Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

ഗുരുവും ശിഷ്യനും നേര്‍ക്കുനേര്‍ <br>ഉര്‍ദുഗാന്റെ ജീവിതകഥ - 10

അശ്‌റഫ് കീഴുപറമ്പ്

'ഇനി എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ പറയുക' എന്ന് നജ്മുദ്ദീന്‍ അര്‍ബകാന്‍ താന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പറഞ്ഞുകഴിഞ്ഞാല്‍ അതിന് മൂന്ന് വ്യാഖ്യാനങ്ങളുണ്ടാവും. ഒന്ന്: സംസാരിക്കാന്‍ പോകുന്ന വ്യക്തിക്ക് അര്‍ബകാന്റെ വീക്ഷണത്തെക്കുറിച്ച് നല്ല പിടിപാടുണ്ടാവുക. അങ്ങനെ അര്‍ബകാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സില്‍ കണ്ട് അത് ആവേശത്തോടെ അവതരിപ്പിക്കുക. ഇത് അദ്ദേഹത്തെ സന്തോഷിപ്പിക്കും. രണ്ട്: അര്‍ബകാന്‍ സംസാരിച്ചുകഴിഞ്ഞ ശേഷം അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറയുക. മൂന്ന്: ഒന്നും മിണ്ടാതിരിക്കുക. സ്വന്തം അഭിപ്രായം പറയുക എന്ന നാലാമത്തെ ഓപ്ഷന്‍ കൂടിയുണ്ടെങ്കിലും അത് അപകടകരമാണ്. അതു പറഞ്ഞാല്‍ നിങ്ങള്‍ അനഭിമതരില്‍പെട്ടുപോകും.  

റഫാഹ് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ നന്നായി അറിയുന്ന ബുലന്ദ് അറന്‍തിശിന്റേതാണ് ഈ കമന്റ്. ഇതിലെ അത്യുക്തി മാറ്റിനിര്‍ത്തിയാല്‍ കാര്യങ്ങള്‍ ഏറക്കുറെ അങ്ങനെയാണ്. പാര്‍ട്ടിക്കകത്ത് എതിര്‍ശബ്ദങ്ങള്‍ അര്‍ബകാന്‍ അനുവദിക്കുകയില്ല. ത്വരീഖത്തുകളുടെ ഒരു രീതിയാണത്. ഗുരു പറയുക, ശിഷ്യന്‍ അനുസരിക്കുക. ചോദ്യങ്ങള്‍ പാടില്ല. ഇതിനെതിരെ ഇത്രയും കാലം ആരും പരസ്യമായി രംഗത്ത് വന്നിരുന്നില്ല. പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ആദ്യം അര്‍ബകാനും ഇസ്തംബൂള്‍ മേയര്‍ സ്ഥാനത്തുനിന്ന് പിന്നീട് ഉര്‍ദുഗാനും പുറത്താക്കപ്പെട്ടതോടെ പാര്‍ട്ടി പിന്തുടരുന്ന പരമ്പരാഗത നയങ്ങളിലും രീതികളിലും പൊളിച്ചെഴുത്ത് വേണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നു. അവര്‍ 'പരിഷ്‌കരണവാദികള്‍' എന്ന് അറിയപ്പെട്ടു. ഈ 'യുവതുര്‍ക്കികള്‍'ക്ക് നേതൃത്വം നല്‍കിയത് ഉര്‍ദുഗാനും ഒപ്പം സുഹൃത്ത് അബ്ദുല്ല ഗുലും. സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഗുല്‍ 1991-ലെ പൊതുതെരഞ്ഞെടുപ്പ് കാലത്താണ് ഉര്‍ദുഗാനുമായി ആദ്യമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്. ഗുലിനെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവന്നതും ഉര്‍ദുഗാന്‍ തന്നെ. ഗുലിനോട് അദ്ദേഹം പറഞ്ഞു: 'നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ മുന്നോട്ടുവരണം. ഞങ്ങള്‍ ഇസ്തംബൂള്‍കാരാണ്. നിങ്ങള്‍ ഖായ്‌സിരി മേഖലയില്‍നിന്നുള്ളയാള്‍. നമ്മുടെ സുഹൃത്തുക്കളും പല നഗരങ്ങളില്‍നിന്നുള്ളവര്‍. നമ്മൊളൊത്തുപിടിച്ചാല്‍ ഈ പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും.'' 1991-ല്‍ ഗുല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി പാര്‍ലമെന്റിലെത്തി; 1993-ല്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലും. ഇരുവരും ഒരൊറ്റ മനസ്സായി പ്രവര്‍ത്തിച്ചുതുടങ്ങുന്നത് അന്നുമുതലാണ.് 

വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ വെര്‍ച്യൂ (ഫദീല) എന്നൊരു പാര്‍ട്ടി പകരം വന്നു. പുതിയ സാഹചര്യത്തില്‍ നയനിലപാടുകളില്‍ വലിയ മാറ്റം പ്രതീക്ഷിച്ചെങ്കിലും ഒന്നും മാറാന്‍ പോകുന്നില്ലെന്ന് പരമ്പരാഗത നേതൃത്വം തറപ്പിച്ചു പറഞ്ഞു. റജാഈ ഖുത്വൂന്‍ എന്ന ഔദ്യോഗിക പക്ഷക്കാരന്‍ അമരത്തു വരുമെന്നും ഏറക്കുറെ ഉറപ്പായി. സാധാരണഗതിയില്‍ അര്‍ബകാന്റെ ഇംഗിതത്തിന് എല്ലാവരും വഴങ്ങാറാണ് പതിവ്. പക്ഷേ ഇത്തവണ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിക്കാന്‍ തന്നെ പരിഷ്‌കരണവാദികള്‍ തീരുമാനിച്ചു. അബ്ദുല്ല ഗുലിനെ സ്ഥാനാര്‍ഥിയാക്കി. ഇത് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചു. ഗുല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ തങ്ങള്‍ വേറെ പാര്‍ട്ടിയുണ്ടാക്കുമെന്നുവരെ അവര്‍ ഭീഷണിപ്പെടുത്തിയതായി ബുലന്ദ് അറന്‍തിശ് പറയുന്നു. 2000 മേയ് 14-ന് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 570 വോട്ടിനെതിരെ 620 വോട്ട് നേടി ഔദ്യോഗികപക്ഷം നേരിയ മാര്‍ജിന് വിജയിച്ചു. അര്‍ബകാന്‍ തന്നെ രംഗത്തിറങ്ങിയതുകൊണ്ടാണ് സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാനായത്. 'ഗുരുവിനെ പിറകില്‍നിന്ന് കുത്തിയവര്‍' എന്ന് പരിഷ്‌കരണവാദികള്‍ പഴികേട്ടു. പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്ന് പരിഷ്‌കരണ വാദികള്‍ക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു. പുതിയ പാര്‍ട്ടി ആവശ്യമായിരിക്കുന്നു. പക്ഷേ അവര്‍ രാജിപ്രഖ്യാപനമൊന്നും നടത്തിയില്ല. 

