Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 16

2980

1438 റബീഉല്‍ അവ്വല്‍ 16

ശവമെത്തകള്‍ സ്വന്തമാക്കാത്ത കമ്യൂണിസ്റ്റ് ഭരണാധികാരി

സി. ദാവൂദ്

ലോകത്തെ കഴിഞ്ഞുപോയ വിവിധ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ പൈതൃകം പരിശോധിക്കുമ്പോള്‍ പൊതുവായ ചില ഘടകങ്ങള്‍ കണ്ടെത്താന്‍ കഴിയും. അവയിലൊന്ന്, ലക്ഷക്കണക്കിന് മനുഷ്യരുടെ തലയോട്ടികള്‍ അവരുടെ ഭരണത്തിന്റെ ബാക്കിയിരിപ്പായി ഉണ്ടായിരിക്കും എന്നതാണ്. വെറും നാലു വര്‍ഷം കമ്പോഡിയ ഭരിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരിയായ പോള്‍പോട്ട് ആയിരിക്കും ഇക്കാര്യത്തില്‍ മുമ്പന്‍. മൂന്ന് ദശലക്ഷം മനുഷ്യരെയാണ് അയാള്‍ വിപ്ലവലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൊന്നുതള്ളിയത്. മാവോ സേ തുങിന്റെ പേരില്‍ അഞ്ച് ദശലക്ഷം തലയോട്ടികളുടെ ക്രെഡിറ്റ് ഉണ്ടെങ്കിലും 1949 മുതല്‍ 1976 വരെയുള്ള ദീര്‍ഘമായ കാലഘട്ടമെടുത്താണ് മാവോ അത്രയും കൊലപാതകങ്ങള്‍ നടപ്പാക്കിയത്. ജോസഫ് സ്റ്റാലിന്‍ കൊന്നുതള്ളിയ മനുഷ്യരുടെ കാര്യത്തില്‍ പലവിധ വ്യാഖ്യാനങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും കുറഞ്ഞ കണക്കു പ്രകാരം മൂന്ന് ദശലക്ഷം വരും അത്. യുഗോസ്ലാവ്യയയിലെ മാര്‍ഷല്‍ ടിറ്റോ,  അല്‍ബേനിയയിലെ അന്‍വര്‍ ഹോജ, റുമാനിയയിലെ നികൊളാസ് ചെഷസ്‌ക്യൂ, ഉത്തര കൊറിയയിലെ കിം ജോങ് ഇല്‍ തുടങ്ങിയവരുടെ പേരിലുമുണ്ട് പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവന്റെ കണക്കുകള്‍. കമ്യൂണിസ്റ്റ് ഭരണാധികാരികളെ ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം, എല്ലാവരും ആജീവനാന്ത ഭരണാധികാരികളായിരുന്നു എന്നതാണ്. ഉപ്പുറ്റികള്‍ ഉരസി കട്ടിലില്‍ കിടന്നു പോകുന്ന പ്രായത്തിലും ലേപനങ്ങളുടെ സഹായത്തോടെ മുഖകാന്തിയുണ്ടെന്ന് വരുത്തി ടെലിവിഷനില്‍ വന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുമായിരുന്നു അവര്‍. ജനങ്ങളുടെ വെറുപ്പ് നേടിയെടുക്കുന്നതില്‍ ഈ നേതാക്കളൊക്കെ ഒന്നിനൊന്ന് മത്സരിച്ചു. ജനങ്ങളുടെ വെറുപ്പ് പേടിച്ച് ഭാര്യയോടൊപ്പം ഓടിയൊളിക്കവെ പിടികൂടപ്പെട്ട് കൊല്ലപ്പെട്ടയാളാണ് ചെഷസ്‌ക്യൂ. എന്നാല്‍, കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ക്കുള്ള ഇത്തരം 'ഗുണങ്ങള്‍' പങ്കുവെക്കുന്നയാളല്ല എന്നതാണ് ഫിദല്‍ കാസ്‌ട്രോയെ വ്യത്യസ്തനായ കമ്യൂണിസ്റ്റുകാരനാക്കുന്നത്.

