Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 16

2980

1438 റബീഉല്‍ അവ്വല്‍ 16

ബഹുസ്വരതയുടെ പ്രഘോഷകന്‍

കെ.പി ഹാരിസ്

ഇമാം ഹസനുല്‍ ബന്നായുടെ പേരമകനായി 1962-ല്‍ സ്വിറ്റ്‌സര്‍ലാന്റിലെ ജനീവയിലാണ് താരിഖ് റമദാന്‍ ജനിച്ചത്. തത്ത്വശാസ്ത്രത്തിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും അറബിക് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡോക്ടറേറ്റും സമ്പാദിച്ച റമദാന്‍ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ക്ലാസിക് ഇസ്‌ലാമിക് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ബോസ്‌നിയന്‍ ചിന്തകന്‍ അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്,  ഇസ്‌ലാം രാജമാര്‍ഗം (Islam between East and West) എന്ന തന്റെ ക്ലാസിക് ഗ്രന്ഥത്തില്‍ കിഴക്കിനും പടിഞ്ഞാറിനും മധ്യേ  ഇസ്‌ലാമിനെ പ്രതിഷ്ഠിച്ചപ്പോള്‍ അതിന്റെ പ്രായോഗിക അന്വേഷണങ്ങളെ വികസിപ്പിക്കുകയാണ് താരിഖ് റമദാന്‍ ചെയ്യുന്നത്. അഥവാ ഇസ്‌ലാമിനും പാശ്ചാത്യ ലോകത്തിനും ഇടയില്‍ പാലം പണിയുന്നതില്‍ കാര്‍മികത്വം വഹിക്കുന്ന ബുദ്ധിജീവികളില്‍ ഒരാളാണ് അദ്ദേഹം. വ്യത്യസ്ത മതങ്ങളും ആശയങ്ങളും ദര്‍ശനങ്ങളും തമ്മില്‍ സംവാദത്തിന്റെ ലോകം തുറന്ന് സമന്വയത്തിന്റെ പാതയിലൂടെ നീങ്ങണമെന്ന പക്ഷക്കാരനാണ് അദ്ദേഹം.

ഇസ്‌ലാമിക സ്വത്വത്തെയോ ആശയത്തെയോ നിരാകരിച്ചുകൊണ്ടുള്ള സമന്വയ ദര്‍ശനമല്ല അദ്ദേഹത്തിന്റേത്. മനുഷ്യന്‍ എന്ന കേന്ദ്ര പ്രമേയത്തെ മുന്‍നിര്‍ത്തി സംവാദം വികസിക്കുമ്പോള്‍ മനുഷ്യസമൂഹത്തിന് ഈ ഭൂമിയില്‍ സമാധാനത്തോടെ ജീവിച്ചുപോവുന്നതിന് എല്ലാവരും എത്തിച്ചേരേണ്ട പ്രാപഞ്ചിക സത്യത്തിലേക്കുമുള്ള യാത്രയാണ് റമദാനിന്റെ അന്വേഷണ ലോകം. വ്യത്യസ്ത തത്ത്വചിന്തകളും മതങ്ങളും പാരമ്പര്യങ്ങളും സൃഷ്ടിച്ച വിഭജനങ്ങള്‍ എന്താണെന്ന് മനസ്സിലാക്കി വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സമുദായങ്ങള്‍ക്കിടയില്‍ പൊതുവായ മൂല്യങ്ങളെ കണ്ടെത്താനുള്ള യാത്രയാണ് അര്‍ഥം തേടി (The Quest for Meaning) എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം നടത്തുന്നത്. യുക്തിവാദത്തിന്റെ തത്ത്വചിന്തകന്‍ റെനെ ദെക്കാര്‍ത്തെയുടെ ദൈ്വതവാദവും സ്പിനോസയുടെ പദാര്‍ഥവാദവും മുതല്‍ പോള്‍ സാര്‍ത്രിന്റെ അസ്തിത്വ ദര്‍ശനം വരെ പഠനവിധേയമാക്കി, ഇമ്മാനുവല്‍ കാന്റിന്റെ കേവല യുക്തിവിമര്‍ശനവും ഇമാം ഗസാലിയുടെ ആത്മീയ അന്വേഷണങ്ങളും തമ്മിലുള്ള സമാനതകള്‍ കണ്ടെത്തി, ജോണ്‍ ലോക്കിന്റെ അനുഭവവാദവും ഹെഗലിന്റെ ആശയവാദവും കാള്‍ മാര്‍ക്‌സിന്റെ വൈരുധ്യാധിഷ്ഠിത ഭൗതികവാദവും   അപഗ്രഥനം നടത്തി വ്യത്യസ്ത ആശയലോകത്തിലൂടെ സഞ്ചരിച്ച് പുതിയ ഭാവുകത്വത്തോടെ താന്‍ പ്രതിനിധാനം ചെയ്യുന്ന ദര്‍ശനത്തെ തെളിമയോടെ ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്ന താരിഖ് റമദാന്‍ മുസ്‌ലിം ബുദ്ധിജീവികളില്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമാണ്. മാത്രമല്ല വ്യത്യസ്ത മതങ്ങളുടെ ആശയലോകങ്ങളിലൂടെയും അനുഭവ പരിസരങ്ങളിലൂടെയും യാത്രചെയ്ത് സമന്വയത്തിന്റെ ദര്‍ശനം മുന്നോട്ടുവെക്കാന്‍ റമദാന്‍ കാണിക്കുന്ന താല്‍പര്യം അദ്ദേഹത്തെ ആശയങ്ങളുടെ അംബാസഡറാക്കി മാറ്റുന്നു. 

