Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 16

2980

1438 റബീഉല്‍ അവ്വല്‍ 16

ഒരുമിക്കാതിരിക്കാന്‍ ഒരു ന്യായവുമില്ല

പ്രഫ. കെ. മുഹമ്മദ്, മോങ്ങം

സമകാലിക ലോകസംഭവങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന ഒരു യാഥാര്‍ഥ്യമുണ്ട്;  ഇസ്‌ലാമോഫോബിയ എന്ന പ്രതിഭാസം ലോകത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, ഭീകര-തീവ്ര മുദ്രകള്‍ കുത്തി ഇസ്‌ലാമിക സമൂഹത്തെ ഒന്നടങ്കം വേട്ടയാടാന്‍ സാമ്രാജ്യത്വ-ഫാഷിസ്റ്റ്  ശക്തികള്‍ തന്ത്രങ്ങള്‍ മെനയുകയും, മുസ്‌ലിം ലോകത്തെയാകെ ചുട്ടുചാമ്പലാക്കാന്‍ ശത്രുക്കള്‍ മുന്നോട്ടു വരികയും ചെയ്യുമ്പോള്‍ മുസ്‌ലിം സമൂഹം പകച്ചുനില്‍ക്കുകയാണ്. ശരിയായ പ്രതിരോധമാര്‍ഗം കാണിച്ചുകൊടുത്ത് അവരെ മുന്നോട്ടു നയിക്കാന്‍ കെല്‍പ്പുള്ളവരോ, ബൗദ്ധികമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ശേഷിയുള്ളവരോ ആയ നേതൃത്വത്തിന്റെ അഭാവം മുസ്‌ലിം സമൂഹം അനുഭവിക്കുന്നു.

പ്രശസ്ത ഇസ്‌ലാമിക പ്രബോധകന്‍ സാകിര്‍ നായിക്കിന്റെ എന്‍.ജി.ഒയെ യു.എ.പി.എ ചുമത്തി നിരോധിച്ചിട്ട് ഇവിടെ എന്തു സംഭവിച്ചു? ഫൈസല്‍ അവാര്‍ഡ് നേടിയ ആ പ്രബോധകനെ അന്യായമായി വരിഞ്ഞുമുറുക്കിയിട്ട് കാര്യമായ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നോ?  ജമാഅത്തെ ഇസ്‌ലാമിയും പോഷക സംഘടനകളും നടത്തിയ പ്രതിഷേധത്തെ വിസ്മരിക്കുന്നില്ല. അപ്രധാന പ്രശ്‌നങ്ങള്‍ക്കു വേണ്ടി റോട്ടിലിറങ്ങി അലറുന്നവര്‍ ഇതിനെതിരെ എന്തേ മിണ്ടാതിരുന്നു? സാകിര്‍ നായിക്ക് കേന്ദ്ര ഗവര്‍ണമെന്റിന് എഴുതിയ തുറന്ന കത്തില്‍, വിഷലിപ്തവും അധിക്ഷേപകരവുമായ പ്രസ്താവനകളിറക്കിയവരും പ്രസംഗിച്ചവരും ഇന്ത്യയില്‍ സസുഖം വാഴുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.  ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ രാജേശ്വര്‍ സിംഗ് എന്നയാള്‍ പറഞ്ഞത് 2021 ഡിസംബര്‍ 31 ഇന്ത്യയിലെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും അവസാന ദിനമായിരിക്കുമെന്നാണ്.

