Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

അലപ്പോക്കു ശേഷം

സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെ സഹായിക്കാന്‍ റഷ്യന്‍ വിമാനങ്ങള്‍ ദമസ്‌കസില്‍ എത്തിയപ്പോള്‍ തന്നെ ബശ്ശാര്‍വിരുദ്ധ സേനകളുടെ ശക്തികേന്ദ്രമായ അലപ്പോ ആയിരിക്കും അവരുടെ ഒന്നാമത്തെ ഉന്നം എന്ന് വ്യക്തമായിരുന്നു. മാസങ്ങള്‍ നീണ്ട അതിഭീകരമായ ബോംബിംഗിനു ശേഷമാണ് അലപ്പോ കീഴടങ്ങിയത്. ഒരു പ്രേതനഗരമാണ് ഇന്ന് അലപ്പോ. ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാം ബോംബിംഗില്‍ തകര്‍ന്നിരിക്കുന്നു. നഗരം കീഴടക്കപ്പെട്ട ആദ്യനാളുകളില്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളുടെ വീഡിയോ ചിത്രങ്ങളാണ് അവിടെനിന്ന് പുറത്തുവന്നുകൊണ്ടിരുന്നത്. പ്രതികാരദാഹം മൂത്ത ബശ്ശാര്‍ സേന മറ്റൊരു ഭീകര കൂട്ടക്കുരുതിക്ക് കളമൊരുക്കുകയാണെന്നു കണ്ടപ്പോള്‍, സിറിയയില്‍ ഇടപെട്ടുകൊണ്ടിരുന്ന രാഷ്ട്രങ്ങള്‍ ഭിന്നതകള്‍ മറന്ന് സിവിലിയന്മാരെ മാത്രമല്ല പോരാളികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ മുന്‍കൈയെടുത്തു എന്നത് അഭിനന്ദനമര്‍ഹിക്കുന്നു. കാലതാമസം കൂടാതെ അവരത് നടപ്പാക്കാന്‍ മുന്നോട്ടുവരികയും ചെയ്തു. റഷ്യയുടെയും തുര്‍ക്കിയുടെയും ഇറാന്റെയും മുന്‍കൈയിലാണ് സിവിലിയന്മാരെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ബശ്ശാര്‍ ഭരണകൂടം ഈ നീക്കത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല. അലപ്പോ കീഴടക്കിയതുകൊണ്ട് ഇനിയൊക്കെ തന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന ബശ്ശാറിന്റെ അഹങ്കാരത്തിന് തുടക്കത്തിലേ അടിയേറ്റു. ഘനാന്ധകാരത്തിലെ പ്രതീക്ഷാ കിരണമാണിത്.

മേഖലയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ശക്തികള്‍ കുറേകൂടി യാഥാര്‍ഥ്യബോധത്തോടെ സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുന്നോട്ടുവന്നിരിക്കുകയാണ്. റഷ്യ, തുര്‍ക്കി, ഇറാന്‍ വിദേശകാര്യമന്ത്രിമാര്‍ മോസ്‌കോയില്‍ അടിയന്തര യോഗം ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തത് ഇതിന്റെ ഭാഗമായി കാണണം. തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ ആന്ദ്രെ കര്‍ലോവ് അങ്കാറയില്‍ വെച്ച് അതിദാരുണമായി വധിക്കപ്പെട്ടിട്ടും വിദേശകാര്യമന്ത്രിമാരുടെ ഈ സമ്മേളനം നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്തില്ല. റഷ്യയും തുര്‍ക്കിയും ഇറാനും സിറിയന്‍ പ്രശ്‌നത്തില്‍ കുറേകൂടി സഹകരിച്ചുനീങ്ങും എന്ന സൂചനയാണിത് നല്‍കുന്നത്. മോസ്‌കോ സമ്മേളനത്തില്‍ ബശ്ശാറിനെ നീക്കുക എന്ന അജണ്ടയില്‍നിന്ന് തുര്‍ക്കി അല്‍പം പിന്നാക്കം പോയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും സിറിയയുടെ പല ഭാഗങ്ങളും ഇപ്പോഴും കൈവശം വെക്കുന്ന ഐ.എസ്, അന്നുസ്വ്‌റ പോലുള്ള ഭീകരസംഘങ്ങളെ നേരിടുന്നതിനുമാവണം മുഖ്യ ഊന്നല്‍ എന്ന കാര്യത്തില്‍ ഏറക്കുറെ സമവായമായിട്ടുണ്ട്. അമേരിക്കയും അനുകൂലമായി പ്രസ്താവനയിറക്കിക്കഴിഞ്ഞു.

