ്ടിവന്നു. നമ്മുടെ സംപ്രേഷണ ചരിത്രത്തില്‍ മറ്റൊരു പരിപാടിക്കും ഇത്തരമൊരു അപമാനം നേരിടേണ്ടിവന്നിട്ടില്ല.        

ടിപ്പു സുല്‍ത്താന്റെ ശത്രുക്കളായ ബ്രിട്ടീഷുകാര്‍ ഇന്ത്യ  വിട്ടിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും ആര്‍ക്കാണ്  ടിപ്പു സുല്‍ത്താന്‍ ശത്രു? എന്തുകൊണ്ട് ശത്രുത? ഇന്ത്യയിലെ മറ്റു നാട്ടുരാജാക്കന്മാരില്‍നിന്ന് ടിപ്പു വ്യത്യസ്തനാകുന്നത് എങ്ങനെയാണ്? മൂടിവെക്കാന്‍ ചില  ചരിത്രകാരന്മാര്‍ കിണഞ്ഞുശ്രമിച്ചിട്ടും, ആ വ്യത്യസ്തതകള്‍ തന്നെയാണ്  ടിപ്പുവിനെ അനശ്വരനാക്കുന്നത്. 

ടിപ്പുവിനെ വിശകലനം ചെയ്യുമ്പോള്‍, ഒരു നല്ല  വ്യക്തിത്വത്തെയാണ് നാം ആദ്യമായി കാണുന്നത്. 1765-ല്‍ ഹൈദരലിയുമായുള്ള യുദ്ധത്തില്‍ പരാജിതനായ  ബാലാം (കൂര്‍ഗ്) രാജാവിന്റെ അന്തഃപുരസ്ത്രീകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ഹൈദരലിയുടെ സേനാനായകന്‍ മഖ്ബൂല്‍ ഖാന്‍ ടിപ്പുവിന്റെ വെടിയേറ്റു മരിക്കുകയാണുണ്ടായത്. ആവര്‍ത്തിച്ചുള്ള തന്റെ വിലക്ക് അവഗണിച്ചതിന് സ്വന്തം  പടത്തലവന് ടിപ്പു കൊടുത്ത ശിക്ഷ. 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ടിപ്പു പങ്കെടുത്ത ആദ്യയുദ്ധമായിരുന്നു അത്. ടിപ്പുവിന്റെ ശക്തമായ ധാര്‍മികബോധമാണ് ഇവിടെ പ്രകടമായത്. ഹൈദരലി, മകന്‍ ടിപ്പുവിന്റെ അഭ്യര്‍ഥനപ്രകാരം ബാലാം രാജാവിനെയും കൂട്ടരെയും  എല്ലാ ബഹുമതികളോടെയും കൂടി സ്വതന്ത്രരാക്കിവിടുകയായിരുന്നു. വിടവാങ്ങുന്ന സമയത്ത് ടിപ്പുവിന്റെ മുന്നില്‍  തലകുനിച്ചുകൊണ്ട് ബാലാം രാജാവ് പറഞ്ഞു: ''ഭയം മൂലമായിരുന്നു ഞാന്‍ താങ്കളുടെ പിതാവിന്റെ മുന്നില്‍ തലകുനിച്ചത്, എന്നാല്‍ താങ്കളുടെ മുന്നില്‍ ഞാനിതാ  ബഹുമാനപുരസ്സരം തലതാഴ്ത്തുന്നു'' (The Sword of Tippu Sulthan, B.S. Gidwani). 1786-ല്‍ ടിപ്പു, മറാത്താ സൈന്യത്തെ കീഴടക്കിയപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും പാരിതോഷികങ്ങള്‍ നല്‍കി സ്വതന്ത്രരാക്കുകയുണ്ടായി. തങ്ങളെ സ്വീകരിക്കാന്‍ വിമുഖത  കാണിച്ച ഭര്‍ത്താക്കന്മാരോട്, ടിപ്പുവിന്റെ മാന്യതയെ പറ്റിയും സ്വഭര്‍ത്താക്കന്മാരുടെ അല്‍പത്തത്തെ പറ്റിയും  അവര്‍ക്ക് സംസാരിക്കേണ്ടിവന്നു (കിര്‍മാനി-ഉദ്ധരണം: നവാബ് ടിപ്പു സുല്‍ത്താന്‍: ഒരു പഠനം-കെ.കെ.എന്‍ കുറുപ്പ്). യുദ്ധം ജയിച്ചടക്കിയ നാട്ടിലെ പെണ്ണായി പിറന്നവരുടെയെല്ലാം മാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുള്ള അലിഖിത നിയമം  നിലവിലുണ്ടായിരുന്ന ഒരു കാലത്ത് നടന്ന സംഭവമാണ്  ഇതെന്നോര്‍ക്കണം.  

