Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

ആകാശവും ഭൂമിയും വേര്‍പിരിയുന്ന ഇരട്ട നഗരം

ആര്‍. യൂസുഫ്

ലോകത്തെവിടെയെങ്കിലും ഒരു നഗരത്തില്‍ മറ്റൊരു രാജ്യം സ്ഥിതിചെയ്യുന്നുെങ്കില്‍ അത്തരം അപൂര്‍വ നഗരമാണ് റോം. ക്ലാസിക്കല്‍ കാലഘട്ടത്തിലെ നാല് പ്രമുഖ സംസ്‌കാരങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന മെഡിറ്ററേനിയന്‍ നാഗരികതയുടെ ഭാഗമായ പ്രധാന നഗരം എന്ന നിലയിലാണ് റോം ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ഇന്ന് ക്രിസ്തുമതത്തോട് ചേര്‍ന്നുനിന്നുകൊാണ് റോം വ്യവഹരിക്കപ്പെടുന്നതെങ്കിലും പുരാതന റോമാ സാമ്രാജ്യം യേശുവിന്റെ സന്ദേശങ്ങളെ കരിച്ചുകളയാന്‍ ദൃഢനിശ്ചയം ചെയ്ത ഒരു സംസ്‌കൃതിയായിരുന്നു ചരിത്രത്തില്‍. യേശുവിനെതിരെ പ്രതിരോധം തീര്‍ത്ത് ക്രിസ്തുമത വിശ്വാസത്തോടുള്ള എതിര്‍പ്പ് ഏറ്റവും ശക്തമായി പ്രകടിപ്പിച്ചവരാണ് റോമന്‍ രാജാക്കന്മാര്‍. വന്യമായ ഭൗതിക വളര്‍ച്ചയില്‍ അഭിരമിച്ച ഗ്രീക്ക് ഹെല്ലനിസ്റ്റിക് സംസ്‌കാരത്തോട്  ചേര്‍ന്നുനില്‍ക്കുകയും  മെഡിറ്ററേനിയന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ ഏഷ്യാ മൈനറും നൈല്‍ നദീതീരവും പ്രസരിപ്പിച്ച ആധ്യാത്മികാധ്യാപനങ്ങളെ തമസ്‌കരിക്കുകയും ചെയ്ത റോമാ സാമ്രാജ്യത്തിന്റെ സ്വാഭാവിക നിലപാടായിരുന്നു അത്. എന്നാല്‍, ക്രൈസ്തവതയെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ പൂര്‍വചെയ്തികളോട് പശ്ചാത്തപിച്ചു പില്‍ക്കാലത്ത് റോമന്‍ സംസ്‌കൃതി. മതപരം എന്നതിനേക്കാള്‍ പ്രായോഗികമായിരുന്നു ഈ നിലപാടുമാറ്റം എന്ന് വിലയിരുത്തുന്നവരാണ് ചരിത്രകാരന്മാരില്‍ കൂടുതലും. ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം തകരാന്‍ 

പോകുന്ന പ്രവിശാലമായ സാമ്രാജ്യത്തെ സംരക്ഷിക്കാനുള്ള പിന്തുണ ക്രിസ്തുമത വിശ്വാസികളില്‍നിന്ന് ഉറപ്പുവരുത്താനാവും എന്നായിരുന്നു കണക്കുകൂട്ടല്‍. 

