Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

ആഘോഷങ്ങള്‍ അനാചാരമാകുമ്പോള്‍

സലീം നൂര്‍ ഒരുമനയൂര്‍

ലോകത്ത് മഹാഭൂരിപക്ഷം മതവിശ്വാസികളാണ്. മതവിശ്വാസങ്ങളാകട്ടെ ആചാരാനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതവും. ലിഖിതങ്ങളും അലിഖിതങ്ങളുമായ ആചാരാനുഷ്ഠാനങ്ങളാണ് മതങ്ങളെ ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് മുന്നോട്ടുനയിക്കുന്നത്. ഇന്ന് മതങ്ങളുടെയും മതാചാര്യന്മാരുടെയും പേരില്‍ നടന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ പലതും കാലക്രമേണ കടന്നുകൂടിയതാണ്. ഈ കടന്നുകൂടലുകള്‍ക്ക്, അല്ലെങ്കില്‍ കടത്തിക്കൂട്ടലുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് പലപ്പോഴും അധികാരവും സാമ്പത്തിക താല്‍പര്യങ്ങളുമാണ്. ഇതിനു വേണ്ടണ്ടിയാണ് മഹാഭൂരിപക്ഷം വരുന്ന മതാനുയായികളെ അധികാരത്തിന്റെയും പണത്തിന്റെയും ശക്തികള്‍ ചൂഷണം ചെയ്തുപോരുന്നത്.

ലോകത്തിലെ മിക്ക മതങ്ങളും തല്‍പരകക്ഷികളുടെ കൈകടത്തലുകള്‍ക്ക് ഇരയായിട്ടുണ്ട്. ദൈവത്തെ മാത്രം വിളിച്ച് പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ച യേശുവിനെ തന്നെ ശിഷ്യന്മാര്‍ കര്‍ത്താവായി ഉയര്‍ത്തി. സാമൂഹികോദ്ധാരണത്തിന് മുന്നിട്ടിറങ്ങിയ ബുദ്ധന്നും ഗുരുനാനാക്കിനും നാരായണ ഗുരുവിനും ദൈവിക പദവി നല്‍കി സമൂഹം. ഇവരെ മുന്‍നിര്‍ത്തി പുതിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍മിച്ചെടുത്തു. അടിസ്ഥാന പ്രമാണങ്ങള്‍ നോക്കുകുത്തികളായി. 

ഇസ്‌ലാമില്‍ രണ്ട് ആഘോഷങ്ങളാണ് അടിസ്ഥാന പ്രമാണങ്ങളില്‍ എടുത്തുകാണിക്കുന്നത്. എന്നാല്‍ മുസ്‌ലിം സമൂഹം ഇന്ന് നിരവധി ആഘോഷങ്ങള്‍ കൊണ്ടാടുന്നു. അധികാര-സാമ്പത്തിക ശക്തികള്‍ തങ്ങളുടെ നിലനില്‍പ്പിനായി മറ്റെല്ലാ മതങ്ങളിലും നുഴഞ്ഞുകയറിയ പോലെ ഇവിടെയും വിജയം കണ്ടു. മുസ്‌ലിംസമൂഹത്തിലെ ഒരു വലിയ വിഭാഗം ഇന്ന് ഏറെ കൊണ്ടാടുന്ന ആഘോഷമാണ് നബിദിനം. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജനനത്തെ മുന്‍നിര്‍ത്തിയുള്ള ആഘോഷം. അതിന്റെ ഭാഗമായി റബീഉല്‍ അവ്വലിനെ വല്ലാതെ 'സ്‌നേഹിക്കുന്ന'വരും അതിന് വലിയ പ്രാധാന്യം നല്‍കുന്നവരുമുണ്ട്. ഏറ്റവും നല്ല മാസമാണ് ഈ മാസം എന്നുവരെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരും ധാരാളമുണ്ട്. 

