Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

ഭൂമിയില്‍ മുന്നേറിയവര്‍ തന്നെയാണ് സ്വര്‍ഗത്തിലേക്കും മുന്നേറുന്നവര്‍

ഒ.കെ ഫാരിസ്

അസ്സാബിഖൂനസ്സാബിഖൂന്‍, ഉലാഇകല്‍ മുഖര്‍റബൂന്‍... -മുന്നേറിയവര്‍ തന്നെയാണ് മുന്നേറിയവര്‍, അവര്‍ അല്ലാഹുവിന്റെ ഏറ്റവും അടുത്ത ആളുകളാണ്. ഖുര്‍ആനില്‍ വളരെ ചുരുക്കം ചിലയിടങ്ങളില്‍ മാത്രം പ്രതിപാദിക്കുന്ന ഒരു കൊച്ചു വിഭാഗമാണ് സാബിഖുകള്‍. അവര്‍ സ്വര്‍ഗാവകാശികളാണെന്ന് പറഞ്ഞശേഷം, അവര്‍ക്കവിടെ ലഭിക്കുന്ന സുഖസൗകര്യങ്ങളും ചേര്‍ത്തുപറയുന്നത് കാണാം. അതിലുപരി സ്വര്‍ഗത്തിന്റെ ഉന്നതങ്ങളില്‍ ആരായിരിക്കും സ്ഥാനംപിടിക്കുക എന്ന ചോദ്യത്തിന് ഖുര്‍ആന്റെ മറുപടിയാണ് ഈ മുന്നേറ്റക്കാര്‍ (സാബിഖുകള്‍). അല്ലാഹു നമുക്ക് നല്‍കിയ ആയുഷ്‌കാലം കൊണ്ട് നമുക്ക് എങ്ങനെ സ്വര്‍ഗത്തിന്റെ ഉന്നത സ്ഥാനം കരസ്ഥമാക്കാന്‍ സാധിക്കും, ആരൊക്കെയാണ് സാബിഖുകള്‍ എന്നത് പഠിക്കുകയും പകര്‍ത്തുകയും ചെയ്യുക മാത്രമാണതിന് വഴി. ആരാണവരെന്ന് അന്വേഷിച്ചുനോക്കാം.

സാബിഖ് എന്നതിന് ഭാഷാപരമായി മുന്നേറിയവന്‍ എന്നാണര്‍ഥം. ഖുര്‍ആനില്‍ ആ അര്‍ഥത്തില്‍ തന്നെയാണ് ഉപയോഗിച്ചത്. എന്നാല്‍ സൂറഃ അല്‍ വാഖിഅയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുന്നേറുന്ന ഒരു വിഭാഗത്തിന്റെ നാമമായി തന്നെ ആ പദം ഉപയോഗിച്ചതായി കാണാം.

പരലോകത്ത് മനുഷ്യരെ മൂന്നായി തിരിക്കുമെന്ന് സൂറഃ അല്‍ വാഖിഅയില്‍ സവിശേഷമായ ഒരു പരാമര്‍ശം കാണാം. വലതുപക്ഷക്കാരും ഇടതുപക്ഷക്കാരും പിന്നെ സാബിഖുകളും. സ്വര്‍ഗാവകാശികളാണ് വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍ നരകാവകാശികളും. സ്വര്‍ഗാവകാശികള്‍ തന്നെയാണെങ്കിലും സാബിഖുകളെ പ്രത്യേകം എടുത്തു പരാമര്‍ശിച്ചത് അവരുടെ പ്രാധാന്യം തന്നെയാണ് കുറിക്കുന്നത്. മാത്രമല്ല ഓരോ ആത്മാവും ആശങ്കയുടെ മുള്‍മുനയില്‍നിന്ന് വിയര്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ ഏറ്റവും അടുത്ത് അര്‍ശിന്റെ ചുവട്ടില്‍ തണല്‍ ലഭിക്കുന്നവരാണവര്‍.

അല്ലാഹു ഖുര്‍ആനില്‍ സാബിഖുകളെ അവതരിപ്പിക്കുന്ന രംഗം വളരെ സുന്ദരമാണ്. കഥകളിലും നോവലുകളിലും ചിത്രീകരണങ്ങളിലുമൊക്കെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോലെ ഈ രംഗം നമ്മള്‍ മനസ്സില്‍ സങ്കല്‍പിച്ചുനോക്കിയാല്‍ അതിന്റെ ഭംഗി മനസ്സിലാക്കാം. ഭൂമി കിടുകിടാ വിറച്ച്, പര്‍വതങ്ങള്‍ പാറിപ്പറന്ന് എല്ലാം തകര്‍ന്നടിഞ്ഞ് നിരപ്പാക്കപ്പെടുന്ന സന്ദര്‍ഭം. പലരും സംഭവിക്കില്ലെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവം നടന്ന് ആര്‍ക്കും ഒന്നും പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലാത്ത സന്ദര്‍ഭം. ഉന്നതങ്ങളില്‍ സിംഹാസനസ്ഥനായി അല്ലാഹു. വലതു ഭാഗത്തായി കുറേ പേരെ അണിനിരത്തും, എന്താണവരുടെ അവസ്ഥ? ഇടതു ഭാഗത്തും കുറേ പേരുണ്ടാകും, എന്തായിരിക്കും അവരുടെയും അവസ്ഥ? അവരുടെയൊക്കെ വിഷയം ചോദ്യചിഹ്നമുയര്‍ത്തി അല്ലാഹു ഒരാശങ്കക്കും വകയില്ലാത്ത ഒരു കൂട്ടരെ അവതരിപ്പിക്കുകയാണ്.

