Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 16

2980

1438 റബീഉല്‍ അവ്വല്‍ 16

രണ്ട് തുര്‍ക്കി സ്‌കെച്ചുകള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ഇസ്തംബൂളില്‍ രണ്ട് ചാരിറ്റി സ്ഥാപനങ്ങള്‍ ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒന്ന് വയോജനങ്ങള്‍ക്കും നിരാലംബര്‍ക്കുമുള്ളത്. മറ്റേത് ഭിന്നശേഷിക്കാര്‍ക്കുള്ളത്. ആദ്യത്തേത് സര്‍ക്കാര്‍ സ്ഥാപനം. രണ്ടാമത്തേത് സ്വകാര്യ സ്ഥാപനവും. ഗുണമേന്മയിലും നിലവാരത്തിലും വിജയത്തിലും ലക്ഷ്യപ്രാപ്തിയിലും സ്വകാര്യ, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കിടയില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി എനിക്കനുഭവപ്പെട്ടില്ല. വൃദ്ധര്‍ക്കും അഗതികള്‍ക്കുമുള്ള സ്ഥാപനം നിലവില്‍വന്നത് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ ഭരണകാലത്ത് 1895-ലാണ്. വയോജന പരിചരണത്തില്‍ സ്ഥാപനം ഉന്നത നിലവാരം ഇന്നും കാത്തുസൂക്ഷിക്കുന്നു. 

സൊസൈറ്റിയുടെ പ്രസിഡന്റ് ഹംസയെ ഞാന്‍ കണ്ടു. ആതുരസേവനരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന വ്യക്തിയാണദ്ദേഹം. തുര്‍ക്കി പ്രസിഡന്റാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതും നിയമിച്ചതുമെല്ലാം. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ കാലം മുതല്‍ക്കെയുള്ള പതിവാണത്. വൃദ്ധസദനത്തിന്റെയും അഗതിമന്ദിരത്തിന്റെയും ബഹുമുഖപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എനിക്ക് വിവരിച്ചുതന്നു. കെട്ടിടസമുച്ചയം ഞങ്ങള്‍ ചുറ്റിക്കണ്ടണ്ടു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചത് ഞങ്ങള്‍ കടന്നുപോയ വഴികളില്‍ കണ്ട വയോജനങ്ങളെല്ലാം ഈ മനുഷ്യനെ ആഹ്ലാദത്തോടെ സ്വീകരിക്കുന്നതും അദ്ദേഹത്തിന് ഹൃദയപൂര്‍വം സ്വാഗതമോതുന്നതുമാണ്. അദ്ദേഹത്തോടൊപ്പം ചിരിച്ചും തമാശകള്‍ പറഞ്ഞും തങ്ങളോടൊപ്പം ഇരിക്കാന്‍ ക്ഷണിച്ചും സന്തോഷം പ്രകടിപ്പിക്കുകയാണവര്‍. അവരുടെയുള്ളില്‍ അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും മതിപ്പും ഞാന്‍ തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അദ്ദേഹത്തിന്റെ അങ്ങോട്ടുള്ള പെരുമാറ്റവും ഈ വിധമൊക്കെത്തന്നെ. ഞാന്‍ ആത്മഗതം ചെയ്തു; പ്രസിഡന്റും സ്ഥാപനത്തിന്റെ മേധാവിയുമായ ഹംസ ഒരതിശയ വ്യക്തിത്വം തന്നെ. 

അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് സ്ഥാപനത്തിന്റെ ചിട്ടയും വൃത്തിയും വെടിപ്പുമാണ്. ഓരോ ഇടവും കരുതലോടെ, അങ്ങേയറ്റത്തെ ശുചിത്വത്തോടെ പരിപാലിച്ചുപോരുന്നു. ആ സദനത്തില്‍ 500 വയോജനങ്ങളാണുള്ളത്. ഭരണം, ആരോഗ്യം, വിനോദം, വ്യായാമം, സോഷ്യല്‍ ആക്ടിവിറ്റീസ്, ക്ലിനിക്കല്‍ സൈക്കോളജി എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 450 ഉദ്യോഗസ്ഥരാണ് അവിടെയുള്ള ജീവനക്കാര്‍. തുര്‍ക്കിയിലുള്ള ഒരു ലക്ഷം വൃദ്ധജനങ്ങളെ രാജ്യത്തിന്റെ പല ഭാഗത്തുമുള്ള 700 വഖ്ഫ് സ്വത്തുക്കളുടെ വരുമാനം കൊണ്ടാണ് സംരക്ഷിച്ചുപോരുന്നത്. ഈ വഖ്ഫ് മുതല്‍ വൃദ്ധ-അഗതി മന്ദിരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ചുറ്റിക്കറങ്ങുന്നതിനിടയില്‍ ആടുകളെ അറുക്കുന്ന ഒരു അറവുശാല ശ്രദ്ധയില്‍പെട്ടു. ഇതെന്തിനിവിടെ എന്നന്വേഷിച്ച എനിക്ക് കിട്ടിയ മറുപടി: 'ഞങ്ങള്‍ ദിനേന 100 ആടുകളെ അറുക്കുന്നുണ്ട്. അവ ഈ സദനത്തിലെ അന്തേവാസികള്‍ക്ക് കഴിക്കാനാണ്. തൊട്ടടുത്തുള്ള സദനങ്ങളിലും ഇവിടെനിന്നാണ് വിതരണം. സദനത്തില്‍ പള്ളി, തോട്ടങ്ങള്‍, കാപ്പി ക്ലബ്, ബേക്കറി, മ്യൂസിയം തുടങ്ങി എല്ലാ സൗകര്യവുമുണ്ട്. ഇത് ഒരു കൊച്ചു ടൗണ്‍ഷിപ്പാണ്. ഇവിടെയുള്ള വയോജനങ്ങള്‍ക്ക് ഒന്നിനും പുറത്തുപോവേണ്ടിവരില്ല.'' അതിനിടെ കണ്ട ഒരു ചര്‍ച്ചും ജൂത ആരാധനാ കേന്ദ്രമായ സിനഗോഗും എന്റെ ശ്രദ്ധയാകര്‍ഷിച്ചു. അവയെക്കുറിച്ച് ആരാഞ്ഞ എനിക്ക് കിട്ടിയ മറുപടി: 'ഇവ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ കാലം മുതല്‍ക്കേ ഉള്ളതാണ്. മന്ദിരത്തിനുള്ളില്‍ ചര്‍ച്ച് പണിതത് അദ്ദേഹമാണ്. അന്ന് ഇസ്തംബൂള്‍ നിവാസികളില്‍ 40 ശതമാനം ക്രൈസ്തവരായിരുന്നു. ചര്‍ച്ച് ഞങ്ങള്‍ ഇന്നും സംരക്ഷിച്ചുപോരുന്നു.'' 

പിന്നെ പോയത് മ്യൂസിയത്തിലേക്കാണ്. ചുവരില്‍ ധാരാളം ചിത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. അന്വേഷിച്ച എന്നോട്: 'ആ ചിത്രങ്ങള്‍ ഇവിടെ താമസിച്ച് മരണമടഞ്ഞ ആളുകളുടേതാണ്. അവരെക്കുറിച്ച ഒാര്‍മ മങ്ങാതെ നിലനിര്‍ത്താനാണ് ചുവരിലെ ഈ ചിത്രങ്ങള്‍.'' കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോള്‍ എതിരെ വരുന്നു വാക്കറില്‍ നടന്ന് ഒരു സ്ത്രീ; ആഇശ. അവര്‍ ഞങ്ങള്‍ക്ക് സ്വാഗതമോതി, മന്ദഹസിച്ചു. പിന്നെ അതൊരു പുഞ്ചിരിയായി. പിന്നെ ചിരിയായി വികസിച്ചു. 

അവര്‍: 'എന്നോട് പറയൂ അഭിനന്ദനങ്ങള്‍.'' 

ഞാന്‍: 'അഭിനന്ദനങ്ങള്‍. എന്തിന്?'

അവര്‍: 'ഞാന്‍ ഈ മന്ദിരത്തില്‍ താമസം തുടങ്ങിയിട്ട് അഞ്ചാമത്തെ വര്‍ഷമാണിത്. സന്തോഷവതിയാണ്. മനസ്സ് ആഹ്ലാദത്തിന്റെ നിറവിലാണ്.'' 

