മുജാഹിദ് ഐക്യം: വഴിപിരിഞ്ഞവര്‍ ഒന്നാകുമ്പോള്‍
വ്യക്തികളായാലും കൂട്ടായ്മകളായാലും ഒന്നായി നിന്നവര്‍ രണ്ടായാല്‍ പിന്നെ അവരാകും പരസ്പരം ഏറ്റവും വലിയ ശത്രുക്കള്‍. ചെറിയ വിയോജിപ്പുകളുടെ പേരിലാവും മിക്കപ്പോഴും അകല്‍ച്ചകളുടെ തുടക്കം. രണ്ടായി പിരിഞ്ഞ ശേഷവും മിക്ക വിഷയങ്ങളിലും ഒരേ നിലപാടുള്ളവരാകും മിക്ക ഗ്രൂപ്പകളും. യോജിക്കുന്ന 95 വിഷയങ്ങളുമൊഴിവാക്കി വിയോജിക്കുന്ന അഞ്ച് കാര്യങ്ങളിലാവും പിന്നീടവരുടെ തര്‍ക്കവിതര്‍ക്കങ്ങള്‍. വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയുടെ വഴിയിലെ മുന്നോട്ടുപോക്കിന് ഗതിവേഗം വര്‍ധിപ്പിക്കുന്ന സംഘടിതോര്‍ജത്തിന്റെ നല്ലൊരു പങ്കും പരസ്പര പഴിചാരലുകള്‍ക്കായി പാഴായി പോകുമെന്നതാണ് പിളര്‍പ്പുകളുടെ ദോഷങ്ങളിലൊന്ന്.
ഏറക്കുറെ മുജാഹിദ് പ്രസ്ഥാനത്തിന്റെ അജണ്ടകളും കുറച്ചു വര്‍ഷമെങ്കിലും ഇങ്ങനെയാണ് മുന്നോട്ടുപോയത്. പിന്നീട് ഇടക്കാലത്ത് അതില്‍ ആശ്വാസകരമായ മാറ്റങ്ങളുണ്ടായി. പരസ്പരം പഴിചാരലുകള്‍ ഒഴിവാക്കി സ്വന്തം അജണ്ടകളുമായി ഇരു വിഭാഗവും മുന്നോട്ടുപോയി. ആരോപണ പ്രത്യാരോപണങ്ങള്‍ അവസാനിച്ചതോടെ ശത്രുതയുടെ തീവ്രതക്കും കുറവ് വന്നു. പ്രാദേശിക തലങ്ങളില്‍ ഒറ്റപ്പെട്ട തോതിലാണെങ്കിലും ഒരുമിച്ച് പള്ളികളും മദ്‌റസകളും മുന്നോട്ടുപോയി തുടങ്ങി. അപൂര്‍വമായി വേദി പങ്കിടാനും നേതാക്കള്‍ തയാറായി. അത് പിന്നീട് ഐക്യത്തെക്കുറിച്ച് പരസ്യമായി എഴുതാനും സംസാരിക്കാനുമുള്ള പ്രചോദനമായി. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി തുടരുന്ന ഈ ഐക്യ സംസാരങ്ങളും പ്രാദേശിക സൗഹൃദങ്ങളുമെല്ലാം പുതിയകാലത്തെ സവിശേഷ വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കും മുന്നില്‍ മുജാഹിദ് ഐക്യമായി രൂപപ്പെടുകയായിരുന്നു.
ഐക്യത്തിന് ആര് മുന്‍കൈയെടുത്താലും സമ്മര്‍ദം ചെലുത്തിയാലും പിണങ്ങിപ്പിരിഞ്ഞ് രണ്ടായിത്തീര്‍ന്നവര്‍ ഒന്നിക്കണമെങ്കില്‍ ഇരുകൂട്ടരും വലിയ വിട്ടുവീഴ്ചകള്‍ക്ക് തയാറാവണം. വിദ്വേഷ കാലത്ത് പറഞ്ഞതും എഴുതിയതുമെല്ലാം മറക്കാനും പൊറുക്കാനും സാധിക്കണം. അതിന് മുജാഹിദ് നേതൃത്വം തയാറായി എന്നത് ചെറിയ കാര്യമല്ല. വ്യക്തികള്‍ പോലും പിണങ്ങിയാല്‍ ഈഗോ കാരണം ഇണങ്ങാന്‍ മടിക്കുന്ന ഇക്കാലത്ത് അത് വലിയൊരു മാതൃകയാണ്.
ഒരു വ്യാഴവട്ടത്തിലേറെ കാലം രണ്ട് വിഭാഗമായി മുന്നോട്ടുപോവുമ്പോള്‍ സംഘടനാ അജണ്ടകളിലും മുന്‍ഗണനാക്രമങ്ങളിലും സമീപന രീതികളിലുമൊക്കെ ഇരു വിഭാഗത്തിനുമിടക്ക് വൈവിധ്യമുണ്ടാവുക സ്വാഭാവികമാണ്. ആദര്‍ശത്തിലും കാഴ്ചപ്പാടിലും സലഫിസം മുറുകെപ്പിടിക്കുമ്പോഴും ഔദ്യോഗിക മുജാഹിദ് വിഭാഗത്തില്‍നിന്ന് വ്യത്യസ്തമായി സാമൂഹിക ഇടപെടലുകളില്‍ സജീവത കാണിച്ചാണ് ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള വിഭാഗം മുന്നോട്ടുപോയിരുന്നത്. പരിസ്ഥിതി ഇടപെടലുകള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അവയവദാനത്തില്‍ വരെ അതെത്തി നില്‍ക്കുന്നു. പ്രാദേശികതല പ്രവര്‍ത്തകരില്‍ വരെ ഈ സമീപനവൈവിധ്യം ദൃശ്യമായിരുന്നു. മാതൃസംഘടനയാവട്ടെ, പിളര്‍പ്പിന് മുമ്പ് ഉണ്ടായിരുന്ന അതേ അജണ്ടകളിലും മുന്‍ഗണനാ ക്രമങ്ങളിലും തന്നെയാണ് ഏറക്കുറെ ഇപ്പോഴുമുള്ളത്. ഇരുകൂട്ടരും ലയിച്ച് ഒന്നാകുമ്പോള്‍ ഈ അജണ്ടാ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനും ഗുണപരമായി സ്വാംശീകരിക്കാനും മാതൃസംഘടനക്ക് സാധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ കുറച്ച് പേര്‍ക്കെങ്കിലും ഈ ലയനം നിരാശയായിരിക്കും സമ്മാനിക്കുക. അത് തിരിച്ചറിഞ്ഞ് പരസ്പരം മാനിച്ചും ഉള്‍ക്കൊണ്ടും മുന്നോട്ടുപോകുംവിധം അജണ്ടകളൊരുക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിനാകുമെന്ന് പ്രത്യാശിക്കാം.
Comments