''മുമ്പന്മാര്‍ മുമ്പന്മാര്‍ (സാബിഖുകള്‍ സാബിഖുകള്‍) തന്നെ. അവരാകുന്നു ദൈവസാമീപ്യം സിദ്ധിച്ചവര്‍; അനുഗൃഹീതമായ ആരാമങ്ങളില്‍ അവര്‍ വസിക്കും. മുന്‍ഗാമികളില്‍നിന്ന് വളരെപ്പേരുണ്ട്. പിന്‍ഗാമികളില്‍നിന്ന് കുറച്ചും. അവര്‍ രത്‌നം പതിച്ച മഞ്ചങ്ങളില്‍ മുഖാമുഖമായി ചാരിക്കിടക്കുന്നു. ഒഴുകുന്ന ഉറവകളില്‍നിന്നുള്ള പാനീയങ്ങള്‍ നിറച്ച പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ നിത്യബാലന്മാര്‍ അവരുടെ സദസ്സുകളില്‍ ചുറ്റിനടക്കുന്നുണ്ടായിരിക്കും. അത് കുടിച്ചാല്‍ അവര്‍ക്ക് തലചുറ്റുകയോ ബുദ്ധി മന്ദിക്കുകയോ ഇല്ല. ആ ബാലന്മാര്‍, അവര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാന്‍ പലതരം രുചികരമായ പഴങ്ങള്‍ മുമ്പില്‍ കൊണ്ടുവെക്കും. അവരിഷ്ടപ്പെടുന്ന പക്ഷിമാംസങ്ങളും. അവര്‍ക്കായി നാണം തുളുമ്പും കണ്ണുകളുള്ള ഹൂറികളുമുണ്ടായിരിക്കും. രഹസ്യമായി സൂക്ഷിക്കപ്പെട്ട മുത്തുകളെന്നോണം അഴകുറ്റവര്‍. ഇഹത്തില്‍ ചെയ്തുകൊണ്ടിരുന്ന കര്‍മങ്ങള്‍ക്ക് പ്രതിഫലമായി ഇതൊക്കെയും അവര്‍ക്ക് ലഭിക്കുന്നു. അവിടെ അവര്‍ അപശബ്ദങ്ങളോ ആഭാസവര്‍ത്തമാനങ്ങളോ കേള്‍ക്കുകയില്ല. കേള്‍ക്കുന്നതെന്തും തികച്ചും നേരായതായിരിക്കും'' (56: 14-26). 

ഈ അധ്യായം അവസാനിക്കുന്നത് ഈ മൂന്ന് വിഭാഗത്തെ ഒന്നുകൂടെ പരാമര്‍ശിച്ചുകൊണ്ടാണ്. അവിടെയും സാബിഖുകളെ തന്നെയാണ് ഒന്നാമതായി പറയുന്നത്:

''മരിക്കുന്നവന്‍ ദൈവസാമീപ്യം സിദ്ധിച്ചവന്‍ (സാബിഖ്) ആണെങ്കില്‍. അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വര്‍ഗീയാരാമവുമുണ്ടായിരിക്കും. അഥവാ, അവന്‍ വലതുപക്ഷക്കാരില്‍പെട്ടവനാണെങ്കില്‍. 'വലതുപക്ഷക്കാരില്‍പെട്ട നിനക്കു സമാധാനം' എന്ന് സ്വാഗതം ചെയ്യപ്പെടും. മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനാണെങ്കിലോ, അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരമായിരിക്കും. നരകത്തിലെ കത്തിയെരിയലും. തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ. അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക'' (56: 88-96). 

നമുക്ക് സാബിഖാകാന്‍ പറ്റുമോ? ആരൊക്കെയാണ് ഈ വിഭാഗത്തില്‍പെടുന്ന ആളുകള്‍? എന്താണ് അവരുടെ സവിശേഷതകള്‍? ഈ വിഭാഗത്തോടൊപ്പം ചേര്‍ന്ന് സ്വര്‍ഗത്തിന്റെ ഉന്നതങ്ങള്‍ കരഗതമാക്കാന്‍ നമുക്ക് സാധ്യമാണോ? സാധ്യമെങ്കില്‍ അതിനു വേണ്ടി നാം എന്ത് പരിശ്രമമാണ് നടത്തേണ്ടത്?

പില്‍ക്കാലക്കാരില്‍ കുറച്ചു പേര്‍ സാബിഖുകളായി ഉണ്ടാകും എന്ന പരാമര്‍ശം പില്‍ക്കാലക്കാരായ നമ്മില്‍ ചിലര്‍ക്കും സാബിഖുകളാകാന്‍ അവസരമുണ്ടെന്നതിലേക്കുള്ള സൂചനയാണ്. അവരുടെ സവിശേഷതകള്‍ ഖുര്‍ആനിന്റെയും ഹദീസുകളുടെയും വെളിച്ചത്തില്‍ നമുക്ക് പരിശോധിക്കാം.

