Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

മുജാഹിദ് പ്രസ്ഥാനം സ്വയം പരിഷ്‌കരിക്കുന്ന കാലം

ടി. റിയാസ് മോന്‍

അകത്ത് പ്രവര്‍ത്തിക്കുന്ന തിരുത്തല്‍ ശക്തികളുടെ വിജയമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിക്കുന്ന ഐക്യം. പിളര്‍ന്ന് പതിനാലു വര്‍ഷം കഴിഞ്ഞിട്ടും ഐക്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയ ചെറു ന്യൂനപക്ഷം ഇഛാശക്തിയോടെ അവരുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നു. ഐക്യസംഘം പകര്‍ന്നു നല്‍കിയ ധിഷണയുടെ തീജ്ജ്വാലകള്‍ ഏറ്റുവാങ്ങിയ സര്‍ഗാത്മക ന്യൂനപക്ഷം കേരള മുജാഹിദ് പ്രവര്‍ത്തകരെ നേരിന്റെ വഴിയിലേക്ക് നയിച്ചിരിക്കുന്നു. കേരളത്തിലെ മുസ്‌ലിംകളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മുജാഹിദ് ഐക്യം ഗുണപരമായ സ്വാധീനം ചെലുത്തുമെന്ന് പ്രാഥമികമായി നിരീക്ഷിക്കാം.

പിളര്‍ന്നുനിന്ന മുജാഹിദ് ഗ്രൂപ്പുകള്‍ പരസ്പരം ഉന്നയിച്ച ആരോപണങ്ങളും പരാതികളും ഇതോടെ റദ്ദാവുകയാണ്. അതെല്ലാം ഇനി ചരിത്രത്തിന്റെ ഭാഗം. അതിനിടയാക്കിയ സാഹചര്യങ്ങളും അതുയര്‍ത്തിയ വെല്ലുവിളികളും സാമൂഹികശാസ്ത്ര നിരീക്ഷകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ചരിത്രപാഠങ്ങളായി അവശേഷിക്കുന്നു. നദികള്‍ ചിലപ്പോള്‍ നടുവില്‍ ഡെല്‍റ്റകള്‍ സൃഷ്ടിച്ച് രണ്ടായി ഒഴുകാറുണ്ട്. കുറച്ചൊഴുകിയതിനു ശേഷം പുനര്‍സംഗമം നടത്താറുണ്ട്. പരിസ്ഥിതിയിലും യാത്രകളിലും താല്‍പര്യമുള്ളവര്‍ ഡല്‍റ്റകളെ കൗതുകത്തോടെ നിരീക്ഷിക്കാറുണ്ട്. അതുപോലെ സാമൂഹികശാസ്ത്രജ്ഞര്‍ക്ക് നിരീക്ഷിക്കാനും ഗവേഷണം നടത്താനുമുള്ള ഒന്നായി മുജാഹിദ് പിളര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാവുകയാണ്. 

കേരളത്തിലെ മുസ്‌ലിം സമുദായം നേരിടുന്ന ഭീഷണികളോട് ഇസ്‌ലാഹി പ്രസ്ഥാനത്തിന് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും സര്‍ഗാത്മകമായ മറുപടിയാണ് മുജാഹിദ് ഐക്യം.  ഐക്യപ്പെടുന്ന മുജാഹിദ് പ്രസ്ഥാനം പുറമെനിന്നുള്ള വെല്ലുവിളികളേക്കാള്‍ അകത്തുനിന്നാണ് വെല്ലുവിളി നേരിടുക. അവയെ പ്രസ്ഥാനം എവ്വിധം നേരിടും എന്നിടത്താണ് അതിന്റെ പ്രസക്തി വര്‍ധിക്കുകയും ശോഷിക്കുകയും ചെയ്യുക. ഒന്നാകുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ അജണ്ടകളും ഊന്നലുകളുമാണ് അതിന്റെ പ്രസക്തിയെ നിര്‍ണയിക്കുക എന്ന കാര്യം തീര്‍ച്ചയാണ്. സമ്പന്നമായ ചരിത്രമുണ്ട് കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്. എന്നാല്‍, ആ ചരിത്രത്തിന് വര്‍ത്തമാനകാലത്ത് പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കാന്‍ സാധിക്കുകയില്ല. അതേസമയം, ചരിത്രത്തില്‍നിന്ന് പാഠവും ആവേശവും ഉള്‍ക്കൊള്ളുന്നവര്‍ക്ക് ചരിത്രം മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജം നല്‍കും. 

