പള്ളികളല്ല പൊളിച്ചെടുക്കേണ്ടത്, സമുദായത്തിന്റെ മുന്‍ഗണനകളാണ്
കണ്ണൂര്‍ ജില്ലയിലെ ഒരു മലയോര ഗ്രാമത്തിലൂടെ ബസ്സില്‍ യാത്ര ചെയ്യവെ സഹയാത്രികനായിരുന്ന ഒരാള്‍, പൊളിച്ചുകൊണ്ടിരിക്കുന്ന ഒരു മസ്ജിദ് ചൂണ്ടിക്കാണിച്ച് പറഞ്ഞു; ഇത് നാലാമത്തെ തവണയാണ് ഈ പള്ളി പൊളിച്ചുപണിയുന്നത്. എണ്‍പതുകള്‍ക്കു ശേഷം മാത്രം പണിത പള്ളിയാണ് ചെറിയ കാലയളവിനുള്ളില്‍ ഇത്രയും തവണകളായി പുതുക്കിപ്പണിതത് എന്നും അല്‍പം രോഷത്തോടെ അയാള്‍ കൂട്ടിച്ചേര്‍ത്തു. വിചിത്രമാണ് നാലാമതും പൊളിക്കാന്‍ കണ്ടെത്തിയ കാരണങ്ങള്‍. അതിങ്ങനെ: പള്ളിയോട് ചേര്‍ന്നുപണിത കെട്ടിടത്തിലാണ് മദ്‌റസ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികള്‍ ഇവിടെ എത്തുന്നത് കാരണം പള്ളിയുടെ പവിത്രത നഷ്ടപ്പെടുന്നുവത്രെ! ഈ പ്രശ്‌നം പരിഹരിക്കാനാണ് ഏറ്റവുമൊടുവില്‍ എട്ടു വര്‍ഷം മുമ്പ് മാത്രം പുതുക്കിപ്പണിത നല്ല കെട്ടുറപ്പും സൗകര്യവുമുള്ള പള്ളി പൂര്‍ണമായും ഇടിച്ചുനിരപ്പാക്കി, പളളിയുടെയും മദ്‌റസയുടെയും ചുമരുകള്‍ വേറിട്ടുനില്‍ക്കും വിധം പുനര്‍ നിര്‍മിക്കുന്നത്!!
പള്ളി നിലനിര്‍ത്തി മദ്‌റസ വേറെ മാറ്റി സ്ഥാപിച്ചാല്‍ പോരേ എന്ന് ആ മഹല്ലിലെ ആരെങ്കിലും ചോദിച്ചോ എന്നറിയില്ല. ഒന്നര കോടി രൂപയാണത്രെ പുനര്‍നിര്‍മാണത്തിന് ചെലവ് കണക്കാക്കുന്നത്. നാട്ടുകാരില്‍നിന്ന് പിരിച്ചെടുക്കുകയാണ് ഇത്രയും തുക. കണ്ണൂര്‍-കാസര്‍കോട് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമുണ്ട്. ആറ് കിലോമീറ്റര്‍ മാത്രം ചുറ്റളവ്. മുപ്പത്തിമൂന്ന് പള്ളികളുണ്ടിവിടെ. ചിലതൊക്കെ ഇടക്കിടെ പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുന്നത് കാണാം. ഏറ്റവുമൊടുവിലായി നാലോളം പള്ളികള്‍ ഇങ്ങനെ പൊളിച്ചുകെട്ടി കെങ്കേമമായി ഉദ്ഘാടനവും നടത്തി. നല്ല സൗകര്യമുള്ള കോണ്‍ക്രീറ്റ് പള്ളികള്‍ തന്നെയാണ് ഇടിച്ചുനിരപ്പാക്കിയത്.
ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. വിശേഷിച്ചും മലബാറില്‍ ഈയടുത്ത കാലത്തായി കണ്ടുവരുന്ന അനഭിലഷണീയമായ പ്രവണതയാണിത്. വളരെ പഴക്കം ചെന്നതും അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്നതുമായ പള്ളികള്‍ പൊളിച്ചുപണിയുന്നതില്‍ ന്യായമുണ്ട്. എന്നാല്‍ ഇക്കാരണങ്ങള്‍ കൊണ്ട് പൊളിച്ചെടുക്കുന്നവ വളരെ കുറച്ചേ വരൂ. ഇതിനു പിന്നിലെ പ്രചോദനം മറ്റൊന്നുമല്ല, സമുദായത്തെ ആകെ പിടികൂടിയ ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും ഭൂതം പള്ളിനിര്‍മാണത്തെയും ഗ്രസിച്ചിരിക്കുന്നു എന്നതുതന്നെ. പള്ളികള്‍ ആരാധനകള്‍കൊണ്ട് അലങ്കരിക്കുന്നതിനു പകരം അത്യാധുനിക വാസ്തുശില്‍പ മാതൃകയിലുള്ള നിര്‍മാണ മികവില്‍ വര്‍ണവെളിച്ചവിസ്മയം തീര്‍ത്ത് അലങ്കരിക്കുന്നതിലാണ് മഹല്ല് ഭാരവാഹികള്‍ക്ക് താല്‍പര്യം. എന്നാലോ അത്യുഷ്ണത്തില്‍ വിയര്‍ത്തൊലിച്ചാലും ജമാഅത്ത് നമസ്‌കാരം കഴിഞ്ഞാല്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ മിക്ക പള്ളികളിലും കര്‍ശന വിലക്കാണ്. നിറയെ എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിച്ചിട്ടുണ്ടാകും ഇങ്ങനെയുള്ള ചില പള്ളികളില്‍, എന്നാല്‍ അതും വെറും കാഴ്ചപ്പണ്ടങ്ങള്‍ മാത്രമായിരിക്കും.
