Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 16

2980

1438 റബീഉല്‍ അവ്വല്‍ 16

സൈനിക-ജുഡീഷ്യല്‍ ഫാഷിസത്തിലേക്ക് വഴിമാറുന്ന ഈജിപ്ത്

പി.കെ. നിയാസ്

സൈനിക സ്വേഛാധിപതിയുടെ ഭരണത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുന്ന ഈജിപ്തില്‍ സ്റ്റേറ്റ് ഭീകരത ശക്തിപ്പെടുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. എന്‍.ജി.ഒകളെപ്പോലും വേട്ടയാടുന്ന കരിനിയമം 'പാര്‍ലമെന്റ'് പാസ്സാക്കിയിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വരെ ദേശവിരുദ്ധമെന്ന് മുദ്രകുത്തി നിരോധിക്കാനും പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അഞ്ചുവര്‍ഷം വരെ തടവിലിടാനും പുതിയ നിയമത്തില്‍ വകുപ്പുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കുകയും അതിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി(എഫ്.ജെ.പി)യെ നിരോധിക്കുകയും പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഉള്‍പ്പെടെ നിരവധി നേതാക്കളെ ജയിലിലടക്കുകയും ചെയ്ത പട്ടാള സ്വേഛാധിപതി അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ കിരാത ഭരണത്തിനെതിരെ വീണ്ടും ജനകീയ പ്രക്ഷോഭങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. അടിസ്ഥാന ഭക്ഷ്യ വിഭവങ്ങള്‍ പോലും ലഭിക്കാതെ ജനം പ്രയാസപ്പെടുകയാണ്. പലയിടത്തും സംഘര്‍ഷം പതിവായിരിക്കുന്നു. ജനങ്ങള്‍ റൊട്ടിക്കുവേണ്ടി ക്യൂ നില്‍ക്കുമ്പോള്‍ എത്രകാലം അടിച്ചമര്‍ത്തല്‍ ഭരണവുമായി സീസിക്കും കൂട്ടര്‍ക്കും മുന്നോട്ടു പോകാനാവും? 

സീസി ഭരണകൂടത്തിന് തിരിച്ചടിയായി ചില സംഭവങ്ങള്‍ ഈയിടെ ഉണ്ടായിട്ടുണ്ട്. 'രാഷ്ട്രീയ ഇസ്‌ലാമി'നെയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കുന്ന വിധത്തില്‍ നവംബര്‍ ഏഴിന് ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടാണ് അതിലൊന്ന്. ബ്രദര്‍ഹുഡിനെതിരെ ഈജിപ്ഷ്യന്‍ ഭരണകൂടം കൈക്കൊള്ളുന്ന അടിച്ചമര്‍ത്തല്‍ നിലപാടിനെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് സീസിക്കും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാണ്. ഇതേത്തുടര്‍ന്ന് നവംബര്‍ 19-ന് ഈജിപ്ഷ്യന്‍ പാര്‍ലമെന്റിന്റെ വിദേശകാര്യസമിതി പ്രസ്തുത റിപ്പോര്‍ട്ടിന് മറുപടിയായി പത്തു പേജുള്ള കൗണ്ടര്‍ റിപ്പോര്‍ട്ട് പുറത്തിറക്കി. വിവിധ യൂറോപ്യന്‍ ഭാഷകളില്‍ ഇത് പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇതും പോരാഞ്ഞ് ദഹ്‌ലിയ യൂസുഫ് എന്ന വനിതയുടെ നേതൃത്വത്തില്‍ 12 എം.പിമാര്‍ അടങ്ങുന്ന ഒരു സംഘം ബ്രദര്‍ഹുഡ് വിരുദ്ധ പ്രചാരണത്തിന് ഇപ്പോള്‍ ബ്രിട്ടനില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം സംഘം അമേരിക്കയിലും പോയിരുന്നു.