2001 ജൂലൈ 22-ന് ഫദീല പാര്‍ട്ടിയും നിരോധിക്കപ്പെട്ടതോടെ കാത്തുകൊണ്ടിരുന്ന അവസരം വീണുകിട്ടി. പുതിയ പാര്‍ട്ടി പഴയ പാര്‍ട്ടിയുടെ അതേ അവതാരമാണെന്നും അതിനാല്‍ നിരോധം അതിനും ബാധകമാണെന്നും ഭരണഘടനാ കോടതി വിധിച്ചു. അര്‍ബകാന്‍ പതിവുപോലെ സആദ എന്ന മറ്റൊരു പാര്‍ട്ടി രൂപവത്കരിച്ചു;2001 ജൂലൈ 22-ന്. പക്ഷേ, ഉര്‍ദുഗാനും അബ്ദുല്ല ഗുലും നേതൃത്വം നല്‍കുന്ന പരിഷ്‌കരണവാദികള്‍ ആ രൂപവത്കരണ സമ്മേളനത്തില്‍ ഉണ്ടായിരുന്നില്ല. അവര്‍ അതേ വര്‍ഷം ആഗസ്റ്റ് 14-ന് മറ്റൊരു പാര്‍ട്ടിക്ക് രൂപം നല്‍കി. അതാണ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി. തുര്‍ക്കി രാഷ്ട്രീയത്തില്‍ അത് എ.കെ.പി (Adalet ve Kalkinma Partisi) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. 'അക്' പാര്‍ട്ടി എന്നും വിളിക്കപ്പെടാറുണ്ട്. 

 

ആശയപ്പോരാട്ടങ്ങള്‍ 

സാങ്കേതികമായി പറഞ്ഞാല്‍ അര്‍ബകാന്റെ പാര്‍ട്ടി പിളര്‍ന്നുണ്ടായതല്ല 'അക്' പാര്‍ട്ടി. ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തെ ഒടുവില്‍ പ്രതിനിധീകരിച്ചിരുന്ന ഫദീല പാര്‍ട്ടി നിരോധിക്കപ്പെട്ടതിനു ശേഷം ഇരു വിഭാഗം നേതാക്കളും വെവ്വേറെ യോഗം ചേര്‍ന്ന് സ്വതന്ത്രമായ രണ്ട് കക്ഷികള്‍ക്ക് രൂപം നല്‍കുകയായിരുന്നു.  ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തുടക്കം മുതലേ അര്‍ബകാനോടൊപ്പമായിരുന്നു; പ്രായോഗിക രാഷ്ട്രീയത്തില്‍ ഉര്‍ദുഗാന്‍ നടത്തുന്ന വിട്ടുവീഴ്ചകളെ അവ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ഉര്‍ദുഗാനോടൊപ്പം നില്‍ക്കാന്‍ റാശിദ് ഗന്നൂശിയെപ്പോലുള്ള ചുരുക്കം ചിലരേ ഉണ്ടായിരുന്നുള്ളൂ. 'അക്' പാര്‍ട്ടി പരീക്ഷിക്കുന്നത് ഗന്നൂശിയന്‍ ആശയമാണെന്നു പോലും പറയാവുന്നതാണ്. ആശയങ്ങളിലും അഭിപ്രായങ്ങളിലും വിട്ടുവീഴ്ചയില്ല എന്നതാണ് അര്‍ബകാനോടൊപ്പം നില്‍ക്കാന്‍ ഇസ്‌ലാമികപ്രസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നത്. 