തുര്‍ക്കിയുടെ നിലപാടുമാറ്റത്തിനു പിന്നില്‍ പല കാരണങ്ങളുണ്ട്. പെട്ടെന്നുള്ള കാരണം അങ്കാറയില്‍ വെച്ച് റഷ്യന്‍ അംബാസഡര്‍ വധിക്കപ്പെട്ടതുതന്നെ. അക്രമി തുര്‍ക്കി പോലീസില്‍ ജോലിചെയ്യുന്ന ആളാണ്. 2015 നവംബറില്‍ റഷ്യയുടെ യുദ്ധവിമാനം വെടിവെച്ചിടുകയുണ്ടായി തുര്‍ക്കി സൈന്യം. ഈ രണ്ട് സംഭവങ്ങളുടെയും പിന്നില്‍, തുര്‍ക്കിയിലെ 'ഡീപ് സ്റ്റേറ്റ്' എന്ന് വിശേഷിപ്പിക്കാവുന്ന ഗുലന്‍ പ്രസ്ഥാനമാണെന്ന് ഏറക്കുറെ വ്യക്തമായിട്ടുണ്ട്. സൈന്യത്തിലും പോലീസിലും ജുഡീഷ്യറിയിലും ഗുലന്റെ ആളുകള്‍ ധാരാളമുണ്ട്. അവരാണ് ഭരണകക്ഷിയായ എ.കെ.പിയുടെ പ്രതിഛായ മോശമാക്കാനും തുര്‍ക്കി റഷ്യയുമായി അടുക്കുന്നത് ഇല്ലാതാക്കാനും ഇത്തരം ഓപ്പറേഷനുകള്‍ നടത്തുന്നത് എന്നാണ് ആരോപണം. അവരാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെ നടന്ന അട്ടിമറിശ്രമത്തിനു പിന്നിലും. അത്തരക്കാരെ പ്രധാന തസ്തികകളില്‍നിന്ന് ഉര്‍ദുഗാന്‍ നീക്കം ചെയ്തുകൊണ്ടിരിക്കെയാണ് അംബാസഡറുടെ വധം. തന്റെ നീക്കങ്ങള്‍ ശരിയായിരുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഇതുവഴി ഉര്‍ദുഗാന് സാധിച്ചു. ശുദ്ധീകരണ പ്രക്രിയകളുമായി ഇനി അദ്ദേഹത്തിന് ധൈര്യമായി മുന്നോട്ടുപോകാം. അതേസമയം, റഷ്യന്‍ സമ്മര്‍ദങ്ങള്‍ക്ക് കുറേയൊക്കെ വഴങ്ങിക്കൊടുക്കേണ്ട ഗതികേടിലേക്കും അദ്ദേഹം എത്തിപ്പെടുന്നുണ്ട്. സിറിയയിലെ സംഭവങ്ങള്‍ ഐ.എസ് -കുര്‍ദ് ബോംബ് സ്‌ഫോടനങ്ങളുടെയും മറ്റും രൂപത്തില്‍ ഏറ്റവും കൂടുതല്‍ ഉലച്ചുകൊണ്ടിരിക്കുന്നത് തുര്‍ക്കിയുടെ സുരക്ഷയെയാണ്. സിറിയന്‍ പ്രശ്‌നത്തിലെ നിലപാടുമാറ്റം അതിന്റെ കൂടി പ്രതിഫലനമാണ്.

സിവിലിയന്മാരെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ മാത്രമാണ് വിവിധ ശക്തികള്‍ തമ്മില്‍ ധാരണയായിട്ടുള്ളത്. അലപ്പോക്കു ശേഷം പ്രതിപക്ഷ നിയന്ത്രണത്തിലുള്ള ഇദ്‌ലീബ് ആയിരിക്കണം സിറിയന്‍-റഷ്യന്‍ സൈന്യത്തിന്റെ അടുത്ത ലക്ഷ്യം. റഖ, ദര്‍അ, ദേര്‍ സോര്‍, ഹിംസ്വ്, തദ്മൂര്‍ പോലുള്ള വേറെയും ഒട്ടേറെ മേഖലകള്‍ പ്രതിപക്ഷ നിയന്ത്രണത്തിലാണ്. ചിലതിന്റെയൊക്കെ നിയന്ത്രണം ഐ.എസിനും അന്നുസ്വ്‌റക്കുമാണ്. ഈ ഭീകര ഗ്രൂപ്പുകളുടെ രംഗപ്രവേശമാണ് സിറിയന്‍ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ വലിയൊരളവില്‍ നിറം കെടുത്തിക്കളഞ്ഞത്. സ്വതന്ത്ര സിറിയ എന്ന ആശയത്തോട് ഈ ഗ്രൂപ്പുകള്‍ക്ക് യോജിപ്പില്ല. സായുധപോരാട്ടത്തിലൂടെ സ്വന്തം ഭരണപ്രദേശങ്ങള്‍ വികസിപ്പിക്കുന്നതില്‍ മാത്രമാണ് അവര്‍ക്ക് താല്‍പര്യം. ബശ്ശാറുല്‍ അസദ് പോലുമല്ല അവരുടെ മുഖ്യ ശത്രു, പ്രതിപക്ഷത്തെ മറ്റു മിതവാദ ഗ്രൂപ്പുകളാണ്. അലപ്പോ കത്തിയെരിയുമ്പോള്‍ പോലും ഇത്തരം ഗ്രൂപ്പുകള്‍ പരസ്പരം പോരടിക്കുകയായിരുന്നു. ബശ്ശാര്‍ നിഷ്‌കാസിതനായാലും സ്ഥിതിഗതികള്‍ മുമ്പത്തെപ്പോലെ മോശമായി തുടരും എന്നാണ് ഇത് നല്‍കുന്ന സൂചന. ഈയൊരു പശ്ചാത്തലത്തില്‍ പഴയ ഫോര്‍മുല മുറുകെ പിടിച്ചിരുന്നതുകൊണ്ട് കാര്യമില്ല. മറ്റു നഗരങ്ങളിലും ഇതുപോലുള്ള നശീകരണങ്ങളും കൂട്ടക്കൊലകളും സംഭവിക്കാതിരിക്കാന്‍ മേഖലയില്‍ ഇടപെടുന്ന എല്ലാ ശക്തികളും ജാഗ്രത കാണിക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