നിര്‍മാണത്തിന് കോടികള്‍ ചെലവഴിച്ചാലും വൈദ്യുതി ബില്ല് അല്‍പം പോലും കൂടുതലാവാതിരിക്കാന്‍ വല്ലാത്ത ശുഷ്‌കാന്തിയാണ് ഭാരവാഹികള്‍ക്ക്. ജീവിതച്ചെലവ് എത്ര തന്നെ കൂടിയാലും, ഇമാമും മുഅദ്ദിനും ശമ്പളം അല്‍പം കൂട്ടി ചോദിച്ചാല്‍ അത് അംഗീകരിച്ചുകിട്ടാന്‍ വല്ലാത്ത പാടാണ്. ഈയിടെ നാട്ടിലെ ഒരു പള്ളിയില്‍ മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം വയോധികനായ ഒരു മുസ്‌ലിയാര്‍ എഴുന്നേറ്റുനിന്ന് തന്റെ ദുരിതജീവിതം വിവരിച്ചതിങ്ങനെ:
25 വര്‍ഷക്കാലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി പള്ളികളില്‍ ഖത്വീബും മുദര്‍രിസുമായും സേവനം ചെയ്തിട്ടുണ്ട്. മൂന്ന് പെണ്‍മക്കള്‍, ഇതില്‍ രണ്ട് പേര്‍ അവിവാഹിതകള്‍. സ്വന്തമായി വീടില്ല. അസുഖം മൂലം ഇപ്പോള്‍ ജോലി ചെയ്യാനും വയ്യ. ചികിത്സക്കു പണം കണ്ടെത്താനാവുന്നില്ല. ഒരു പണ്ഡിതന് പളളികളില്‍ കയറിയിറങ്ങി കൈ നീട്ടേണ്ട അവസ്ഥ എങ്ങനെയുണ്ടായി? കോടികള്‍ മുടക്കി പള്ളികള്‍ പൊളിച്ചെടുത്തുകൊണ്ടേയിരിക്കുന്ന മഹല്ല് ഭാരവാഹികള്‍ക്ക് മുന്നിലാണ് ഇത്തരം വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നത്.
പള്ളികള്‍ ആരാധനാലയം എന്നതിനോടൊപ്പം സമുദായത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ശാക്തീകരണം കൂടി ഉറപ്പുവരുത്തുക എന്ന ദൗത്യവും നിര്‍വഹിക്കേണ്ടതുണ്ട്. ഇവിടെ മഹല്ല്‌വാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയോ പരിഹാരം നിര്‍ദേശിക്കുകയോ ചെയ്യാറില്ല. ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യംവെച്ച് സകാത്ത് സംഭരിച്ച് വിതരണം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നേയില്ല. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ സാധ്യതകളെ കുറിച്ച് മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കാനുള്ള സംവിധാനം വ്യവസ്ഥാപിതമായി നടപ്പാക്കാന്‍ കഴിയുമെന്നിരിക്കെ, ബഹുഭൂരിഭാഗം മഹല്ലുകളിലും ഇത്തരം കാര്യങ്ങള്‍ അവരുടെ അജണ്ടകളില്‍ ഇനിയും സ്ഥാനം പിടിച്ചിട്ടില്ല. വേണ്ടത് ഭാവനാസമ്പന്നരായ നേതൃത്വമാണ്. അഞ്ചു നേരം മാത്രം തുറക്കുകയും അര മണിക്കൂറിനകം താഴിട്ട് പൂട്ടുകയും ചെയ്യുന്നതിനു പകരം, പള്ളികള്‍ സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിയെ സക്രിയമായി പിന്തുണക്കുന്ന ആധ്യാത്മിക കേന്ദ്രങ്ങളായി മാറേണ്ടതുണ്ട്.
