'ഹസാര്‍ ചൗരസി കി മാ'ക്ക് ഉര്‍ദുപരിഭാഷ
ലഖ്‌നൗ: സുഹൃത്തുക്കള്‍ 'നവാബ് ആലം' എന്ന് വിളിക്കുന്ന വഖാര്‍ നസ്‌രി. ഓള്‍ഡ് ലഖ്‌നൗവിലെ ഹുസൈനാബാദ് സ്വദേശി. വയസ്സ് എഴുപത്തിയഞ്ച്. സുപ്രസിദ്ധ ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ 'ഹസാര്‍ ചൗരസി കി മാ' എന്ന വിഖ്യാത ബംഗാളി നോവല്‍ ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്താനായതിന്റെ അഭിമാനത്തിലാണ് അദ്ദേഹമിപ്പോള്‍. ഉര്‍ദു സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രൗഢ പാരമ്പര്യം വഴിഞ്ഞൊഴുകുന്ന ലഖ്‌നൗവിലെ പഴയ തലമുറയിലെ കണ്ണികളിലൊരാളാണ് വഖാര്‍ നസ്‌രി. ഉര്‍ദുവില്‍ നിരവധി ലേഖനങ്ങളും സാഹിത്യനിരൂപണങ്ങളും എഴുതിയ അദ്ദേഹം വിഭൂതി നാരായണ്‍ റായുടെ 'ശഹര്‍ മേ കര്‍ഫ്യൂ', ജിയാ മിത്രയുടെ 'ഹം ജോ മാരേ ജായേംഗേ' ഉള്‍പ്പെടെയുള്ള ജയില്‍ കുറിപ്പുകള്‍ തുടങ്ങിയവ ഉര്‍ദുവിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. ഉര്‍ദു സാഹിത്യ അക്കാദമിയുടെ നിര്‍ദേശപ്രകാരമാണ് മഹാശ്വേതയുടെ നോവല്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തത്. കേവല പരിഭാഷയല്ല നസ്‌രിയുടെത്. നോവലിന്റെ രചനാ പശ്ചാത്തലം, കഥാപാത്രങ്ങള്‍, അവരുടെ കാലം, സാമൂഹിക സാഹചര്യം തുടങ്ങിയവ ആഴത്തില്‍ പഠിച്ചാണ് അദ്ദേഹം കൃതി ഭാഷാന്തരം ചെയ്തിരിക്കുന്നത്. ''സ്ത്രീകളുടെ ലോകവും പ്രകൃതവും അറിയാന്‍ ഈ നോവല്‍ വായിക്കണം. രാജ്യത്തെ പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മഹാശ്വേതാ ദേവി അനുഭവിച്ചതു തന്നെയാണ് നോവലിലെ കഥാപാത്രമായ സുജാതയിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്''-വഖാര്‍ നസ്‌രി പറയുന്നു. കൃതി വിവര്‍ത്തനം ചെയ്യുംമുമ്പ് അദ്ദേഹം കൊല്‍ക്കത്ത സന്ദര്‍ശിക്കുകയുണ്ടായി. നോവലിന്റെ പശ്ചാത്തലനഗരം നന്നായി മനസ്സിലാക്കാനായിരുന്നു ഈ യാത്ര. 'ഒരു കൃതി, വിശേഷിച്ചും നോവല്‍ പോലുള്ളവ വിവര്‍ത്തനം ചെയ്യുമ്പോള്‍ അതിന്റെ പശ്ചാത്തലവും കഥാപാത്രങ്ങളെയുമൊക്കെ മൂലഗ്രന്ഥത്തിലെ തനിമ ചോരാതെ ലക്ഷ്യഭാഷയിലേക്ക് ആവിഷ്‌കരിക്കാന്‍ കഴിയണം'-അദ്ദേഹം പറയുന്നു.