ഐക്യപ്പെടുന്ന മുജാഹിദ് പ്രസ്ഥാനം കേവലമായ ആദര്‍ശപ്രബോധകസംഘമായി ചുരുങ്ങിപ്പോകുമോ എന്ന ആശങ്ക ചിലരെങ്കിലും പങ്കുവെക്കുന്നുണ്ട്. ഒന്നായി കഴിഞ്ഞിട്ടുവേണം മുസ്‌ലിം സമുദായത്തിലെ തന്നെ ഇതര പ്രസ്ഥാനങ്ങളോട് ശക്തമായി പോരിനിറങ്ങാന്‍ എന്ന് കരുതുന്ന ചെറിയ പറ്റം വികാരജീവികള്‍ പ്രസ്ഥാനത്തിനകത്തുണ്ട്. മതപ്രഭാഷകരായി മാത്രം വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ചിലയാളുകള്‍ പ്രസ്ഥാനത്തെ പ്രബോധകസംഘമായി ചുരുക്കിക്കാണാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നതൊരു വസ്തുതയാണ്. ഇതര മുസ്‌ലിം സംഘടനകളെ വിമര്‍ശിച്ചുകൊണ്ടാണ് മുജാഹിദ് പ്രസ്ഥാനം നിലനില്‍ക്കുന്നത് എന്ന് തെറ്റിദ്ധരിച്ച ആശയപരമായ ഉള്‍ക്കാമ്പില്ലാത്ത ചെറിയ കൂട്ടവും മുജാഹിദ് പ്രസ്ഥാനത്തിനകത്ത് നിലനില്‍ക്കുന്നുണ്ട് എന്നതും വസ്തുതയാണ്. കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനം ആശയപരമായും നയപരമായും നിലനിര്‍ത്തുന്ന സ്വത്വമാണ് അതിന്റെ വ്യക്തിത്വം. അതിനോട് പൂര്‍ണമായും മറ്റു സംഘങ്ങള്‍ യോജിക്കുന്നില്ല. അതിനാല്‍തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആ ഭിന്നാഭിപ്രായങ്ങളില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ മൗലികമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നത് ഒരു പ്രവര്‍ത്തകന്റെ ഉത്തരവാദിത്തമാണ്. സ്വന്തം പ്രസ്ഥാനത്തിന്റെ കര്‍മപരിപാടികളെ പ്രൊജക്ട് ചെയ്തും ആശയാടിത്തറ പ്രചരിപ്പിച്ചുമാണ് പ്രവര്‍ത്തകന്‍ നിലനില്‍ക്കുന്നത്.

ഇസ്‌ലാമിക പ്രബോധനരംഗത്ത് സ്വീകരിക്കുന്ന ശൈലിയും സമീപനവും, സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന സ്ഥാപനങ്ങളുടെ ഗുണമേ• ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍, മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് സ്വീകരിക്കുന്ന തന്ത്രങ്ങള്‍, പൊതുസമൂഹത്തോടുള്ള ആദാനപ്രദാനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും വരുംകാലത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രസക്തി നിര്‍ണയിക്കപ്പെടുക. 

