ബിദ്അത്തിന്റെ പാഠഭേദങ്ങള്‍
സുന്നത്തിന് വിരുദ്ധമായ കര്‍മമാണ് ബിദ്അത്ത്. നബി(സ) അനുശാസിച്ചിട്ടില്ലാത്തതും സ്വഹാബത്തിന്റെയോ താബിഉകളുടെയോ ജീവിതത്തില്‍ മാതൃകയില്ലാത്തതും ശര്‍ഈ പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതുമായ കര്‍മങ്ങള്‍ മതാധ്യാപനങ്ങളാണെന്ന വിശ്വാസത്തോടെ അനുഷ്ഠിക്കുന്നത് ബിദ്അത്താണെന്ന് മുന്‍ഗാമികളായ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്ര ചിന്തയുടെയും മതോന്മാദത്തിന്റെയും ഫലമായി കാടുകയറുന്നതും ഇഹലോക പരിത്യാഗികളും പരിവ്രാജകരുമായി ദേശാടനം നടത്തുന്നതും, സമൂഹത്തില്‍നിന്ന് വേര്‍പെട്ട് സവിശേഷ വ്യക്തിത്വം തങ്ങള്‍ക്ക് നിര്‍മിച്ചെടുക്കണമെന്ന ശാഠ്യബുദ്ധിയോടെ പ്രത്യേക വേഷവിധാനങ്ങളും ജീവിതരീതികളും സ്വീകരിക്കുന്നതുമെല്ലാം മഹാന്മാരായ പൂര്‍വിക പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ ഇസ്‌ലാമിന്റെ സരളമായ സന്മാര്‍ഗത്തില്‍നിന്നുള്ള വ്യതിചലനമാണ്. ഇബാദത്തിലുള്ള അത്യുത്സാഹം വഴിവിട്ട ചിന്തകളിലേക്കും കര്‍മങ്ങളിലേക്കും മനുഷ്യനെ നയിക്കുമെന്നത് നമുക്ക് അനുഭവസത്യമാണല്ലോ.
ഇമാം ശാത്വിബി എന്ന പേരില്‍ പ്രസിദ്ധനായ അബൂഇസ്ഹാഖ് ഇബ്‌റാഹീമുശ്ശാത്വിബി(മരണം ക്രി. 1388)യുടെ വിഖ്യാതമായ 'കിതാബുല്‍ ഇഅ്തിസ്വാം ഫി അഹ്‌ലില്‍ ബിദ്ഇ വദ്ദലാലാത്ത്' എന്ന ഗ്രന്ഥത്തില്‍നിന്ന് ബിദ്അത്തിനെ കുറിച്ച ഭാഗങ്ങള്‍ ഉദ്ധരിക്കാം: ''മുന്‍ മാതൃകയില്ലാതെ കണ്ടുപിടിക്കുന്നതിനെ ദ്യോതിപ്പിക്കുന്ന 'ബദഅ' എന്ന വാക്കാണ് ബിദ്അത്തിന്റെ അടിസ്ഥാനം. 'ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍' (അല്‍ബഖറ 117) എന്ന സൂക്തത്തിലെ 'ബദീഅ്' ഈ ഗണത്തില്‍ പെട്ടതാകുന്നു. '(നബിയേ) പറയുക: ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനല്ല ഞാന്‍' (അഹ്ഖാഫ് 9) എന്ന സൂക്തത്തിലെ 'ബിദ്അന്‍' എന്ന വാക്ക് സൂചിപ്പിക്കുന്നത് എനിക്ക് മുമ്പും ധാരാളം പ്രവാചകന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ടെന്ന ചരിത്രസത്യമാണ്' (ഇബ്തദഅ). ഒരാള്‍ ഒരു 'ബിദ്അത്ത്' ഉണ്ടാക്കി എന്നു പറഞ്ഞാല്‍ മുമ്പാരും ചെയ്തിട്ടില്ലാത്ത രീതി സ്വീകരിച്ചു എന്നാണ്. 'ഇത് അനുപമമായ കാര്യമാണ്' (അംറുന്‍ ബദീഉന്‍) എന്ന് പറഞ്ഞാല്‍ ഇത്രയും സുന്ദരവും മനോഹരവുമായ ഒരു കാര്യം നേരത്തേ ആരും ചെയ്തിട്ടില്ലെന്നാണ്. ഇങ്ങനെയാണ് ബിദ്അത്ത് എന്ന വാക്കിന്റെ ഉത്ഭവം.