മധ്യപ്രദേശില്‍ എട്ടു പച്ചമനുഷ്യരെ വെടിവെച്ചു കൊന്നതിനെ 'ഏറ്റുമുട്ടല്‍ കൊല'യാക്കി അവതരിപ്പിച്ചിട്ട് മുസ്‌ലിം സമൂഹം അനങ്ങിയില്ല. 'നിരോധിത സംഘടന'യിലെ അംഗങ്ങള്‍ എന്ന നിലക്ക് അവരത് അര്‍ഹിക്കുന്നുണ്ട് എന്നാണോ സമുദായത്തിന്റെ നിലപാട്? സിമിനിരോധം എന്നതുതന്നെ ഒരു ഗൂഢ പദ്ധതിയായിരുന്നു എന്ന് ഇന്നല്ലെങ്കില്‍ നാളെ വെളിപ്പെടാതിരിക്കില്ല.  വിചാരണാ തടവുകാരായി കൊല്ലങ്ങളോളം ജയിലുകളില്‍ ദുരിതകാലം പിന്നിട്ട് വിചാരണക്കൊടുവില്‍ കുറ്റക്കാരല്ലെന്ന വിധി കിട്ടി പുറത്തു വരുന്നവരുടെ ദൈന്യകഥകള്‍ നാം വായിച്ചുകൊണ്ടിരിക്കുന്നു.  അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജീവിതാവസാനം വരെ ജയിലില്‍നിന്ന് പുറത്തുവരാന്‍ പറ്റാത്ത പരുവത്തിലാണ് കാര്യങ്ങള്‍ പോകുന്നത്.  എത്രയെത്ര മുസ്‌ലിം യുവാക്കളുടെ ജീവിതമാണ് ഒരു കുറ്റവും ചെയ്യാതെ ജയിലില്‍ നരകിച്ച് അവസാനം ചവച്ചരച്ച വൈക്കോല്‍ പോലെ പുറംതള്ളപ്പെടുന്നത്! ഈ ദുര്‍ഘടാവസ്ഥയിലും കേരളത്തിലെ മുസ്‌ലിം സമൂഹം വളരെ വിചിത്രമായാണ് പെരുമാറുന്നത്. ഓരോ സംഘടനയുടെയും കൊടിക്കീഴില്‍ അണിനിരന്നവര്‍ക്ക്  തങ്ങള്‍ മാത്രമാണ് 'മുസ്‌ലിം ലോകം'. അവരുടെ പത്രങ്ങളില്‍ പൊതുവെ മറ്റു സംഘടനകളില്‍ നടക്കുന്ന ഒരു നല്ല കാര്യവും വെളിച്ചം കാണുകയില്ല.  സാകിര്‍ നായിക്ക് വിഷയം വസ്തുനിഷ്ഠമായി അവതരിപ്പിക്കാത്ത മുസ്‌ലിം മാനേജ്‌മെന്റ് പത്രങ്ങള്‍ ഇവിടെയുണ്ട്!  വാര്‍ത്ത കൊടുക്കുകയാണെങ്കിലോ സ്വസമുദായത്തിലെ മറ്റു സംഘടനകളെ ഇടിച്ചുതാഴ്ത്തുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന രീതിയിലും. മുസ്‌ലിം ലോകത്ത് കണക്കറ്റ നാശനഷ്ടങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഐ.എസിന്റെ പിതൃത്വത്തെ സംബന്ധിച്ചാണ് ചിലരുടെ വിചിത്ര ഗവേഷണം.  ചിലര്‍ക്കത് ഇസ്‌ലാമിസ്റ്റ് ചിന്തകന്മാരുടെ തലയില്‍ വെച്ചുകെട്ടാനാണ് താല്‍പര്യമെങ്കില്‍, മറ്റു ചിലര്‍ക്ക് ഇബ്‌നുതൈമിയ്യയുടെയും മുഹമ്മദുബ്‌നു അബ്ദില്‍ വഹാബിന്റെയും അക്കൗണ്ടിലെഴുതാനാണ് ആഗ്രഹം.  ഇസ്‌ലാമിക ലോകത്തിന് വെളിച്ചം നല്‍കി കടന്നുപോയ ആ വിളക്കുമാടങ്ങളുടെ തലക്കു ചേര്‍ന്നതല്ല ഐ.എസിന്റെ തൊപ്പിയെന്നും സാമ്രാജ്യത്വ ശക്തികളും ഇസ്‌ലാംവിരുദ്ധ ലോബിയും ഉണ്ടാക്കുന്ന കെണിയില്‍ ശുദ്ധാത്മാക്കളായ ചെറുപ്പക്കാര്‍ ഇയ്യാംപാറ്റകളെ പോലെ എരിഞ്ഞമരുകയാണെന്നുമുള്ള യാഥാര്‍ഥ്യം കുടിലമായ സംഘടനാ താല്‍പര്യങ്ങളുടെ പേരില്‍ തമസ്‌കരിക്കുകയാണ്. 