ഇപ്പോള്‍ പ്രവാസിയായി കഴിയുന്ന ഈജിപ്തിലെ മുന്‍ ഇടക്കാല വൈസ് പ്രസിഡന്റും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ ഡയറക്ടറുമായ മുഹമ്മദ് അല്‍ ബറാദഇ നവംബര്‍ 1, 14, 15 തീയതികളില്‍ നടത്തിയ പ്രസ്താവനകള്‍ മുര്‍സിക്കെതിരെ പട്ടാളവും ഗവണ്‍മെന്റ് അനുകൂല മാധ്യമങ്ങളും മതമേലാളന്മാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനകള്‍ വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണ്. മുര്‍സിയെ അട്ടിമറിക്കാന്‍ സീസി തയാറാക്കിയ പദ്ധതി ചര്‍ച്ചചെയ്യാന്‍ 2013 ജൂലൈ 3-ന് യോഗം ചേര്‍ന്നിരുന്നുവെന്നും ആ യോഗത്തിലേക്ക് വന്നപ്പോഴാണ് പ്രസിഡന്റ് മുര്‍സി തടവിലാണെന്ന വിവരം താന്‍ അറിയുന്നതെന്നും അല്‍ ബറാദഇ ആദ്യപ്രസ്താവനയില്‍ പറയുന്നു. പ്രസ്തുത യോഗത്തില്‍ പ്രതിരോധ മന്ത്രി സീസി, സേനാ തലവന്മാര്‍, അല്‍ അസ്ഹര്‍ മേധാവി ശൈഖ് അഹ്മദ്  ത്വയ്യിബ്, അലക്‌സാണ്ട്രിയയിലെ പോപ്പും കോപ്റ്റിക് ചര്‍ച്ച് മേധാവിയുമായ തവാദ്രോസ് രണ്ടാമന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഗൂഢാലോചന സംബന്ധിച്ചും മുര്‍സിയുടെ അറസ്റ്റിനെക്കുറിച്ചും വിവരം ലഭിച്ചതിനാലാണ് ഭരണകക്ഷിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി തലവന്‍ മുഹമ്മദ് സഅ്ദ് അല്‍ ഖതാത്‌നി പ്രസ്തുത യോഗത്തില്‍നിന്ന് വിട്ടുനിന്നതെന്നും ബറാദഇ വ്യക്തമാക്കുകയുായി.

മുര്‍സിക്കെതിരെ ജനങ്ങളെ ഇളക്കിവിട്ട നാഷ്‌നല്‍ സാല്‍വേഷന്‍ ഫ്രണ്ട് എന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു അല്‍ ബറാദഇ. ജനാധിപത്യ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നതിന് പാരിതോഷികമായി സീസി നല്‍കിയ ഇടക്കാല വൈസ് പ്രസിഡന്റ് പദവി കൈനീട്ടി സ്വീകരിക്കാനും അദ്ദേഹത്തിന് മടിയുണ്ടായില്ല. 2013 ജൂലൈ 9 മുതല്‍ ആഗസ്റ്റ് 14-ന് രാജിവെക്കുന്നതുവരെ അല്‍ ബറാദഇ ഈ പദവിയില്‍ ഇരിക്കുമ്പോഴാണ് റാബിയ്യ അല്‍ അദവിയ്യ കൂട്ടക്കൊല നടക്കുന്നത്. യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുമെന്ന് തോന്നിയപ്പോഴായിരുന്നു ബറാദഇയുടെ രാജിയും വിദേശരാജ്യത്തേക്കുള്ള ചേക്കേറലും. പുതിയ തെരഞ്ഞെടുപ്പ് നടത്തി പ്രശ്‌നം പരിഹരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ താന്‍ സമര്‍പ്പിച്ചെന്നും അത് സ്വീകരിക്കപ്പെട്ടില്ലെന്നും ഇപ്പോള്‍ കുമ്പസരിക്കുന്ന അല്‍ ബറാദഇ, പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തനിക്ക് ഭീഷണിയുണ്ടെന്നും  തന്റെ പ്രസ്താവനകള്‍ സീസി ഭരണകൂടത്തിനെതിരെ പോരാടുന്ന ബ്രദര്‍ഹുഡിന് ആയുധങ്ങളായി മാറിയെന്നാണ് ഗവണ്‍മെന്റും അനുകൂല മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. പട്ടാള അട്ടിമറിക്കും സംഘടനയെ നിയമവിരുദ്ധമാക്കിയതിനുമെതിരെ യൂറോപ്യന്‍, അന്താരാഷ്ട്ര കോടതികളില്‍ നല്‍കിയ കേസുകളില്‍ അല്‍ ബറാദഇയെ വിസ്തരിക്കാന്‍ ആവശ്യപ്പെടുമെന്ന് ബ്രദര്‍ഹുഡിന്റെ വിദേശകാര്യ ഓഫീസ് തലവന്‍ അഹ്മദ് അബ്ദുര്‍റഹ്മാന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

