Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

സമാനതകളില്ലാത്ത മാതൃകയായിരുന്നു പ്രവാചകന്‍

സയ്യിദ് സുലൈമാന്‍ നദ്‌വി

 

പറഞ്ഞതൊക്കെയും ചെയ്തു കാണിച്ചു പ്രവാചകന്‍-2

 

ഹിജ്‌റ വര്‍ഷം ഒമ്പതില്‍ ഇസ്‌ലാമിക സാമ്രാജ്യം യമന്‍ മുതല്‍ സിറിയയുടെ അതിര്‍ത്തി വരെ പരന്നു കിടക്കുമ്പോള്‍ മുഹമ്മദ് നബിയുടെ പക്കല്‍ ആകെയുണ്ടായിരുന്നത് മുട്ടിനു കുറച്ച് താഴെ വരെ തൂങ്ങിക്കിടക്കുന്ന ഒരു വസ്ത്രവും ഒരു പരുക്കന്‍ കട്ടിലും ഈന്തപ്പനയോല നിറച്ച ഒരു തലയണയും ഒരു പിടി ബാര്‍ലിയും കുറച്ച് തുകലും വെള്ളം കോരാനുള്ള ഒരു തൊട്ടിയും മാത്രമായിരുന്നു. ഇങ്ങനെയൊക്കെ ജീവിച്ചുപോകുന്നതില്‍ അദ്ദേഹം സംതൃപ്തി കണ്ടെത്തി. 

സ്വാര്‍ഥത വെടിയാന്‍ മറ്റുള്ളവരെ ഉപദേശിക്കുന്ന ഒരുപാട് പ്രഭാഷകരെ കാണാം. എന്നാല്‍ അവരില്‍ എത്ര പേര്‍ ഈ സിദ്ധാന്തം പിന്തുടരുന്നുണ്ട്? എന്നാല്‍ അത് പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു  ഉദാഹരണമിതാ. പ്രിയമകള്‍ ഫാത്വിമ(റ)യെ പ്രവാചകന്‍ അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. എന്നാല്‍ തികഞ്ഞ ദാരിദ്ര്യത്തിലായിരുന്നു ഈ പ്രിയമകള്‍ ജീവിച്ചിരുന്നത്. ധാന്യം പൊടിച്ചും വെള്ളം വലിച്ചും  കൈ നിറയെ പൊക്കിളകള്‍ വന്നപ്പോള്‍ സഹിക്കാന്‍ പറ്റാതെ അവര്‍ പിതാവിനോട് ഒരു പരിചാരികയെ വേണമെന്ന് ആവശ്യപ്പെട്ടു. ''എന്റെ പ്രിയമകള്‍ ഫാത്വിമാ, പാവപ്പെട്ട സുഫ്ഫക്കാരുടെ (മദീനാ പള്ളിയില്‍ താമസിച്ചിരുന്ന പറ്റേ ദരിദ്രരായ അനുയായികള്‍) കാര്യത്തില്‍ തീരുമാനമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് നിന്റെ അഭ്യര്‍ഥന പരിഗണിക്കുക?'' 'ബദ്‌റിലെ അനാഥര്‍ നിന്നേക്കാള്‍ മുമ്പ് അപേക്ഷിച്ചിട്ടുണ്ട്' എന്ന് അദ്ദേഹം മറുപടി പറഞ്ഞതായും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ പ്രവാചകന് ഒരു ഷാള്‍ ആവശ്യമായി വന്നപ്പോള്‍ അനുയായികളിലൊരാള്‍ അത് സമ്മാനമായി നല്‍കി. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ ഷാളിനെ പ്രശംസിച്ചു. ഉടന്‍ തന്നെ മുഹമ്മദ്(സ) അത് അയാള്‍ക്ക് നല്‍കി. മറ്റൊരിക്കല്‍ അതിഥികള്‍ക്ക് ഒന്നും നല്‍കാനില്ലാതെ വിഷമിക്കുകയായിരുന്ന ഒരു സ്വഹാബിയോട് ആഇശ(റ)യുടെ വീട്ടില്‍ പോയി ഒരു കുട്ട നിറയെ ധാന്യം എടുത്തുകൊള്ളാന്‍ പറഞ്ഞു. അന്ന് നബി(സ)യുടെ വീട്ടുകാര്‍ക്ക് കഴിക്കാന്‍ മറ്റൊന്നും അവശേഷിച്ചിരുന്നില്ല. ഒരിക്കല്‍ തന്റെ സുഫ്ഫാ അനുയായികളോടൊപ്പം ആഇശ(റ)യുടെ വീട്ടില്‍ പോയ മുഹമ്മദ് നബി(സ) അവിടെയുണ്ടായിരുന്ന ഭക്ഷണം അവര്‍ക്കായി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കുറച്ച് റൊട്ടിയും ഈന്തപ്പഴങ്ങളുടെ സൂപ്പും ഒരു കപ്പ് പാലും മാത്രമാണ് അവര്‍ക്ക് കണ്ടെത്താനായത്. ഇവ്വിധമാണ് ആത്മപരിത്യാഗവും സംതൃപ്തിയും പ്രവാചകന്‍(സ) പഠിപ്പിച്ചുകൊടുത്തത്.