യുദ്ധത്തില്‍ മരണപ്പെട്ട ബ്രിട്ടീഷ് സൈനികരുടെ  കുടുംബാംഗങ്ങള്‍ക്ക് ടിപ്പു വിലപിടിപ്പുള്ള സമ്മാനങ്ങള്‍  കൊടുത്തയച്ചിരുന്നു. ചിലതെല്ലാം എത്തേണ്ടിടത്ത് എത്തിയില്ല എന്നത് മറ്റൊരു കാര്യം. സ്വര്‍ണ ഫ്രെയ്മുള്ള ഒരു ചിത്രം, ബ്രിട്ടനില്‍ എത്തിയപ്പോള്‍ ഫ്രെയ്മില്ലാതെ ചിത്രം മാത്രമായിപ്പോയി അത് (The Sword of Tippu Sulthan-B.S. Gidwani). 

ബെടന്നൂര്‍ പ്രദേശത്തെ ഗവര്‍ണറായിരുന്നു ആയാസ് ഖാന്‍. ഹൈദരലിയുമായുള്ള യുദ്ധത്തില്‍  കൊല്ലപ്പെട്ട ചിറക്കല്‍ രാജാവിന്റെ പുത്രന്‍ (Tippu Sulthan –Jameel Ahmed). ശത്രുവിന്റെ അനാഥനായ കുഞ്ഞിനെ  ഹൈദരലി ദത്തെടുത്തു, കൊട്ടാരത്തില്‍  ഹൈദരലിയുടെ  മകനായി, ടിപ്പുവിന്റെ അനുജനായി, ഒരു രാജകുമാരനായി അവന്‍ വളര്‍ന്നു. അവന് ടിപ്പു അധികാരവും സ്ഥാനമാനങ്ങളും നല്‍കി. പക്ഷേ, അവന്‍ പിന്നീട്  ടിപ്പുവിനെ ചതിച്ചു എന്നത് ചരിത്രത്തിലെ മറ്റൊരു ദുര്‍വിധി. 

ടിപ്പുവിനെതിരെയുള്ള പ്രതിഷേധങ്ങളുടെ  മുന്നിലും പിന്നിലും എപ്പോഴും സവര്‍ണരെ കാണാം. എന്താണിതിന് കാരണം? വിഷയം മണ്ണും പെണ്ണും തന്നെ.   നമ്പൂതിരിമാര്‍ക്കിടയിലെ വേളി കൂടാതെയുള്ള സംബന്ധം  എന്ന പരസ്ത്രീബന്ധം, ഹിന്ദു സ്ത്രീകളിലെ ബഹുഭര്‍തൃത്വം തുടങ്ങിയ അധാര്‍മികമായ സാമൂഹിക ദുരാചാരങ്ങളെ, ഒരു സര്‍ക്കാര്‍ ഉത്തരവ് വഴി ടിപ്പു ശക്തമായി വിലക്കി (നവാബ് ടിപ്പു സുല്‍ത്താന്‍: ഒരു പഠനം-കെ.കെ.എന്‍ കുറുപ്പ്). പെണ്‍കുട്ടികളെ മാന്യമായി വിവാഹം കഴിപ്പിച്ചയക്കാന്‍ ടിപ്പു സുല്‍ത്താന്‍ നിര്‍ദേശിച്ചു. തദാവശ്യാര്‍ഥം സാമ്പത്തിക സഹായവും  വാഗ്ദാനം ചെയ്തു. കൂടാതെ ഭൂമി അളന്നു തിട്ടപ്പെടുത്തി, വിളവിനനുസരിച്ച് നികുതി നിശ്ചയിച്ചു. അത് നേരിട്ട് സര്‍ക്കാറില്‍ അടക്കാന്‍ നിയമനിര്‍മാണം നടത്തി. സംബന്ധം എന്ന പേരില്‍ നാടുനീളെ ഭോഗിച്ചും മേലനങ്ങാതെ കീഴ്ജാതിക്കാരുടെ അധ്വാനം ചൂഷണം ചെയ്തും സുഖജീവിതം നയിച്ചുവന്ന സവര്‍ണര്‍ ടിപ്പുവിന്റെ ശത്രുക്കളായതില്‍ അത്ഭുതമില്ല. ജാതിവ്യവസ്ഥ മൂലം മാറുമറക്കാന്‍ അവകാശമില്ലാതിരുന്ന താഴ്ന്ന ജാതിക്കാരായി മുദ്രകുത്തപ്പെട്ട സ്ത്രീകളോട് മാറുമറക്കാന്‍ ടിപ്പു ആവശ്യപ്പെടുകയും അതിനു വേണ്ട കുപ്പായങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി. ടിപ്പു, ഇസ്‌ലാമിലേക്ക്  