മഹല്ല് സെക്രട്ടറിയുടെ ഫയലുകളില്‍ വിവാഹപ്രായമെത്തിയിട്ടും കെട്ടിച്ചയക്കാന്‍ ഗതിയില്ലാത്ത പെണ്‍മക്കളുള്ള രക്ഷിതാക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന സഹായാഭ്യര്‍ഥനകളുണ്ട്, ആകാശം മേല്‍ക്കൂരയായവരുടെ നെടുവീര്‍പ്പുകളുണ്ട്, കാന്‍സര്‍ ഉള്‍പ്പെടെ മാരക രോഗങ്ങള്‍ ബാധിച്ച് ചികിത്സിക്കാന്‍ വഴികാണാത്തവരുടെ വിലാപങ്ങളുണ്ട്. നാട്ടില്‍ അധാര്‍മിക, അനാശാസ്യ പ്രവണതകള്‍ കൂടിവരുന്നു, വിദ്യാര്‍ഥികളിലടക്കം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഭീതിജനകമാംവിധം വര്‍ധിച്ചുവരുന്നു. കുടുംബകോടതി കയറുന്ന കേസുകളില്‍ സമുദായത്തിന്റെ പ്രാതിനിധ്യം ഒട്ടും കുറവല്ല. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും മഹല്ല് നേതൃത്വങ്ങളുടെ അടിയന്തര പരിഗണനകള്‍ക്ക് വിഷയീഭവിക്കുന്നില്ല. ചില സ്ഥലങ്ങളിലെങ്കിലും മസ്വ്‌ലഹത്ത് (പ്രശ്‌ന പരിഹാര) ഫോറങ്ങള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനം തൃപ്തികരമല്ല. ഇതിനിടയിലാണ് പള്ളികള്‍ പൊളിച്ചെടുത്തുകൊണ്ടേയിരിക്കുന്നത്! സമുദായത്തിലെ സമ്പന്നരുടെ കൈത്താങ്ങ് അര്‍ഹിക്കുന്ന പാവപ്പെട്ടവരുടെ ജീവിതവും സ്വപ്‌നങ്ങളുമാണ് ഇതുമൂലം പൊളിച്ചടുക്കപ്പെടുന്നത് എന്നത് കാണാതിരുന്നുകൂടാ. കെട്ടിയും പൊളിച്ചും പുതുക്കിപ്പണിതും മാനംമുട്ടെ ഉയരത്തില്‍ മിനാരങ്ങള്‍ പൊക്കിയും മോടി കൂട്ടുന്ന പള്ളികളാണ് സമുദായത്തിന്റെ പ്രൗഢി എന്ന് തെറ്റിദ്ധരിച്ചുപോയവര്‍ക്ക് ഗള്‍ഫ് പ്രതിസന്ധി വലിയ തിരിച്ചറിവുകള്‍ നല്‍കേണ്ടതാണ്.
എഴുപതുകളോടെ ശക്തിപ്പെട്ട ഗള്‍ഫ് കുടിയേറ്റമാണ് സമുദായത്തിന്റെ സാമ്പത്തിക അടിത്തറ കുറേയൊക്കെ ഭദ്രമാക്കിയത്. പള്ളികളും പള്ളിക്കൂടങ്ങളും അതിന്റെ കൊടിയടയാളങ്ങളാണ്. എന്നാല്‍ ഈ പ്രതാപം ഇനി എത്ര നാള്‍ എന്ന വലിയ ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. മാസംതോറും നൂറുകണക്കിന് പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നത്. വ്യാപാര, കാര്‍ഷിക, തൊഴില്‍ മേഖലകളിലെ മുരടിപ്പ് മടങ്ങിയെത്തുന്നവരില്‍ കടുത്ത മാനസിക സംഘര്‍ഷവും അരക്ഷിതബോധവും വളര്‍ത്തുന്നു. വഴികാട്ടാനും മാര്‍ഗനിര്‍ദേശം നല്‍കാനും ബാധ്യതപ്പെട്ട സമുദായ നേതൃത്വത്തിന്റെ കൈയില്‍ ഒരു മാസ്റ്റര്‍ പ്ലാനുമില്ല, എന്നല്ല കണ്‍മുന്നില്‍ എത്തപ്പെട്ട ഭീതിജനകമായ അവസ്ഥകളെ കുറിച്ച ബോധം പോലുമില്ല.
ഇവിടെ പള്ളികളല്ല പൊളിച്ചെടുക്കേണ്ടത്, സമുദായത്തിന്റെ മുന്‍ഗണനകളാണ്. പണ്ഡിതന്മാരും മഹല്ല് ഭാരവാഹികളും കുറേക്കൂടി ദീര്‍ഘവീക്ഷണത്തോടെയും പക്വതയോടെയും കാര്യങ്ങളെ സമീപിക്കേണ്ടിയിരിക്കുന്നു.
Comments