മുര്‍സിക്കും ഇതര ബ്രദര്‍ഹുഡ് നേതാക്കള്‍ക്കുമെതിരായ കേസുകളില്‍ വധശിക്ഷകളും ജീവപര്യന്തം തടവുകളും റദ്ദാക്കി പരമോന്നത കോടതികളുടെ വിധികള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നതാണ് രണ്ടാമത്തെ സംഭവം. നവംബര്‍ മൂന്നാം വാരമാണ് രണ്ട് കേസുകളില്‍ മുര്‍സിയുടെ ശിക്ഷ റദ്ദാക്കി കസേഷന്‍ കോടതിയുടെ വിധികള്‍ വന്നത്. ആദ്യത്തെ കേസില്‍ വധശിക്ഷ റദ്ദാക്കി പുനര്‍വിചാരണക്ക് കോടതി ഉത്തരവിട്ടപ്പോള്‍ രണ്ടാമത്തെ കേസില്‍ ജീവപര്യന്തം ശിക്ഷയാണ് കോടതി റദ്ദാക്കിയത്. 2015 ഏപ്രിലിലാണ് മുര്‍സിക്ക് സൈനിക കോടതി ആദ്യത്തെ ജീവപര്യന്തം, അഥവാ 20 വര്‍ഷം കഠിന തടവ് വിധിച്ചത്. പ്രതിപക്ഷ പ്രക്ഷോഭകരെ നിയമവിരുദ്ധമായി തടവില്‍വെച്ച് പീഡിപ്പിക്കാന്‍ ഉത്തരവിട്ടുവെന്നായിരുന്നു കുറ്റം. 2011-ല്‍ ഹുസ്‌നി മുബാറക്കിനെതിരെ രാജ്യമെങ്ങും അലയടിച്ച പ്രതിഷേധ കൊടുങ്കാറ്റിനിടയില്‍ വിദേശ 'തീവ്രവാദി സംഘടനകളാ'യ ഹമാസ്, ലബനാനിലെ ഹിസ്ബുല്ല എന്നിവയുമായി ചേര്‍ന്ന് ജയില്‍ചാട്ടം ആസൂത്രണം ചെയ്‌തെന്ന് ആരോപിച്ച് 2015 മേയില്‍ മുര്‍സിക്ക് വധശിക്ഷ വിധിച്ചു. ജൂണില്‍ മറ്റൊരു 40 വര്‍ഷം കൂടി അദ്ദേഹത്തിന് ജയില്‍ ശിക്ഷ കിട്ടി. നിയമവിരുദ്ധമായ ഒരു സംഘടനയെ (മുസ്‌ലിം ബ്രദര്‍ഹുഡ്) നയിച്ചതിന് 25 കൊല്ലവും ഈജിപ്തിന്റെ സൈനിക രഹസ്യങ്ങള്‍ ഖത്തറിന് ചോര്‍ത്തിയെന്ന് ആരോപിച്ച് 15 കൊല്ലവുമായിരുന്നു ശിക്ഷ.

മുര്‍സി പ്രസിഡന്റായിരിക്കെ 2012 ഡിസംബറില്‍ പ്രസിഡന്‍ഷ്യല്‍ പാലസിനുനേരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണമഴിച്ചുവിട്ടപ്പോള്‍ പോലീസും പട്ടാളവും നോക്കിനില്‍ക്കുകയായിരുന്നു. മാത്രമല്ല, ഏറ്റുമുട്ടലില്‍ മരിച്ച 11 പേരില്‍ ഒമ്പതും മുര്‍സി അനൂകൂലികളായിരുന്നു. ഈ കേസ് ദുര്‍ബലമാകാന്‍ ഇതു തന്നെ മതിയായ തെളിവാണ്. എന്നിട്ടും മുര്‍സിയും അനുയായികളും കുറ്റക്കാരും, പ്രസിഡന്റിന്റെ ഓഫീസിനെതിരെ  ആക്രമണം അഴിച്ചുവിട്ടവരും അത് തടയാതിരുന്നവരും നിരപരാധികളുമായി മാറി! ജുഡീഷ്യറിയുടെ രാഷ്ട്രീയവല്‍ക്കരണത്തിന്റെ പച്ചയായ തെളിവാണിതെന്നാണ് പ്രസ്തുത കേസിനെക്കുറിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകന്‍ ടോബി കാഡ്മാന്‍ പ്രതികരിച്ചത്.