 

1. മുന്നേറിയവരാണവര്‍: 'മുന്നേറിയവര്‍ മുന്നേറിയവര്‍ തന്നെ' എന്നാണ് പ്രയോഗം. അഥവാ ഇഹലോകത്ത് നന്മയില്‍ മുന്നേറിയവര്‍ തന്നെയാണ് പരലോകത്തും മുന്നേറുക. 

ഇമാം അബുല്‍ അഅ്‌ലാ മൗദൂദി വിശദീകരിക്കുന്നത് കാണുക: 'സാബിഖൂന്‍' (മുന്നേറിയവര്‍) എന്നതുകൊണ്ടുദ്ദേശ്യം, സത്യത്തിലും സന്മാര്‍ഗത്തിലും മറ്റെല്ലാവരേക്കാളും മികച്ചുനില്‍ക്കുന്നവരാണ്. അവര്‍ എല്ലാ സല്‍ക്കര്‍മങ്ങളിലും മറ്റുള്ളവരെ കവച്ചുവെക്കുന്നു. ദൈവത്തിന്റെയും ദൈവദൂതന്റെയും വിളി കേട്ടാല്‍ എല്ലാവരേക്കാളുമാദ്യം ലബ്ബൈക്ക പറഞ്ഞ് ഓടിയെത്തുന്നു. ജിഹാദാകട്ടെ, ദൈവസരണിയില്‍ വ്യയം ചെയ്യലാവട്ടെ, ജനസേവനമാകട്ടെ, നന്മയിലേക്കുള്ള ക്ഷണമാവട്ടെ, സത്യപ്രബോധനമാവട്ടെ എന്നു വേണ്ട ലോകത്ത് നന്മ പരത്താനും തിന്മ തടയാനും വേണ്ടി ത്യാഗപരിശ്രമങ്ങളും ആത്മാര്‍പ്പണവും നടത്താനുള്ള ഏതു സംരംഭത്തിലും മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് അവരായിരിക്കും. ഈ അടിസ്ഥാനത്തില്‍ പരലോകത്തും അവര്‍ മുന്‍നിരയില്‍ നിര്‍ത്തപ്പെടുന്നു. അല്ലാഹുവിന്റെ വിചാരണാസഭ ഏതാണ്ട് ഈ വിധമായിരിക്കും: വലതുഭാഗത്ത് സജ്ജനങ്ങള്‍. ഇടതുഭാഗത്ത് പാപികള്‍. എല്ലാവര്‍ക്കും മുമ്പില്‍ ദൈവിക സിംഹാസനത്തിനടുത്തായി സാബിഖുകള്‍, നന്മയില്‍ മറ്റെല്ലാവരേക്കാളും മുന്നേറിയവര്‍. ആഇശ(റ)യില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ ഇപ്രകാരം കാണാം: 'റസൂല്‍ (സ) ജനങ്ങളോട് ചോദിച്ചു: 'അറിയാമോ, അന്ത്യനാളില്‍ ഏറ്റവും ആദ്യമെത്തി അല്ലാഹുവിന്റെ തണലില്‍ സ്ഥലം പിടിക്കുന്നവരാരാണെന്ന്?' ആളുകള്‍ പറഞ്ഞു: 'ഏറ്റവും അറിയുന്നത് അല്ലാഹുവും അവന്റെ ദൂതനും തന്നെയാണല്ലോ.' പ്രവാചകന്‍ അരുളി: 'അവര്‍ സത്യം നല്‍കപ്പെട്ടാല്‍ സ്വീകരിക്കുന്നവരും ചോദിക്കപ്പെട്ടാല്‍ നിര്‍വഹിച്ചുകൊടുക്കുന്നവരും മറ്റുള്ളവരുടെ കാര്യത്തില്‍ വിധികര്‍ത്താവാക്കപ്പെട്ടാല്‍, തങ്ങള്‍ക്കുവേണ്ടിതന്നെ വിധി പറയുന്നതുപോലെ വിധി പറയുന്നവരുമാകുന്നു' (അഹ്മദ്). 

മുന്നേറുന്നവര്‍ ആരാണെന്ന് മുകളില്‍ ഉദ്ധരിച്ചതില്‍നിന്ന് വ്യക്തമാണ്. എന്നാല്‍ ചില അടിസ്ഥാന സവിശേഷതകള്‍ കൈമുതലാക്കിയ ആളുകള്‍ക്കാണ് സാബിഖുകളാകാന്‍ സാധിക്കുക എന്ന് ഖുര്‍ആന്‍ പറയുന്നു. കാരണം നന്മയില്‍ മുന്നേറാന്‍ ഒരാള്‍ക്ക് സാധിക്കണമെങ്കില്‍ അല്ലാഹുവിലും അവന്റെ ആയത്തുകളിലും പരലോകത്തിലും അചഞ്ചലമായ വിശ്വാസം കൂടിയേ തീരൂ.