അര്‍ബകാന്‍ മുന്നോട്ടുവെച്ചത് 'മതരാഷ്ട്രവാദ'മാണ് എന്നൊന്നും ഇതിന് അര്‍ഥമില്ല. ഒരര്‍ഥത്തില്‍ നെഹ്‌റുവിയന്‍ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത് എന്നു പറയാം. വ്യാവസായികമായും അതുവഴി സാമ്പത്തികമായും സ്വയം പര്യാപ്തത കൈവരിച്ചെങ്കില്‍ മാത്രമേ വൈദേശികാടിമത്തത്തില്‍നിന്ന് പൂര്‍ണമായി രാഷ്ട്രത്തെ രക്ഷിക്കാനും ക്ഷേമവും സുരക്ഷയും കൈവരിക്കാനും സാധിക്കൂ എന്നായിരുന്നു ഇരു നേതാക്കളുടെയും കാഴ്ചപ്പാട്. നെഹ്‌റു ദാര്‍ശനികനായിരുന്നു, ശാസ്ത്രജ്ഞനായിരുന്നില്ല. നജ്മുദ്ദീന്‍ അര്‍ബകാനാവട്ടെ, മുഴുസമയരാഷ്ട്രീയക്കാരനാവുന്നതിനു മുമ്പ് തുര്‍ക്കിയിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ മേഖല. എല്ലാ ഇന്ധനങ്ങള്‍ കൊണ്ടും പ്രവര്‍ത്തിക്കുന്ന യുദ്ധ ടാങ്ക് എഞ്ചിനുകള്‍ വരെ ജര്‍മനിയിലായിരിക്കെ അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജര്‍മനിയില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹവും എഞ്ചിനീയര്‍മാരായ 300 സുഹൃത്തുക്കളും ചേര്‍ന്ന് തുടങ്ങിയ ഒരു ഫാക്ടറി ഇപ്പോഴും വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡീസല്‍ എഞ്ചിനുകളാണ് ഫാക്ടറി നിര്‍മിക്കുന്നത്. വര്‍ഷത്തില്‍ മുപ്പതിനായിരം ഡീസല്‍ എഞ്ചിനുകള്‍ കമ്പനി മാര്‍ക്കറ്റില്‍ എത്തിക്കുന്നുണ്ട്. തൊള്ളായിരത്തി എഴുപതുകളില്‍ ബുലന്ദ് അജാവീദ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തദ്ദേശീയ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സുപ്രധാന നീക്കങ്ങള്‍ അദ്ദേഹം നടത്തുകയുണ്ടായി. നിരീശ്വരവാദികളും മതവിരുദ്ധരും വാണരുളിയിരുന്ന വ്യവസായലോകത്ത് മതവിശ്വാസികളായ സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം രൂപകല്‍പ്പന ചെയ്തതാണ് 'മുസിയാദ്' (MUSIAD) എന്ന വ്യവസായികൂട്ടായ്മ. ഇന്നും ഈ വ്യവസായി കൂട്ടായ്മ തുര്‍ക്കിയുടെ സാമ്പത്തിക വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇതെല്ലാം തുര്‍ക്കിയെ അതിന്റെ പൈതൃകത്തില്‍ ഊന്നി വികസനത്തിന്റെ പാതയില്‍ മുന്നോട്ടു ഗമിക്കാന്‍ പ്രാപ്തമാക്കിയ ചുവടുവെപ്പുകളാണ്. 

ഇതിനെ അടിസ്ഥാനപ്പെടുത്തി തന്നെയായിരുന്നു അര്‍ബകാന്റെ വിദേശനയവും. എല്ലാ മുസ്‌ലിം നാടുകളും ഇതുപോലെ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കണം. സയണിസവും അതിന്റെ പാശ്ചാത്യകൂട്ടാളികളും മുസ്‌ലിം നാടുകള്‍ സാമ്പത്തിക-സൈനിക മേഖലകളില്‍ സ്വയംപര്യാപ്തത നേടുന്നത് അനുവദിക്കില്ല. ഇത്തരം സംരംഭങ്ങളെ തകര്‍ക്കുകയാണ് സയണിസത്തിന്റെ പ്രധാന ഉന്നം. അതിനെ നേരിടണമെങ്കില്‍ മുസ്‌ലിം നാടുകള്‍ ഐക്യപ്പെട്ടേ മതിയാവൂ. 1996-ല്‍ അര്‍ബകാന്‍ പ്രധാനമന്ത്രിയായപ്പോള്‍ തുര്‍ക്കി, ഇറാന്‍ , മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്താന്‍, നൈജീരിയ എന്നീ എട്ട് വികസ്വര രാജ്യങ്ങളെ ചേര്‍ത്തുള്ള ഒരു കൂട്ടായ്മ(D-8‑, Developing Eight)ക്ക് ശ്രമം തുടങ്ങിയത് ഇതിന്റെ ഭാഗമായി കാണണം. ഇത്തരം നീക്കങ്ങള്‍, സെക്യുലരിസത്തിന് മതവിരുദ്ധത എന്ന് അര്‍ഥം നല്‍കിപ്പോരുന്ന തുര്‍ക്കിയില്‍ സൈന്യത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി. അവര്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണകൂടത്തെ മറിച്ചിടുകയും അതിന്റെ സ്വത്തുക്കളത്രയും കണ്ടുകെട്ടുകയും നേതാക്കള്‍ക്ക് തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഇതെല്ലാം ഭരണഘടനാപരമായി തന്നെ ചെയ്യാന്‍ സൈന്യത്തിന് സാധിക്കുമായിരുന്നു. 