ജയില്‍ചാട്ടത്തിന് വധശിക്ഷ വിധിക്കുന്ന സംഭവം ലോക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. മുബാറക്കിനെതിരായ പ്രക്ഷോഭ സമയത്താണ് ഇത് നടക്കുന്നത്. പോലീസും പട്ടാളവും നിയമ വ്യവസ്ഥയും നോക്കുകൂത്തിയായി നിന്ന സന്ദര്‍ഭമായിരുന്നു അത്. പല ജയിലുകളും യാതൊരു ഉത്തരവുമില്ലാതെ തുറക്കപ്പെട്ടു. അന്യായമായി തടവിലായ പല പ്രക്ഷോഭകരും മോചിതരായി. ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളുമായി ഗൂഢാലോചനകള്‍ നടത്തിയാണ് മുര്‍സിയും കൂട്ടരും ഇത് ആസൂത്രണം ചെയ്തത് എന്നായിരുന്നു കുറ്റം. രസകരമെന്നു പറയട്ടെ, ഈ സംഭവത്തിനുശേഷമാണ് മുര്‍സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അപ്പോഴൊന്നും 'ജയില്‍ചാട്ടം' ഒരു വിഷയമായിരുന്നില്ല. അദ്ദേഹം ജയിച്ച് പ്രസിഡന്റായപ്പോഴും ഒരു പോലീസും ഒരു കോടതിയും മുര്‍സിക്കെതിരെ ഇത്തരമൊരു പരാതി ഉന്നയിച്ചിരുന്നില്ല.

മുര്‍സിക്കും ഇഖ്‌വാന്‍ നേതാക്കള്‍ക്കും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കും എതിരെ ജീവപര്യന്തവും വധശിക്ഷയുമൊക്കെ വിധിച്ചത് ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ ശിങ്കിടികളായ ജഡ്ജിമാരായിരുന്നു. ബ്രദര്‍ഹുഡിന്റെ കഠിനവിരോധികളും ഹുസ്‌നി മുബാറക്കിന്റെയും സീസിയുടെയും  ശിങ്കിടികളുമാണ് അതിലേറെയും. അതിനാലാണ് പരിഹാസ്യമായ പല വിധികളും കീഴ്‌ക്കോടതികളില്‍നിന്ന് ഉണ്ടാകുന്നത്. എന്നാല്‍ കസേഷന്‍ കോടതികളിലെ ജഡ്ജിമാരെ നിയമിക്കുന്നത് രാജ്യത്തെ ഏറ്റവും പരിചയസമ്പത്തുള്ള ജഡ്ജിമാരുടെ പാനല്‍ ഉള്‍പ്പെടുന്ന സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലാണ്. ഇവര്‍ക്ക് രാഷ്ട്രീയ പക്ഷപാതിത്വം താരതമ്യേന കുറവായിരിക്കും. അതിനാല്‍ അവരില്‍ പ്രതീക്ഷയുണ്ടെന്നാണ് ഇസ്‌ലാമിസ്റ്റുകള്‍ക്കു വേണ്ടി വിവിധ കേസുകളില്‍ ഹാജരാകുന്ന പ്രഗത്ഭനായ അഭിഭാഷകന്‍ ഖാലിദ് അല്‍ മസ്‌രി പറയുന്നത്. മാത്രമല്ല, ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ റദ്ദാക്കുന്ന വിധികള്‍ മേല്‍ക്കോടതികളില്‍നിന്ന് ഈയിടെ ഉണ്ടായിട്ടുണ്ട്. ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സുഊദി അറേബ്യക്ക് കൈമാറിയ ഭരണകൂടത്തിന്റെ നടപടി റദ്ദാക്കിയ കോടതിവിധിയാണ് ഇതിലൊന്ന്. അതിനു തൊട്ടു മുമ്പ്, ദ്വീപ് കൈമാറ്റത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലിലടക്കപ്പെട്ട 47 പേരെ നിരുപാധികം വിട്ടയക്കാന്‍ മറ്റൊരു കോടതിയും ഉത്തരവിടുകയുണ്ടായി.

