Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

ആബിദ അബ്ദുല്‍ഹകീം

വി.ടി ഫൈസല്‍ (പ്രസിഡന്റ്, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍)

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍ വനിതാ വിഭാഗം മുഗളിന യൂനിറ്റിലെ സജീവ പ്രവര്‍ത്തകയും അസോസിയേഷന്‍ മുഗളിന യൂനിറ്റ് പ്രവര്‍ത്തകന്‍ എം.ടി അബ്ദുല്‍ഹകീം സാഹിബിന്റെ ഭാര്യയുമായിരുന്ന സഹോദരി ആബിദ (39) അല്ലാഹുവിങ്കലേക്ക് യാത്രയായി. ഓമശ്ശേരിയിലെ പി.പി അബ്ദുര്‍റഹ്മാന്‍-കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. മക്കള്‍: ഹിശാം, ഹാദിയ, അമാന്‍. 

15 വര്‍ഷത്തിലധികമായി ഖത്തറില്‍ താമസിച്ചുകൊണ്ടിരിക്കുകയായിരുന്ന സഹോദരി ആബിദ ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ കര്‍മനിരതയായി ഒട്ടേറെ മാതൃകകള്‍ വിട്ടേച്ചുകൊണ്ടാണ് വിടപറഞ്ഞത്. ഒഴിവു സമയങ്ങളിലെല്ലാം വായനാ-പഠനങ്ങളിലൂടെ അറിവ് നേടുന്നതിലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും സഹോദരി ഏറെ താല്‍പര്യം കാണിച്ചു. ആരോട് സംസാരിക്കുമ്പോഴും ദൈവസ്മരണയെയും നമസ്‌കാരത്തെയും പ്രാര്‍ഥനയെയും കുറിച്ച് ഓര്‍മപ്പെടുത്തും. ഫോണ്‍ സംഭാഷണമാകട്ടെ, നേരിട്ടുള്ള സംസാരമാവട്ടെ ഇസ്‌ലാമിനെക്കുറിച്ച് പറയാതെ അവര്‍ അവസാനിപ്പിക്കുമായിരുന്നില്ല. ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സഹോദരി ആബിദ. സഹോദര സമുദായാംഗങ്ങളായ സുഹൃത്തുക്കള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും കൂടുതല്‍ ബന്ധമുള്ളവരോട് വിശദമായി സംവദിക്കാനും പുസ്തകങ്ങള്‍ നല്‍കാനും അവര്‍ ശ്രദ്ധിച്ചു. 

6 മാസം മുമ്പ് അസുഖമാണെന്നറിഞ്ഞ് ഖത്തറില്‍നിന്ന് നാട്ടിലേക്ക് പോകുന്നതുവരെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. തനിക്ക് പിടിപെട്ടത് മാരകമായ അസുഖമാണെന്നറിഞ്ഞിട്ടും രോഗം സുഖപ്പെട്ട് ഖത്തറിലേക്ക് തിരിച്ചുവരുമെന്ന ശുഭാപ്തി സന്ദര്‍ശിച്ചപ്പോഴൊക്കെ അവര്‍ പങ്കുവെക്കുകയുണ്ടായി. നേരത്തേ അസുഖബാധിതയായപ്പോഴും അവര്‍ കാണിച്ച മനോധൈര്യവും ക്ഷമയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇസ്‌ലാമിക പ്രവര്‍ത്തനത്തിലൂടെ ധാരാളം വ്യക്തിബന്ധങ്ങള്‍ നേടിയെടുക്കുകയും അത് നിലനിര്‍ത്തുകയും ചെയ്തിരുന്നു. മരണം പ്രായകാലഭേദമന്യേ എപ്പോഴും സംഭവിക്കാവുന്ന ഒന്നാണെന്ന് ഓര്‍മപ്പെടുത്തി അവര്‍ യാത്രയായി. കിട്ടിയ ആയുസ്സും ആരോഗ്യവും പാഴാക്കാതെ ഇസ്‌ലാമിക മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തിയ സഹോദരിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു തക്ക പ്രതിഫലം നല്‍കുമാറാകട്ടെ. 

 

ഉമ്മു ഹബീബ 

നാട്ടുകാര്‍ക്ക് പ്രിയങ്കരിയായിരുന്നു കര്‍മമേഖലയില്‍ സജീവയായ സലാമത്ത് നഗര്‍ വിശാരത്ത് വീട്ടില്‍ ഉമ്മു ഹബീബ ടീച്ചര്‍ (38). ചുറുചുറുക്കോടെ അവര്‍ പ്രവര്‍ത്തനരംഗത്ത് മുന്നേറുമ്പോള്‍ നാഥന്‍ അവരെ വിളിക്കുകയായിരുന്നു.