മലയാളത്തിലുള്ള വെള്ളിയാഴ്ച ഖുത്വ്ബകളാണ് മുസ്‌ലിംകളോട് പ്രബോധനം നടത്താനും സംവദിക്കാനുമുള്ള പ്രധാന ഇടം. ഖുത്വ്ബകള്‍ ലളിതവും സാരസമ്പൂര്‍ണവുമാകേണ്ടതുണ്ട്. പ്രാദേശിക മുസ്‌ലിം ജനതയുടെ സവിശേഷമായ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മിമ്പറുകളില്‍നിന്ന് ഉണ്ടാകേണ്ടതുണ്ട്. അതിന് ഖത്വീബുമാരെ പ്രാപ്തരാക്കിയെടുക്കേണ്ടിവരും. നിരന്തരമായ പരിശീലനപ്രക്രിയയിലൂടെയും സൂക്ഷ്മതലത്തിലുള്ള അവലോകനങ്ങളിലൂടെയുമാണ് അത് സാധ്യമാകുന്നത്. ഖത്വീബുമാരുടെ ആശയവിനിമയശേഷിയും അതിന്റെ ഗുണഫലങ്ങളും പ്രസ്ഥാനം സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കേണ്ടിവരുമെന്ന് ചുരുക്കം. 

ഏതൊരു സംഘടനയും പൊതുജനങ്ങള്‍ക്ക് ദൃശ്യമാകുന്നത് അതിന്റെ സ്ഥാപനങ്ങളിലൂടെയും എടുപ്പുകളിലൂടെയുമാണ്. സ്ഥാപനങ്ങളുടെയും ഇന്‍ഫ്രാ സ്ട്രക്ചറിന്റെയും ദാരിദ്ര്യം കേരളത്തിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്നില്ല. സ്ഥാപനങ്ങള്‍ക്ക് ദാരിദ്ര്യം ഉണ്ടായിരുന്ന കാലത്ത് ഏതാനും സ്ഥാപനങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നത് നവോത്ഥാന പ്രവര്‍ത്തനമായിരുന്നു. സ്ഥാപനങ്ങള്‍കൊണ്ട് സമ്പന്നമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും സാമൂഹിക ബന്ധങ്ങളുമാണ് മുസ്‌ലിംകള്‍ക്ക് ഭൗതികമായി ഇന്ന് ആവശ്യമുള്ളത്. സാമ്പത്തിക ശേഷി വര്‍ധിക്കുന്നതുകൊണ്ടുമാത്രം ജീവിതസാഹചര്യങ്ങളും സാമൂഹികബന്ധങ്ങളും മെച്ചപ്പെടുന്നില്ല. സാമൂഹിക- ആരോഗ്യരംഗത്തെ വിദഗ്ധരുടെ സംയോജനത്തിലൂടെയും, നിരന്തരമായ ഗവേഷണങ്ങളിലൂടെയുമാണ് അത് സാധ്യമാകുന്നത്. സമുദായ പുരോഗതിക്ക് ഉപകരിക്കുന്ന ചര്‍ച്ചകളുടെയും ഗവേഷണങ്ങളുടെയും വേദിയായി സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മദ്‌റസകള്‍ മുതല്‍ കോളേജുകള്‍ വരെ ഗുണമേ•യും സാമൂഹിക പ്രതിബദ്ധതയും ഉള്ള സ്ഥാപനങ്ങളാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ വരുംകാല അജണ്ടയാവുകയാണെങ്കില്‍ സമുദായത്തിന് അത് മുതല്‍ക്കൂട്ടാകും. 