ശര്‍ഇല്‍ പ്രമാണമില്ലാത്ത കര്‍മങ്ങള്‍ക്ക് അങ്ങനെയാണ് 'ബിദ്അത്ത്' എന്ന പേര്‍ വന്നത്. നിദാന ശാസ്ത്രമനുസരിച്ച് ജനങ്ങളുടെ കര്‍മങ്ങളും വാക്കുകളുമായി ബന്ധപ്പെട്ട വിധികള്‍ മൂന്ന് ഇനമാണ്. കല്‍പനയുടെ ധ്വനിയുള്ള വിധി. അത് നിര്‍ബന്ധമാവാം, ഐഛികമാവാം. നിരോധത്തിന്റെ ധ്വനിയുള്ള വിധി. അത് ഹറാമോ കറാഹത്തോ ആവാം. തെരഞ്ഞെടുപ്പിന് സാധ്യതയുള്ള വിധി. അനുവദനീയം എന്നാണ് അതിന്റെ വിധി. അപ്പോള്‍ ജനങ്ങളുടെ വാക്കുകളും കര്‍മങ്ങളും മൂന്നിനത്തില്‍പെടും. ചെയ്യാന്‍ ആവശ്യപ്പെട്ടത്, ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്, ചെയ്യാനും ഉപേക്ഷിക്കാനും അനുവാദമുള്ളത്.
''അപ്പോള്‍ ബിദ്അത്ത് എന്നു വെച്ചാല്‍ ദീനില്‍ പുതുതായി കണ്ടുപിടിക്കുന്ന സരണി. അല്ലാഹുവിനുള്ള ആരാധനയില്‍ അതിരുവിടുന്ന ഈ രീതി ഒരുവേള ശര്‍ഈ സരണിയോട് ചേര്‍ന്നുനില്‍ക്കുന്നതാവാം. സമ്പ്രദായങ്ങള്‍ ബിദ്അത്തിന്റെ വിവക്ഷയില്‍പെടില്ലെന്നും അത് ഇബാദത്തുകളുമായി സവിശേഷമായി ബന്ധപ്പെട്ടതാണെന്നും വാദിക്കുന്നവരുടെ അഭിപ്രായമാണിത്. സാധാരണ കര്‍മങ്ങളും ബിദ്അത്തിന്റെ അര്‍ഥകല്‍പനയില്‍പെടുമെന്ന് വാദിക്കുന്നവരുടെ നിര്‍വചനം ഇതാണ്: ശര്‍ഈ രീതിയാണെന്ന് ധരിച്ച് ശര്‍ഇനോട് താദാത്മ്യപ്പെടുത്തി ദീനില്‍ പുതുതായി കണ്ടുപിടിക്കുന്ന സരണി.
''യഥാര്‍ഥത്തില്‍ ശര്‍ഈ കല്‍പന ഇല്ലാതിരുന്നിട്ടും അവ ശര്‍ഈ കല്‍പനകളെന്ന പോലെ ആചരിക്കുന്നത് പല നിലക്കും ശര്‍ഈ വിരുദ്ധമായിത്തീരുന്നുണ്ട്. ഉദാഹരണമായി, സ്വയം ചില നിബന്ധനകള്‍ ഉണ്ടാക്കുക. ഇരിക്കാതെ നിന്ന് കൊണ്ടും, തണല്‍ തേടാതെ ആത്മപീഡനത്തിലൂടെയും വ്രതമനുഷ്ഠിക്കുമെന്ന് ഒരാള്‍ നേര്‍ച്ചയാക്കുക, ഇബാദത്തിന് വേണ്ടി ഉഴിഞ്ഞുവെക്കാന്‍ ചില പ്രത്യേക രീതികള്‍ സ്വീകരിക്കുക, കാരണമൊന്നുമില്ലാതെ ചില പ്രത്യേകതരം ആഹാരവും വസ്ത്രവും ശീലമാക്കുക തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു...
''ചില നിര്‍ണിത രീതികളും സ്വഭാവങ്ങളും സ്വീകരിക്കുക. ഒരേ ശബ്ദത്തില്‍ ഒരുമിച്ചിരുന്ന് ദിക്ര്‍ ചൊല്ലുക, നബി(സ)യുടെ ജന്മദിനം ആഘോഷമാക്കുക തുടങ്ങിയ കര്‍മങ്ങള്‍. അതുപോലെ ശരീഅത്തില്‍ ഒരടിസ്ഥാനവും ഇല്ലാതിരുന്നിട്ടും ചില പ്രത്യേക നേരങ്ങളില്‍ പ്രത്യേകമായ ഇബാദത്തുകള്‍ അനുഷ്ഠിക്കുക. ശഅ്ബാന്‍ 15-ലെ പകലില്‍ നോമ്പ് നോല്‍ക്കുന്നതും രാത്രി ഖിയാമുല്ലൈല്‍ നടത്തുന്നതും നിര്‍ബന്ധമായും കൊണ്ടുനടക്കുന്നതുപോലെ'' (അല്‍ ഇഅ്തിസാം 48-57).
വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ച പ്രഗത്ഭ പണ്ഡിതന്മാര്‍ ബിദ്അത്തിനെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായങ്ങളിലെ വിശദാംശങ്ങളില്‍ ചില പാഠഭേദങ്ങള്‍ കാണാമെങ്കിലും സാരാംശത്തില്‍ അവ ഒന്നാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും നിരക്കാത്ത നൂതന നിര്‍മിതികള്‍ മതത്തിന്റെ മേല്‍വിലാസത്തില്‍ അനുഷ്ഠിക്കുന്നതും ആചരിക്കുന്നതും ബിദ്അത്തിന്റെ വിവക്ഷയില്‍പെടുന്നു.
നിര്‍വചനങ്ങള്‍:
ഇമാം അബൂഹാമിദുല്‍ ഗസാലി(റ): ''നൂതനമായി നിര്‍മിച്ചതെല്ലാം നിരോധിതമല്ല. നിരോധിതമായത് സുസ്ഥിരമായ സുന്നത്തിന് വിരുദ്ധമായതും ശര്‍ഇലെ ഏതെങ്കിലും അനുശാസന എടുത്തുകളയുന്നതുമാണ്'' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 428).
ഇബ്‌നു റജബുല്‍ ഹമ്പലി: ''ശരീഅത്തില്‍ അടിസ്ഥാനമില്ലാത്തത്. ദീനില്‍ പുതുതായി ഉണ്ടാക്കുന്നതാണ് ബിദ്അത്ത്. ശരീഅത്തില്‍ അടിസ്ഥാനമുണ്ടെന്ന് ചൂണ്ടിക്കാട്ടാവുന്ന കാര്യങ്ങള്‍ ബിദ്അത്തിന്റെ ഗണത്തില്‍പെടില്ല. ഭാഷാപരമായി അതിനെ ബിദ്അത്ത് എന്ന് പറയാമെങ്കിലും'' (ജാമിഉല്‍ ഉലൂം 223).
ഇബ്‌നുതൈമിയ്യ: ''നബി(സ)യുടെ കാലശേഷം ഉണ്ടായ പുതിയ സംഭവവികാസത്തെത്തുടര്‍ന്ന് മുസ്‌ലിം സമൂഹം ഉത്തമ താല്‍പര്യങ്ങള്‍ക്കനുഗുണമായി കണ്ടത് അനുവദനീയമാകുന്നു'' (ഇഖ്തിളാഉ സ്വിറാത്തില്‍ മുസ്തഖീം 258).
ശൈഖ് യൂസുഫുല്‍ ഖറദാവി: ''ചില പണ്ഡിതന്മാര്‍ ബിദ്അത്തിനെ നല്ല ബിദ്അത്തായും ചീത്ത ബിദ്അത്തായും വര്‍ഗീകരിച്ചിട്ടുണ്ട്. ശരീഅത്ത് നിയമങ്ങളെ ആധാരമാക്കി ബിദ്അത്തിനെ അഞ്ച് തരങ്ങളായി വേര്‍തിരിച്ചവരുമുണ്ട്. നിര്‍ബന്ധമായ ബിദ്അത്ത്, അഭിലഷണീയമായ ബിദ്അത്ത്, വെറുക്കപ്പെടേണ്ട ബിദ്അത്ത്, നിയമവിരുദ്ധമായ ബിദ്അത്ത്, അനുവദനീയമായ ബിദ്അത്ത്'' (അസ്സുന്നത്തു വല്‍ ബിദ്അഃ, പേജ് 24).
ഇമാം നവവി ഉദ്ധരിക്കുന്ന ഇസ്സുബ്‌നു അബ്ദിസ്സലാമിന്റെ നിര്‍വചനം ഇങ്ങനെ: ''നിര്‍ബന്ധം, നിയമവിരുദ്ധം, പുണ്യകരം, അനുവദനീയം എന്നിങ്ങനെ ബിദ്അത്തിനെ വിഭജിക്കാം.''