ഈയൊരു പരിതഃസ്ഥിതിയില്‍ ഇസ്‌ലാമിന്റെയോ തുര്‍ക്കി പൈതൃകത്തിന്റെയോ പ്രത്യക്ഷ ചിഹ്നങ്ങളുമായി രാഷ്ട്രീയക്കളത്തിലിറങ്ങുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള പരിഷ്‌കരണവാദികള്‍ ചിന്തിച്ചത്. അര്‍ബകാന്റെ ത്യാഗങ്ങളെയോ സംഭാവനകളെയോ അവരൊരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. മാതൃപാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനരീതികളില്‍ സമൂല പരിവര്‍ത്തനം സാധ്യമല്ലെന്ന് കണ്ടപ്പോഴാണ് അവര്‍ സ്വന്തമായി പാര്‍ട്ടി രൂപവത്കരിച്ചത്. തങ്ങള്‍ രൂപവത്കരിക്കാന്‍ പോകുന്നത് ഒരു ഇസ്‌ലാമിക സംഘടനയല്ലെന്ന് 'അക്' വക്താക്കള്‍ വ്യക്തമാക്കിയിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ സാമൂഹിക നീതിക്കും അവശവിഭാഗങ്ങളുടെ ഉന്നമനത്തിനും പാര്‍ട്ടി ഊന്നല്‍ നല്‍കും. യൂറോപ്പിലെ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് ഡെമോക്രാറ്റിക് പാര്‍ട്ടികളെപ്പോലെ ഇടത്തോട്ടും വലത്തോട്ടും ചായാതെ മധ്യപാത (Centrist) സ്വീകരിക്കും. ഇസ്രയേലുമായോ അമേരിക്കയുമായോ യൂറോപ്യന്‍ രാജ്യങ്ങളുമായോ നിലവിലുള്ള കരാറുകളൊന്നും റദ്ദാക്കുകയില്ല. അനുകൂല സാഹചര്യമൊരുങ്ങുന്നതുവരെ വിദ്യാലയങ്ങളിലെ ഹിജാബ്‌നിരോധം തുടരും. സെക്യുലരിസ്റ്റ് പാതയില്‍നിന്ന് വ്യതിചലിക്കില്ല. 

