Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 16

2980

1438 റബീഉല്‍ അവ്വല്‍ 16

പാതിവഴിയില്‍ നില്‍ക്കാതെ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

'നമസ്‌കാരം ഇസ്‌ലാമിന്റെ സ്തംഭമാണ്.'  നമസ്‌കാരത്തിന്റെ പ്രാധാന്യവും മൂല്യവും അറിയാന്‍ താങ്കള്‍ക്കാഗ്രഹമുണ്ടോ? നമസ്‌കാരത്തിന്റെ മൂല്യമറിഞ്ഞ് വേണ്ടതുപോലെയത് നിര്‍വഹിക്കാത്തവന്‍ നഷ്ടം പിണഞ്ഞ വിഡ്ഢിയാണ്. രണ്ടും രണ്ടും നാല് എന്ന് കൃത്യമായി അറിയേണ്ടതുപോലെ നമസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൂര്‍ണബോധ്യത്തോടെ കൂടുതലറിയാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ ഇപ്പറയുന്ന ആഖ്യാനം ശ്രദ്ധിക്കൂ. 

ഒരിക്കല്‍ മഹാനായ ഒരു യജമാനന്‍ തന്റെ സേവകരില്‍ രണ്ടു പേരെ നയനമനോഹരമായ തന്റെ തോട്ടത്തിലേക്കു പറഞ്ഞയച്ചു. ഓരോരുത്തര്‍ക്കുമായി ഇരുപത്തിനാലു വീതം സ്വര്‍ണനാണയങ്ങളും കൊടുത്തു. തോട്ടത്തിലെത്താന്‍ ഏതാണ്ട് രണ്ടു മാസത്തെ വഴിദൂരമുണ്ടായിരുന്നു. പുറപ്പെടാന്‍ നേരത്ത് യജമാനന്‍ ഇരുവരോടുമായി പറഞ്ഞു: 

''ടിക്കറ്റിനും മറ്റു യാത്രാ ചെലവിനുമായി നിങ്ങള്‍ക്കീ പണം ചെലവഴിക്കാം. അത്യാവശ്യ താമസച്ചെലവിനുള്ള വകയും ഇതില്‍നിന്ന് വഹിക്കാം. ഒരു ദിവസത്തെ വഴിദൂരം പിന്നിടുമ്പോള്‍ യാത്രക്കാര്‍ക്കുള്ള ഒരു സ്‌റ്റേഷനുണ്ട്. കാറ്, തീവണ്ടി, കപ്പല്‍, വിമാനം തുടങ്ങി ഏതു തരം വാഹനവും അവിടെ ലഭ്യമാണ്. ഏത് വാഹനമുപയോഗിച്ചാലും അതിന്റെ കൂലികൊടുക്കേണ്ടിവരും.'' 

യജമാനന്റെ നിര്‍ദേശങ്ങള്‍ കേട്ട ഇരു സേവകരും യാത്രയായി. അവരില്‍ ഒരാള്‍ പക്വമതിയും സൗഭാഗ്യവാനുമായിരുന്നു. യാത്രക്കുള്ള തുക മാറ്റിവെച്ച് ബാക്കി കൊണ്ട് ലാഭകരമായ ഒരു കച്ചവടമയാള്‍ ആരംഭിച്ചു. ഒന്നില്‍നിന്ന് ആയിരത്തിലേക്ക് അയാളുടെ മൂലധനമുയര്‍ന്നു. എന്നാല്‍ രണ്ടാമനാകട്ടെ വിവരദോഷിയും ദൗര്‍ഭാഗ്യവാനുമായിരുന്നു. കൈവശമുണ്ടായിരുന്ന ഇരുപത്തിനാലു സ്വര്‍ണനാണയങ്ങളില്‍ ഇരുപത്തിമൂന്നും സ്റ്റേഷനിലെത്തുന്നതിനു മുമ്പുതന്നെ അയാള്‍ തുലച്ചു. 

