ഇസ്തംബൂള്‍ മേയര്‍<br>ഉര്‍ദുഗാന്റെ ജീവിതകഥ - 8
ജയിച്ച തെരഞ്ഞെടുപ്പ് തോറ്റത് ഉര്‍ദുഗാന് സഹിക്കാനായില്ല. തെരഞ്ഞെടുപ്പ് കമീഷണര്‍ ജസ്റ്റിസ് നസ്മി ഓസ്ജാന്റെ ഓഫീസില്‍ കയറിച്ചെന്ന് അദ്ദേഹം രോഷാകുലനായി പറഞ്ഞു: ''നിങ്ങള്‍ കള്ളു കുടിച്ച് വെളിവു കെട്ട നിലയില്‍. രണ്ട് കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പോലും വയ്യ. പിന്നെ എങ്ങനെയാണ് ജഡ്ജിയെന്ന നിലയില്‍ നിങ്ങള്‍ക്ക് നീതിപൂര്‍വം കാര്യങ്ങള്‍ നടത്താനാവുക?'' അര്‍ധ ബോധാവസ്ഥയിലായിരുന്ന ജഡ്ജി വളരെ പാടുപെട്ട് കണ്ണ് തുറന്നപ്പോള്‍ കണ്ടത് ഉര്‍ദുഗാനെ. അപ്പോഴൊന്നും മിണ്ടിയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ജഡ്ജിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ ഉര്‍ദുഗാനോട് വിശദീകരണം ആവശ്യപ്പെട്ടു. കുറഞ്ഞ ദിവസത്തേക്കാണെങ്കിലും ജയില്‍ശിക്ഷ ഉറപ്പായിരുന്നു. 1989 ഏപ്രില്‍ 27-ന് കോടതി ഒരാഴ്ച ഉര്‍ദുഗാന് ജയില്‍വാസം വിധിച്ചു.
ജയിച്ചിട്ടും തോറ്റ ഈ തെരഞ്ഞെടുപ്പ് ഉര്‍ദുഗാന്റെ രാഷ്ര്ട്രീയ ജീവിതത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. ഇസ്തംബൂളിനോട് ചേര്‍ന്നുനില്‍ക്കുന്ന ബായോഗ്‌ലു എന്ന മുനിസിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യാതൊരു സ്വാധീനവുമില്ലാത്ത മേഖലയാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ഇവിടെ നിന്ന് പാര്‍ട്ടിക്ക് ലഭിച്ചത്. അള്‍ട്രാ സെക്യുലരിസ്റ്റുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല. കമാലിസ്റ്റ് പീപ്പ്ള്‍സ് പാര്‍ട്ടി പാട്ടും പാടി ജയിച്ചുപോവുകയാണ് പതിവ്. അതിനാല്‍ തങ്ങളുടെ യുവ നേതാവിനെ ഇവിടെ മത്സരിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഉര്‍ദുഗാന്‍ വാശിപിടിച്ചതോടെ പാര്‍ട്ടിക്ക് അംഗീകരിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.
എന്തിന് വാശിപിടിച്ചു? അതിന്റെ രാഷ്ട്രീയ കാരണം ഉര്‍ദുഗാന്‍ വിശദീകരിക്കുന്നുണ്ട്: ''ശരിയാണ്, മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ഞാന്‍ ശഠിക്കുകയായിരുന്നു. കാരണം, ഈ തെരഞ്ഞെടുപ്പോടെ ചില പൊളിച്ചെഴുത്തുകള്‍ ഉണ്ടാവണമെന്ന് തോന്നി. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നേരത്തേ കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ തന്നെയാണ് പിന്നെയും കിട്ടിക്കൊണ്ടിരുന്നത്. പുതിയ തുറസ്സുകള്‍ ഉണ്ടാവുന്നില്ല. പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നുണ്ട് ജനങ്ങള്‍ക്ക്. പക്ഷേ, പാര്‍ട്ടിക്കും ജനങ്ങള്‍ക്കുമിടയില്‍ ഒരു അദൃശ്യമായ മറ നിലനില്‍ക്കുകയാണ്. അത് പൊളിക്കണം. എല്ലാ വിഭാഗം ജനങ്ങളുമായി ആഴത്തില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ടേ അത് പൊളിക്കാനാവൂ. ഈ തെരഞ്ഞെടുപ്പിലൂടെ ആ മതില്‍ പൊളിക്കാനാവുമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ഞാന്‍.''
