Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 16

2980

1438 റബീഉല്‍ അവ്വല്‍ 16

മുഹമ്മദ് നബി കൗമാര ഹൃദയത്തിലെ നിത്യപൗര്‍ണമി

ടി.ഇ.എം റാഫി വടുതല

ബാല്യത്തിന്റെ ചാപല്യങ്ങളും താരുണ്യത്തിന്റെ സ്വപ്‌നങ്ങളും വിട്ട് വൈകാരിക ആവേശത്തിനു വിധേയമാകുന്ന വളര്‍ച്ചയുടെ സുപ്രധാന ഘട്ടമാണ് കൗമാരം. കുസൃതികളുടെ പൊട്ടിച്ചിരികളില്‍നിന്ന് പക്വതയിലേക്കുള്ള പ്രയാണ ഘട്ടം. ശരീരവും മനസ്സും ഒരുപോലെ പരിവര്‍ത്തനത്തിനു വിധേയമാകുന്ന ഈ പ്രായം വളരെ പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ടതാണ്. തന്നെ സംബന്ധിച്ചും ചുറ്റമുള്ളവള്ളവരെ സംബന്ധിച്ചും ധാരാളം ചോദ്യങ്ങള്‍ നാമ്പെടുക്കുന്നതും അപക്വമായ ധാരാളം ഉത്തരങ്ങള്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നതും ഈ ഘട്ടത്തില്‍തന്നെ. ഒരുവേള തന്റെ തീരുമാനങ്ങള്‍ക്കും അനുമാനങ്ങള്‍ക്കുമപ്പുറം മറ്റുള്ളവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഒരു പ്രതിപക്ഷ മനസ്സോടു കൂടി മാത്രമേ ഇവര്‍ പരിഗണിക്കുകയുള്ളൂ. പക്വമതിയായ തന്നെ ഇനിയും ഒരു കുട്ടിയായി പരിഗണിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചിന്ത പലപ്പോഴും ഒരു വെല്ലുവിളിയായി അവര്‍ ഏറ്റെടുക്കുന്നു. അവസാനം രക്ഷിതാക്കളോടും ചുറ്റുപാടുകളോടും പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കാത്തവിധം സ്വത്വപ്രതിസന്ധിയില്‍ അവര്‍ അകപ്പെടുന്നു.

പ്രശംസനീയമായ സ്വഭാവമഹിമകളേക്കാള്‍ അതിസാഹസികമായ എടുത്തുചാട്ടങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്വാധീനം നേടാന്‍ അവര്‍ ശ്രമിക്കുന്നു. തെറ്റായ ലൈംഗിക ബോധവും സൗഹൃദവും ലഹരി പദാര്‍ഥങ്ങളോടുള്ള താല്‍പര്യവും പലപ്പോഴും അപക്വമായ ജീവിതത്തിലേക്ക് ആനയിക്കുന്നു. കഠിനാധ്വാനം ചെയ്യാനും നിരന്തരമായി പഠിക്കാനുമുള്ള നിര്‍ദേശങ്ങളും കര്‍ശനമായ ശാസനകളും യുക്തിഭദ്രമല്ലാത്ത ഉപദേശങ്ങളും അവരെ രക്ഷിതാക്കളില്‍നിന്ന് അകറ്റുന്നു. കൗമാരക്കാരോട് ചേര്‍ന്നുനിന്ന് സ്‌നേഹവും സഹാനുഭൂതിയും പകരുന്ന ഹൃദ്യമായ സമീപനങ്ങളിലൂടെ കൗമാരഹൃദയങ്ങളില്‍ ജീവിക്കാന്‍ സാധിക്കുമ്പോഴാണ് അവരെ യഥാര്‍ഥ ലക്ഷ്യത്തിലേക്കു തിരിച്ചുവിടാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ഹൃദയത്തെ തലോടുന്ന ഇളംതെന്നലായി നാം അവരിലേക്ക്  കടന്നുചെല്ലുമ്പോള്‍ അവര്‍ ശാന്തമായി ഒഴുകുന്ന ഒരു നദിയായി നമ്മില്‍ അലിഞ്ഞുചേരുന്നു.

കൗമാര പ്രായത്തിലുള്ളവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുത്തും അവരുടെ അപകര്‍ഷബോധം അകറ്റിയും ലക്ഷ്യസാഫല്യത്തിലേക്ക് ഒരു കളിക്കൂട്ടുകാരനായി കൈപിടിച്ച് ചേര്‍ന്നുനില്‍ക്കുക കൂടി ചെയ്യുമ്പോഴാണ് വിസ്മയാവഹമായ പരിവര്‍ത്തനത്തിന് അവര്‍ വിധേയരാവുക. ശാസനകളേക്കാള്‍ പ്രോത്സാഹനങ്ങള്‍ക്കും ശിക്ഷയേക്കാള്‍ ശിക്ഷണത്തിനും കുറ്റപ്പെടുത്തലുകളേക്കാള്‍ പ്രശംസകള്‍ക്കും മുഖ്യപരിഗണന കൊടുത്തുകൊണ്ടേ അവരുടെ ഹൃദയം കീഴടക്കാന്‍ സാധിക്കുകയുള്ളൂ. 