മറ്റു കമ്യൂണിസ്റ്റ് വ്യവസ്ഥകളെപോലെത്തന്നെ ഫിദലിന്റെ ക്യൂബയും ഒരു ഏക പാര്‍ട്ടി സ്വേഛാ സംവിധാനമായിരുന്നു. അറുപതു വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം തന്നെയാണ് ആ നാട് ഭരിച്ചത്. പക്ഷേ, മരിക്കും വരെ പ്രസിഡന്റായി തുടരുക, മരണ ശേഷം മക്കള്‍ക്ക് അധികാരം നല്‍കുക എന്ന കമ്യൂണിസ്റ്റ് പതിവ് അദ്ദേഹം തെറ്റിച്ചു. 2008-ല്‍ അധികാരം തന്റെ സഹോദരനായ റാഉള്‍ കാസ്‌ട്രോക്ക് കൈമാറി. അതായത്, അധികാരത്തിലിരിക്കെ ലക്ഷങ്ങളെ കൊന്നൊടുക്കുക, മരിക്കും വരെ അധികാരത്തിലിരിക്കുക, അധികാരം മക്കള്‍ക്ക് കൈമാറുക തുടങ്ങിയ പതിവ് കമ്യൂണിസ്റ്റ് ശീലങ്ങളെ തെറ്റിച്ചുവെന്നതാണ്, ഒരു കമ്യൂണിസ്റ്റ് ഏകാധിപതിയായിരിക്കെത്തന്നെ കാസ്‌ട്രോയെ വ്യത്യസ്തനാക്കുന്നത്. വ്യത്യസ്തനായൊരു കമ്യൂണിസ്റ്റ് ഏകാധിപതി എന്ന് നമുക്കദ്ദേഹത്തെ വിശേഷിപ്പിക്കാം. മറ്റു കമ്യൂണിസ്റ്റ് നേതാക്കളെ പോലെ മരണശേഷം ജനങ്ങളുടെ രോഷവും വെറുപ്പും ഫിദല്‍ സമ്പാദിച്ചില്ലെന്നു മാത്രമല്ല, ക്യൂബന്‍ ജനതയുടെ വലിയ സ്‌നേഹവായ്പ് നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. 

സാമ്രാജ്യത്വത്തിനും അധിനിവേശത്തിനുമെതിരെ പോരാടുന്ന ലോകത്തുള്ള സര്‍വ മനുഷ്യരുടെയും ആവേശവും ഊര്‍ജവുമായിരുന്നു ഫിദല്‍ എന്ന കാര്യത്തില്‍ സംശയമില്ല. അസാമാന്യ ദൃഢനിശ്ചയത്തിന്റെയും കര്‍മൗത്സുക്യത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വവും ജീവിതവും. ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെയുള്ള സായുധ പോരാട്ടത്തിലൂടെയാണല്ലോ ഫിദല്‍ തന്റെയും ക്യൂബയുടെയും ഭാഗധേയം പുനര്‍നിശ്ചയിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. ദ മൂവ്‌മെന്റ് എന്ന പേരിലുള്ള തന്റെ കൊച്ചു സംഘത്തിന്റെ നേതൃത്വത്തില്‍, മൊന്‍കാഡാ ബാരക്കുകള്‍ ആക്രമിക്കാന്‍ പോകുന്നതിനു മുമ്പ് ഫിദല്‍ നടത്തിയ പ്രഭാഷണം ശ്രദ്ധിക്കുന്നത് നന്നാവും: 'ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ ഒന്നുകില്‍ ലക്ഷ്യം നേടും; അല്ലെങ്കില്‍ തോല്‍പിക്കപ്പെടും. പക്ഷേ, നന്നായി ശ്രദ്ധിക്കുക സുഹൃത്തുക്കളേ, എന്തു സംഭവിച്ചാലും നമ്മുടെ പ്രസ്ഥാനം വിജയകരമാവും. നമ്മള്‍ നാളെ വിജയിക്കുകയാണെങ്കില്‍ മാര്‍ട്ടി*യുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും. നമ്മള്‍ നാളെ പരാജയപ്പെടുകയാണെങ്കില്‍ അത് ക്യൂബന്‍ ജനതക്ക് മുമ്പില്‍ മഹത്തായ ചില മാതൃകകള്‍ ബാക്കിവെക്കും. ക്യൂബക്ക് വേണ്ടി മരിക്കാന്‍ പുതിയ മനുഷ്യര്‍ ഉയര്‍ന്നുവരും. അവര്‍ നമ്മുടെ കൊടി ഉയര്‍ത്തിപ്പിടിക്കുകയും മുന്നോട്ടു പോവുകയും ചെയ്യും. ഇവിടത്തെ ജനങ്ങളും ദ്വീപിലെ മുഴുവന്‍ ജനങ്ങളും നമ്മെ പിന്തുണക്കും. ഇവിടെ നമ്മള്‍ ഉറക്കെ പറയുന്നു; സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം.' സ്വയം പ്രവര്‍ത്തനസജ്ജമാവാനും മറ്റുള്ളവരില്‍ ഊര്‍ജം പ്രവഹിപ്പിക്കാനുമുള്ള ഫിദലിന്റെ ശേഷിയാണ് അദ്ദേഹത്തെ നിത്യനായകനാക്കി നിലനിര്‍ത്തുന്നത്. 32-ാം വയസ്സില്‍ വിപ്ലവം വിജയിപ്പിക്കാനും രാഷ്ട്രത്തിന്റെ സാരഥ്യം ഏറ്റെടുക്കാനും അദ്ദേഹത്തെ പ്രാപ്തമാക്കിയതും ഈ ശേഷി തന്നെ.