അക്കാലത്ത് പാര്‍ട്ടിയുടെ ഒരു മേഖലയിലും പേരിന് പോലും സ്ത്രീസാന്നിധ്യമുണ്ടായിരുന്നില്ല. ഒരു വനിതക്ക് ആദ്യമായി പാര്‍ട്ടി അംഗത്വം കൊടുക്കുന്നതു പോലും 1987-ല്‍; അതും വളരെ യാദൃഛികമായി. സംഭവം ഇങ്ങനെ: പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു അനുഭാവിയുടെ വീട്ടില്‍ കയറിച്ചെല്ലുന്നു. പാര്‍ട്ടിയില്‍ അംഗത്വമെടുക്കണമെന്ന് അപേക്ഷിക്കുന്നു. അയാള്‍ പല പല ഒഴികഴിവുകള്‍ പറഞ്ഞു പിന്മാറുന്നു. അപ്പോഴാണ് അടുക്കളയില്‍നിന്ന് ഒരു ശബ്ദം: 'എങ്കില്‍ എന്റെ പേര് ചേര്‍ത്തുകൊള്ളൂ.' ആ വീട്ടമ്മയുടെ പേര് അക്‌റം അര്‍ദം. അവരാണ് വെല്‍ഫെയര്‍ പാര്‍ട്ടിയിലെ ആദ്യ വനിതാ അംഗം. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി വനിതാ അംഗത്വത്തെപ്പറ്റി ഒരു തീരുമാനവുമെടുത്തിട്ടില്ലാത്തതിനാല്‍ പിന്നെയും വളരെ കഴിഞ്ഞാണ് അവര്‍ അംഗത്വ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
പക്ഷേ, ഇതൊന്നും സ്ത്രീകളെ ഫീല്‍ഡിലിറക്കുന്നതില്‍ ഉര്‍ദുഗാന് തടസ്സമായില്ല. സ്വാഭാവികമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുള്ള സ്ത്രീകള്‍ പര്‍ദാധാരിണികളായിരിക്കും. താന്‍ മത്സരിക്കുന്ന മുനിസിപ്പാലിറ്റിയാകട്ടെ, അത്തരം മതചിഹ്നങ്ങളോട് കടുത്ത പുഛമുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടവും. പര്‍ദാധാരിണികളെ ഇറക്കിയാല്‍ തെരഞ്ഞെടുപ്പില്‍ നേര്‍വിപരീത ഫലമാണുാവുക. തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചപ്പോള്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി വരെ ഞെട്ടി. ബായോഗ്‌ലു മുനിസിപ്പാലിറ്റിയില്‍ ഉര്‍ദുഗാനു വേണ്ടി പ്രചാരണം നടത്തുന്നവരില്‍ പര്‍ദയിട്ട പെണ്ണുങ്ങളേ ഇല്ല! കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളായിരുന്നു മിക്കവരും. ഉടന്‍ ഒരു കമാലിസ്റ്റ് പത്രം വെണ്ടക്കയില്‍ അച്ചുനിരത്തി: ''വെല്‍ഫെയര്‍ പാര്‍ട്ടിക്കു വേണ്ടി പ്രചാരണം നടത്തുന്നത് ദുര്‍നടപ്പുകാരികള്‍.'' പാര്‍ട്ടിയിലെ ശുദ്ധഗതിക്കാരായ ചില പണ്ഡിതന്മാര്‍ വരെ ഈ കള്ളപ്രചാരണത്തില്‍ വീണ് വലിയ ഒച്ചപ്പാടുകളുണ്ടാക്കി. സത്യം തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ ക്ഷമാപണം നടത്തുകയും ചെയ്തു.
വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു വോട്ട് പോലും ഇല്ലാത്ത 'ഹാജി ഖുസ്‌റു' എന്ന തെരുവില്‍ ഖുദ്‌റത്ത് എന്നു പേരായ, ചൂതുകളി കേന്ദ്രം നടത്തുന്ന ഒരാളുണ്ടായിരുന്നു. മദ്യപാനം പോലുള്ള വേണ്ടാതീനങ്ങളുമുണ്ട്. പക്ഷേ, അദ്ദേഹത്തെക്കുറിച്ച് പൊതുവെ അവിടത്തുകാര്‍ക്ക് നല്ല മതിപ്പായിരുന്നു. ഖുദ്‌റത്തുമായി ബന്ധമുള്ള ഒരാളെ കൂട്ടുപിടിച്ച് ഉര്‍ദുഗാനും കൂട്ടരും അദ്ദേഹത്തെ ചെന്നു കാണുകയും വളരെ സമര്‍ഥമായി അദ്ദേഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടിക്കാരെപ്പോലും പിന്നിലാക്കുന്ന തരത്തിലായിരുന്നു പിന്നീട് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഖുദ്‌റത്തിന്റെ സാന്നിധ്യം. തനിക്ക് ബന്ധമുള്ള സകല പ്രമുഖരെയും വിളിച്ചുചേര്‍ത്ത് സ്വന്തം ചെലവില്‍ വലിയ പാര്‍ട്ടികള്‍ വരെ നടത്തി അദ്ദേഹം- ഉര്‍ദുഗാനു വേണ്ടി വോട്ട് അഭ്യര്‍ഥിക്കാന്‍. റിസള്‍ട്ട് വന്നപ്പോള്‍ ആ തെരുവില്‍നിന്ന് മാത്രം ഉര്‍ദുഗാന് ആയിരത്തോളം വോട്ട്.