എന്നാല്‍, ക്രിസ്തുമതത്തെ ഔദ്യോഗിക മതമാക്കിയ ശേഷവും റോമാ സാമാജ്യം സി.ഇ 476-ല്‍ തകരുകയാണുണ്ടായത്. പ്രസ്തുത സാമ്രാജ്യത്തിന്റെ പശ്ചിമ യൂറോപ്യന്‍ ഭാഗങ്ങളായിരുന്ന ഇന്നത്തെ സ്‌പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ പ്രദേശങ്ങള്‍ മധ്യേഷ്യയില്‍നിന്ന് കടന്നുവന്ന ജര്‍മാനിക് ഗോത്ര വിഭാഗങ്ങളായ വാന്‍ഡലുകളും മറ്റും കൈയേറി എന്നത് ചരിത്രം.  ഇവരെ പരാജയപ്പെടുത്തിയാണ് പില്‍ക്കാലത്ത് മുസ്‌ലിംകള്‍ 'വന്ദലൂസു'കളുടെ നാട്ടില്‍ അന്ദലൂസിയന്‍ വസന്തം വിരിയിച്ചത്. റോമന്‍ സാമ്രാജ്യത്തിന്റെ മറ്റു ഭാഗങ്ങളായ റോമും ഏഷ്യാമൈനറും ജറൂസലമും ഉള്‍പ്പെടുത്തി ബൈസാന്റിയന്‍ സാമ്രാജ്യം (കിഴക്കന്‍ റോമാ സാമ്രാജ്യം) എന്ന ഒരു പുതിയ രാഷ്ട്രീയ ഘടന തുടര്‍ന്നെങ്കിലും റോമാ നഗരത്തില്‍ രാജകൊട്ടാരത്തിന് പറയത്തക്ക നിയന്ത്രണമൊന്നുമുണ്ടായിരുന്നില്ല. ജറൂസലം, അലക്‌സാണ്ട്രിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നിവയായിരുന്നു രാജതലസ്ഥാനങ്ങള്‍. റോമാ നഗരം കത്തോലിക്കാ ബിഷപ്പിന്റെ ഇരിപ്പിടം എന്ന അര്‍ഥത്തില്‍ ഒരു മതകേന്ദ്രമെന്ന നിലയിലാണ് സി.ഇ മൂന്നാം നൂറ്റാണ്ട് മുതല്‍ അറിയപ്പെട്ടത്. റോമന്‍ സംസ്‌കൃതിയുടെ തുടര്‍ച്ച അവകാശപ്പെട്ട ഈ സംസ്‌കൃതിയെയാണ് പില്‍ക്കാലത്ത് ഇസ്‌ലാമിന് അഭിമുഖീകരിക്കേണ്ടിവന്നത്. ഈ അഭിമുഖീകരണത്തിന്റെയും സംഘര്‍ഷത്തിന്റെയും കാരണം മതപരം എന്നതിനേക്കാള്‍, വിപുലമായ ഒരു സാമ്രാജ്യത്തിന്റെ അധീശ താല്‍പര്യങ്ങള്‍ക്കെതിരെ ജറൂസലമിലെയും അലക്‌സാണ്ട്രിയയിലെയും ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം ഇസ്‌ലാം ചേര്‍ന്നുനിന്നു എന്നു വിശ്വസിക്കുന്നതായിരിക്കും ഉചിതം. പ്രവാചകന്റെ കാലത്ത് റോമും പേര്‍ഷ്യയും തമ്മിലുായ യുദ്ധത്തില്‍ പരാജയം രുചിച്ച റോമിന്റെ അനുഭവം മുസ്‌ലിംകളെ സന്തോഷിപ്പിച്ചിരുന്നില്ല എന്നതും റോമിന്റെ തിരിച്ചുവരവ് ഒരു പ്രവചനം പോലെ ഖുര്‍ആനിലുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്. ആരംഭകാലം മുതല്‍ ക്രിസ്തുമതത്തോട് ഇസ്‌ലാം പുലര്‍ത്തിയ സൗഹാര്‍ദസമീപനത്തിന്റെ ഉജ്ജ്വലമായ ആശയപ്രകാശനമാണിത്. ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അധികാരകേന്ദ്രങ്ങളായ മൂന്ന് തലസ്ഥാനങ്ങളെയും ഘട്ടംഘട്ടമായി കീഴ്‌പ്പെടുത്തിയ മുസ്‌ലിം ഭരണാധികളാരും ക്രിസ്തുമതത്തിന്റെ കേന്ദ്രമായ റോമാ നഗരത്തിനു നേരെ ഒരാക്രമണവും നടത്തിയില്ല എന്നത് ഇസ്‌ലാമിന്റെ അഭിമുഖീകരണം അധീശ താല്‍പര്യങ്ങളുള്ള ഒരു സാമ്രാജ്യത്വ ഘടനയോടായിരുന്നു, ഭിന്നമായ ഒരു മത സംസ്‌കൃതിയോടായിരുന്നില്ല എന്ന് വിശ്വസിക്കാനുള്ള മറ്റൊരു കാരണമാണ്. 

'റോം നിര്‍മിക്കപ്പെട്ടത് ഒരു ദിനം കൊണ്ടല്ല' എന്ന ഇംഗ്ലീഷ് പഴമൊഴിയെ അന്വര്‍ഥമാക്കുംവിധം പ്രൗഢമായ സാംസ്‌കാരിക ശേഷിപ്പുകളാണ് റോമാ നഗരത്തിന്റെ പ്രത്യേകത. പുരാതനമായ നൂറുകണക്കിന് കെട്ടിടങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന തലയെടുപ്പുള്ള നഗരം എന്ന് ഒറ്റനോട്ടത്തില്‍ ആരും വിധിയെഴുതും. ഗ്രാനഡയിലും കൊര്‍ദോവയിലും അനുഭവിച്ചറിയാന്‍ സാധിക്കുന്ന ആത്മീയതയുടെ ഗംഭീരമായ അദൃശ്യസാന്നിധ്യം പക്ഷേ റോമില്‍ കണ്ടെത്താനാവില്ല. ക്രിസ്തുമതത്തിന്റെ ചിഹ്നങ്ങളേക്കാള്‍ പുരാതന റോമന്‍ നാഗരികതയുടെ അടയാളങ്ങള്‍ കൂടുതല്‍ പേറുന്നതുകൊണ്ടാവാം ഇത്. ചരിത്രത്തിലെ ഏറ്റവും വലിയ യാതനയുടെയും ചൂഷണത്തിന്റെയും പ്രതീകം എന്നു വിശേഷിപ്പിക്കേണ്ടിവരുന്ന റോമന്‍ കൊളോസിയത്തിന്റെ മുന്നില്‍ നിന്ന് ആത്മീയത പരതുന്നതില്‍ എന്തര്‍ഥം! ആത്യന്തിക ഭൗതിക സംസ്‌കൃതിയെക്കുറിച്ചും ഐഹിക ജീവിതത്തിലെ ആസ്വാദനങ്ങളെക്കുറിച്ചും ഏറ്റവും വാചാലമായ ഒരു സംസ്‌കാരത്തെ ചെറുതായെങ്കിലും പ്രതിരോധിച്ചു എന്നതാണ് റോമിനോടൊപ്പം ചേര്‍ന്നുനിന്നതിലൂടെ ക്രൈസ്തവത സാധിച്ച ഏറ്റവും വലിയ നേട്ടം. എന്നാല്‍, വര്‍ത്തമാനകാല റോം ക്രൈസ്തവതയെയും കൈയൊഴിഞ്ഞ് മതേതരത്വ പാതയിലൂടെ സഞ്ചരിക്കുന്ന മറ്റൊരു സംസ്‌കൃതിയെയാണ് അടയാളപ്പെടുത്തുന്നത്.