അല്ലാഹുവിനോടുള്ള പൂര്‍ണ സമര്‍പ്പണം തെളിയിക്കാന്‍ എത്രത്തോളം ക്ഷമയും സഹിഷ്ണുതയും സഹനശക്തിയും ആവശ്യമാണ്? ഇവിടെയും ഉദാഹരണത്തിനായി നമുക്ക് മുഹമ്മദ് നബി(സ)യിലേക്ക് തിരിയേണ്ടിവരും. 

അപരിഷ്‌കൃതരും ദുഃസ്വഭാവികളുമായ ആളുകള്‍ അടിച്ചേല്‍പ്പിച്ച കഷ്ടപ്പാടുകളെയും അപമാനങ്ങളെയും അദ്ദേഹം ശാന്തതയോടെ നേരിട്ടു. നാട്ടുകാരായ മക്കാവാസികള്‍ മിക്കവരും പരിഷ്‌കാരവും മര്യാദയുമില്ലാത്തവരും അഹങ്കാരികളും തന്നിഷ്ടക്കാരുമായിരുന്നു. തങ്ങളുടെ ദൈവങ്ങള്‍ക്കെതിരെ ആരെങ്കിലും സംസാരിക്കുന്നത് അവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. അതിനു വേണ്ടി കൊല്ലാനും ചാകാനും അവര്‍ തയാറായിരുന്നു. പക്ഷേ പ്രവാചകന്‍ അവരുടെ ദേഷ്യം വകവെച്ചില്ല. പകരം കഅ്ബയുടെ അകത്തളത്തില്‍ വെച്ച് അദ്ദേഹം ഏകദൈവത്തെപ്പറ്റി സംസാരിച്ചു. മക്കയിലെ പ്രമാണിമാര്‍ സഭ കൂടിയിരുന്ന സ്ഥലമായിരുന്നിട്ടും അദ്ദേഹം കഅ്ബയുടെ നേരെ തിരിഞ്ഞ് സാഷ്ടാംഗം നമസ്‌കരിച്ചു. പിന്നീട് വെളിപാട് വന്നു: ''അതിനാല്‍ നിന്നോടാവശ്യപ്പെട്ടതെന്തോ, അത് ഉറക്കെ പ്രഖ്യാപിക്കുക'' (15:94). 

മുഴുവന്‍ മക്കാവാസികളെയും സ്വഫാ മലമുകളിലേക്ക് വിളിപ്പിച്ചു കൊണ്ട് മുഹമ്മദ് നബി(സ) ഈ കല്‍പന എങ്ങനെ നടപ്പിലാക്കി എന്ന് നമുക്കറിയാം. ഒറ്റക്കായിരുന്ന പ്രവാചകനെ വേട്ടയാടല്‍ അന്നുതുടങ്ങി. അവര്‍ അദ്ദേഹത്തെ പീഡിപ്പിച്ചു,  അദ്ദേഹത്തിനു മേല്‍ മാലിന്യമെറിഞ്ഞു,  കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു, വഴിയില്‍ മുള്ളുകള്‍ വിതറി. എങ്കിലും അല്ലാഹുവിന്റെ സത്യസന്ദേശം പ്രഖ്യാപിക്കുന്നതില്‍നിന്ന് ഒരിക്കല്‍ പോലും അദ്ദേഹം പിന്മാറിയില്ല. അദ്ദേഹത്തെ ഉപേക്ഷിക്കുമെന്ന് അബൂ ത്വാലിബ് സൂചന നല്‍കിയപ്പോള്‍ പ്രവാചകന്‍ പിതൃസഹോദരന് നല്‍കിയ മറുപടി ഇതായിരുന്നു: ''അല്ലാഹു സാക്ഷി, അവര്‍ എന്റെ വലംകൈയില്‍ സൂര്യനെയും ഇടംകൈയില്‍ ചന്ദ്രനെയും വെച്ചു തന്നാലും, അല്ലാഹു എനിക്ക് വിജയം നല്‍കുകയോ ഞാന്‍ മരിക്കുകയോ ചെയ്യുന്നതുവരെ ഞാന്‍ ഈ പാത ഉപേക്ഷിക്കില്ല''. മൂന്നു നീണ്ട വര്‍ഷങ്ങള്‍  ശിഅ്ബ് അബീത്വാലിബ് താഴ്‌വരയില്‍ താമസിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഈ കാലയളവില്‍ അദ്ദേഹത്തെയും കുടുംബത്തെയും തേടി യാതൊന്നും വന്നില്ല. വിശപ്പടക്കാന്‍ മരങ്ങളിലെ ഇലകള്‍ ഭക്ഷിക്കേണ്ടിവന്നു. ഒടുവില്‍ പ്രവാചകനെ കൊല്ലാന്‍ വരെ പദ്ധതിയുണ്ടായി. ഇതൊന്നും പ്രവാചകനെ ഉലച്ചില്ല. അദ്ദേഹം ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. ഓടിപ്പോയവരെ അന്വേഷിച്ചു നടക്കുകയായിരുന്ന ശത്രുക്കള്‍ അവരെ കണ്ടുപിടിക്കുന്ന വക്കോളമെത്തി. അദ്ദേഹത്തിന്റെ കൂട്ടാളി പേടിയോടെ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഇവിടെ നമ്മള്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ.'' ''ഭയപ്പെടേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്''- പ്രവാചകന്‍ മറുപടി പറഞ്ഞു (ഖുര്‍ആന്‍ 9:40). അതേ യാത്രയില്‍ സുറാഖ എന്നയാള്‍ കുതിരപ്പുറത്ത് തങ്ങളെ പിന്തുടരുന്നത് കണ്ടപ്പോള്‍ അബൂബക്ര്‍(റ) അറിയാതെ നിലവിളിച്ചുപോയി, ''അല്ലാഹുവിന്റെ ദൂതരേ, നമ്മള്‍ പിടിക്കപ്പെട്ടിരിക്കുന്നു''. അപ്പോഴും പ്രവാചകന്‍ ശാന്തനായിരുന്നു. 