ബയോഗ്‌ലുവില്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി വളരെ മുന്നിലായിരുന്നു. ജയിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഒട്ടും നിനച്ചിരിക്കാതെയാണ് പ്രതീക്ഷയുള്ള ചില ബൂത്തുകള്‍ എണ്ണിയപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിറകോട്ടു പോവുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നിലെത്തുകയും ചെയ്തത്. ഒടുവില്‍ 1500 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ പീപ്പ്ള്‍സ് പാര്‍ട്ടി മേയര്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
ഫലപ്രഖ്യാപനം കഴിഞ്ഞയുടനെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായിരുന്ന ഒരു കോളേജ് വിദ്യാര്‍ഥിനി ഉര്‍ദുഗാന്റെ ഓഫീസിലേക്ക് കയറിച്ചെന്നു. അവള്‍ കരയുന്നുണ്ടായിരുന്നു. ''നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ചെയ്തത് നിങ്ങള്‍ കണ്ടോ? ഞങ്ങളെക്കുറിച്ച് പത്രങ്ങള്‍ തോന്ന്യാസങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെ പാര്‍ട്ടിക്കാര്‍ ഞങ്ങളെ പോളിംഗ് ബൂത്തിലേക്ക് അടുപ്പിച്ചില്ല. നിങ്ങളുടെ ബൂത്ത് ഏജന്റുമാരാവട്ടെ, തെരഞ്ഞെടുപ്പു ദിവസം ബാങ്ക് കേട്ട ഉടനെ നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയി. ഈ തക്കം നോക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ കണ്ടമാനം കള്ളവോട്ട് ചെയ്തു. അങ്ങനെയാണവര്‍ ജയിച്ചത്. ഞങ്ങളെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ബൂത്ത് ഏജന്റുമാരായി നില്‍ക്കുമായിരുന്നല്ലോ.''
കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പായിരുന്നു. 310 പേര്‍ മാത്രം വോട്ട് രേഖപ്പെടുത്തിയ ഒരു പെട്ടിയില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് 522 വോട്ടുകള്‍ ലഭിച്ചതായി കണ്ടെത്തിയിരുന്നു. ഈ തിരിമറികളെക്കുറിച്ച് അറിയാമായിരുന്നിട്ടും ചുമതലപ്പെട്ട ഇലക്ഷന്‍ കമീഷണര്‍ ഒരു നടപടിയും എടുക്കാതിരുന്നതുകൊണ്ടാണ്, നാം തുടക്കത്തില്‍ പറഞ്ഞപോലെ, ഉര്‍ദുഗാന്‍ അദ്ദേഹത്തിനു നേരെ തട്ടിക്കയറിയത്. ഈ തെരഞ്ഞെടുപ്പനുഭവമാവാം പഴുതടച്ച രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഉര്‍ദുഗാനെ പിന്നീട് പ്രാപ്തനാക്കിയിട്ടുണ്ടാവുക.
പുതിയ താരോദയം
1993 ഡിസംബര്‍ ആയപ്പോഴേക്കും ഇസ്തംബൂളിലെ വെല്‍ഫെയര്‍ പാര്‍ട്ടി ഘടകം ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞിരുന്നു. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഇസ്തംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ യുവ നേതാവ് ഉര്‍ദുഗാനെയാണ് അവര്‍ ഗോദയിലിറക്കാന്‍ പോകുന്നത്. നഗരത്തിലെ 3993 പാര്‍ട്ടി അംഗങ്ങളില്‍ 3308 പേരും ഉര്‍ദുഗാനെ പിന്തുണച്ചു. അഭിപ്രായ സര്‍വേ നടത്തിയപ്പോഴും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഉര്‍ദുഗാനെങ്കില്‍ വോട്ടര്‍മാരില്‍ എഴുപത് ശതമാനം പേരും അദ്ദേഹത്തെ പിന്തുണക്കുമെന്ന് വ്യക്തമായി. തന്നെ വിവരമറിയിക്കാതെ തീരുമാനമെടുത്തതില്‍ പാര്‍ട്ടി സുപ്രീമോ നജ്മുദ്ദീന്‍ അര്‍ബകാന്‍ ആദ്യം ക്ഷോഭിച്ചെങ്കിലും പിന്നീട് വഴങ്ങി.