''നിശ്ചയം റബ്ബിനോടുള്ള ഭക്തിയാല്‍ ചകിതരാകുന്നവര്‍. റബ്ബിന്റെ ആയത്തുകളില്‍ (ദൃഷ്ടാന്തങ്ങളില്‍) ഉറച്ച വിശ്വാസമുള്ളവര്‍. റബ്ബിനു പങ്കാളികളാരെയും കല്‍പിക്കാത്തവര്‍. റബ്ബിങ്കലേക്കു മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ മനസ്സു വിറച്ചുകൊണ്ട് ദാനം ചെയ്യുന്നവര്‍. അങ്ങനെയുള്ളവര്‍ മാത്രമാകുന്നു നന്മകളില്‍ ജാഗ്രതയുള്ളവരും അവയെ പ്രാപിക്കുന്നതില്‍ മുന്നേറുന്നവരും (സാബിഖുകളായവരും).'' 

 

2. അല്ലാഹുവിനോട് ഏറ്റവും അടുത്തവര്‍: ഇഹലോകത്ത് ആരാണോ അല്ലാഹുവിനോട് ഏറ്റവും അടുത്തവര്‍ അവര്‍ തന്നെയായിരിക്കും പരലോകത്തും അല്ലാഹുവിനോട് ഏറ്റവും അടുത്തവര്‍. ഭൂമിയില്‍ മറ്റാരേക്കാളും ഓരോ മനുഷ്യനോടും ഏറ്റവും അടുത്തുനില്‍ക്കുന്നവന്‍ അല്ലാഹുവാണ്. പക്ഷേ അല്ലാഹുവിന്റെ സാമീപ്യം പലരും തിരിച്ചറിയാതെ പോകുന്നു. ഓരോ ആത്മാവും ഏറ്റവും കടപ്പെട്ടിരിക്കുന്നതും അവനോടുതന്നെ:  

''എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോട് പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവര്‍ എന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം''  (2:186). 

മനുഷ്യര്‍ പലരും തൊട്ടടുത്ത് നില്‍ക്കുന്ന അല്ലാഹുവിനെ മറന്നുപോകുന്നു. എന്നാല്‍ അല്ലാഹു മനുഷ്യനോട് അടുത്തു നില്‍ക്കുന്നത് തിരിച്ചറിയുന്നവരുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ അത് കാണാം. അവര്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു അവരെ കാണുന്നു എന്ന ഉറച്ച ബോധ്യം അവര്‍ക്കുണ്ട്. ഏത് പ്രതിസന്ധിഘട്ടത്തിലും അവര്‍ അല്ലാഹുവില്‍ തവക്കുല്‍ ചെയ്യും. എന്താവശ്യത്തിനും അവര്‍ അല്ലാഹുവോട് അപേക്ഷിക്കും. ശത്രുക്കള്‍ ഒന്ന് കുനിഞ്ഞുനോക്കിയാല്‍ കാണുന്ന വിധത്തില്‍ ഗുഹക്കകത്ത് നില്‍ക്കുമ്പോഴും 'അബൂബക്‌റേ, പേടിക്കേണ്ടതില്ല. നമ്മള്‍ രണ്ടു പേരോടൊപ്പം മൂന്നാമനായി അല്ലാഹുവുണ്ട്' എന്ന് പറയാന്‍ പ്രവാചകന് സാധിച്ചത് ആ അടിയുറച്ച വിശ്വാസം കാരണമാണ്.

അല്ലാഹുവിനോട് അടുക്കുക എന്നത് ആത്മീയ അടുപ്പം മാത്രമല്ല. വിചാരണക്കു വേണ്ടി ജനം അല്ലാഹുവിന്റെ വലത്തും ഇടത്തും കാത്തുകെട്ടിക്കിടക്കുമ്പോള്‍ അല്ലാഹുവിന്റെ ഏറ്റവും അടുത്ത് ഭൗതികസാന്നിധ്യമായി തന്നെ ദൈവിക സിഹാസനത്തിന്റെ (അര്‍ശ്) തണലില്‍ സ്ഥാനം പിടിക്കുന്നവരായിരിക്കും അവര്‍.

അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏഴ് വിഭാഗത്തെ പ്രവാചകന്‍ (സ) പരിചയപ്പെടുത്തുന്നുണ്ട്: 

1. നീതിമാനായ ഭരണാധികാരി. 

2. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചു ജീവിക്കുന്ന യുവാവ്. 

3. സദാ സമയവും പള്ളിയുമായി ബന്ധപ്പെട്ടിരിക്കുന്നവന്‍.

4. അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി പരസ്പരം സ്‌നേഹിക്കുകയും പിരിയുകയും ചെയ്ത രണ്ടുപേര്‍. 

5. തറവാടുമഹിമയും സൗന്ദര്യവുമുള്ള ഒരു സ്ത്രീ വ്യഭിചാരത്തിനു ക്ഷണിച്ചപ്പോള്‍ അല്ലാഹുവിനെ ഭയന്ന് പിന്മാറിയവന്‍. 