മദീനയും അപകടത്തില്‍നിന്ന് മുക്തമായിരുന്നില്ല. ജൂതന്മാരെയും മദീനയിലെ കപടന്മാരെയും പോലെ അപകടകാരികള്‍ അദ്ദേഹത്തിനു ചുറ്റും പതിയിരുന്നു. രാത്രി മുഴുവന്‍ അദ്ദേഹത്തിനു കാവല്‍ നില്‍ക്കാന്‍ ആളുകളെ വെച്ചപ്പോള്‍ മറ്റൊരു വചനം വെളിപ്പെട്ടു: ''ജനങ്ങളില്‍നിന്ന് അല്ലാഹു നിന്നെ രക്ഷിക്കും'' (ഖുര്‍ആന്‍ 5:67). തനിക്ക് അല്ലാഹുവിന്റെ സംരക്ഷണം മതിയെന്ന് പറഞ്ഞ് പ്രവാചകന്‍ കാവല്‍ക്കാരോട് പോയി വിശ്രമിച്ചുകൊള്ളാന്‍ പറഞ്ഞു. ബദ്‌റിലും കഥ ഇതുതന്നെയായിരുന്നു. ആയുധധാരികളായ ആയിരം മക്കാവാസികളും ആയുധബലം കുറഞ്ഞ മുന്നൂറോളം മുസ്‌ലിംകളുള്ള പടയും കൊമ്പുകോര്‍ത്തു. എന്നാല്‍ ഈ മുന്നൂറാളുകളുടെ സൈന്യാധിപന്‍ എവിടെയായിരുന്നു? അദ്ദേഹം യുദ്ധഭൂമിയുടെ ഒരു കോണില്‍ സ്രഷ്ടാവിനു മുന്നില്‍ സാഷ്ടാംഗം വീഴുകയും കൈകളുയര്‍ത്തി പ്രാര്‍ഥിക്കുകയുമായിരുന്നു. ''അല്ലാഹുവേ, അവര്‍ ഇന്ന് നശിപ്പിക്കപ്പെടുകയാണെങ്കില്‍ നിന്നെ ആരാധിക്കുന്നവരായി ആരും അവശേഷിക്കുകയില്ല''- പ്രവാചകന്‍ യാചിച്ചു.

മുസ്‌ലിംകള്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ അവസരങ്ങളുണ്ടായിരുന്നു. ശത്രുവിന്റെ ശക്തിക്കു മുന്നില്‍ പതറി അവരില്‍ പലരും ജീവനു വേണ്ടി ഓടി. എന്നാല്‍ അല്ലാഹുവില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്ന ഒരാള്‍ പാറപോലെ തന്റെ സ്ഥാനത്തു നിന്നു. ഉഹുദില്‍ വെച്ച് ശത്രുക്കള്‍ മുസ്‌ലിം പടയെ തുരത്തുകയും അവരില്‍ പലരെയും കൊല്ലുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍ തന്റെ സ്ഥാനത്തുനിന്ന് അനങ്ങിയില്ല. കല്ലേറു കൊണ്ട അദ്ദേഹം ഒരു വശത്തേക്ക് വീഴുകയും അദ്ദേഹത്തിന്റെ ഒരു പല്ല് നുറുങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ മുഖം മുറിപ്പെടുകയും ചുണ്ടുകള്‍ പൊട്ടുകയും മുഖം മുഴുവന്‍ ചോര പറ്റുകയും ചെയ്തു. എങ്കിലും പ്രവാചകന്‍ വാളൂരിയില്ല. തന്റെ രക്ഷിതാവിന്റെ സഹായം വന്നെത്തുമെന്ന് അദ്ദേഹത്തിന് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. 