റോമാ നഗരത്തിനുള്ളിലെ മറ്റൊരു സ്വതന്ത്ര രാഷ്ട്രം എന്നതാണ് വത്തിക്കാന്റെ സ്ഥാനം. രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് പൂര്‍ണമായി മാറിനിന്ന് ആത്മീയ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചുകൊള്ളാമെന്ന് പോപ്പ് പിയൂസ് പതിനൊന്നാമന്‍ ഇറ്റാലിയന്‍ രാജാവ് ഇമ്മാനുവല്‍ മൂന്നാമനുമായി  ഒത്തുതീര്‍പ്പില്‍ എത്തിയതോടെയാണ് വത്തിക്കാന് ഈ സ്ഥാനം 1929-ല്‍ ലഭിക്കുന്നത്. ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ നിലനിന്ന  പേപ്പല്‍ സ്റ്റേറ്റ് എന്ന പേരിലറിയപ്പെട്ട മതാധികാര കേന്ദ്രങ്ങള്‍, അവക്ക് ഭൗതിക മേഖലകളില്‍ ഇടപെടാന്‍ അവസരമില്ലെന്ന് വിശ്വസിച്ച നാട്ടുരാജാക്കന്മാര്‍, മതനേതൃത്വവും രാഷ്ട്രീയ നേതൃത്വവും തമ്മിലുണ്ടായ നീണ്ട ആഭ്യന്തര കലഹങ്ങള്‍ തുടങ്ങി ഒരു ദീര്‍ഘ ചരിത്രമുണ്ട് ഇറ്റലിക്ക്. അതിന്റെ ഒരു ഘട്ടത്തിലാണ് രാജാവിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി മുസ്സോളിനി 1929-ല്‍ ഒരു സമ്മതപത്രത്തിലൂടെ വത്തിക്കാന്റെ സ്വതന്ത്ര അസ്തിത്വം അംഗീകരിച്ചത്.  ഏകദേശം 110 ഏക്കര്‍ വിസ്തീര്‍ണമുള്ള, ആയിരത്തില്‍ കുറഞ്ഞ ജനസംഖ്യ മാത്രമുള്ള കൊച്ചു രാജ്യമായ വത്തിക്കാന്‍ കത്തോലിക്കാ മതത്തിന്റെ വിശുദ്ധ ഗേഹം എന്ന അര്‍ഥത്തിലാണ് ഈ സ്വതന്ത്ര പരമാധികാരം സ്വായത്തമാക്കിയിരിക്കുന്നത്. വത്തിക്കാന്‍ മ്യൂസിയവും സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചുമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാനാവുന്ന വത്തിക്കാനിലെ കേന്ദ്രങ്ങള്‍. മറ്റു ഭാഗങ്ങളില്‍ പ്രത്യേകാനുമതിയില്ലാതെ ഇറ്റാലിയന്‍ പൗരന്മാര്‍ക്കു പോലും പ്രവേശനം അസാധ്യമാണ്.

ഒരര്‍ഥത്തില്‍ മൂന്നാം നൂറ്റാണ്ട് മുതല്‍ തന്നെ തുടര്‍ന്നുവന്ന മതകേന്ദ്രങ്ങളെയും രാഷ്ട്രീയാധികാരത്തെയും രണ്ടാക്കി മാറ്റിയ പശ്ചിമ-കിഴക്കന്‍ റോമാ സാമ്രാജ്യങ്ങളുടെ അതേ ഘടനയുടെ ഒരു തുടര്‍ച്ച തന്നെയാണ് വത്തിക്കാന് സ്വതന്ത്ര പരമാധികാരം നല്‍കിയതിലൂടെ ആധുനിക ഇറ്റലി ഉറപ്പുവരുത്തിയത്. മുന്‍കാലങ്ങളില്‍ മതഗേഹമെന്ന പദവി റോമിനാണ് ലഭിച്ചതെങ്കില്‍ ഇന്ന് റോമിനെ ഇറ്റലിയുടെ ആധുനിക തലസ്ഥാനമാക്കിയ ഇറ്റാലിയന്‍ ഭരണകൂടം സെന്റ് പീറ്ററിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന സവിശേഷമായ ചര്‍ച്ച് കേന്ദ്രീകരിച്ച് ഒരു സ്വതന്ത്ര വത്തിക്കാന്‍ സ്ഥാപിച്ച് ക്രിസ്തുമതം നൂറ്റാണ്ടുകളോളം അനുഭവിച്ച സ്വതന്ത്ര അധികാരം അതിന് വകവെച്ചുകൊടുത്തു എന്നു ചുരുക്കം. ബാഹ്യ ആക്രമണങ്ങളില്‍നിന്ന് മുന്‍കാലങ്ങളില്‍ റോം സുരക്ഷിതമായതുപോലെ ഇറ്റലി പങ്കാളിയായ  ലോകയുദ്ധങ്ങളില്‍നിന്ന് വത്തിക്കാന്‍ സുരക്ഷിതമാവാനും ഈ അധികാരവിഭജനം നിമിത്തമായി എന്നത് ചരിത്രത്തിന്റെ മറ്റൊരാവര്‍ത്തനം.

