Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

നോട്ട്‌നിരോധത്തിന്റെ ബാലന്‍സ് ഷീറ്റ്

വി.വി ശരീഫ് സിംഗപ്പൂര്‍

രാജ്യത്ത് നോട്ടുനിരോധത്തിന്റെ കെടുതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എഴുപതിലധികം പേര്‍ ഇതുവരെ ഈ കെടുതിമൂലം മരണപ്പെട്ടുകഴിഞ്ഞു. ഒരുപക്ഷേ ബാങ്കുകള്‍ക്ക് മുന്നില്‍ 'ക്യു' നിന്ന് ഇത്രയധികം ആളുകള്‍ മരണപ്പെടുന്ന ഏക രാജ്യമായി മാറി ഭാരതം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ നോട്ട്‌നിരോധം കൊണ്ടുള്ള പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതു പോലെ ഡിജിറ്റല്‍ കറന്‍സി, ഡിജിറ്റല്‍ വിനിമയം, കാഷ്‌ലെസ്സ് ഇക്കോണമി എന്നൊക്കെയുള്ള പദ്ധതികളെ കുറിച്ചാണ് സ്വപ്നലോകത്ത് ജീവിക്കുന്ന നമ്മുടെ പ്രധാനമന്ത്രി സംസാരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ അടിക്കടി യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്ന മോദി ഈ യാത്രക്ക് പകരം ഇന്ത്യയുടെ ഹൃദയമായ ഗ്രാമങ്ങളില്‍ സഞ്ചരിച്ചിരുന്നുവെങ്കില്‍ അല്‍പം മാനുഷികമുഖം അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് ഉണ്ടായേനെ. നോട്ട്‌നിരോധം നിലവില്‍വന്ന് ഒരു മാസം തികയുമ്പോള്‍ പ്രസ്തുത നീക്കത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രതിഫലനങ്ങളെക്കുറിച്ച നിരവധി വിലയിരുത്തലുകള്‍ രാജ്യാന്തരരംഗത്തും വന്നു തുടങ്ങി.

ഈ നീക്കം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഗണ്യമായി കുറയാന്‍ കാരണമാകും എന്നുള്ളതാണ് അതിലൊന്ന്. ചൈനയുടെ പിറകിലാണ് വളര്‍ച്ചാനിരക്കില്‍ ഇന്ത്യയുള്ളത്. നോട്ട്‌നിരോധം മൂലം മാത്രം ശരാശരി രണ്ടു മുന്ന് ശതമാനമെങ്കിലും വളര്‍ച്ചാനിരക്കില്‍ ഇന്ത്യ പുറകോട്ടുപോകും എന്നാണ് വിദഗ്ധാഭിപ്രായം. ഈ നീക്കം കള്ളപ്പണക്കാരുടെയല്ല, മറിച്ച് പാവപ്പെട്ടവരുടെ ഉറക്കമാണ് കെടുത്തുകയെന്ന്, ദി ഇക്കണോമിസ്റ്റ് വിലയിരുത്തി. മുന്‍ ലോകബാങ്ക് ധനശാസ്ത്രജ്ഞനായ കൗശിക്ബാബു പറഞ്ഞത് ഏറ്റവും മോശപ്പെട്ട സാമ്പത്തികശാസ്ത്ര നീക്കം എന്നാണ്. ഫോര്‍ബ്‌സ് മാഗസിനില്‍ വന്ന ഒരു ലേഖനം, രജ്യാന്തരമായി തന്നെ സാമ്പത്തികവളര്‍ച്ച മുരടിപ്പിക്കുന്ന നീക്കമായിട്ടാണ് കറന്‍സി പിന്‍വലിച്ച നീക്കത്തെ കണ്ടത്.