എന്തുകൊണ്ട് റമദാന് ഈ സമന്വയത്തിന്റെ വക്താവായി ലോകത്തിനു മുന്നില്‍ എഴുന്നേറ്റുനില്‍ക്കാന്‍ കഴിയുന്നു എന്നന്വേഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് അദ്ദേഹം കാണിക്കുന്ന ബുദ്ധിപരമായ വിനയമാണ് അതിനു കാരണം എന്നാണ്. എന്റേത് മാത്രം ശരിയും നിന്റേത് തെറ്റും, ഞാന്‍ പവിത്രമായ ആശയത്തിന്റെ ഉടമയും നീ മ്ലേഛ ആശയത്തിന്റെ ഉടമയും എന്ന ഡോഗ്മാറ്റിക് സങ്കല്‍പത്തെ കൈയൊഴിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിന് സഹിഷ്ണുതയുടെ ഭാഷ മനസ്സിലാവുന്നത്. വ്യത്യസ്ത ആശയങ്ങളിലൂടെ സ്വതന്ത്രമായി യാത്രചെയ്ത് ധാര്‍ഷ്ട്യമനസ്സ് ഉപേക്ഷിച്ച് അവനവനെ നവീകരിക്കുന്നവര്‍ക്ക് മാത്രമേ ബഹുസ്വരതയെ അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂ. നിങ്ങളെയെല്ലാവരെയും ജീവന്റെ ഒരൊറ്റ ശ്വാസത്തിലാണ് നാം സൃഷ്ടിച്ചത് എന്ന ഖുര്‍ആനിക വാക്യം മനുഷ്യോല്‍പത്തിയുടെ ഏകതയാണ് വിളംബരം ചെയ്യുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന്‍ എന്ന ഏകകത്തില്‍ അവന്റെ വൈവിധ്യങ്ങളെ അംഗീകരിച്ച് പരസ്പര ബഹുമാനത്തോടെ ചരിക്കാന്‍ ഇസ്‌ലാമിക ദര്‍ശനം ആവശ്യപ്പെടുന്നു. ഓരോ മുസ്‌ലിമിന്റെയും നിത്യജീവിതവുമായി ബന്ധപ്പെട്ട് സക്രിയമായി ഇടപെടുന്ന ഒരു സാമൂഹിക പ്രസ്ഥാനമെന്ന നിലയില്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആദര്‍ശധീരതയാണ് മാനുഷിക ഐക്യമെന്നത്. അല്ലാതെ കേവലമായ ദാര്‍ശനിക സമസ്യയോ കാവ്യഭാവനയോ അല്ല. 

വിഖ്യാത പശ്ചിമേഷ്യന്‍ ചിന്തകന്‍ എഡ്വേര്‍ഡ് സഈദ് നിരീക്ഷിച്ചത് അജ്ഞതയുടെ സംഘട്ടനം  (Clashes of Ignorance) ആണെങ്കില്‍, അതിന്റെ അടുത്ത ഘട്ടം കാഴ്ചപ്പാടിന്റെ സംഘട്ടനം (Conflicts Of Perceptions) ആയിരിക്കുമെന്ന് റമദാന്‍ നിരീക്ഷിക്കുന്നു. അജ്ഞതയില്‍നിന്ന് അപക്വമായ കാഴ്ചപ്പാടില്‍ എത്തിച്ചേര്‍ന്ന് അപരനെ ഭയത്തോടെ വീക്ഷിച്ച് ഭയം തിന്ന് ജീവിക്കേണ്ട ഗതികേടിലാണ് മനുഷ്യസമുദായം. അപരനെ കുറിച്ച അറിവില്ലായ്മ സ്വന്തം ആശയത്തിന്റെ പ്രതിനിധാനം നിര്‍വഹിക്കാന്‍ പോലും ശുഭാപ്തി നഷ്ടപ്പെടുത്തും. അതുകൊണ്ട് ഈ അപര ഭയം നീങ്ങണമെങ്കില്‍ രണ്ടു തരത്തിലുള്ള യാത്രയെ റമദാന്‍ അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. ഒന്ന് വ്യത്യസ്തമായ ആശയങ്ങളിലൂടെ, ദര്‍ശനങ്ങളിലൂടെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് കൂടുമാറി എല്ലാറ്റിനെയും അതിന്റെ അഗാധതയില്‍ അനുഭവിച്ച് സ്വാംശീകരണത്തിലൂടെയുള്ള യാത്ര. വ്യത്യസ്ത സ്വത്വങ്ങളിലൂടെയുള്ള ഈ യാത്രയില്‍ അപരന്‍ ഒരു പ്രശ്‌നമാവുന്നില്ല. മറ്റൊരു യാത്ര തനിക്കു മനസ്സിലായ ഒരു ആശയത്തില്‍, ഒരു ദര്‍ശനത്തില്‍ നിന്നുകൊണ്ട് തന്റെ ചുറ്റുപാടിലുള്ള ദര്‍ശനങ്ങളെയും ആശയങ്ങളെയും അറിഞ്ഞുകൊണ്ടുള്ള യാത്ര. ഈ യാത്രയില്‍ ബഹുസ്വരതയുടെ പാഠങ്ങള്‍ അവന്‍ പഠിക്കുന്നു. 