ആധുനിക മനശ്ശാസ്ത്രത്തിന്റെ നവീനമായ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കപ്പെടുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മനശ്ശാസ്ത്ര സമീപനരീതികള്‍ പ്രവാചകന്‍(സ) പ്രാവര്‍ത്തികമാക്കിയിരുന്നു. പ്രായ-ലിംഗ വൈവിധ്യങ്ങളെ അറിഞ്ഞും അവരുടെ അവസ്ഥാന്തരങ്ങളെ ഗ്രഹിച്ചും ഭിന്നസാഹചര്യങ്ങളെ മനസ്സിലാക്കിയും അതുവഴി ശത്രുക്കളുടെ പോലും ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലാനും പ്രവാചകന് സാധിച്ചു. മനുഷ്യമനസ്സുകളെ വിമലീകരിച്ച് വിശുദ്ധമാക്കാന്‍ നിയോഗിതനായ പ്രവാചകന്‍ മനുഷ്യമനസ്സെന്ന മഹാത്ഭുതത്തെ ദൈവിക ജ്ഞാനത്തിലൂടെ മനസ്സിലാക്കിയിരുന്നു. കുട്ടികളോടും കുരുന്നുകളോടും കൗമാരക്കാരോടും യുവാക്കളോടും മധ്യവയസ്‌കരോടും വൃദ്ധരോടുമെല്ലാം ഉദാത്തമായ മനഃസ്പര്‍ശത്തോടെ സമീപിച്ചിരുന്നു. ആധുനിക മനശ്ശാസ്ത്ര വിദഗ്ധര്‍ പോലും ആ പ്രവാചക പ്രതിഭയുടെ മനശ്ശാസ്ത്ര തത്ത്വങ്ങളെ വിനീത വിദ്യാര്‍ഥികളെ പോലെ വിസ്മയത്തോടെ പകര്‍ത്തിയെടുത്തിട്ടുണ്ട്.

കൗമാരവും യൗവനവും അതത് കാലഘട്ടത്തിലെ സമൂഹത്തിന്റെ പരിഛേദമായിരിക്കും. നിലവിലുള്ള സാമൂഹികാവസ്ഥകളുടെ പുരോഗതിയും അധോഗതിയും പരിഷ്‌കാരങ്ങളും പരിവര്‍ത്തനങ്ങളും അവരില്‍ അതിവേഗം ആഭിമുഖ്യമുണ്ടാക്കും. കലയും സാഹിത്യവും ശാസ്ത്രവും സാങ്കേതിക വിദ്യയും അവരെ പെട്ടെന്ന് കീഴ്‌പ്പെടുത്തുന്നു. നന്മ തിന്മകള്‍ വിവേചിച്ചറിയാന്‍ സാധിക്കാത്തവിധം കൗമാരം വികാരാവേശത്താല്‍ അതില്‍ അകപ്പെടും. പൗരാണികവും ആധുനികവുമായ കൗമാരമനസ്സുകളുടെ സഹജസ്വഭാവം എന്നും അതത്രെ. സര്‍വോപരി ലോക വിപ്ലവങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും ചങ്കിലെ ചോരയും നെഞ്ചിലെ നീരും പകര്‍ന്ന് ചാലകശക്തിയാകുന്നതും ഇതേ കൗമാരവും യുവത്വവുമായിരിക്കും. അതുകൊണ്ടുതന്നെ പ്രവാചകന്‍ അവരെ നെഞ്ചോടു ചേര്‍ത്തുവെച്ചു. കളിക്കൂട്ടുകാരെ പോലെ അവരുമായി സഹവസിച്ചു. സ്‌നേഹവും സാന്ത്വനവും പ്രോത്സാഹനവും പകര്‍ന്ന് പ്രവാചകന്‍ അവരുടെ സ്വപ്‌നങ്ങളില്‍ വര്‍ണരാജികള്‍ നിറച്ചു. കൗമാരം അദ്ദേഹത്തിന്റെ പക്വതയാര്‍ന്ന കരങ്ങള്‍ക്ക് കലവറയില്ലാത്ത ഊര്‍ജവും പിന്തുണയും നല്‍കി. അങ്ങനെ മരീചിക മാത്രം നിറഞ്ഞ മരുപ്പറമ്പില്‍ വസന്തം വിരിഞ്ഞു. ചരിത്രം മുമ്പൊരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത നിത്യനൂതന വിപ്ലവത്തിന് ലോകം സാക്ഷ്യം വഹിച്ചു. പരിവര്‍ത്തനത്തിന്റെ ആ ഊര്‍ജസ്രോതസ്സിനെ പ്രവാചകന്‍ പില്‍ക്കാല വിജയഘട്ടത്തിലും അനുസ്മരിച്ചു. മക്കയിലെ മുതുമുത്തഛന്മാര്‍ തന്നെ ബഹിഷ്‌കരിച്ചപ്പോള്‍ അവിടത്തെ നിറയൗവനമാണ് എന്നെ പിന്തുണച്ചത് എന്ന് പ്രവാചകന്‍(സ) പ്രശംസിച്ചു.

പ്രവാചക കാലഘട്ടത്തിലെ ഊര്‍ജസ്വലമായ കൗമാരം പ്രദീപ്തമായ പ്രവാചക ജീവിതത്തെ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തി. ഓര്‍മകളിലെ ഒളിമങ്ങാത്ത നിലാവഴകായി ആ വ്യക്തിത്വം ജീവിതത്തില്‍ പ്രഭപരത്തി. വഴിതെറ്റുന്ന കൗമാരത്തെ സംബന്ധിച്ച് ഉത്കണ്ഠപ്പെടുന്ന മാതാപിതാക്കളും അധ്യാപകരും പ്രബോധകരും നേതാക്കളും നബി(സ)യുടെ സ്‌നേഹം നിറഞ്ഞ മനഃസ്പര്‍ശത്തെ ജീവിതത്തോട് ചേര്‍ത്തുവെക്കേണ്ടതുണ്ട്. ജനനായകരോടും ഉപദേശകന്മാരോടും അകലം പാലിക്കുന്ന കൗമാരം പ്രവാചകന്റെ നിഴലായി ജീവിച്ചതിന്റെ പ്രചോദക ശക്തിയെ നാം അനശ്വരമാതൃകയായി സ്വീകരിച്ചാല്‍ ചരിത്രം വീണ്ടും ഒരു ആദര്‍ശ നവോത്ഥാനത്തിന് സാക്ഷിയാകും.