വത്തിക്കാന്‍ ഒരു സ്വതന്ത്ര പരമാധികാര പ്രദേശമായി മാറിയെങ്കിലും ഇറ്റലിയുടെ രാഷ്ട്രീയ അസ്തിത്വവും മതപരമായ ആഭിമുഖ്യവും ഒരു പ്രശ്‌നം തന്നെയായി അവശേഷിച്ചു. രാഷ്ട്രത്തിന്റെ മുഖം മതേതരമാവണോ എന്നത് ഒരു പ്രധാന ചോദ്യം തന്നെയായി പില്‍ക്കാലത്ത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളിലെ കയ്‌പേറിയ അനുഭവങ്ങള്‍ ഇറ്റലിയെ ഒരു പരിധിവരെ തളര്‍ത്തിയെങ്കിലും രണ്ടാം ലോകയുദ്ധാനന്തരമുള്ള ആഗോളഘടനയില്‍ ഭൂതകാലത്തെ കറുത്ത ഏടുകള്‍ മായ്ച്ചുകൊണ്ട് മുന്നോട്ടു കുതിക്കാന്‍ ഇറ്റലിക്ക് സാധിച്ചു. എണ്‍പതുകളായപ്പോഴേക്കും യൂറോപ്യന്‍ പുരോഗതിയുടെ അടിസ്ഥാനം മതമുക്ത സെക്യുലര്‍ രാഷ്ട്രഘടന ആണെന്നും ആയിരിക്കണമെന്നുമുള്ള ചിന്ത ഇറ്റലിയില്‍ ശക്തിപ്പെട്ടുവന്നു. തെരഞ്ഞെടുപ്പുകളില്‍ ഈ നിലപാട് വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടികള്‍ക്ക് വന്‍പിന്തുണ ലഭിച്ചതോടെ കാത്തലിക് ക്രിസ്തുമതത്തിന് നല്‍കപ്പെട്ട ഔദ്യോഗിക മതമെന്ന പദവി എടുത്തുകളഞ്ഞ് ഒരു സമ്പൂര്‍ണ മതേതര ഘടനയിലേക്ക് ഇറ്റലി മാറേണ്ടതുണ്ട് എന്ന ചിന്തക്ക് പിന്തുണ വര്‍ധിച്ചു. അങ്ങനെയാണ് ഒരു മതവും രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായിരിക്കില്ല എന്ന തീരുമാനത്തിന് ഔദ്യോഗികാംഗീകാരം ലഭിക്കുന്നത്. ഈ തീരുമാനം ഇറ്റാലിയന്‍ സാമൂഹിക ജീവിതത്തിന്റെ ഭാഗമായ മതസമൂഹങ്ങളുടെ സാമൂഹിക അസ്തിത്വവുമായി ബന്ധപ്പെട്ട, ചര്‍ച്ചിന്റെ വരുമാനവും ക്രയവിക്രയങ്ങളും വിവാഹ രജിസ്‌ട്രേഷനും പോലുള്ള അനേകം പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്ന സമസ്യക്ക് തുടക്കം കുറിച്ചു. ഇത് പരിഹരിക്കാന്‍ ഇറ്റലി കണ്ടെത്തിയ ഒരു രീതിയാണ് രാഷ്ട്രത്തിന്റെ ഭാഗമായ മതസമൂഹങ്ങള്‍ ഗവണ്‍മെന്റുമായി ഒരു ധാരണാ പത്രത്തില്‍ ഒപ്പുവെക്കുകയും ഈ ധാരണാപത്രമനുസരിച്ച് ഔദ്യോഗികാംഗീകാരം ലഭിക്കുന്നതോടെ ഓരോ മതസമൂഹത്തിനും അവയു മായി ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഔദ്യോഗികാംഗീകാരം ലഭിക്കുകയും ചെയ്യുക എന്നത്. നികുതിദായകന് തന്റെ നികുതിയുടെ എട്ടു ശതമാനം ഇപ്രകാരം ധാരണാപത്രത്തില്‍ ഒപ്പുവെച്ച മതസമൂഹങ്ങള്‍ക്കോ മതപരമല്ലാത്ത എന്‍.ജി.ഒകള്‍ക്കോ കൊടുക്കാനും ഇത് അനുവാദം നല്‍കുന്നു. ഇപ്രകാരം ധാരണാപത്രത്തില്‍ ഒപ്പുവെച്ച മതസമൂഹങ്ങളാണ് കാത്തലിക് ക്രിസ്തുമതം, പെന്തക്കോസ്ത് ചര്‍ച്ച്, ജൂതമതം, ബുദ്ധ-ഹിന്ദു കൂട്ടായ്മകള്‍ തുടങ്ങിയവ. മുസ്‌ലിംകള്‍ക്ക് ഇതുവരെ ഈ സ്വഭാവത്തില്‍ ഒരു ധാരണയനുസരിച്ച് ഔദ്യോഗികാംഗീകാരം ലഭിച്ചിട്ടില്ല. അതിന്റെ കാരണം ഈ രൂപഘടന ആവിഷ്‌കരിക്കപ്പെട്ട എണ്‍പതുകളില്‍ മുസ്‌ലിം സമൂഹം അത്രമാത്രം പ്രബലമോ ഇത്തരമൊരു ശ്രമത്തിന് മേല്‍നോട്ടം വഹിക്കാന്‍ മാത്രം ശക്തമോ ആയിരുന്നില്ല; അതിനാല്‍തന്നെ വേണ്ട സ്വഭാവത്തില്‍ ശ്രമവും നടന്നിരുന്നില്ല എന്നതാണ്. ഈയൊരു പ്രശ്‌നം ഇറ്റാലിയന്‍ മുസ്‌ലിംകളുടെ മുന്നില്‍ പരിഹരിക്കപ്പെടേണ്ട ഒന്നായി ഇന്നുണ്ട്. ആ അര്‍ഥത്തിലുള്ള ശ്രമങ്ങള്‍ക്ക് ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുമുണ്ട്. ഗവണ്‍മെന്റ് തന്നെ മുസ്‌ലിം കൗണ്‍സില്‍ രൂപീകരിക്കാന്‍ തുടക്കം കുറിച്ചെങ്കിലും കൗണ്‍സില്‍ അംഗങ്ങളുടെ കടുത്ത അഭിപ്രായഭിന്നത കാരണം ഇനിയും ഈ കടമ്പ കടക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടില്ല. ഔദ്യോഗിക പരിവേഷം ഇല്ല എന്നതുകൊണ്ട് മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ച് തടസ്സങ്ങളൊന്നുമില്ല. സ്വദേശികളും കുടിയേറിയവരും ഉള്‍പ്പെടെ ഏകദേശം രണ്ട് മില്യന്‍ മുസ്‌ലിംകള്‍ ഇറ്റലിയില്‍ ഇന്നുണ്ട്. ഇസ്‌ലാമിനെ പഠിക്കാന്‍ മുന്നോട്ടുവരുന്ന വിദ്യാസമ്പന്നരുടെ എണ്ണം വര്‍ധിച്ചുവരുന്നു എന്ന് ഇറ്റലിയിലെ കഴിഞ്ഞ ആറു വര്‍ഷത്തെ അനുഭവം മുന്നില്‍വെച്ച് സുഹൃത്തും കേരളത്തിലെ  ആദ്യകാല എസ്.ഐ.ഒ ശൂറാംഗവുമായിരുന്ന സി.പി അബ്ദുല്ലത്വീഫ് പറയുന്നു.