ഹുനൈന്‍ യുദ്ധത്തിലും ശത്രുക്കളുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ പതറിപ്പോയ മുസ്‌ലിംകള്‍ പരസ്പരം ചെവി കൊടുക്കാതെ പല ദിക്കിലേക്ക് ഓടാന്‍ തുടങ്ങിയപ്പോള്‍ മുഹമ്മദ് നബി(സ) തന്റെ ഒട്ടകപ്പുറത്തുനിന്നിറങ്ങി വിളിച്ചു ചോദിച്ചു: ''നിങ്ങള്‍ എവിടേക്കാണ് ഓടുന്നത്?  തിരിച്ചുവരൂ. ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണ്. ഞാന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദാണ്.''

സ്വന്തം സൈന്യം ഓടിപ്പോയതിനു ശേഷവും യുദ്ധഭൂമിയിലെ തന്റെ സ്ഥാനത്ത് ഉറച്ചുനില്‍ക്കുന്ന മറ്റേതെങ്കിലും സൈന്യാധിപനുണ്ടോ? വാളൂരിയില്ലെങ്കിലും ആത്മവിശ്വാസവും അല്ലാഹുവിലുള്ള വിശ്വാസവും കളയാതെ നില്‍ക്കുന്നവന്‍! ഇത്ര അപകടകരമായ സാഹചര്യത്തിലും വിജയത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ മറക്കാത്തവന്‍! മുഹമ്മദ് നബി(സ)യുടെ ധീരതയും മനക്കരുത്തും വിശ്വാസവും അല്ലാഹുവിന്റെ പാതയില്‍ പോരാടുന്നവര്‍ക്കുള്ള എക്കാലത്തേക്കുമുള്ള മാതൃകയാണ്.

'ശത്രുവിനെ സ്‌നേഹിക്കുക' എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ശത്രുവിനെ സ്‌നേഹിക്കേണ്ടതെങ്ങനെയാണെന്ന് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ബദ്‌റിലും ഉഹുദിലും ഖന്ദഖിലുമടക്കം പല യുദ്ധങ്ങളിലും ഖുറൈശികളെ നയിക്കുകയും ഒട്ടനവധി മുസ്‌ലിംകളെ കൊല്ലുകയും ഇസ്‌ലാമിനെ തുടച്ചുനീക്കാന്‍ നിരന്തരം പരിശ്രമിക്കുകയും അനവധി തവണ പ്രവാചകനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളായിരുന്നു അബൂ സുഫ്‌യാന്‍. മക്കാവിജയത്തിനു തൊട്ടു മുമ്പ് അബ്ബാസ്(റ)ന്റെ കൂടെ അദ്ദേഹം മുഹമ്മദ് നബി(സ)യെ കാണാന്‍ ചെന്നപ്പോള്‍ ചുറ്റും നിന്നവരെല്ലാം അദ്ദേഹത്തെ കൊല്ലണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ മുഹമ്മദ് നബി(സ) ഒരിക്കലും പ്രതികാരം ചെയ്യില്ലെന്ന് അബൂസുഫ്‌യാന് ഉറപ്പായിരുന്നു. സംഭവിച്ചതും അതുതന്നെ. നബി(സ) അദ്ദേഹത്തിനു മാപ്പു നല്‍കുക മാത്രമല്ല, മക്കയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും അഭയം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അബൂസുഫ്‌യാന്റെ ഭാര്യയായിരുന്ന ഹിന്ദ് ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ പോരാടാന്‍ മക്കാവാസികള്‍ക്ക് പ്രചോദനം നല്‍കിയ സ്ത്രീയായിരുന്നു. ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷികളായ മുസ്‌ലിംകളുടെ കാതും മൂക്കും വെട്ടിയെടുത്ത് അവര്‍ പാദസരങ്ങളും മാലകളുമുണ്ടാക്കി. പ്രവാചകന്റെ പിതൃസഹോരന്‍ ഹംസ(റ)യുടെ മൃതദേഹത്തില്‍ നിന്ന് കരള്‍ മുറിച്ചെടുത്ത് കടിക്കുകയും നബി(സ)ക്ക് നോക്കിനില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ മൃതദേഹം വികൃതമാക്കുകയും ചെയ്തു. മുസ്‌ലിംകള്‍ മക്ക കീഴടക്കിയതിനു ശേഷം ഇസ്‌ലാം സ്വീകരിക്കാന്‍ മുഖം മറച്ചുവന്ന അവര്‍ അപ്പോഴും ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയത്. എങ്കിലും മുമ്പ് ചെയ്ത പാപങ്ങളെപ്പറ്റി ചോദ്യങ്ങളൊന്നുമില്ലാതെ അവര്‍ക്ക് മാപ്പുനല്‍കപ്പെട്ടു. പ്രവാചകന്റെ കാരുണ്യം കണ്ട് അതിശയപ്പെട്ട ഹിന്ദ് പ്രഖ്യാപിച്ചു, ''മുഹമ്മദ്, ഇതിനു മുമ്പ് താങ്കളുടെ സിദ്ധാന്തങ്ങളോളം വെറുക്കപ്പെട്ട ഒരു കാര്യം എനിക്ക് വേറെയുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ താങ്കളുടെ കൂടാരത്തോളം പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നുമില്ല.'' 