ബലമായി മതപരിവര്‍ത്തനം നടത്തുന്നു എന്ന് ബ്രിട്ടീഷുകാരോടൊപ്പം സവര്‍ണരും ഏറെ കൊട്ടിഘോഷിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന് 'കുപ്പായമിടീക്കല്‍' എന്ന പേരു വന്നതുതന്നെ ഇക്കാരണം കൊണ്ടാണ്. ഈ പ്രയോഗം ഇന്നും പാടേ മാഞ്ഞുപോയിട്ടില്ല (നവാബ് ടിപ്പു സുല്‍ത്താന്‍: ഒരു പഠനം-കെ.കെ.എന്‍ കുറുപ്പ്). തന്റെ അധികാരപരിധിയില്‍ സമ്പൂര്‍ണ മദ്യനിരോധനം അദ്ദേഹം കര്‍ശനമായി നടപ്പാക്കി. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ ടിപ്പു സുല്‍ത്താന്‍ നടത്തിയ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ശത്രുക്കളെ സൃഷ്ടിച്ചത്. 

ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കും ടിപ്പു വലിയ ആനുകൂല്യങ്ങളും ഇനാം ഭൂമിയും മറ്റും നല്‍കിയ സംഭവങ്ങള്‍ ധാരാളം. എ. സുബ്ബരായ ഷെട്ടി എഴുതുന്നു: ''ബ്രഹ്മദായവും ദേവദായവുമായ സ്വത്തുക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ബാരാമഹലിലെ ഹരിടാസയ്യ എന്ന  ആമില്‍ദാര്‍ക്ക് 1782-ല്‍ ടിപ്പു നിര്‍ദേശം നല്‍കി. ഇതേ വര്‍ഷംതന്നെ കടപ്പ ജില്ലയില്‍ ഗണ്ടികോട്ട ക്ഷേത്രത്തിലെ ആഞ്‌ജെയാ പൂജക്ക് ഒരു രാമച്ചരിനു ഭൂമി അനുവദിച്ചതു കാണാം. തോംഗപ്പള്ളി ഗ്രാമത്തിലെ നികുതി മൊത്തം പുഷ്പഗിരി മഠത്തിന് അനുവദിച്ചുകൊണ്ട് കല്‍പനയിറക്കി. ശ്രീരംഗപട്ടണം ക്ഷേത്രത്തിലേക്ക് ടിപ്പു, ഏഴ് വെള്ളിക്കപ്പുകളും കര്‍പ്പൂരത്തട്ടും സംഭാവന നല്‍കി. ബാരാമഹല്‍ ആമില്‍ദാര്‍ ഹരിദാസയ്യര്‍ക്ക് 1790-ല്‍ നല്‍കിയ ഉത്തരവില്‍ കരം പിരിച്ചെടുത്ത ഉല്‍പന്നങ്ങള്‍ മൊത്തമായും കാവേരിപ്പട്ടി ഗ്രാമത്തിലെ ചന്ദ്രമൗലീശ്വരം ദേവസ്ഥാനത്തെ പടിത്തരം, ദീപാരാധന എന്നീ ആവശ്യത്തിലേക്ക് നല്‍കാന്‍ കല്‍പിക്കുന്നു. ബാബാ ബുധന്‍ഗിരിയിലെ ദത്താത്രേയ പീഠത്തിന് 20 ഗ്രാമങ്ങള്‍ 1784-ല്‍ സുല്‍ത്താന്‍ അനുവദിച്ചുകൊടുത്തു. എല്ലാ  ഭരണവര്‍ഷത്തിലും ഇത്തരം ദാനധര്‍മങ്ങള്‍ നടത്തിയതിന്റെ രേഖകള്‍ ലഭ്യമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിന് ടിപ്പു അനുവദിച്ച ഇളവുകളും ദാനങ്ങളും കോഴിക്കോട് കലക്ടറേറ്റ് രേഖകളില്‍ കാണാം. ഈസ്റ്റിന്ത്യാ കമ്പനി രേഖകളിലും ഈ തെളിവുകള്‍ ലഭ്യമാണ്'' (നവാബ് ടിപ്പു സുല്‍ത്താന്‍: ഒരു പഠനം-കെ.കെ.എന്‍ കുറുപ്പ്). 