6. ഇടത് കൈ അറിയാതെ വലത് കൈ കൊണ്ട് സ്വദഖ ചെയ്യുന്നവര്‍. 

7. ആരും കാണാത്ത രൂപത്തില്‍ അല്ലാഹുവിനെ ഓര്‍ത്ത് കരയുന്നവന്‍ (ബുഖാരി 660, മുസ്‌ലിം 1031). 

വിചാരണ കൂടാതെ ഒരു കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്.

റസൂല്‍ (സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു:  ''എന്റെ ഉമ്മത്തില്‍നിന്ന് എഴുപതിനായിരം പേര്‍ വിചാരണകൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവര്‍ മന്ത്രിക്കാത്തവരും ശകുനം നോക്കാത്തവരും അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുന്നവരുമാണ്.''  

വിചാരണയുടെ സന്ദര്‍ഭത്തില്‍ ഇടത്തും വലത്തുമായി മാറ്റിനിര്‍ത്തപ്പെടാതെ ആത്മാഭിമാനത്തോടെയും ആത്മനിര്‍വൃതിയോടെയും അല്ലാഹുവിന്റെ അര്‍ശിന്റെ തണലിലേക്ക് മലക്കുകളാല്‍ ആനയിക്കപ്പെടുന്ന കൂട്ടരുണ്ടല്ലോ, അല്ലാഹു അവരിലും അവര്‍ അല്ലാഹുവിലും തൃപ്തിപ്പെട്ട അല്ലാഹുവിന്റെ മുഖര്‍റബുകളായ സാബിഖീങ്ങള്‍. അവര്‍ തന്നെയാകാം ഒരുപക്ഷേ വിചാരണ കൂടാതെ സ്വര്‍ഗം ലഭിക്കുന്നവര്‍. നാം ചെയ്തുകൂട്ടിയ തെറ്റുകളെ ആദം നബി (അ) മുതല്‍ അന്ത്യദിനം വരെയുള്ള എല്ലാ മനുഷ്യരുടെയും മുന്നില്‍ വെച്ച് വിചാരണ ചെയ്യുകയെന്നത് വല്ലാത്ത ഒരവസ്ഥ തന്നെയായിരിക്കും. നമ്മുടെ രഹസ്യവും പരസ്യവുമായ ജീവിതത്തിന്റെ ചിത്രം അന്ന് എല്ലാവരുടെയും മുന്നില്‍ വെളിവാക്കപ്പെടും. വിചാരണ കൂടാതെ സ്വര്‍ഗം ലഭിക്കുക എന്നത് നിസ്സാര കാര്യമല്ല. ഓരോ മനുഷ്യനും അതിനുവേണ്ടിയാണ് പരിശ്രമിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും.

 

3. സ്വര്‍ഗത്തിലാണ്: സാബിഖുകളെ പരാമര്‍ശിക്കുന്ന ഭാഗങ്ങളില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ നല്‍കപ്പെടുന്ന സുഖ സൗകര്യങ്ങളെപ്പറ്റിയും ഖുര്‍ആന്‍ വാചാലമാകുന്നതു കാണാം: 

''അവരില്‍ ചിലര്‍ അവരോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നവരാകുന്നു. മറ്റു ചിലര്‍ മധ്യവര്‍ത്തികളാകുന്നു. ഇനിയും ചിലര്‍ അല്ലാഹുവിന്റെ ഹിതത്താല്‍ സാബിഖുകളായവരാകുന്നു (നന്മകളില്‍ മുന്നേറുന്നവരാകുന്നു). ഇതാണ് അതിമഹത്തായ അനുഗ്രഹം. ഈയാളുകള്‍ നിത്യവാസത്തിനുള്ള സ്വര്‍ഗത്തില്‍ ചെന്നുചേരുന്നു. അവിടെ അവര്‍ കനക കങ്കണങ്ങളും മുത്തുകളും അണിയിക്കപ്പെടുന്നു. അവരുടെ ഉടുപ്പുകള്‍ പട്ടായിരിക്കും. അവര്‍ പറയും: ഞങ്ങളില്‍നിന്ന് ദുഃഖങ്ങള്‍ നീക്കിക്കളഞ്ഞ അല്ലാഹുവിനു സ്തുതി. നിശ്ചയം, നമ്മുടെ നാഥന്‍ ഏറെ മാപ്പരുളുന്നവനും കര്‍മങ്ങളുടെ മൂല്യം അംഗീകരിക്കുന്നവനുമാകുന്നു. അവന്‍ തന്റെ ഔദാര്യത്താല്‍ നമ്മെ ശാശ്വത വസതിയില്‍ വസിപ്പിച്ചു. ഇനി നമുക്കിവിടെ യാതൊരു ക്ലേശവും നേരിടുകയില്ല. ക്ഷീണം ബാധിക്കുകയുമില്ല'' (ഖുര്‍ആന്‍ 35:32-35). 

