നവോത്ഥാനത്തെക്കുറിച്ച പ്രത്യാശകള്‍
കേരള മുസ്‌ലിംകളുടെ ശ്രീനാരായണ ഗുരു ഏതെങ്കിലും പണ്ഡിതനോ സംഘടനയോ അല്ല, ഗള്‍ഫ് പണമാണ് എന്ന് പറഞ്ഞത് കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവാണ്. ഇത് ഗള്‍ഫ് പണം കേരളീയ മുസ്‌ലിം ജീവിതത്തില്‍ ചെലുത്തിയ നവോത്ഥാനപരമായ സ്വാധീനത്തെ സൂചിപ്പിക്കുന്ന പ്രസ്താവന മാത്രമാണ്; ആധുനിക കേരള മുസ്‌ലിംജീവിത നിര്‍മാണത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്കിനെ നിഷേധിക്കുന്ന പ്രസ്താവനയല്ല. ഇരുപതാം നൂറ്റാണ്ട് ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ചേടത്തോളം നവോത്ഥാനത്തിന്റെ നൂറ്റാണ്ടാണ്. കേരളീയ നവോത്ഥാനത്തിന്റെ നൂറുവര്‍ഷം പൂര്‍ത്തിയാവുന്ന സന്ദര്‍ഭമാണിത്. കേരളീയ മുസ്‌ലിം നവോത്ഥാനവും ഒരു തരത്തില്‍ ആ നവോത്ഥാനത്തിന്റെ ഭാഗമാണ്. എന്നാല്‍, നൂറ്റാണ്ടുകളായി ഇരുളിലാണ്ടുപോയ ഒരു സമുദായത്തെ നവോത്ഥാനം തീര്‍ത്തും പുതിയ പ്രബുദ്ധതയിലേക്കും വെളിച്ചത്തിലേക്കും നയിക്കുകയായിരുന്നില്ല. കേരളത്തിലെ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം നവോത്ഥാനം ഒരു തുടര്‍പ്രക്രിയയാണ്. പാന്‍ ഇസ്‌ലാമിസത്തിന്റെ വക്താവും നവോത്ഥാന നായകനുമായ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ ചിന്താ-കര്‍മലോകവുമായി ആദ്യം ബന്ധം പുലര്‍ത്തിയ കേരളീയ പണ്ഡിതന്‍ മമ്പുറം ഫസല്‍ പൂക്കോയ തങ്ങളാണ്. ഈ തുടര്‍ച്ചകള്‍ക്കിടയില്‍ ഇടര്‍ച്ചകളൊക്കെയുണ്ടാവാം. എങ്കിലും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ സ്വാധീനഫലമായി മാത്രം സംഭവിച്ചതല്ല കേരളീയ മുസ്‌ലിം നവോത്ഥാനം.
യൂറോപ്യന്‍ നവോത്ഥാനവും പ്രബുദ്ധതയും (Enlightenment) ഇന്ത്യന്‍- കേരളീയ നവോത്ഥാനങ്ങളും കേരളീയ മുസ്‌ലിം നവോത്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്. അതോടൊപ്പം, കേരളീയ നവോത്ഥാനത്തെ ഇസ്‌ലാമും ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിലാണ് ഈ സ്വാധീനം ഏറ്റവും സാന്ദ്രതയില്‍ നമുക്ക് കാണാന്‍ കഴിയുക.
'ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേനെ വാഴുന്ന
മാതൃകാ സ്ഥാനമാണിത്'
എന്ന കേരളത്തെക്കുറിച്ച ഗുരുവിന്റെ സങ്കല്‍പത്തിലെ സോദര വിഭാവന അദ്ദേഹം ഇസ്‌ലാമില്‍നിന്ന് സ്വീകരിച്ചതാണ്. യൂറോപ്യന്‍ നവോത്ഥാനത്തിലെ ഇസ്‌ലാമിന്റെ സ്വാധീനത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനര്‍ഥം, ഈ നവോത്ഥാനങ്ങളെല്ലാം സഞ്ചരിച്ചത് ഇസ്‌ലാമിന്റെ വഴിയിലൂടെയാണ് എന്നല്ല. ഇസ്‌ലാം ഒരു നവോത്ഥാന ശക്തിയാണ്. അതുപയോഗിച്ച് ഇസ്‌ലാം സ്വയം പരിഷ്‌കരിക്കുകയും ഇസ്‌ലാമിതര സമൂഹങ്ങളുടെ പരിഷ്‌കരണത്തില്‍ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്.