വിഘടിച്ചുനിന്ന ര് മുജാഹിദ് ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു എന്നതാണ് ഒരു സന്തോഷ വാര്‍ത്ത. ഈ ഐക്യത്തെ ഇതര മുസ്‌ലിം സംഘടനകളോടുള്ള സൗഹൃദപൂര്‍വമായ സഹവര്‍ത്തിത്വത്തിലേക്ക് വികസിപ്പിക്കുകയും ആ സംഘടനകള്‍ അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്താല്‍ അതിന്റെ ഗുണഫലം ഏറെ വലുതായിരിക്കും. പ്രബുദ്ധരായ കേരള മുസ്‌ലിംകള്‍ ഒരു ഏകീകൃത സമൂഹമായി മാറിയാല്‍ ഇസ്‌ലാമിനെതിരില്‍ വരുന്ന ഭീഷണികള്‍ക്ക് തടയിടാന്‍ കുറേയൊക്കെ സാധിക്കില്ലേ? നാം ഇതുവരെ കണ്ടു പരിചയിച്ച രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോള്‍   ഇവിടെ രൂപംകൊള്ളുന്നത്. ഏകാധിപത്യത്തിലേക്കുമുള്ള വഴിയിലാണ്  രാഷ്ട്രം എന്ന ആശങ്ക ശക്തമാണ്. ജനാധിപത്യത്തിന്റെ പടികള്‍ ചവിട്ടിക്കയറി മുകളിലെത്തിയവര്‍ ഏകാധിപത്യ ഫാഷിസ്റ്റ് രീതി പുറത്തെടുത്തുകഴിഞ്ഞു എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയേതില്ലേ?

 

എഴുത്തുകാരന്റെ ഭാഷയും സാധ്യമാകേണ്ട മറുവായനയും

ഹനിയ്യ സനം

ഇസ്‌ലാം വളരെ ലളിതമായ ദര്‍ശനമാണ് എന്നത് തര്‍ക്കത്തിന് സാധ്യതയില്ലാത്ത  കാര്യമാണ്. ആ ലാളിത്യം അതിന്റെ അവതരണത്തിലുമുണ്ടാകണം. കാമ്പസുകളില്‍ പോലും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന സയ്യിദ്  മൗദൂദിയെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും കുറിച്ചെഴുതുമ്പോള്‍ (ലക്കം 2972) ഭാഷ ഒന്നുകൂടി ലളിതമാക്കുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. 'എഴുത്തുകാരന്റെ ഭാഷ' എന്ന കത്തില്‍ (ലക്കം 2976)  സൂചിപ്പിച്ചതുപോലെ ലളിതവും മധുരവുമായ ഭാഷയില്‍ പറയേണ്ട സംഗതികള്‍ 'ഗമണ്ടന്‍' വാക്കുകളില്‍ അവതരിപ്പിച്ച് വായനക്കാരെ 'മടുപ്പിച്ചും' 'മുടിപ്പിച്ചും' കളയുന്നുണ്ട് ചിലര്‍. ലളിതമായ  ഇസ്‌ലാമിനെ ആവേശത്തോടെ അറിയാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരനെ മനസ്സിലാകാത്ത ഭാഷാപ്രയോഗങ്ങളാണ് സ്വാഗതം ചെയ്യുന്നതെങ്കില്‍ കണ്ടമാത്രയില്‍ അവന്‍/അവള്‍ അവ വായിക്കാന്‍ വിരക്തി കാണിക്കും. 'മനസ്സിലാകാത്തത് എഴുതുന്നതാണ് ചിലര്‍ക്കൊക്കെ ഫാഷന്‍' എന്ന് എഴുത്തുകാരി നിര്‍മല പറഞ്ഞതോര്‍ക്കുന്നു. 

