Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ <br>ഖുര്‍ആനിലെ പ്രപഞ്ച വിസ്മയങ്ങള്‍

ഡോ. ടി.കെ യൂസുഫ്

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അനവധി വസ്തുക്കളെ ആണയിട്ട് പലതും വിവരിക്കുന്നതു കാണാം. ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, രാവ്, പകല്‍ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ അല്ലാഹു സത്യം ചെയ്തു പറഞ്ഞ കാര്യങ്ങളില്‍  ഏറ്റവും മഹത്തരമെന്ന് ഖുര്‍ആന്‍ തന്നെ വിശേഷിപ്പിച്ച ഒന്നാണ് നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍. അല്ലാഹു പറയുന്നു: ''നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ കൊണ്ട് ഞാന്‍ ശക്തിയായി സത്യം ചെയ്തു പറയുന്നു. നിങ്ങള്‍ അറിയുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഒരു വമ്പിച്ച സത്യം തന്നെയാണ്. തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു'' (അല്‍ വാഖിഅ 75-77). 

ഖുര്‍ആന്‍ നക്ഷത്രങ്ങള്‍ക്ക് പകരം അവയുടെ സ്ഥാനങ്ങള്‍ കൊണ്ട് ആണയിട്ട് പറഞ്ഞതിലൂടെ ഒരു വലിയ ശാസ്ത്ര സത്യമാണ് വെളിപ്പെടുത്തുന്നത്. മനുഷ്യന്‍ ഒരിക്കലും നക്ഷത്രങ്ങളെ കാണുന്നില്ല എന്നതാണ് വാസ്തവം, അവയുടെ സ്ഥാനങ്ങള്‍ മാത്രമാണ് അവന് കാണാന്‍ കഴിയുന്നത്. സ്ഥാനങ്ങള്‍ എന്ന് പറയുന്നതും തികച്ചും ആപേക്ഷികമാണ്. നാം കാണുന്ന നക്ഷത്രങ്ങളില്‍ പലതും എത്രയോ കാലം മുമ്പ് തന്നെ അസ്തമിച്ചുപോയവയായിരിക്കും. ആ നക്ഷത്രങ്ങളുടെ സഞ്ചാരഗതിയില്‍ അവയില്‍നിന്ന് പല സ്ഥലങ്ങളില്‍ പ്രവഹിച്ച പ്രകാശങ്ങളാണ് ഇന്നും ആകാശത്ത് നക്ഷത്രങ്ങളായി നാം കാണുന്നത്. അതുകൊണ്ടാണ് ഖുര്‍ആന്‍ നക്ഷത്രങ്ങള്‍ക്ക് പകരം അവയുടെ സ്ഥാനങ്ങള്‍ കൊണ്ട് സത്യം ചെയ്തത്. നക്ഷത്രങ്ങളില്‍നിന്ന് പുറപ്പെടുന്ന പ്രകാശകിരണങ്ങളുടെ ഭൂമിയിലേക്കുള്ള സഞ്ചാരത്തിനിടയില്‍ അന്തരീക്ഷ മണ്ഡലത്തിലൂടെ കടന്നുവരുമ്പോള്‍ അവക്ക് വ്യതിയാനം സംഭവിക്കുന്നതുകൊണ്ടാണ് നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നതായി നമുക്ക് തോന്നുന്നത്. ഭൂമിയിലെ വായുമണ്ഡലത്തില്‍നിന്ന് പുറത്തുപോയി നക്ഷത്ര നിരീക്ഷണം നടത്തുകയാണെങ്കില്‍ നക്ഷത്രങ്ങള്‍ മിന്നുന്നതായി കാണുകയില്ല. 

ആകാശത്തിലെ നക്ഷത്രങ്ങളില്‍ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമായ സൂര്യന്‍ ഏകദേശം 150 മില്യന്‍ കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. സൂര്യനില്‍നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ എട്ട് മിനിറ്റിലധികം സമയം വേണ്ടിവരും. എന്നാല്‍ സൂര്യന്‍ ഒരു സെക്കന്റില്‍ 19 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നതുകൊണ്ട് സൂര്യനില്‍നിന്നുള്ള പ്രകാശം നമ്മില്‍ എത്തുമ്പോഴേക്ക് അത് പ്രസ്തുത സ്ഥാനത്തുനിന്നും പതിനായിരം കിലോമീറ്ററെങ്കിലും അകന്നിരിക്കും. കേവലം എട്ട് മിനിറ്റ് പ്രകാശദൂരം അകലെയുള്ള സൂര്യന്റെ അവസ്ഥ ഇതാണെങ്കില്‍ മില്യന്‍ കണക്കിന് പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നക്ഷത്രങ്ങളിലെ പ്രകാശം ഇവിടെയെത്തുമ്പോഴേക്കും അവയുടെ കഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ. 

ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളില്‍ ഇതുവരെ കണ്ടെത്തിയവയില്‍ ഏറ്റവും ഭാരം കൂടിയ നക്ഷത്രത്തിന് ഭൂമിയേക്കാള്‍ 190 ഇരട്ടി വലിപ്പമുണ്ട്. അതാകട്ടെ ഭൂമിയില്‍നിന്ന് ഒരു ലക്ഷത്തി എഴുപതിനായിരം പ്രകാശവര്‍ഷം അകലെയാണ്. ഏറ്റവും വലിയ നക്ഷത്രത്തിന് സൂര്യനേക്കാള്‍ 500 ഇരട്ടി വലിപ്പം കാണും. ഏറ്റവും വലിയ ഗാലക്‌സി ഭൂമിയില്‍നിന്ന് ആയിരം മില്യനിലധികം പ്രകാശവര്‍ഷം അകലെയാണ്. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രത്തെ നോക്കുമ്പോള്‍ നാം കാണുന്നത് നാലു വര്‍ഷം മുമ്പ് അത് വിട്ടേച്ചുപോയ പ്രകാശമാണ്. പല നക്ഷത്രങ്ങളും ഭൂമിയില്‍നിന്ന് മില്യന്‍ കണക്കിന് അകലെയായതുകൊണ്ട് അവയുടെ സഞ്ചാരപഥങ്ങളില്‍ അവ വിട്ടേച്ചുപോയ പ്രകാശം മാത്രമാണ് നാം കാണുന്നത്.  

ഗോളശാസ്ത്ര വിജ്ഞാനത്തിന്റെ വളരെ ചെറിയ ശതമാനം മാത്രമാണ് മനുഷ്യന് ഇതുവരെ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുളളത്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞ പല വസ്തുതകളും ഇന്നും നമുക്ക് അജ്ഞാതമാണ്. നക്ഷത്രങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള കാലഘട്ടത്തില്‍ യൂറോപ്യന്മാര്‍ വരെ വിശ്വസിച്ചിരുന്നത് അവ ആകാശത്ത് ഉറച്ചുനില്‍ക്കുകയാണെന്നാണ്. എന്നാല്‍ നക്ഷത്രങ്ങള്‍ പിന്നിട്ട പാതയിലെ പ്രകാശമാണ് നാം കാണുന്നത് എന്ന വസ്തുതയാണ് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നത്. ഖുര്‍ആനില്‍ വന്ന 'നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍' എന്ന പ്രയോഗത്തിന്റെ പൊരുള്‍ ഇരുപതാം നൂറ്റാണ്ടിലാണ് ശാസ്ത്രം കണ്ടെത്തുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