Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

ഇബ്‌റാഹീം നബി മനുഷ്യ നാഗരികതയുടെ പിതാവ്

ഒ. മുഹമ്മദ് ശരീഫ്

മനുഷ്യ നാഗരികതയുടെ പിതാവും പ്രവാചകന്മാരുടെ കുലപതിയുമായ ഇബ്‌റാഹീം നബി(അ)യുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ അഭാവം വലിയൊരളവോളം നികത്തുന്നതാണ് ഡോ. മുഹമ്മദ് റദിയ്യുല്‍ ഇസ്‌ലാം നദ്‌വിയുടെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഹസ്രത്ത് ഇബ്‌റാഹീം എന്ന കൃതി. സംസ്‌കാരങ്ങളുടെ വളര്‍ച്ചയെയും മതതാരതമ്യങ്ങളെയും കുറിച്ച പഠനങ്ങളില്‍ ഒട്ടും ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമാകേണ്ടതായിരുന്നു ഇബ്‌റാഹീം നബി. പക്ഷേ സെക്യുലര്‍ ചരിത്ര-സംസ്‌കാര പഠനങ്ങളില്‍ ഇബ്‌റാഹീം നബിയുടെ ജീവിതം കടന്നുവരുന്നില്ല. ഈയൊരു പശ്ചാത്തലത്തില്‍ ഈ കൃതിയുടെ പ്രാധാന്യം വലുതാണ്. പ്രസാധകക്കുറിപ്പില്‍ അവകാശപ്പെടുന്നതുപോലെ ശരിയായ ഇബ്‌റാഹീമീ പാരമ്പര്യം എങ്ങനെയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) തന്നില്‍ അലിയിച്ചുചേര്‍ത്ത് ലോകത്തോട് പ്രബോധനം ചെയ്തത് എന്ന് കണ്ടെത്താനും ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. 

ആധുനികരും പൗരാണികരുമായ ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങളെയും അഭിപ്രായങ്ങളെയും മുന്‍നിര്‍ത്തി ഇബ്‌റാഹീം നബി ജീവിച്ച കാലവും സാമൂഹികാവസ്ഥയും ഒട്ടും ഗൗരവം ചോരാതെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നുണ്ട്. ബഹുദൈവ വിശ്വാസം, വിഗ്രഹപൂജ, നക്ഷത്രപൂജ എന്നിവയില്‍ മുങ്ങിയ അന്തരീക്ഷത്തില്‍ വളര്‍ന്ന ഇബ്‌റാഹീം വിവേകമുദിച്ചപ്പോള്‍ കണ്ടത് തന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും മരം, മണ്ണ്, കല്ല് എന്നിവകൊണ്ട് നിര്‍മിക്കപ്പെട്ട ബിംബങ്ങളുടെ മുന്നില്‍ തല കുനിക്കുന്നതും തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് അവയോട് അപേക്ഷിക്കുന്നതുമാണ്. അല്‍പം വളര്‍ന്നു വലുതായപ്പോള്‍ മാതാപിതാക്കളുമായി നടത്തുന്ന സംഭാഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ചിന്താശക്തിയുടെയും ബുദ്ധികൂര്‍മതയുടെയും അടയാളമായിരുന്ന ആ വാക്കുകള്‍ മാതാപിതാക്കള്‍ക്ക് വിടുവായത്തമായേ തോന്നിയുള്ളൂ.  

സ്‌നേഹം, ഇഷ്ടം, ആത്മബന്ധം, മര്യാദ, ബഹുമാനം എന്നിവയൊക്കെ ഉള്‍ച്ചേര്‍ന്ന മൃദുശൈലിയിലാണ് ഇബ്‌റാഹീം നബി പിതാവിനു മുന്നില്‍ കാര്യങ്ങള്‍ സമര്‍പ്പിക്കുന്നത്.  പ്രബോധിതരെ ദൈവിക ശിക്ഷയില്‍നിന്ന് രക്ഷിക്കാനും നേര്‍വഴി കാണിക്കാനുമുള്ള ത്വരയും താല്‍പര്യവും എത്രമേല്‍ ശക്തമായിരുന്നു ആ പ്രവാചകവര്യനില്‍ എന്ന് ഈ പ്രയോഗങ്ങള്‍ വിളംബരം ചെയ്യുന്നു. 