ശൃംഗേരി മഠവും അവിടത്തെ ആചാര്യന്മാരും ടിപ്പുസുല്‍ത്താന് ഏറെ പ്രിയങ്കരമായിരുന്നു. 1791 മുതല്‍ 1798 വരെ മഠാധിപന്മാരുമായി ടിപ്പു നടത്തിയ കത്തിടപാടുകള്‍ ഈ ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.  കന്നടയിലുള്ള ഈ രേഖകള്‍ 1916-ല്‍ കര്‍ണാടക സര്‍ക്കാരിന്റെ ആര്‍ക്കിയോളജി ഡയറക്ടര്‍ രംഗചാരി കണ്ടെത്തി. ഇവയില്‍ ചിലതെല്ലാം 1927-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ ബി.എ സാലറ്റൊര്‍ ഒരു ലേഖനം  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

1791,'92 വര്‍ഷങ്ങളില്‍ ശൃംഗേരി മഠത്തില്‍ വന്‍ കൊള്ളയും കൊലപാതകങ്ങളും നടന്നു. അനേകം ബ്രാഹ്മണര്‍ വധിക്കപ്പെട്ടു. അക്കാലത്തെ 60 ലക്ഷം ഉറുപ്പികയുടെ  കൊള്ളനടന്നു എന്നാണ് കണക്ക്. കൂടാതെ ശാരദാംബയുടെ പ്രതിഷ്ഠ തകര്‍ക്കപ്പെട്ടു. ഈ  ഹീനകൃത്യം  നടത്തിയതോ, ഹിന്ദുക്കളായ മറാത്തര്‍; സഹായികളായ പിണ്ടാരികളുടെ   സേനാനായകന്‍ രഘുനാഥ് പട്‌വര്‍ധനനോടൊപ്പം. തന്റെ  നാല് ശിഷ്യരോടൊപ്പം കര്‍കതരയില്‍ അഭയം തേടിയ മഠാധിപതി സച്ചിദാനന്ദ സരസ്വതി, മഠത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാനും പുനഃപ്രതിഷ്ഠ നടത്താനും സുല്‍ത്താനോട് സഹായം അഭ്യര്‍ഥിച്ചതുപ്രകാരം ടിപ്പു എല്ലാ സഹായവും  ചെയ്തുകൊടുത്തു. തന്റെ നാടിന്റെയും നാട്ടുകാരുടെയും  ക്ഷേമൈശ്വര്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ടിപ്പു മഠാധിപതിയോട് അഭ്യര്‍ഥിച്ചു (നവാബ് ടിപ്പു സുല്‍ത്താന്‍: ഒരു പഠനം-കെ.കെ.എന്‍ കുറുപ്പ്). അടുത്ത പ്രാവശ്യം  വിഗ്രഹത്തില്‍  ചാര്‍ത്താനുള്ള പൊന്‍പട്ട് ടിപ്പുവിന്റെ വകയായി ശൃംഗേരി മഠത്തിലെത്തി (ടിപ്പു സുല്‍ത്താന്‍-ജമീല്‍ അഹ്മദ്). തന്റെ  കോട്ടകളില്‍ ഹിന്ദുക്കളായ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ടിപ്പു ക്ഷേത്രങ്ങള്‍ പണിതിരുന്നു. അവ ആ കോട്ടകളില്‍ ഇന്നും  കാണാം. ടിപ്പുവിന്റെ മതപരമായ നയവും ഹിന്ദുക്കളായ മറാത്തരുടെ ക്ഷേത്രധ്വംസനവും ഈ വിഷയത്തില്‍ ഇന്ന് നാട്ടില്‍  നടക്കുന്ന  കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ച്ചയായും  ഒരു താരതമ്യ പഠനം ആവശ്യപ്പെടുന്നുണ്ട്.