കള്ളപ്പണത്തില്‍നിന്ന് രാജ്യത്തെ മുക്തമാക്കുക, കള്ളനോട്ടുകളില്‍നിന്ന് മുക്തിനേടുക, ഇതുവഴി ഭീകരവാദത്തിന്റെ സാമ്പത്തികസ്രോതസ്സിന് തടയിടുക എന്നിവയാണ് പ്രധാനമന്ത്രി നോട്ട്‌നിരോധം പ്രഖ്യാപിച്ചപ്പോള്‍ ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി പറഞ്ഞത്. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ കറന്‍സിയുടെ എണ്‍പത്തിയാറു ശതമാനവും പിന്‍വലിക്കുക വഴി നേടിയെടുക്കാന്‍ കഴിഞ്ഞാല്‍തന്നെ (അതിനൊരിക്കലും കഴിയില്ല എന്നത് വേറെ കാര്യം) പുതിയ കറന്‍സി വ്യാപകമാകുന്നതോടെ വീണ്ടും അഴിമതിയും കള്ളപ്പണവും കള്ളനോട്ടുകളും വ്യാപകമാകും. കറന്‍സി പിന്‍വലിക്കുകയാണ് പരിഹാരമെങ്കില്‍, ഇന്ത്യയില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ഇതൊക്കെ ഇല്ലാതാകേണ്ടതായിരുന്നു. മാത്രമല്ല കറന്‍സിനിരോധം നടപ്പാക്കിയ മറ്റു രാജ്യങ്ങളും ഈവക പ്രതിസന്ധികളില്‍നിന്ന് മുക്തമായിട്ടില്ല. പുതിയ കറന്‍സിനോട്ടുകള്‍ വന്നുതുടങ്ങിയ സമയത്തു തന്നെ അതിന്റെ കള്ളനോട്ടുകള്‍ ഇറങ്ങിയതും കണക്കില്‍പെടാത്ത കോടികള്‍ പുതിയ നോട്ടില്‍ ശേഖരിച്ചുവെച്ചത് കണ്ടെത്തിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കുക. ഇത് കാണിക്കുന്നത് കള്ളപ്പണക്കാരും മറ്റും അവരുടെ കാര്യങ്ങള്‍ ഈ പ്രതിസന്ധിഘട്ടത്തിലും ഭംഗിയായി മുന്നോട്ടുകൊണ്ടുപോകുന്നു എന്നാണ്.

നോട്ട്‌നിരോധം പ്രഖ്യാപിച്ച് ആഴ്ചകള്‍ കഴിയുമ്പോഴേക്കും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഒരു ഡോളറിന് 70 രൂപയോളം എത്തി.  രൂപയുടെ ഈ തകര്‍ച്ച നോട്ട് പിന്‍വലിച്ച നടപടിയുടെ പ്രതിഫലനം അല്ല എന്ന് വിലയിരുത്തുന്നവരും ഉണ്ട്. എന്നാല്‍, വിദേശങ്ങളില്‍ ക്രയവിക്രയം നടത്തുന്ന പഴയ നോട്ടുകളൊന്നും മാറിക്കിട്ടാനുള്ള സംവിധാനം കൃത്യമായി ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ രൂപയുടെ വിശ്വാസ്യതയില്‍തന്നെ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നുള്ളത് നിഷേധിക്കാനാവാത്തതാണ്. ഇന്ത്യയുടെ സമ്പദ്ഘടന കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താന്‍ ധാരാളമായി വിദേശയാത്ര നടത്തിയിട്ടുള്ള മോദിയുടെ ഈ യാത്രകള്‍ വിലയിരുത്തിയാല്‍ ബോധ്യപ്പെടുന്ന വസ്തുത അദ്ദേഹം ഓരോ യാത്ര കഴിഞ്ഞുവരുമ്പോഴും ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞിവരുന്നതും നമ്മുടെ കറന്‍സിയുടെ മൂല്യം അന്താരാഷ്ട്ര നാണയ മാര്‍ക്കറ്റില്‍ ഇടിഞ്ഞുകൊണ്ടിരിക്കുന്നതുമാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2014 മെയ് 26-ന് ഇന്ത്യന്‍ രൂപയുടെ അന്താരാഷ്ട്ര നാണയ മാര്‍ക്കറ്റിലെ വിനിമയനിരക്ക് ഒരു അമേരിക്കന്‍ ഡോളറിന് 58 രൂപ എന്നതായിരുന്നു.  മന്‍മോഹന്‍ സര്‍ക്കാര്‍ വരുത്തിവെച്ച സാമ്പത്തികരംഗത്തെ കെടുകാര്യസ്ഥതയും  വിദേശ മൂലധനശക്തികളെ ആകര്‍ഷിക്കാന്‍ കഴിയാത്തതും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി എന്നാണ് മോദിസ്തുതിപാഠകര്‍ അന്ന് പറഞ്ഞത്.  മോദിയുടെ വരവോടെ ഇന്ത്യന്‍ രൂപ ശക്തിപ്രാപിക്കുമെന്നും രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 45 രൂപ എന്ന തോതിലേക്ക് എത്തിക്കുമെന്നും വീമ്പിളക്കിയതുമൊക്കെ വെറുതെ. 