സ്വഹീഹ് മുസ്‌ലിം വ്യാഖ്യാനത്തില്‍ ഇമാം നവവി(റ): ''നബി(സ)യുടെ വചനം: 'എല്ലാ ബിദ്അത്തും മാര്‍ഗഭ്രംശമാണ്' ('കുല്ലു ബിദ്അത്തിന്‍ ളലാല'). ബിദ്അത്തുകളില്‍ മിക്കതും എന്നാകുന്നു ഇവിടെ വിവക്ഷ. പണ്ഡിതന്മാര്‍ പറഞ്ഞത് ബിദ്അത്ത് നാല് വിധമുണ്ടെന്നാണ്. നിര്‍ബന്ധം, പുണ്യകരം, വര്‍ജിക്കേണ്ടവ, അനുവദനീയമായവ. നിര്‍ബന്ധം എന്ന ഗണത്തില്‍ പെടുന്നതാണ്, നിരീശ്വരവാദികള്‍ക്കും മതത്തിലെ നവീന നിര്‍മാതാക്കള്‍ക്കും വചനശാസ്ത്ര വിദഗ്ധരായ പൂര്‍വിക പണ്ഡിതന്മാര്‍ നല്‍കിയ മറുപടികളും തെളിവുകളും ക്രോഡീകരിക്കുന്നതു പോലുള്ള സേവനങ്ങള്‍. പുണ്യകരം എന്നു പറഞ്ഞാല്‍ വിജ്ഞാന ഗ്രന്ഥങ്ങളുടെ രചന, വിദ്യാലയങ്ങളുടെ നിര്‍മാണം, വൃദ്ധസദനങ്ങളുടെ സ്ഥാപനം എന്നിവ. ഹറാമും മക്‌റൂഹും വ്യക്തമാണ്. നബിവചനം പ്രശ്‌നാധിഷ്ഠിത പൊതുവിധിയാണ്. നമ്മുടെ അഭിപ്രായത്തിന് ഉപോദ്ബലകമാണ് ഉമറി(റ)ന്റെ വചനം. തറാവീഹ് വിഷയത്തില്‍ ഉമര്‍ പറഞ്ഞു: 'ഇതൊരു നല്ല ബിദ്അത്താണ്'' (ശറഹു സ്വഹീഹ് മുസ്‌ലിം, നവവി, ഭാഗം 6, പേജ് 154).
ഇമാം ശാഫിഈ(റ): ''നൂതന നിര്‍മിതികള്‍ രണ്ട് തരമുണ്ട്. ഖുര്‍ആനിനോ സുന്നത്തിനോ പ്രമാണങ്ങള്‍ക്കോ ഇജ്മാഇനോ വിരുദ്ധമായി വരുന്നവ അപഭ്രംശത്തിന്റെ ബിദ്അത്താണ്. ഇവക്കൊന്നും എതിരാവാത്ത ഗുണകരമായി ഉണ്ടാക്കിയവ ആക്ഷേപിക്കപ്പെടേണ്ടവയല്ല.'' മറ്റൊരിടത്ത് ഇമാം ശാഫിഈ: ''ബിദ്അത്ത് രണ്ട് വിധമാണ്. വാഴ്ത്തപ്പെടേണ്ടതും ഇകഴ്ത്തപ്പെടേണ്ടതും. സുന്നത്തിന് നിരക്കുന്നത് വാഴ്ത്തപ്പെടേണ്ടത്. സുന്നത്തിന് നിരക്കാത്തത് ഇകഴ്ത്തപ്പെടേണ്ടതും'' (മനാഖിബുശ്ശാഫിഈ, ഭാഗം 1, പേജ് 469).
ദുഷിച്ച ബിദ്അത്തിനെക്കുറിച്ച് ശൈഖ് ഖറദാവി:
''അത് മതവിഷയത്തിലാവണം. മതകാര്യങ്ങളില്‍ നൂതനമായി പടച്ചുണ്ടാക്കുന്നതിനെയാണ് ബിദ്അത്തായി കണക്കാക്കുന്നത്. സാധാരണ കാര്യങ്ങളില്‍ ബിദ്അത്ത് എന്ന് പറയാവതല്ല.''
ശര്‍ഇല്‍ അതിന് അടിസ്ഥാനമില്ലാതിരിക്കണം. നവീനമായി നിര്‍മിച്ചതിന് ശര്‍ഇല്‍ അടിസ്ഥാനമുണ്ടെങ്കില്‍ അതിനെ ബിദ്അത്ത് എന്ന് പറയാന്‍ പറ്റില്ല.