എഴുത്തുകാരന്റെ വിജയത്തില്‍ ഒന്ന് അവന്‍/അവള്‍ എഴുതിയതുന്നെയാണല്ലോ താനും ചിന്തിച്ചിരുന്നതെന്ന് വായനക്കാരന്‍ ചിന്തിക്കുന്നതാണ് എന്ന് എവിടെയോ വായിച്ചിട്ടു്.  മറുവായനയുടെ സാധ്യതകള്‍ (ലക്കം 2978, 'എഴുത്തുകാരന്റെ ഭാഷ, മറുവായനയും സാധ്യമാണ്') ചെറിയ ശതമാനം വായനക്കാരില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ബഷീറിനെയും കക്കട്ടില്‍ മാഷിനെയും പോലുള്ളവരെ മലയാളി മനസ്സുകള്‍ സ്വീകരിച്ചത് ഭാഷാലാളിത്യം കൊണ്ട് കൂടിയാണ്. സമ്പന്നവും സുന്ദരവുമായ ഭാഷാഭാവുകത്വത്തിന്റെ പാരമ്പര്യം തന്നെയാണ് മലയാളി മുസ്‌ലിം എഴുത്തുകാരുടേതും. സോഷ്യല്‍ മീഡിയയില്‍ ഇന്ന് കാണപ്പെടുന്ന മിക്ക എഴുത്തുകളും എല്ലാതരം ആളുകളും വായിക്കുന്നവയാണ്. ഭാഷയുടെ പ്രത്യേകത തന്നെയാണ് അതിനു കാരണം.

പ്രബോധനം 'ബുദ്ധിജീവികള്‍ക്കു' മാത്രം പറഞ്ഞിട്ടുള്ളതാണെന്ന ഒരു വീക്ഷണം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഭാഷയില്‍ എഴുത്തുകാരന്‍ കൊണ്ടുവരുന്ന അനാവശ്യ 'ഡെക്കറേഷന്‍' തന്നെയാണ് ഇതിനു കാരണം. 'അക്ഷരാര്‍ഥവാദത്തിന്റെ  പുതിയ ഗതി പഴയ ചില വാക്കുകള്‍/പ്രയോഗങ്ങള്‍ ഇനി വേണ്ട എന്നാണ്'-ഈ വാദത്തോട് ഒട്ടും യോജിക്കാനാവുന്നില്ല. ഗമണ്ടന്‍ വാക്കുകളിലൂടെ / പ്രയോഗങ്ങളിലൂടെ അക്ഷരങ്ങളെ സാധാരണക്കാരില്‍നിന്ന് അകറ്റിനിര്‍ത്താതിരിക്കുക എന്നതാണ് അക്ഷരാര്‍ഥവാദം. പ്രബോധനം പോലുള്ള വാരികകള്‍ ചര്‍ച്ച ചെയ്യുന്നത് ജനകീയ വിഷയങ്ങളാണ്. അതുകൊണ്ടുതന്നെ അതിലെ എഴുത്തുകളും ജനകീയമാവണം. റാഡിക്കലായി ചിന്തിക്കുന്നവരുടെ കാര്യം അവരും റാഡിക്കലായി മാത്രമേ എഴുതൂ എന്ന് വാശി പിടിക്കുന്നവരുടെ കാര്യം അവരും നോക്കുമായിരിക്കും. എന്നാല്‍ റാഡിക്കലായി മാത്രമേ എഴുതൂ എന്ന് വാശി പിടിക്കുന്നവന്റെ എഴുത്തിനെ തിരിഞ്ഞുനോക്കാന്‍ ആളുണ്ടാവില്ല.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായി ഈ കുറിപ്പിനെ സമീപിക്കരുത്. ആര്‍ക്കും മനസ്സിലാകാതെ ആവിഷ്‌കരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ എല്ലാവരും വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാഷയില്‍ എഴുതുന്നത് എന്ന ഒരു ചിന്ത മാത്രം.

 

ബുദ്ധിജീവികളുടെ സര്‍ഗ വൈഭവം!