നോട്ട്പിന്‍വലിച്ചതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികമാണെന്നും വലിയൊരു നേട്ടത്തിനു വേണ്ടിയുള്ള  പ്രസവവേദന മാത്രമാണിതെന്നുമാണ് നോട്ട്‌നിരോധത്തെ അനുകൂലിക്കുന്നവര്‍ പേര്‍ത്തും പേര്‍ത്തും പറയുന്നത്. എന്നാല്‍, ഭാവിയില്‍- കൃത്യമായി പറഞ്ഞാല്‍ മോദി പറഞ്ഞ സമയപരിധി കഴിഞ്ഞാല്‍- എന്ത് ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാവാന്‍ പോകുന്നത് എന്ന് ആര്‍ക്കും ഒരു നിശ്ചയവും ഇല്ല. സമയപരിധിക്കുള്ളില്‍ പിന്‍വലിച്ച നോട്ടിനു സമാനമായ തുക ബാങ്കുകളില്‍ എത്തിച്ച് പ്രതിസന്ധി പരിഹരിക്കുമെന്ന് പറഞ്ഞ മോഡി ഇപ്പോള്‍ യാചകര്‍ പോലും ഡിജിറ്റല്‍ വിനിമയം തുടങ്ങി എന്നും എല്ലാവരും ഡിജിറ്റല്‍ വിനിമയരംഗത്തേക്ക് വരണമെന്നുമാണ് പറയുന്നത്. തൊണ്ണൂറു ശതമാനം ആളുകള്‍ പേപ്പര്‍ കറന്‍സി വിനിമയമായി ഉപയോഗിക്കുന്ന ഒരു രാജ്യത്ത് - അതും വലിയ ജനസംഖ്യയുള്ള ഇന്ത്യയില്‍ -തൊണ്ണൂറു ശതമാനം ജനങ്ങളെയും ദ്രുതഗതിയില്‍ ഡിജിറ്റല്‍ വിനിമയത്തിലേക്ക് മാറ്റുക എന്നത് സങ്കല്‍പ്പിക്കാന്‍ പോലും  സാധിക്കാത്തതാണ്

മോദിഭക്തരായ ചില സാമ്പത്തികവിദഗ്ധര്‍, ഭരണത്തെ അനുകൂലിക്കുന്ന മീഡിയ, ഭരണപക്ഷത്തെ പുകഴ്ത്തി തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ എപ്പോഴും വെമ്പല്‍കൊള്ളുന്ന സെലിബ്രിറ്റികളും കോര്‍പറേറ്റുകളും- ഇവരെ ഒഴിച്ചുനിര്‍ത്തിയാല്‍ സാമ്പത്തികശാസ്ത്ര നോബല്‍ ജേതാവ് അമര്‍ത്യാ സെന്‍ മുതല്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വരെയുള്ള ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരും ഈ നീക്കത്തിനെതിരാണ്. ഇവരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാല്‍ നമുക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം, നോട്ട്‌നിരോധം വഴി ഉണ്ടാകാന്‍ സാധ്യതയുള്ള ഗുണത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് അതുണ്ടാക്കുന്ന ദോഷം എന്നതാണ്. ഈ സത്യം മുന്‍കൂട്ടി കാണാന്‍ കഴിയാത്തതുകൊണ്ടല്ല മോദിയും കൂട്ടരും ഇത്തരത്തിലുള്ള ഒരു നീക്കം നടത്തിയത്. അമര്‍ത്യാ സെന്‍ വിലയിരുത്തിയതുപോലെ തികഞ്ഞ ഒരു ഏകാധിപതിയുടെ ഉദയത്തിന്റെ ലക്ഷണമാണിത്. ഈ നീക്കത്തിന്റെ വിജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും മോദിയുടെ അടുത്ത നീക്കം. അമര്‍ത്യാ സെന്‍ സര്‍ക്കാരിന്റെ ഈ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത്  'താല്‍ക്കാലിക വേദനകള്‍ അനുഭവിക്കുന്നതൊക്കെയും ഭാവിയില്‍ ആത്യന്തികമായി ഗുണകരമായി ഭവിക്കും എന്ന് ഉറപ്പിക്കാന്‍ പറ്റില്ല' എന്നാണ്. നോട്ട്‌നിരോധത്തെ ശക്തമായി അപലപിച്ച അദ്ദേഹം പറഞ്ഞത്, 'ഇന്ത്യന്‍ കറന്‍സി കൈയില്‍ വെച്ച എല്ലാ ഇന്ത്യക്കാരെയും സാമ്പത്തിക സ്രോതസ്സ് തെളിയിക്കുന്നതുവരെ കള്ളപ്പണക്കാരായാണ് സര്‍ക്കാര്‍ കാണുന്നത്' എന്നാണ്. പൊടുന്നനെയുള്ളതും  മുന്നൊരുക്കമില്ലാതെയുമുള്ള കറന്‍സിനിരോധം വ്യക്തമായ ഏകാധിപത്യത്തിന്റെ ലക്ഷണമായാണ് അമര്‍ത്യാ സെന്‍ വിലയിരുത്തിയത്.