2014 ഏപ്രില്‍ 28-ന് ഇഖ്‌വാന്‍ നേതാവ് മുഹമ്മദ് ബദീഇനും 682 പേര്‍ക്കും തെക്കന്‍ നഗരമായ മിന്‍യയിലെ ഒരു കീഴ്‌ക്കോടതി ജഡ്ജി സയ്യിദ് യൂസുഫ് വധശിക്ഷ വിധിച്ചത്, ഒരു പോലീസ് ഓഫീസറുടെ മരണത്തിന് ഇടയാക്കുന്ന വിധത്തില്‍ കലാപത്തിന് പ്രേരണ നല്‍കി എന്ന കുറ്റം ചുമത്തിയായിരുന്നു. 2013 ആഗസ്റ്റില്‍ രണ്ടായിരത്തോളം നിരപരാധികളെ തോക്കും പീരങ്കിയും ഉപയോഗിച്ച് നിഷ്ഠുരമായി കൊന്നൊടുക്കിയ സൈനികരെയും അതിന് ഒത്താശ ചെയ്തുകൊടുത്ത ഭരണകൂട ഭീകരരെയും ശിക്ഷിക്കാന്‍ ഒരൊറ്റ ജഡ്ജിയും തയാറായിട്ടില്ല. ഹിറ്റ്‌ലറുടെ കോടതിയില്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍) പോലും നടക്കാതിരുന്ന വിചാരണയാണ് ഇവിടെ അരങ്ങേറിയത്. 682 പേരെ കൊല്ലാന്‍ വിധിക്കുന്നതിന് കോടതിയെടുത്ത സമയം വെറും എട്ടു മിനിറ്റ്! ഇതേ വര്‍ഷം മാര്‍ച്ച് അവസാനം ഇതേ ജഡ്ജി 529 ബ്രദര്‍ഹുഡ് അനുകൂലികളെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഒരു മാസത്തിനിടയില്‍ ഈ ജഡ്ജി കൊല്ലാന്‍ വിധിച്ചവരുടെ എണ്ണം 1212, ഹുസ്‌നി മുബാറക്കിന്റെയും അതിനു മുമ്പ് ഭരിച്ച അന്‍വര്‍ സാദാത്തിന്റെയും കാലത്ത് (1980 മുതല്‍ 2011 വരെ) വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ പോലും (709) ഇതിന്റെ അയലത്ത് വരില്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിന് ഇത്രയും പേരെ കൊല്ലാന്‍ ഉത്തരവിട്ട ജഡ്ജിയവര്‍കള്‍ 37 ജയില്‍ പുള്ളികളുടെ കൂട്ടക്കൊലക്ക് നേരിട്ട് പങ്കുവഹിച്ച മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് നല്‍കിയ ശിക്ഷ വെറും പത്തു കൊല്ലം! ഏതു സമയത്തും ശിക്ഷ ഇളവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയത്. 22 പേരെ മാത്രം കയറ്റാവുന്ന ഒരു വാനില്‍ 37 പേരെ കുത്തിത്തിരുകുകയും വാനിനകത്തേക്ക് ഈ ഉദ്യോഗസ്ഥന്‍  ടിയര്‍ഗ്യാസ് ഷെല്ലുകള്‍ എറിയുകയും ചെയ്തതാണ് ഇവരുടെ മരണത്തിന് ഇടയാക്കിയത്. 2011 ജനുവരിയില്‍ മുബാറക്കിനെതിരെ പ്രക്ഷോഭം നടത്തിയ 18 പേരെ വെടിവെച്ചുകൊന്ന മുഹമ്മദ് അല്‍ സുന്നി എന്ന പോലീസ് ഓഫീസറെ വെറുതെ വിടുകയായിരുന്നു.

സൈനിക, ജുഡീഷ്യല്‍ ഫാഷിസത്തിന് ജനാധിപത്യം വഴിമാറുന്ന ദയനീയ കാഴ്ചകളാണ് ഏറെക്കാലമായി ഈജിപ്തില്‍നിന്ന് പുറത്തുവന്നുകൊിരിക്കുന്നത്. ഹുസ്‌നി മുബാറക്കെന്ന ഏകാധിപതിയെ പടിയിറക്കിയ ജനാധിപത്യപ്രക്ഷോഭം ഈജിപ്തിനു സമ്മാനിച്ച വെളിച്ചം തല്ലിക്കെടുത്തിയവര്‍ ആ നാടിനെ അന്ധകാരത്തിലേക്ക് തെളിച്ചു കൊണ്ടുപോകുന്നു. ലോകത്തെല്ലായിടത്തും ജനാധിപത്യം വേണമെന്നും എന്നാല്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുമെന്നതിനാല്‍ അറബ്‌ലോകത്ത് ഏകാധിപതികളും സ്വേഛാധിപതികളും നിലനില്‍ക്കണമെന്നും വാദിക്കുന്ന പടിഞ്ഞാറന്‍ കാപട്യത്തിന്റെ നേര്‍ചിത്രം കൂടിയാണ് ഈജിപ്ത് നല്‍കുന്നത്. 