പ്രവാചകന്‍(സ) കൗമാരഹൃദയത്തെ എത്ര വിദഗ്ധമായാണ് കീഴ്‌പ്പെടുത്തിയത്! നബിചരിത്രത്തിലെ അവിസ്മരണീയ നാമമാണ് അനസുബ്‌നു മാലിക്. മാതാവ് ഉമ്മുസുലൈം മുലകുടിപ്രായം കഴിയുന്നതിനു മുമ്പേ ശഹാദത്ത് കലിമ പഠിപ്പിച്ചു. കാതുകളില്‍ പ്രവാചക ചരിത്രം കേള്‍പ്പിച്ചു. പ്രവാചകനെ പരിചരിച്ച് പുണ്യം നേടാനും തിരുമുഖത്തുനിന്ന് അമൂല്യ വിജ്ഞാനം കരസ്ഥമാക്കാനും വേണ്ടി പത്താം വയസ്സില്‍ മാതാവ് അനസിനെ തിരുസന്നിധിയില്‍ സമര്‍പ്പിച്ചു. മുഹമ്മദ് നബി(സ) അനസിന്റെ നെറ്റിത്തടത്തില്‍ ഉമ്മ വെച്ചു. കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി ഇപ്രകാരം പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, ഇവന് സമ്പത്തും സന്താനവും വര്‍ധിപ്പിക്കേണമേ, പാപങ്ങള്‍ പൊറുത്തുകൊടുക്കേണമേ.'' വാത്സല്യനിധിയായ ഒരു പിതാവിനെ പോലെയുള്ള പ്രവാചകന്റെ സ്‌നേഹവും പ്രാര്‍ഥനയും ആ കൗമാര ഹൃദയത്തെ കീഴ്‌പ്പെടുത്തി. ജീവിതത്തില്‍ അന്നേവരെ അനുഭവിക്കാത്ത സ്‌നേഹവാത്സല്യം ആ മനസ്സിനെ പുളകം കൊള്ളിച്ചു. രാപ്പകല്‍ഭേദമന്യേ അനസ് പ്രവാചകനെ അനുഗമിച്ചു. നാട്ടിലും മറുനാട്ടിലും സേവകനായി സഞ്ചരിച്ചു. ഭക്ഷണത്തിലും ശിക്ഷണത്തിലും തിരുനബി ആ ബാലനെ ഒപ്പമിരുത്തി. അറിയാത്തത് പലതും പറഞ്ഞു പഠിപ്പിച്ചു. രണ്ടു പേരും ഒരേ പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ചു. ശിക്ഷയും ശകാരവുമെന്തെന്നറിയാതെ പ്രവാചക സ്‌നേഹത്തിന്റെ കാഞ്ചന വലയത്തില്‍ അനസിന്റെ കൗമാരം തളിരിട്ടു. ആ തിരുസന്നിധിയില്‍നിന്ന് അനസുബ്‌നു മാലിക് എന്ന വിശ്വപണ്ഡിതന്‍ ഉദയം കൊണ്ടു. കൗമാര മനസ്സിനെ കീഴ്‌പ്പെടുത്തിയ പ്രവാചക സമീപനത്തെ അനസ് കണ്ണീരോടെ അനുസ്മരിച്ചു: ''ഞാന്‍ നബിയെ പത്തു കൊല്ലം പരിചരിച്ചു. എന്റെ അബദ്ധങ്ങളില്‍ അദ്ദേഹം ഒരിക്കല്‍ പോലും നീരസം പ്രകടിപ്പിച്ചില്ല. എന്റെ വീട്ടുകാര്‍ എന്നെ കുറ്റപ്പെടുത്തുമ്പോള്‍ പോലും എന്തിനാണ് അവനെ ഇങ്ങനെയൊക്കെ കുറ്റം പറയുന്നത് എന്ന് അദ്ദേഹം ചോദിക്കും.''

പ്രവാചകനോടൊപ്പമുള്ള സന്തോഷകരമായ ആ സഹവാസ കാലഘട്ടത്തിലെ ധന്യമായ ഒരേട് അനസ് തന്നെ തുറന്നുവെക്കുന്നു: ''അല്ലാഹുവിന്റെ ദൂതന്‍ എന്നെ ഒരാവശ്യത്തിനു വേണ്ടി പറഞ്ഞയച്ചു. അവിചാരിതമായി അങ്ങാടിയില്‍ കളിച്ചുകൊിരുന്ന കുട്ടികളോടൊപ്പം ഞാനും കളിയില്‍ മുഴുകി. ഹരം പകര്‍ന്ന കളിയില്‍ പ്രവാചകനിര്‍ദേശം പാടേ മറന്നു. സമയം കുറേയധികം കഴിഞ്ഞു. ആരോ ഒരാള്‍ പിന്നില്‍നിന്ന് എന്റെ വസ്ത്രത്തില്‍ പിടിച്ചുനില്‍ക്കുന്നു. ഞാന്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി. മുല്ലമൊട്ടില്‍ വിരിഞ്ഞ തൂമന്ദഹാസം പൊഴിച്ച് പ്രവാചകന്‍, 'അല്ല ചങ്ങാതീ ഞാന്‍ പറഞ്ഞത് നീ മറന്നുപോയോ?' അല്ലാഹുവിന്റെ റസൂലേ ഞാനിതാ പോകുന്നു എന്ന് പറഞ്ഞ് ലക്ഷ്യസ്ഥാനത്തേക്ക് ഞാനോടി.'' അനസിന്റെ മനസ്സില്‍ ഓര്‍മകള്‍ പെയ്തിറങ്ങിയപ്പോള്‍ ആ കണ്ണുകളില്‍ അശ്രുകണങ്ങള്‍ പെയ്യുന്നുണ്ടായിരുന്നു. ഇരുപതു വര്‍ഷം അനസ് പ്രവാചകനെ പരിചരിച്ചു. 'ഛെ' എന്നൊരു വാക്കുപോലും നബി എന്നോട് പറഞ്ഞിട്ടില്ല. 'എന്തേ അങ്ങനെ ചെയ്തത്? അല്ലെങ്കില്‍ എന്തേ ചെയ്യാതിരുന്നത്, അനസേ' എന്ന് ഒരിക്കല്‍ പോലും നബി ചോദിച്ചിട്ടില്ല. കൗമാരമനസ്സില്‍ കൂടുകൂട്ടിയ ആ പ്രവാചകസ്‌നേഹം മോതിരമുദ്രയായി കൊത്തിവെച്ചു. നബിയുടെ വിയോഗാനന്തരം ആ മധുരസ്മരണകളോടെ ജീവിച്ചു. അനസ് ഇടക്കിടെ തേങ്ങിക്കരഞ്ഞുകൊണ്ട് പറയുമായിരുന്നു: ''എന്റെ സ്‌നേഹനിധിയായ റസൂലിനെ സ്വപ്‌നം കാണാത്ത ഒരു രാത്രി പോലും എന്റെ ജീവിതത്തില്‍ കഴിഞ്ഞുപോയിട്ടില്ല.'' ഇസ്‌ലാമിക ചക്രവാളത്തിലെ പണ്ഡിതതേജസ്സായി ഉയരാന്‍ അനസിനെ പ്രാപ്തമാക്കിയ പ്രവാചകസമീപനം എത്ര ഉദാത്തം!