 

നോട്ട്‌രഹിത സമൂഹമാക്കി മാറ്റാന്‍ കഴിയുമോ?

ജന്‍ധന്‍ യോജന, ആധാര്‍, മൊബൈല്‍ (JAM) പദ്ധതി വഴി ഇന്ത്യയെ പേപ്പര്‍ കറന്‍സിരഹിത രാജ്യമാക്കിമാറ്റാന്‍ ആഹ്വാനം ചെയ്യുന്ന മോദി പക്ഷേ ആഗോള യാഥാര്‍ഥ്യം മനസ്സിലാക്കാതെയാണ് പ്രസ്താവനകള്‍ ഇറക്കുന്നത്. പേപ്പര്‍ കറന്‍സി പിന്‍വലിക്കലാണ് പരിഹാരമെങ്കില്‍, ലോകത്തിലെ വികസിത രാജ്യങ്ങള്‍ മുഴുക്കെ ഡിജിറ്റല്‍ കറന്‍സിയെ മാത്രം ആശ്രയിക്കുമായിരുന്നു, ഇതിനകം തന്നെ വികസിത രാജ്യങ്ങളില്‍ പേപ്പര്‍ കറന്‍സി അപ്രത്യക്ഷമാകുമായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. ക്രമാതീതമായ പേപ്പര്‍ കറന്‍സി ഉപയോഗം സ്വീഡനെ പോലെയുള്ള ചില രാജ്യങ്ങള്‍ കുറച്ചുവരുന്നുണ്ടെങ്കിലും, വികസ്വര രാജ്യങ്ങളേക്കാള്‍ വികസിത രാജ്യങ്ങളിലാണ് ആളുകള്‍ പേപ്പര്‍ കറന്‍സി കൂടുതലായും കരുതിവെക്കുന്നത് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മറ്റൊരു വസ്തുത, ഡിജിറ്റല്‍ കറന്‍സി സ്വപ്നം കാണുന്ന മോദി വലിയ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍ എന്തിനാണ് ഇറക്കുന്നതെന്നു ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരവും ഇല്ല.

വലിയ ഇടപാടുകള്‍ ഡിജിറ്റല്‍ കറന്‍സി മുഖേനയും ചില്ലറ ഇടപാടുകള്‍ ചെറിയ മൂല്യമുള്ള പേപ്പര്‍ കറന്‍സി മുഖേനയും നടത്തി ക്രമപ്രവൃദ്ധമായി മാറ്റം കൊണ്ടുവരുന്നതിനു പകരം കാടടച്ചു വെടിവെക്കുകയാണിപ്പോള്‍ പ്രധാനമന്ത്രി. സ്വപ്നം കാണാനും പ്രസ്താവനകള്‍ ഇറക്കാനും എളുപ്പമാണ്. വിശ്വസനീയമായതും താരതമ്യേന പ്രയോഗവത്കരിക്കാന്‍ കഴിയുന്നതുമായ പ്രസ്താവനകള്‍ നടത്തുന്ന ആളാണ് മോദി എങ്കില്‍ തീര്‍ച്ചയായും ഇതിനകം തന്നെ വിദേശത്തുള്ള കള്ളപ്പണം ഒരുപരിധിവരെ ഇന്ത്യയില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേനെ. മാത്രമല്ല അദ്ദേഹം വാഗ്ദാനം ചെയ്തപോലെ ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടും ഇതിനകം പതിനഞ്ച് ലക്ഷം രൂപ കൊണ്ട് സമ്പുഷ്ടമായേനെ. ഇത്തരത്തിലുള്ള ഉട്ടോപ്യന്‍ വ്യാമോഹങ്ങളും വാഗ്ദാനങ്ങളുമാണ് നോട്ടുനിരോധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിലും കാണാന്‍ കഴിയുക.