ഫിദല്‍ അടിമുടി കമ്യൂണിസ്റ്റായ ഒരാളാണെന്ന് പറയാനാവില്ല. എന്നല്ല, ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെയുള്ള വിപ്ലവ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അദ്ദേഹം പരമ്പരാഗത അര്‍ഥത്തിലുള്ള കമ്യൂണിസ്റ്റേ ആയിരുന്നില്ല. പോപ്പുലര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേരിലുള്ള മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് ക്യൂബയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ അവര്‍ ബാറ്റിസ്റ്റ ഭരണകൂടത്തിലെ ഘടകകക്ഷി കൂടിയായിരുന്നു എന്നതാണ് കൗതുകകരം. ഫിദലിന്റെ പോരാട്ടത്തിന് പി.എസ്.പി പ്രത്യക്ഷ പിന്തുണ നല്‍കിയിട്ടുമില്ല. വിപ്ലവ വിജയത്തിനു ശേഷമാണ് ഫിദലിലെ കമ്യൂണിസ്റ്റ് വളര്‍ന്നുവരുന്നത്. അമേരിക്കയുടെ അട്ടിമറിനീക്കങ്ങളെ ചെറുക്കാന്‍ അദ്ദേഹത്തിന് സോവിയറ്റ് യൂനിയന്റെ പിന്തുണ ആവശ്യമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് ബ്ലോക്കുമായുള്ള അദ്ദേഹത്തിന്റെ അനിവാര്യമായ സമ്പര്‍ക്കവും ഫിദലിന്റെ ആശയപരമായ പരിണാമങ്ങളുമാണ് വിപ്ലവാനന്തര ഫിദലിന്റെ വ്യക്തിത്വരൂപീകരണത്തെ നിശ്ചയിക്കുന്നത്.

സോവിയറ്റ് യൂനിയന്റെ കൂടെ നില്‍ക്കുമ്പോഴും സോവിയറ്റ് യൂനിയന്‍ സ്വീകരിച്ച ഭ്രാന്തമായ വികസന നയങ്ങള്‍ക്ക് ഫിദല്‍ എതിരായിരുന്നു. മൈ ലൈഫ് എന്ന ഫിദലിന്റെ ആത്മകഥ വായിക്കുമ്പോള്‍ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. വികസന കാര്യത്തില്‍ അദ്ദേഹം ഒരു കമ്യൂണിസ്റ്റ് എന്നതിനെക്കാള്‍ ഗാന്ധിയനായിരുന്നു എന്ന് നമുക്ക് തോന്നിപ്പോകും. വമ്പന്‍ വികസന പദ്ധതികളുമായി പോയ സോവിയറ്റ് ലൈനില്‍നിന്ന് വ്യത്യസ്തമായി ലളിതവും പരിസ്ഥിതി സൗഹാര്‍ദപരവുമായ ഒരു ലൈന്‍ ആയിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. മനുഷ്യരുടെ മെച്ചപ്പെട്ട ജീവിതമായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ ആകുലത. മനുഷ്യകുലത്തിന്റെ ഭാവിയെക്കുറിച്ച് മൈ ലൈഫില്‍ അദ്ദേഹം ധാരാളമായി സംസാരിക്കുന്നുണ്ട്. രാഷ്ട്രീയമായി ശക്തമെങ്കിലും ഒരു ലളിത വിനീത സമൂഹത്തെയാണ് അദ്ദേഹം ക്യൂബയില്‍ വളര്‍ത്തിയെടുത്തത് എന്ന് കാണാന്‍ സാധിക്കും.