നബി കുടുംബത്തിലേക്ക് കടന്നുവന്ന ചെറു ബാലനായിരുന്നു സൈദുബ്‌നു ഹാരിസ. സ്വതന്ത്രനായാണ് ജനിച്ചതെങ്കിലും അദ്ദേഹം പ്രവാചകാഗമനത്തിനു മുമ്പുള്ള ഒരു യുദ്ധത്തില്‍ അടിമയായി പിടിക്കപ്പെടുകയായിരുന്നു. പില്‍ക്കാലത്ത് പ്രവാചക പത്‌നി ഖദീജക്ക് സൈദിനെ സമ്മാനമായി ലഭിച്ചു. പ്രവാചക സംരക്ഷണത്തിലും സ്‌നേഹത്തണലിലും ബാല്യം കൗമാരത്തിലേക്ക് തഴച്ചുവളര്‍ന്നു. പക്ഷേ പ്രിയപുത്രനെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ സൈദിനെ അന്വേഷിച്ച് മരുഭൂമിയിലൂടെ അലഞ്ഞുനടന്നു. നീണ്ട യാത്രക്കും അന്വേഷണത്തിനുമൊടുവില്‍ പിതാവും സഹോദരനും പ്രവാചക ഭവനത്തിലെത്തി. വത്സലപുത്രനെ തേടിവന്ന ഹതഭാഗ്യരോട് കനിവ് കാണിക്കണം എന്ന് പ്രവാചകനോട് അപേക്ഷിച്ചു. സൈദിന്റെ ഇഷ്ടം പോലെ ആകട്ടെ എല്ലാം എന്ന് നബി അവര്‍ക്ക് മറുപടി കൊടുത്തു. നിങ്ങളുടെ കൂടെ വരുന്നതാണ് സൈദിന് ഇഷ്ടമെങ്കില്‍ എനിക്ക് നഷ്ടപരിഹാരമായി ഒന്നും ആവശ്യമില്ല. എന്നോട് ഒരുമിച്ചു കഴിയാനാണ് അവന് ഇഷ്ടമെങ്കില്‍ എന്റെ അടുത്ത് നിര്‍ത്തുകയല്ലാതെ മറ്റൊരു പോംവഴിയുമില്ല. മുഹമ്മദ് നബിയുടെ മഹാ മനസ്‌കതക്ക് മുന്നില്‍ മൗനിയായി നിന്ന പിതാവിന്റെ മുന്നില്‍ നിന്ന് സൈദ് പ്രഖ്യാപിച്ചു: ''ഇല്ല. ഞാനൊരിക്കലും റസൂലിനെ ഉപേക്ഷിച്ച് എന്റെ നാട്ടിലേക്ക് പോകില്ല.'' 'എന്റെ പിതാവും പിതൃവ്യനുമെല്ലാം അങ്ങ് തന്നെയാണ്, എന്റെ റസൂലേ' എന്നു പറഞ്ഞ് ആ ബാലന്‍ തേങ്ങിക്കരഞ്ഞു. പ്രവാചകന്റെ കണ്ണുനിറഞ്ഞു. അനുകമ്പയുടെ കണ്ണീര്‍കണം കവിള്‍ നനച്ചു. കഅ്ബയുടെ മുറ്റത്തു നിന്ന് പ്രവാചകന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ''സൈദ് എന്റെ പുത്രനാണ്. ഞാന്‍ സൈദിന്റെയും സൈദ് എന്റെയും അനന്തരാവകാശിയാണ്.'' സൈദിന്റെ മനസ്സില്‍ സന്തോഷത്തിന്റെ അസര്‍ മുല്ല വിരിഞ്ഞു. ദത്തുപുത്രന്‍ യഥാര്‍ഥ പുത്രനല്ല എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതുവരെയും 'മുഹമ്മദിന്റെ പുത്രന്‍ സൈദ്' എന്ന് അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു. പ്രവാചകന്റെ പ്രിയങ്കരന്‍ എന്ന അര്‍ഥത്തില്‍ 'സൈദുല്‍ ഹിബ്ബ്' എന്ന് സ്വഹാബിമാര്‍ പ്രശംസിക്കുന്നേടത്തോളം ആ ആത്മബന്ധം വളര്‍ന്നു. അബൂബക്‌റിനു ശേഷം രണ്ടാമത് ഇസ്‌ലാം സ്വീകരിച്ച സൈദിനെ പ്രവാചകന്‍ റോമക്കാരുമായുള്ള മുഅ്താ യുദ്ധത്തില്‍ പ്രഥമ നായകനാക്കി. പ്രവാചകന്റെ വളര്‍ത്തുപുത്രനായി പിച്ചുവെച്ച സൈദ് ഇസ്‌ലാമിക യുവതക്ക് ആവേശത്തന്റെ ആന്തോളനം സൃഷ്ടിച്ച് മുഅ്ത യുദ്ധത്തില്‍ രക്തസാക്ഷിയായി. ഉക്കാദ് ചന്തയില്‍ വില്‍പനക്ക് വിധേയനായ സൈദ്, രക്തസാക്ഷിത്വത്തിന്റെ വര്‍ണപ്പറവയായി പറുദീസയിലേക്ക് പറക്കാന്‍ പ്രചോദനം പകര്‍ന്ന ആ പ്രവാചക ഗുരുവിനെ അനുസ്മരിക്കുന്നു: ''പ്രവാചകന്‍ ഉത്കൃഷ്ട സ്വഭാവത്തിനുടമയായിരുന്നു. നന്മ നിറഞ്ഞ വിശാലഹൃദയനും പുണ്യം പൂത്ത പൂമരവുമായിരുന്നു അദ്ദേഹം.'' കൗമാരമനസ്സിനെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തിയ തിരുനബിയുടെ അനുകരണീയ മാതൃകയാണ് ഒരിക്കലും മരിക്കാത്ത രക്തസാക്ഷിയായി സൈദിനെ സ്വര്‍ഗീയ ആരാമത്തിലേക്കുയര്‍ത്തിയത്.