കാര്യമായ പൊതു പദവികളൊന്നും അന്നുവരെ ഉര്‍ദുഗാന്‍ വഹിച്ചിട്ടില്ല. പാര്‍ട്ടി സ്ഥാനങ്ങളേ വഹിച്ചിട്ടുള്ളൂ. പിന്നെ എങ്ങനെയാണ് ഈ ചെറുപ്പക്കാരന്‍ ഇത്രയേറെ ജനപ്രീതിയാര്‍ജിച്ചത്? പാര്‍ട്ടി നേതാവായിരിക്കുമ്പോഴും സാധാരണക്കാരുടെ ഹൃദയത്തില്‍ തൊടുംവിധം അവരോട് സംവദിക്കാനുള്ള കഴിവാണ് അതില്‍ പ്രധാനം. അദ്ദേഹവും സാധാരണക്കാരനില്‍ സാധാരണക്കാരനാണല്ലോ. അര്‍ബകാന്‍, ഒസാല്‍, സില്ലര്‍ തുടങ്ങിയവരെപ്പോലെ വിദേശത്ത് പോയി പഠിച്ചിട്ടില്ല. അവരെപ്പോലെ മധ്യവര്‍ഗ കുടുംബങ്ങളിലുമല്ല ജനനം. ഒരു സാദാ ദരിദ്ര കുടുംബത്തിലാണ്. തൊഴില്‍തേടി പിതാവ് അഹ്മദ് ഉര്‍ദുഗാന്‍ ഇസ്തംബൂളിലെ ഖാസിംപാഷ തെരുവിലേക്ക് കുടിയേറുകയായിരുന്നല്ലോ. തൊള്ളായിരത്തി തൊണ്ണൂറുകളായപ്പോഴേക്കും വിവിധ ഗ്രാമപ്രദേശങ്ങളില്‍നിന്നെത്തിയ ധാരാളം തൊഴിലന്വേഷകര്‍ ഇസ്തംബൂളില്‍ താവളമുറപ്പിച്ചു. ഈ കുടിയേറ്റ തൊഴിലാളികളായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കാര്യമായ പിന്‍ബലം. ഒരു കുടിയേറ്റ കുടുംബത്തില്‍ പിറന്ന ഉര്‍ദുഗാന് അവരുടെ വേദനകളും ആകുലതകളും നന്നായി അറിയാമായിരുന്നു. ആരെയും പിടിച്ചിരുത്തുംവിധം പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും തന്റെ ചിന്താധാരയിലേക്ക് അവരെ കൊണ്ടുവരാനും അദ്ദേഹത്തിന് അനായാസം കഴിഞ്ഞു. പാര്‍ട്ടി ഭാരവാഹിയായിരിക്കെ നടത്തിയ ഇത്തരം തൃണമൂല്‍ തല ഇടപെടലുകളാണ് അദ്ദേഹത്തെ സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യനാക്കിയത്.
നാബി ആഫ്ജി എന്ന ഒരു യൂനിവേഴ്‌സിറ്റി പ്രഫസറുണ്ടായിരുന്നു. ജനസമ്പര്‍ക്കവും മാസ് കമ്യൂണിക്കേഷനുമൊക്കെയാണ് ഇഷ്ട വിഷയം. ഒരു രാഷ്ട്രീയ നേതാവെന്ന നിലക്കുള്ള ഉര്‍ദുഗാന്റെ വളര്‍ച്ച അടുത്തുനിന്ന് നോക്കിക്കണ്ട ഒരാള്‍. നാബി പറയുന്നു: ''തന്നെ ചുമതലപ്പെടുത്തിയ ഏതു പൊസിഷനിലും നന്നായി കളിക്കാനറിയും ഉര്‍ദുഗാന്. എഴുതിയ സ്‌ക്രിപ്റ്റിനൊത്ത് ഡയലോഗ് പറയുന്ന അഭിനേതാവിനെപ്പോലെയായിരുന്നില്ല അദ്ദേഹം. ഓരോ ഘട്ടത്തിലും എന്തൊക്കെ ചെയ്യണം എന്ന് പെട്ടെന്ന് മനസ്സിലാക്കിയെടുക്കാനുള്ള അസാമാന്യ ഗ്രാഹ്യശക്തിയുണ്ടായിരുന്നു. അതിനൊത്ത് പ്രസംഗശൈലിയും ശരീരഭാഷയുമൊക്കെ ചിട്ടപ്പെടുത്താനുമറിയാം. ഒരു മഹാ നടന്‍ വളരെ സ്വാഭാവികമായി, ലളിതമായി അഭിനയിച്ച് ഫലിപ്പിക്കുന്നതുപോലെ. രാജ്യം ഉറ്റുനോക്കുന്ന ഒരു യുവ നേതാവിന്റെ വളര്‍ച്ചക്ക് നാമിവിടെ സാക്ഷിയാവുകയാണ്. ഒരുപാട് യുവ നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കുണ്ടെങ്കിലും ഉര്‍ദുഗാനെ വ്യത്യസ്തനാക്കുന്നത്, നല്ല പ്രഭാഷണ ചാതുരിയും ഉയരമുള്ള ശരീരവും പ്രസന്നമായ മുഖവും സമൂഹത്തിന്റെ ഏതു തട്ടിലുള്ളവരോടും വളരെ അനായാസമായി ഇടപഴകാനുള്ള കഴിവുമാണ്.''
പ്രചാരണ തന്ത്രങ്ങളെക്കുറിച്ചും നാബി പറയുന്നുണ്ട്. ആദ്യം ജനത്തെ പെട്ടെന്ന് ആകര്‍ഷിക്കുന്ന ഒരു മുദ്രാവാക്യം വേണം. വളരെ നേരത്തെ കൂടിയാലോചനക്കു ശേഷം വളരെ കാച്ചിംഗായ ഒരു മുദ്രാവാക്യം അവര്‍ കണ്ടെത്തി: 'എല്ലാം ശരിയാവും, ഇന്‍ശാ അല്ലാഹ്'. ഒരൊറ്റ രാത്രി കൊണ്ട് ഇസ്തംബൂളിന്റെ മുഴുവന്‍ മുക്കുമൂലകളിലും ഈ മുദ്രാവാക്യമെഴുതിയ പോസ്റ്റര്‍ പതിക്കാനും തീരുമാനമായി. ഇസ്തംബൂളുകാര്‍ രാവിലെ ഉറക്കമുണര്‍ന്നുനോക്കുമ്പോള്‍ സകല കവലകളിലും ഈ പോസ്റ്റര്‍ മാത്രമേ കാണാവൂ.
കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൗതുകമുണര്‍ത്തുന്ന തുടക്കം കിട്ടിയെങ്കിലും മീഡിയ ഉര്‍ദുഗാനെയോ വെല്‍ഫെയര്‍ പാര്‍ട്ടിയെയോ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നില്ല. റേഡിയോ -ടി.വി ചര്‍ച്ചകളിലും അവര്‍ക്ക് ഇടം കൊടുത്തില്ല. അഭിപ്രായ വോട്ടെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഏറ്റവും പിറകിലാണെന്ന 'സര്‍വേ ഫലങ്ങളും' അവര്‍ പുറത്തുവിട്ടുകൊണ്ടിരുന്നു. അഭിപ്രായ സര്‍വേകളെക്കുറിച്ചുള്ള ഒരു പുസ്തകം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ''കണക്കുകള്‍ കള്ളം പറയില്ല. പക്ഷേ, കള്ളം പറയുന്നവരാണ് കണക്കുകള്‍ പറയുന്നത്.'' ഈ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഉര്‍ദുഗാന്‍ മീഡിയയുടെ കള്ളപ്രചാരണത്തെ എതിരിട്ടത്. മുഖ്യധാരാ തുര്‍ക്കി മീഡിയ അന്നും ഇന്നും സത്യത്തോടല്ല പ്രതിബദ്ധത കാണിക്കാറുള്ളത്; അവരുടെ നിക്ഷിപ്ത താല്‍പര്യങ്ങളോടാണ്. മീഡിയ മിലിട്ടറിയുടെ കൈയിലെ പാവകളായി മാറുന്ന കാഴ്ചയും ഒട്ടും അപൂര്‍വമല്ല. സൈനിക അട്ടിമറിയില്‍ വരെ മീഡിയാ പ്രവര്‍ത്തകര്‍ നേരിട്ട് പങ്കാളികളായിക്കളയും. സവിശേഷമായ ഒരു രാഷ്ട്രീയം മുന്നോട്ടുവെക്കുന്നു എന്നതിനാല്‍ അര്‍ബകാനും ഉര്‍ദുഗാനുമൊക്കെ തുടക്കം മുതലേ മീഡിയയുടെ കണ്ണിലെ കരടായിരുന്നു. ഈ നേതാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ഒരവസരവും അവര്‍ പാഴാക്കില്ല. ഉര്‍ദുഗാനെതിരെ ഒടുവില്‍ നടന്ന പട്ടാള അട്ടിമറി ശ്രമത്തില്‍ പോലും ചില പത്രപ്രവര്‍ത്തകര്‍ നേരില്‍ ഇടപെട്ടിട്ടുണ്ട്. അവരെ പിടികൂടുകയും വിചാരണ നടത്തുകയും ചെയ്യുമ്പോള്‍, തുര്‍ക്കി മീഡിയയെക്കുറിച്ച് യാതൊന്നുമറിയാത്ത നമ്മുടെ നാട്ടിലെ പത്രങ്ങള്‍ 'പത്രസ്വാതന്ത്ര്യം അപകടത്തില്‍' എന്ന് മുറവിളി കൂട്ടും. ഈ പിന്നാമ്പുറ കഥകള്‍ അവര്‍ക്കറിയില്ല. അതേസമയം ഒരു ഭരണാധികാരിയെന്ന നിലക്ക് മാധ്യമങ്ങളോട് പുലര്‍ത്തേണ്ട സഹിഷ്ണുതയും വിശാല മനസ്സും പലപ്പോഴും ഉര്‍ദുഗാന് നഷ്ടപ്പെട്ടുപോകുന്നുമുണ്ട്.
