ഏഴാം പാര്‍ട്ടി കൗണ്‍സില്‍ ഇങ്ങനെ ചേര്‍ന്നാല്‍ മതിയോ?
കഴിഞ്ഞ ഡിസംബര്‍ 4-ന് വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ചേര്‍ന്ന 'ഫത്ഹി'ന്റെ ഏഴാം പാര്‍ട്ടി കൗണ്‍സില്‍ വലിയൊരു സംഭവമാകേണ്ടതായിരുന്നു. പക്ഷേ അത് കേവലം കൂടിപ്പിരിയലായി ശോഷിക്കുകയാണുണ്ടായത്. സുപ്രധാനമായ തീരുമാനങ്ങളോ ചര്‍ച്ചകളോ ഉണ്ടായില്ല. 81-കാരനായ മഹ്മൂദ് അബ്ബാസ് പന്ത്രണ്ട് കൊല്ലമായി പാര്‍ട്ടിയുടെയും ഫലസ്ത്വീന്‍ അഥോറിറ്റി ഭരണത്തിന്റെയും തലപ്പത്ത് തുടരുകയാണ്. ഇക്കാലയളവില്‍ ഇദ്ദേഹം കൈക്കൊണ്ട പല തീരുമാനങ്ങളും രൂക്ഷമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ചുരുങ്ങിയത് അതേക്കുറിച്ചെങ്കിലും ഒരു ചര്‍ച്ച വേണ്ടേ? അബ്ബാസ് വേദിയിലേക്ക് കടന്നുവന്നപ്പോള്‍ എല്ലാവരും ആദരപൂര്‍വം എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ വീണ്ടും നേതാവായി 'ഐകകണ്‌ഠ്യേന' തെരഞ്ഞെടുക്കുകയായിരുന്നു.
ഐകകണ്‌ഠ്യേന ആവാന്‍ കാരണമുണ്ട്. 1400 അംഗ പാര്‍ട്ടി കൗണ്‍സിലില്‍ മൂന്നില്‍ രണ്ട് പേരെയും അബ്ബാസ് തന്നെ നേരിട്ട് നോമിനേറ്റ് ചെയ്തതാണ്. ബാക്കിയുള്ളവരും അങ്ങനെയൊക്കെ എത്തിപ്പെട്ടവര്‍ തന്നെ. മറ്റു നാടുകളില്‍ അഭയാര്‍ഥികളായി കഴിയുന്നവരുടെ പ്രതിനിധികളും പങ്കെടുക്കാറുണ്ടെങ്കിലും അടുത്ത കാലത്തായി അവരുടെ എണ്ണം വളരെ ചുരുങ്ങിയിട്ടുണ്ട്. നേതൃമാറ്റം ഉണ്ടാവില്ല എന്ന് നേരത്തേ ഉറപ്പായിരുന്നു. അബ്ബാസുമായി തെറ്റിപ്പിരിഞ്ഞ് ഗള്‍ഫ് നാടുകളിലെവിടെയോ പ്രവാസ ജീവിതം നയിക്കുന്ന മുഹമ്മദ് ദഹ്‌ലാന്‍ എന്ന വെസ്റ്റ് ബാങ്കിലെ മുന്‍ സെക്യൂരിറ്റി ചീഫുമായുള്ള ഉരസല്‍ മാത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. കേന്ദ്രകമ്മിറ്റിയില്‍ കടന്നുകൂടാന്‍ ദഹ്‌ലാന്‍ ശ്രമിച്ചെങ്കിലും അബ്ബാസിന്റെ സമപ്രായക്കാര്‍ ചേര്‍ന്ന വൃദ്ധപ്പട സമര്‍ഥമായി അതിന് തടയിട്ടു.
ഫത്ഹിന്റെ കാര്യങ്ങള്‍ മുമ്പും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ പാര്‍ട്ടി കൗണ്‍സില്‍ വിളിക്കണമെന്ന് ചട്ടമുണ്ടെങ്കിലും ഇന്നേവരെ സമയം പാലിച്ചുകൊണ്ട് അത് നടന്നിട്ടില്ല. ആദ്യസമ്മേളനം കുവൈത്തിലായിരുന്നു-1962 ല്‍. രണ്ടും മൂന്നും നാലും സമ്മേളനങ്ങള്‍ ദമസ്‌കസില്‍-യഥാക്രമം 1968,1971,1980 വര്‍ഷങ്ങളില്‍. അഞ്ചാമത്തേത് 1989-ല്‍ തുനീഷ്യയില്‍. ആറാമത്തേത് 21 വര്‍ഷം കഴിഞ്ഞ് 2009-ല്‍ ബെത്‌ലെഹേമില്‍. കൃത്യമായ പാര്‍ട്ടിഘടനയോ ചട്ടക്കൂടോ ഇല്ലെന്നതിന് തെളിവാണിത്. തലപ്പത്തുള്ളവര്‍ക്ക് എങ്ങനെയും അതിനെ കൈകാര്യം ചെയ്യാം. റാമല്ല സമ്മേളനവും വെറും കൂടിപ്പിരിയലായി കലാശിച്ചതും അതുകൊണ്ടുതന്നെ.