ശാഹിന തറയില്‍, കുന്നുമ്മല്‍, മലപ്പുറം 

'എഴുത്തുകാരന്റെ ഭാഷ' (കത്ത്, ലക്കം 24) ഭൂരിപക്ഷം വായനക്കാരുടെയും പ്രതിഷേധം പ്രതിഫലിപ്പിക്കുന്നതായിരുന്നു. പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന ചില ലേഖനങ്ങളുടെ ആശയം ദുര്‍ഗ്രഹമാകയാല്‍ വായനക്കാരന് വേത്ര പ്രയോജനം ലഭ്യമാവുന്നില്ല. സംഗീതത്തെയും കലയെയുമൊക്കെ വിശകലനം ചെയ്യുന്ന പ്രസക്തമായ ചില ലേഖനങ്ങള്‍ പ്രബോധനം പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും നിഗൂഢവും വക്രവുമായ അവതരണം കാരണം അവയെ സംബന്ധിച്ച ഇസ്‌ലാമിക മാനങ്ങളൊന്നും വ്യക്തമാകാറില്ല. തലക്കെട്ടുകളുടെ കാര്യമാണ് മറ്റൊന്ന്. 'മഴവില്‍ ലോകത്തെ ഇസ്‌ലാം', 'ഇസ്‌ലാം മലയാളത്തില്‍ പാടുന്നു', 'ഇസ്‌ലാമിനോളം സംഗീതമുണ്ടോ' തുടങ്ങിയവ ഉദാഹരണം. പ്രതിഭാധനരായ എഴുത്തുകാര്‍ അസ്പഷ്ടമായ രചനാശൈലിയിലൂടെ തങ്ങളുടെ ആശയപ്രകാശനം നടത്തുമ്പോള്‍ അതിന്റെ പൊരുള്‍ പിടികിട്ടാതെ വായനക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കാണുകയാണ്. സംസ്‌കരണം ലക്ഷ്യംവെക്കുന്ന പ്രബോധനം പോലൊരു പ്രസിദ്ധീകരണത്തിന് ഇത് ഭൂഷണല്ല.  

വൈക്കം ബഷീര്‍ വിശ്വവിഖ്യാതനായത് അദ്ദേഹത്തിന്റെ ഭാഷാലാളിത്യംകൊണ്ടുകൂടിയാണ്. പുനത്തില്‍ കുഞ്ഞബ്ദുല്ലയും മറ്റും മലയാളിക്ക് പ്രിയങ്കരരായതും അതേ ലാളിത്യം കൊണ്ടുതന്നെ. ബുദ്ധിജീവികള്‍ തങ്ങളുടെ സര്‍ഗവൈഭവം പ്രകടമാക്കുമ്പോള്‍ താരതമ്യേന 'ബുദ്ധി' കുറഞ്ഞ ഇതര ജീവികളെക്കൂടി പരിഗണിക്കുന്നത് ഉചിതമായിരിക്കും!

 

ക്വില്‍ ഫൗണ്ടേഷന്‍ ഒരു മുതല്‍ക്കൂട്ടാണ്

മമ്മൂട്ടി കവിയൂര്‍ 

ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ സുഹൈലുമായുള്ള അഭിമുഖം (ലക്കം 2977) അജ്ഞാതമായ ഒട്ടേറെ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുന്നു. ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാടിനും ഉമ്മത്തിനും വലിയ മുതല്‍ക്കൂട്ടാണ്. 

ഇതേ ലക്കത്തിലെതന്നെ നിസാര്‍, സഹീര്‍ സഹോദരന്മാരുടെ ജയിലനുഭവങ്ങള്‍ വായനക്കാരുടെ കണ്ണുകള്‍ ഈറനാക്കാതിരിക്കില്ല.  ഭരണകൂടത്തിന്റെ മനുഷ്യവേട്ടയിലും പീഡനങ്ങളിലും വേവലാതിയുണ്ടെങ്കിലും നിസാര്‍ ഒടുവില്‍ പറയുന്ന ആ വാചകങ്ങള്‍ ആശ്വാസകരവും ചിന്തോദ്ദീപകവുമാണ്; 'അല്ലാഹു ചിലത് വിധിക്കുന്നു. കാരണങ്ങള്‍ നമുക്കറിയില്ല. അവന്‍ വലിയവന്‍, അവന് സ്തുതി.' വാക്കുകളില്‍ ഈമാന്റെയും തവക്കുലിന്റെയും തിളക്കം. 