ഇസ്തംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ വലിയ മുന്നേറ്റം നടത്തുമെന്ന് മുഖ്യധാരാ മീഡിയക്ക് അറിയാമായിരുന്നു. ഏതു കുത്സിത മാര്‍ഗത്തിലൂടെയും ആ മുന്നേറ്റത്തെ തടുക്കാന്‍ അവര്‍ കച്ചകെട്ടിയിറങ്ങി. 'ഹുര്‍റിയത്ത്' പത്രം ഉര്‍ദുഗാന് സുല്‍ത്താന്‍ ബായ്‌ലി തെരുവില്‍ മൂന്നോ നാലോ വില്ലകള്‍ സ്വന്തമായുണ്ടെന്നും എന്നിട്ടാണ് പട്ടിണിയെക്കുറിച്ചും പാവങ്ങളെക്കുറിച്ചും വാചകമടിക്കുന്നതെന്നും എഴുതിവിട്ടു. വലിയ ഒച്ചപ്പാടായി. അഭിമുഖത്തിന് വന്ന ചാനലുകാരോട് ഉര്‍ദുഗാന്‍ പറഞ്ഞു: ''ഇസ്തംബൂള്‍ നിവാസികളേ, സുല്‍ത്താന്‍ ബായ്‌ലി ഇവിടെ അടുത്താണല്ലോ. നിങ്ങള്‍ അവിടെ പോയി നോക്കുക. എന്റെ പേരില്‍ അവിടെ വില്ലകള്‍ ഉണ്ടെങ്കില്‍ അതൊക്കെ നിങ്ങള്‍ക്ക് എടുക്കാം. എന്റെ പേരില്‍ അവിടെ വില്ലകള്‍ ഇല്ലെങ്കില്‍, ഈ കള്ളമെഴുതിയവരെ ഞാന്‍ വെറുതെ വിടുകയുമില്ല.'' തങ്ങള്‍ എഴുതിയതിന്റെ 'സത്യാവസ്ഥ' നന്നായി അറിയാവുന്നതുകൊണ്ട് പത്രക്കാരൊന്നും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ പോയില്ല. എന്നാല്‍ കള്ളാരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തിയതുമില്ല. കാമ്പയിനില്‍ വിലപ്പെട്ട ഒട്ടേറെ സമയം ഇത്തരം ആരോപണങ്ങളുടെ സത്യസ്ഥിതി വിശദീകരിക്കുന്നതിനു വേണ്ടി ചെലവിടേണ്ടതായും വന്നു.
ഇസ്തംബൂള്‍ മേയറായി താന്‍ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ചെയ്യാന്‍ പോകുന്ന പദ്ധതികളുടെ ഒരു രൂപരേഖ തയാറാക്കാന്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരുടെ ഒരു വിദഗ്ധ സംഘത്തെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. വെള്ളത്തിന്റെയും വൈദ്യുതിയുടെയും വിതരണം ആകെ താറുമാറായിക്കിടക്കുകയായിരുന്നു. അഴിയാക്കുരുക്ക് പോലെ ട്രാഫിക്. മാലിന്യങ്ങള്‍ നഗരത്തില്‍ കുമിഞ്ഞുകൂടുന്നുവെന്നല്ലാതെ അവ എടുത്തുമാറ്റാനോ സംസ്‌കരിക്കാനോ സംവിധാനമില്ല. ഇതൊക്കെ സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ വേറെ. സ്വാഭാവികമായും നഗരനിവാസികളുടെ ആരോഗ്യവും വലിയ ഭീഷണി നേരിടുകയായിരുന്നു. പല കക്ഷികള്‍ മാറിമാറി ഭരിച്ചിട്ടും ഒരു മാറ്റവുമില്ല. ഈ ദുരിതത്തില്‍നിന്ന് ഒരിക്കലും മോചനമില്ലെന്ന് നഗരവാസികളും ചിന്തിച്ചു തുടങ്ങിയ സമയം.
വളരെ സമയം ചെലവഴിച്ചാണ് ഉര്‍ദുഗാനും ഈ വിദഗ്ധ സംഘവും ഇസ്തംബൂള്‍ നഗരത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര ഫോര്‍മുല തയാറാക്കിയത്. ജനങ്ങളെയത് ബോധ്യപ്പെടുത്തുന്നതിലും അവര്‍ വിജയിച്ചുവെന്ന് 1994 മാര്‍ച്ച് 27-ന് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ വ്യക്തമായി. എങ്ങും തക്ബീര്‍ ധ്വനികള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള വെള്ളിയാഴ്ച ഉര്‍ദുഗാന്‍ ജുമുഅക്ക് എത്തിയത് സുല്‍ത്താന്‍ അയ്യൂബ് പള്ളിയില്‍. ജനം അങ്ങോട്ടൊഴുകി.
മേയര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ പുറത്ത് തടിച്ചുകൂടിയത് ഒരു ദശലക്ഷം നഗരവാസികള്‍. അവര്‍ നേതാവിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ്. അവരോടായി അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ പുതിയൊരു ജനാധിപത്യ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ്. ജനതാല്‍പര്യങ്ങള്‍ക്കെതിരെ ബ്യൂറോക്രസിയിലെ ഒരു വിഭാഗം നിലയുറപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ അത്തരം യാതൊരു നീക്കങ്ങളും നാം അനുവദിക്കില്ല. നിയമങ്ങള്‍ പാലിച്ചും ജനതാല്‍പര്യങ്ങള്‍ സംരക്ഷിച്ചും നാം മുന്നോട്ടുപോകും.''