മുഹമ്മദ് നബി(സ)യുടെ സദസ്സിലെ കിളിക്കൊഞ്ചലായിരുന്നു അബ്ദുല്ലാഹിബ്‌നു അബ്ബാസ്. ശൈശവവും ബാല്യവും കൗമാരവും പ്രവാചക ശിക്ഷണത്തില്‍ കഴിച്ചുകൂട്ടാന്‍ അസുലഭ അവസരം സിദ്ധിച്ച സൗഭാഗ്യശാലി. വിജ്ഞാനം സ്വായത്തമാക്കാനുള്ള അഭിലാഷം സദാ അദ്ദേഹത്തെ പ്രവാചകനോടൊപ്പം ചേര്‍ത്തുനിര്‍ത്തി. ഇബ്‌നു അബ്ബാസിന്റെ ഹൃദയങ്ങളെ പ്രചോദിപ്പിക്കുന്ന അവസരങ്ങളൊക്കെയും പ്രവാചകന്‍ ജ്വലിപ്പിച്ചുനിര്‍ത്തി. പ്രവാചക പരമ്പരയിലെ വിശിഷ്ടനായ തിരുദൂതനും ശിഷ്യഗണത്തിലെ ഇളംപ്രായക്കാരനായ ഇബ്‌നു അബ്ബാസും തമ്മിലുള്ള അകലങ്ങള്‍ ഇല്ലാതായി. കൈപിടിച്ചും ചുമലില്‍ തട്ടിയും തലോടിയും ആ വിജ്ഞാന പ്രവാഹം കൗമാരഹൃദയത്തിലേക്കൊഴുകി. ഹൃദയം ഹൃദയത്തിലേക്ക് പകര്‍ന്നു കൊടുത്ത വേദവിജ്ഞാനങ്ങള്‍. ഒരിക്കല്‍ പ്രവാചകന്‍ ഇബ്‌നു അബ്ബാസിന്റെ ചുമലില്‍ കൈവെച്ച് സ്വന്തം ശരീരത്തോട് ചേര്‍ത്തുനിര്‍ത്തി. കരുണയുടെ നേത്രങ്ങള്‍ ആകാശത്തേക്ക് ഉയര്‍ത്തി പ്രാര്‍ഥിച്ചു: ''അല്ലാഹുവേ; ഈ ബാലന് വേദവും യുക്തിജ്ഞാനവും ദീനില്‍ അഗാധ പാണ്ഡിത്യവും ഖുര്‍ആന്‍ വ്യാഖ്യാന ശേഷിയും നല്‍കി അനുഗ്രഹിക്കേണമേ.'' ആ പ്രാര്‍ഥനയുടെ മന്ത്രധ്വനിയില്‍ ഇബ്‌നു അബ്ബാസിന്റെ ഹൃദയം പുളകം കൊണ്ടു. പ്രവാചക സ്‌നേഹത്തിന്റെ മാസ്മരിക തന്ത്രികളില്‍ വിളക്കിച്ചേര്‍ത്ത ആ ഗുരുശിഷ്യബന്ധത്തില്‍ കാലത്തെ അതിജയിക്കുന്ന ഒരു ഖുര്‍ആന്‍ വ്യാഖ്യാതാവ് ജന്മം കൊണ്ടു. സ്‌നേഹം കൊണ്ടും സഹവാസം കൊണ്ടും ആത്മനിര്‍വൃതി നിറഞ്ഞ പ്രാര്‍ഥന കൊണ്ടും പ്രവാചകന്‍ ആ കൗമാരമനസ്സില്‍ ജ്വലിക്കുന്ന താരമായി വിളങ്ങിനിന്നു.

ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ കൈപിടിച്ച് പ്രവാചക സദസ്സില്‍ കടന്നുവരാറുള്ള പ്രതിഭാധനനായ ബാലനായിരുന്നു അബ്ദുല്ലാഹിബ്‌നു ഉമര്‍. നബി(സ)യുടെ ജീവിതത്തിന്റെ തനിപ്പകര്‍പ്പായി അദ്ദേഹം ജീവിച്ചു എന്ന് സമശീര്‍ഷകര്‍ വിലയിരുത്തി. നബി നമസ്‌കരിച്ച സ്ഥലത്ത് അദ്ദേഹം നമസ്‌കരിച്ചു. നബി നിന്ന് പ്രാര്‍ഥിച്ച സ്ഥലത്ത് നിന്നും, ഇരുന്ന് പ്രാര്‍ഥിച്ച സ്ഥലത്ത് ഇരുന്നും പ്രാര്‍ഥിച്ചു. നബിയെ പിന്‍പറ്റുന്നതില്‍ ഇബ്‌നു ഉമറിനെ പോലെ നിഷ്‌കര്‍ഷ പുലര്‍ത്തിയ ഒരാളും ഉണ്ടായിട്ടില്ല എന്ന് പ്രവാചക പത്‌നി ആഇശ(റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു ഉമറിന്റെ സമകാലികരായ സജ്ജനങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: ''നാഥാ, ഞങ്ങള്‍ക്ക് പിന്‍പറ്റാന്‍ മികവുറ്റ ഒരാളെയും കാണുന്നില്ല. ഇബ്‌നു ഉമറിന് നീ ദീര്‍ഘായുസ്സ് നല്‍കേണമേ?''