താരിഖ് റമദാന്‍ ഇവിടെ വിവിധ ദര്‍ശനങ്ങളെയും ആശയങ്ങളെയും ജനല്‍പാളികളായിട്ടാണ് ഉദാഹരിച്ചിരിക്കുന്നത്. വ്യത്യസ്ത പാളികളിലൂടെ മനുഷ്യസമുദായം മഹാസമുദ്രത്തെ വീക്ഷിക്കുകയും വ്യത്യസ്ത നദികളിലൂടെ സഞ്ചരിച്ച് മഹാ സമുദ്രത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഈ മഹാസമുദ്രമാണ് ബഹുസ്വരതയുടെ ലോകം. വന്ന വഴികള്‍ വ്യത്യസ്തമാണ്. പക്ഷേ എത്തിച്ചേരുന്നത് ഒരു സ്ഥലത്ത്. അവനില്‍നിന്ന് പുറപ്പെട്ട് അവനിലേക്കുതന്നെ വരുന്ന ഒരു യാത്രയെ പറ്റിയാണ് റമദാന്‍ സൂചിപ്പിക്കുന്നത്. സ്വതന്ത്രമായി, യാതൊരു തരത്തിലുമുള്ള മുന്‍വിധിയുമില്ലാതെ യാത്ര തുടരുക. അവനിലേക്കുതന്നെ തിരിച്ചുവന്ന് പരിവര്‍ത്തനത്തിന് വിധേയമായി, ലോകത്തോട് നീതി പുലര്‍ത്തി, അപരനെ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ അതവനെ പ്രാപ്തനാക്കുന്നു. ജനാധിപത്യത്തിന്റെ ബഹിര്‍സ്ഫുരണമായി, പരസ്പരാദരവിന്റെയും ബഹുമാനത്തിന്റെയും ഉജ്ജ്വല ആവിഷ്‌കാരമായി ബഹുസ്വരതയെ നമുക്ക് കാണാന്‍ കഴിയണം. മനുഷ്യസമുദായങ്ങള്‍ക്കിടയില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളിലൂടെ മൂല്യങ്ങളുടെ കൈമാറ്റം വികാസം പ്രാപിച്ച്, പരസ്പരാദരവിന്റെ ഔന്നത്യത്തിലേക്ക് ഉയര്‍ന്ന് ബഹുസ്വരത ഒരു ആദര്‍ശവും നിദര്‍ശനവുമായി ജീവിതത്തില്‍ അനുഭവിക്കുക എന്നുള്ളത് മനുഷ്യസമുദായത്തിന്റെ നിലനില്‍പിന്റെ ആധാരവും മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊര്‍ജവായുവുമാണ്. 