പ്രവാചകന്‍ (സ) പറഞ്ഞതായി മുആദുബ്‌നു ജബല്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''സ്വര്‍ഗത്തിന് നൂറ് ദറജകളാണ്.  അതിലെ ഓരോ ദറജയും ആകാശത്തിനും ഭൂമിക്കുമിടയിലെ ദൂരം വിശാലമാണ്. അതിലെ ഏറ്റവും ഉന്നതസ്ഥാനം ഫിര്‍ദൗസാണ്. ഏറ്റവും ഉത്തമ സ്ഥാനവും ഫിര്‍ദൗസ് തന്നെ. അര്‍ശ് നിലകൊള്ളുന്നതും ഫിര്‍ദൗസിന് മുകളിലാണ്. സ്വര്‍ഗത്തിലെ നദികളുടെ ഉത്ഭവസ്ഥാനവും അവിടെനിന്നുതന്നെ. അതുകൊണ്ട് അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ ഫിര്‍ദൗസ് ചോദിക്കുക.'' 

അര്‍ശ് നിലകൊള്ളുന്ന ഇടം ഫിര്‍ദൗസാണെങ്കില്‍ അല്ലാഹുവിന്റെ സമീപസ്ഥരായ സാബിഖുകള്‍ തന്നെയായിരിക്കും ഫിര്‍ദൗസ് ലഭിക്കുന്ന ഭാഗ്യവാന്മാര്‍. 

 

4. തുടക്കക്കാരില്‍ കൂടുതല്‍ പേരും പില്‍ക്കാലക്കാരില്‍ കുറച്ച് പേരുമാണ്: സാബിഖുകളെക്കുറിച്ചുള്ള വളരെ ശ്രദ്ധേയമായ പരാമര്‍ശമാണിത്. അവരുടെ ഗുണമോ അവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളോ ഒന്നുമല്ല ഇത്. മറിച്ച് അവര്‍ ആരാണെന്ന് മനസ്സിലാക്കാന്‍ നമുക്ക് തന്ന ഒരു സൂചനയാണിത്. സാബിഖുകളുടെ കൂട്ടത്തില്‍ പെടാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇത് പഠനവിധേയമാക്കണം, ആരാണ് തുടക്കക്കാരെന്നും ആരാണ് പില്‍ക്കാലക്കാരെന്നും. ഇതിനെ പല തരത്തില്‍ വ്യാഖ്യാനിക്കാം: 

എ) ആദം നബി (അ) മുതല്‍ അന്ത്യദിനം വരെ ഉള്ളവരില്‍ ആദ്യകാലത്ത് വന്ന പ്രവാചകന്മാരടക്കമുള്ളവരില്‍ ധാരാളം പേരും പിന്നീട് മുഹമ്മദ് നബി(സ)ക്കു ശേഷം വരുന്ന അവസാന കാലഘട്ടത്തിലെ ആളുകളില്‍ കുറച്ചു പേരും.

ബി) ഖുര്‍ആന്റെ അഭിസംബോധിതര്‍ എന്ന നിലയില്‍ മുഹമ്മദ് നബി(സ)യും ശേഷം വന്ന സ്വഹാബികളിലും താബിഉകളിലുമൊക്കെ ധാരാളം പേരും പിന്നീട് വരുന്ന ആളുകളില്‍ കുറച്ചു പേരും. 

സി) കാലഘട്ട പരിഗണനക്കപ്പുറം വിശ്വാസത്തിലും നന്മയിലും തുടക്കം കുറിക്കുന്ന ആളുകളില്‍ കൂടുതല്‍ പേരും പിന്നീട് കൂടെക്കൂടുന്നവരില്‍ കുറച്ചു പേരും. 

ആദ്യത്തെ രണ്ട് വിശദീകരണങ്ങളെയും തള്ളിക്കളയുകയല്ല മൂന്നാമത്തെ വിശദീകരണം. മറിച്ച് അതിനെ ശരിവെക്കുന്നതും ഉള്‍ക്കൊള്ളുന്നതുമാണ്. എന്തുകൊണ്ട് തുടക്കക്കാരില്‍ കൂടുതല്‍ പേര്‍ക്ക് ഈ സൗഭാഗ്യം ലഭിക്കുന്നു? അതിന് പല കാരണങ്ങളുണ്ട്. പ്രധാന കാരണം, തുടക്കം കുറിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതുതന്നെയാണ്. ഇസ്‌ലാമിന് ആള്‍ബലവും ശക്തിയുമില്ലാത്ത അവസരത്തില്‍ ഇസ്‌ലാമിനു വേണ്ടി നിലകൊള്ളുക എന്നത് അത്ര എളുപ്പമല്ല. ധാരാളം പരീക്ഷണങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവരും. അതിനാല്‍ അല്ലാഹുവില്‍ അടിയുറച്ച വിശ്വാസമുള്ളവരും ക്ഷമ കൈക്കൊള്ളുന്നവരുമായിരിക്കും അത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാമിന് വേണ്ടി നിലയുറപ്പിക്കുക. അതുകൊണ്ട് തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു ധാരാളം പ്രതിഫലം നല്‍കുമെന്നതില്‍ സംശയമില്ല. 