കേരളത്തിലെ ആദ്യത്തെ പൊതുധാരയിലുള്ള മുസ്‌ലിം വനിതാസംഘടന എം.ജി.എമ്മാണ്. മുജാഹിദ് വനിതാ സംഘടനയായ എം.ജി.എമ്മിന് കാല്‍നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഇന്ത്യയില്‍ മുസ്‌ലിം വനിതകളുടെ പ്രശ്‌നങ്ങളെയും അവകാശങ്ങളെയും കുറിച്ച് ഏറ്റവും സജീവമായി സംസാരിക്കുന്നത് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളാണ്. മുസ്‌ലിം വനിതകള്‍ക്കിടയില്‍നിന്നുള്ള അക്കാദമിക് ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഉപയോഗിക്കുന്നത് ഫെമിനിസ്റ്റുകളുടെ പ്ലാറ്റ്‌ഫോമുകളും ഭാഷയുമാണ്. മുസ്‌ലിം സ്ത്രീയെ കുറിച്ച് ആധികാരികമായി, അല്ലെങ്കില്‍ വിപുലമായി സംസാരിക്കേണ്ടിയിരുന്നത് മുസ്‌ലിം വനിതാ സംഘങ്ങളായിരുന്നു. ഫെമിനിസ്റ്റുകള്‍ (ഫെമിനിസ്റ്റ് എന്നത് സൗകര്യത്തിന് വേണ്ടിയുള്ള പ്രയോഗമാണ്. അതിന്റെ പ്രത്യയശാസ്ത്രപരമായ ചര്‍ച്ചകളിലേക്ക് പ്രവേശിക്കുന്നില്ല) സംസാരിക്കുമ്പോള്‍ അതിന്റെ ഊന്നലുകളില്‍ പലപ്പോഴും മതത്തിനകത്തെ പുരുഷാധിപത്യത്തോടുള്ള വിയോജിപ്പിനപ്പുറം മതത്തോടുള്ള വിയോജിപ്പും മുന്‍വിധികളുമാണ് കടന്നുവരുന്നത്. മുസ്‌ലിം പക്ഷത്ത് നില്‍ക്കുന്ന വനിതാ പ്രസ്ഥാനങ്ങളുടെ അഭാവം പൊതു ഇടങ്ങളില്‍നിന്ന് നോക്കുമ്പോള്‍ നിഴലിച്ചുകാണുന്നുണ്ട്. നിലവിലുള്ള മുസ്‌ലിം വനിതാ സംഘടനകള്‍ തങ്ങളുടെ മാതൃസംഘടനകളുടെ പെണ്ണുങ്ങള്‍ക്കിടയിലേക്കുള്ള കിളിവാതിലായി ഒതുങ്ങിനില്‍ക്കുകയാണ്. സമുദായത്തിനു പുറമെനിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് ക്ലീഷേ മറുപടികള്‍ പറഞ്ഞും പരിമിതമായ ചില അജണ്ടകളില്‍ ശുഷ്‌കിച്ചുനിന്നും അവയങ്ങനെ മുന്നോട്ടുപോവുകയാണ്. ജനാധിപത്യസമൂഹത്തില്‍ മുഖ്യധാരയില്‍നിന്ന് സംസാരിക്കാന്‍ പ്രാപ്തിയുള്ള സ്ത്രീകള്‍ ഇല്ലെന്ന പോരായ്മ തിരിച്ചറിയേണ്ടതുണ്ട്. സ്വത്വത്തെയും കുടുംബത്തെയും സ്വന്തം ആരോഗ്യത്തെയും കുറിച്ച് സംസാരിക്കാനാകുന്ന വനിതാ കൂട്ടായ്മകളെ സൃഷ്ടിക്കുകയെന്നത് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്ന സലഫീധാരയോട് ചേര്‍ന്നുനില്‍ക്കുന്ന മുജാഹിദ് പ്രസ്ഥാനത്തില്‍നിന്ന് വിപ്ലവാത്മകമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെട്ടേക്കാം. പെണ്ണിന് അക്ഷരാഭ്യാസം നല്‍കുന്നതിന് നടത്തിയ വിപ്ലവകരമായ നീക്കങ്ങളെ കുറിച്ചുള്ള മേനിപറച്ചിലും, പരലോകത്തെക്കുറിച്ച് ഗദ്ഗദം പ്രകടിപ്പിക്കുന്ന പ്രസംഗവുമൊക്കെയായി അവസാനിക്കുന്ന വനിതാസംഗമത്തില്‍നിന്ന് മുന്നോട്ടുകുതിക്കുകയോ എന്ന നീരസവും ചിലര്‍ക്കുണ്ടായേക്കാം. സമുദായത്തിന്റെ ജനസംഖ്യയുടെ നേര്‍പാതിയായ സ്ത്രീകളെ ഉള്‍ക്കൊണ്ടു മാത്രമേ ഒരു സാമൂഹിക പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാകൂ എന്നതാണ് വാസ്തവം. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ആകാശത്തുനിന്ന് ആരും ഇറങ്ങിവരാനില്ലാത്തതിനാല്‍ അതിമോഹമാണെങ്കിലും അങ്ങനെ സ്വപ്‌നം കണ്ടേ മതിയാകൂ. 