ബഹുസ്വരത, അടിച്ചേല്‍പ്പിക്കുന്ന ഒരു ആശയം എന്ന അര്‍ഥത്തില്‍ വായിച്ചാല്‍ അപരന്‍ ഒരു പ്രശ്‌നമായി തന്നെ കിടക്കും. പരസ്പര വിശ്വാസമില്ലാത്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ന്ന്, വികാസം പ്രാപിച്ച് അപരനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച് നടത്തുന്ന നിഴല്‍ യുദ്ധങ്ങള്‍ മാനവികതക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ്. ഈ യുദ്ധപ്രഖ്യാപനം മനുഷ്യ സമുദായത്തെ വിഭജനത്തിലേക്കും വിഭാഗീയതയിലേക്കും നയിക്കുകയും മനഷ്യത്വത്തിന്റെ തകര്‍ച്ചയുടെ സമാരംഭം കുറിക്കുകയും ചെയ്യും. കാലത്തെയും ലോകത്തെയും വായിച്ചെടുത്ത് അഹംബോധത്തെ പുറത്തുകളഞ്ഞ് തന്റേതുമാത്രം ഉത്കൃഷ്ടം എന്ന ധാര്‍ഷ്ട്യമനോഭാവത്തെ മാറ്റിയെടുക്കുന്ന ഒരു ഡൈനമിസം ബഹുസ്വരത പ്രകാശനം ചെയ്യുന്നു. ആന്തരികവും ബാഹ്യവുമായ മനുഷ്യന്റെ യാത്ര അവനിലേക്കുതന്നെ തിരിച്ചുവന്ന് പുനര്‍നിര്‍മാണത്തിന് നേതൃത്വം കൊടുക്കുന്ന ഒരു ആശയത്തിന്റെ പേരാണ് ബഹുസ്വരത. അല്ലാതെ കെട്ടിയേല്‍പിക്കുന്ന നിര്‍ബന്ധിതാവസ്ഥയുടെ സ്ഥലകാല അവസ്ഥകളെ കുറിക്കുന്ന നാമമല്ല. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും ഉജ്ജ്വലമായ ആവിഷ്‌കാരങ്ങളെ ദര്‍ശിക്കാന്‍  കഴിയുന്ന, മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുകയും അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കപ്പെടുകയും ചെയ്യുന്ന മധുരസാന്ദ്രമായ ലോകത്തെ വിഭാവന ചെയ്യുന്ന ദാര്‍ശനിക ആശയത്തെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം അത്. 

താരിഖ് റമദാന്‍ മുന്നോട്ടുവെക്കുന്ന ബഹുസ്വരത പാശ്ചാത്യ ആധുനികത പകര്‍ന്നുനല്‍കിയ, ഒന്നുകില്‍ ഐക്യം അല്ലെങ്കില്‍ ഭിന്നത എന്ന ദ്വന്ദ്വത്തെ മറികടന്നുകൊണ്ടുള്ള ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. ഇവിടെ ഭിന്നതകളുടെ ഐക്യത്തെ കുറിച്ചല്ല, ഭിന്നതകളുടെ ആഘോഷത്തെ പറ്റിയാണ് താരിഖ് സംസാരിക്കുന്നത്. ഭിന്നസ്വരങ്ങളും ഭിന്ന ദര്‍ശനങ്ങളും ഒന്നിച്ചിരുന്ന് ഉത്സവഛായയില്‍ നീങ്ങുന്ന ജീവിത പരിസരമാണ് ബഹുസ്വരത. എന്റെ ആശയം, എന്റെ ദര്‍ശനം, എന്റെ ഭാഷ എന്റേത് മാത്രമാണെന്ന വ്യക്തിബോധത്തെ നിഷേധിച്ചുകൊണ്ട് സാമൂഹികബോധത്തെ പകരം വെക്കുന്നതോ സാമൂഹികബോധത്തെ നിരാകരിച്ച് വ്യക്തിസ്വകാര്യ വാദത്തെ ന്യായീകരിക്കുന്നതോ ആയ ഒന്നല്ല, മറിച്ച് മനുഷ്യനെയും പ്രകൃതിയെയും വിഭജിക്കുന്നതിനെതിരെയുള്ള ഒരു മുന്നേറ്റമാണ് ബഹുസ്വരത. അഥവാ മഴവില്‍ലോകത്തെ സ്വപ്‌നം കാണുന്നവര്‍ വ്യത്യസ്ത വര്‍ണങ്ങളെ ഉള്‍ക്കൊള്ളണം. എന്നാല്‍ എന്റെ വര്‍ണം എല്ലാവരുടെയും വര്‍ണമാണ് എന്ന തത്ത്വം അംഗീകരിക്കുന്നതോടൊപ്പം മറ്റ് വര്‍ണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മാത്രമേ മഴവില്ല് യാഥാര്‍ഥ്യമാവുകയുള്ളൂ എന്നും മനസ്സിലാക്കണം. അതിനാല്‍ ഏകാത്മകതാവാദത്തിന് വേണ്ടി ഫാഷിസം മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍, വിശാലമായ മാനവിക ഐക്യത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ബഹുസ്വരതയുടെ ഇത്തരം ചിന്തകള്‍, നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ നാടിന്റെ പാരമ്പര്യത്തിന് ഉള്‍ക്കരുത്ത് പ്രദാനം ചെയ്യുമെന്ന് പ്രത്യാശിക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(42-44)
എ.വൈ.ആര്‍

ഹദീസ്‌

ആരാധനകളിലെ സന്തുലിതത്വം
സുബൈര്‍ കുന്ദമംഗലം