കേരളീയ നവോത്ഥാനത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്നാണ് 'നമ്പൂതിരിയെ മനുഷ്യനാക്കുക' എന്നത്. എന്നാല്‍ കേരളീയ മുസ്‌ലിം നവോത്ഥാനം മുസ്‌ലിമിനെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യമല്ല ഉയര്‍ത്തിയത്. മുസ്‌ലിമിനെ ശരിയായ മുസ്‌ലിമാക്കുക എന്ന മുദ്രാവാക്യമാണ്. കാരണം ശരിയായ മുസ്‌ലിം എന്നതുതന്നെ ശക്തമായ നവോത്ഥാന ഊര്‍ജം പ്രദാനം ചെയ്യുന്ന ഒരാശയമാണ്. യൂറോപ്യന്‍ നവോത്ഥാനത്തിലെ മതരഹിത മനുഷ്യനേക്കാള്‍ നവോത്ഥാന ശേഷി ഇസ്‌ലാമിക സങ്കല്‍പത്തിലെ ശരിയായ മുസ്‌ലിമിനുണ്ട്. പൊതു നവോത്ഥാന ആശയങ്ങള്‍ കത്തിനില്‍ക്കുന്ന കാലത്തെ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ച അവതരണങ്ങള്‍ കേരളീയ മുസ്‌ലിം ചരിത്രത്തിലെ അതിന്റെ പൂര്‍വരൂപങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കാത്തതും കേരളീയ നവോത്ഥാനത്തിന്റെ പൊതു ഭാഷയോട് അടുത്തു നില്‍ക്കുന്നതുമായിരുന്നു. കേരളീയ മുസ്‌ലിം നവോത്ഥാനം കേരളീയ നവോത്ഥാനത്തിന്റെ മുസ്‌ലിം പതിപ്പ് മാത്രമല്ല. അതിന്റെ വേരുകള്‍ ഈജിപ്തിലും നജ്ദിലും പത്താന്‍കോട്ടിലും മാത്രമല്ല കേരളീയ മുസ്‌ലിം ചരിത്രത്തിലും കൂടിയാണ്.
എല്ലാ മതനവോത്ഥാനങ്ങള്‍ക്കും രണ്ട് ഭാവങ്ങള്‍ ഉണ്ടായിരിക്കും. ഒന്ന്, മതത്തിന്റെ ആദിമ വിശുദ്ധിയിലേക്കുള്ള മടക്കം, കലര്‍പ്പുകളില്‍നിന്ന് മതത്തെ ശുദ്ധീകരിക്കല്‍, പ്രമാണങ്ങളിലേക്കുള്ള മടക്കം (Return to Text) തുടങ്ങിയവ. രണ്ട്, അതിന്റെ സാമൂഹിക പരിഷ്‌കരണപരത. യൂറോപ്യന്‍ നവോഥാനത്തിന്റെ ഭാഗമായുണ്ടായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന പ്രൊട്ടസ്റ്റന്റ് മതനവീകരണത്തില്‍ നമുക്കിതു കാണാനാകും. ബൈബിളിലേക്ക് മടങ്ങാനാണ് അവര്‍ ആഹ്വാനം ചെയ്തത്. ദൈവത്തിനും മനുഷ്യനുമിടയിലെ പൗരോഹിത്യത്തിന്റെ ഇടനില പദവിയെ അത് മതപരമായി ചോദ്യം ചെയ്തു. ലാറ്റിന്‍ എന്ന വിശുദ്ധ ഭാഷക്കു പകരം അത് പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിച്ചു. ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിച്ചു. മറ്റനേകം സാമൂഹിക ദൗത്യങ്ങള്‍ അതേറ്റടുത്ത് നിര്‍വഹിച്ചു. എന്നാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും പ്രൊട്ടസ്റ്റന്റ് മൂവ്‌മെന്റില്‍നിന്ന് തന്നെയാണ് പ്രമാണമാത്രവാദികളും പ്യൂരിറ്റേറിയന്മാരും തീവ്രവാദികളായ നിയോ കണ്‍സര്‍വേറ്റുകളും പില്‍ക്കാലത്ത് ഉദയം ചെയ്തത്. ആധുനിക ശാസ്ത്രത്തിന് പിന്‍ബലമേകി ഉയര്‍ന്നുവന്ന പ്രൊട്ടസ്റ്റന്റ് സഭയില്‍നിന്നുതന്നെയാണ് ചികിത്സിക്കാനേ പാടില്ല, പ്രാര്‍ഥിക്കാനേ പാടുള്ളൂ എന്ന് പ്രബോധനം ചെയ്യുന്ന പെന്തക്കോസ്ത് സഭകള്‍ ഉണ്ടായത്. മതനവോത്ഥാനത്തിന്റെ സാമൂഹികപരത കൈവിടുകയും പ്രമാണപരതയില്‍ അതിരുകവിയുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതാണിത്. പ്രമാണപരതയെ സാമൂഹിക ലക്ഷ്യങ്ങള്‍കൊണ്ടും സാമൂഹിക താല്‍പര്യങ്ങളെ പ്രമാണപരതകൊണ്ടും പരസ്പരം ബാലന്‍സ് ചെയ്യുന്ന ഒരു മെക്കാനിസം ഇസ്‌ലാമിക നവോത്ഥാനത്തിനകത്ത് നമുക്ക് കാണാന്‍ കഴിയും.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ വെറും മതസംഘടനകള്‍ മാത്രമായി മാറുന്നതാണ് അവയുടെ ജീര്‍ണതയുടെയും ശൈഥില്യത്തിന്റെയും കാരണം. മതസംഘടനകള്‍ക്ക് അവര്‍ മതപരമെന്ന് വിശ്വസിക്കുന്ന കാര്യങ്ങളില്‍ കൃത്യതയുള്ള അജണ്ടയുണ്ടായിരിക്കും. സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളില്‍ തങ്ങളുടെ ഗ്രൂപ്പിന്റെ കാര്യസാധ്യം എന്ന അജണ്ട മാത്രമായിരിക്കും മിക്കപ്പോഴും ഉണ്ടാവുക. ദീര്‍ഘവീക്ഷണമുള്ള ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരിക്കില്ല അവര്‍ ഈ മേഖലയില്‍ ഇടപെടുക. തത്ത്വാധിഷ്ഠിതം എന്നതിനേക്കാള്‍ കേവല പ്രയോജനാധിഷ്ഠിതം എന്നതായിരിക്കും ഇതിന്റെ സമീപനരീതി. അതുകൊണ്ടാണ് മതത്തിലെ അതിരുകവിച്ചിലുകളെ സാമൂഹിക, രാഷ്ട്രീയ താല്‍പര്യങ്ങള്‍കൊണ്ട് സന്തുലിതമാക്കാന്‍ മതസംഘടനകള്‍ക്ക് കഴിയാതെ പോകുന്നത്. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങള്‍ ആദര്‍ശകാര്യങ്ങളായി കാണാതിരിക്കുമ്പോള്‍ മതകാര്യങ്ങളില്‍ അതിരുകവിച്ചിലുകള്‍ സംഭവിക്കുന്നു. അത് തീവ്രതയിലേക്ക് നയിക്കുന്നു. അല്ലെങ്കില്‍ ഭൗതികരംഗം മതസംഘടനകളുടെ വലിയ ജീര്‍ണതക്കുള്ള പശ്ചാത്തലമായിത്തീരുന്നു.