സ്വര്‍ണക്കസവുള്ള പട്ടും പിടിച്ച് പറുദീസയിലൂടെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നതായി ഇബ്‌നു ഉമര്‍ സ്വപ്‌നം കണ്ടു. സ്വപ്നം പ്രവാചകനു മുന്നില്‍ വിശദീകരിച്ചു: ''മോനേ, നീ സൗഭാഗ്യവാന്‍ തന്നെ. രാത്രിയില്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ കഴിവിന്റെ പരാമവധി അധികരിപ്പിക്കണം.'' പട്ടിലെ സ്വര്‍ണക്കസവില്‍ സ്വര്‍ഗക്കസവ് തുന്നിച്ചേര്‍ത്ത പ്രശംസ നിറഞ്ഞ പ്രോത്സാഹനം. പ്രവാചകന്‍ പകര്‍ന്നുകൊടുത്ത ആദര്‍ശത്തിനു വേണ്ടി ധീരസമരം നടത്താന്‍ ബദ്‌റിലേക്ക് ഓടിയെത്തുമ്പോള്‍ ഇബ്‌നു ഉമറിന്റെ പ്രായം വെറും പതിമൂന്ന്. പക്ഷേ, പ്രായക്കുറവ് കാരണം അനുമതി കിട്ടാതെ മടങ്ങിപ്പോകുമ്പോള്‍ ആ മുഖത്ത് വിഷാദഭാവം നിറഞ്ഞുനിന്നു. അബ്ദുല്ലാഹിബ്‌നു ഉമറെന്ന കൗമാരക്കാരനെ ബദ്‌റിലേക്ക് ആനയിച്ച ഉള്‍പ്രചോദനം ആ പ്രവാചകന്‍ ഒന്നു മാത്രമായിരുന്നു.

തോളില്‍ കൈവെച്ച് പ്രസന്നഭാവത്തോടെ പ്രവാചകന്‍ നല്‍കിയ സാരോപദേശം ഇബ്‌നു ഉമര്‍ ഓര്‍ക്കുന്നു: ''മോനേ, ഭൂമിയില്‍ ഒരു പരദേശിയെ പോലെ ആവുക. അല്ലെങ്കില്‍ വഴിയാത്രക്കാരനെ പോലെ.'' ഭൗതികലോകത്ത് ഒരു വിദേശിയെ പോലെ ജീവിച്ച ഇബ്‌നു ഉമര്‍ എണ്‍പതു വയസ്സിലെത്തി. ഓര്‍മകള്‍ പിന്നോട്ട് പറന്നു. വജ്രത്തിളക്കമുള്ള ഓര്‍മകള്‍ മനം നിറച്ചു. ശേഷം പറഞ്ഞു: ''ഞാന്‍ ഇതുവരെയും നബി(സ)യോട് ചെയ്ത പ്രതിജ്ഞ ലംഘിക്കുകയോ വിനാശകാരിയായ ഒരു ഭരണാധികാരിക്ക് അനുസരണപ്രതിജ്ഞ ചെയ്യുകയോ ഒരു വിശ്വാസിയുടെ ഉറക്കത്തിന് പോലും ഭംഗം വരുത്തുകയോ ചെയ്തിട്ടില്ല.'' ജീവിതവിശുദ്ധിയും അപാരമായ ധീരതയും നിറഞ്ഞ ഇബ്‌നു ഉമറിന്റെ മനസ്സ് നിറയെ പ്രവാചകനെ സംബന്ധിച്ച ഓര്‍മകളുടെ നിലാവഴകായിരുന്നു പ്രഭ പരത്തിയത്.

ചരിത്രപ്രസിദ്ധമായ അഖ്ബാ ബൈഅത്ത് നടക്കുന്നു. വശ്യസൗന്ദര്യം കൊണ്ട് ധന്യനായ കോമളന്‍ ആ ഗാംഭീര്യമുള്ള സദസ്സിലുണ്ട്. മുആദുബ്‌നു ജബല്‍ ആയിരുന്നു ആ ഇളംപ്രായക്കാരന്‍. പ്രവാചകനോടൊപ്പം സന്തോഷത്തിലും സമരത്തിലും സമര്‍പ്പണത്തിലും ഒരു കൂടപ്പിറപ്പിനെ പോലെ അനുഗമിക്കുമായിരുന്നു. ഒരുനാള്‍ ഒരിടവഴിയിലൂടെ നടന്നുനീങ്ങുന്നു മുആദ്. അവിചാരിതമായി പ്രവാചകനും ആ വഴി കടന്നുവന്നു. നബി മുആദേ എന്ന് പേരു ചൊല്ലി വിളിച്ചു. തന്റെ കൈകളിലേക്ക് മുആദിന്റെ കൈകള്‍ കോര്‍ത്തുപിടിച്ചു. ഉറ്റ സ്‌നേഹിതരെ പോലെ വഴിയറ്റം വരെ നടന്നുകൊണ്ടിരുന്നു. വീണ്ടും പറഞ്ഞു; 'മുആദേ, അല്ലാഹുതന്നെ സത്യം. നിന്നെ ഞാന്‍ വളരെ അധികം ഇഷ്ടപ്പെടുന്നു.' ശേഷം ഇപ്രകാരം ഒരു സാരോപദേശം നല്‍കി: 'മുആദ്, എല്ലാ നമസ്‌കാരശേഷവും ഇപ്രകാരം പറയണം; അല്ലാഹുവേ, നിന്നെ സ്മരിക്കാനും നിനക്ക് നന്ദി കാണിക്കാനും നിന്നെ നന്നായി ഇബാദത്ത് ചെയ്ത് ജീവിക്കാനും എന്നെ നീ തുണക്കേണമേ.'