ഇറ്റലിയില്‍ അബ്ദുല്ലത്വീഫും സഹധര്‍മിണി സബ്രീന ലെയും ചേര്‍ന്ന് ഇറ്റലിയിലെയും യൂറോപ്പിലെയും അക്കാദമിക-സാമൂഹിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കം കുറിച്ച 'തവാസുല്‍ യൂറോപ്പ്' റോം കേന്ദ്രീകരിച്ച് നടക്കുന്ന ഇസ്‌ലാമിക ചലനങ്ങളില്‍ നേതൃപരമായ പങ്കുവഹിക്കുന്ന ഒരു സാംസ്‌കാരിക -ബൗദ്ധിക കൂട്ടായ്മയാണ്. പോപ്പ് ഫ്രാന്‍സിസിന്റെ സൗഹൃദപരവും മതസംവാദങ്ങള്‍ക്ക് ഇടംകൊടുക്കുന്നതുമായ സമീപനമാണ് തവാസുലിന്റെ സാധ്യത വിപുലമാകാനുള്ള ഒരു കാരണമെന്ന് അബ്ദുല്ലത്വീഫ് നിരീക്ഷിക്കുന്നു. ഇസ്‌ലാംഭീതി പരത്തുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ച നിലപാടും, ഇസ്‌ലാമിനെയും ഭീകരതയെയും സമീകരിക്കുന്നതിനെതിരെ അദ്ദേഹം നടത്തിയ പരസ്യമായ അഭിപ്രായപ്രകടനങ്ങളും മുസ്‌ലിം പ്രതിനിധി സംഘങ്ങളെ സ്വീകരിക്കാന്‍ സദാ സന്നദ്ധനാകുന്നതും അനുകൂല സാഹചര്യം രൂപപ്പെടുത്തുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ താല്‍പര്യം സാധൂകരിക്കുംവിധം സംവാദത്തിന്റെ എല്ലാ വാതിലുകളും തുറന്നിടുന്ന അവസരം തവാസുലിനും നല്ല നിലയില്‍ സഹായകമാകുന്നുണ്ട്. വത്തിക്കാന്റെ മുന്‍കൈയില്‍ നടന്ന രണ്ട് പ്രധാന അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ തവാസുലിന്റെ സാംസ്‌കാരിക ഉപദേഷ്ടാവ് എന്ന അര്‍ഥത്തില്‍ താന്‍ ക്ഷണിക്കപ്പെട്ടത് ഇത്തരം തുറന്ന സമീപനത്തിന്റെ ഉദാഹരണമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഇറ്റലിയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും ആറു വര്‍ഷം മുമ്പ് ഇസ്‌ലാമില്‍ വിമോചനം കണ്ടെത്തിയ ചിന്തകയുമായ സബ്രീന ലെയാണ് തവാസുലിന്റെ ഡയറക്ടര്‍. ഇറ്റലിയിലെ വിശാലമനസ്‌കരായ ഒരുപറ്റം അക്കാദമിക പണ്ഡിതന്മാരുടെ സഹായസഹകരണങ്ങളോടെ ഇസ്‌ലാമിനെ യൂറോപ്പുമായി സംവദിക്കാനുതകുന്ന ഒരു ദര്‍ശനം എന്ന നിലയിലും യൂറോപ്പിന്റെ തന്നെ പുരോഗതിക്ക് സംഭാവനകള്‍ ചെയ്യാനാവുന്ന ഒരു രീതിശാസ്ത്രമെന്ന അര്‍ഥത്തിലും അവതരിപ്പിക്കുന്ന അക്കാദമിക സംവാദങ്ങളും ചര്‍ച്ചകളും തവാസുല്‍ നടത്തിവരുന്നു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുമായി ഇറ്റാലിയന്‍ ജനതക്കുള്ള അപരിചിതത്വം ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമെന്ന നിലയില്‍ ആദിമ കാലത്തെയും ആധുനിക കാലത്തെയും ക്ലാസിക്കല്‍ ഇസ്‌ലാമിക രചനകള്‍ ഇറ്റാലിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തണമെന്ന തവാസുലിന്റെ തീരുമാനത്തെ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് 25 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് സബ്രീന തന്നെ യാഥാര്‍ഥ്യമാക്കുകയുണ്ടായി. ഇതിനുപുറമെ സ്വന്തമായി ആറു പുസ്തകങ്ങളും അവര്‍ രചിച്ചിട്ടുണ്ട്. പുസ്തകപ്രസാധനത്തിന് പുറമെ ഇറ്റലിയിലെ ദേശീയ യൂനിവേഴ്‌സിറ്റികളിലും വിദേശ യൂനിവേഴ്‌സിറ്റികളുടെ ഇറ്റലിയിലെ കാമ്പസുകളിലും  ചര്‍ച്ചാ സംവാദങ്ങളും തവാസുല്‍ നടത്തിവരാറുണ്ട്. അബ്ദുല്ലത്വീഫിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും റോമില്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാം ഫെസ്റ്റിവെല്‍ എന്ന പേരിലുള്ള പ്രചാരണ കാമ്പയിനെ റോമിലെ എല്ലാ വിഭാഗങ്ങളിലും പെടുന്ന പൗരസഞ്ചയം തുറന്ന മനസ്സോടെയാണ് സ്വീകരിക്കാറുള്ളതെന്ന് അദ്ദേഹം പറയുന്നു. വത്തിക്കാന്‍ മതനേതൃത്വവുമായി വളരെ സൗഹാര്‍ദപൂ

