Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

ജനറല്‍ 'ഡയറും' മഹേഷ് ഷായും തമ്മിലെന്ത്?

ഇഹ്‌സാന്‍

ബറാക് ഒബാമയെ കെട്ടിപ്പിടിക്കുന്ന നേരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച, പിന്നീട് 4 കോടി 30 ലക്ഷത്തിന് വിറ്റു പോയ ആ സ്യൂട്ട് ഇന്ത്യ മറന്നിട്ടുണ്ടാവില്ല. ഇപ്പോഴിതാ പുറത്തുവന്നിരിക്കുന്നു; ഈ സ്യൂട്ട് ലേലം പിടിച്ച സൂറത്തിലെ വജ്ര വ്യാപാരിയാണ് ഇന്ത്യയില്‍ ഏറ്റവുമധികം കള്ളപ്പണം കൈയിലുണ്ടെന്ന് സമ്മതിക്കണ്ടിവന്നവരില്‍ ഒരാളെന്ന്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 6000 കോടിയോളം രൂപയാണ് ലാല്‍ജി ഭായി പട്ടേല്‍ എന്ന മോദിയുടെ ഉറ്റസുഹൃത്ത് ബാങ്കില്‍ കൊണ്ടുപോയി വെളുപ്പിച്ചത്. ഇയാള്‍ തന്റെ അവിഹിത സമ്പാദ്യത്തിന്റെ നിയമപരമായ നികുതി അടച്ച് അത് വെളുപ്പിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് അതിലാരും പ്രത്യേകിച്ച് ദോഷം പറയേണ്ടതില്ല. എന്നാല്‍, അങ്ങേരുടെ കൈയില്‍നിന്ന് നാലര കോടി വാങ്ങിയ പ്രധാനമന്ത്രികാര്യാലയം മറുപടി പറയേണ്ട, അല്ലെങ്കില്‍ അദ്ദേഹത്തിനുവേണ്ടി ആ പണം സാമൂഹിക സേവന രംഗത്ത് ഉപയോഗപ്പെടുത്തുമെന്ന് അവകാശപ്പെട്ട ബി.ജെ.പി വിശദീകരിക്കേണ്ട ചില കാര്യങ്ങള്‍ ഈ സംഭവത്തിലുണ്ടല്ലോ. ഇത്രയും കാലം കള്ളപ്പണക്കാരുടെ കൈയില്‍നിന്ന് ഇങ്ങനെ കോട്ട് മുതല്‍ നോട്ട് വരെ സംഭാവന പറ്റിയ പാര്‍ട്ടി ആ പണത്തിന്റെ കണക്ക് ബോധിപ്പിക്കേണ്ടതില്ലേ? വന്നത് കള്ളപ്പണമായിരുന്നില്ല എന്ന് ഇനി ബി.ജെ.പിക്ക് വാദിച്ചുനില്‍ക്കാനാവില്ലല്ലോ.

13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ അഹ്മദാബാദിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് മഹേഷ് ഷായുടെ കേസ് കുറേക്കൂടി ബി.ജെ.പിയെ നാണം കെടുത്തുന്ന ഒന്നാവും. വെളിപ്പെടുത്തിയ കള്ളപ്പണം തന്റേതല്ലെന്നും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടേതാണെന്നും ഷാ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും വലിയ തുക ഇദ്ദേഹം വെളിപ്പെടുത്തിയത് പലരും കരുതുന്നതുപോലെ നവംബര്‍ 8-ന് ശേഷമായിരുന്നില്ല, മറിച്ച് സെപ്റ്റംബര്‍ 30-നായിരുന്നു. ഈ കള്ളപ്പണ രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണത്രെ. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ആദ്യകാല ബി.ജെ.പി നേതാവുമായ സുരേഷ് മേത്തയും ഈ ആരോപണമുന്നയിച്ചവരുടെ കൂട്ടത്തിലുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കിയ കേന്ദ്ര സര്‍ക്കാറിന്റെ ഐ.ഡി.എസ് പദ്ധതിക്കു ശേഷം സെപ്റ്റംബറോടെ പുറത്തുവന്ന മൊത്തം തുകയുടെ 20 ശതമാനമാണ് ഗുജറാത്തിലെ ഈ സംഖ്യയെന്നിരിക്കെ ഗുജറാത്ത് രാഷ്ട്രീയത്തെ കുറിച്ചും ആ സംസ്ഥാനത്തെ മറ്റു നീക്കുപോക്കുകളെ കുറിച്ചുമൊക്കെ വാചാലമായ സൂചനകളാണ് മഹേഷ് ഷായുടെ പിന്നീടുണ്ടായ വെളിപ്പെടുത്തല്‍. ഖജനാവിലേക്ക് 1360 കോടി പിഴ അടക്കണമെന്നാവശ്യപ്പെട്ട് മഹേഷിന് നേരത്തേ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം പണം തന്റേതല്ലെന്നും സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും വേണ്ടി കമീഷന്‍ വ്യവസ്ഥയില്‍ ഇടപാട് നടത്തുന്ന വെറും ബിനാമി മാത്രമാണ് താനെന്നുമാണ് ഇ.ടി.വിക്കു നല്‍കിയ  അഭിമുഖത്തില്‍ മഹേഷ് തുറന്നുപറഞ്ഞത്. ഈ നേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും പേരുകള്‍ ആദായനികുതി വകുപ്പിനു മുമ്പാകെ വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി ഇ.ടി.വി സ്റ്റുഡിയോയില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ മഹേഷ് അറസ്റ്റിലാവുകയും പിന്നീട് അപ്രത്യക്ഷനാവുകയുമാണുണ്ടായത്. ആ പേരുകള്‍ ആരുടേതെന്ന് പുറത്തുവിടാനുള്ള അവസരം ഇതുവരെ മഹേഷിന് കിട്ടിയിട്ടില്ല.