 

കെട്ടകാലത്ത് നമ്മള്‍ ചെയ്യുന്നതെന്താണ്?

കെ.സി കരിങ്ങനാട്

ജനാധിപത്യ ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങള്‍ രാജ്യത്തെ മൊത്തം ജനങ്ങളെയും ആശങ്കപ്പെടുത്തുന്നതാണ്. ഊഹിക്കാനാവാത്ത നീക്കങ്ങളാണ് അധികാരിവര്‍ഗത്തില്‍നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അധികാരമെപ്പോഴും ഭരിക്കപ്പെടുന്നവരുടെ മേല്‍ പ്രകടിപ്പിക്കാനുള്ളതാണെന്ന ധാര്‍ഷ്ട്യത്തിലാണ് ഭരണാധികാരികള്‍. നജീബിന്റെ തിരോധാനം, ഭോപ്പാല്‍ കൂട്ടക്കൊല, കറന്‍സി പിന്‍വലിക്കല്‍ തുടങ്ങി ഇപ്പോള്‍ കത്തിനില്‍ക്കുന്ന വിഷയങ്ങള്‍ രാജ്യത്തിന്റെ ഭാവിയെ ഏറെ സങ്കീര്‍ണമാക്കുന്നു. എന്നാല്‍, ഇതിനു പിന്നിലെല്ലാം വ്യക്തമായ അജണ്ടകളും ആസൂത്രണങ്ങളുമുണ്ടെന്നു വേണം കരുതാന്‍. ഇത് മുന്തിയ കറന്‍സികള്‍ പിന്‍വലിക്കലിന്റെയോ മറ്റോ മാത്രം വിഷയമല്ല. വരാനിരിക്കുന്ന കാലം എങ്ങനെയായിരിക്കുമെന്നതിന്റെ അപായ മണിമുഴക്കമാണ്. പൊറുതികേടുകളും അസ്വസ്ഥതകളും നിറയുന്ന കെട്ടകാലത്തേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന ബോധം നമ്മളില്‍ ഇനിയും ഉടലെടുത്തിട്ടില്ലെങ്കില്‍ നാളെ നമ്മുടെ അസ്തിത്വം തന്നെ ആക്രമിക്കപ്പെട്ടേക്കും. ഒരു സമൂഹത്തിന്റെ സ്വത്വം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് എല്ലാ അര്‍ഥത്തിലുമുള്ള വീണ്ടെടുപ്പിലേക്ക് അവര്‍ മുന്നേറിയില്ലെങ്കില്‍ പിന്നീട് പരിതപിച്ചിട്ട് ഫലവുമുണ്ടാവില്ല. അനീതിയോടും അക്രമത്തോടും സന്ധിയില്ലാ സമരം നയിച്ച ചരിത്രമാണ് നമുക്കുള്ളത്. ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാതെ, അതിനോട് പുറംതിരിഞ്ഞുനിന്ന് പൗരോഹിത്യ കെട്ടുകാഴ്ചകളിലും വിഭാഗീയതയിലും അഭിരമിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ആസൂത്രണമില്ലായ്മയും കെട്ടുറപ്പില്ലായ്മയും ഒരു സമൂഹത്തിന്റെ സ്വത്വം തകര്‍ക്കുന്നതിന് കാരണമാകുമെന്നതില്‍ സംശയമില്ല. 