കാര്യം ബോധ്യപ്പെടുത്താനുള്ള സര്‍വ മാര്‍ഗങ്ങളും സ്വീകരിച്ച് ന്യായപൂര്‍ത്തീകരണത്തിനു വേണ്ടി അഹോരാത്രം ശ്രമിക്കുന്ന പ്രവാചകനെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന അധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 

പ്രബോധന പ്രവര്‍ത്തനങ്ങളിലെ യുക്തിദീക്ഷയും അഭിസംബോധിതരുടെ മാനസികാവസ്ഥയെ പരിഗണിക്കുന്ന ഇബ്‌റാഹീം നബിയുടെ രീതികളുമെല്ലാം ഗ്രന്ഥകര്‍ത്താവ് മനോഹരമായി അവതരിപ്പിക്കുന്നു. 

ദൈവിക കല്‍പന അനുസരിച്ച് നാടും വീടും വിട്ട് പലായനം നടത്തുമ്പോള്‍ അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനും അവനില്‍ ഭരമേല്‍പിക്കാനുമുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് വായനക്കാരനു മുന്നില്‍ അനാവൃതമാകുന്ന അധ്യായമാണ് 'പലായനം'. കുറേ കാലം സന്താനങ്ങള്‍ ഇല്ലാതിരുന്ന ഇബ്‌റാഹീം നബി  തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ ഇസ്മാഈല്‍ എന്ന മകനെ നല്‍കിയതും അവന്‍ അല്‍പം വളര്‍ന്നപ്പോള്‍ രണ്ടു പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതുമെല്ലാം ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. 

'കഅ്ബാലയത്തിന്റെ നിര്‍മാണം' എന്ന അധ്യായം വായിക്കുമ്പോള്‍ ഇബ്‌റാഹീം നബിയുടെ ഹജ്ജ് വിളംബരത്തിന്റെ പ്രതിധ്വനികള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ അത്യാവേശപൂര്‍വം ആ വിളിക്കുത്തരം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും അനുവാചകന് ബോധ്യമാകും. 

ഇബ്‌റാഹീം നബി മുഖേന നല്‍കപ്പെട്ട വിശ്വാസങ്ങളും നിയമസംഹിതയുമുള്‍ക്കൊള്ളുന്ന ജീവിതരീതിയാണല്ലോ ഇബ്‌റാഹീമീ മില്ലത്ത്. തൗഹീദിലും (ഏകദൈവ വിശ്വാസം)രിസാലത്തിലും (പ്രവാചകത്വം) ആഖിറത്തിലും (പരലോക വിശ്വാസം) ചൂഴ്ന്നുനില്‍ക്കുന്ന ഇബ്‌റാഹീമീ മില്ലത്തിന്റെ ഘടകങ്ങള്‍ പ്രാധാന്യപൂര്‍വം വിശദീകരിക്കപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് ഇബ്‌റാഹീമീ മില്ലത്തിന്റെ യഥാര്‍ഥ വാഹകരും അതിന് അര്‍ഹതയുള്ളവരും മുസ്‌ലിംകളാകുന്നെതങ്ങനെയെന്ന് പ്രമാണസഹിതം വിശദീകരിക്കുന്നു. ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയുടെ ഫലമെന്നോണം ഇബ്‌റാഹീമീ മില്ലത്തിന്റെ പുനരുദ്ധാരകനായി അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) നിയോഗിക്കപ്പെട്ടതും ഗ്രന്ഥകാരന്‍ വിവരിക്കുന്നു.  

പേജ്: 184, വില: 180 രൂപ

പ്രസാധനം: ഐ.പി.എച്ച്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