ഹംസ(റ)യെ ഉഹുദ് യുദ്ധക്കളത്തില്‍ വെച്ച് കൊലപ്പെടുത്തിയത് വഹ്ശിയായിരുന്നു. മക്ക കീഴടക്കപ്പെട്ടപ്പോള്‍ അദ്ദേഹം ത്വാഇഫിലേക്ക് കടന്നു. എന്നാല്‍ ത്വാഇഫും കീഴടങ്ങിയപ്പോള്‍ അദ്ദേഹം പ്രതിസന്ധിയിലായി. അപ്പോള്‍ ആരോ അദ്ദേഹത്തോട് പറഞ്ഞു; ''നീയെന്തിന് ഭയപ്പെടണം? തന്റെ മതത്തില്‍ പ്രവേശിക്കുന്നയാരെയും അദ്ദേഹം കൊല്ലില്ല. അദ്ദേഹത്തിന്റെ കൂടെയല്ലാതെ നിനക്ക് സമാധാനം ലഭിക്കാന്‍ പോകുന്നില്ല.'' മാപ്പപേക്ഷിച്ചുകൊണ്ട് വഹ്ശി തിരിച്ചുചെന്നു. പിതൃസഹോദരന്റെ വികൃതമാക്കപ്പെട്ട മൃതദേഹം ഓര്‍മയില്‍ വന്നെങ്കിലും പ്രവാചകന്‍ വഹ്ശിക്കു മാപ്പുകൊടുത്തു. 

പ്രവാചകന്റെ ഏറ്റവും വലിയ ശത്രുവായിരുന്ന അബൂ ജഹ്‌ലിന്റെ മകനായിരുന്നു ഇക്‌രിമ. പിതാവിനെ പോലെ ഇക്‌രിമയും ഇസ്‌ലാമിനെ വെറുക്കുകയും പലതവണ മുസ്‌ലിംകള്‍ക്കെതിരെ പോരാടുകയും ചെയ്തിരുന്നു. മക്കാവിജയത്തിനു ശേഷം തന്റെ മുന്‍കാല ചെയ്തികള്‍ വെച്ചുനോക്കുമ്പോള്‍ യമനിലേക്ക് കടക്കുന്നതായിരിക്കും സുരക്ഷിതമെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തി. ഇസ്‌ലാം സ്വീകരിച്ച അദ്ദേഹത്തിന്റെ ഭാര്യ ഉമ്മു ഹകീം(റ) യമനില്‍ പോയി അദ്ദേഹത്തെ മക്കയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹത്തിന്റെ വരവിനെക്കുറിച്ചറിഞ്ഞപ്പോള്‍ എഴുന്നേറ്റുനിന്ന മുഹമ്മദ് നബി(സ)യുടെ ധൃതി കാരണം അദ്ദേഹത്തിന്റെ ചുമലിലുണ്ടായിരുന്ന ഷാള്‍ നിലത്തേക്ക് വീണു. ''നാടു വിട്ടുപോയ യാത്രക്കാരാ, സ്വാഗതം!''- പ്രവാചകന്‍ പറഞ്ഞു. ശത്രുക്കളുടെ നേതാവായിരുന്ന അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമ ഇപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കപ്പെടുകയാണ്!