ഇസ്‌ലാമിക ചരിത്ര പ്രവാഹത്തോടൊപ്പം മുആദും സഞ്ചരിച്ചു. റോമക്കാരോട് യുദ്ധം ചെയ്യാന്‍ സൈനിക സജ്ജീകരണം നടക്കുന്ന പാതിരാത്രി. തമ്പില്‍നിന്ന് പ്രാര്‍ഥനയുടെ പതിഞ്ഞ സ്വരം ഉയര്‍ന്നുകേട്ടു. പ്രാര്‍ഥനയുടെ പൊരുള്‍ തിരക്കിയ സഹസൈനികരോട് മുആദ് പറഞ്ഞു: ''ഇടവഴിയില്‍ വെച്ച് തിരുനബി എന്നെ കണ്ടുമുട്ടിയ ദിനം ശരീരത്തോട് ചേര്‍ത്തുപിടിച്ച് പറഞ്ഞുതന്ന പ്രാര്‍ഥനയാണിത്. എന്റെ ജീവിതത്തില്‍ അന്നുമുതല്‍ ഈ യുദ്ധരാവ് വരെയും ആ മന്ത്രം ഞാന്‍ വിസ്മരിച്ചിട്ടില്ല.'' കരം ചേര്‍ത്തുപിടിച്ച് പ്രവാചകന്‍ മുആദിന്റെ മനം കവര്‍ന്നെടുക്കുകയായിരുന്നു. 'എന്റെ സമുദായത്തിലെ ഹലാലും ഹറാമും അറിയുന്ന മഹാ പണ്ഡിതനാണ് മുആദ്' എന്ന് പ്രശംസിച്ച പ്രവാചകന്‍ അദ്ദേഹത്തെ യമനില്‍ തന്റെ പ്രതിനിധിയായി നിയോഗിച്ചു. മദീനയിലെ പ്രാന്തപ്രദേശത്തുനിന്ന് യമനിലെ ഗവര്‍ണറായി ഉയര്‍ന്ന മുആദിന്റെ ശക്തികേന്ദ്രവും ആ സ്‌നേഹ റസൂല്‍ തന്നെ.

സ്വഭാവനൈര്‍മല്യം ലവലേശമില്ലാത്ത ഗാംഭീര്യമുള്ള മുഖഭാവത്തോടെ ഒരു യുവാവ് മദീനയുടെ അങ്ങാടിയില്‍ നില്‍ക്കുന്നു. പേര് സാഹിര്‍. പരുഷസ്വഭാവം കാരണത്താല്‍ പലരും അടുത്ത് ഇടപഴകാന്‍ മടിച്ചു. പക്ഷേ, പ്രവാചകന്‍ സാഹിറിന്റെ തോളില്‍ കൈവെച്ച് ചേര്‍ന്നുനിന്നു. 'ആരാണിത്? കൈ എടുത്തുമാറ്റൂ'- സാഹിര്‍ ആക്രോശിച്ചു. പ്രവാചകനെ കണ്ട സാഹിര്‍ ഇളിഭ്യനായി. നബി(സ) സാഹിറിനെ പുഞ്ചിരിയോടെ അഭിമുഖീകരിച്ചു പറഞ്ഞു: 'സാഹിറേ, ഞാനാണ് മുഹമ്മദ്.' ധന്യമായ ആ പ്രവാചക സമീപനത്തെ അനുസ്മരിച്ച് സാഹിര്‍ പറഞ്ഞു: 'പ്രവാചകന്റെ ശരീരത്തില്‍ എന്റെ ശരീരത്തെ ചേര്‍ത്തുപിടിച്ച് സാഹിറേ എന്ന് എന്നെ സംബോധന ചെയ്ത നിമിഷം ഞാന്‍ അനുഭവിച്ചതുപോലെ ഒരു സന്തോഷം എന്റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടേയില്ല.' കര്‍ക്കശക്കാരനായ പരുഷസ്വഭാവിയെ നിര്‍മലമായ തേനരുവിയായി പ്രവാചകന്‍ പുനരാവിഷ്‌കരിച്ചത് എത്ര മാതൃകാപരം!