ഇഖ്‌വാൻ
സിറിയയില്‍ അജണ്ടകള്‍ ജനകീയവല്‍ക്കരിച്ചേ പറ്റൂ
സിറിയയിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതൃനിരയില്‍ ശ്രദ്ധേയനാണ് ഉമര്‍ അബ്ദുല്‍ അസീസ് മശൂഹ്. അല്‍ജസീറ ഡോട്ട് നെറ്റില്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം അടിയന്തരമായി കൈക്കൊള്ളേണ്ട നിലപാട് വികാസങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇഖ്‌വാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഭരണകക്ഷിയായ ബഅ്‌സ് നടത്തുന്ന ഭീകരമായ അടിച്ചമര്‍ത്തലിന്റെ കൂടി ഉപോല്‍പന്നമാണ്. ഭരണകൂട ഭീകരതയില്‍നിന്ന് രക്ഷപ്പെടാന്‍ ഇഖ്‌വാന്‍ നേതൃത്വം ഇക്കാലമത്രയും മറുനാടുകളില്‍ താവളമുറപ്പിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ബശ്ശാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോഴാണ് നേതാക്കള്‍ പലരും തിരിച്ചെത്തുന്നത്. അതിനാല്‍ തന്നെ സംഘടനയെ അതിവേഗം മാറുന്ന രാഷ്ട്രീയ ചുറ്റുപാടുകള്‍ക്കനുസരിച്ച് മാറ്റിയെടുക്കാന്‍ സാവകാശം ലഭിച്ചില്ല. ബശ്ശാര്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയതു മുതല്‍തന്നെ സ്വന്തമായി സൈനിക വിംഗ് രൂപീകരിക്കേണ്ടെന്ന് ഇഖ്‌വാന്‍ തീരുമാനിച്ചിരുന്നു. എണ്‍പതുകളില്‍ ഇഖ്‌വാന്റെ ശക്തികേന്ദ്രമായ ഹമയില്‍ ഭരണകൂടം നടത്തിയ കൂട്ടക്കൊലയിലേക്ക് നയിച്ച ചില നീക്കങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. പ്രതിപക്ഷങ്ങളുടെ 'സ്വതന്ത്ര സേന'യെ സഹായിക്കുന്ന നിലപാടാണ് ഇഖ്‌വാന്‍ സ്വീകരിച്ചത്. പ്രക്ഷോഭം തുടങ്ങുന്ന കാലത്തേതില്‍നിന്ന് തീര്‍ത്തും ഭിന്നമായ ഒരു സാഹചര്യത്തിലാണ് സിറിയ എത്തിപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ആ തീരുമാനം തിരുത്തണമെന്ന അഭിപ്രായമുള്ളവരുണ്ട്. പക്ഷേ, മറ്റു പ്രതിപക്ഷവിഭാഗങ്ങള്‍ അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുള്ള ഇഖ്‌വാന്‍ സ്വന്തമായ വിമോചനസേന രൂപീകരിക്കുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാവുമെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സിറിയന്‍ രാഷ്ട്രീയ ഭൂമികയില്‍ പിടിച്ചുനില്‍ക്കാന്‍ സംഘടനാ സെറ്റപ്പിലും മുന്‍ഗണനകളിലും ഉടനടി മാറ്റം വരുത്തുകയാണ് ഏക പോംവഴി. നാല് നിര്‍ദേശങ്ങളാണ് ലേഖകന്‍ മുന്നോട്ടുവെക്കുന്നത്:
ഒന്ന്, മുന്‍ഗണനകളില്‍ മാറ്റം വേണം. ചിന്താപരവും പ്രബോധനപരവും ശിക്ഷണപരവുമായ മേഖലകള്‍ക്കാണ് ഇപ്പോഴും മുന്‍ഗണന. രാജ്യത്ത് ഗുണപരമായ രീതിയില്‍ രാഷ്ട്രീയ മാറ്റമുണ്ടാക്കുക എന്നതിനാവണം ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്. രണ്ട്, പല നാടുകളിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ചിന്താപരമായി വഴിമുട്ടിനില്‍ക്കുന്ന അവസ്ഥയുണ്ട്. പലതരത്തിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകളും വംശീയ പോരുകളും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. രാഷ്ട്രീയ-പ്രബോധന മേഖലകളെ രണ്ടാക്കി നിര്‍ത്തിയാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സ്തംഭനാവസ്ഥയില്‍ നിര്‍ത്തുന്ന ചിന്താമുരടിപ്പില്‍നിന്ന് മുക്തി വേണം, പുതിയൊരു ധൈഷണിക തുറവി ഉണ്ടാവണം. മൂന്ന്, സംഘടനാ ഇടുക്കത്തില്‍നിന്ന് വിപ്ലവത്തിന്റെ വിശാലതയിലേക്ക് നീങ്ങണം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം നിര്‍ത്താനുള്ള വിശാലതയാണ് വിപ്ലവസന്ദര്‍ഭത്തില്‍ ഒരു സംഘടനക്ക് ഉണ്ടാവേണ്ടത്. അത് സംഘടനക്ക് കൈവരിക്കാനായിട്ടില്ല. നാല്, സിറിയ അധിനിവേശം ചെയ്യപ്പെടാന്‍ പോവുകയാണ്. ഒന്നിലധികം അധിനിവേശ ശക്തികളുണ്ടാകും. മേഖലയുടെ നിയന്ത്രണം പിടിക്കാന്‍ ഇറാന്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്. സുന്നി വിഭാഗത്തിനെതിരെ അവര്‍ തുറന്നയുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈ അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള ജനകീയ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ പറ്റുംവിധം സംഘടനയെ മാറ്റിപ്പണിയണം.
സിറിയയുടെ പ്രത്യേക പശ്ചാത്തലത്തില്‍ അജണ്ടകളുടെ സംഘടനാവത്കരണമല്ല, ജനകീയവല്‍ക്കരണമാണ് ഏറെ അത്യാവശ്യമായിട്ടുള്ളത് എന്ന് വാദിക്കുകയാണ് ലേഖകന്‍.
Comments