ഒട്ടേറെ സുപ്രധാന രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാക്ഷിയായ ഇസ്തംബൂളിന്റെ ഭരണസാരഥ്യമേറ്റെടുത്തുകൊണ്ട് ചടുലവും സംശുദ്ധവുമായ ഒരു ഭരണമാതൃക കാഴ്ചവെക്കാന്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടുവെന്നത് ചരിത്രനിയോഗമാകാം. ഇതാണ് പിന്നീട് അദ്ദേഹത്തിന്റെ രാഷ്ട്രീയ കുതിപ്പുകള്‍ക്കെല്ലാം അടിത്തറയായി വര്‍ത്തിച്ചത്. കേവലം നാലു വര്‍ഷത്തിനകമാണ് (1994-1998) ഈ വലിയ നേട്ടം. ഈ 'മറിമായ'ത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉര്‍ദുഗാന്‍ ഇങ്ങനെ മറുപടി പറയുന്നുണ്ട്: ''ഇസ്തംബൂള്‍ നഗരസഭയെ ഇത്ര വലിയ കടക്കെണിയില്‍നിന്ന് രക്ഷിച്ചതെങ്ങനെ എന്ന് എന്നോട് ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ പറയാറുള്ളത്; നിങ്ങള്‍ക്ക് അറിയാത്ത ഒരു ആയുധമുണ്ട് ഞങ്ങളുടെ കൈയില്‍. അതാണ് ദൃഢമായ ദൈവവിശ്വാസം, ഈമാന്‍. എല്ലാറ്റിനും മാതൃകയായി പ്രവാചക തിരുമേനിയുടെ ജീവിതവുമുണ്ടല്ലോ ഞങ്ങള്‍ക്ക് മുന്നില്‍.''
വികസനത്തിന്റെ പ്രവാചക മാതൃകയെക്കുറിച്ചാണ് ഉര്‍ദുഗാന്‍ സംസാരിക്കുന്നത്. എപ്പോഴും ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുക എന്നതാണത്. നഗരത്തിലെ ചേരിപ്രദേശങ്ങളില്‍ കഴിയുന്ന ജനലക്ഷങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുക എന്നതിലായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ഊന്നല്‍. മേയര്‍ക്ക് നഗരഹൃദയത്തിലുള്ള ആഡംബര വസതിയിലേക്ക് മാറാമെന്നിരിക്കെ, അതൊഴിവാക്കി ഖാസിംപാഷയിലുള്ള തന്റെ സാദാ ഫഌറ്റില്‍ തന്നെയായിരുന്നു ഉര്‍ദുഗാന്റെയും കുടുംബത്തിന്റെയും താമസം. സ്വയം മാതൃക കാണിച്ചുകൊണ്ട് ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും വഴികളോരോന്നായി അദ്ദേഹം അടച്ചു. അഴിമതിക്കാര്‍ക്ക് നില്‍ക്കപ്പൊറുതി ഇല്ലാതെയായി. ബ്യൂറോക്രസിയിലെ കാട്ടുകള്ളന്മാര്‍ കട്ടുമുടിച്ച് വരുത്തിവെച്ച രണ്ട് ബില്യന്‍ ഡോളറിന്റെ കടമുണ്ടായിരുന്നു. അതൊക്കെ അടച്ചുതീര്‍ത്തു എന്നു മാത്രമല്ല, പന്ത്രണ്ട് മില്യന്‍ ഡോളറിന്റെ നിക്ഷേപം നഗരത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. വളര്‍ച്ചാ നിരക്ക് ഏഴു ശതമാനത്തിലെത്തിച്ചു. തൊഴിലാളികള്‍ക്ക് കൂലി വര്‍ധനവുണ്ടായി. അവരുടെ ആരോഗ്യപരിരക്ഷക്ക് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
ജലവിതരണം നഗരത്തില്‍ ആകെ താറുമാറായ നിലയിലായിരുന്നു. വെള്ളം എപ്പോള്‍ വരും, നിലക്കും എന്ന് യാതൊരു നിശ്ചയവുമില്ല. സ്ത്രീകള്‍ക്കായിരുന്നു ഇതുകൊണ്ടുള്ള ദുരിതം ഏറെയും. അവരുടെ കഷ്ടപ്പാടുകള്‍ ദൂരീകരിക്കുന്നതിന് വേണ്ടി ഒരു വ്യവസ്ഥാപിത ജലവിതരണ സംവിധാനത്തിന് അദ്ദേഹത്തിന്റെ കീഴിലുള്ള വിദഗ്ധ സംഘം രൂപം നല്‍കി. രണ്ട് വര്‍ഷത്തിനകം അത് നടപ്പാക്കുകയും ചെയ്തു. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളം യഥേഷ്ടം ലഭ്യമാക്കി. റമദാന്‍, പെരുന്നാള്‍ പോലുള്ള വിശേഷാവസരങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് പണവും ഭക്ഷണവും വസ്ത്രവുമെല്ലാം അവരുടെ വീടുകളില്‍ എത്തിച്ചു. ഈ ആവശ്യാര്‍ഥം വീടുകള്‍ കയറിയിറങ്ങുന്ന സന്നദ്ധ സേവക സംഘങ്ങളിലൊന്നില്‍ ഉര്‍ദുഗാന്റെ സാന്നിധ്യവുമുണ്ടാവും. ഇസ്തംബൂളിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ റമദാന്‍ ഇഫ്ത്വാര്‍ നടക്കുന്നത്. ഈ സദ്യയിലേക്ക് ക്ഷണിക്കപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും സാധാരണക്കാരായിരിക്കും. മേയറായിരിക്കെ ഉര്‍ദുഗാന്‍ തുടങ്ങിവെച്ചതാണിത്. ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി അവരുടെ പഠനം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തി.