ഇലക്‌ട്രോണിക് പെയ്‌മെന്റ് വഴി പേപ്പര്‍കറന്‍സി ഉപയോഗം ഗണ്യമായ തോതില്‍ കുറച്ചുകൊണ്ടുവന്ന് രാജ്യത്തെ പേപ്പര്‍ കറന്‍സിരഹിതമാക്കി മാറ്റുന്നതില്‍ ഏറെ മുന്നോട്ടുപോയ സ്വീഡന്‍ പോലും ക്രമത്തിലും പൗരന്മാര്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതെയുമാണ് പൂര്‍ണമായി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ആദ്യത്തെ രാജ്യം എന്ന സ്വപ്നത്തിലേക്ക് നീങ്ങുന്നത്.  ഈ രംഗത്ത് ഇത്രയൊക്കെ മുന്നോട്ടുപോയിട്ടും ഈ സ്വപ്നം പൂര്‍ത്തീകരിക്കുമ്പോള്‍ 2030 ആകും എന്നാണ് സ്വീഡന്‍ തന്നെ കണക്കുകൂട്ടുന്നത്. ശ്രദ്ധേയമായ വസ്തുത, സ്വീഡന്‍ തങ്ങളുടെ വിനിമയം ഇലക്‌ട്രോണിക് വിനിമയത്തിലേക്ക് മാറ്റാനുള്ള ശ്രമം 1970 മുതല്‍ തുടങ്ങി എന്നുള്ളതാണ്. വെറും തൊണ്ണൂറ് ലക്ഷം മാത്രം ജനസംഖ്യയുള്ള,  ഏറെ വികസിതമായ സ്വീഡനെ പോലുള്ള ഒരു രാജ്യം വിനിമയം പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യാന്‍ ഇത്രയും സമയമെടുക്കന്നുവെങ്കില്‍ നമുക്ക് ഈ ലക്ഷ്യം പ്രാപിക്കാന്‍ എത്ര ദുരം സഞ്ചരിക്കേണ്ടതുണ്ട് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് പൊടുന്നനെ ജനങ്ങളോട് ഡിജിറ്റല്‍ ഇടപാടിലേക്ക് നീങ്ങാന്‍ ഉപദേശിക്കുന്ന മോദി, ഇതിനുവേണ്ടി തെരഞ്ഞെടുത്ത രീതി നോട്ട് പിന്‍വലിക്കലും എന്നാല്‍ അതിനു സമാനമായ പുതിയ നോട്ടുകള്‍ ലഭ്യമാക്കാതിരിക്കലുമാണ്. അമര്‍ത്യാ സെന്‍ പറഞ്ഞതുപോലെ, കൊടിയ ഏകാധിപത്യ രാജ്യത്തുപോലും നടപ്പിലാക്കാന്‍ കഴിയാത്തതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയില്‍ മോദി നടപ്പിലാക്കാന്‍ തുനിഞ്ഞത്.