പ്രവാചകന്റെ മകള്‍ സൈനബി(റ)ന്റെ മരണത്തിനുത്തരവാദിയാണ് ഹബ്ബാറുബ്‌നു അസ്‌വദ്. മക്കാവിജയത്തിനു ശേഷം ശിക്ഷിക്കപ്പെട്ട കുറച്ചു പേരില്‍ ഒരാളായിരുന്ന ഹബ്ബാര്‍ ഇറാനിലേക്ക് പോകാന്‍ പദ്ധതിയിട്ടു. എന്നാല്‍ രണ്ടാമതാലോചിച്ച ഹബ്ബാര്‍ പ്രവാചകന്റെ അരികിലെത്തി തുറന്നു സമ്മതിച്ചു: ''ഞാന്‍ ഇറാനിലേക്ക് പോകാന്‍ തീരുമാനിച്ചതായിരുന്നു. പക്ഷേ അങ്ങയുടെ വിശാലമനസ്‌കത കണ്ട് ഞാന്‍ അങ്ങയുടെ അരികില്‍ വന്നിരിക്കുകയാണ്. അല്ലാഹുവിന്റെ പ്രവാചകരേ, നിങ്ങള്‍ എന്നെക്കുറിച്ച് കേട്ടതൊക്കെയും സത്യമാണ്''. ഹബ്ബാറിന്റെ കുറ്റസമ്മതം പ്രവാചകന്റെ മനസ്സലിയിക്കുകയും സ്വന്തം മകളുടെ മരണം പോലും മറന്ന് അദ്ദേഹം അയാള്‍ക്ക് മാപ്പുനല്‍കുകയും ചെയ്തു. 

മക്കയിലെ ശത്രുനിരയുടെ മറ്റൊരു നേതാവായിരുന്നു ഉമൈറുബ്‌നു വഹബ് (റ). ബദ്ര്‍ യുദ്ധത്തിനു തൊട്ടു ശേഷം അദ്ദേഹം തന്റെ മൂര്‍ച്ചപ്പെടുത്തിയ വാളില്‍ വിഷം പുരട്ടി മുഹമ്മദ് നബി(സ)യെ അന്വേഷിച്ച് മദീനയിലെത്തി. പള്ളിയില്‍ പ്രവേശിച്ച അദ്ദേഹം പിടിക്കപ്പെട്ടു. കുറ്റം തെളിഞ്ഞെങ്കിലും റസൂല്‍ അദ്ദേഹത്തെ പോകാനനുവദിച്ചു. തന്റെ കടങ്ങള്‍ വീട്ടുമെന്നും കുടുംബത്തെ പരിപാലിക്കുമെന്നും സ്വഫ്‌വാനുബ്‌നു ഉമയ്യ എന്ന പ്രമാണി വാക്കു നല്‍കിയതനുസരിച്ചാണ് ഉമൈര്‍ പ്രവാചകനെ വധിക്കാനിറങ്ങിയത്. മക്ക വീണപ്പോള്‍ സ്വഫ്‌വാന്‍ യമനിലേക്ക് കപ്പല്‍ കയറാനായി ജിദ്ദയിലേക്ക് കടന്നു. എന്നാല്‍ ജനങ്ങളുടെ നേതാവായതിനാല്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യാനാണ് സ്വഫ്‌വാന്‍ പോയതെന്ന് ഉമൈര്‍ പ്രവാചകനോട് പറഞ്ഞു. തന്റെ കഴിഞ്ഞ കാലത്തെ ശത്രുവിന്റെ അവസ്ഥ കേട്ട് വിഷമം തോന്നിയ നബി(സ) അദ്ദേഹത്തിന് ശിക്ഷയില്‍നിന്ന് സംരക്ഷണം നല്‍കി. ഇത് തെളിയിക്കാന്‍ അടയാളം വേണമെന്ന് പറഞ്ഞ സ്വഫ്‌വാനു വേണ്ടി ഉമൈറിന്റെ കൈയില്‍ പ്രവാചകന്‍(സ) തന്റെ തലപ്പാവ് കൊടുത്തയച്ചു. കപ്പലില്‍ കയറുന്നതിനു മുമ്പ് സ്വഫ്‌വാനടുത്തെത്തിയ ഉമൈര്‍ അദ്ദേഹത്തോട് തിരിച്ചുവരാന്‍ അഭ്യര്‍ഥിച്ചു. സ്വഫ്‌വാന്‍ സമ്മതിച്ചില്ല. മുഹമ്മദിനെ ഭയന്ന് ജീവന്‍ രക്ഷിക്കാനാണ് താന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുകാലം മുമ്പ് വരെ മുഹമ്മദ് നബി(സ)യെ കൊല്ലാന്‍ നടക്കുകയായിരുന്ന ഉമൈര്‍ പറഞ്ഞു: ''അദ്ദേഹം അത്യധികം ഉദാരമതിയും ആദരണീയനുമാണ്.'' ഒടുവില്‍ തിരിച്ചുവന്ന സ്വഫ്‌വാന്‍ പ്രവാചകനോട് ചോദിച്ചു: ''നിങ്ങള്‍ എനിക്ക് സംരക്ഷണം നല്‍കി എന്നത് സത്യമാണോ?'' പ്രവാചകന്‍ അതേയെന്ന് ഉത്തരം പറഞ്ഞപ്പോള്‍ സ്വഫ്‌വാന്‍ തീരുമാനമെടുക്കാന്‍ രണ്ടു മാസം സമയം ചോദിച്ചു. അദ്ദേഹത്തിനു ലഭിച്ചത് നാലു മാസമാണ്. എന്നാല്‍ പ്രവാചകന്റെ സ്വഭാവമഹിമയില്‍ മതിപ്പ് തോന്നിയ സ്വഫ്‌വാന്‍ സമയമാവുന്നതിന് എത്രയോ മുമ്പ് തന്നെ ഇസ്‌ലാം സ്വീകരിച്ചു. 