ഒന്നാമന്‍ രണ്ടാമനോട് പറഞ്ഞു: 'സുഹൃത്തേ, ഇനിയുള്ള ആ ഒരു സ്വര്‍ണനാണയം കൊണ്ട് നീ യാത്രക്കുള്ള ടിക്കറ്റെടുക്കൂ. അതെങ്കിലും പാഴാക്കാതിരിക്കൂ. നമ്മുടെ യജമാനന്‍ മാന്യനും ദയാപരനുമാണ്. നിന്നോടവന്‍ കരുണ കാട്ടും. നിനക്ക് സംഭവിച്ച വീഴ്ച പൊറുത്തുതരും. ലക്ഷ്യസ്ഥാനത്തെത്താന്‍ വിമാനയാത്രവരെ നിനക്ക് സൗകര്യപ്പെടുത്തിയെന്നുവരും. അങ്ങനെയെങ്കില്‍ ഒരൊറ്റ ദിവസം നമുക്കൊരുമിച്ച് എത്തേണ്ടിടത്ത് എത്തിച്ചേരാന്‍ കഴിയും. എന്റെ വാക്കുകള്‍ നീ അവഗണിച്ചാല്‍ രണ്ടുമാസം തുടര്‍ച്ചയായി വിശന്നും ദാഹിച്ചും കാല്‍നടയായി നിനക്ക് യാത്ര ചെയ്യേണ്ടിവരും. ദീര്‍ഘയാത്ര നടത്തി ഏകാന്തതയുടെ വൈരസ്യവും മടുപ്പും നീ അനുഭവിക്കേണ്ടിവരും.'' 

ഒന്നാമന്റെ സാരോപദേശം ധിക്കരിച്ചും അവശേഷിക്കുന്ന സ്വര്‍ണനാണയവും രണ്ടാമന്‍ സുഖിച്ചും മദിച്ചും തുലച്ചെന്ന് കരുതുക. സൗഭാഗ്യനിധിയുടെ താക്കോലാകാനിടയുള്ള യാത്രാ ടിക്കറ്റിനു പകരം നശ്വരമായ ലീലാവിനോദങ്ങള്‍ക്കു പിറകെ അവന്‍ പോയെന്നു വിചാരിക്കുക. അവനേക്കാള്‍ നഷ്ടം പിണഞ്ഞ ദൗര്‍ഭാഗ്യവാനുണ്ടോ? പമ്പര വിഡ്ഢിയുണ്ടോ? അവനേക്കാള്‍ വലിയ ഭോഷന്‍ മനുഷ്യരുടെ കൂട്ടത്തില്‍ വേറെയുണ്ടോ? 

നമസ്‌കരിക്കാത്തവരേ, നമസ്‌കാരം നിര്‍വഹിക്കേണ്ടതിനെയോര്‍ത്ത് മനസ്സ് ഞെരുങ്ങുന്നവരേ, 

ആഖ്യാനത്തില്‍ പരാമര്‍ശിക്കപ്പെട്ട ആ യജമാനന്‍ നമ്മുടെ രക്ഷിതാവാണ്, സ്രഷ്ടാവാണ്. യാത്ര ചെയ്യാനിറങ്ങിത്തിരിച്ച സേവകരില്‍ ഒരാള്‍ താല്‍പര്യപൂര്‍വം ഉത്തരവാദിത്തബോധത്തോടെ നമസ്‌കാരം നിര്‍വഹിക്കുന്ന മതഭക്തനാണ്. രണ്ടാമന്‍ നമസ്‌കാരം ഉപേക്ഷിക്കുന്ന വിഡ്ഢിയാണ്. അവരുടെ കൈവശം യജമാനന്‍ ഏല്‍പിച്ച ഇരുപത്തിനാല് സ്വര്‍ണനാണയങ്ങള്‍ മനുഷ്യായുസ്സിലെ ഓരോ ദിവസത്തെയും ഇരുപത്തിനാല് മണിക്കൂറാണ്. അവരിരുവരുടെയും ലക്ഷ്യസ്ഥാനമായിരുന്ന തോട്ടം സ്വര്‍ഗപ്പൂങ്കാവനമാണ്. വാഹന സ്റ്റേഷന്‍ ഖബ്‌റും. 