ഇന്ത്യയില്‍ പൊടുന്നനെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള സാഹചര്യമാണോ ഉള്ളത്? ഇക്കഴിഞ്ഞ ദിവസം ഇക്കണോമിക് ടൈംസില്‍ വന്ന ശ്രദ്ധേയമായ ചില കണക്കുകള്‍ ഈ രംഗത്ത് ഇന്ത്യ നേരിടാന്‍ പോകുന്ന പ്രയാസങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ മൊത്തം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ജനസംഖ്യയുടെ 27 ശതമാനമാണ്. ഇതാകട്ടെ ലോക ശരാശരി ആയ 67 ശതമാനത്തിലും എത്രയോ താഴെയാണ്. 73 ശതമാനത്തിനും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ല എന്നര്‍ഥം. ഇനി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ തന്നെ വെറും പതിമൂന്നു ശതമാനമാണ് ഗ്രാമപ്രദേശത്തുള്ളത്. മാത്രമല്ല, ഐ.ടി ഭീമന്‍ എന്ന് സ്വയം അവകാശപ്പെടുന്ന നമ്മള്‍ കെനിയ, ഇന്തോനേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങള്‍ക്കു പോലും പിറകെയാണ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍. സ്മാര്‍ട്ട് ഫോണുകളാണ് ദൈനംദിന ഇലക്‌ട്രോണിക് ഇടപാടുകള്‍ ചെയ്യാന്‍ ഏറ്റവും സൗകര്യപ്രദം എന്ന് പറയേണ്ടതില്ലല്ലോ. കണക്കുകള്‍ പറയുന്നത് പതിനേഴു ശതമാനം ആളുകള്‍ മാത്രമാണ് ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് എന്നാണ്. ഡാറ്റകളും പേജുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ എടുക്കുന്ന സമയവും ഇന്ത്യയില്‍ കൂടുതലാണ്. ബംഗ്ലാദേശ്, ശ്രീലങ്ക പോലുള്ള രാജ്യങ്ങള്‍ പോലും ഇക്കാര്യത്തില്‍ നമ്മുടെ മുന്നിലാണ്. സ്മാര്‍ട്ട് ഫോണുകള്‍ സുലഭമാകുമ്പോള്‍ ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. വേഗത കുറയുമ്പോള്‍ സ്വാഭാവികമായും സാമ്പത്തിക വിനിമയത്തിന് അത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും.

ഇനി പെയ്‌മെന്റ് ടെര്‍മിനലിന്റെ കാര്യം. റിസര്‍വ് ബാങ്കിന്റെ തന്നെ കണക്കുപ്രകാരം പത്തുലക്ഷം ആളുകള്‍ക്ക് വെറും എണ്ണൂറ്റി അറുപത്തിയാറ് POS (Point Of Sales) ടെര്‍മിനലുകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ ഭൂരിഭാഗവും നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണ്. ബ്രസീലില്‍ പോലും ഇത്തരം ടെര്‍മിനലുകളുടെ കണക്ക്, ഓരോ പത്തുലക്ഷം ആളുകള്‍ക്കും നാലായിരം ടെര്‍മിനലുകള്‍ എന്നതാണ്.

പേപ്പര്‍ കറന്‍സിയുടെ വ്യാപക ലഭ്യത ഇല്ലാതാകുന്നതോടെ അഴിമതിയും കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ കഴിയും എന്നുള്ളത് വെറും വ്യാമോഹം മാത്രം (ചില ഗുണങ്ങള്‍ ഇതുമൂലം ഉണ്ടാകും എന്നുള്ളത് നിഷേധിക്കുന്നില്ല). ഇതിന്റെ തെളിവാണ് ലോക വ്യാപകമായി കണ്ടുവരുന്ന ഡിജിറ്റല്‍ തട്ടിപ്പുകള്‍. ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും വ്യാപകമായിത്തന്നെ തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ലോകത്തിലെ വന്‍കിട ബാങ്കുകള്‍തന്നെ  കള്ളപ്പണം വെളുപ്പിക്കുന്നതിനും അഴിമതിപ്പണം രാജ്യാന്തരമായി വിനിമയം നടത്തുന്നതിനും കൂട്ടുനില്‍ക്കുന്നു. ഒടആഇ പോലുള്ള ലോക പ്രശസ്തമായ പല ബാങ്കുകള്‍ക്കും ഇത്തരത്തില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയതിന് വലിയ പിഴകളടക്കേണ്ടിവന്നു.  അവ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയുമാണ്.

ചുരുക്കത്തില്‍, ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാര്‍ക്ക് സ്വതന്ത്രമായ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതും ഏറ്റവും സൗകര്യപ്രദവുമായ പേപ്പര്‍കറന്‍സി പിന്‍വലിച്ച് ഒരു മുന്നൊരുക്കവും നടത്താതെ ഡിജിറ്റല്‍ യുഗത്തിലേക്ക് ചാടാന്‍ ധൃതിപ്പെടുന്നത്  ശുദ്ധ അസംബന്ധമാണ്.   

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