എസ്.എസ്.എല്‍.സിക്കു ശേഷം വണ്ടൂര്‍ ഇസ്‌ലാമിയാ കോളേജില്‍നിന്ന് അഫ്ദലുല്‍ ഉലമ കഴിഞ്ഞ് പന്തലിങ്ങല്‍ ഇസ്‌ലാഹിയയില്‍ പി.ജിയും മലപ്പുറത്തുനിന്ന് ലാംഗ്വേജ് എജുക്കേഷനില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കി, മേപ്പാടം റഹ്മാനിയയില്‍ അധ്യാപികയായി. ബാല്യത്തില്‍ ഉപ്പയും കൗമാരത്തില്‍ ഉമ്മയും നഷ്ടമായ നാ

ല് പെണ്‍മക്കളില്‍ ഇളയവളായിരുന്നു. സ്ത്രീധനവിവാഹം വേണ്ടെന്ന് നിര്‍ബന്ധം പിടിച്ച അവര്‍ക്ക് 36-ാം വയസ്സില്‍ ദീനീനിഷ്ഠയുള്ള ഒരാളെത്തന്നെ പ്രിയതമനായി കിട്ടി.  

വസ്ത്രമര്യാദകളില്‍ ഹബീബ ടീച്ചര്‍ ഏറെ കണിശക്കാരിയായിരുന്നു. സ്ത്രീകള്‍ക്കുവേണ്ടി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ യൂനിറ്റിന് തുടക്കംകുറിച്ചു. ഏതു ഉത്തരവാദിത്തം ഏറ്റെടുത്താലും അത് സുന്ദരമായി നിര്‍വഹിക്കും. കുടുംബപരമായ പരീക്ഷണങ്ങള്‍ നേരിടുന്ന സന്ദര്‍ഭങ്ങളിലും അവര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടിയാണ് കൂടുതല്‍ ഉത്കണ്ഠപ്പെട്ടത്, അതിന്റെ പോരായ്മകളെച്ചൊല്ലിയാണ് വാചാലയായത്. റമദാനുകളില്‍ യുവതികളെയും പെണ്‍കുട്ടികളെയും കൂട്ടി അവര്‍ ഇഅ്തികാഫിന് നേതൃത്വം നല്‍കി. 

മദ്‌റസ-സ്‌കൂള്‍ വാര്‍ഷിക പരിപാടികളുടെ ഭാഗമായി കലാപരിപാടികള്‍ ഒരുക്കുന്നതിലും മറ്റും അവര്‍ മുന്നണിയില്‍ നിന്നു. അവ സ്വയം ആവിഷ്‌കരിക്കുകയും രചിക്കുകയും സംവിധാനിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുമായിരുന്നു. കലാപരിപാടികളുടെ പൂര്‍ണമായ ഇസ്‌ലാമികവല്‍ക്കരണത്തിന് തന്റെ ഇടപെടലുകളിലൂടെ അവര്‍ ശ്രദ്ധവെച്ചു.  

രണ്ടു മാസമായി മാരകരോഗം ബാധിച്ച് വളരെയേറെ പ്രയാസപ്പെടുകയായിരുന്നു. രോഗബാധിതയാകും മുമ്പേതന്നെ മരണത്തെക്കുറിച്ച് എല്ലാവരെയും ഓര്‍മപ്പെടുത്തുമായിരുന്നു ഉമ്മു ഹബീബ. 

കെ.എം മുഹ്‌സിന മേപ്പാടം 

 

 

യു. കുഞ്ഞിമുഹമ്മദ്

വളാഞ്ചേരിയിലെ ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഈയിടെ നിര്യാതനായ യു. കുഞ്ഞുമുഹമ്മദ്. ഹാജി വി.പി മുഹമ്മദലി സാഹിബുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായത്. ബിസിനസ്സുകാരായ മക്കളെയും കുടുംബത്തെയും അദ്ദേഹം ഇസ്‌ലാമിക ശിക്ഷണത്തില്‍ വളര്‍ത്തി. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായും മറ്റും സഹായം ചെയ്യുന്നതില്‍ എന്നും ശ്രദ്ധപുലര്‍ത്തിയിരുന്നു അദ്ദേഹവും കുടുംബവും.  

കുഞ്ഞിമുഹമ്മദ് വളാഞ്ചേരി 

 

അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