പ്രസിദ്ധ ബംഗാളി നോവല്‍ 'ശഹ്‌സാദ ദാരാ ഷിഖോ'വിന്റെ ഉര്‍ദു പരിഭാഷയില്‍ വ്യാപൃതനായിരിക്കുകയാണ് വഖാര്‍ നസ്‌രി ഇപ്പോള്‍.
'അംബേദ്കറും ഹിന്ദുത്വ രാഷ്ട്രീയവും' പുനിയാനിയുടെ പുതിയ പുസ്തകം
മുംബൈ: പ്രമുഖ എഴുത്തുകാരന്‍ രാം പുനിയാനിയുടെ പുതിയ പുസ്തകം 'അംബേദ്കറും ഹിന്ദുത്വ രാഷ്ട്രീയവും' ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തിറങ്ങി. സമകാലിക ദലിത് പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകൃതമാകുന്ന പുസ്തകം അംബേദ്കറിന്റെ പോരാട്ടങ്ങള്‍ എങ്ങനെയാണ് ഹിന്ദുത്വരാഷ്ട്രീയത്തോട് ഏറ്റുമുട്ടുന്നതെന്നും അതിന്റെ ഇപ്പോഴത്തെ പ്രസക്തിയും വിശദീകരിക്കുന്നു. 'ഡോ. അംബേദ്കര്‍ സാമൂഹിക നീതിക്കു വേണ്ടി മാത്രമല്ല, മുഴുവന്‍ ജനാധിപത്യമൂല്യങ്ങള്‍ക്കും വേണ്ടിയാണ് നിലകൊïണ്ടത്. സാമൂഹികസമത്വം സ്ഥാപിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അദ്ദേഹം സാമൂഹിക നീതിക്ക് വേണ്ടി പോരാടിയത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയെ ജനാധിപത്യ മതേതര രാഷ്ട്രമാക്കി രൂപപ്പെടുത്തിയത്. ഇപ്പോള്‍ ഹിന്ദുത്വ ദേശീയവാദികള്‍ സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്'-പുനിയാനി പറഞ്ഞു. ഡോ. വിവേക് കോര്‍ദേ, പ്രകാശ് അംബേദ്കര്‍, ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ശഹ്‌ല റാശിദ് ഷോറ, രോഹിത് വെമുലയുടെ സമരപങ്കാളി സുങ്കണ്ണ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
ഇരുമ്പുമറയൊരുക്കി ജെ.എന്‍.യു അധികൃതര്‍
ന്യൂദല്‍ഹി: 'ഫ്രീഡം സ്‌ക്വയര്‍' എന്നറിയപ്പെടുന്ന ജെ.എന്‍.യുവിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനടുത്തുള്ള സമരകേന്ദ്രത്തിന് ഇരുമ്പുമറ തീര്‍ക്കാനുള്ള യൂനിവേഴ്‌സിറ്റി അധികൃതരുടെ തീരുമാനത്തിനെതിരെ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂനിയന്‍ രംഗത്ത്. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനു പുറത്ത് വി.സിയുടെ ഓഫീസിനടുത്തും സമരങ്ങള്‍ നടക്കുന്ന സ്ഥലത്തുമാണ് അധികൃതര്‍ ഗ്രില്ല് സ്ഥാപിച്ചത്. 'ഇരുമ്പുമറകള്‍ സ്ഥാപിച്ചാലൊന്നും അഡ്മിന്‍ ബ്ലോക്കിലെ സമരങ്ങള്‍ ഇല്ലാതാക്കാനാവില്ല. വിദ്യാര്‍ഥികളോട് സംസാരിക്കാതെ, ഇരുമ്പും സിമന്റും ഉപയോഗിച്ച് തന്റെ മുഖം രക്ഷിക്കാനുള്ള വൈസ് ചാന്‍സ്‌ലറുടെ തന്ത്രമാണിത്'-സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡെ പ്രസ്താവനയില്‍ പറഞ്ഞു. നജീബ് അഹ്മദിനെ കാണാതായ ഒക്‌ടോബര്‍ 14 മുതല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ സമരം നടത്തിവരികയാണ്.