ദീര്‍ഘമായ ആ യാത്ര മനുഷ്യന്‍ എത്താനിരിക്കുന്ന ഖബ്‌റിലേക്കും പാരത്രിക മഹാസംഗമത്തിലേക്കും അനശ്വര ഗേഹത്തിലേക്കുമുള്ള യാത്രയാണ്. ആ സഞ്ചാരവഴിയില്‍ പ്രവേശിക്കുന്ന ഓരോരുത്തരും തങ്ങളുടെ കര്‍മമഹത്വവും ഭക്തിയുടെ വ്യാപ്തിയും അനുസരിച്ച് വ്യത്യസ്ത വേഗതകളില്‍ വഴി പൂര്‍ത്തിയാക്കും. ഭക്തിയുടെ നിറവിലെത്തിയവര്‍ ഒറ്റദിവസം കൊണ്ട് പ്രകാശവേഗത്തില്‍ ആയിരം കൊല്ലത്തെ ദൂരം താണ്ടി മുന്നേറും. മറ്റു ചിലര്‍ ഭാവനയുടെ വേഗത്തില്‍ ഒരൊറ്റ ദിവസം കൊണ്ട് അന്‍പതിനായിരം കൊല്ലത്തെ വഴിദൂരം മുറിച്ചുകടന്നേക്കും. രണ്ടു സൂക്തങ്ങളിലായി വിശുദ്ധ ഖുര്‍ആന്‍ ഈ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട്. പരാമൃഷ്ട യാത്രാ ടിക്കറ്റ് നമസ്‌കാരമാണ്. അംഗസ്‌നാനം നടത്തി ഓരോ ദിവസവും അഞ്ച് നേരത്തെ നമസ്‌കാരം ഭംഗിയായി നിര്‍വഹിക്കാന്‍ ഒരാള്‍ക്ക് ഒരു മണിക്കൂര്‍ സമയം പോലും വേണ്ടിവരില്ല. 

ഹ്രസ്വമായ ഐഹിക ജീവിതത്തിലെ ഓരോ ദിവസത്തെയും ഇരുപത്തിനാലു മണിക്കൂറുകളില്‍ ഇരുപത്തിമൂന്നു മണിക്കൂറും വൃഥാ നഷ്ടപ്പെടുത്തുന്നവരേ, ഒരു മണിക്കൂറെങ്കിലും വരാനിരിക്കുന്ന അനശ്വര ജീവിതത്തിനായി കാത്തുവെക്കാത്തവരേ, കടുത്ത ആത്മദ്രോഹികളേ, പമ്പര വിഡ്ഢികളേ, 

കൈവശമുള്ള കാശിന്റെ പകുതി വെച്ച് ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന വാതുവെപ്പില്‍ ചേര്‍ന്നുകളിക്കുന്നവരുണ്ട്. വലിയ കേമത്തമായി അത് ഗണിക്കപ്പെടാറുമുണ്ട്. ആയിരത്തില്‍ ഒരാള്‍ മാത്രം ജയിക്കുന്ന ഒരു കളിയാണത് എന്നോര്‍ക്കണം. 

എങ്കില്‍പിന്നെ കൈവശമുള്ള ഇരുപത്തിനാലു മണിക്കൂറില്‍ ഒരേയൊരു നാണയം ലാഭപൂര്‍ണമായ മാര്‍ഗത്തില്‍ മുതല്‍മുടക്കി അനശ്വര ഖജനാവുകള്‍ നേടാന്‍ ശ്രമിക്കുന്നവരെ നാമെങ്ങനെ കാണണം. നൂറില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും വിജയസാധ്യതയുള്ള കച്ചവടം. 

എന്താ, ഇത് യുക്തിവിരുദ്ധമാണോ? ജ്ഞാനനിഷേധമാണോ? 

തീര്‍ച്ചയായും നമസ്‌കാരം ആത്മാവിനും ഹൃദയത്തിനും ബുദ്ധിക്കും ഒരുപോലെ കുളിരനുഭവമാണ്. ശരീരത്തെ പീഡിപ്പിക്കുന്ന ക്ലേശാനുഷ്ഠാനമല്ല അത്. സര്‍വോപരി ഒരു നമസ്‌കാരക്കാരന്‍ ജീവിതത്തില്‍ ചെയ്യുന്ന ഹിതകരമായ സമസ്ത കര്‍മങ്ങളും അല്ലാഹുവിനു വേണ്ടി നടത്തപ്പെടുന്ന ആരാധനയാണ്. ഉദ്ദേശ്യശുദ്ധിയുണ്ടെങ്കില്‍ ഒരു നമസ്‌കാരക്കാരന് തന്റെ ആയുസ്സിന്റെ മൂലധനം മുഴുവന്‍ പാരത്രിക ലാഭമാക്കി മാറ്റാന്‍ കഴിയും. അതുവഴി നശ്വരമായ ആയുസ്സ് കൊടുത്ത് അനശ്വരമായ ആയുസ്സ് നേടാനും സാധിക്കും.  

മൊഴിമാറ്റം: 

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(42-44)
എ.വൈ.ആര്‍

ഹദീസ്‌

ആരാധനകളിലെ സന്തുലിതത്വം
സുബൈര്‍ കുന്ദമംഗലം