ര്‍വമായ ബന്ധം സ്ഥാപിച്ചെടുക്കാനായതും തവാസുലിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു സുപ്രധാന നേട്ടമാണ്.

തവാസുലിനു പുറമെ റോമിലെ മുസ്‌ലിം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മറ്റൊരു സുപ്രധാന കേന്ദ്രം 1995-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഗ്രാന്റ് മോസ്‌കാണ്. യൂറോപ്പിലെ തന്നെ മുസ്‌ലിം സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന ഈ മനോഹര മസ്ജിദ് റോമത്തിലെത്തുന്ന സന്ദര്‍ശകരുടെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ്. ഇസ്‌ലാമിക സംസ്‌കൃതിയുടെയും യൂറോപ്യന്‍ വാസ്തുശില്‍പ കലയുടെയും ഒരു മിശ്രിതം എന്ന് വിശേഷിപ്പിക്കാവുന്ന ഈ മസ്ജിദ്, 1973-ല്‍ ഇടതുപക്ഷം ഭരണത്തിലായിരിക്കെ മുനിസിപ്പാലിറ്റി സൗജന്യമായി നല്‍കിയ മുപ്പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. 2000 പേര്‍ക്ക് നമസ്‌കരിക്കാവുന്ന ആരാധനാ ഹാള്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, വിവിധ ഓഫീസുകള്‍ ഉള്‍പ്പെടെ ഏഴായിരം സ്‌ക്വയര്‍ ഫീറ്റിലാണ് ഈ മസ്ജിദിന്റെ കെട്ടിടസമുച്ചയമുള്ളത്.  റോമിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന പതിനായിരത്തോളം മുസ്‌ലിംകള്‍ സംഗമിക്കാറുള്ള പെരുന്നാള്‍ നമസ്‌കാരം സ്ഥലപരിമിതി കാരണം ഒരു മണിക്കൂര്‍ ഇടവിട്ട് മൂന്ന് സമയങ്ങളിലായാണ് ഇവിടെ നിര്‍വഹിക്കപ്പെടാറുള്ളതെന്ന് അബ്ദുല്ലത്വീഫ് വിശദീകരിക്കുകയുണ്ടായി. 