പ്രവാചകന്മാരില്‍ പലരും തുടക്കം കുറിച്ചവരാണ്. മുഹമ്മദ് നബി (സ) തന്നെ ഒരു തുടക്കക്കാരനാണ്. പ്രവാചകന് വഹ്‌യ് ഇറങ്ങിത്തുടങ്ങുമ്പോള്‍ മക്കയില്‍ ഇസ്‌ലാം അവശേഷിക്കുന്നുണ്ടായിരുന്നില്ല. അഥവാ അന്ന് മക്കയില്‍ പ്രവാചകന്‍ ഇസ്‌ലാമിന് വീണ്ടും തുടക്കം കുറിക്കുകയായിരുന്നു. ദീനീപ്രബോധനവുമായി ഇറങ്ങുന്നതുവരെ എല്ലാവരുടെയും സ്‌നേഹനിധിയായിരുന്ന മുഹമ്മദിനെ ശേഷം അവര്‍ ശത്രുവായി കണ്ടു. കവലയില്‍ വെച്ചവര്‍ കല്ലെറിഞ്ഞു. കൂടെക്കൂടിയവരെ കൊന്നു. ഭ്രാന്തനെന്ന് വിളിച്ച് അവര്‍ ജനിച്ച നാട്ടില്‍നിന്ന് ആട്ടിയോടിച്ചു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരുടെ ഈമാന്‍ അചഞ്ചലമായിരിക്കും. മൂസാ (അ) ദീനീപ്രബോധനവുമായി ഫിര്‍ഔനിനെ സമീപിച്ചപ്പോഴും ധാരാളം പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. ഖലീലുല്ലാഹി ഇബ്‌റാഹീം (അ) അദ്ദേഹത്തിന്റെ സമൂഹത്തില്‍ തൗഹീദിന്റെ വാഹകനായപ്പോള്‍ പിതാവും നാട്ടുകാരും ചേര്‍ന്ന് തീക്കുണ്ഠം തീര്‍ത്തു. ഇതുപോലെ ഓരോ പ്രവാചകനും അനുഭവിച്ചത് വളരെയേറെ പ്രതിബന്ധങ്ങളാണ്. അല്ലാഹുവിന്റെ ദീനിനു വേണ്ടി ആരും എഴുന്നേറ്റു നില്‍ക്കാനില്ലാത്ത സന്ദര്‍ഭത്തില്‍ എഴുന്നേറ്റുനിന്ന എല്ലാവരും ഈ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അഥവാ ഏത് കാലഘട്ടത്തിലും ഏത് പരിതഃസ്ഥിതിയിലും പ്രതിസന്ധികളെ വകവെക്കാതെ അല്ലാഹുവിന്റെ ദീനിന് തുടക്കം കുറിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന പ്രത്യേക പദവിയാണ് സാബിഖ് എന്നത്.

മറ്റൊന്ന്, തുടക്കം കുറിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന മഹത്തായ സൗഭാഗ്യമാണ്, അവരെ പിന്തുടരുന്നവരുടെ നന്മ തുടക്കക്കാരനും ലഭിക്കും എന്നത്. 

അബൂഹുറൈറ(റ)യില്‍നിന്ന്: റസൂല്‍ (സ) പ്രസ്താവിച്ചു: ''നല്ല മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവന് അതിനെ അനുഗമിച്ച് പ്രവര്‍ത്തിച്ചവനുള്ള തുല്യ പ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരികയില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അതിനെ അനുകരിച്ചവന്റെ  തുല്യശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ട് അവരുടെ പാപങ്ങളില്‍ ഒരു കുറവും വരുന്നില്ല'' (മുസ്‌ലിം). 

ഉദാഹരണത്തിന് കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിന് തുടക്കം കുറിച്ചത് മാലിക് ദിനാറും കൂട്ടരുമാണെന്നാണ് ചരിത്രം. അങ്ങനെയെങ്കില്‍ കേരളത്തില്‍ നാമെല്ലാം മുസ്‌ലിമായി ജീവിക്കുന്നതിന്റെ പ്രതിഫലം അവര്‍ക്കും ലഭിക്കും.

ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കലും ഇസ്‌ലാമിനു വേണ്ടി ആരും ശബ്ദിക്കാനില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആര്‍ജവത്തോടെ അതിനെ പ്രതിനിധീകരിക്കലും ഏറെ പ്രയാസകരമായതോടൊപ്പം ഏറെ പ്രതിഫലാര്‍ഹവുമാണ്. മരണശേഷവും നമുക്ക് എത്തിച്ചേരുന്ന പ്രതിഫലങ്ങള്‍. ഒരാളുടെ ജീവിതകാലം മുഴുവന്‍ ഖാന്‍ ഖാഹുകളിലിരുന്ന് ഇബാദത്തുകള്‍ ചെയ്തുകൂട്ടിയാലും ഒരു മനുഷ്യന് നേടിയെടുക്കാനാകുന്ന നന്മക്ക് പരിധിയുണ്ട്. എന്നാല്‍ സന്മാര്‍ഗത്തിന്റെ വഴിയില്‍ ചിലര്‍ക്കെങ്കിലും പ്രചോദനമാകാന്‍ നമുക്ക് കഴിഞ്ഞാല്‍ നമ്മുടെ കാലശേഷവും അവരുടെയും അവരുടെ പിന്‍ഗാമികളുടെയും നന്മയുടെ പ്രതിഫലം നമുക്ക് മുതല്‍ക്കൂട്ടാകും.

