Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

ഒന്നും ഓര്‍ത്തുവെക്കാനറിയാത്ത പൗരന്മാര്‍

ഇഹ്‌സാന്‍

ഭരണം രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് നിലവിലുള്ള ഒരേയൊരു ചര്‍ച്ച 'കള്ളപ്പണം' മാത്രമാക്കി മാറ്റിയെടുത്തു എന്നത് നരേന്ദ്ര മോദിയുടെ വിജയം തന്നെയാണ്. പൊതുതെരഞ്ഞെടുപ്പിനു മുമ്പ് മോദി നടത്തിയ റാലികളില്‍ വാഗ്ദാനം ചെയ്ത തൊഴിലില്ലായ്മാ നിര്‍മാര്‍ജനമോ രൂപയുടെ വര്‍ധിച്ച മൂല്യമോ ഓരോരുത്തരുടെയും ബാങ്ക് അക്കൗില്‍ വന്നുവീഴാനുള്ള 15 ലക്ഷം രൂപയോ വിലകുറയുന്ന ധാന്യങ്ങളോ പെട്രോളോ ഒന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ഓര്‍മയില്ലാതായി. ഗാഡ്ജറ്റുകളുടെ കാലത്ത് ഓര്‍മശേഷി പൊതുവെ അരണകള്‍ക്കു തുല്യമായി മാറുന്നത് ഇന്ത്യയുടെ മാത്രമല്ല അമേരിക്കയിലെ വോട്ടര്‍മാരുടെ പോലും പ്രത്യേകതയാണ്. അധികാരാരോഹണ വേളയില്‍ നരേന്ദ്ര മോദി എന്തൊക്കെ ഇന്ത്യയോടും ലോകത്തോടും പറഞ്ഞോ അതിനെല്ലാം നേര്‍ക്കുനേര്‍ വിപരീതത്തിലുള്ള പ്രവൃത്തികളുമായാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്ന് പൊതുജനത്തിന് കണ്ടിട്ടും കൊണ്ടിട്ടും മനസ്സിലാവാതായി. ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്ന് വാക്കു കൊടുത്ത് അധികാരത്തിലേറിയ സര്‍ക്കാര്‍ നോട്ട്‌നിരോധം നടപ്പാക്കുന്നതിനു മുമ്പുള്ള കാലത്തു തന്നെ പ്രതിമാസം 5500 തൊഴിലവസരങ്ങള്‍ വീതം രാജ്യത്ത് നഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു എന്നാണ് കണക്കുകള്‍. നോട്ട്‌നിരോധം നടപ്പിലായതോടെ ചെറുകിട, കാര്‍ഷിക മേഖലകളില്‍ തൊഴില്‍തന്നെ ഇല്ലാതായി. ആര്‍ക്കുമില്ല ഇന്ന് ഇതൊന്നും ചോദ്യംചെയ്യാനുള്ള ധൈര്യം.

പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം തന്നെയെടുക്കുക. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ബന്ധമാണ് നരേന്ദ്ര മോദിയുടെ കാലത്ത് ഇന്ത്യക്ക് പാകിസ്താനുമായി ഇപ്പോഴുള്ളത്. രാജ്യസുരക്ഷ, ദേശീയത എന്നീ വിഷയങ്ങളില്‍ മറ്റാരേക്കാളും വലിയ വായില്‍ അലറി വിളിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭരണകാലത്ത് ഇന്ത്യയുടെ സുരക്ഷ അതിന്റെ എക്കാലത്തെയും മോശപ്പെട്ട വിതാനത്തിലേക്ക് കൂപ്പുകുത്തി എന്നതാണ് യാഥാര്‍ഥ്യം. സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ഇംഗ്ലീഷ് പദം രാജ്യത്തുടനീളം പ്രചുരപ്രചാരം നേടിയത് എന്തിനെ ചൊല്ലിയായിരുന്നു? പാകിസ്താനകത്തേക്ക് കടന്ന് അവിടെയുള്ള നിരവധി ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം സാഹസികമായി തകര്‍ത്തുവെന്നും രാജ്യത്തെ ജനങ്ങളെ ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരുന്ന ഭീകരതയുമായി ബന്ധപ്പെട്ട പാകിസ്താന്റെ കുത്സിതശ്രമങ്ങള്‍ക്ക് ഇന്ത്യ മുഖമടച്ച മറുപടി നല്‍കിയെന്നും സൈനിക നേതൃതവും രാഷ്ട്രീയ നേതൃത്വവും അവകാശപ്പെട്ടതിനെ തുടര്‍ന്നായിരുന്നില്ലേ? പ്രധാനമന്ത്രി 'കടുത്ത' ഭാഷയില്‍ പാകിസ്താന് മുന്നറിയിപ്പും നല്‍കി. എന്നിട്ടോ? ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പട്ടാളക്കാര്‍ പിന്നീടുള്ള മൂന്നു മാസക്കാലയളവില്‍ കൊല്ലപ്പെടുകയും ഒക്ടോബര്‍ വരെ മാത്രം മൂന്നു ഡസനിലേറെ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഡിസംബര്‍ 13-ന് പുറത്തുവന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം നിയന്ത്രണരേഖക്കപ്പുറത്ത് മുന്‍കാലങ്ങളില്‍ അടച്ചുപൂട്ടിയ 45-ഓളം ഭീകരപരിശീലനകേന്ദ്രങ്ങള്‍ ഇക്കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം പുനരാരംഭിക്കുകയും പാകിസ്താന്‍ പട്ടാളത്തിന്റെ പിന്തുണയോടെ തന്നെ സജീവമായി പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നുവത്രെ. വാജ്പേയിയും മുശര്‍റഫും ചേര്‍ന്ന് തുടക്കമിട്ട് മന്‍മോഹന്‍ സിംഗിന്റെ കാലത്ത് പാകിസ്താന്റെ കൂടി സഹകരണത്തോടെ അടച്ചുപൂട്ടലിലേക്ക് നീങ്ങിയ ഈ ക്യാമ്പുകള്‍ പുനരാരംഭിക്കാന്‍ വഴിയൊരുങ്ങിയെങ്കില്‍പിന്നെ എന്ത് സര്‍ജിക്കല്‍ സ്ട്രൈക്കാണ് മനോഹര്‍ പരിക്കറും കൂട്ടരും അവകാശപ്പെട്ടു കൊണ്ടിരുന്നത്.

സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇത്രത്തോളം കെടുകാര്യസ്ഥത പുലര്‍ത്തിയ മറ്റൊരു കേന്ദ്രസര്‍ക്കാറും ഉണ്ടായിട്ടുണ്ടാവില്ല. പത്താന്‍കോട്ടില്‍ ആറ് ഭീകരര്‍ കടന്നുകയറിയെന്ന് പാര്‍ലമെന്റില്‍ രേഖകളുദ്ധരിച്ച് ആരോപണമുന്നയിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇതേ ആറു പേരുടെ കാര്യം ആവര്‍ത്തിച്ച പ്രതിരോധമന്ത്രിയും അന്നേ ബാക്കിയിട്ട സംശയമാണ് രക്ഷപ്പെട്ട രണ്ടു പേരെ കുറിച്ച് മാധ്യമങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നത്. നാലു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ശേഷിച്ച രണ്ടു പേര്‍ എങ്ങോട്ടേക്കാണ് അപ്രത്യക്ഷരായതെന്ന് പിന്നീടൊരിക്കലും കേന്ദ്രത്തിന് വിശദീകരിക്കാനായില്ല. അതിലേറെ ജുഗുപ്സാവഹമായ ഒരു നീക്കമാണ് പിന്നീട് കേന്ദ്രം നടത്തിയത്. നാലു പേര്‍ മാത്രമേ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് ആഭ്യന്തരസഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം പിന്നീട് പാര്‍ലമെന്റിനെ ഒരു ചോദ്യത്തിനുള്ള ഉത്തരമായി അറിയിച്ചു. അപ്പോള്‍ ആദ്യം ഉദ്ധരിച്ച ആ രേഖകളോ? രാജ്യസുരക്ഷയുടെ കാര്യത്തില്‍ എന്തുതരം രേഖകളാണ് ഈ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തെളിവായി ഹാജരാക്കുന്നത്? എന്നല്ല പത്താന്‍കോട്ട് ആക്രമണത്തിനു ശേഷമായിരുന്നല്ലോ ഉറിയില്‍ ആക്രമണം നടന്നത്. പുറത്തുവന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉറിയിലെ ഈ സൈനിക കേന്ദ്രത്തിലേക്ക് മുഖ്യപ്രവേശന കവാടത്തിലൂടെ ഇന്ത്യന്‍ പട്ടാളക്കാരുടെ വേഷത്തിലാണ് അക്രമികള്‍ നടന്നുകയറിയത്. തീര്‍ന്നില്ല, ഉറിക്കു ശേഷം കുപ്വാരയും നഗ്രോട്ടയും പാംപൊരയും അരങ്ങേറി. തലങ്ങും വിലങ്ങും പട്ടാളക്കാരുടെ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. അപ്പോള്‍ എന്തു സുരക്ഷാപാഠങ്ങളാണ് ഇന്ത്യ പത്താന്‍കോട്ടില്‍നിന്ന് പഠിച്ചത്? 89 സുരക്ഷാ ഭടന്മാരാണ് ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. എന്ത് മുന്നൊരുക്കങ്ങളാണ്, രഹസ്യാന്വേഷണങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്? സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിലൂടെ എന്ത് മാറ്റമാണ് ഭീകരരുടെ നിലപാടില്‍ വരുത്താനായത്? സുരക്ഷ ഉറപ്പുവരുത്താനായി കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ വിദേശത്തുനിന്നും കൊല്ലംതോറും വാങ്ങിക്കൂട്ടിയിട്ടും തീപിടിക്കാത്ത ടെന്റുകള്‍ പോലും നമ്മുടെ പട്ടാളക്കാര്‍ക്ക് ഇല്ലാതിരുന്നതു കൊണ്ടാണല്ലോ ഉറിയില്‍ അത്രയേറെ പേര്‍ വെന്തുമരിച്ചത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