മതത്തെ സന്തുലിതമാക്കുന്നതില്‍ മതത്തിന്റെ സാമൂഹിക, രാഷ്ട്രീയ കാഴ്ചപ്പാടിന് വലിയ പങ്കുണ്ട്. മത സംഘടനകളുടെ തത്ത്വാധിഷ്ഠിതമല്ലാത്ത രാഷ്ട്രീയ ഇടപെടലുകള്‍ അവയെ ജീര്‍ണിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ ജീര്‍ണത ആദര്‍ശവാദികളെ തീവ്രതയിലേക്കെത്തിക്കുന്നതില്‍ പങ്കുവഹിക്കും.
ഇരുപതാം നൂറ്റാണ്ടിലെ കേരളീയ മുസ്‌ലിം നവോത്ഥാനം മതപരമായ ദൗത്യങ്ങള്‍ മാത്രമല്ല നിര്‍വഹിച്ചത്. സ്ത്രീ പള്ളിപ്രവേശന പ്രസ്ഥാനത്തില്‍ സ്ത്രീകളുടെ പൊതുപ്രവേശനത്തിനുള്ള ആഹ്വാനം കൂടി ഉള്ളടങ്ങിയിട്ടുണ്ടായിരുന്നു. ഖുത്വ്ബ മാതൃഭാഷയിലാവണമെന്നതില്‍ മതം അര്‍ഥമറിയാത്ത മന്ത്രമല്ല എന്ന മതവിപ്ലവം മാത്രമല്ല, പ്രാദേശിക ഭാഷാ ശാക്തീകരണമെന്ന ആധുനിക നവോത്ഥാനങ്ങളിലെ പൊതുഘടകത്തെ കൂടി കാണാന്‍ കഴിയും. മുസ്‌ലിം ലീഗും ഇസ്‌ലാഹീ പ്രസ്ഥാനവും തമ്മിലുള്ള നാഭീനാള ബന്ധത്തിലും പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ അജണ്ട ദര്‍ശിക്കാന്‍ കഴിയും.
പക്ഷേ, പിന്നീട് നവോത്ഥാന സംഘടനകള്‍ മതസംഘടനകള്‍ മാത്രമായി ചുരുങ്ങി. സാമൂഹിക, രാഷ്ട്രീയ അജണ്ട എന്നത് തത്ത്വരഹിതമായി ചില പാര്‍ട്ടികളുടെ ഉപഗ്രഹ സംഘടനയാവുക എന്നതായി. തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ഇടപഴകുകയും അവയെ സ്വാധീനിക്കുകയും തിരുത്തിക്കുകയും അതിനെ ഒരു മതപ്രവര്‍ത്തനമായി കാണുകയും ചെയ്യുന്ന സമീപനരീതി നഷ്ടമായി. ആദര്‍ശം എന്നാല്‍ മതതര്‍ക്കം എന്നതിലേക്ക് ന്യൂനീകരിക്കപ്പെട്ടു. തൗഹീദ്, വിശ്വാസ-ആരാധനാ കാര്യങ്ങളുടെ ഭൂപടം മാത്രമായി. അതിനു പുറത്തുള്ള വ്യക്തി, കുടുംബ, സാമൂഹിക, രാഷ്ട്രീയ, രാഷ്ട്രാന്തരീയ ജീവിതം അപ്രധാനമായി മാറി.