യഥാര്‍ഥത്തില്‍ മുന്നേറുന്നവര്‍ക്ക് തന്നെയാണ് തുടക്കക്കാരാവാന്‍ സാധിക്കുക. എന്നാല്‍ മുന്നേറിയ എല്ലാവര്‍ക്കും തുടക്കക്കാരാവാന്‍ സാധിച്ചെന്നുവരില്ല. ചിലര്‍ തുടക്കം കുറിക്കും. ചിലര്‍ കൂടെ നില്‍ക്കും. പ്രവാചകന്റെ കാലഘട്ടത്തില്‍ ഏറെ പ്രയാസങ്ങള്‍ സഹിച്ച് ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച മുഹാജിറുകളെയും അന്‍സാറുകളെയും ഖുര്‍ആന്‍ സാബിഖുകളായി പ്രഖ്യാപിക്കുന്നതു കാണാം. ദീനിന്റെ മാര്‍ഗത്തില്‍ നാടും വീടും കുടുംബവും സ്വത്തുക്കളും ഒന്നും മാര്‍ഗതടസ്സമല്ല എന്ന് ജീവിതം കൊണ്ട് പ്രഖ്യാപിച്ചവരാണ് മുഹാജിറുകള്‍. ദീനീമാര്‍ഗത്തിലെ തന്റെ സഹോദരങ്ങള്‍ക്കു വേണ്ടി ജീവിതത്തിലെ എല്ലാം പകുത്തുനല്‍കിയവരാണ് അന്‍സാറുകള്‍. അല്ലാഹുവിന്റെ പ്രവാചകനെ എല്ലാവരും ആട്ടിയോടിച്ചപ്പോള്‍ സത്യദീനിന്റെ വിളി കേട്ട് അദ്ദേഹത്തോടൊപ്പം നിലകൊള്ളാന്‍ ആര്‍ജവം കാണിച്ചവരാണവര്‍. 

''സത്യദീനിന്റെ വിളി കേള്‍ക്കുന്നതില്‍ സാബിഖുകളായ (ഒന്നാമന്മാരായി മുന്നേറിയ) മുഹാജിറുകളും അന്‍സാറുകളും അവര്‍ക്കു ശേഷം സത്യസന്ധമായി അവരെ പിന്തുടര്‍ന്നവരുമുണ്ടല്ലോ, അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്തരായിരിക്കുന്നു. അല്ലാഹു അവര്‍ക്കു വേണ്ടി, താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ട്. അവര്‍ അതിലെ നിത്യവാസികളാകും. ഇതു മഹത്തായ വിജയം തന്നെയാകുന്നു'' (ഖുര്‍ആന്‍ 9:100). 

പില്‍ക്കാലക്കാരില്‍പെടുന്ന നമ്മിലും ചുരുക്കം പേര്‍ക്കെങ്കിലും സാബിഖുകളുടെ കൂട്ടത്തില്‍ പെടാന്‍ അവസരമുണ്ട്. അഥവാ നമ്മുടെ കാലത്തും നമ്മുടെ കൂട്ടത്തിലും ചിലര്‍ സാബിഖുകളായേക്കാം. നമുക്കോരോരുത്തര്‍ക്കും പരിശ്രമിച്ചാല്‍ അല്ലാഹു അനുഗ്രഹിച്ചരുളിയേക്കാവുന്ന പദവി തന്നെയാണത്. അല്ലാഹുവിലും അന്ത്യദിനത്തിലും അടിയുറച്ച് വിശ്വസിച്ച്, ശിര്‍ക്കില്‍നിന്ന് ബഹുദൂരം മാറിനടന്ന്, ഏത് പ്രതിസന്ധിഘട്ടത്തിലും ക്ഷമയവലംബിച്ച്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശ്രമമില്ലാതെ മുന്നേറുന്നവരുടെ യാത്ര അവസാനിക്കുന്നത് ഫിര്‍ദൗസിലാണ്. അതാണവരുടെ വിശ്രമസ്ഥാനം. അവിടെയെത്തിയ ശേഷമേ അവര്‍ക്ക് വിശ്രമമുള്ളൂ. അല്ലാഹുവിന്റെ അര്‍ശാണവര്‍ക്ക് തണല്‍ വിരിക്കുന്നത്. തസ്‌നീമുകൊണ്ടുണ്ടാക്കി കസ്തൂരികൊണ്ട് മുദ്രവെച്ച പാനീയം കൊണ്ടാണവര്‍ ദാഹമകറ്റുന്നത്. അവരെന്നെന്നും അവിടെ ചാരുമഞ്ചങ്ങളില്‍ മുഖാമുഖമിരുന്ന് വിശ്രമിക്കും.  

''മത്സരിച്ചു മുന്നേറുവിന്‍, നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും വാനഭുവനങ്ങളോളം വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിന്റെ ഔദാര്യമാകുന്നു. അവനിഛിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു മഹത്തായ ഔദാര്യമുടയവനല്ലോ'' (ഖുര്‍ആന്‍ 57: 20,21).  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