റോഹിങ്ക്യകളുടെ അസ്തിത്വ പ്രതിസന്ധി
വേണ്ടത്ര ലോകശ്രദ്ധയോ മാധ്യമപരിഗണനയോ ഒരുകാലത്തും ലഭിച്ചിട്ടില്ല മ്യാന്മറിലെ റോഹിങ്ക്യ പ്രശ്‌നത്തിന്. ചെറു വാര്‍ത്തകളും കുറിപ്പുകളുമായി അത് ഒതുങ്ങിപ്പോവുകയാണ് പതിവ്. അര നൂറ്റാുകാലമായി തുടരുന്ന മ്യാന്മറിലെ സൈനിക മുഷ്‌കിന് അത് കരുത്തുപകരുകയും ചെയ്യുന്നു. മ്യാന്മറിലെ റാഖൈന്‍ പ്രവിശ്യയിലെ പതിമൂന്ന് ലക്ഷത്തോളം വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുകയെന്നത് സൈനിക സ്വേഛാധിപതികളുടെ സുപ്രധാന അജണ്ടകളില്‍ ഒന്നായിരുന്നു. അതിനായി അവര്‍ ഒരുപാട് കള്ളക്കഥകള്‍ പടച്ചുണ്ടാക്കി. ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി കുടിയേറിയവരാണ് റോഹിങ്ക്യകള്‍ എന്നാണ് അതിലൊന്ന്. എന്നാല്‍, നൂറ്റാണ്ടുകളായി റാഖൈനിലെ സ്ഥിരവാസികളാണ് റോഹിങ്ക്യകളെന്ന് ദക്ഷിണേഷ്യയെക്കുറിച്ചുള്ള ഏതു ചരിത്ര ഗ്രന്ഥവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചരിത്രത്തില്‍ സ്വന്തമായി ഒരു ഭരണകൂടം വരെ റോഹിങ്ക്യകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ ചരിത്രസത്യങ്ങളെയെല്ലാം തിരസ്‌കരിച്ചുകൊണ്ട് റോഹിങ്ക്യകളെ ആട്ടിപ്പുറത്താക്കാനുള്ള പലവിധ കുതന്ത്രങ്ങളാണ് മ്യാന്മര്‍ സൈന്യം പുറത്തെടുത്തുകൊണ്ടിരുന്നത്. അവക്ക് തീവ്ര ബുദ്ധപുരോഹിത സംഘടനകളുടെ പരസ്യ പിന്തുണയും സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആങ് സാങ് സൂചി എന്ന വനിത നേതൃത്വം നല്‍കുന്ന നാഷ്‌നല്‍ ലീഗ് ഫോര്‍ ഡമോക്രസി എന്ന രാഷ്ട്രീയ സംഘടനയുടെ രഹസ്യ പിന്തുണയും ലഭിച്ചുകൊണ്ടിരുന്നു. റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന വംശഹത്യക്കെതിരെ ഈ 'മനുഷ്യാവകാശ പ്രവര്‍ത്തക' ഇന്നേവരെ ഒരക്ഷരം സംസാരിച്ചിട്ടില്ല. റോഹിങ്ക്യകളെ മാത്രം ഒഴിവാക്കി മറ്റെല്ലാ മത-ഭാഷാ ന്യൂനപക്ഷങ്ങളുടെയും പേരെടുത്ത് പറഞ്ഞുകൊണ്ട് അവരുടെയെല്ലാം അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ആങ് സാങ് സൂചി പ്രഖ്യാപിച്ചിട്ടുമുണ്ട്. താന്‍ റോഹിങ്ക്യ വംശഹത്യക്ക് അനുകൂലമാണ് എന്ന സൂചനയാണ് അവര്‍ നല്‍കിക്കൊണ്ടിരുന്നത്. ഇത്തരം പ്രസ്താവനകളെ മാധ്യമലോകം കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തപ്പോള്‍, താനിപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകയല്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകയാണെന്നുമായിരുന്നു സൂചിയുടെ മറുപടി.
മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ഈ അനുകൂല നയമാണ് വംശീയ ശുദ്ധീകരണത്തിന് ശക്തി പകര്‍ന്നത്. 1982-ല്‍ റോഹിങ്ക്യകളുടെ പൗരത്വം തന്നെ റദ്ദ് ചെയ്യുകയുണ്ടായി സൈനിക ഭരണകൂടം. അവരിപ്പോള്‍ രണ്ടാം തരം പൗരന്മാര്‍ പോലുമല്ല. പൗരന്മാരല്ലാത്തതിനാല്‍ അവര്‍ക്കെതിരിലുള്ള ഏത് അതിക്രമങ്ങളും ദേശസുരക്ഷയുടെ പേരില്‍ ന്യായീകരിക്കപ്പെടുകയാണ്. തീവ്ര ബുദ്ധിസ്റ്റ് പുരോഹിതന്മാരെ റോഹിങ്ക്യകള്‍ക്കെതിരെ തിരിച്ചുവിട്ടുകൊ് നിരവധി പേരെ വധിക്കുകയും വീടുകള്‍ ചുട്ടെരിക്കുകയുമുണ്ടായി സൈനിക ഉപജാപക സംഘം. അതിര്‍ത്തി സുരക്ഷാ സൈന്യത്തിലെ പത്തു പേരെ 'റോഹിങ്ക്യന്‍ ഭീകരവാദികള്‍' കൊലപ്പെടുത്തി എന്ന് ആരോപിച്ചുകൊണ്ടാണ് ഇപ്പോള്‍ മ്യാന്മറില്‍ റോഹിങ്ക്യ വേട്ട പുനരാരംഭിച്ചിരിക്കുന്നത്. സൈനികര്‍ വധിക്കപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കില്‍ അത് ചെയ്തത് റോഹിങ്ക്യകളാണോ എന്നൊന്നും വ്യക്തമല്ല. എല്ലാം പറയുന്നത് സൈനികവൃത്തങ്ങളാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെയോ മാധ്യമ പ്രതിനിധികളെയോ ആ പ്രദേശത്തേക്കൊന്നും അടുപ്പിക്കുന്നില്ല. പുതിയ സംഘര്‍ഷങ്ങളില്‍ നൂറിലേറെ റോഹിങ്ക്യകളാണ് വധിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം പേര്‍ കുടിയിറക്കപ്പെട്ടുകഴിഞ്ഞു. ജീവനും കൊണ്ടോടുന്ന ഈ നിസ്സഹായരായ അഭയാര്‍ഥികള്‍ ചെറിയ ബോട്ടുകളില്‍ കയറി ബംഗ്ലാദേശിലേക്കും മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും കടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടുക്കടലില്‍ മുങ്ങിമരിക്കാനോ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ടെന്റുകളില്‍ നരകിക്കാനോ ആണ് അവരുടെ വിധി.
ആനുപാതികമായി, മുമ്പത്തേക്കാളേറെ ലോകശ്രദ്ധ റോഹിങ്ക്യാ പ്രശ്‌നത്തിന് ലഭിക്കുന്നുവെന്നത് പ്രതീക്ഷക്കു വകനല്‍കുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടന, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. റോഹിങ്ക്യകള്‍ അനുഭവിക്കുന്ന യാതനകള്‍ പുറംലോകമറിയാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സൈനിക ജണ്ട പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സാറ്റലൈറ്റ് സാങ്കേതിക വിദ്യകളുപയോഗിച്ച് ചുട്ടെരിക്കപ്പെട്ട ഗ്രാമങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി പുറത്തെത്തിച്ചത് ഈ സംഘടനയായിരുന്നു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ റോഹിങ്ക്യകള്‍ സ്വന്തം വീടുകള്‍ക്ക് തീ കൊളുത്തി ഓടിപ്പോവുകയായിരുന്നു എന്നാണ് അതിന് സൈനിക നേതൃത്വം നല്‍കുന്ന വിശദീകരണം!
ആങ് സാങ് സൂചി വിമര്‍ശിക്കപ്പെടുമ്പോഴും, അവരുടെ മുന്‍കൈയാലുള്ള നീക്കങ്ങള്‍ക്കാണ് റോഹിങ്ക്യ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണാനാവുക എന്നതാണ് വസ്തുത. അവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റാണ് ഇപ്പോള്‍ മ്യാന്മര്‍ ഭരിക്കുന്നതെങ്കിലും അതിന് ഒട്ടേറെ പരിമിതികളുണ്ട്. സ്റ്റേറ്റ് കൗണ്‍സിലര്‍ എന്നതാണ് സൂചിയുടെ സ്ഥാനം. സൈനിക നടപടികളെ ഒരു നിലക്കും തടയാനുള്ള അധികാരം ഈ ഭരണകൂടത്തിനില്ല. എങ്കിലും, മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ നേതൃത്വത്തില്‍ അവര്‍ ഒരു അഡൈ്വസറി കമീഷനെ നിയമിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സൈനിക മേധാവികളോടെല്ലാം കോഫി അന്നാന്‍ സംസാരിച്ചുകഴിഞ്ഞു. 2017 തുടക്കത്തില്‍ കമീഷന്‍ റോഹിങ്ക്യാ പ്രശ്‌നത്തെക്കുറിച്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും; വര്‍ഷാവസാനമാവുമ്പോഴേക്കും ഒരു പൂര്‍ണ റിപ്പോര്‍ട്ടും. ഒരു രാഷ്ട്രീയ പരിഹാരം അതില്‍ നിര്‍ദേശിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇന്ത്യയിലുള്‍പ്പെടെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുണ്ട്. നമ്മുടെ അയല്‍നാട്ടിലാണ് ഈ അതിക്രമങ്ങളൊക്കെ നടക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര ഭരണകൂടം തുടരുന്ന നിസ്സംഗതക്ക് യാതൊരു ന്യായവുമില്ല. മനുഷ്യാവകാശ സംഘടനകള്‍ ഇതൊരു മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.
Comments