റോമിന്റെ പല ഭാഗത്തും സ്വതന്ത്ര കെട്ടിടങ്ങള്‍ വാടകക്കെടുത്തും മറ്റു ആവശ്യങ്ങള്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ട ബില്‍ഡിംഗുകളില്‍ ഒന്നോ രണ്ടോ മുറികള്‍ പാട്ടത്തിനെടുത്തും മുസ്‌ലിംകള്‍, പ്രത്യേകിച്ച് കുടിയേറ്റക്കാരായ മുസ്‌ലിംകള്‍ നിരവധി നമസ്‌കാര സ്ഥലങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരവും രണ്ടോ അതിലധികമോ നേരങ്ങളിലായി നിര്‍വഹിച്ചുവരുന്നുണ്ടെന്ന് അബ്ദുല്ലത്വീഫ് വിശദീകരിക്കുന്നു. ഇപ്രകാരം ഉപയോഗിച്ചുവരുന്ന പള്ളികള്‍ക്ക് ഔദ്യോഗികാംഗീകാരമില്ല. കെട്ടിടങ്ങള്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ പൂര്‍ത്തീകരിക്കാത്തതുകൊണ്ട് അവ പൊതുസ്ഥലമായി ഉപയോഗിക്കുന്നതിനെതിരെ ചില വിലക്കുകളെങ്കിലും ഇടക്ക് ഉണ്ടാകാറുണ്ട്. എങ്കിലും പൊതുവെ, ഒരു മതസമൂഹത്തിന്റെ ആരാധനാസൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നം എന്ന നിലക്ക് നഗരഭരണസമിതികള്‍ കെട്ടിടങ്ങളിലെ അസൗകര്യങ്ങള്‍ ഉന്നയിച്ച് വല്ലാതെയൊന്നും പ്രശ്‌നം സൃഷ്ടിക്കാറില്ലെന്ന് അബ്ദുല്ലത്വീഫ് പറയുന്നു. നഗരഭരണസമിതികള്‍ മുന്നോട്ടുവെക്കുന്ന ചില നിര്‍ദേശങ്ങള്‍ കാലങ്ങളായി അവഗണിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങളാണ് അടുത്തകാലത്ത് ഈ സ്വഭാവത്തിലുള്ള ചില പള്ളികളെങ്കിലും പൂട്ടണമെന്ന് ഉത്തരവിടാന്‍ നഗരഭരണസമിതികളെ നിര്‍ബന്ധിതമാക്കിയത് എന്ന് അബ്ദുല്ലത്വീഫ് വിശ്വസിക്കുന്നു.

ഗ്രാന്റ് മോസ്‌കിന്റെ ഭരണനിര്‍വഹണം സുഊദി അംബാസിഡര്‍ തലവനും മൊറോക്കോ അംബാസിഡര്‍ സെക്രട്ടറിയുമായ റോമിലെ വിദേശ മുസ്‌ലിം നയതന്ത്രജ്ഞരുടെ കമ്മിറ്റിയിലാണ് കഴിഞ്ഞ ഏഴു വര്‍ഷമായി അര്‍പ്പിതമായിരിക്കുന്നത്. ഇസ്‌ലാമിനെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്താനുള്ള പരിപാടികളും മറ്റും ഈ പള്ളി കേന്ദ്രീകരിച്ച് ഇടക്ക് നടക്കാറുണ്ട്. തവാസുലിന്റെ കൂടി പങ്കാളിത്തത്തോടെ നടക്കുന്ന  'ഓപ്പണ്‍ മോസ്‌ക് ഇസ്‌ലാം ഡിസ്‌കഷന്‍' എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക വാര്‍ഷിക പരിപാടിയാണ് ഇതില്‍ ശ്രദ്ധേയം. സന്ദര്‍ശകര്‍ക്ക് പള്ളിയും പരിസരങ്ങളും കാണിച്ചുകൊടുത്തതിനു ശേഷം, ഇസ്‌ലാമിനെക്കുറിച്ച് ഹ്രസ്വമായ ഒരു ഭാഷണവും പിന്നെ ചര്‍ച്ചകളും ഉള്‍ക്കൊള്ളുന്ന ഈ സംവിധാനത്തില്‍ വര്‍ഷം തോറും ആയിരക്കണക്കിന് സന്ദര്‍ശകര്‍ ഭാഗഭാക്കാവാറുണ്ട്.