1787-ലെ ഒരു വിളംബരത്തില്‍ ടിപ്പു ചൂണ്ടിക്കാട്ടി: ''മതസഹിഷ്ണുത വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാന തത്ത്വമാണ്. മതത്തില്‍ നിര്‍ബന്ധമില്ല എന്ന തത്ത്വം ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. മറ്റൊരു മതത്തിന്റെയും ആരാധനാരീതികളെയും വിഗ്രഹങ്ങളെയും നിങ്ങള്‍ നിന്ദിക്കരുത്.'' യുദ്ധത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവരെ ഉപദ്രവിക്കരുതെന്ന് അദ്ദേഹം തന്റെ  സൈന്യത്തിന് കര്‍ശന നിര്‍ദേശം നല്‍കി. തന്റെ രാജ്യത്ത് മദ്യത്തിന്റെ  ഉല്‍പാദനം, വില്‍പന, ഉപയോഗം എല്ലാം ടിപ്പു നിയമം മൂലം നിരോധിച്ചു. അദ്ദേഹത്തിന്റെ സൈന്യത്തിലും  ഉദ്യോഗസ്ഥരിലും  ധാരാളം ഹിന്ദുക്കളുണ്ടായിരുന്നു. മുഖ്യസൈന്യാധിപന്‍ അപ്പാ റാവു, ടിപ്പു കഴിഞ്ഞാല്‍ ഏറ്റവും അധികാരമുണ്ടായിരുന്ന ദിവാന്‍ പൂര്‍ണയ്യ, രാജ്യത്തെ മുഖ്യ അഡ്മിനിസ്‌ട്രേറ്റര്‍ കൃഷ്ണറാവു, മുഖ്യ പേഷ്‌കാര്‍ സുബ്ബറാവു, പോലീസ് മേധാവി ശ്യാമയ്യര്‍ എന്നിങ്ങനെ ധാരാളം പേര്‍. കറകളഞ്ഞ ഇസ്‌ലാം വിശ്വാസിയായിരുന്ന ടിപ്പുവിന്റെ മേല്‍വിവരിച്ച സ്വഭാവഗുണങ്ങളെല്ലാം ഇസ്‌ലാമികാധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതല്ലാതെ മറ്റൊന്നുമല്ല. 

ഇന്ത്യയിലെ മറ്റു രാജാക്കന്മാര്‍ ആഡംബരത്തിന്റെ അവസാന വാക്കുകളായ  കൊട്ടാരങ്ങളില്‍ സുഖലോലുപതയിലാറാടി, യുദ്ധരംഗത്തേക്ക് സൈന്യത്തെ  പറഞ്ഞയച്ചപ്പോള്‍, ടിപ്പു തന്റെ സൈന്യത്തോടൊപ്പം രണഭൂമിയില്‍  യുദ്ധം ചെയ്യുകയായിരുന്നു. സൈന്യത്തോടൊപ്പം കോട്ടകളിലാണ്  അദ്ദേഹം ജീവിച്ചത്. വെറും 49 വര്‍ഷത്തെ ജീവിതത്തില്‍, സമാധാനപൂര്‍വം ടിപ്പു കുടുംബത്തോടൊപ്പം കഴിഞ്ഞ നാളുകള്‍ തുഛം. 