സലഫീപ്രസ്ഥാനം ഇന്ത്യയില്‍ ഒരു പുതിയ ചരിത്രഘട്ടത്തെ അഭിമുഖീകരിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യകാലത്തിനു ശേഷമുള്ള വലിയ പ്രതിസന്ധിയിലൂടെ അത് കടന്നുപോയിത്തുടങ്ങുകയാണ്. സാമ്രാജ്യത്വത്തിന്റെ ഇസ്‌ലാംവിരുദ്ധതക്ക് സലഫീവിരുദ്ധത എന്ന പരിഭാഷ തെന്നയുണ്ട്. ഇതിനെ ഒരിക്കലും വളഞ്ഞ വഴിയിലൂടെ മറികടക്കാന്‍ കഴിയില്ല. അധികാരത്തിന് പാദസേവ ചെയ്‌തോ ഏതെങ്കിലും സഹോദര സംഘടനകളെ ഒറ്റുകൊടുത്തോ പരിഹരിക്കാവുന്ന പ്രതിസന്ധിയല്ല ഇത്. ഏതു പ്രതിസന്ധിയും പ്രതിസന്ധി മാത്രമല്ല, സാധ്യത കൂടിയാണ്. സാമ്രാജ്യത്വവിരുദ്ധവും ഫാഷിസ്റ്റു വിരുദ്ധവും ഭരണകുട ഭീകരതക്കെതിരെയുള്ളതുമായ രാഷ്ട്രീയത്തെ വികസിപ്പിക്കാന്‍ സലഫീപ്രസ്ഥാനത്തിന് ചരിത്രം നല്‍കിയ ഉജ്ജ്വലമായ അവസരമാണിത്.
രാഷ്ട്രീയമെന്നത് ശത്രുവിനെ തിരിച്ചറിയുന്ന ശാസ്ത്രമാണ്. ശത്രുവിനെക്കുറിച്ച തിരിച്ചറിവ് മിത്രങ്ങളെക്കുറിച്ച തിരിച്ചറിവ് കൂടിയാണ്. സാമൂഹികവും രാഷ്ട്രീയവുമായ അജണ്ടകള്‍ ഉണ്ടാവുമ്പോള്‍ മതപരമായ തലനാരിഴകീറിയുള്ള ചര്‍ച്ചകള്‍ അപ്രധാനമാവും. അവയെ സംഘടനാ അജണ്ടകളാക്കി തെരുവു യുദ്ധങ്ങള്‍ സംഘടിപ്പിക്കുകയില്ല. കേരളത്തിലെ മുജാഹിദ് ഐക്യത്തിന് ഇരുവിഭാഗം നേതാക്കളും സംയുക്തമായി പറഞ്ഞ കാരണം വളരെ പ്രസക്തമാണ്. ഏക സിവില്‍കോഡ് ശ്രമവും സലഫീവേട്ടയുമാണത്. അപ്പോള്‍തന്നെ പത്രപ്രവര്‍ത്തകര്‍ സിഹ്‌റ്( മാരണം) വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് വൈജ്ഞാനിക തലത്തിലെ അനുവദനീയമായ അഭിപ്രായ വ്യത്യാസം മാത്രമാണെന്നാണ് കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞത്. ഇത് വളരെ ഇസ്‌ലാമികവും ആരോഗ്യകരവുമായ സമീപനരീതിയാണ്.
മതപരമായ അഭിപ്രായങ്ങളില്‍ വിശാലത പുലര്‍ത്തിയും രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് ചരിത്രത്തിലുടനീളം മുസ്‌ലിം ഐക്യം സാധ്യമായത്. പിളര്‍പ്പ് എത്ര സങ്കടകരമായിരുന്നോ അതിനേക്കാള്‍ ആഹ്ലാദകരവും ആവേശകരവുമാണ് കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിലെ രണ്ട് ഗ്രൂപ്പുകളുടെ പുനരേകീകരണം. രാഷ്ട്രീയമായ ദിശാബോധം കൈവരിക്കുകയും വിശ്വാസ-ആരാധനാ കാര്യങ്ങള്‍ക്കപ്പുറം വ്യക്തി, കുടുംബ, സാമൂഹിക അജണ്ടകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു സലഫീപ്രസ്ഥാനത്തിന് തീര്‍ച്ചയായും കേരളത്തില്‍ നവോത്ഥാനത്തിന്റെ പുതിയ ശതകം സൃഷ്ടിക്കാന്‍ കഴിയുകതന്നെ ചെയ്യും. ഉണങ്ങിപ്പോയെന്നാശങ്കിച്ച നവോത്ഥാനത്തിന്റെ വൃക്ഷം പൂക്കുകയും കായ്ക്കുകയും ചെയ്യും.
Comments