ക്ലാസിക്കല്‍ കാലഘട്ടത്തില്‍ സിസിലി ഒരു മുസ്‌ലിം അധീന പ്രദേശമായി മാറിയതും 1930-കളില്‍ മുസ്സോളിനി ലിബിയയില്‍ അധിനിവേശം നടത്തിയതും മാറ്റിനിര്‍ത്തിയാല്‍ മുസ്‌ലിം നാടുകളുമായുള്ള ആധുനിക ഇറ്റലിയുടെ അഭിമുഖീകരണം കൂടുതല്‍ ശക്തമാവുന്നത് ഉത്തരാഫ്രിക്കന്‍ നാടുകളില്‍നിന്ന് '80-കളുടെ അവസാനത്തിലും '90-കളുടെ ആരംഭത്തിലും  മുസ്‌ലിം കുടിയേറ്റക്കാര്‍ ഇറ്റലിയിലേക്ക് വരാനാരംഭിച്ചതുമുതലാണ്.

പരമ്പരാഗത മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിപ്രാചീന സംസ്‌കാരത്തില്‍ വേരുകള്‍ കണ്ടെത്തുന്നവരുമായ ഇറ്റാലിയന്‍ ജനതക്ക്, പ്രത്യേകിച്ച് റോമിന്റെ പരിസരത്ത് സ്ഥിരവാസമുറപ്പിച്ചവര്‍ക്ക് കുടിയേറ്റക്കാരുടെ സാന്നിധ്യം പൊതുവെ അലോസരമായി അനുഭവപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ തന്നെ റോമിന്റെ ഏതു ഭാഗത്ത് പരതിയാലും ബംഗ്ലാദേശികളും പാകിസ്താനികളും ഇന്ത്യക്കാരും നിറഞ്ഞുനില്‍ക്കുന്നതായി അനുഭവപ്പെടും. വാണിജ്യ കേന്ദ്രങ്ങളിലെ നല്ലൊരു ശതമാനം കച്ചവടക്കാരും ബംഗ്ലാദേശികളാണ്. ഇന്ത്യന്‍-ബംഗ്ലാ-പാക് ഭക്ഷണശാലകള്‍ വേണ്ടത്ര. യൂറോപ്പില്‍ ഇസ്‌ലാംഭീതിയുടെ വ്യാപനം ലക്ഷ്യമാക്കുന്ന അതി തീവ്രാശയക്കാരുടെ ഒറ്റപ്പെട്ട സാന്നിധ്യം മാറ്റിനിര്‍ത്തിയാല്‍ പൊതുവെ എല്ലാ മതസമൂഹങ്ങളെയും വൈദേശിക സംസ്‌കൃതികളെയും സൗമനസ്യത്തോടെ അഭിമുഖീകരിക്കുന്ന സമീപനമാണ് ഇറ്റാലിയന്‍ ജനതയുടേത്. ഇന്ത്യന്‍ സമൂഹത്തെ പോലെ പാരമ്പര്യ മൂല്യങ്ങള്‍ക്കും കുടുംബഘടനക്കും പ്രാധാന്യം കൊടുക്കുന്നവര്‍ കൂടിയാണ് ഇറ്റലിക്കാര്‍. അണുകുടുംബ ഘടനയുള്ളതോടൊപ്പംതന്നെ മാതാപിതാക്കളുടെ സംരക്ഷണ ബാധ്യതയെക്കുറിച്ചും കുടുംബ സുരക്ഷയെക്കുറിച്ചുമെല്ലാം വിശാല സമീപനം വെച്ചുപുലര്‍ത്തുന്നവരാണ് ജനങ്ങള്‍. കുടുംബഘടന ഉറപ്പുനല്‍കുന്ന ഈ സംരക്ഷണകവചം ഇസ്‌ലാം സ്വീകരിച്ച ശേഷം തവാസുലിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സബ്രീനക്കും അബ്ദുല്ലത്വീഫിനും ഒരുക്കിക്കൊടുക്കുന്ന സൗകര്യം അത്ഭുതകരമാണ്. താന്‍ ശരിയെന്ന് വിശ്വസിക്കുന്ന മതത്തിന്റെ ആശയാടിത്തറയില്‍ ഊന്നിനിന്ന് പ്രവര്‍ത്തിക്കുന്ന സബ്രീനക്ക് താങ്ങും തണലുമായി പഴയ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ അവരുടെ മാതാപിതാക്കളുണ്ട് എന്നത് ഒരു ആശ്വാസം തന്നെയാണ്. കുടുംബവീടിന്റെ ഒരു ഭാഗം തവാസുലിന്റെ മുഖ്യ കേന്ദ്രമാക്കാന്‍ അവര്‍ക്ക് സാധിച്ചതും റോമിന്റെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ച് ഇടപെടാനാവുന്നതും ഈ പിന്തുണ കൊാണ്. ഇറ്റാലിയന്‍ ജനത പൊതുവെ പങ്കുവെക്കുന്ന ഈ വിശാല മനഃസ്ഥിതി ഇസ്‌ലാമിന്റെ സാധ്യതക്ക് അനുകൂലമായ മുഖ്യ ഘടകങ്ങളില്‍ ഒന്നാണ്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