ഇസ്തംബൂളിന്റെ തീരാശാപമായിരുന്നു മാലിന്യങ്ങള്‍. ഓടയിലെ അഴുക്കുവെള്ളം മര്‍മറ കടലിനോട് ചേര്‍ന്നു കിടക്കുന്ന ബോസ്‌ഫോര്‍ കടലിടുക്കിലേക്കാണ് ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നത്. ഇതു കാരണം പ്രകൃതിരമണീയമായ ആ പ്രദേശമാകെ എപ്പോഴും ദുര്‍ഗന്ധമാണ്. ഈ പ്രശ്‌നത്തിനും ഉര്‍ദുഗാന്റെ വിദഗ്ധസംഘം പ്രതിവിധി കണ്ടെത്തി. വഴിയോരങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതി സൗഹൃദ നഗരമാക്കി ഇസ്തംബൂളിനെ മാറ്റി.
തങ്ങളുടെ കണ്‍മുന്നില്‍ ഒരു ഇസ്‌ലാമിസ്റ്റ് നേതാവ് ഇത്രയധികം ജനപ്രീതിയാര്‍ജിക്കുന്നത് സൈന്യത്തിലും മീഡിയയിലുമുള്ള അള്‍ട്രാ സെക്യുലരിസ്റ്റ് ശക്തികള്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. നേരത്തേ അവര്‍ കടുത്ത സമ്മര്‍ദങ്ങള്‍ ചെലുത്തി വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് നജ്മുദ്ദീന്‍ അര്‍ബകാനെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിച്ചിരുന്നു.
മിലിട്ടിറിയും ജുഡീഷ്യറിയും മീഡിയയും കൂട്ടായി തെരഞ്ഞിട്ടും ഉര്‍ദുഗാനെതിരെ ഒന്നും കിട്ടിയില്ല. പിന്നെയവര്‍ ബാക് ഫയലുകള്‍ തപ്പാന്‍ തുടങ്ങി. ഒടുവിലവര്‍, ഒന്നര വര്‍ഷം മുമ്പ് സിര്‍ത്ത് നഗരത്തില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിയില്‍ ഉര്‍ദുഗാന്‍ ഒരു കവിത ചൊല്ലിയിരിക്കുന്നു എന്നു കണ്ടെത്തി! കവിതയുടെ തുടക്കം ഇങ്ങനെ:
പള്ളികള്‍ ഞങ്ങളുടെ ബാരക്കുകളാണ്
താഴികക്കുടങ്ങള്‍ ഞങ്ങളുടെ ഹെല്‍മറ്റുകളാണ്
മിനാരങ്ങള്‍ ഞങ്ങളുടെ ബയണറ്റുകളാണ്
വിശ്വാസികള്‍ ഞങ്ങളുടെ കാലാള്‍പടയാണ്
ഈ കവിത എഴുതിയിരിക്കുന്നത് മുസ്തഫ കമാല്‍ അത്താതുര്‍ക്കിന്റെ സ്വന്തം ആളായിരുന്ന സിയ ഗോക് ആല്‍പ് (1876-1924) എന്ന കവിയാണ്. തുടക്കത്തില്‍ മുസ്തഫ കമാല്‍ ദേശീയ വികാരം ഉണര്‍ത്തുന്നതിന് മതകീയ ബിംബങ്ങളെ ധാരാളമായി ഉപയോഗിച്ചിരുന്നു. അതിന്റെ ബാക്കിപത്രമാണിത്. ഈ കവിത പാഠപു
സ്തകങ്ങളില്‍ വരെ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിന് തെറ്റില്ല, പൊതുവേദിയില്‍ അത് ചൊല്ലുന്നതാണ് മഹാ അപരാധം!
1998-ല്‍ ദിയാര്‍ ബക്ര്‍ കോടതി 'കവിത ചൊല്ലി അന്യ മതവിദ്വേഷം' വളര്‍ത്തിയതിന് ഉര്‍ദുഗാനെ മേയര്‍സ്ഥാനത്തു നിന്ന് പുറത്താക്കി. പത്തു മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. അത്യന്തം അപഹാസ്യമായ ഈ കോടതി വിധിയെ മുഖ്യധാരാ മീഡിയ ശരിക്കും ആഘോഷിച്ചു. 'ഉര്‍ദുഗാന്റെ കഥകഴിഞ്ഞു', 'ഇനി അയാള്‍ ഒരു പ്രാദേശിക ഗവര്‍ണര്‍ കൂടി ആവില്ല' എന്നിങ്ങനെയായിരുന്നു അച്ചുനിരത്തല്‍. വളരെ അക്ഷോഭ്യനായി ജയിലിലേക്ക് തിരിക്കുമ്പോള്‍ ഉര്‍ദുഗാന്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: ''ഇത് ഒടുക്കമല്ല, തുടക്കമാണ്.''
(തുടരും)
Comments