ദ്വിഭാഷി മുഖേന അവരോട് സംസാരിച്ചു. എന്റെ സന്ദര്‍ശനത്തില്‍ വളരെ സന്തോഷവതിയായിരുന്നു അവര്‍. സംസാരത്തിനൊടുവില്‍ അവര്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ഒരു പ്രോജക്ട് എനിക്ക് വിശദീകരിച്ചുതന്നു. അത് വയോജനങ്ങള്‍ക്കും അഗതികള്‍ക്കും നിരാലംബര്‍ക്കുമുള്ള ഒരു സമ്പൂര്‍ണ സിറ്റിയാണ്. രണ്ട് കൊല്ലത്തിനകം അത് പ്രവര്‍ത്തനക്ഷമമാകും. അഗതിമന്ദിരം എന്ന പേര് ഒഴിവാക്കി 'കാരുണ്യകേന്ദ്രം' എന്ന പുതിയ പേരിലായിരിക്കും അത് പ്രവര്‍ത്തിച്ചുതുടങ്ങുക. വീടുകള്‍, റോഡുകള്‍, ഷോപ്പുകള്‍ തുടങ്ങി പലതും അതിലുണ്ടാവും. അതില്‍ വരാന്‍ പോകുന്ന പുതിയ സംവിധാനങ്ങളെക്കുറിച്ച് അവര്‍ വാചാലയായി. ജലാശയങ്ങള്‍, ജലധാരായന്ത്രങ്ങള്‍. വൃദ്ധരെ ചികിത്സിക്കാന്‍ ഏറെ പ്രയോജനം ചെയ്യുന്ന മ്യൂസിക് തെറാപ്പിയായിരിക്കും ഫൗണ്ടനിലൂടെ സാധിതമാക്കുക. എനിക്ക് ഇത് ഒരു കൗതുകവാര്‍ത്തയായിരുന്നു. ജലാശയത്തില്‍ സ്ഥാപിച്ച ഫൗണ്ടനില്‍നിന്ന് ഉയരുന്ന ഗാനവീചികളും സംഗീതവും രോഗശമനത്തിനുതകുംവിധം രൂപകല്‍പന ചെയ്യുന്നതില്‍ വ്യാപൃതരാണ് ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍. 

രണ്ടാമത്തേത് ഭിന്നശേഷിക്കാരായ ആളുകള്‍ക്കുള്ളതാണ്. സ്ഥാപനത്തിന്റെ മേധാവിയും കഴിഞ്ഞ 20 വര്‍ഷം മുമ്പേ നിലവില്‍വന്ന ഈ സ്ഥാപനത്തിന്റെ സ്ഥാപകരില്‍ ഒരാളുമായ വനിതയുടെ പേര് 'ദൂഷിനാസ്'. 

അവര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിവരിച്ചുതന്നു: ''ഭിന്നശേഷിക്കാരുടെ കഴിവുകള്‍ സമൂഹത്തിന് ഉപകാരപ്പെടുന്നവിധം വളര്‍ത്തിയെടുക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.'' അവര്‍ തുടര്‍ന്നു: 'അല്ലാഹു ഓരോരുത്തരിലും ഓരോവിധം കഴിവുകള്‍ നിക്ഷേപിച്ചിരിക്കുന്നു. ഒരോരുത്തരിലുമുണ്ട് വ്യത്യസ്തമായ പല കഴിവുകളും. ചിലര്‍ തങ്ങളുടെ വൈകല്യത്തിന് കീഴടങ്ങുകയും നിരാശയോടെ ജീവിതം തള്ളിനീക്കുകയും ചെയ്യുന്നു. അത്തരക്കാര്‍ സമൂഹത്തിന് ഭാരമാണ്. തുര്‍ക്കിയിലെ തൊഴില്‍ കമ്പോളത്തില്‍ ഇത്തരം 5000 ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അവര്‍ സമൂഹത്തില്‍ ഉല്‍പാദനക്ഷമതയുള്ള വിഭാഗമായി മാറി. അവരുടെ ജീവിതവും മെച്ചപ്പെട്ടു. അതില്‍ ഭൂരിഭാഗവും വിവാഹിതരായി. അവര്‍ക്ക് മക്കളുണ്ട്. അവര്‍ക്ക് സന്തോഷം അലതല്ലുന്ന കുടുംബമായി. പല കഥകളും അയവിറക്കാനുണ്ട്. ഒരിടത്ത് അലസനായി ഒതുങ്ങിക്കൂടിയ ഭിന്നശേഷിക്കാരനായ കുട്ടി. അവനെ ഞങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കി വളര്‍ത്തി. പഠിപ്പിച്ചു. രണ്ട് ബിരുദാനന്തര ബിരുദങ്ങളാണ് സ്ഥിരോത്സാഹിയായ അയാള്‍ നേടിയത്. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ അയാള്‍ വിവാഹം ചെയ്തു. അവളെയും ബിരുദാനന്തര ബിരുദധാരിയാക്കി. ഇതെല്ലാം അഭിമാനത്തോടെ ഞങ്ങള്‍ ഓര്‍ക്കുന്ന സംഭവങ്ങളാണ്.'' 

വിസ്മയം ഉളവാക്കിയ രണ്ട് സ്ഥാപനങ്ങളായിരുന്നു എന്റെ തുര്‍ക്കി യാത്രയിലെ ഓര്‍മയില്‍ മങ്ങാതെ നിന്നത്. ഒരിക്കലും മനസ്സില്‍നിന്ന് മായാത്ത രണ്ട് തുര്‍ക്കി സ്‌കെച്ചുകള്‍. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(42-44)
എ.വൈ.ആര്‍

ഹദീസ്‌

ആരാധനകളിലെ സന്തുലിതത്വം
സുബൈര്‍ കുന്ദമംഗലം