അടിസ്ഥാനപ്രമാണമായ ഖുര്‍ആന്‍ പരാമര്‍ശിച്ചത് റമദാന്‍ മാസത്തെ കുറിച്ച് മാത്രമാണ്, വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസം. ലോകം സൃഷ്ടിക്കപ്പെട്ട അന്നുമുതലേ പന്ത്രണ്ടു മാസങ്ങളുണ്ട്. പന്ത്രണ്ടു മാസങ്ങളില്‍ നാലു മാസങ്ങള്‍ വിശുദ്ധമാണെന്ന് പ്രമാണങ്ങള്‍ പറയുന്നു. അതാകട്ടെ പരിശുദ്ധ ഹജ്ജുമായി ബന്ധപ്പെട്ടതാണ്. ഹജ്ജിനു മുമ്പും ശേഷവുമുള്ള മാസങ്ങളാണ് അവ. ഏറ്റവും കൂടുതല്‍ സുന്നത്ത് നോമ്പുകളുള്ള മാസമാണ് ശഅ്ബാന്‍. ഈ മാസത്തെക്കുറിച്ചും പ്രവാചകന്റെ പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്. അതുപോലെ ആകാശാരോഹണ പരാമര്‍ശങ്ങളാല്‍ റജബ് മാസവും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ സുന്നത്തുമാണ് ഇസ്‌ലാമിലെ രണ്ടു പ്രമാണങ്ങള്‍. ഈ പ്രമാണങ്ങളിലോ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലോ എവിടെയും പരാമര്‍ശിക്കാത്ത മാസമാണ് റബീഉല്‍ അവ്വല്‍. ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഇത് പരാമര്‍ശിക്കപ്പെടുക പോലും ചെയ്യുന്നില്ല.

എന്നാല്‍ ഇന്ന് കേരളമുസ്‌ലിംകളിലെ ഗണ്യമായൊരു വിഭാഗം ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് റബീഉല്‍ അവ്വലിലെ നബിദിനം ആണെന്ന് തോന്നിപ്പോവുന്നു. ഇപ്പോള്‍ 'നബിദിന'വും കടന്ന് 'നബിമാസം' എന്ന നിലയിലാണ് അവര്‍ കാര്യങ്ങള്‍ കൊണ്ടണ്ടുപോകുന്നത്. 'മൗലൂദ് മാസ'മായും ആഘോഷിക്കുന്നു. വിശുദ്ധ ഖുര്‍ആനിലോ ഹദീസുകളിലോ മൗലൂദ് എന്ന പദം പോലുമില്ല. മീലാദുന്നബി എന്നത് പ്രവാചകനോ ഖലീഫമാരോ സ്വഹാബിമാരോ കേള്‍ക്കാത്ത പദമാണ്. ഹിജ്‌റ മുന്നൂറിനു ശേഷം ഒരു സിറിയന്‍ പ്രവിശ്യ ഭരിച്ചിരുന്ന മുളഫര്‍ എന്ന രാജാവ് കൊണ്ടുവന്ന ആഘോഷമാണിതെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഇസ്‌ലാമില്‍ ഒരാഘോഷം തുടങ്ങേണ്ടത് ഒരു രാജാവല്ല. 

ജന്മദിനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ആഘോഷങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ എവിടെയും ഇല്ല. ഇതൊരു ക്രൈസ്തവ ആചാരത്തിന്റെ പിന്തുടര്‍ച്ചയാണ്. മീലാദ് എന്ന പ്രയോഗം തന്നെ ഇസ്‌ലാമികമല്ല. ക്രിസ്തുവര്‍ഷത്തെ അടയാളപ്പെടുത്തുന്നതിനാണ് കലണ്ടറുകളില്‍ മീലാദ് (ക്രിസ്ത്വാബ്ദം) എന്ന് അറബിയില്‍ രേഖപ്പെടുത്തുന്ന പതിവുള്ളത്. ഇതിന് 'മീം' എന്ന അറബി അക്ഷരവും ഉപയോഗിക്കും. അറബി മാസത്തെ ഹിജ്‌റക്ക് 'ഹ' എന്നും രേഖപ്പെടുത്തും. കലണ്ടര്‍ സംസ്‌കാരം തന്നെ ഇങ്ങനെയാണ്. യേശുവിന്റെ ജന്മദിനമാണ് അറബ് ദേശങ്ങളില്‍ മീലാദ് എന്ന് പറയപ്പെടുന്നത്. പ്രവാചകനായ ഈസായുടെയും യഹ്‌യായുടെയും ജന്മത്തെ കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. 

സ്വാര്‍ഥതാല്‍പര്യക്കാര്‍ എല്ലാ മതാചാരങ്ങളിലും തങ്ങളുടെ ഹിതത്തിനനുസരിച്ച് മാറ്റത്തിരുത്തലുകള്‍ നടത്തിയതുപോലെ ഇസ്‌ലാമിക സമൂഹത്തില്‍ നടത്തിയ കൈകടത്തലാണ് അന്ത്യപ്രവാചകന്റെ പേരിലുള്ള ജന്മദിനാഘോഷം. അധികാര-സാമ്പത്തിക ലബ്ധിക്കു വേണ്ടിയുള്ള ചിലരുടെ ശ്രമങ്ങള്‍ മനുഷ്യനന്മക്കായി ജന്മംകൊണ്ട ജീവിതസംഹിതകളെ അനല്‍പമായി പോറലേല്‍പ്പിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