ജൂതന്മാരുടെ താവളമായിരുന്ന ഖൈബറിലേക്ക് റസൂല്‍ ഒരു സംഘത്തെ നയിക്കുകയും കടുത്ത പോരാട്ടത്തിനൊടുവില്‍ അവിടം പിടിച്ചടക്കുകയും ചെയ്തിരുന്നു. അവിടെയുണ്ടായിരുന്ന ഒരു ജൂതസ്ത്രീ വിഷം ചേര്‍ത്ത് പൊരിച്ച ആടിനെ നബി(സ)ക്ക് കൊടുത്തു. ചെറിയൊരു കഷ്ണം കടിച്ചപ്പോള്‍ തന്നെ കാര്യം മനസ്സിലായ പ്രവാചകന്‍ സ്ത്രീയെ തന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഉത്തരവിട്ടു. അവര്‍ കുറ്റം സമ്മതിച്ചപ്പോള്‍ പ്രവാചകന്‍ അവരെ പോകാനനുവദിച്ചു; അന്ന് കഴിച്ച ഭക്ഷണത്തിന്റെ വിഷബാധ ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടിവന്നിട്ടു കൂടി.

പ്രവാചകനെ കൊല്ലാന്‍ കാത്തിരിക്കുകയായിരുന്ന ഒരു ശത്രു  പിടിക്കപ്പെടുകയും പ്രവാചകനു മുന്നില്‍ ഹാജരാക്കപ്പെടുകയും ചെയ്തു. ഭയം കൊണ്ട് വിറക്കുകയായിരുന്ന അയാളെ റസൂല്‍ ആശ്വസിപ്പിച്ചു: ''പേടിക്കേണ്ട. നിനക്ക് കൊല്ലണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ കൂടി അത് സാധിക്കുമായിരുന്നില്ല.'' മക്കാവിജയത്തിനു തൊട്ടു മുമ്പ് പ്രവാചകനെ പിടികൂടാന്‍ ഉദ്ദേശിച്ചു വന്ന 80 പടയാളികളുടെ ഒരു കൂട്ടം പിടിക്കപ്പെട്ടു. അവരെയും പ്രവാചകന്‍ വെറുതെ വിട്ടു.

ശത്രുവിനോടുള്ള ദയാവായ്പില്‍ ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത മാതൃകയായിരുന്നു പ്രവാചകന്‍(സ) നല്‍കിയത്. ഇസ്‌ലാം അതിന്റെ അനുയായികളോട് വേദഗ്രന്ഥം പിന്തുടരാന്‍ മാത്രമല്ല, അതിന്റെ ദൂതന്റെ മാതൃക പിന്തുടരാനും ആവശ്യപ്പെടുന്നുണ്ട്. തന്റെ മരണത്തിന് കുറച്ചു ദിവസം മുമ്പ് അല്ലാഹുവിന്റെ പ്രവാചകന്‍ വിശ്വാസികളോട് പറഞ്ഞു: ''ഞാന്‍ നിങ്ങള്‍ക്കു വേണ്ടി രണ്ടു കാര്യങ്ങള്‍ ഉപേക്ഷിച്ചുപോവുകയാണ്. അവ രണ്ടും മുറുകെപ്പിടിക്കുന്നേടത്തോളം കാലം നിങ്ങളിലാരും വഴിപിഴച്ചുപോവുകയില്ല. ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥവും മറ്റൊന്ന് എന്റെ സുന്നത്തുമാണ്.''

വിടവാങ്ങല്‍ പ്രസംഗത്തില്‍ സമാധാനത്തെയും നീതിയെയും സാഹോദര്യത്തെയും കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''അറേബ്യയുടെ പ്രാകൃത ഭൂതകാലത്തിലെ എല്ലാ വീട്ടാത്ത പ്രതികാരങ്ങളും മായ്ക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ആദ്യത്തേത് റബീഅത്തുബ്‌നു ഹാരിസിന്റെ പുത്രന്റെ, അഥവാ എന്റെ അനന്തരവന്റെ രക്തമാണ്. എല്ലാ പലിശയിടപാടുകളും ഇന്നുമുതല്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ആദ്യം എഴുതിത്തള്ളുന്നത് എന്റെ പിതൃസഹോദരന്‍ അബ്ബാസുബ്‌നു അബ്ദില്‍ മുത്ത്വലിബിന് ലഭിക്കാനുള്ള പണമാണ്.''