ലാറ്റിനമേരിക്കയുടെ ഇടതു-വിമോചന രാഷ്ട്രീയവുമായി ചേര്‍ന്നുനില്‍ക്കാനും അതിന്റെ നേതൃമുഖമായി ഉയര്‍ന്നുനില്‍ക്കാനും ഫിദലിന് സാധിച്ചിരുന്നു. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ്, ഹ്യൂഗോ ഷാവേസ് തുടങ്ങിയവരുമായുള്ള അദ്ദേഹത്തിന്റെ അടുത്ത വ്യക്തിബന്ധങ്ങള്‍ പോലും വളര്‍ന്നുവരുന്നത് ഈ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. അതേ സമയം, തന്നെ ക്യൂബക്കകത്ത് രാഷ്ട്രീയ വിയോജിപ്പുള്ളവരെയും മറുശബ്ദങ്ങളെയും അടിച്ചമര്‍ത്തിയെന്ന ആരോപണത്തില്‍നിന്ന് ഫിദലും മുക്തമല്ല. ഫിദലിനെ പിന്തുണക്കുന്നതിന്റെ പേരില്‍ മാര്‍ക്വേസ് പോലും ഏറെ പഴികേട്ടത് ഇതിന്റെ പേരിലായിരുന്നു. പക്ഷേ, അത് മറ്റു കമ്യൂണിസ്റ്റ് സ്വേഛാധികാര സംവിധാനങ്ങളെ പോലെ മാരകരൂപം പൂണ്ടിരുന്നില്ല. ഫിദല്‍ നടപ്പാക്കിയ കടുത്ത ഭരണകൂട നിയന്ത്രണങ്ങള്‍, വ്യക്തികേന്ദ്രീകൃതമായ എന്തെങ്കിലും ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായിരുന്നില്ല എന്നതും സ്പഷ്ടമാണ്. കടുത്ത വെല്ലുവിളികള്‍ അനുഭവിക്കുന്ന ഒരു കൊച്ചു രാജ്യം പാലിക്കേണ്ട കടുത്ത അച്ചടക്കങ്ങളെക്കുറിച്ചായിരുന്നു വിമര്‍ശകരോട് ഫിദലിന് പറയാനുണ്ടായിരുന്നത്. ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട കോട്ട പോലെയുള്ള ഒരു രാജ്യത്ത് ഏത് എതിര്‍പ്പുകളും രാജ്യദ്രോഹമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. കൗതുകകരമായ കാര്യം, ഫിദല്‍ മറിച്ചിട്ട ബാറ്റിസ്റ്റ ഭരണകൂടം അവരുടെ രാഷ്ട്രീയ ദര്‍ശനമായി പരിചയപ്പെടുത്തിയത് 'അച്ചടക്ക ജനാധിപത്യം' ആയിരുന്നു എന്നതാണ്. അച്ചടക്ക ജനാധിപത്യത്തിന്റെ സ്ഥാനത്ത് അല്‍പം കൂടി അച്ചടക്കം ആവശ്യപ്പെടുന്ന സോഷ്യലിസം നടപ്പാക്കുകയായിരുന്നു ഫിദല്‍ എന്ന് വേണമെങ്കില്‍ പറയാം.

സൂക്ഷ്മമായ വിശകലനത്തില്‍ ഫിദല്‍ കാസ്‌ട്രോക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ നമുക്ക് കഴിയും. പക്ഷേ, ജനങ്ങളാല്‍ സ്‌നേഹിക്കപ്പെട്ട കമ്യൂണിസ്റ്റ് സ്വേഛാധിപതി എന്നതായിരിക്കും ചരിത്രത്തില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 'ചരിത്രം എന്നെ കുറ്റവാളിയല്ലെന്ന് വിധിക്കും' എന്ന, തന്നെ ശിക്ഷിച്ച കോടതി മുറിയിലെ പ്രസ്താവന സാര്‍ഥകമാക്കാന്‍ ആ ജീവിതത്തിന് സാധിച്ചിട്ടുണ്ട്. 

 

* ലാറ്റിനമേരിക്കയിലെ വിപ്ലവ കവിയും ദാര്‍ശനികനുമാണ് ജോസ് മാര്‍ട്ടി (1853-1895)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(42-44)
എ.വൈ.ആര്‍

ഹദീസ്‌

ആരാധനകളിലെ സന്തുലിതത്വം
സുബൈര്‍ കുന്ദമംഗലം