 

ഹൃദയത്തെ കൊളുത്തിവലിച്ച അനുഭവ വിവരണം

മുഹമ്മദ് ജസീം അയ്യന്തോള്‍, തൃശൂര്‍

'ഭരണകൂടം തല്ലിക്കൊഴിച്ച 23 വര്‍ഷങ്ങള്‍' (2016 നവംബര്‍ 25) അനുഭവ വിവരണം ഹൃദയസ്പര്‍ശിയായിരുന്നു. ഒരു കുടുംബത്തെ ഭരണകൂടവും സമൂഹവും എങ്ങനെ വേട്ടയാടി എന്നതിന്റെ രേഖാചിത്രം വായിച്ച് കണ്ണുകള്‍ നിറഞ്ഞു. ആ ദുരിത ജീവിതം മലയാളി വായനക്കാര്‍ക്ക് മുന്നിലെത്തിച്ച പ്രബോധനത്തിനും അഭിമുഖം നടത്തിയ യാസിര്‍ ഖുത്വ്ബിനും അഭിനന്ദനങ്ങള്‍. ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ സുഹൈലുമായുള്ള അഭിമുഖവും വളരെ ഉപകാരപ്രദമായി. 

 

ജനശുശ്രൂഷകനായ ഇബ്‌റാഹീം കുട്ടി മാഷ്

വി.കെ നൗഫല്‍, ദോഹ

കൊയിലാണ്ടി ഊരാളൂരിലെ ഇബ്‌റാഹീം കുട്ടി മാസ്റ്ററെക്കുറിച്ച അനുസ്മരണം (ലക്കം 2978) വായിച്ചു. മാഷിന്റെ പെട്ടെന്നുണ്ടായ വിയോഗം ഉള്‍ക്കൊള്ളാന്‍ ഒരുപാട് സമയം വേണ്ടിവന്നു. ചിലര്‍ അങ്ങനെയാണ്. സ്വന്തത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ജീവിതത്തിന്റെ വരുംവരായ്കളെ സംബന്ധിച്ചോ ആശങ്കകളില്ലാതെ ജ്വലിച്ചുനില്‍ക്കും. പൊടുന്നനെ അണഞ്ഞുപോകുമ്പോഴാണ് അവര്‍ പരത്തിയ പ്രകാശത്തിന്റെ ദീപ്തിയും വ്യാപ്തിയുമൊക്കെ നമ്മള്‍ തിരിച്ചറിയുക.

മാഷിന്റെ കര്‍മനൈരന്തര്യം കൊണ്ടാണ് 65 കഴിഞ്ഞിട്ടും അദ്ദേഹം യുവാവാണെന്ന് തോന്നിയത്. ഇസ്‌ലാമിന്റെ സാമൂഹികപരത വ്യക്തിജീവിതത്തിലൂടെ പ്രസരിപ്പിച്ച് ഓടിനടന്ന സാത്വികന്‍. ആര്‍ദ്രതയും അലിവും കനിവും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു.  സമൂഹത്തില്‍ നിറഞ്ഞുനിന്ന മാഷ് ഒരു പ്രഭാതത്തില്‍ വിടപറഞ്ഞുപോയതിലുള്ള ദുഃഖം അദ്ദേഹത്തിന്റെ കുടുംബത്തിലും ഒരു പ്രദേശത്താകെയും തേങ്ങലായി നിലനില്‍ക്കുന്നതും അതുകൊണ്ടാണ്. അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

 

അനുസ്മരണങ്ങളില്‍ തീയതി ചേര്‍ക്കണം

കെ.പി.എ അസീസ്

പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന അനുസ്മരണക്കുറിപ്പുകളിലൂടെയാണ് വിടപറഞ്ഞ പല വ്യക്തികളുടെയും മാതൃകാ ജീവിതം അറിയാന്‍ കഴിയുന്നത്. പക്ഷേ, പൊതുവില്‍ അുസ്മരണത്തില്‍ മരണതീയതി കൊടുത്തുകാണാറില്ല. മരിച്ച തീയതി ചേര്‍ക്കുന്നത് പല വിധത്തില്‍ പ്രയോജനകരമായിരിക്കും. അനുസ്മരണം എഴുതുന്നവര്‍ ഇത് ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(42-44)
എ.വൈ.ആര്‍

ഹദീസ്‌

ആരാധനകളിലെ സന്തുലിതത്വം
സുബൈര്‍ കുന്ദമംഗലം