അനീതിക്കെതിരെ ഐക്യനിര പ്രഖ്യാപിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സമ്മേളനം
അജ്മീര്‍: മുസ്‌ലിം വ്യക്തിനിയമത്തില്‍ കൈകടത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമാണ് അതെന്നും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന്റെ മുപ്പത്തിമൂന്നാം ദേശീയ സമ്മേളനം. അജ്മീറില്‍ നടന്ന സമ്മേളനത്തില്‍ പതിനായിരത്തിലധികം പണ്ഡിതന്മാര്‍ പങ്കെടുത്തു. സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങളും ചിന്താധാരകളും തമ്മിലുള്ള ഐക്യം സാധ്യമാവണമെന്ന് ജംഇയ്യത്ത് പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഉസ്മാന്‍ മന്‍സൂര്‍പൂരി പറഞ്ഞു. ഇസ്‌ലാമിനെയും ശരീഅത്തിനെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം. ഇസ്‌ലാം ഭീകരവാദത്തിനും വിഭാഗീയതക്കുമെതിരാണെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണം-അദ്ദേഹം തുടര്‍ന്നു. ഏകീകൃത സിവില്‍കോഡ്, മുത്ത്വലാഖ് വിഷയങ്ങളില്‍ ഗവണ്‍മെന്റ് നീക്കങ്ങള്‍ ഒട്ടേറെ സംശയങ്ങളുയര്‍ത്തുന്നതാണെന്നും ദലിതുകളും മറ്റ് അധഃസ്ഥിത വിഭാഗക്കാരുമെല്ലാം ഉള്‍പ്പെട്ട ഐക്യനിര ഉയര്‍ന്നു വരണമെന്നും ജംഇയ്യത്ത് സെക്രട്ടറി ജനറല്‍ മൗലാനാ സയ്യിദ് മഹ്മൂദ് മദനി (മുന്‍ എം.പി) പറഞ്ഞു.
പൊതുസമ്മേളനത്തില്‍ പ്രഫ. അഖ്തറുല്‍ വാസി, മൗലാനാ തൗഖീര്‍ റസാ ഖാന്‍, സ്വാമി ചിദാനന്ദ സരസ്വതി, ആചാര്യ ലോകേഷ് മുനി, പണ്ഡിറ്റ് എന്‍.കെ ശര്‍മ, ദലിത് നേതാവ് അശോക് ഭാരതി പങ്കെടുത്തു. പതിനായിരങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ വ്യത്യസ്ത മതവിശ്വാസികള്‍ അണിനിരന്നു. മൗലാനാ നിയാസ് അഹ്മദ് ഫാറൂഖി, ഖാജ സയ്യിദ് സാദിഖ് ഹുസൈന്‍, ഖാജ ജുനൈദ്, മൗലാനാ നദീം സിദ്ദീഖ്, മൗലാനാ മതീനുല്‍ ഹഖ്, ഉസാമ, നിയാസ് അഹ്മദ് ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.
ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ ശാഠ്യം പൗരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. നിലവിലെ ഗവണ്‍മെന്റ് അധികാരത്തിലേറിയതുമുതല്‍ സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതായി പ്രമേയം കുറ്റപ്പെടുത്തി. 'സാമുദായിക ഐക്യവും രാജ്യസുരക്ഷയും പ്രധാനമാണെന്ന് ജംഇയ്യത്ത് കരുതുന്നു. സാമുദായിക കലാപങ്ങള്‍ രാജ്യപുരോഗതിയെ തടസ്സപ്പെടുത്തും. രാജ്യത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കലാണ് ഒരു ഗവണ്‍മെന്റിന്റെ പ്രാഥമിക കടമ. സംഘര്‍ഷങ്ങള്‍ തടയാനുള്ള നടപടികളാണ് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ എടുക്കേണ്ടത്'-പ്രമേയം ആവശ്യപ്പെട്ടു.
ബാബരി മസ്ജിദ്: കോടതിക്കു പുറത്ത് അനുരഞ്ജനം സാധ്യമല്ല
ന്യൂദല്‍ഹി: ബാബരി മസ്ജിദ് തര്‍ക്കത്തില്‍ കോടതിക്കു പുറത്ത് അനുരഞ്ജനം സാധ്യമല്ലെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി. ദല്‍ഹിയിലെ സംഘടനാ ആസ്ഥാനത്ത് പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇരുപത്തിനാല് വര്‍ഷം പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാധാനപരമായ സമരമുറകളുമായി സംഘടന മുമ്പോട്ടുപോകും. ഇക്കാര്യത്തില്‍ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും സമാധാനസ്‌നേഹികളായ എല്ലാ പൗരന്മാരുടെയും സഹകരണം തേടും. ബാബരി മസ്ജിദ് തകര്‍ത്തവര്‍ ഇപ്പോഴും നിയമത്തിന് പിടികൊടുക്കാതെ സൈ്വരവിഹാരം നടത്തുകയാണ്. സംഭവം നടന്ന് 17 വര്‍ഷങ്ങള്‍ക്കു ശേഷം ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും പ്രായോഗിക ചുവടുവെപ്പുകളൊന്നും ഉണ്ടായില്ല. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അമീര്‍ പറഞ്ഞു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദാക്കിയ നടപടി കള്ളപ്പണം തടയാനാണെന്ന വാദം സംശയാസ്പദമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍ ചൂണ്ടിക്കാട്ടി. മുന്തിയ നോട്ടുകള്‍ നിരോധിക്കുന്നത് കള്ളപ്പണം തടയാനാണെങ്കില്‍ 2000-ന്റെ നോട്ട് അടിച്ചിറക്കിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. പൊടുന്നനെയുള്ള ഈ പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണ്. സാധാരണക്കാരെയും മധ്യവര്‍ഗവിഭാഗങ്ങളെയും കഷ്ടപ്പെടുത്താന്‍ മാത്രമേ അത് ഉപകരിച്ചുള്ളൂ. സ്വന്തം പണം പിന്‍വലിക്കാന്‍ അവര്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയാണ്. നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് ഒരു സമ്പൂര്‍ണ ധവളപത്രം പുറത്തിറക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റോഹിംഗ്യ മുസ്‌ലിംകളെ വംശഹത്യക്ക് വിധേയമാക്കുന്ന മ്യാന്‍മര്‍ ഗവണ്‍മെന്റിന്റെ നീക്കങ്ങളെ ജമാഅത്ത് സെക്രട്ടറി ശക്തമായ ഭാഷയില്‍ അപലപിച്ചു. റോഹിംഗ്യകളുടെ സ്വത്തും ഉപജീവനോപാധികളും തീവെച്ച് നശിപ്പിക്കുകയാണ്. ആങ്‌സാന്‍ സൂചിയുടെ കൊട്ടിഘോഷിക്കപ്പെട്ട ജനാധിപത്യഭരണകൂടം അധികാരമേറ്റിട്ടും വംശഹത്യ പഴയതുപോലെ തുടരുകയാണ്. ഐക്യരാഷ്ട്ര സഭയും മറ്റു അന്താരാഷ്ട്ര വേദികളും മുസ്‌ലിം രാഷ്ട്രങ്ങളും റോഹിംഗ്യ പ്രശ്‌നത്തില്‍ തുടരുന്ന നിസ്സംഗത ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Comments