നരേന്ദ്ര മോദിയുടെ കാലത്ത് ഗുജറാത്തിലെ മുഖ്യമന്ത്രി കാര്യാലയത്തില്‍ ഏറ്റവുമധികം സ്വാധീനമുണ്ടായിരുന്ന വ്യക്തികളില്‍ ഒരാളായിരുന്നു മഹേഷ് ഷാ എന്നാണ് സുരേഷ് മേത്ത ചൂണ്ടിക്കാട്ടുന്നത്. 'ജനറല്‍ ഡയര്‍' ആണ് മഹേഷ് സൂചിപ്പിച്ച പ്രധാന രാഷ്ട്രീയ നേതാവെന്ന ആരോപണവുമായി പട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലും രംഗത്തെത്തി. ജനറല്‍ ഡയര്‍ എന്ന പേരിട്ട് അമിത് ഷായെ വിമര്‍ശിക്കുന്നവരില്‍ ഒരാളാണ് ഹാര്‍ദിക്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് ലഭിക്കുന്ന വിലപിടിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യാന്‍ ചുമതലയുണ്ടായിരുന്നത് മഹേഷിനായിരുന്നു. ഇങ്ങനെ നടന്ന ലേലങ്ങളില്‍ ഒന്ന് പരാജയപ്പെട്ടപ്പോള്‍ ലേല വസ്തുക്കള്‍ മഹേഷ് തന്നെ വിലയിട്ട് വാങ്ങുകയും ഈ തുക അമിത് ഷാ അധ്യക്ഷനായ അഹ്മദാബാദ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് തിരികെ ഈടാക്കുകയും ചെയ്തുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. എന്തായാലും ഉണ്ടെന്ന് അവകാശപ്പെട്ട തുകയുടെ 50 ശതമാനമായിരുന്നു ഇയാള്‍ നല്‍കേണ്ടിയിരുന്ന നികുതി. അതിന്റെ ആദ്യഗഡു എന്ന നിലയിലാണ് ആദായ നികുതി വകുപ്പ് ഇദ്ദേഹത്തോട് 1360 കോടി അടക്കാന്‍ ആവശ്യപ്പെട്ടത്. കമീഷന്‍ കിട്ടുമെന്ന പ്രലോഭനത്തിന് വഴങ്ങിയാണ് താന്‍ കള്ളപ്പണം വെളിപ്പെടുത്തിയതെന്നും അത് അബദ്ധമായി പോയെന്നും ഇതേ മഹേഷ് സമ്മതിച്ചു. പിന്നീട് പണം അസാധുവാക്കല്‍ പ്രഖ്യാപനം നടന്നപ്പോള്‍ പലരുടെയും കള്ളപ്പണം ഇയാള്‍ ശേഖരിച്ചുകൊണ്ടിരുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

എന്തായാലും മഹേഷ് ഷാ വെളിപ്പെടുത്തിയിട്ടുണ്ടാവാനിടയുള്ള പേരുകള്‍ രാഷ്ട്രീയ നേതാക്കളുടേതാണെങ്കില്‍ ഗുജറാത്ത് കഴിഞ്ഞ 15 വര്‍ഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് സ്വാഭാവികമായും ഉത്തരം പറയാനുണ്ടാവുന്ന കുറച്ചു പേരെങ്കിലും അക്കൂട്ടത്തിലുണ്ടാവുമെന്ന കാര്യം നൂറു ശതമാനം ഉറപ്പ്. ആ പേരുകള്‍ പിന്നീട് പുറത്തുവരാത്ത സാഹചര്യത്തിലും ഈ മഹേഷ് ഷാ തന്നെ അപ്രത്യക്ഷനായ സ്ഥിതിക്കും ആ പേരുകള്‍ ഒരുവേള പൂര്‍ണമായും ബി.ജെ.പിക്കാരുടേതു തന്നെയാവുമെന്നും അതില്‍ 'പ്രധാനി'കളും ഉള്‍പ്പെട്ടിട്ടുണ്ടാവുമെന്നുമാണ് ഇപ്പോഴുയരുന്ന സംശയം. അതല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ കമീഷന്‍ ഏജന്റുമാരുടെ പേരുകള്‍ വിളിച്ചുകൂവുന്ന ബി.ജെ.പി സ്വന്തം സംസ്ഥാനത്തെ ഈ കള്ളപ്പണ രാജാവിന്റെ 'ലിസ്റ്റ്' പുറത്തുവിടാതിരിക്കേണ്ട കാര്യമില്ലല്ലോ. എല്ലാറ്റിനുമുപരി സെപ്റ്റംബറില്‍ അവസാനിച്ച കള്ളപ്പണം വെളിപ്പെടുത്തല്‍ പ്രക്രിയയില്‍ സര്‍ക്കാറിന് കിട്ടിയെന്ന് അരുണ്‍ ജയ്റ്റ്ലി അവകാശപ്പെട്ട ആ സംഖ്യയും ഇതോടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കള്ളപ്പണ വേട്ടയില്‍നിന്ന് അതിവേഗം 'ക്യാഷ്‌ലെസ് ഇക്കോണമി'യിലേക്കും പാര്‍ലമെന്റ് സ്തംഭിപ്പിക്കലിലേക്കുമൊക്കെ പ്രധാനമന്ത്രിയും കൂട്ടരും ചുവടുമാറ്റിയത് വെറുതെയല്ലെന്നു ചുരുക്കം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