വ്യക്തികളുടെ ജീവന്നും സമ്പത്തിനും സുരക്ഷിതത്വം ഉണ്ടാവേണ്ടത് ഏതൊരു പരിഷ്‌കൃത സമൂഹത്തിന്റെയും അടിസ്ഥാന ആവശ്യമാണ്. അതിനു തൊട്ടു പിന്നാലെയാണ് അഭിമാനം. കാലങ്ങളായി തുടര്‍ന്നുവന്ന രീതികള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത് പലപ്പോഴും സഹജീവികളുടെ കണ്ണില്‍ അപമാനത്തിന് തുല്യമായിരിക്കും. മഹാന്മാരായ പരിഷ്‌കര്‍ത്താക്കള്‍ പോലും പലപ്പോഴും സമൂഹികരീതികളെ പൂര്‍ണമായി തകര്‍ത്തെറിയുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്.

മുഹമ്മദ് നബി(സ) ജീവിച്ചിരുന്ന ഇസ്‌ലാമിനു മുമ്പുള്ള സമൂഹത്തില്‍ ഏറ്റവും താഴ്ന്ന സ്ഥാനം നല്‍കപ്പെട്ടിരുന്നത് അടിമകള്‍ക്കായിരുന്നു. തന്നേക്കാള്‍ താഴെ തട്ടിലുള്ളവരുമായി പടപൊരുതുന്നതുപോലും അറബികള്‍ ഒരു അപമാനമായി കണ്ടു. അങ്ങനെയുള്ള ഒരു സമൂഹത്തോടാണ്; 'ഹേ! നിങ്ങളൊക്കെ ആദമിന്റെ മക്കളാണ്. ആദം കളിമണ്ണു കൊണ്ടു സൃഷ്ടിക്കപ്പെട്ടവനാണ്. കറുത്തവന്‍ വെളുത്തവനേക്കാളോ വെളുത്തവന്‍ കറുത്തവനേക്കാളോ അറബികള്‍ അനറബികളേക്കാളോ അനറബികള്‍ അറബികളേക്കാളോ മെച്ചപ്പെട്ടവരല്ല. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഏറ്റവും കൂടുതല്‍ ദൈവഭയമുള്ളവനും ഭക്തിയുള്ളവനുമാണ്' എന്ന് പ്രഖ്യാപിക്കുന്നത്. 

പ്രഖ്യാപനം എല്ലാ മനുഷ്യരെയും ഒരേ തട്ടില്‍ കൊണ്ടു വന്നു നിര്‍ത്തിയെങ്കിലും മികച്ച ഉദാഹരണം നല്‍കി അത് തെളിയിക്കേണ്ടത് അനിവാര്യമായിരുന്നു. സ്വന്തം അടിമയായ സൈദിനെ അദ്ദേഹം ദത്തുപുത്രനായി പ്രഖ്യാപിച്ചു. മാത്രമല്ല, ഏറ്റവും ഉന്നതരായി കണക്കാക്കപ്പെട്ടിരുന്ന ഖുറൈശ് വംശത്തില്‍പെട്ട സ്വന്തം ബന്ധുവിനെ അദ്ദേഹത്തിനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. പിന്നീടാണ് ദത്തെടുത്ത കുട്ടിക്ക് സ്വന്തം മകന്റെ/മകളുടെ അവകാശം നല്‍കുന്ന സമ്പ്രദായം നിരോധിച്ചുകൊണ്ട് കല്‍പനയിറങ്ങിയത്. ദത്തുപുത്രന്റെ വിവാഹമോചിതയായ ഭാര്യയെയോ വിധവയെയോ വിവാഹം കഴിക്കുന്നത് മോശമായി കണക്കാക്കിയിരുന്ന അറബികള്‍ക്ക് മാതൃക കാണിക്കാന്‍ സൈദ് മൊഴിചൊല്ലിയ ഭാര്യയെ പ്രവാചകന്‍ വിവാഹം കഴിക്കുകയും ചെയ്തു.

ഇങ്ങനെ പറഞ്ഞ കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ എന്ത് ക്ലേശം സഹിച്ചും പ്രയോഗവത്കരിച്ചതിന് എത്രയും ഉദാഹരണങ്ങള്‍ ആ ജീവിതത്തില്‍നിന്ന് കണ്ടെടുക്കാനാവും.            

(അവസാനിച്ചു)

വിവ: സയാന്‍ ആസിഫ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