കേരളത്തിലെ മുസ്‌ലിം സമുദായത്തിന് പൊതുവായ നേതൃത്വം ഉണ്ടാവുക എന്നത് പ്രായോഗികമായ കാര്യമല്ല. സംഘടനാ നേതൃത്വങ്ങളുടെ കൂട്ടായ്മയാണ് സമുദായത്തിന്റെ നേതൃത്വം. മുസ്‌ലിം സമുദായത്തിന്റെ നേതൃത്വം എന്ന നിലയില്‍ നിലപാടുകളും സമീപനങ്ങളും സ്വീകരിക്കാനും അതിനനുസൃതമായി സമുദായത്തിനകത്തെ വിവിധ സംഘങ്ങളോട് ആശയവിനിമയം നടത്താനും സാധിക്കണം. നിരന്തരമായി നിയമ-നീതിന്യായ സംവിധാനങ്ങളില്‍ ഇടപെടുന്ന ജുഡീഷ്യല്‍ ആക്ടിവിസമോ മാധ്യമവ്യവസായരംഗത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുന്ന കോര്‍പ്പറേറ്റ് സംസ്‌കാരമോ മുജാഹിദ് പ്രസ്ഥാനത്തിന് ആവശ്യമില്ല. എങ്കിലും ജനാധിപത്യത്തിന്റെ ഭാഗമായ ജുഡീഷ്യറി, മാധ്യമങ്ങള്‍ എന്നിവയില്‍ സമുദായതാല്‍പര്യം മുന്‍നിര്‍ത്തി ഇടപെടാനുള്ള പബ്ലിക് റിലേഷന്‍ ടൂളുകള്‍ സ്വായത്തമാക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ ഫെഡറല്‍ സംവിധാനത്തിനകത്ത് ന്യൂനപക്ഷ സമുദായത്തില്‍പെട്ട സംഘടന ആരോഗ്യത്തോടെ ജീവിച്ചുപോകുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സജ്ജീകരണങ്ങളും മുജാഹിദ് പ്രസ്ഥാനത്തിനും വേണം എന്നര്‍ഥം. 

മുജാഹിദ് ഐക്യം യാഥാര്‍ഥ്യമായിരിക്കുകയാണ്. സംഘടനാപരമായ പുനഃക്രമീകരണങ്ങള്‍ പൂര്‍ത്തിയാവാന്‍ ഇനിയും സമയമെടുത്തേക്കും. അതു കൂടി കഴിഞ്ഞാലേ ഐക്യം പ്രായോഗികതലത്തില്‍ സമ്പൂര്‍ണമാകൂ. ഐക്യം നല്‍കുന്ന ഊര്‍ജത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം ഇത്തിരി കാലം മുന്നോട്ടുപോകും. അതിനപ്പുറത്തേക്ക് മുന്നോട്ടുപോകാന്‍ പഠനവും ചിന്തയും അതിന്റെ പ്രയോഗവത്കരണവും കൂടിയേ തീരൂ. സംഘടനാപരമായ പുനഃക്രമീകരണങ്ങള്‍ക്ക് സമാന്തരമായി അക്കാദമിക്-ആക്ഷന്‍ റിസര്‍ച്ചുകള്‍ കൂടി മുന്നോട്ടുപോകേണ്ടതുണ്ട്. സമുദായത്തിനകത്തെ ആക്ടിവിസ്റ്റുകളുടെയും ബുദ്ധിജീവികളുടെയും ഉത്തരവാദിത്തമാണത്. ഐക്യത്തിന്റെ ഗുണഫലങ്ങള്‍ മുസ്‌ലിം സമുദായം അനുഭവിച്ചറിയാന്‍ അതു കൂടി ആവശ്യമാണ്.  

(എം.എസ്.എം മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