ഇതൊരു നിലപാടാണ്. ന്യായമായും വിമര്‍ശിക്കപ്പെടാവുന്ന നിലപാട്. തങ്ങളുടേത് ഇസ്‌ലാമിക പാര്‍ട്ടിയല്ലെന്ന് പരിഷ്‌കരണവാദികള്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അത്തരം മാനദണ്ഡങ്ങള്‍ വെച്ച് അതിനെ അളക്കുന്നതും ശരിയല്ല. പക്ഷേ അര്‍ബകാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നവജാത പാര്‍ട്ടിയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. ഗുരുവും ശിഷ്യനും കള്ളനും പോലീസും കളിച്ച് മിലിട്ടറിയെയും കോടതിയെയും കബളിപ്പിക്കുകയാണോ എന്ന് സംശയിച്ചവര്‍ പോലും മിണ്ടാതായി. അത്രക്ക് കടുത്തതായിരുന്നു സആദത്ത് പാര്‍ട്ടിയുടെ ആരോപണങ്ങള്‍. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏജന്റുമാരാണ് 'അക്' പാര്‍ട്ടിക്കാര്‍ എന്നായിരുന്നു ആദ്യ ആരോപണം. പാര്‍ട്ടി രൂപവത്കരണത്തെക്കുറിച്ചുള്ള കരടുരേഖ അമേരിക്കന്‍-ഇസ്രയേലീ-ബ്രിട്ടീഷ് എംബസികളില്‍ സമര്‍പ്പിച്ച് അനുവാദം വാങ്ങിയ ശേഷമാണത്രെ അത് തുര്‍ക്കി ജനതക്കു മുമ്പില്‍ വെച്ചത്! ഇത്രക്ക് വിലകുറഞ്ഞ ആരോപണം വളരെ പാരമ്പര്യമുള്ള ഒരു സംഘടനയുടെ തലപ്പത്തുള്ളവര്‍ തന്നെ നടത്തുമെന്ന് ആരും കരുതിയില്ല. പലിശസഹിത ബാങ്കിംഗ് സംവിധാനം, ഇമാം-ഖത്വീബ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അവഗണന, ലോകബാങ്കുമായും അന്താരാഷ്ട്ര നാണയനിധിയുമായുള്ള സഹകരണം തുടങ്ങി 'അക്' പാര്‍ട്ടിയുടെ പല നിലപാടുകളെയും സആദത്ത് പാര്‍ട്ടി വിമര്‍ശിക്കുകയും അതിനെതിരെ പ്രചാരവേല നടത്തുകയും ചെയ്തു. പക്ഷേ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം സആദത്തിന്റെ വോട്ടിംഗ് ഷെയര്‍ ഗണ്യമായി കുറയുകയാണുണ്ടായത്. മൂന്ന് ശതമാനത്തിനു മുകളില്‍ അത് പോയതേയില്ല. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാവണമെങ്കില്‍ ഒരു പാര്‍ട്ടി ചുരുങ്ങിയത് ആകെ പോള്‍ ചെയ്തതിന്റെ പത്തു ശതമാനമെങ്കിലും നേടിയിരിക്കണം. 2011-ല്‍ അര്‍ബകാന്റെ ദേഹവിയോഗത്തോടെ സആദത്ത് പാര്‍ട്ടിയുടെ രാഷ്ട്രീയ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു; പ്രബോധന മേഖലയില്‍ ഇനിയുമതിന് സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞേക്കാമെങ്കിലും. 

ഏതു നിലപാട് ശരി എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല. അത്ര ലളിതമായി ഉത്തരം പറയാവുന്നതുമല്ല ആ ചോദ്യം. രാഷട്രീയമായി പരാജയപ്പെട്ടതുകൊണ്ടുമാത്രം സആദത്ത് പാര്‍ട്ടി ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുഴുവന്‍ അപ്രസക്തമെന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. രാഷ്ട്രീയ വിജയം 'അക്' പാര്‍ട്ടിയെ നിഷ്പക്ഷമായി വിലയിരുത്തുന്നതിന് നമുക്ക് തടസ്സമാവാനും പാടില്ല. അര്‍ബകാനു ചുറ്റും കറങ്ങിയതുപോലെ പാര്‍ട്ടി ഇപ്പോള്‍ ഉര്‍ദുഗാന് ചുറ്റും കറങ്ങുകയാണെന്നും ഗുരുവിനെപ്പോലെ ശിഷ്യന്നും ഉള്‍പാര്‍ട്ടി ജനാധിപത്യം അന്യമാണെന്നുമുള്ള വിമര്‍ശനം കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടിപ്പോള്‍. ഇതൊക്കെ ഉള്ളതോടൊപ്പം തന്നെ, തുര്‍ക്കി രാഷ്ട്രീയത്തില്‍ ഒരു സമൂല തിരിഞ്ഞുനടത്തത്തിന് (Paradigm Shift) നാന്ദി കുറിക്കുകയായിരുന്നു അക് പാര്‍ട്ടിയുടെ രംഗപ്രവേശത്തോടെ. 

 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