കൊല്ലും കൊലയും മുഖമുദ്രയാക്കിയ ഭീകര ഭരണകൂടത്തിന് മുഖ്യ കാര്‍മികത്വം വഹിക്കുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും അതിന് കൈയൊപ്പ് ചാര്‍ത്തുന്ന ജുഡീഷ്യറിയും ജനാധിപത്യലോകത്തിനു മുന്നില്‍ പരിഹാസപാത്രമാക്കിയ ഈജിപ്തിനെ ആ അപമാനത്തില്‍നിന്ന് അല്‍പമെങ്കിലും മോചിപ്പിക്കാന്‍ പുതിയ കസേഷന്‍ കോടതി വിധികള്‍ സഹായകമാകുമെന്ന് കരുതാം. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ മുര്‍സിയും മറ്റു ബ്രദര്‍ഹുഡ് നേതാക്കളും പെട്ടെന്ന് ജയില്‍മോചിതരാകാനുള്ള സാധ്യത വിരളമാണ്. ഇനിയും ചില കേസുകളില്‍ വിധി വരാനിരിക്കുന്നു.

അറബ് വസന്തമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പാടിപ്പുകഴ്ത്തിയിരുന്ന ഈജിപ്തിന്റെ ഇപ്പോഴത്തെ പോക്ക് അരാജകത്വത്തിലേക്കാണ്. ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഇസ്‌ലാമിസ്റ്റുകളെ പടിയിറക്കാനുള്ള ഗൂഢപദ്ധതികള്‍ ചില അറബ് രാജ്യങ്ങളില്‍തന്നെ രൂപം കൊള്ളുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുകയോ പരോക്ഷ പിന്തുണ നല്‍കുകയോ ചെയ്യുന്ന നിലപാടാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ സ്വീകരിച്ചത്. അള്‍ജീരിയയില്‍ അവരത് ചെയ്തു. ലക്ഷങ്ങള്‍ക്കാണ് അതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടത്.  ഈജിപ്തിലും അവരുടെ മൗനം സൈനിക ഭീകരര്‍ക്ക് ജനങ്ങളെ കൊല്ലാനുള്ള ലൈസന്‍സായി. ചില അറബ് നേതാക്കള്‍ക്ക് ബ്രദര്‍ഹുഡ് മുമ്പേ പേടിസ്വപ്നമായിരുന്നു. ഒടുവില്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറിയപ്പോള്‍ അതിനെ താഴെയിറക്കലായി മുഖ്യലക്ഷ്യം. ബ്രദര്‍ഹുഡ് ഗവണ്‍മെന്റ് നിലവില്‍ വന്നപ്പോള്‍ ട്വിറ്ററിലൂടെ 'അനുശോചിക്കുക'യും സൈനിക അട്ടിമറി നടന്നപ്പോള്‍ തന്റെ ദൗത്യം പൂര്‍ത്തിയായെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്ത സുരക്ഷാ മേധാവികള്‍ വരെയുണ്ട് അറബ് രാജ്യങ്ങളില്‍. മുര്‍സി അധികാരത്തിലിരുന്നപ്പോള്‍ ഒരു ഡോളര്‍ പോലും സഹായം നല്‍കാത്തവര്‍ ബ്രദര്‍ഹുഡ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ മുബാറക്കിന്റെ 'അവശിഷ്ടങ്ങള്‍'ക്ക് സകല പ്രോത്സാഹനവും നല്‍കിയെന്നു മാത്രമല്ല, അട്ടിമറി നടന്നതിനു പിന്നാലെ 15 ബില്യന്‍ ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്‌ലാമിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ 2007-ല്‍ ഗസ്സയില്‍ നിയമിതനായ ഫത്ഹ് നേതാവ് മഹ്മൂദ് ദഹ്‌ലാനെപ്പോലെയുള്ളവരുടെ 'സേവനം' പോലും അട്ടിമറിക്കു ശേഷമുള്ള സൈനിക ഭരണകൂടത്തിന്റെ നിലനില്‍പിനായി ഉപയോഗപ്പെടുത്തുകയുണ്ടായി.