'ഇന്ത്യയിലെ നമ്മുടെ ഒരേയൊരു  എതിരാളി' എന്നാണ് കോണ്‍വാലീസ് പ്രഭു ടിപ്പുവിനെ വിശേഷിപ്പിച്ചത്. ഒരിക്കല്‍ നാടിന്റെ മാനം കാക്കാനായി ബ്രിട്ടീഷുകാരുമായി നടത്തിയ ഒരു സന്ധിയില്‍ തന്റെ രണ്ടു ഓമനപുത്രന്മാരെയാണ് ടിപ്പു വെള്ളക്കാര്‍ക്ക് ജാമ്യം വെച്ചത്. പത്തു വയസ്സുള്ള അബ്ദുല്‍ഖാലിദ്, എട്ടു വയസ്സുള്ള മൗസുദ്ദീന്‍ എന്നീ രാജകുമാരന്മാര്‍ 1792 മാര്‍ച്ച് 17 മുതല്‍ രണ്ടു വര്‍ഷം കോണ്‍വാലീസ് പ്രഭുവിന്റെ പക്കല്‍  ജാമ്യത്തടവുകാരായിരുന്നു. ടിപ്പുവിന്റെ  ഉദ്യോഗസ്ഥര്‍ ഈ ബാലന്മാരെ ബ്രിട്ടീഷ് ക്യാമ്പിലേക്ക് കൈമാറുന്ന രംഗം ഹൃദയഭേദകമായിരുന്നു. ദേശസ്‌നേഹത്തിന്റെ ഇത്ര തീവ്രതയാര്‍ന്ന ഒരു സംഭവം ഇന്ത്യയില്‍ അതിനു മുമ്പും ശേഷവും നടന്നിട്ടില്ല. നേര്‍ക്കുനേരെ ഒരൊറ്റ യുദ്ധത്തില്‍പോലും ബ്രിട്ടീഷുകാര്‍ക്ക് ടിപ്പുവിനെ പരാജയപ്പെടുത്താന്‍  കഴിഞ്ഞിട്ടില്ല. വേണമെങ്കില്‍ ടിപ്പുവിന് നാടിനെയും നാട്ടുകാരെയും വെള്ളക്കാര്‍ക്ക് അടിയറവെച്ച് കീഴടങ്ങി തന്റെയും കുടുംബത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കി വലിയൊരു തുക ബ്രിട്ടീഷ് പെന്‍ഷനും കൈപ്പറ്റി ശിഷ്ടജീവിതം സുഖലോലുപതയില്‍ നയിക്കാമായിരുന്നു; ഇന്ത്യയിലെ മറ്റു രാജാക്കന്മാര്‍ ചെയ്തതുപോലെ. അവസാന യുദ്ധത്തില്‍ സ്വന്തം ജീവനെപ്പോലെ സ്‌നേഹിച്ച് കൂടെ നിര്‍ത്തിയ ഭൂരിപക്ഷം പേരും വെള്ളക്കാരുടെ പാരിതോഷികങ്ങള്‍ സ്വീകരിച്ച് നാടിനെയും ടിപ്പുവിനെയും ഒറ്റിക്കൊടുത്തു. ''കോണ്‍വാലീസിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് പീരങ്കികള്‍ക്ക് നേടാന്‍ കഴിയാത്ത വിജയം വെല്ലസ്ലിയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് സ്വര്‍ണനാണയങ്ങള്‍ നേടി'' (History of the Freedom Movement of India by Thara Chandh, Revised Edition,  1965, New Delhi, Page 226, 227). താന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് ടിപ്പു മനസ്സിലാക്കുമ്പോള്‍ വൈകിപ്പോയിരുന്നു. തുരങ്കം വഴി സുരക്ഷിതമായി രക്ഷപ്പെടാനുള്ള രഹസ്യമാര്‍ഗം അറിയാമായിരുന്നിട്ടുപോലും രക്ഷപ്പെടാതെ നാടിനു വേണ്ടി രക്തസാക്ഷിത്വം  വരിക്കുകയാണ് ടിപ്പു ചെയ്തത്. 