നല്ല ബിദ്അത്തിന് ചില ഉദാഹരണങ്ങള്‍:
ഖുര്‍ആന്‍ നഷ്ടപ്പെട്ടേക്കുമോ എന്നു ഭയന്ന ഉമറി(റ)ന്റെ ഉപദേശപ്രകാരം അബൂബക്ര്‍ (റ) ഖുര്‍ആന്‍ ക്രോഡീകരിച്ചു.
ഉബയ്യുബ്‌നു കഅ്ബിന്റെ നേതൃത്വത്തില്‍ തറാവീഹ് സംഘടിതമായി നിര്‍വഹിക്കുന്നതു കണ്ട ഉമറിന്റെ പരാമര്‍ശം: 'എത്ര നല്ല ബിദ്അത്താണിത്.'
വെള്ളിയാഴ്ച ജുമുഅക്ക് ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) രണ്ട് ബാങ്ക് ഏര്‍പ്പെടുത്തിയത്. മദീനാ നിവാസികള്‍ വര്‍ധിക്കുകയും ഒരു ബാങ്ക് മതിയാവില്ലെന്ന് കണ്ടതു കൊണ്ടുമായിരുന്നു അത്. നബി(സ)യുടെ കാലത്ത് ഒരു ബാങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഉസ്മാ(റ)ന്റെ കാലത്തെ ഖുര്‍ആന്‍ ക്രോഡീകരണം മറ്റൊരു ഉദാഹരണം. യഹ്‌യാബ്‌നു യഅ്മറാണ് ഖുര്‍ആന് പുള്ളികളിട്ടത്.
അലിയ്യുബ്‌നു അബീത്വാലിബി(റ)നോട് കൂടിയാലോചിച്ച അബുല്‍ അസ്‌വദുഅലി അറബി വ്യാകരണത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ ആവിഷ്‌കരിച്ചത്.
ഇസ്‌ലാമിന്റെ മഹത്തായ ഉദ്ദേശ്യലക്ഷ്യങ്ങളുമായും ശരീഅത്തിന്റെ മനുഷ്യോന്നമന പരികല്‍പനയുമായും പൊരുത്തപ്പെടാത്ത ജീവിതവീക്ഷണവും ജീവിതരീതികളും തിരസ്‌കരിക്കപ്പെടേണ്ട നൂതന നിര്‍മിതികളാണെന്ന് പണ്ഡിതന്മാരുടെ നിര്‍വചനങ്ങളില്‍നിന്ന് വ്യക്തമാകുന്നു.
അന്ധന്മാര്‍ ആനയെ കണ്ടതുപോലെ ഇസ്‌ലാമിനെ നോക്കിക്കണ്ടതാണ് പലര്‍ക്കും പിണഞ്ഞ അബദ്ധം. ഇസ്‌ലാമിന്റെ പൊരുളിനെക്കുറിച്ച് അജ്ഞതയും പക്ഷപാത ചിന്തകളും അതിവാദങ്ങളിലേക്കും തീവ്ര ചിന്താഗതികളിലേക്കും നയിച്ചപ്പോള്‍ മതത്തില്‍ ഇല്ലാത്ത വിശ്വാസങ്ങളും ആചാരങ്ങളും കടന്നുകൂടി. ഇമാം ഇബ്‌നുല്‍ ഖയ്യിം അഭിപ്രായപ്പെട്ടതുപോലെ, ഇസ്‌ലാമിനെ സംബന്ധിച്ച വ്യക്തമായ സമഗ്ര വീക്ഷണമാണ് ആദ്യമായുണ്ടാവേണ്ടത്. ബിദ്അത്തിനെക്കുറിച്ച പാഠഭേദങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും പുതിയ കാലത്തെ വിലയിരുത്തുമ്പോഴും ഇബ്‌നുഖയ്യിമിന്റെ വാചകങ്ങള്‍ വഴികാട്ടിയാണ്: ''നീതിയില്‍നിന്ന് അനീതിയിലേക്കും കാരുണ്യത്തില്‍നിന്ന് ക്രൂരതയിലേക്കും പൊതു താല്‍പര്യസംരക്ഷണത്തില്‍നിന്ന് അവകാശഹനനത്തിലേക്കും യുക്തിയില്‍നിന്ന് അയുക്തിയിലേക്കും വഴുതിമാറുന്ന ഒന്നും ശരീഅത്താവില്ല. വ്യാഖ്യാനിച്ചൊപ്പിച്ചാലും അവ ശരീഅത്തില്‍പെടുത്താന്‍ ഒക്കില്ല.''
Comments