ഇത്ര രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായിട്ടും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പട്ടാള ഭരണകൂടത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 2006-ല്‍ ഫലസ്ത്വീന്‍ അഥോറിറ്റി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസിനോട് അമേരിക്ക സ്വീകരിച്ച രീതിയും ഇതു തന്നെയായിരുന്നു. കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോഴും ഈജിപ്ഷ്യന്‍ മിലിട്ടറി ജനാധിപത്യം പുനഃസ്ഥാപിക്കുകയാണെന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞത്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും മേഖലയിലെ അറബ് സഹായികളുടെയും ഇത്തരത്തിലുള്ള നിലപാടുകളാണ് ബ്രദര്‍ഹുഡ് വേട്ടക്ക് പട്ടാള ഭരണകൂടത്തിന് കരുത്തേകിയത്. ബ്രദര്‍ഹുഡിന്റെ ജനപിന്തുണയില്‍ വര്‍ഷങ്ങളായി അസ്വസ്ഥരായിരുന്ന ശത്രുക്കളും അവസരം ഉപയോഗിച്ചു. ഈജിപ്തിലെ ലിബറലുകള്‍ പട്ടാള അട്ടിമറിയെ പിന്തുണച്ച് ചെയ്ത ട്വീറ്റുകള്‍ പത്രപ്രവര്‍ത്തകനായ മാക്‌സ് ബ്ലൂമെന്‍താല്‍ ക്രോഡീകരിക്കുകയുണ്ടായി. ട്വീറ്റുകളില്‍ ഏറെയും അട്ടിമറിയെ ന്യായീകരിക്കുക മാത്രമല്ല, ആഘോഷിക്കുക കൂടിയായിരുന്നു. ജൂലൈ 26-ലെ റാബിഅ അല്‍ അദവിയ്യ കൂട്ടക്കൊലയെ ആഘോഷിക്കുന്ന ട്വീറ്റുകള്‍ വരെ കൂട്ടത്തിലുണ്ട്. ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വിചാരണ കൂടാതെ കൊല്ലണമെന്നായിരുന്നു പോപ് ഗായകന്‍ അംറ് മുസ്ത്വഫയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ജനങ്ങള്‍ റൊട്ടിക്കും മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കും ക്യൂ നില്‍ക്കുമ്പോള്‍, ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും വാരിക്കോരി നല്‍കിയ ബില്യന്‍ കണക്കിന് ഡോളറുകള്‍ അനാവശ്യമായ മെഗാ പദ്ധതികളില്‍ എറിഞ്ഞു തുലക്കുകയാണ് സീസി. ഈജിപ്തിന്റെ ഇപ്പോഴത്തെ പോക്കിനെ വിലയിരുത്തുന്ന ഒരു മുഖപ്രസംഗം ഈയിടെ വാഷിംഗ്ടണ്‍ പോസ്റ്റ് (നവംബര്‍ 24) പ്രസിദ്ധീകരിക്കുകയുണ്ടായി: ''ജനാധിപത്യരീതിയില്‍ നിലവില്‍വന്ന ഇസ്‌ലാമിസ്റ്റ് ഗവണ്‍മെന്റിനെ മൂന്നു വര്‍ഷം മുമ്പ് സൈനിക അട്ടിമറിയിലൂടെ അബ്ദുല്‍ അല്‍ ഫത്താഹ് സീസി പുറത്താക്കിയപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള പരിഷ്‌കരണ പദ്ധതികള്‍ പുതിയ ഭരണകൂടം കൈക്കൊള്ളുമെന്നാണ് സീസിയെ പിന്താങ്ങുന്ന യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ നേതാക്കള്‍ സ്വപ്നം കണ്ടത്. അതിനിടയില്‍ പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തുന്ന സീസിയുടെ കിരാത നടപടികളെ അവര്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്തു. മൂന്നു വര്‍ഷമായി കെറിയെയും മറ്റു പടിഞ്ഞാറന്‍ ഉപദേശകരെയും അവഗണിച്ച സീസി സുഊദിയും മറ്റു ഗള്‍ഫ് സുഹൃത്തുക്കളും നല്‍കിയ ബില്യന്‍ ഡോളറുകളുടെ ഫണ്ടുകള്‍ സൂയസ് കനാലുകള്‍ പോലുള്ള അനാവശ്യ പദ്ധതികള്‍ക്ക് ചെലവിട്ടു. അതിലേറെ കഠിനമായിരുന്നു എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടുകള്‍. ഇസ്‌ലാമിസ്റ്റുകളെ മാത്രമല്ല, മതേതര ലിബറലുകളെയും മാധ്യമ പ്രവര്‍ത്തകരെയും അമേരിക്കക്കാരി അയാ ഹിജാസി ഉള്‍പ്പെടെയുള്ള ആക്റ്റിവിസ്റ്റുകളെയും ജയിലിലടച്ചിരിക്കുന്നു... പ്രതിപക്ഷ ശബ്ദങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുമ്പോഴും സാമ്പത്തികരംഗം ഉദാരവത്കരിച്ച ചിലിയിലെ അഗസ്റ്റോ പിനോഷെയോട് സീസിയെ ഉപമിക്കുകയാണ് കെറി ഇപ്പോഴും. സാമ്പത്തിക രംഗത്തെക്കുറിച്ച സീസിയുടെ അജ്ഞതയും ഭരണകൂടത്തെയും സൈന്യത്തെയും ബാധിച്ച വന്‍ കെടുകാര്യസ്ഥതയും അഴിമതിയും സാമ്പത്തിക ഉദാരവത്കരണത്തിനെതിരെ ഈജിപ്ഷ്യന്‍ ജനത നടത്തിവരുന്ന പ്രക്ഷോഭങ്ങളും കണക്കിലെടുക്കുമ്പോള്‍ കെറിയുടെ സ്വപ്നം യാഥാര്‍ഥ്യത്തില്‍നിന്ന് ഏറെ അകലെയാവാനാണ് സാധ്യത. നവംബര്‍ 11-ന് ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്ത പ്രതിഷേധം വ്യാപകമാവാത്തതിനാല്‍ ഗവണ്‍മെന്റ് തല്‍ക്കാലം രക്ഷപ്പെട്ടുവെന്നു മാത്രം... കെറിയേക്കാള്‍ ട്രംപില്‍നിന്ന് ശക്തമായ പിന്തുണ  സീസിക്ക് കിട്ടിയേക്കാമെങ്കിലും ജനങ്ങളെ ശ്വാസം മുട്ടിച്ച് നാടു നന്നാക്കാന്‍ അദ്ദേഹത്തിനാവില്ല. ഐ.എം.എഫും അമേരിക്കയും സീസിയില്‍ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും അതൊന്നും ഫലിക്കാനുമിടയില്ല.''