യാഥാര്‍ഥ്യം ഇങ്ങനെയെല്ലാമായിരിക്കെ, ചില ചരിത്രപുസ്തകങ്ങളില്‍ ടിപ്പു എങ്ങനെ ക്ഷേത്രധ്വംസകനും ഹിന്ദുമത വിരോധിയുമായി? ടിപ്പു സുല്‍ത്താനെ മതസഹിഷ്ണുതയില്ലാത്ത ഭരണാധികാരിയായും മതഭ്രാന്തനായും ചിത്രീകരിച്ചത് ജെയിംസ് മില്‍, മാര്‍ക്ക് വില്‍സ് മുതലായ ബ്രിട്ടീഷ് ചരിത്രകാരന്മാരാണ്. ടിപ്പുവിനോട് അന്ധമായ വിരോധം വെച്ചുപുലര്‍ത്തിയിരുന്ന ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ മാത്രമായിരുന്നു ഇത്തരം രചനകളുടെ അടിസ്ഥാനം. ഈ നുണകളുടെ നൂറ്റൊന്നാവര്‍ത്തനം പിറകെ വന്ന ചില ഇന്ത്യന്‍ ചരിത്രകാരന്മാരും നടത്തുകയായിരുന്നു. അസത്യം പലവുരു ആവര്‍ത്തിച്ചാല്‍ സത്യമാകുമോ? ടിപ്പു ഒരു നല്ല മുസ്‌ലിമായിരുന്നുവെന്നും അദ്ദേഹത്തിലെ നന്മകളുടെ അടിസ്ഥാനം ഖുര്‍ആനും നബിചര്യയുമാണെന്നുമുള്ള യാഥാര്‍ഥ്യം മറച്ചുവെക്കുക വഴി മുസ്‌ലിം മനസ്സുകളില്‍ ടിപ്പുവിന് യാതൊരു സ്ഥാനവും നല്‍കാതിരിക്കുക, ഇതര മതസ്ഥരില്‍ ഇസ്‌ലാമിനോട് മതിപ്പ് വരാനുള്ള സാധ്യത ഇല്ലാതാക്കുക എന്നിവയൊക്കെയായിരുന്നു ഇത്തരം ചരിത്രകാരന്മാരുടെ ഗൂഢലക്ഷ്യം. ഹിന്ദുമതവിരോധി, ക്ഷേത്രധ്വംസകന്‍, ഹിന്ദുക്കളെ ഇസ്‌ലാമിലേക്ക് ബലമായി മതമാറ്റം നടത്തിയ മതഭ്രാന്തന്‍ എന്നിങ്ങനെ ചിത്രീകരിക്കുക വഴി, ഹിന്ദുക്കളില്‍ ടിപ്പുവിനോടും ഇസ്‌ലാമിനോടും ശക്തമായ വിദ്വേഷം വളര്‍ത്തുക എന്നത് മറ്റൊരു ലക്ഷ്യം. പക്ഷേ, എത്രമാത്രം കരിയിലകള്‍ കൊണ്ട് മൂടിയാലും രത്‌നത്തിന്റെ തിളക്കം പുറത്തുവരാതിരിക്കില്ലല്ലോ. 

വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീരംഗപട്ടണം സന്ദര്‍ശിച്ചപ്പോള്‍  ടിപ്പു വീരമൃത്യു വരിച്ച കോട്ടയും കോട്ടമൈതാനത്ത് കുന്നോളം ഉയരത്തില്‍ ഫുട്‌ബോളിന്റെ വലിപ്പത്തില്‍ കരിങ്കല്ലില്‍ തീര്‍ത്ത പീരങ്കിയുണ്ടകളും കോട്ടയോടു ചേര്‍ന്ന് ബ്രിട്ടീഷുകാരെ തടവിലാക്കിയിരുന്ന 'വാട്ടര്‍ പ്രിസണും' കാണാന്‍ സാധിച്ചിരുന്നു. ഇന്ന് പ്രിസണ്‍ മാത്രം ബാക്കി. കോട്ട പൂര്‍ണമായി നശിച്ച് അപ്രത്യക്ഷമായി. കല്ലുകള്‍ മോഷ്ടിച്ചുകൊണ്ടുപോയി കെട്ടിടനിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നു. എല്ലാം അനാഥമായി കിടക്കുന്നു. മുഴുക്കുടിയനായ ഒരു അനധികൃത ഗൈഡിനെ മാത്രം കാണാം. ആര്‍ക്കിയോളജി വകുപ്പിന്റെ അവഗണനയുടെ ആഴം! ഉജ്ജ്വല വ്യക്തിത്വത്തിനുടമയായ ഒരു ധീര ദേശസ്‌നേഹിയെ ചരിത്രത്തില്‍നിന്നുതന്നെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വ ശ്രമമാണോ ഇത്? ടിപ്പുവിന്റേതല്ലാത്ത മറ്റു ചരിത്ര  സ്മാരകങ്ങള്‍ (ഉദാ: വൊഡയാര്‍ പാലസ്, അനുബന്ധ ക്ഷേത്രങ്ങള്‍) മൈസൂരില്‍ പ്രൗഢസുന്ദരമായി സംരക്ഷിക്കപ്പെടുന്നതു കാണുമ്പോള്‍ ഇങ്ങനെ തോന്നുന്നത് തെറ്റാകുമോ?  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