ഭീകരവാദ കേസുകളില്‍ കുടുക്കിയ നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം -മനീഷാ സേഥി
ന്യൂദല്‍ഹി: ഭീകരവാദ കേസുകളില്‍ കുടുക്കി പീഡിപ്പിച്ച നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എഴുത്തുകാരിയും അക്കാദമീഷ്യനുമായ മനീഷാ സേഥി ആവശ്യപ്പെട്ടു. സിവില്‍-രാഷ്ട്രീയ അവകാശങ്ങള്‍ക്കുള്ള അന്തര്‍ദേശീയ ഉടമ്പടിയില്‍ (International Covenant on Civil and Political Rights-ICCPR) ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. പക്ഷേ, ഐ.സി.സി.പി.ആറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാവശ്യമായ യാതൊരു നടപടിയും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. തെറ്റായി കേസുകളിലകപ്പെടുത്തപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 'ഇന്നസെന്റ്‌സ് നെറ്റ്‌വര്‍ക്ക്' പോലൊരു സംവിധാനം ഇവിടെ ആവശ്യമാണ്മനീഷാ സേഥി പറഞ്ഞു. തീവ്രവാദ കേസുകളിലെ നിരപരാധികളെ സംബന്ധിച്ച ഇന്നസെന്റ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മറാത്ത സേവാ സംഘിന്റെ സൗഹാര്‍ദ റാലി
സോളാപൂര്‍ (മഹാരാഷ്ട്ര): പ്രവാചക സ്മരണകളുടെ ഭാഗമായി മറാത്താ സേവാ സംഘ് മഹാരാഷ്ട്രയിലെ സോളാപൂരില്‍ സൗഹാര്‍ദ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. ഛത്രപതി ശിവജി മുസ്‌ലിം ബ്രിഗേഡ്, ജിജാജുവാ ബ്രിഗേഡ്, സാംഭാജി ബ്രിഗേഡ് എന്നീ സംഘടനകളും റാലിയില്‍ പങ്കാളികളായി. മുഹമ്മദ് നബിയുടെ ജീവിതസന്ദേശവും മാനവികതയും സമുദായ സൗഹാര്‍ദവും പ്രചരിപ്പിക്കുകയാണ് റാലിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. 'മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതല്ല, മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. മുസ്‌ലിംകള്‍ക്കും ഇതര മതവിഭാഗങ്ങള്‍ക്കുമിടയില്‍ സൃഷ്ടിക്കപ്പെട്ട വിഭാഗീയതയുടെ മതിലുകള്‍ പൊളിച്ചുകളയാനാണ് ഞങ്ങള്‍ എപ്പോഴും ശ്രമിക്കുന്നത്. പ്രവാചക സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ സന്ദര്‍ഭം സൗഹൃദസന്ദേശം പ്രചരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായി ഞങ്ങള്‍ കാണുന്നു'-മറാത്താ സേവാ സംഘ് പ്രസിഡന്റ് റാം ഗെയ്ക്ക്‌വാദ് പറഞ്ഞു. പരസ്പരം മനസ്സിലാക്കാനും വര്‍ഗീയ കലാപങ്ങളും മറ്റും തടയാനും ഇത്തരം പരിപാടികള്‍ സഹായകമാണെന്ന് മുസ്‌ലിം ബ്രിഗേഡ് പ്രസിഡന്റ് ഫാറൂഖ് ശൈഖും അഭിപ്രായപ്പെട്ടു. അംബേദ്കര്‍ ജയന്തി, ശിവാജി ജയന്തി, സാംഭാജി ജയന്തി, ഈദ് വേളകളിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം സൗഹൃദ പരിപാടികള്‍ ഇവിടെ സംഘടിപ്പിക്കപ്പെടുന്നുണ്ട്.
Comments