കഴിഞ്ഞ വര്‍ഷം ശറമുശ്ശൈഖ് റിസോര്‍ട്ടില്‍  സീസി ഭരണകൂടം സംഘടിപ്പിച്ച ഈജിപ്ഷ്യന്‍ എക്കോണമിക് ഡെവലപ്‌മെന്റ് കോണ്‍ഫറന്‍സില്‍ ഇന്‍വെസ്റ്റര്‍മാരും കണ്‍സള്‍ട്ടന്റുമാരും വിദേശ രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 1700-ലേറെ പേര്‍ പങ്കെടുത്തപ്പോള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നത് ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന ജോണ്‍ കെറിയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുമായിരുന്നു. സമ്മേളനം നടക്കുമ്പോള്‍ ഈജിപ്ഷ്യന്‍ ജയിലുകളില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരുടെ എണ്ണം അറുപതിനായിരത്തിലേറെ ആയിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനാധിപത്യഘാതകനായ സീസിയെ ഏറ്റവും ശക്തിയായി പിന്തുണച്ചവര്‍ പോലും ഇപ്പോള്‍ ആ പട്ടാളക്കാരനിലെ ദുഷ്ടനെ തിരിച്ചറിഞ്ഞിരിക്കുന്നു. സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ ഭീകരവാഴ്ചക്കെതിരെ പോരാടുന്നവരോടൊപ്പമല്ല തങ്ങളെന്ന് സീസി വ്യക്തമാക്കികഴിഞ്ഞു. അലപ്പോയില്‍ നിര്‍ബാധം ബോംബിംഗ് തുടരുന്ന റഷ്യയെ പിന്തുണക്കുന്ന നിലപാടാണ് ഒക്‌ടോബറില്‍ യു.എന്നില്‍ രണ്ട് പ്രമേയങ്ങളുടെ മേലുള്ള വോട്ടെടുപ്പില്‍ ഈജിപ്ത് സ്വീകരിച്ചത്. ഇത് സുഊദി അറേബ്യയുടെ നിശിത വിമര്‍ശനത്തിന് ഇടയാക്കുകയുണ്ടായി. അതിനു പിന്നാലെയാണ് ഈജിപ്തിലേക്കുള്ള എണ്ണ കയറ്റുമതി സുഊദി ആരാംകോ നിര്‍ത്തിവെച്ചത്. സിറിയയില്‍ തങ്ങള്‍ അസദിനൊപ്പമാണെന്ന് കഴിഞ്ഞ ദിവസം സീസി വ്യക്തമാക്കുകയും ഈജിപ്ഷ്യന്‍ യുദ്ധവിമാനങ്ങള്‍ സിറിയയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തതോടെ മര്‍ദക ഭരണകൂടത്തിന്റെ ഉദ്ദേശ്യം സംശയലേശമന്യേ വെളിപ്പെട്ടിരിക്കുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(42-44)
എ.വൈ.ആര്‍

ഹദീസ്‌

ആരാധനകളിലെ സന്തുലിതത്വം
സുബൈര്‍ കുന്ദമംഗലം