മക്കാ വിജയത്തിന്റെ തക്ബീര്‍ ധ്വനികള്‍ വിശുദ്ധ ഹറമില്‍ പ്രകമ്പനം കൊള്ളുന്നു. സന്തോഷത്തിന്റെ കണ്ണീര്‍മുത്തുകള്‍ സ്വഹാബത്തിന്റെ കവിളില്‍ മഞ്ഞുതുള്ളി പോലെ തിളങ്ങുന്നു. കഅ്ബാലയത്തിന്റെ മുകളില്‍ ഇസ്‌ലാമിന്റെ പൂങ്കുയില്‍ ബിലാല്‍ വിജയപ്രഖ്യാപനത്തിന്റെ ബാങ്കൊലി മുഴക്കുന്നു. പത്തൊമ്പതു വയസ്സ് പ്രായമുള്ള അബൂമഅ്ദൂറ എന്ന് വിളിക്കുന്ന സല്‍മത്തുബ്‌നു മുഅയ്യര്‍ അല്‍പം പരിഹാസത്തോടെ ബിലാലിന്റെ ശബ്ദം അനുകരിക്കുന്നു. സമീപത്തുനിന്ന പലരും പുഞ്ചിരിച്ചു. അടക്കിപ്പിടിക്കാനാവാതെ ചിലര്‍ ഇതു കേട്ട് പൊട്ടിച്ചിരിച്ചു. സംഭവം പ്രവാചകന്റെ ശ്രദ്ധയില്‍ പെട്ടു. അബൂമഅ്ദൂറയെ ഹാജരാക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു. ഭയന്നുവിറച്ച് കണ്ഠമിടറി ആ യുവാവ് പ്രവാചകന്റെ മുന്നില്‍ നിന്നു. ഭക്തി നിറഞ്ഞ ഗാംഭീര്യമുള്ള വേളയെ പരിഹാസമാക്കിയ തന്നെ പ്രവാചകന്‍ വധിച്ചുകളയുമോ എന്നു പോലും അബൂമഅ്ദൂറ വിചാരിച്ചു. കൊടും വെയിലിലെ കുളിര്‍മഴ പോലെ ഗൗരവം നിറഞ്ഞ പ്രവാചക വദനത്തില്‍ പുഞ്ചിരി വിരിഞ്ഞു. ശേഷം പറഞ്ഞു: ''അബൂമഅ്ദൂറാ, നിന്റെ സ്വരമാധുരി  എന്നെ ഹഠാദാകര്‍ഷിച്ചു. ഞാന്‍ നിനക്ക് ബാങ്കിന്റെ ഈരടികള്‍ പഠിപ്പിച്ചുതരട്ടെയോ?'' വിടര്‍ന്ന പനിനീര്‍പുഷ്പം പോലെ അബൂമഅ്ദൂറയുടെ അധരങ്ങള്‍ പ്രസന്നതയോടെ 'അതെ' എന്ന് മറുപടി പറഞ്ഞു. പ്രവാചകന്റെ കൈകള്‍ ആ യുവാവിനെ തലോടി. അബൂമഅ്ദൂറ ആ ഹൃദ്യാനുഭവത്തെ ഇപ്രകാരം വ്യക്തമാക്കി: ''റസൂലിന്റെ സാന്നിധ്യം എന്റെ ഹൃദയത്തെ ഈമാന്‍ കൊണ്ട് നിറച്ചു. വശ്യസ്വഭാവം കൊണ്ട് എന്റെ ഹൃദയത്തെ അദ്ദേഹം കവര്‍ന്നെടുത്തു.'' ബാങ്കിന്റെ ഈരടികള്‍ പ്രവാചകന്റെ താളത്തില്‍ പഠിച്ചുകഴിഞ്ഞപ്പോള്‍ നബി(സ) അബൂമഅ്ദൂറയോട് പറഞ്ഞു: ''അബൂമഅ്ദൂറ, നീ ആയിരിക്കും ഇനി മുതല്‍ മക്കയുടെ മുഅദ്ദിന്‍.'' പ്രവാചകന്‍ ഏല്‍പിച്ച് മഹാ ദൗത്യം ലവലേശം വീഴ്ച വരുത്താത്ത അദ്ദേഹം നിര്‍വഹിച്ചുകൊണ്ടിരുന്നു. ഒരുനാള്‍ പ്രവാചകനെ ഓര്‍ത്ത് കരഞ്ഞുകൊ് പറഞ്ഞു: ''ബിലാലിനെ പരിഹസിക്കാന്‍ ഞാന്‍ ബാങ്ക് അനുകരിച്ചു. പക്ഷേ, പ്രവാചകന്‍ എന്നെ മക്കയുടെ മുഅദ്ദിനാക്കി വളര്‍ത്തി.'' അവിശ്വസനീയമായിരുന്നു ആ സമീപനം. പ്രവാചകന്‍ സ്വീകരിച്ച ഈ മഹിതമായ സമീപനം മുസ്‌ലിം സമുദായത്തിന്റെ നായകന്മാരും മാതൃകയാക്കുകയാണെങ്കില്‍ സമകാലീന യുവാക്കളിലൂടെ വീണ്ടും ഒരു നവോത്ഥാനം ജന്മം കൊള്ളുക തന്നെ ചെയ്യും.

ജീവിക്കുന്ന സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് യുവത്വം. മര്‍മപ്രധാനമായ ഈ കാലഘട്ടത്തെ അവരുടെ സ്വഭാവ സവിശേഷതകളോടെ തിരിച്ചറിഞ്ഞ് പ്രവാചക മാതൃകയില്‍ അവരെ വാര്‍ത്തെടുത്താല്‍ വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലുമുണ്ടാകുന്ന പരിവര്‍ത്തനം വിവരണാതീതമായിരിക്കും. പ്രവാചകന്റെ പക്വതയാര്‍ന്ന കരങ്ങളില്‍ അലി(റ)യുടെ നിറയൗവനം കൂടിച്ചേര്‍ന്നപ്പോള്‍ ചരിത്രം ദര്‍ശിച്ചത് ലോകത്തിന്റെ നവോത്ഥാന പ്രവാഹമായിരുന്നു. സ്‌നേഹം നിറഞ്ഞ ജീവിതം കൊണ്ട് കൗമാരമനസ്സിനെ പ്രവാചകന്‍ ക്രിയാത്മകമായി പ്രചോദിപ്പിച്ചു. സന്തോഷകരമായ ജീവിതാനുഭവങ്ങളുമായി പ്രവാചകന്‍ അവരുടെ ഹൃദയങ്ങളില്‍ അസ്തമിക്കാത്ത നിലാവായി പ്രഭ പരത്തിയതിനു പിന്നിലെ പ്രചോദക ശക്തിയും അതുതന്നെ. പ്രവാചകസദസ്സിലെ സ്ഥിരസാന്നിധ്യമായിരുന്ന കൗമാരം താക്കീതുനിറഞ്ഞ വാക്കുകളേക്കാള്‍ പ്രവാചകനില്‍ കണ്‍കുളിര്‍മയുള്ള മനോഹര ജീവിതം കണ്ടു. സ്ഥൂലമായ വാക്കുകള്‍ ശ്രവിച്ചതിനേക്കാള്‍ സ്‌നേഹമുള്ള സഹവാസം അനുഭവിച്ചു. തന്റെ നിയോഗദൗത്യത്തെ സംബന്ധിച്ച് പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു: ''നിശ്ചയം അല്ലാഹു എന്നെ കാര്‍ക്കശ്യക്കാരനായി നിയോഗിച്ചിട്ടില്ല. പ്രത്യുത ലാളിത്യം നിറഞ്ഞ അധ്യാപകനായിട്ടാണ് അയച്ചിട്ടുള്ളത്'' (അഹ്മദ്, മുസ്‌ലിം). 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(42-44)
എ.വൈ.ആര്‍

ഹദീസ്‌

ആരാധനകളിലെ സന്തുലിതത്വം
സുബൈര്‍ കുന്ദമംഗലം